2018, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യന്‍ ഭാഷകളിലുള്ള ഏറെ കഥകളും കവിതകളും ലേഖനങ്ങളുമെല്ലാം സൗജന്യമായി വായിക്കൂ !

2018, ജൂലൈ 29, ഞായറാഴ്‌ച

ഇര

കിരൺ തന്റെ പേനയിലേക്ക് തന്നെ തുറിച്ചു നോക്കിയിരുന്നു.
എങ്ങനെ എഴുതിത്തുടങ്ങണം...??
രാത്രിയുടെ കാൽപെരുമാറ്റം അടുത്തടുത്ത് വന്നു. അങ്ങകലെ സൂര്യഭഗവാൻ കടലിൽ പള്ളിയുറങ്ങാൻ പോയിട്ട് നേരം കുറച്ചായി....
കിരൺ ഒരു ഫ്രീലാൻസ് റിപ്പോർട്ടർ ആണ്.
രണ്ടു ദിവസം മുന്‍പ് ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കുറിച്ചുള്ള ഒരു ഫീച്ചർ തയ്യാറാക്കുകയാണ്.... ,
പ്രതികളെ ഇതുവരെ പോലീസ് പിടികൂടിയിട്ടില്ല.
എങ്ങനെ തുടങ്ങും എന്നറിയാതെ കിരണിന്റെ മനസ്സ് കരയില്‍ പിടിച്ചിട്ട മീനിനെ പോലെ വീര്‍പ്പു മുട്ടിയിരുന്നു.
ജനാലയോടു ചേർന്നുള്ള മേശപ്പുറത്തും തറയിലുമായി ചുരുട്ടിയെറിഞ്ഞ കടലാസു കഷ്ണങ്ങൾ മഞ്ഞുകണം പോലെ കിടന്നു,കയ്യിൽ എരിഞ്ഞു തീരാറായ സിഗരറ്റ് ചുണ്ടോടടുപ്പിച്ചു ഒരു പഫ് എടുത്ത ശേഷം അവൻ എഴുതി തുടങ്ങി ......
"ഓടയിൽ നിന്നും കണ്ടെത്തിയ പെൺകുട്ടിയുടെ ശവശരീരം തിരിച്ചറിഞ്ഞിരിക്കുന്നു....!"
"കാമുകനോടൊപ്പം ഉല്ലസിക്കാൻ പോയവളുടെയൊക്കെ ഗതി ഇത് തന്നെയാവണം. കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവൾക്കൊക്കെ ഓടയിൽ തന്നെയാണ് അന്ത്യം..."
മനസ്സിൽ അവൻ ഇങ്ങനെ പിറുപിറുത്തു കൊണ്ട് അടുത്ത വരി എഴുതാൻ തുടങ്ങിയതും തുറന്നിട്ടിരുന്ന ജനൽപാളികൾ ശക്തമായി അകത്തേക്കടഞ്ഞു. കാറ്റിന്റെ ശക്തിയിൽ എഴുതിത്തുടങ്ങിയ കടലാസിലേക്ക് എടുത്തു കമിഴ്ത്തിയ പോലെ മഷി പടർന്നൊഴുകി
"നാശം"
കാറ്റിനെ ശപിച്ചു കൊണ്ടയാൾ ജനൽ പാളി അടയ്ക്കാൻ ഒരു ശ്രമം നടത്തി പരാജയപ്പെട്ടു.
ആ സമയം തന്നെ കറന്റും പോയി...
അയാൾ പതിയെ തീപ്പെട്ടിയെടുത്തു മേശമേലിരുന്ന മെഴുകുതിരി കത്തിച്ചു ,കാറ്റിന്റെ ശക്തി കുറഞ്ഞു വന്നു.അയാൾ മെഴുകുതിരി കെട്ടു പോകാതെയിരിക്കാൻ ജനൽ പാളികൾ വലിച്ചടച്ചു.
എഴുതുവാനായി അയാൾ വീണ്ടും മേശപ്പുറത്തു വന്നിരുന്നു അടുത്ത പേപ്പർ കഷ്ണം കയ്യിലെടുത്തു . മുറിയാകെ ഒരു ദുർഗന്ധം പരക്കും പോലെ അവനു തോന്നി.മനം പുരട്ടാനും തുടങ്ങി.മുറിയാകെ
പരതി നോക്കി കട്ടിലിൽ ഒരു രൂപമിരിക്കുന്നു.അത് അവനെത്തന്നെ വന്യമായി നോക്കി മുരളുന്നു.
നേർത്ത മെഴുകുതിരി വെട്ടത്തിൽ ആ കാഴ്ച കണ്ടവൻ ഞെട്ടിത്തരിച്ചു, മുഖത്തിന്റെ പകുതി വശം അടർന്നു പോയിരിക്കുന്നു ....
ആ രൂപം അവനോടു മുരണ്ടു കൊണ്ടു ചോദിച്ചു ...
"എടാ മാധ്യമ വ്യഭിചാരി....,
നീ എന്നെക്കുറിച്ച് എന്താണ് എഴുതുവാന്‍ പോകുന്നത്....??
എന്താണ് എഴുതിത്തുടങ്ങിയത്..... ???
എന്നെ നീയൊരു വേശ്യ ആക്കി അല്ലെ ...???
എന്നെക്കുറിച്ചെന്താണ് നിനക്കറിയാവുന്നത്..??
പറ....??,
പറയാൻ....?? "
മുടിയഴിച്ചിട്ടുള്ള ആ സത്വത്തിന്റെ അലര്‍ച്ചയില്‍ ആ മുറിയുടെ ചുമരുകൾ രണ്ടായി പിളർന്നു പോകുമോ എന്ന് കിരൺ ഭയപ്പെട്ടു ...
ആ രൂപം മുരണ്ടു കൊണ്ടു അടുത്തേക്കു അടുക്കും തോറും ചീഞ്ഞു നാറിയ ശവത്തിന്റെ ഗന്ധമവനെ ശ്വാസം മുട്ടിച്ചു ....
" നീ..... ???"
അവൻ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ടു ചോദ്യമെറിഞ്ഞു ....
തൊണ്ട ഉണങ്ങി വരണ്ടിരിക്കുന്നു....
നെഞ്ചിന്റെ മിടിപ്പ് അവനു തന്നെ കേൾക്കാൻ തക്ക ശക്തിയിൽ മിടിക്കാൻ തുടങ്ങി.മേശമേലിരുന്ന കൂജയിലെ വെള്ളം ഒറ്റ നിമിഷം കൊണ്ടവൻ കുടിച്ചു തീർത്തു...
ആ രൂപം തുടർന്നു...
"നീ എഴുതാൻ പോകുന്നത് എന്നെക്കുറിച്ചാണ്... നിനക്കെന്നെപ്പറ്റി ഒന്നുമറിയില്ല.... ഒന്നും..., എനിക്കറിയും പോലെ ആർക്കാണ് എന്നെ കുറിച്ച് അറിയുക ???
നീ എഴുതിയതുമല്ല ഈ ഞാൻ ....,
മനസ്സിൽ നീയൊക്കെ കപട മഷിയിൽ ചാലിച്ച് ഇരകൾക്കു മേലെ ചാർത്തി കൊടുക്കുന്ന പട്ടങ്ങളിൽ എത്ര സത്യം ഉണ്ടെന്നു നീ തിരഞ്ഞിട്ടുണ്ടോ..??
നീ എഴുതൂ ...ഞാൻ നിനക്കു പേനയാകാം..."
അവളുടെ ശബ്ദത്തിനിപ്പോൾ ആ ക്രോധഭാവമില്ലായിരുന്നു ശാന്തതയായിരുന്നു ....
തന്റെ കൈകൾ കാറ്റിനേക്കാൾ വേഗത്തിൽ ചലിക്കുന്നതു പോലെ അവനു തോന്നി ....
കടലാസിൽ അക്ഷരങ്ങളുടെ പെയ്ത്തു പോലെ...
"വരുമെന്നു പറഞ്ഞയെന്‍ പ്രിയനവവന്‍ വന്നില്ല... ഇരുളിന്റെ മറവിൽ ഇരുകാലികളെന്നെ പച്ചയ്ക്കു തിന്നിട്ടു കൊന്നെറിഞ്ഞു ....."
പേന ചലിച്ചു കൊണ്ടിരുന്നു..വടിവൊത്ത അക്ഷരങ്ങൾ കടലാസ്സിൽ തെളിഞ്ഞു വന്നു. ആതിര എന്ന എനിക്കൊരു പ്രണയമുണ്ടായിരുന്നു. മനുഷ്യന്റെ നിയന്ത്രണ രേഖയ്ക്കപ്പുറം ദൈവകരങ്ങളുടെ സ്പർശനമുള്ളതാണ് പ്രണയം, ഒരുമിച്ചു പഠിച്ച ഞങ്ങളുടെ പ്രണയത്തെ ഇരുവീട്ടുകാരും ശക്തമായി എതിർത്തു...പക്ഷേ പരസ്പരം പ്രണയിച്ചവർക്കിടയിൽ വിവാഹമാണ് പരിഹാരമെന്ന ഞങ്ങളുടെ തീരുമാനത്തിൽ ഞങ്ങൾ മാതാപിതാക്കളുടെ നോവുന്ന ഹൃദയങ്ങൾ കണ്ടില്ല....
അന്ന് രാത്രി ഇരുളിന്റെ മറവിൽ ഞാൻ ,പിച്ചവച്ചു നടന്ന മണ്ണും,എന്നെ ഊട്ടിയ കൈകളും, എന്നെ ഉറക്കിയ നെഞ്ചിൽ ചൂടുമെല്ലാമുപേക്ഷിച്ചു ഞാൻ പടിയിറങ്ങി.ശക്തനായ ഒരു പുരുഷന്റെ കൈകളിലേക്ക് എന്നെ പിടിച്ചേല്പിക്കണം എന്ന അച്ഛനമ്മമാരുടെ സ്വപ്നങ്ങളെ ചില്ലു കൊട്ടാരം പോലെ തല്ലിയുടച്ചുകൊണ്ട് ...!!!
രോഹിത് എന്നായിരുന്നു അവന്റെ പേര്....
എന്നെ ഒരു പാടു സ്നേഹിച്ചിരുന്നു...
രോഹിത് പറഞ്ഞ സ്ഥലത്ത് ഞാനവനെയും കാത്തു നിന്നു മണിക്കൂറുകളോളം.
ഇരുളിന്റെ മൂളലുകൾ ഒന്നും തന്നെയപ്പോളെന്നെ പേടിപ്പെടുത്തിയില്ല...,
വിജനമായ പാതയോരങ്ങൾ എന്നെ അലോസരപ്പെടുത്തിയില്ല ...
"ഇതാ ഇപ്പോൾ എത്തും"
എന്ന രോഹിതിന്റെ ഫോൺ കാൾ എനിക്ക് ധൈര്യം തന്നു കൊണ്ടേയിരുന്നു. പക്ഷേ എന്റെ ധൈര്യത്തെയും പ്രതീക്ഷകളെയും ഒക്കെ തെറ്റിച്ചു കൊണ്ടാണ് അവർ അഞ്ചു പേർ അപ്പോഴവിടെ വന്നത്. മദ്യത്തിന്റെ ലഹരിയിൽ പരസ്പരം ഉറക്കെ പുലമ്പിക്കൊണ്ടിരുന്ന അവരിലൊരാൾ എന്നെ കണ്ടു.
തെറി വിളിച്ചു കൊണ്ടയാൾ എന്റെ കൈകളിൽ മുറുകെ പിടിച്ചു. എന്റെ കയ്യിലെ രോഹിത് അണിയിച്ച കറുത്ത കുപ്പിവളകൾ അയാളുടെ പിടിയിൽ പൊട്ടിച്ചിതറി....
എന്റെ ജീവിതം ചിതറിയ പോലെ ......
വേദന കൊണ്ടു പുളഞ്ഞ എന്നെ അയാൾ അരികിലേക്ക് ചേർത്തു പിടിച്ചു .അയാൾക്കപ്പോൾ ചോര കണ്ണുകളുള്ള ചെന്നായയുടെ മുഖഭാവമായിരുന്നു. അത് കണ്ടു മറ്റുള്ളവരെല്ലാം അട്ടഹസിച്ചു ചിരിച്ചു.
അവരെന്നെ ഇരുളിന്റെ മറവിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി .എന്റെ വായിൽ ഒരാളെന്റെ ഷാൾ കുത്തിത്തിരുകി ..സഹായത്തിനായി ഞാൻ നിലവിളിച്ചെങ്കിലും ആരുമെന്റെ കരച്ചിൽ കേട്ടില്ല.
ആ തെരുവിലേക്കവരെന്നെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ട ഒരു ഭ്രാന്തി അവളുടെ നെറ്റി ചുമരിലേക്കിടിച്ചു അലറിക്കരഞ്ഞത് എന്തിനാണെന്നെനിക്കറിയില്ല ...??
ആ തെരുവിന്റെ ഇരുണ്ട നിരത്തുകളില്‍ അവരെന്നെ കടിച്ചു കുടഞ്ഞു .ഊഴം വെച്ചവർ എന്നിലേക്ക്‌ ആഴ്ന്നിറങ്ങി ,എന്റെ രോഹിത്തിന് മാത്രം അവകാശപ്പെട്ട എന്റെ ശരീരമവർ പങ്കിട്ടെടുത്തു...
മനുഷ്യന്റെ മൃഗ തുല്യമായ മുഖം ഞാനവിടെ കണ്ടു.
എന്റെ ശരീരഭാഗങ്ങൾ ചോര കൊണ്ടു നിറഞ്ഞു. വേദന കൊണ്ടു പിടഞ്ഞ എന്റെ കരച്ചിൽ തൊണ്ടക്കുഴിയിൽ കുരുങ്ങിക്കിടന്നു. മലർത്തിയും ചരിച്ചും കമിഴ്ത്തിയും അവരെന്നിൽ കാമം തീര്‍ത്തു.
ആ തെരുവിനു അപ്പോൾ ഒരു വിടന്റെ മഞ്ഞച്ചിരി ആയിരുന്നു .....
കാമദാഹം ശമിച്ച അവർ എന്റെ തലയിലേക്ക് വലിയൊരു കല്ലെടുത്തിട്ടു ....,
അതെന്റെ കവിളിന്റെ പകുതി ഭാഗം അടർത്തി കളഞ്ഞു.....
എന്റെ അച്ഛനമ്മമാർ......എന്റെ പ്രിയപ്പെട്ടവൻ ചുംബിച്ച എന്റെ കവിളുകൾ കല്ലുകളിൽ പറ്റിച്ചേർന്നു.
അവരെന്നെ അവിടെക്കണ്ട ഓടയിലേക്കു വലിച്ചെറിഞ്ഞു....
മാലിന്യം നിറഞ്ഞ ദുർഗന്ധം വമിക്കുന്ന ഓടയിൽ ഞാൻ മൂന്നു ദിവസം താഴ്ന്നു കിടന്നു....
പാവം എന്റെ പ്രിയപ്പെട്ടവൻ എന്നെ തിരഞ്ഞു ഒരുപാട് അലഞ്ഞു.....,
എനിക്കവനെക്കുറിച്ചു സ്നേഹത്തിന്റെ കഥകൾ മാത്രമാണുള്ളത് ...
എന്നെ കൊന്നവർ ഒക്കെയും സമൂഹത്തിൽ നന്നായി നടക്കുന്നു.അവരുടെ പേരുകൾ കൂടി ഈ വരികളിലൂടെ പുറത്തു വരണം. നിങ്ങൾക്കതിനു കഴിയും ....
ഇതാണ് എന്റെ കഥ......
ഞാൻ കുത്തഴിഞ്ഞു ജീവിച്ചവൾ അല്ല...,
സ്നേഹിച്ചവന്റെ കൂടെ ജീവിക്കാൻ ആഗ്രഹിച്ചു ഇറങ്ങി തിരിച്ചവളായിരുന്നു ....
ഇരുട്ടും നിലവിളികളും നിറഞ്ഞ ആ തെരുവിൽ എന്നെപോലെ ഒരുപാടു ആത്മാക്കൾ അലറിക്കരഞ്ഞു കൊണ്ടു നടക്കുന്നുണ്ട്....
പാതിയില്‍ വച്ച് കൊഴിഞ്ഞു പോയ സ്വപ്നങ്ങളെയോർത്ത് വിലപിച്ചു കൊണ്ട് ....
അവന്റെ കൈകളുടെ ശക്തി പതിയെ കുറഞ്ഞു വന്നു. മുറിയിൽ നിന്നും ദുർഗന്ധം പൂർണമായും മാറിപ്പോയി .അവൾ അവിടെ നിന്നും പൊയ്ക്കഴിഞ്ഞെന്നു കിരണിനു മനസ്സിലായി.
അവൻ ജനാലയിലൂടെ പുറത്തേക്കു നോക്കി... വിജനമായ ആ പാതയോരങ്ങളിൽ സ്വപ്നങ്ങൾ പൊലിഞ്ഞ ആത്മാക്കളുടെ നിലവിളികൾ മുറവിളികളായി അവന്റെ 

ചെവിയിൽ വന്നാർത്തലച്ചു .....!!

2018, ജൂലൈ 21, ശനിയാഴ്‌ച

അന്നയും ദത്തനും ....!

ഡോക്ടർ അഖിലേഷ് വർമയുടെ മരണത്തിനു ശേഷമാണു ലക്ഷ്മിക്ക് ആ ഡയറി കിട്ടിയത്. മങ്ങിയ നീല നിറത്തിൽ അതിമനോഹരമായ കൈപ്പടയിൽ എഴുതിയ ഡയറികുറിപ്പുകൾ ....
അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഒരിക്കൽ പോലും താനിത് കണ്ടിട്ടില്ലല്ലോ എന്നത് അവളെ അത്ഭുതപ്പെടുത്തി...
ഓഫീസ് മുറിയിൽ അദ്ധേഹത്തിന്റെ ബുക്കുകൾക്കിടയിൽ സ്ഥാനം പിടിച്ചിരുന്ന ആ ഡയറി ആദ്യമായാണ് കണ്ണിൽ പെടുന്നത്. ഓഫീസ് മുറിയിലെ ജനാലപാളികൾ മലർക്കെ തുറന്നിട്ട് അദ്ദേഹം ഇരിക്കുന്ന കസേരയിൽ അവൾ ഇരുന്നു. ഡയറി മെല്ലെ തുറന്നു ,പഴകിയ കടലാസിന്റെ ഗന്ധം അവളുടെ മൂക്കിൽ തുളച്ചു കയറി.ശ്രദ്ധാപൂർവ്വം അവൾ പേജുകൾ മറിച്ചു തുടങ്ങി..തീയതിയോ വർഷമോ ഒന്നും കുറിക്കാതെ ദിവസം മാത്രം രേഖപ്പെടുത്തി എഴുതി തുടങ്ങിയ ഡയറികുറിപ്പുകൾ....
ബുധൻ....,
ഇന്ന് ആദ്യമായി ഞാൻ സെന്റ് ജോൺസ് മെന്റൽ ഹോസ്പിറ്റലിൽ ജോലിക്ക് കയറി. മലമുകളിലെ പള്ളിക്കു അരികിലുള്ള ഹോസ്പിറ്റൽ ശരിക്കും ഒരു സുഖവാസ കേന്ദ്രം പോലെയുണ്ട്. രോഗികൾ എന്ന് പറയാൻ മാത്രം രോഗമുള്ളവർ ആരെയും തന്നെ ഇന്ന് ഞാൻ കണ്ടില്ല .വർഷങ്ങളോളം പരിചയമുള്ളവരെ പോലെ പെരുമാറുന്ന ആശുപത്രി ജീവനക്കാർ,
രോഗികളോട് ചിരിച്ചു കൊണ്ട് തമാശകൾ പറയുന്ന പള്ളിലച്ചൻ ഫാദർ റൊസാരിയോ.അവരൊക്കെ കൂടി അവിടം അത്രമേൽ മനോഹരമാക്കുകയാണ്. ഇന്നെനിക്കു ജോലി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും ഒരൊറ്റ ദിവസം കൊണ്ട് തന്നെ ഞാൻ അവിടം ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു....
അവൾ പതിയെ അടുത്ത താള് മറിച്ചു...,
വ്യാഴം.....,
ഇന്നത്തെ ദിവസം എനിക്ക് ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്.ഇന്നെന്റെ ആദ്യത്തെ രോഗി ഒരു പെൺകുട്ടി ആയിരുന്നു .സിസ്റ്റർ സ്റ്റെഫി ആണ് അവളെ എന്റെ അരികിലേക്ക് കൂട്ടി കൊണ്ട് വന്നത്. അതിസുന്ദരിയായൊരു പെൺകുട്ടി, ഇരുപത് വയസ്സിനു മുകളിൽ പ്രായം പോകില്ല.അവളുടെ ഇടത്തെ മൂക്കിൽ ചുവന്ന നിറത്തിൽ തിളങ്ങുന്നൊരു മൂക്കൂത്തി,വലത്തേ കവിളിൽ ഒരു കാക്കപ്പുള്ളി,ആ മൂക്കൂത്തിയുടെ ഭംഗി കൊണ്ടാവണം ഞാൻ അവളെ ശ്രദ്ധിച്ചത്.ആരെയും ശ്രദ്ധിക്കാതെ തന്റെ വലിയ കണ്ണുകൾ വിടർത്തി വിദൂരതയിലേക്ക് നോക്കിയിരിക്കുകയാണ് അവൾ ...
"സിസ്റ്റർ.. പേഷ്യന്റിന്റെ പേര് ..???"
"ഡോക്ടർ, അന്ന എന്നാണ് ഞങ്ങൾ ഇവളെ വിളിക്കുന്നത്.ഒരു വർഷം മുന്നേ ചിലർ ഇവിടെ കൊണ്ട് വന്നാക്കിയിട്ട് പോയതാണ്.ചേച്ചിയും ഭർത്താവും ആണെന്നാണ് അന്ന് വന്നവർ അച്ഛനോട് പറഞ്ഞത്..പിന്നീട് ഒരിക്കലും അവർ ഇവളെ തേടി വന്നിട്ടില്ല .ഇടയിൽ എപ്പോഴെങ്കിലും ആ സ്ത്രീ വിളിച്ചു ഇവളുടെ വിശേഷങ്ങൾ തിരക്കും. അത്ര തന്നെ...
വന്ന നാൾ മുതൽ ഒരു ചെറുപ്പക്കാരന്റെ പേര് ഈ കുട്ടി പറയുന്നുണ്ട്. ആരെന്നോ? എവിടെന്നോ ഒന്നും അവൾക്കു അറിയുകയും ഇല്ല... "
ഞങ്ങളെയൊ ഞങ്ങളുടെ സംസാരത്തെയോ ഒന്നും ശ്രദ്ധിക്ക പോലും ചെയ്യാതെ അവൾ വിജനതയിൽ ചിത്രം വരയ്ക്കുകയാണ് എന്നെനിക്കു തോന്നി.അതിൽ നിന്നും ഉണർത്തുക എന്ന ലക്ഷ്യത്തോടെ ഞാൻ അവളോട് ചോദിച്ചു ..
" അന്നാ.. തനിക്കു ഇപ്പൊ എന്താ വയ്യായ്ക...? "
ഉറക്കത്തിൽ നിന്നും ഉണർന്നു വന്ന കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ അവൾ കുറച്ചു നേരം എന്നെ നോക്കി നിന്നു.....
"ഉറക്കമില്ല ഡോക്ടർ... ഉറങ്ങാൻ കഴിയുന്നില്ല, കണ്ണടയ്ക്കുമ്പോൾ മുഴുവൻ എന്റെ ദത്തന്റെ ഓർമകളാണ് ... അവൻ എവിടെയാണ് എന്നെനിക്കറിയില്ല.അവൻ എന്നെയും കാത്ത് ആ റയിൽവേ സ്റ്റേഷനിൽ നിൽപ്പുണ്ടാവും. എനിക്കിഷ്ടമുള്ള ഓറഞ്ച് നിറമുള്ള ഡെയ്സി പൂക്കളുമായി....."
മധുരമായ ശബ്ദത്തോടെ അത് പറഞ്ഞു കൊണ്ടവൾ എന്റെ മേശപ്പുറത്തേയ്ക്ക് തല ചായ്ച്ചു...
" താൻ ഒന്നും ആലോചിക്കാതെ ഉറങ്ങണം.ദത്തൻ സമയമാകുമ്പോൾ തനിക്കരികിൽ വരും തനിക്കിഷ്ടമുള്ള ഡെയ്സി പൂക്കളുമായി. ഉറക്കം നഷ്ടപ്പെട്ടാൽ ഇയാളുടെ ഭംഗി പോകും...ദത്തൻ വിഷമിക്കും.താൻ നേരത്തെ കിടന്നുറങ്ങണം.ഞാൻ സിസ്റ്ററുടെ കയ്യിൽ മരുന്ന് കൊടുത്തു വിടാം..."
നിഷ്കളങ്കമായി ഒന്നു ചിരിച്ചു കൊണ്ട് അവൾ സിസ്റ്ററിനൊപ്പം നടന്നു പോയി.പക്ഷേ എന്തോ അവൾ പോയ ശേഷവും അവളും ദത്തനും എന്റെ മനസ്സിനെ അലട്ടി കൊണ്ടിരുന്നു.
ആരാണ് ദത്തൻ...??
ലക്ഷ്മി അടുത്ത പേജിലേക്ക് കണ്ണുകൾ പായിച്ചു,
വെള്ളി.... ,
ഞാൻ ഇന്നും ആ കുട്ടിയെ കണ്ടു. 'അന്ന',അവൾ കൂടുതൽ സുന്ദരിയായിരിക്കും പോലെ തോന്നി. മഞ്ഞ നിറത്തിൽ കറുത്ത പുള്ളികളുള്ള സാരിയിൽ അവളുടെ സൗന്ദര്യം പതിന്മടങ്ങു വർധിച്ച പോലെ. തോട്ടക്കാരൻ പീലിയോട് വർത്താനം പറഞ്ഞു പനിനീർ പൂക്കളെ താലോലിച്ചു കൊണ്ട് നിൽക്കുകയാണ് അവൾ ,എന്നെ കണ്ടയുടൻ ഓടി വന്നു ഒരു ശുഭദിനം ആശംസിച്ചു.അവളുടെ മനോഹരമായ ചിരി ആ കണ്ണുകളിലെ വിഷാദത്തെ ഒളിപ്പിച്ചു വച്ചു.ആശുപത്രി ഇടനാഴിയിലൂടെ അവൾ നടന്നു നീങ്ങുന്നതും നോക്കി ഞാൻ നിന്നു.അവളുടെ കഥ അറിയാൻ എന്റെ മനസ്സിൽ വെമ്പൽ കൊണ്ടു. ആരോടു ചോദിക്കും... ??
ഫാദർ റൊസാരിയോയുമായി വൈകുന്നേരം ചൂടുള്ള പാൽ കാപ്പി കുടിക്കുന്നതിനിടയിൽ ഞാൻ അന്നയെ പറ്റി ചോദിച്ചു. അദ്ദേഹത്തിനും അന്നയെ കുറിച്ച് ഒന്നും അറിയില്ല എന്നെനിക്കു മനസ്സിലായി.ഇനി അവളെയും ദത്തനെയും കുറിച്ച് അറിയണമെങ്കിൽ അവളോട് തന്നെ ചോദിക്കണം. അവളുമായി കൂടുതൽ അടുത്തിടപഴകുവാൻ ഞാൻ ശ്രമിച്ചു തുടങ്ങി.
പിന്നെയുള്ള താളുകളിൽ ദിവസം പോലും അടയാളപ്പെടുത്തിയിരുന­്നില്ല.....
ഇന്ന് ഞാൻ അന്നയോടു ഏറെ നേരം സംസാരിച്ചു. ഞാൻ മുറിയിലേക്ക് ചെല്ലുമ്പോൾ ജനാലയിലൂടെ അവൾ താഴ്‌വാരത്തിലൂടെ ഒഴുകുന്ന അരുവി നോക്കി നിൽക്കുകയായിരുന്നു.അവളുടെ നീണ്ട മുടി കാറ്റിൽ പറക്കുന്നുണ്ടായിരുന്നു.എന്തോ ആ നിമിഷം എനിക്കവളോട് ചെറിയൊരു ഇഷ്ടം തോന്നി..
" അന്നാ ... "
എന്റെ വിളി അവൾ കേട്ടില്ലെന്നു തോന്നുന്നു. ചിന്തകളുടെ മറ്റൊരു ലോകത്തിലായിരുന്നു അവൾ. "അന്നാ " കുറച്ചു കൂടി ഉച്ചത്തിൽ ഞാൻ വിളിച്ചു....
ഞെട്ടി തിരിഞ്ഞവൾ എന്നെ നോക്കി.അവളുടെ മിഴികൾ തുളുമ്പുന്നുണ്ടായിരുന്നു...
" ഡോക്ടർ എപ്പോ വന്നു..??
ഞാൻ അറിഞ്ഞതെയില്ല...ഞാൻ ആ അരുവിയുടെ ഭംഗി ആസ്വദിക്കുകയായിരുന്നു..."
പുറത്തേക്കു വിരൽ ചൂണ്ടി അവൾ പറഞ്ഞു.
" വെറും നൂല് പോലെ നേർത്തു വന്നു അവസാനം എന്തും വിഴുങ്ങാൻ ത്രാണി നേടിയെടുത്തു അത് ദൂരേയ്ക്ക് ഒഴുകി പോകുന്നു. നോക്ക് ഡോക്ടർ നമ്മുടെ ജീവിതം പോലെ തന്നെയാ അവയുടേതും അല്ലെ.....??"
"അതേ " ഞാൻ തലയാട്ടി സമ്മതിച്ചു..
അന്നയുമായി സൗഹൃദത്തിലാവാൻ എനിക്ക് താമസമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അവൾ അവളുടെ പൂർവ്വകാലം മറന്നു പോയിരുന്നു. ഓർമയുടെ താളുകളിൽ അവൾക്കു ബാല്യവും കൗമാരവും ഉണ്ടായിരുന്നില്ല .ദത്തന്റെ പേര് മാത്രം അറിയാവുന്നൊരു യൗവ്വനം മാത്രം. അതു മാത്രമായിരുന്നു അവളുടെ ഓർമകളിൽ നിറയെ.....
അവൾ പറഞ്ഞു തുടങ്ങി
"ദത്തൻ ..,അവനെ ഞാൻ കണ്ടിട്ടില്ല ഡോക്ടർ... അവൻ എന്നോട് മിണ്ടിയിട്ടില്ല,സംസാ­രിച്ചിട്ടില്ല പക്ഷേ ഞങ്ങൾ പ്രണയത്തിലായിരുന്നു അത് മാത്രം എനിക്കറിയാം ഡോക്ടർ ..
ദത്തന് വേണ്ടി ഞാൻ കവിതകൾ എഴുതിയിരുന്നു..,
ദത്തന് വേണ്ടിഞാൻ പാട്ടുകൾ പാടി അയച്ചിരുന്നു..,
ദത്തന് വേണ്ടി ഞാൻ പുസ്തകങ്ങൾ നൽകിയിരുന്നു..,
ദത്തന് വേണ്ടി മാത്രം ഞാൻ സ്വപ്നം കണ്ടു....,
അവനു വേണ്ടി ഞാൻ കാത്തിരുന്നു....
ദത്തന് മൂക്കൂത്തി വലിയ ഇഷ്ടമായിരുന്നു,
അവനു വേണ്ടിയാണ് ഞാൻ മൂക്കൂത്തി ഇട്ടത്..."
അവൾ ദത്തനെ കുറിച്ച് വായ് തോരാതെ സംസാരിച്ചു കൊണ്ടിരുന്നു....
അന്നയ്ക്കു ദത്തനോടുള്ള പ്രണയം എന്നെ വല്ലാതെ ആകർഷിച്ചു.അവളുടെ വാക്കുകൾ ഞാൻ ശ്രദ്ധയോടെ ശ്രവിച്ചു. പറഞ്ഞു പറഞ്ഞു ഒടുവിൽ അവൾ
"ഡോക്ടർ എന്റെ ദത്തൻ, അവൻ.... അവനാ റെയിൽവേ സ്റ്റേഷനിൽ എന്നെ കാത്തു നിൽപ്പുണ്ട്. എനിക്ക് പോണം, അവൻ എനിക്ക് മാത്രമായി ഡെയ്സി പൂക്കളുടെ വലിയൊരു പൂന്തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. എനിക്കവനെ കാണാൻ പോണം..."
അവൾ ഉച്ചത്തിൽ കരഞ്ഞു കൊണ്ട് മുറിക്കു പുറത്തേയ്ക്ക് കുതിച്ചു ,പുറകെ ഞാനും. ഇടനാഴിയിൽ വച്ചു ഞാനവളുടെ നീണ്ട മുടിയിൽ പിടുത്തമിട്ടു .അവൾ പുറകിലേക്ക് മറിഞ്ഞു. എനീക്കൊപ്പം വന്ന സിസ്റ്റർ സ്റ്റെഫി അവളെ താങ്ങി പിടിച്ചു മുറിയിലേക്ക് കൊണ്ട് പോയി .....
അന്ന ആരാണ്..??
ദത്തൻ ആരാണ്..??
ഈ ചോദ്യങ്ങൾ എന്റെ മനസ്സിനെ പിന്നെയും വല്ലാതെ ബുദ്ധിമുട്ടിച്ചു, അന്നയ്ക്കു ദത്തൻ എന്ന വ്യക്തിയോട് ഉള്ള അടങ്ങാത്ത പ്രണയം , അവളുടെ വാക്കുകൾ, സ്വപ്നങ്ങൾ ഒക്കെ എന്നെ ദിനം പ്രതി അന്ന എന്ന പെൺകുട്ടിയിലേക്ക് കൂടുതൽ അടുപ്പിച്ചു....
സിസ്റ്റർ സ്റ്റെഫി പറഞ്ഞ അന്നയെ അന്യോഷിച്ചു വല്ലപ്പോളും വരുന്ന ആ ഫോൺ കോളിനു വേണ്ടി ഞാൻ കാത്തിരുന്നു ......
ലക്ഷ്മി നീണ്ട ഒരു നെടുവീർപ്പോടെ അടുത്ത പേജ് മറിച്ചു ...
എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ഫോൺ കോളിനു പകരം വന്നത് ആ സ്ത്രീ തന്നെയാണ് . ഫാദർ റൊസാരിയോ എന്നെ അവർക്ക് പരിചയപ്പെടുത്തി. അവരിൽ നിന്നും ഞാൻ അന്നയെ ചികിത്സ ചെയ്യുന്ന ഡോക്ടർ എന്ന നിലയിൽ അവളുടെ ഭൂതകാലം ചോദിച്ചറിഞ്ഞു....
സമ്പന്നമായ കോട്ടയത്തെ ഒരു ക്രിസ്തീയ കുടുംബത്തിലെ രണ്ടു പെൺകുട്ടികളിൽ ഇളയവൾ ആയിട്ടായിരുന്നു അന്നയുടെ ജനനം . പാട്ട് , നൃത്തം, എഴുത്ത് അങ്ങനെ സകലതിലും കഴിവ് തെളിയിച്ച അവൾ തൂലിക സൗഹൃദമെന്ന പത്ര പരസ്യത്തിൽ കൂടിയാണ് ദത്തൻ എന്ന വ്യക്തിയെ പരിചയപ്പെട്ടത്.സൗഹൃദം പ്രണയമായി മാറിയത് പെട്ടെന്നായിരുന്നു. ഒരു സുപ്രഭാതത്തിൽ താൻ ദത്തനൊപ്പം പോകുന്നു എന്ന് മാത്രം എഴുതി വച്ചു അവൾ വീട് വിട്ടിറങ്ങി. എന്നാൽ അവളെ കാത്തു ദത്തൻ വന്നിരുന്നില്ല, ഒന്നോ രണ്ടോ ദിവസം ആ റെയിൽവേ സ്റ്റേഷനിൽ അവന്റെ വരവും കാത്തു അവൾ ഇരുന്നു. പക്ഷേ പുതിയൊരു അന്നയെ തേടി അവളുടെ തൂലിക സുഹൃത്ത് പോയിരുന്നു....
അന്നയ്ക്കു ദത്തൻ വെറുമൊരു പ്രണയം മാത്രമല്ലായിരുന്നില്ല മറിച്ചു അ­വളുടെ സ്വപ്നവും പ്രതീക്ഷയും ഒക്കെയായിരുന്നു ....
മൂന്നാം ദിവസം ആരൊക്കെയോ അന്നയോടു കാര്യങ്ങൾ ആരാഞ്ഞു.വീട്ടിൽ വിളിച്ചറിയിച്ചു വീട്ടിൽ നിന്നും അന്നയെ കൂട്ടി കൊണ്ട് പോകാൻ ആരും തയ്യാറായില്ല.അങ്ങനെയാണ് അവിടത്തെ സ്റ്റേഷന് മാസ്റ്റർ ആയ എന്റെ ഭർത്താവ് അവളെ വീട്ടിലേക്കു കൂട്ടി കൊണ്ട് വന്നത്. അവളുടെ വീട്ടുകാരെ ഞങ്ങൾ ബന്ധപ്പെട്ടെങ്കിലും പക്ഷേ അവർ അവളെ ഏറ്റെടുക്കാൻ തയ്യാറല്ല എന്നാണ് മറുപടി പറഞ്ഞത്.പതിയെ പതിയെ അന്ന ഓർമകളിൽ നിന്നും ഓടി ഒളിച്ചു അവൾ ദത്തൻ എന്ന ഒരൊറ്റ വ്യക്തിയിൽ തന്റെ ഓർമ്മകൾ ഒതുക്കി വച്ചു.അവളുടെ പഴയ ഓർമ്മകൾ ഒക്കെ അവളിൽ നിന്നും പോയി മറഞ്ഞു ഉന്മാദത്തിന്റെ വർണകുപ്പായം അവൾ മേലങ്കിയാക്കി. അങ്ങനെയാണ് ഞങ്ങൾ അവളെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത് .അതിനു ശേഷം എന്റെ ഭർത്താവിന് സ്ഥലം മാറ്റം കിട്ടി ഞങ്ങൾ നോർത്തിലേക്കു പോയി. വല്ലപ്പോഴും അവളുടെ വിവരങ്ങൾ അറിയാൻ വിളിക്കും. ഞാൻ എന്റെ സഹോദരി എന്നു പറഞ്ഞു കൊണ്ടാണ് അന്നയെ ഇവിടെ കൊണ്ടാക്കിയത്....
" ഡോക്ടർ അന്ന പഴയ ജീവിതത്തിലേക്ക് തിരികെ വരുമോ...?? "
അവരുടെ ചോദ്യത്തിന് " ഞാൻ ശ്രമിക്കാം ".... എന്ന് മാത്രം മറുപടി നൽകി കൊണ്ട് ഞാൻ തിരികെ നടന്നു..ഹോസ്പിറ്റലിൽ നിന്നും തിരികെയുള്ള യാത്രയിൽ ഉടനീളം ഞാൻ അവളെക്കുറിച്ചാണ് ചിന്തിച്ചത്, അവളുടെ പ്രണയം അതിന്റെ ആത്മാര്ഥതയിൽ സ്വന്തം മനസ്സ് തന്നെ കൈവിട്ടു പോയത്... എന്തോ ആ പെൺകുട്ടിയോട് എനിക്ക് പ്രണയം തോന്നി തുടങ്ങി.....
ലക്ഷ്മിയുടെ കണ്ണുകൾ ഈറനണിയാൻ തുടങ്ങി.....
അവൾ അടുത്ത പേജിലേക്ക് കണ്ണോടിച്ചു ....
പിറ്റേന്ന് ഞാൻ ഹോസ്പിറ്റലിൽ പോയത് ഓറഞ്ചു നിറമുള്ള ഒരു പിടി ഡെയ്സി പൂക്കളുമായാണ്. അവൾക്കു ഞാനത് സമ്മാനമായി നൽകി ,ഇനിയുള്ള എല്ലാ ദിവസവും ഞാൻ തനിക്കായി ഓറഞ്ചു നിറമുള്ള ഡെയ്സി പൂക്കൾ നൽകും എന്നവൾക്ക് വാക്കും നൽകി.....
ലക്ഷ്മി തന്റെ സാരി തലപ്പ് കൊണ്ട് കണ്ണു തുടച്ചു. ഉള്ളിൽ എന്തോ ഒരു വിങ്ങൽ....
പിന്നീട് ഡയറിക്കുറിപ്പ് ആയിട്ടല്ല കഥ പോലെയാണ് എഴുതിയിരിക്കുന്നത്....
ഞാൻ വരുന്നതും കാത്തു അന്ന നിൽക്കാൻ തുടങ്ങി. പതിയെ പതിയെ അവളുടെ ഓർമകളിൽ ഞാൻ ദത്തനായി വളർന്നു തുടങ്ങി.അവൾ എന്നെ ദത്തൻ എന്ന് വിളിച്ചു തുടങ്ങി..എനിക്ക് വേണ്ടി അവൾ പാട്ടുകൾ പാടി, കവിതകൾ എഴുതി ,എനിക്കു വേണ്ടി ചിരിച്ചു ,എനിക്ക് വേണ്ടി പരിഭവിച്ചു, ഇത്രയും നാൾ അനുഭവിക്കാത്ത പ്രണയമെന്ന മാസ് മരികയിൽ അവളെന്നെ കൊണ്ടെത്തിച്ചു.അവളിൽ നിന്ന് അടർന്നു മാറാൻ കഴിയാത്ത വിധം അവളെന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു മാറിക്കഴിഞ്ഞു.....
അവളുടെ മനസ്സിൽ അഖിലേഷ് വർമ എന്നൊരു വ്യക്തിയില്ല ദത്തൻ എന്നൊരു പേര് മാത്രം.
അവളുടെ മൂക്കിൽ തിളങ്ങി നിന്ന ചുവന്ന കല്ലുപതിച്ച മൂക്കൂത്തിയ്ക്കു പകരം ഞാൻ നൽകിയ പ്രണയ സമ്മാനം മരതകപച്ച മൂക്കൂത്തി അവൾ അണിഞ്ഞു,എനിക്ക് വേണ്ടി അവൾ കരിമഷി എഴുതി തുടങ്ങി,എനിക്ക് വേണ്ടി കുപ്പിവളകൾ അണിയാൻ തുടങ്ങി,എനിക്കുവേണ്ടി സ്വപ്നങ്ങൾ കാണാൻ തുടങ്ങി.ഞാനവളെ എന്റെ ജീവിതത്തിലേക്കു ക്ഷണിച്ചു .സന്തോഷത്താൽ കലങ്ങി ചുവന്ന കണ്ണുകളോടെ അവളെന്റെ ജീവിതത്തിലേക്ക് കടന്നു വന്നു...
'ഭ്രാന്തിയെ വിവാഹം ചെയ്ത ഭ്രാന്തൻ' എന്ന വിളിപ്പേരോടെ കുടുംബത്തിൽ നിന്നും പുറത്താക്കപ്പെട്ടു,നാട്ടുകാർക്കിടയിൽ പരിഹാസപാത്രമായി, പക്ഷേ പ്രണയം കൊണ്ട് അവളെന്നെ വീർപ്പുമുട്ടിച്ചു, അവൾക്കു ഞാൻ ജീവിതം നൽകുന്നതിനൊപ്പം പുതിയൊരു പേരും നൽകി .'ലക്ഷ്മി' പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ പുതിയ പേരിൽ അവൾ ഇന്നും എനിക്കായി കവിതകൾ എഴുതുന്നു, എനിക്ക് വേണ്ടി വീണ്ടും കാലിൽ ചിലങ്ക അണിഞ്ഞു ...
ഭ്രാന്തിയെ പ്രണയിച്ച ഭ്രാന്തൻ ഡോക്ടർ എന്ന് എന്നെ ആളുകൾ കളിയാക്കി വിളിക്കുമ്പോളും കവയത്രിയും ,നർത്തകിയും നാടൊട്ടാകെ അറിയപ്പെട്ടുന്ന വ്യക്തിത്വം ആയി അവളെന്റെ കൂടെയുണ്ട് ...
ലക്ഷ്മി എന്ന എന്റെ ഭ്രാന്തി പെണ്ണ്. .. !
അവളാണ് എന്നെ പ്രണയിക്കാൻ പഠിപ്പിച്ചത്, അവളിലൂടെയാണ് ഞാൻ പുതിയ പലതും പഠിച്ചത്. അവൾ എന്റെ എല്ലാം എല്ലാം......
അതിന്റെ അവസാനം ഇങ്ങനെ എഴുതിയിരുന്നു
"ലക്ഷ്മി ... നീ എന്റെ മരണത്തോടെയാവും ഈ ഡയറി വായിക്കുക.ഒരുപക്ഷെ വായിച്ചില്ല എന്നുമിരിക്കും എങ്കിലും ഒന്നു പറഞ്ഞോട്ടെ, ഞാൻ മരിച്ചു കഴിഞ്ഞാലും നീ കണ്ണിൽ കരിമഷി എഴുതണം, കൈകളിൽ കുപ്പിവള ചാർത്തനം, കാൽ വിരലിൽ മിഞ്ചി അണിയണം , അതിലൂടെ എനിക്ക് നിനക്കൊപ്പം ഓർമകളായി ജീവിക്കണം....
പെണ്ണെ ...ചോദിക്കാൻ മനസ്സിൽ വെമ്പൽ കൂട്ടിയ പക്ഷേ ചോദിക്കാതെ വിഴുങ്ങി കളഞ്ഞ ഒരു ചോദ്യമുണ്ട്
ഇത്രയേറെ പ്രണയിക്കപ്പെടാൻ ഞാൻ എന്ത് പുണ്യമാണ് ചെയ്തത് എന്നറിയില്ല എന്നാലും ചോദിക്കട്ടെ മാപ്പ്, ദത്തൻ എന്ന പേരിൽ നിന്നിലേക്ക് വേരൂന്നിയതിന്, നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് കഴിഞ്ഞില്ല , വെറുമൊരു ഭ്രാന്തി മാത്രമായി ഭൂമിയിൽ ജീവിച്ചു മരിക്കാൻ നിന്നെ വിട്ടു കൊടുക്കാൻ എനിക്ക് തോന്നിയില്ല, ഇനിയും നിന്റെ ഓർമകളിൽ ദത്തനായി തന്നെ ഞാൻ ജീവിക്കണം..... നിന്നോട് ചെയ്ത വലിയൊരു തെറ്റുണ്ട്, നിന്റെ ഭ്രാന്ത് മാറരുത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, നിന്നെ നഷ്ടമായി പോകുമോ എന്ന ഭയത്താൽ നിന്റെ ഭ്രാന്ത് മാറാൻ ഞാൻ നിനക്കായി ഒന്നും ചെയ്തില്ല. ഡോക്ടർ എന്ന നിലയിൽ അവിടെ ഞാൻ എന്റെ പ്രഫഷനോട് തെറ്റ് ചെയ്തു.പക്ഷേ ഭർത്താവ് എന്ന നിലയിൽ അതെന്റെ സ്വാർഥത ആയിരുന്നു പൊറുക്കണം നീ.....
"ഇനിയും ജന്മങ്ങൾ തിര പോലെ വന്നിടും,
അന്നും നീയെന്റെ സഖിയായി വേണം..."
ഡയറിയുടെ അവസാന താളുകളും വായിച്ചു തീർത്തു, ലക്ഷ്മി അലറിക്കരഞ്ഞു,
അവളിൽ വര്ഷങ്ങളോളം ഒളിഞ്ഞു കിടന്ന ഭ്രാന്തിന്റെ അവസാന കണികയും അവിടെ വച്ചു ആ നിമിഷം മാറിക്കഴിഞ്ഞിരുന്നു ..
ലക്ഷ്മി ഡയറിയുമായി മുറിയിലേക്ക് നടന്നു. കണ്ണാടിക്കു മുന്നിൽ നിന്നും തന്റെ മൂക്കിലെ ആ മരതക പച്ചയിലേക്കു നോക്കി.അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി . അത് സാരമാക്കാതെ അവർ കണ്ണിൽ കരിമഷി എഴുതി, കുപ്പി വള അണിഞ്ഞു, മുടി മുന്നിലേക്ക് പിന്നിയിട്ടു .....
നിലാവ് പൊഴിഞ്ഞ ആ രാത്രിയിൽ ലക്ഷ്മി തന്റെ പ്രിയപ്പെട്ടവന്റെ കുഴിമാടത്തിലേക്കു നടന്നു.ആ പച്ച മണം മായാത്ത മണ്ണിൽ തന്റെ കവിൾ ചേർത്തു വച്ചു കൊണ്ട് പറഞ്ഞു
" ഒരു സ്ത്രീയ്ക്ക് ഇതിനേക്കാൾ എന്താണ് ഭാഗ്യം ലഭിക്കുക...... ??
നിങ്ങളെപ്പോലെ ഒരാളുടെ ഭാര്യയായി ജീവിക്കാൻ കഴിഞ്ഞത് ഞാൻ ചെയ്ത മഹാ പുണ്യം,എന്നോട് ക്ഷമ ചോദിക്കുകയോ??
എന്നെപ്പോലൊരു ഭ്രാന്തിയെ ജീവിതകാലം മുഴുവൻ ചുമന്നതിനു, സ്നേഹം കൊണ്ടെന്നെ വീർപ്പുമുട്ടിച്ചതിനു എത്ര ജന്മം ഞാൻ പകരം നൽകണം ,,,?"
ആ കിടപ്പിൽ നിന്നും ലക്ഷ്മി പിന്നെ ഉണർന്നില്ല....
തന്റെ ദേഹം ഇവിടെ ഉപേക്ഷിച്ചു തന്റെ പ്രിയപ്പെട്ടവന്റെ അരികിലേക്കവൾ പറന്നു....

അങ്ങ് ദൂരെ ഏഴാകാശങ്ങൾക്കും അപ്പുറം നേർത്ത മേഘങ്ങൾ കൊണ്ട് തീർത്ത കൊട്ടാരത്തിനു മുന്നിൽ വച്ചു ഭ്രാന്തൻ ഡോക്ടർ തന്റെ ഭ്രാന്തി പെണ്ണിന്റെ കൈ പിടിച്ചു.ഒരിക്കലും മരണമില്ലാത്ത പുതിയൊരു പ്രണയമവിടെ തുടങ്ങുകയായി .......

മാതൃഭോഗി

ശരീരത്തിലൂടെ എന്തോ പടർന്നു കയറും പോലെ...,
അത് തന്നെ അനങ്ങാൻ പോലും അനുവദിക്കാതെ മുറുകെ പുണർന്നിരിക്കുന്നു....!
സ്റ്റെല്ല പതിയെ കണ്ണ് തുറന്നു.സ്വപ്നമല്ല.. ,
തന്റെ മേലെ പടർന്നു കിടക്കുന്ന വ്യക്തിയെ ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ കണ്ട അവൾ നിലവിളിക്കാൻ ശ്രമിച്ചു.പക്ഷേ ബലിഷ്ടമായ ആ കൈകൾ അവളുടെ ശബ്ദത്തേ കൊന്നു കളഞ്ഞു , ബലമായി വിവസ്ത്ര ആക്കപ്പെട്ടപോഴും,
തന്റെ ശരീരാഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും അവൾ സ്വയം ശപിച്ചു കൊണ്ടേയിരുന്നു.
അവസാനം തന്നിൽ ആധിപത്യം നേടിയവൻ തളർന്നു വീണപ്പോൾ അവൾ ചാടി എണീറ്റ് അലസമായി കിടന്ന ബെഡ് ഷീറ്റു വാരി ചുറ്റി ഭ്രാന്തിയെ പോലെ അലറി കരഞ്ഞു...
റോബൻ കട്ടിലിൽ നിന്നും എണീറ്റ് സ്റ്റെല്ലയുടെ അരികിൽ നിന്നു. അവൻ ചെയ്ത മഹാപാപത്തിന്റെ തെല്ലു വിഷമം പോലും ആ മുഖത്ത് ഉണ്ടായിരുന്നില്ല. മറിച്ചു പുച്ഛം നിറഞ്ഞ ചിരിയോടെ സ്റ്റെല്ലയോട് പറഞ്ഞു.
" നിങ്ങൾ....,
നിങ്ങളാണ് ഇതിനു കാരണം...
നിങ്ങളല്ലാതെ ഒരു പെണ്ണും എന്റെ മനസ്സിൽ വന്നിട്ടില്ല. നിങ്ങളുടെ ശരീരത്തിന്റെ ഓരോ മറുകുകളും എനിക്ക് ഹൃദ്യസ്ഥമാണ്,നിങ്ങൾ എനിക്ക് ഭ്രാന്ത് ആയിരുന്നു.
നിങ്ങളുടെ സീൽക്കാരങ്ങൾ മാത്രമാണ് ഓർമ വച്ച നാൾ മുതൽ എന്റെ ചെവിയിൽ അലയടിക്കുന്നത്....,
നിങ്ങളുടെ നഗ്നമേനി കണ്ടാണ് ഞാൻ ഉറങ്ങിയിട്ടുള്ളത്, എന്റെ ഭ്രാന്തിനെ ഞാൻ അടക്കി...,
ഇതിന്റെ കാരണം നിങ്ങളാണ്...
എന്നെ ഒരു മാതൃഭോഗി ആക്കിയത് നിങ്ങളാണ്.."
പിന്നെയും എന്തൊക്കെയോ പുലമ്പി പറഞ്ഞു കൊണ്ടവൻ മുറിവിട്ടിറങ്ങി .. സ്റ്റെല്ല ചുമരിൽ തലയിട്ടടിച്ചു.ഒന്നും പറയാൻ കഴിയാതെ ഉറക്കെ ഉറക്കെ കരഞ്ഞു.ആദ്യമായി അവൾ തന്റെ റോയിച്ചനെ ശാപവാക്കുകൾ കൊണ്ട് ഹാരമണിയിച്ചു,ടീപ്പോയിൽ ഇരുന്ന വിവാഹ ഫോട്ടോ തറയിലേക്ക് വലിച്ചെറിഞ്ഞു
" ദൈവമേ.... എന്നെ പോലെ ഹതഭാഗ്യ ആരുമില്ല , എന്തൊരു പരീക്ഷണം....,
നൊന്തു പ്രസവിച്ച മകനാൽ തന്നെ ഞാൻ...... "
വാക്കുകൾ മുഴുപ്പിക്കാൻ പോലും അവൾക്കു സാധിച്ചില്ല..ഭർത്താവിന്റെ ക്രൂരമായ ലൈംഗിക വൈകൃതങ്ങൾക്ക് എല്ലാം ഭാര്യ എന്ന നിലയിൽ മൗനാനുവാദം നൽകുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല ഇങ്ങനെ ഒരവസ്ഥയിൽ താൻ എത്തിപ്പെടുമെന്ന്.
കോളേജ്കാലത്തു തുടങ്ങിയ റോയിച്ചനുമായുള്ള പ്രണയം ഇരു വീട്ടുകാരുടെയും സമ്മതത്തോടെ നടന്നു. സെക്സ് അനുഭൂതി ആവണം എങ്കിൽ വ്യത്യസ്തത വേണം എന്ന അദ്ദേഹത്തിന്റെ നിലപാടുകളോട് എതിർത്ത് പറയാൻ തനിക്കായില്ല. മകൻ ജനിച്ച ശേഷം അവന്റെ മുന്നിൽ നിന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക, അവൻ നോക്കി നിൽക്കുന്നത് കണ്ടു രതിമൂർച്ചയിൽ എത്തുക എന്ന അദ്ദേത്തിന്റെ പുതിയ വൈകൃതത്തെ താൻ ശക്തമായി എതിർത്തെങ്കിലും,അദ്ധേഹത്തിന്റെ നിര്‍ബന്ധവും കാമവും സ്നേഹവും തന്നെ അതിലേക്കു വലിച്ചു കൊണ്ടു പോയി...
" അവൻ ചെറിയ കുട്ടി അല്ലെ..?
അവനു എന്തറിയാം.. അവൻ വലുതാകുമ്പോൾ നമ്മൾ ഇങ്ങനെ ചെയ്യില്ലല്ലോ..?
അവന്റെ ഓര്‍മ്മകളില്‍ പോലും ഇതൊന്നും ജീവിക്കില്ല...."
എതിർക്കാൻ ശ്രമിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു റോയിച്ചൻ എന്റെ വായ അടപ്പിച്ചു.പതിയെ പതിയെ ഞാനും ആ വൈകൃതങ്ങൾക്ക് അടിമപ്പെട്ടു.ഉറങ്ങുന്ന കുഞ്ഞിനെ ഉണർത്തി അവന്റെ മുന്നിൽ വച്ചു രതി മൂർച്ചയിൽ എത്തുന്നതിൽ ഞങ്ങൾ സുഖം കണ്ടെത്തി. പക്ഷേ അവന്റെ കുഞ്ഞു മനസ്സിൽ ഇതൊക്കെ ആഴത്തിൽ പതിയും എന്നൊരിക്കൽ പോലും ചിന്തിച്ചിരുന്നില്ല,അവൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്റെ സഹപാഠിയോട് മോശമായി പെരുമാറുന്നത് വരെ അത് തുടർന്നു.പിന്നീട് ഉറക്കെ സീൽക്കാരങ്ങൾ കേൾപ്പിച്ചു ബന്ധപ്പെടുന്നതിൽ റോയിച്ചൻ ഹരം കണ്ടെത്തി.ഞാനും അതിലേക്കു പതിയെ മാറി, കാമം തലയ്ക്കു പിടിക്കുമ്പോൾ അറിവായ മകൻ മുറിയില്‍ ഉണർന്നിരുന്നതും സീൽക്കാരങ്ങളിൽ ആനന്ദം കൊണ്ടതും ഒന്നും താൻ അറിയാതെ പോയി...
മകൻ അന്തർ മുഖനായതും, സൗഹൃദങ്ങളിൽ നിന്നും അകലം പാലിച്ചു വീട്ടിൽ തന്റെ നിഴലായി നടന്നപ്പോഴും, തന്റെ മടിയിൽ കൂടുതൽ നേരം കിടക്കാൻ ശ്രമിച്ചപ്പോഴും. തന്റെ മാറിടങ്ങളിൽ തമാശ പോലെ സ്പർശിക്കാൻ തുടങ്ങിയപ്പോഴും, തന്നെ മുറുകെ വേദനിക്കും വിധം പുണരാൻ തുടങ്ങിയപ്പോഴും അവന്റെ മനസ്സിലെ കാമമെന്ന വികാരവും , ഭ്രാന്തും ഒന്നും അറിഞ്ഞില്ലല്ലോദൈവമേ...
ഭർത്താവിനെ തൃപ്തിപെടുത്തി റോയിച്ചന്റെ സ്നേഹം പിടിച്ചു പറ്റുന്നതിൽ താൻ വിജയം കണ്ടെങ്കിലും അമ്മ എന്ന നിലയിൽ ഞാൻ പരാജയം ആയിപ്പോയല്ലോ...?
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...
" നിങ്ങളെ ഞാന്‍ അമ്മയായിട്ടല്ല മറിച്ചു എന്നെ മോഹിപ്പിച്ച സ്ത്രീ ശരീരമായിട്ട് മാത്രമേ കണ്ടിട്ടുള്ളൂ "
റോബിന്റെ വാക്കുകൾ അവളുടെ കര്‍ണ്ണപുടങ്ങളിൽ പ്രകമ്പനം സൃഷ്ടിച്ചു..സ്നേഹത്തോടെ തന്റെ മടിയിൽ കിടന്നു ജീവാമൃതം നുണഞ്ഞവൻ തന്റെ മാറിടങ്ങളെ കാമത്തോടെ കടിച്ചു കീറി ... തന്റെ ശരീരം ഇനി മണ്ണിലെ പുഴുക്കൾക്ക് ആഹാരമായി കൊള്ളട്ടെ.
എന്റെ ശരീരത്തോട് മാത്രമുള്ള മകന്റെ രതി വൈകൃതം ഈ ശരീരം ഇല്ലാതാകുന്നതോടെ അവസാനിക്കട്ടെ .....
റോയി ജോലി കഴിഞ്ഞു വരുമ്പോൾ മുറിയിലെ ഫാനിൽതൂങ്ങിയാടുന്ന സ്റ്റെല്ലയുടെ രൂപം കണ്ടു അലറി വിളിച്ചു .....
മൃതദേഹം പൊതു ദർശനത്തിനു വച്ചപ്പോഴും കുഴിമാടത്തിൽ മണ്ണോടു ചേർത്തു വച്ചപ്പോഴും റോബിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീര്‍ തൂവിയില്ല ....
അവനു അവൾ അമ്മയായിരുന്നില്ല...
അവനെ മോഹിപ്പിച്ച വെറും സ്ത്രീ ശരീരം മാത്രമായിരുന്നു. തന്റെ മോഹം ശമിപ്പിച്ച വെറും പെണ്ണുടൽ..... !
പോലീസിന് കൈമാറിയ റോയിക്ക് വേണ്ടി സ്റ്റെല്ല എഴുതിയ ആത്മഹത്യാ കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു..
."പ്രിയപ്പെട്ട റോയിച്ചന്...,
ഓരോരുത്തരും അവരുടെ കർമഫലം അനുഭവിച്ചേ ഭൂമിയിൽ നിന്നും യാത്ര തിരിക്കുകയുള്ളൂ...,
ഞാനെന്റെ കർമഫലം അനുഭവിച്ചു കഴിഞ്ഞു.ഇനി എനിക്ക് കഴിയില്ല ഈ ദേഹം വഹിക്കാൻ ,
ഞാൻ പോവുകയാണ് ,റോബിൻ ഒറ്റയ്ക്കാണ്.. എന്റെ മോനെ തനിച്ചാക്കരുത്..."

സ്റ്റെല്ല....

2018, ജൂൺ 29, വെള്ളിയാഴ്‌ച

പ്രതീക്ഷ

രാത്രി ഡ്യൂട്ടി കഴിഞ്ഞു മടങ്ങും വഴി ചെറുതായൊന്നു മിനുങ്ങി.ഇപ്പോൾ ഇതില്ലാതെ പറ്റാണ്ടായിരിക്കുന്നു, മാംസവും മദ്യവും ഒക്കെ നിഷിദ്ധമായിരുന്ന ഒരു തറവാട്ടിൽ പിറന്ന എനിക്കിപ്പോൾ ഇവ രണ്ടും ഇല്ലാതെ പറ്റില്ല. ജോലി കിട്ടിയപ്പോൾ കൂടെ കിട്ടിയതാണ് ഈ ശീലങ്ങളും.തീർത്തും വിജനമായിരിക്കുന്നു റോഡുകൾ.ഇടയ്ക്ക് പോകുന്ന ചില ചെത്തു പയ്യന്മാരുടെ ബൈക്കുകൾ കാണാം .
ഞാൻ ബസ് സ്റ്റോപ്പിലേക്ക് കയറി.ഇനിയും ഉണ്ട് അരമണിക്കൂർ ബസ് വരാൻ.ഈ പട്ടി കാട്ടിൽ ഒരു വണ്ടി പോലുമില്ല.ടൗണിൽ പോണമെങ്കിൽ രണ്ടു കിലോമീറ്റർ നടക്കണം.സിമന്റ് ബഞ്ചിൽ ഇരുന്നു ഒരു സിഗരറ്റ് എടുത്തു തീ കൊളുത്തി.
നല്ല നിലാവ്..,
പൂർണ ചന്ദ്രൻ എന്നെ തന്നെ നോക്കി നിൽക്കുന്നത് പോലെ തോന്നി.പെട്ടെന്ന് നിഴലും നിലാവും പ്രണയിക്കുന്ന നാട്ടിടവഴിയും തറവാടും അമ്മൂമ്മയും ഒക്കെ ഓർമ വന്നു , കുട്ടിക്കാലത്തു ജനലഴികളിലൂടെ പുറത്തേക്കു ചന്ദ്രനെ നോക്കി നിൽക്കും.സൂക്ഷിച്ചു നോക്കിയാൽ അതിൽ പല പല രൂപങ്ങൾ തെളിഞ്ഞു വരും.പിന്നെ പേടിച്ചു പുതപ്പും തലയിലൂടെ പുതച്ചു ഒരു കിടപ്പാണ്. ഇടയ്ക്ക് പുതപ്പു മാറ്റി പിന്നെയും നോക്കും.സിഗരറ്റ് എരിഞ്ഞു എന്റെ കൈയിൽ ചൂടടിച്ചപ്പോഴാണ് ഓർമകളിൽ നിന്നും മോചിതനായത്.വാച്ചിലേക്ക് നോക്കി ഇനിയും ഉണ്ട് ലാസ്റ്റ് ബസ് വരാൻ സമയം. ക്ഷമയില്ലാത്തവന്റെ മാനസികാവസ്ഥ ഊഹിക്കാവുന്നതിലും അപ്പുറമാണല്ലോ ..?
അങ്ങോട്ടും ഇങ്ങോട്ടും നടന്നു ഞാൻ സമയം കൊല്ലാൻ ശ്രമിച്ചു..ആഗ്രഹങ്ങൾ , സ്വപ്നങ്ങൾ ഒന്നും സഫലമാവാതെ പോയ ഈ ജന്മത്തോട് തന്നെ ദേഷ്യം തോന്നി ,ഡിഗ്രി കഴിഞ്ഞു തുടർപഠനത്തിന്ഡൽഹിയിൽ പോകാൻ നിൽക്കുമ്പോൾ ആണ് അച്ഛന്റെ മരണം. പെട്ടെന്ന് ഉണ്ടായ ഒരു സൈലന്റ് അറ്റാക്ക്,പോലീസ് കോൺസ്റ്റബിൾ ആയിരുന്ന അച്ഛന്റെ ജോലി ഇഷ്ടമില്ലായിരുന്നിട്ടും വീട്ടിലെ പ്രാരാബ്ധം കാരണം ഏറ്റെടുക്കേണ്ടി വന്നു. വീടിന്റെ അവസ്ഥ അത്ര ദയനീയമായ സാഹചര്യമായത് കൊണ്ട് വേറെ നിവൃത്തി ഉണ്ടായിരുന്നില്ല, അങ്ങനെ എന്റെ സ്വപ്നമായ ജേർണലിസത്തെ നടക്കാത്ത സ്വപ്നങ്ങൾക്ക് വേണ്ടി പണിത ശവകുടീരത്തിൽ അടക്കം ചെയ്തു, ആഗ്രഹങ്ങൾ സഫലമാകാത്ത ആത്മാവിനെ പോലെ സമാധാനമില്ലാതെ എന്റെ ഹൃദയത്തില്‍ അലഞ്ഞു നടന്നു..ഇപ്പോഴും നടക്കുന്നു.
അതേ, ഡൽഹി എന്നത് എനിക്ക് ബാലികേറാ മല പോലെയും,ഇതിനിടയിൽ വിവാഹം നടന്നു.മകൻ ജനിച്ചു, പോലിസ് സ്‌റ്റേഷനുകളേക്കാളും കൂടുതൽ ജോലി ചെയ്തത് മുതിർന്ന ഏമാന്മാരുടെ വീടുകളിൽ ആയിരുന്നു.സർക്കാർ ശമ്പളം പറ്റുന്ന വേലക്കാരൻ. മുതിർന്ന ഏമാന്മാരുടെ മക്കളുടെയും ഭാര്യമാരുടെയും എന്തിനേറെ അവരുടെ പട്ടികളുടെ പോലും ആട്ടും തുപ്പും കടിയും കൊണ്ട് തോട്ടക്കാരൻ ആയും കുശിനിക്കാരൻ ആയും ഈ പത്തു വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ കൂടുതലും കഴിഞ്ഞു...
ഇപ്പോൾ മൂന്നു മാസം കൊണ്ട് ഈ പട്ടികാട്ടിൽ.പാപി ചെല്ലുന്നിടം പാതാളം, കോട്ടേഴ്‌സ് പോലും ഇല്ല ,
"ചേട്ടാ...ലാസ്‌റ്ബസ് എത്ര മണിക്കാണ്...???"
മധുരമുള്ളൊരു പെൺശബ്ദം.ഞാൻ തിരിഞ്ഞു നോക്കി. ഇത്രയും നേരം ഇല്ലാതിരുന്ന ഈ പെൺകൊച്ചു ഇപ്പൊ എവിടെന്നാ വന്നത് ???
എന്റെ ജിജ്ഞാസ മനസ്സിലായിട്ടാവും അവൾ പറഞ്ഞു
" രണ്ടു മൂന്നു ചെക്കന്മാർ ബൈക്കിൽ വന്നെന്നെ ശല്യപ്പെടുത്തുകയായിരുന്നു.പെട്ടെന്ന് ഇവിടെ ആള് നിൽക്കുന്നത് കണ്ടു അതാണ്‌ ഓടി കയറിയത്..."
ഗൗരവം വിടാതെ തന്നെ ഞാൻ ചോദിച്ചു
" ഇത്രയും രാത്രി വരെ താൻ എവിടെ പോയിരുന്നു..?"
അപ്പോൾ എന്റെ സ്വരത്തിൽ ഒരു ചേട്ടന്റെയോ അച്ഛന്റെയോ ഒക്കെ കടുപ്പം ഉണ്ടായിരുന്നു.
" അച്ഛനു മരുന്ന് വാങ്ങിക്കാൻ വന്നതാണ് ചേട്ടാ. ടൗണിൽ ഒരു തുണിക്കടയിൽ നിൽക്കുകയാണ് ഞാൻ. ഇവിടെ ഒരു വൈദ്യൻ ഉണ്ട് അയാളുടെ മരുന്ന് ആണ് അച്ഛൻ കഴിക്കുന്നത്.എട്ടര വരെ കടയിൽ ജോലി ഉണ്ട്. അത് കഴിഞ്ഞിട്ടാ ഇങ്ങോട്ട് വന്നത്.."
"നിനക്ക് ആങ്ങളമാർ ആരുമില്ലേ... ???"
"ഇല്ല ചേട്ടാ..അനിയത്തി മാത്രേ ഉള്ളൂ.. അവൾ പഠിക്കുന്നു.ചെറിയ കുട്ടി ആണ്.അച്ഛൻ തളർന്നു കിടപ്പിൽ ആണ്...".
സംസാരിക്കുന്നതിനിടയിൽ ബസ് വന്നു, ഞങ്ങൾ ബസിൽ കയറി,ഒന്നു രണ്ടു പുരുഷന്മാർ മാത്രം. ചിലരുടെ നോട്ടം കൊണ്ട് ചൂളി ആ പെൺകുട്ടി സീറ്റിൽ മുഖമമർത്തി തല കുമ്പിട്ടിരുന്നു ,ഞാൻ കഴിച്ച വിഷദ്രവത്തിന്റെ ലഹരി മാറിയതാവാം ഞാൻ അവളുടെ സീറ്റിൽ മാറിയിരുന്നു.അവൾ പതിയെ മുഖമുയർത്തി എന്നെ നോക്കി. ബസിലെ അരണ്ട വെളിച്ചത്തിൽ ഞാനവളുടെ ഓമനത്തമുള്ള മുഖം കണ്ടു. കണ്ണിൽ നക്ഷത്രങ്ങൾ ഒളിപ്പിച്ചു വച്ച ഒരു ഇരുനിറക്കാരി.അവളുടെ മുഖത്ത് നോക്കിയപ്പോൾ തന്നെ എന്റെ ഉള്ളിൽ ഒരു വാത്സല്യത്തിന്റെ ഉറവ പൊട്ടി....
"ചേട്ടൻ എവിടെയാണ് ജോലി ചെയുന്നത്...??? "
"പോലീസിൽ.."
എന്റെ മറുപടി അവളെ തെല്ലു നേരം മൗനം ഭുചിപ്പിച്ചു ...
"സർ ഇവിടെയുള്ള സ്റ്റേഷനിൽ ആണോ ജോലി ചെയ്‌യുന്നത്‌...???"
എനിക്ക് ചിരി വന്നു "ചേട്ടാ" എന്ന് വിളിക്ക് കുട്ടീ സർ എന്നൊക്കെ ഫോർമൽ ആയി വിളിക്കുന്നതല്ലേ...?
സംസാരം മനുഷ്യർക്കിടയിലെ അകലം കുറയ്ക്കും എന്ന് പറയുന്നത് എത്ര സത്യം. ഞങ്ങൾക്കിടയിലെ അപരിചിതത്വം മാറിയത് പെട്ടെന്നായിരുന്നു.ടിക്കറ്റ് എടുക്കാൻ വന്ന കണ്ടക്ടർ എന്നെയും ആ കുട്ടിയേയും നോക്കി മറ്റൊരു അർഥത്തിൽ ചിരിച്ചു. അയാൾ തെറ്റിദ്ധരിച്ചതിലും കാര്യമില്ലാതില്ല പോലീസുകാർക്കിടയിൽ കള്ളവെടി വെയ്ക്കാൻ പോകുന്നവർ കുറവൊന്നുമല്ലല്ലോ..?
എല്ലാ കണ്ണുകളും ഞങ്ങളെ തന്നെ നോക്കുന്നത് കൊണ്ടാവാം അവൾ
"അഥ കേന പ്രതുക്തോയം
പാപം ചരതി പുരുഷ:
അനിച്ഛന്നപി വാർഷ്ണേയ
ബലാദിവ നിയോജിതാ :"
എന്ന് പറഞ്ഞു. ഞാനവളെ അതിശയത്തോടെ നോക്കി.
അർജുനന്റെ കുരുക്ഷേത്ര യുദ്ധ രോദനം.
"താൻ കൊള്ളാല്ലോ...ഇതൊക്കെ അറിയോ...??? "
കവിളത്തു ഒളിഞ്ഞിരുന്ന നുണക്കുഴി പുറത്തു ചാടുന്ന വിധം അവളൊന്നു ചിരിച്ചു.എന്നിട്ട് പറഞ്ഞു
" പിന്നല്ലാതെ ...ആഗ്രഹിക്കുന്നില്ല എങ്കിലും ബലമായി നിയോഗിക്കപ്പെട്ടവനെ പോലെ ഈ പുരുഷൻ പാപം ചെയ്യുന്നത് എന്ത് കൊണ്ടാണ്..?"
യുദ്ധരോദനത്തിന്റെ മലയാളം അർഥം അവൾ ഇമ്പത്തോടെ പറഞ്ഞു.
"കുട്ടിക്കാലത്തു അടുത്തുള്ള വീട്ടിൽ അമ്മമ്മ അടിച്ചു തളിക്കാൻ പോകുമായിരുന്നു അവിടെത്തേ കുട്ടി എന്റെ ബാല്യകാല സുഹൃത്തായിരുന്നു.അവൾ പറഞ്ഞു തന്നതാ ഇതൊക്കെ..."
" അമ്മയില്ലേ....??? "
എന്റെ ചോദ്യത്തിന് ഒരു നെടുവീർപ്പോടെ അവൾ പറഞ്ഞു.
"എന്റെ അമ്മ ഒരു ചീത്ത ആണ് ചേട്ടാ,അവർ ഞങ്ങളുടെ അച്ഛനെയും ഞങ്ങളെയും ഉപേക്ഷിച്ചു അച്ഛനു സുഖമില്ലാതെ ആയപ്പോൾ അടുത്തുള്ള ഒരു അണ്ണാച്ചിക്ക് ഒപ്പം പോയി.ഞാൻ അന്ന് പ്ലസ് ടു പഠിക്കുവായിരുന്നു, പിന്നെ കണ്ടിട്ടില്ല..."
അവളുടെ തിളങ്ങുന്ന കണ്ണുകൾ നിറഞ്ഞു പോകും എന്ന് ഞാൻ കരുതി.പക്ഷേ എന്റെ ചിന്തയെ അപ്പാടെ മാറ്റി മറിചു കൊണ്ട് അവൾ പറഞ്ഞു.
"പോകുന്നവർ പോകട്ടെ... ആർക്കു വേണ്ടിയും നമ്മൾ കരയരുത്. മുന്നിൽ സന്തോഷിക്കാൻ ഒരുപാട് വഴികളുണ്ട്..."
അവൾ അവളുടെ ഓരോ സ്വപ്നങ്ങളും എണ്ണി പറഞ്ഞു.അത് ഞാൻ കണ്ട ശവക്കുഴിയിൽ ഒളിപ്പിച്ചത് പോലുള്ള സ്വപ്‌നങ്ങൾ ആയിരുന്നില്ല.
" ചേട്ടാ ഞാൻ ഡിഗ്രി കഴിഞ്ഞു കറസ്‌പോണ്ടിങ് ആയിട്ട് ഇപ്പൊ പിജി ചെയ്യുന്നു.അതും വിദൂര വിദ്യാഭ്യാസം വഴി തന്നെയാണ്. MSC മാത്‍സ്. ലോകത്തിന്റെ സ്പന്ദനം കണക്കിലാണ് ചേട്ടാ.."
അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാനും അവളുടെ ചിരിയിൽ പങ്കു ചേർന്നു.
" എനിക്ക് സിവിൽ സർവീസ് എഴുതണം...,
കളക്ടർ ആവണം.അതെന്റെ ലക്ഷ്യം ആണ്.അത് ഞാൻ നേടും.എന്റെ അച്ഛന്റെ സ്വപ്നമാണ് അത്. എനിക്ക് നേടിയേ പറ്റൂ...."
അവളുടെ വാക്കുകളിലെ അഗ്നി എന്റെ സിരകളിൽ ചൂട് പടർത്തി.അവൾ തുടർന്നു.
"ചേട്ടനു ഏതാ പോസ്റ്റ്‌..?
കോൺസ്റ്റബിൾ ആണോ..??"
"ഉം " ഞാൻ മൂളുക മാത്രം ചെയ്തു.
ഞാൻ കളക്ടർ ആകുമ്പോൾ ചേട്ടനെ കൊണ്ട് സല്യൂട്ട് അടിപ്പിക്കും എന്ന് പറഞ്ഞു കൊണ്ടവള്‍ ചിരിച്ചു. പക്ഷേ എനിക്ക് ചിരി വന്നില്ല. ആ കുട്ടിയുടെ മുന്നിൽ ചെറുതായി പോകും പോലെ എനിക്ക് തോന്നി, അവൾക്കു അത് മനസ്സികാതിരിക്കാൻ ചുണ്ടിൽ ഒരു ചിരി ഒട്ടിച്ചു വച്ചു.അവൾ ജോലി സ്ഥലത്തും സ്കൂളിലും നാട്ടിലും ഒക്കെ അനുഭവിക്കുന്ന ദുരിതങ്ങൾ എണ്ണി പറയുമ്പോഴും ,സ്വപ്‌നങ്ങൾ സഫലമാക്കാൻ ശ്രമിക്കുന്ന വ്യഗ്രത ആ കണ്ണുകളിൽ കാണാമായിരുന്നു. ഞാൻ എന്റെ കഥ അവളോടും പറഞ്ഞു. ഞാൻകരുതിയ പോലെ സഹതാപം അല്ല പകരം
" ചേട്ടന് ഇനിയും തുടര്‍ന്നു പഠിച്ചൂടെ..?
അച്ഛനെപ്പോലെ വെറും കോൺസ്റ്റബിൾ ആയി ജീവിതം തീർക്കുകയല്ല വേണ്ടത്. ഉയരങ്ങളിൽ ഇനിയും ഒരുപാട് റാങ്കുകൾ ഇല്ലേ..? അതിൽ ഒന്നിൽ സ്ഥാനം പിടിക്കണം. കാക്കിയിലെ നക്ഷത്രങ്ങൾക്ക് എണ്ണം കൂട്ടണം.മക്കൾ നാളെ അഭിമാനത്തോടെ അച്ഛനെ ഓർക്കണം. പഠിക്കാൻ പ്രായം ഒരു കടമ്പ അല്ല ഇനിയും സമയം ഉണ്ട് ഒരുപാട്..."
അവളുടെ ഓരോ വാക്കുകളും എനിക്ക്മേൽ മുന്നോട്ട് കുതിക്കാൻ ഉള്ള ഊർജം പകർന്നു തന്നു കൊണ്ടിരുന്നു. ശവമടക്ക് കഴിഞ്ഞു ജീർണിച്ച എന്റെ സ്വപ്‌നങ്ങൾ പുനർജന്മം കിട്ടാൻ കേഴുന്നത് പോലെ എനിക്ക് തോന്നി;
ജോലി ചെയ്ത് കുടുംബം നോക്കുന്നതിനൊപ്പം തന്റെ സ്വപ്‌നങ്ങൾ പൂർത്തിയാക്കുവാൻ അഹോരാത്രം ശ്രമിക്കുന്ന അവളോട്‌ എനിക്ക് വല്ലാത്ത ബഹുമാനം തോന്നി.ഞാൻ അവളോട്‌ ചോദിച്ചു.
"തനിക്കു അപരിചിതനായ എനിക്കൊപ്പം ഇത്രയും നേരം ഇരിക്കാനും നിന്റെ കാര്യങ്ങൾ വിശ്വസിച്ചു പറയാനും എങ്ങനെ കഴിഞ്ഞു കുട്ടീ...??? "
" ചേട്ടാ...ഓരോരുത്തരുടെയും കണ്ണുകൾ പറയും അയാളുടെ മനസ്സ്. നിങ്ങളിൽ നിന്നും ഇതുവരെ ഞാൻ മോശമായ ഒരു നോട്ടം പോലും കണ്ടില്ല. ഞാനവിടെ ഒരു സഹോദരന്റെ കരുതൽ മാത്രമാണ് കണ്ടത്...
ഇറങ്ങാൻ ഉള്ള സ്ഥലം എത്തി. പോകട്ടെ ചേട്ടാ ഇനിയും കാണാം.."
വണ്ടിയിറങ്ങി അരണ്ട വെളിച്ചം കത്തി നിൽക്കുന്ന ഒരു വീടിനെ ലക്ഷ്യമാക്കി അവൾ നടന്നു നീങ്ങി.ഞാൻ ബസിൽ നിന്നും പിന്തിരിഞ്ഞു നോക്കി,പുനർജീവന്റെ വിത്തുകൾ മനസ്സിൽ പാകി നടന്നു നീങ്ങിയ അവളുടെ പേര്...??
ദൈവമേ അവളുടെ പേര് ഞാൻ ചോദിച്ചില്ല.അവൾ എന്റെയും... എങ്കിലും ഞാനവൾക്കു ഈ നിമിഷം ഒരു പേര് നൽകുന്നു
" പ്രതീക്ഷ..."
ആൾക്കൂട്ടങ്ങൾക്കിടയിൽ ഇനി ഞാൻ തിരയുന്ന മുഖം നിന്റേത് തന്നെയാവും കുട്ടീ, മനസ്സിൽ വീണ്ടും ആഗ്രഹങ്ങൾ നിറച്ചു ഞാൻ യാത്ര ചെയ്യാൻ തുടങ്ങുകയാണ്.അതിനു നിമിത്തമായ അപരിചിതേ....
ഹൃദയഭാഷ കൊണ്ട് നമ്മള്‍ പരിചിതരാണ് .....

നിനക്ക് നന്ദി ...!!!

2018, ജൂൺ 22, വെള്ളിയാഴ്‌ച

പ്രവാസ ചിരാതുകള്‍

പെനഡോളിന്റെ ഒരു ഗുളിക കൂടി അജയൻ പൊട്ടിച്ചു വായിലേക്കിട്ടു. വെള്ളം ഉള്ളിലേക്ക് ചെന്നപ്പോൾ വയറു പൊത്തി അവൻ നിലത്തിരുന്നു.വേദന അസഹനീയം തന്നെ,അതിന്റെ കാഠിന്യത്താൽ കണ്ണിൽ ഇരുട്ട് മൂടി.രണ്ടു തുള്ളി കണ്ണുനീർ കണ്ണിൽ നിന്നും കൊഴിഞ്ഞു നിലത്തു വീണു.അവന്റെ ഇരുപ്പു കണ്ടിട്ടു സഹമുറിയൻ ഹനീഫിക്ക കട്ടിലിൽ നിന്നും എണീറ്റു അവനരികിലേക്ക് നടന്നു.
"അജയാ.. വയറു വേദന കുറവില്ലെ ഡാ... ?
വാ..വച്ചോണ്ട് ഇരിക്കേണ്ട,നമുക്ക് ഹോസ്പിറ്റൽ വരെ പോയി വരാം..."
തന്റെ തോളിൽ അമർന്ന ഹനീഫിക്കയുടെ വലതു കൈപ്പടം പിടിച്ചു കൊണ്ട് തന്നെ അവൻ നിലത്തു നിന്നും എണീറ്റു.ചെറിയൊരു പുഞ്ചിരിയോടെ
"ഇക്കാ ...കല്ലിന്റെ ആണെന്ന് തോന്നുന്നു.ഇപ്പൊ കുറച്ചു ആശ്വാസം ഉണ്ട്.പിന്നെ ഈ മാസം അവസാനം നാട്ടിലേക്കു പോകുന്നുണ്ടല്ലോ.അവിടെ ചെന്നിട്ടു നല്ലൊരു ഡോക്ടറെ കാണാം,കഴിഞ്ഞ പ്രാവശ്യം പോയപ്പോളും ചില തിരക്കുകൾ കാരണം പോകാൻ കഴിഞ്ഞില്ല,
പിന്നെ ഇക്കാക്ക്‌ അറിയാല്ലോ..??
ഇവിടെ ഒരു ജലദോഷപനി വന്നാലും ആശുപത്രിയിക്കാർ കൊള്ളയടിക്കുന്നത്. നമ്മളെപ്പോലെ സാധാരണക്കാരായവർക്ക് നമ്മുടെ നാട് തന്നെ ശരണം.."
ഇത് പറഞ്ഞ് കഴിയുന്നതിനിടയിൽ അജയൻ ഡ്യൂട്ടിക്ക് പോകാനുള്ള യൂണിഫോം ധരിച്ചിരുന്നു ...
" അപ്പൊ ശരി ഇക്ക ,വൈകിട്ട് കാണാം.."
യാത്ര പറഞ്ഞു അജയൻ മുറിയിൽ നിന്നും പുറത്തിറങ്ങി.ലേബർ ക്യാമ്പിനു പുറത്ത് ജോലിക്കാരെ കയറ്റാനുള്ള വാഹനം റെഡി ആയി നിന്നു,വണ്ടിയിൽ ഇരിക്കുമ്പോഴും ജോലിയ്ക്കിടയിലും ശക്തമായ വയറുവേദന അവനെ വല്ലാതെ ബുദ്ധി മുട്ടിച്ചു. പെനഡോളും പാരസെറ്റൊമളും വേദനയിൽ നിന്നും അവനു താത്കാലികമായി ആശ്വാസം നൽകി.തിരിച്ചു രാത്രി മുറിയിൽ എത്തുമ്പോഴും അതിനു കുറവൊന്നും ഉണ്ടായിരുന്നില്ല ,പക്ഷേ പിറ്റേന്ന് രാവിലെ ജോലിക്ക് പോകുന്നതിനു മുൻപ് അവൻ ഹനീഫിക്കയോട് പറഞ്ഞു.
"ഇക്കാ...എനിക്ക് എത്രയും പെട്ടെന്ന് നാട്ടിൽ പോകണം. ഒരുമാസം ഒന്നും കാത്തു നിൽക്കാൻ കഴിയില്ല ഇക്ക, ഡേറ്റ് കുറയ്ക്കാൻ പറ്റുമോ എന്നൊന്നു നോക്കണെ..? ഇന്ന് രാവിലെ ടോയ്‌ലെറ്റിൽ പോയപ്പോൾ വയറ്റിൽ നിന്നും പോകുന്നത് മുഴുവൻ രക്തകട്ട ആണ്.
ഇക്കാ... എനിക്ക് എന്തെങ്കിലും ആയി പോയാൽ പിന്നെ അറിയാല്ലോ ഇക്കാക്ക് എന്റെ കാര്യം... "
പുറത്തേക്കു വന്ന കരച്ചിൽ തൊണ്ടകുഴിയിൽ അടക്കം ചെയ്തു അജയൻ അത് പറയുമ്പോൾ
" സാരല്ലഡാ ..നമുക്ക് നോക്കാം...,
നിനക്ക് എന്ത് പറ്റാനാ....??
ഒന്നും വരില്ല..."
അന്ന് രാത്രി അവൻ ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ സന്തോഷത്തോടെ ഹനീഫിക്ക പറഞ്ഞു.
"ഡാ ...ടിക്കറ്റ് ശരിയായിട്ടുണ്ട്. അടുത്ത ആഴ്ച പോകാം നിനക്ക്.കുറച്ചു കാശ് അധികം കൊടുക്കണം എന്നാലും നാട്എത്തുമല്ലോ... ?
കൊണ്ട് പോകാൻ ഉള്ളതൊക്കെ എന്താന്നു വച്ചാൽ വാങ്ങിക്കു.ഞാനും വരാം കൂടെ,നാളെ എനിക്ക് നൈറ്റ്‌ ഡ്യൂട്ടി ആണ്...."
നന്ദി പറയാൻ മാത്രമുള്ള ബന്ധമല്ല ഹനീഫിക്കായോട് തനിക്കുള്ളത്.അത് കൊണ്ട് തന്നെ സന്തോഷം നേർത്തൊരു പുഞ്ചിരിയിൽ ഒതുക്കി....ഡ്രസ്സ്‌ പോലും മാറാതെ സുധയ്ക്ക് ഫോൺ ചെയ്തു.
" അച്ഛേ.... "
ഗൗരി മോളുടെ കൊഞ്ചിയുള്ള വിളിയില്‍ അറിയാതെ അജയന്റെ കണ്ണ് നിറഞ്ഞു വന്നു.
" അച്ഛന്റെ മോൾ എന്ത് ചെയ്യാ...??
എന്താ കഴിച്ചേ ...??"
"ഇന്ന് അച്ഛയ്ക്ക് ഇഷ്ടോള്ള ഇലയട ആയിരുന്നു.മോള് രണ്ടെണ്ണം കഴിച്ചു.മുത്തശ്ശി ഉണ്ടാക്കിയതാ...അമ്മ ഇതൊന്നും ഉണ്ടാക്കില്ല. അച്ഛന്റെ ഓർമ വരുമത്രെ.. എന്തൊരു അമ്മയാല്ലേ...??
അച്ഛ കഴിച്ചാരുന്നോ... ??? "
അവളുടെ കൊഞ്ചിയുള്ള വർത്തമാനത്തിൽ തന്റെ വേദന അല്പം കുറയും പോലെ അജയന് തോന്നി.
" അച്ഛൻ കഴിച്ചില്ല മോളെ...
ഇപ്പൊ ജോലി കഴിഞ്ഞു വന്നേ ഉള്ളൂ..
അച്ഛൻ അടുത്ത ആഴ്ച വരും.എന്റെ മോൾക്ക്‌ എന്താ കൊണ്ട് വരേണ്ടത്...???"
ചായപ്പെൻസിൽ, കണ്ണടയ്ക്കുന്ന പാവ,വെള്ള ചെരുപ്പ്,അങ്ങനെ അവളുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ എണ്ണി പറഞ്ഞു കൊണ്ടിരുന്നു.
" അച്ഛ എല്ലാം കൊണ്ട് വരാട്ടോ..ഏട്ടന്റെ കയ്യിൽ കൊടുത്തേ ഫോൺ.."
ഫോൺ കയ്യിൽ പിടിച്ചു കൊണ്ടു ഓടുന്ന ഗൌരിയെന്ന ആറു വയസ്സുകാരിയുടെ വെള്ളി കൊലുസിന്റെ കിലുക്കം അവന്റെ ഹൃദയത്തിന്റെ താളം കൂട്ടി.ആ കാഴ്ച അവൻ അകക്കണ്ണിൻ കണ്ടു,ഒരു കിതപ്പോടെ "ഏട്ടാ അച്ഛ വിളിക്കാ.. ഏട്ടനോട് തരണം"എന്ന് പറഞ്ഞു അവൾ ഫോൺ മകൻ ആദിക്ക് കൈമാറി.
"അച്ഛാ.. ".
അച്ഛനു സുഖാണോ..??
ജോലി ഒക്കെ എളുപ്പം ഉണ്ടോ..?
നല്ല ചൂടും പൊടിക്കാറ്റും ആണല്ലേ അവിടെ..?
ഞാൻ പത്രത്തിൽ വായിച്ചിരുന്നു..."
അവന്റെ ചോദ്യങ്ങൾ ഉള്ളകം കുളിർപ്പിച്ചു.
മകൻ മിടുക്കനായി വളരുന്നത് ഏതൊരച്ഛനും അഭിമാനമാണല്ലോ..??
പന്ത്രണ്ടു വയസ്സുണ്ട് ആദിക്ക് ,എന്നാൽ ആ പ്രായത്തിലെ കുട്ടികളെക്കാൾ പക്വത അവനുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.അവന്റെ പെരുമാറ്റങ്ങൾ പലപ്പോഴുംഅത്ഭുതപെടുത്തിയിട്ടുണ്ട്.
" മോനെ...അച്ഛൻ അടുത്ത ആഴ്ച അങ്ങെത്തും.
നിനക്ക് എന്താണ് വേണ്ടത് എന്ന് വച്ചാൽ പറയാം.."
അവന്റെ ഊഴം കഴിഞ്ഞു അച്ഛന്റെയും അമ്മയുടെയും പെങ്ങളുടെയും അളിയന്റെയും ഊഴം കഴിഞ്ഞു അവസാനം സുധയുടെ കയ്യിൽ ഫോൺ എത്തി. പശുവിനു തീറ്റ കൊടുത്തു കൊണ്ടിരുന്ന അവൾ ഓടി കിതച്ചു വന്നു ഫോൺ വാങ്ങി.അവളുടെ ആയ്‌പ്പ് കടലുകള്‍ക്കിപ്പുറം അജയന്റെ ചെവിയിലെത്തി.
"തനിക്കു എപ്പോളും ജോലി തന്നെ ആണോ ഡോ..?
മുട്ട് വേദന മാറിയോ .???"
"ഏട്ടന്റെ വയറു വേദന കുറവുണ്ടോ...?? എനിക്കിവിടെ എന്ത് ജോലി ..?
ഇതൊക്കെ എല്ലാരും ചെയ്യുന്നതല്ലേ...??
ലക്ഷ്മി ഏട്ടത്തി വന്നപ്പോൾ ഒരു ഡോക്ടറുടെ പേര് പറഞ്ഞിരുന്നു. ഏട്ടൻ വന്നിട്ട് നമുക്ക് അയാളെ പോയി ഒന്നു കാണണം കേട്ടോ.എത്ര നാളായി ഇത് തുടങ്ങിയിട്ട്. ഇത്തവണ ഒരു ഒഴിവും പറയണ്ട.തിരികെ പോകേം വേണ്ട. ഉള്ളത് കൊണ്ട് ഓണം പോലെ ഇവിടെ കഴിയാം... "
"ഞാൻ അടുത്ത ആഴ്ച വരുന്നുണ്ട്.തനിക്കു എന്താ വേണ്ടത് എന്നു വച്ചാൽ പറ.ഇനി ഒരു തിരിച്ചു പോക്കിന് എനിക്കും താല്പര്യം ഇല്ല.ഇനി നമ്മുടെ നാട്ടിൽ തന്നെ നിങ്ങളുടെ കൂടെ ഞാൻ ഉണ്ടാവും..."
മറുവശത്തു സന്തോഷത്തിന്റെ അലയൊലികള്‍ അവൻ കേട്ടു..
" സത്യാണോ എനിക്ക് ഒന്നും വേണ്ട അജയെട്ടാ.. ഏട്ടനെ ഒന്ന് കണ്ടാൽ മാത്രം മതി.."
പിന്നെ ഉള്ള ദിവസങ്ങൾ ഓരോരുത്തർക്കും വേണ്ടുന്ന സാധനങ്ങൾ വാങ്ങാൻ ഉള്ള തിരക്കിൽ അവൻ മാറി. കാർഗോയിൽ കുറെ സാധനങ്ങൾ കയറ്റി വിട്ടു.ബാക്കി പായ്ക്ക് ചെയ്തു. നാട്ടിലേക്ക് യാത്ര തിരിക്കുന്ന ദിവസം എയർ പോർട്ടിൽ വച്ചു ഹനീഫ് ഇക്കയെ കെട്ടിപിടിച്ചു അജയൻ കരഞ്ഞു.
"ഇക്കാ ..എനിക്ക് എന്തെങ്കിലും പറ്റുമോ എന്ന് വല്ലാത്ത പേടി.അങ്ങനെ വല്ലതും പറ്റിയാൽ എന്നോട് കാണിക്കുന്ന ഈ കാര്യം എന്റെ സുധയോടും മക്കളോടും കാണിക്കണം.."
"ഒന്നൂല്ലടാ നിനക്ക് "എന്ന് പറഞ്ഞു അജയനെ ചേർത്ത് പിടിക്കുമ്പോള്‍ ഹനീഫിക്കയുടെ കണ്ണുകൾ നിറഞ്ഞിരുന്നു...".
രാവിലെ ഒന്‍പതു മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുമ്പോൾ സ്വീകരിക്കാൻ അച്ഛനും മക്കളും അളിയനും പെങ്ങളുമമ്മയും ഒക്കെ നീണ്ടൊരു നിര തന്നെ ഉണ്ടായിരുന്നു. എന്നാലും കണ്ണുകൾ കൊതിച്ചത് സുധയെ ആയിരുന്നു.അവൾ വന്നിട്ടില്ല.. വരികയും ഇല്ല.. വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ലോകം തീർക്കുന്ന ഒരു പൊട്ടി പെണ്ണ് ...
കുശലാന്യോഷണങ്ങളും കളിയും ചിരിയുമായി തറവാട് പടിക്കൽ വണ്ടി എത്തിയത് അറിഞ്ഞില്ല. ശബ്ദം കേട്ടിട്ടാവാം ഉമ്മറത്തേക്ക് ഓടി വന്ന സുധ കാറിൽ നിന്നും ഇറങ്ങിയ എന്നെ കണ്ടു വിടർന്ന കണ്ണുകൾ നിറച്ചു പുഞ്ചിരിച്ചു കൊണ്ട്അവൾ
നിന്നു.പിന്നെയും വല്ലാതെ മെലിഞ്ഞിരിക്കുന്നു പറമ്പിലെ പണിക്കാർക്കും വീട്ടിലുള്ളവർക്കും വെച്ചുണ്ടാക്കുന്നതും കാലികളെ നോക്കുന്നതും ഒന്നും അത്ര എളുപ്പമുള്ള പണിയല്ലല്ലോ..?
പാവം എന്നിട്ടും പരാതി ഇല്ലാതെ ജീവിക്കുന്നവൾ...
എല്ലായ്പ്പോഴും മൂത്ത ചേച്ചിയും അളിയനും വന്ന ശേഷമാണ് പെട്ടി പൊട്ടിക്കുന്നത് എങ്കിലും അന്ന് എന്റെ നിർബന്ധം കൊണ്ട് ഊണ് കഴിഞ്ഞയുടൻ പൊട്ടിച്ചു. അവരവർക്ക് ഇഷ്ടമുള്ളത് എല്ലാരും എടുക്കുമ്പോളും സുധ ഒരു വശത്തു മിണ്ടാതെ നിന്നു , എല്ലാവരുടെ മുഖത്തും സന്തോഷം പക്ഷെ വന്നപ്പോൾ സുധയല്ലാതെ തന്റെ അസുഖത്തെക്കുറിച്ചു ആരും ഒന്നും ചോദിച്ചില്ല അമ്മ പോലും....
തെല്ല് വിഷമം ഉള്ളിൽ നിറഞ്ഞെങ്കിലും അവരുടെ സന്തോഷത്തിൽ പങ്കു ചേർന്നപ്പോൾ അതും അലിഞ്ഞില്ലാതായി.
രാത്രി ഗൗരിയേയും മോനെയും അടുക്കൽ വിളിച്ചു കിടക്കുമ്പോള്‍ ആദ്യമായി തന്റെ കിടയ്ക്കയ്ക്ക് വലിപ്പം പോരെന്നു തോന്നി. തറയിൽ പായ വിരിച്ചു സുധ കിടന്നപ്പോൾ പുതുതായി വാങ്ങിയ വലിയ കട്ടിലിന്റെ അവകാശവും പെങ്ങളെടുത്തെന്നു മനസ്സിലാക്കി,രാത്രി കുട്ടികൾ ഉറങ്ങുമ്പോൾ ആരും കാണാതെ കൊണ്ട് വന്ന ഒരു സ്വർണ കാപ്പെടുത്ത് സുധയുടെ പരുപരുത്ത കയ്യിൽ കൊടുക്കുമ്പോൾ അരണ്ട വെളിച്ചത്തിൽ അവൾ ശബ്ദമില്ലാതെ കരയുന്നത് കണ്ടു....
" ഇനി ഇതൊന്നും വാങ്ങി തരാൻ ഞാൻ ഇല്ലാ എങ്കിലോ..??"
എന്റെ ചോദ്യത്തിന് വായിൽ കൈ കൊണ്ട് പൊത്തി അവൾ പറഞ്ഞു
" ഇങ്ങനെ ഒന്നും പറയല്ലേ അജയ്യേട്ടാ..."
"നിങ്ങൾ ഇല്ലാതെ എനിക്കെന്താ പൂർണത..??
നമ്മുടെ മക്കൾക്കോ..??
ആവശ്യം ഇല്ലാത്തതു ഒന്നും ആലോചിച്ചു മനസ്സ് വേദനിപ്പിക്കണ്ട.."
" അല്ല സുധേ... ഇപ്പൊ കണ്ണടച്ചാൽ ചുറ്റും ഇരുട്ടാണ്. എന്നെ ആരോ എങ്ങോട്ടോ വലിച്ചു കൊണ്ട് പോകും പോലെ. എത്ര ധൈര്യം സംഭരിച്ചാലും ഒക്കെ ചോർന്ന് പോകുമമ്പോലെ... "
"ഒന്നൂല്ല... മറ്റന്നാൾ നമുക്ക് ലക്ഷ്മി ഏട്ടത്തി പറഞ്ഞ ഡോക്ടറെ കാണാൻ പോകണം .അപ്പോയ്ന്റ്മെന്റ് കിട്ടിയിട്ടുണ്ട് ".
അന്ന് രാത്രി ഉറങ്ങാതെ സുധയും അജയനും സംസാരിച്ചു കൊണ്ടിരുന്നു.പിറ്റേ ദിവസവും വലിയ പ്രത്യേകതകൾ ഒന്നുമില്ലാതെ കടന്നു പോയി , ഡോക്ടറെ കാണാൻ ഉള്ള ദിവസം അജയന്റെ പെങ്ങളുടെ ഭർത്താവും അജയനും കൂടിയാണ് ഡോക്ടർ വിനോദ് റോയ് യെ കാണാൻ പോയത്. ചില പരിശോധനകൾക്ക് ശേഷം ഡോക്ടർ മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് റഫർ ചെയ്തു. റിസൾട്ടുകൾ വാങ്ങിയിട്ട് ഡോക്ടർ അജയനോട് പറഞ്ഞു.
" അജയാ ... കാൻസർ ലാസ്റ്റ് സ്റ്റേജ് ആയി പോയി. ഒന്നും ചെയ്യാൻ കഴിയില്ല.തന്റെ ആന്തരികാവയവങ്ങൾ മുഴുവൻ നശിച്ചു പോയിരിക്കുന്നു.തത്കാലം വേദനയ്ക്ക് ഉള്ള മെഡിസിൻ നൽകാം ".
അജയന്റെ കണ്ണുകൾ ഇരുട്ട് മൂടിമിണ്ടാൻ പോലും കഴിയാതെ അവൻ അളിയന്റെ കൈകളിൽ മുറുകെ പിടിച്ചു. "തളരരുത് " മനസ്സിൽ ആയിരം വട്ടം സ്വയം പറഞ്ഞെങ്കിലും കരയാതിരിക്കാൻ കഴിഞ്ഞില്ല ,
"ഡോക്ടർ, അഡ്മിറ്റ്‌ ചെയ്യാൻ കഴിയില്ലേ..??"
അളിയന്റെ ചോദ്യത്തിന്
"സോറി സമയം ഒരുപാട് വൈകിപ്പോയി വീട്ടിലേക്കു കൊണ്ട് പൊയ്ക്കോളൂ.. വേണമെങ്കിൽ ഇവിടെ അഡ്മിറ്റ്‌ ചെയ്യാം പക്ഷേ ഉപയോഗം ഒന്നുമില്ല.."
"അജയേട്ടാ.... "
തോളിൽ ചാഞ്ഞിരുന്ന അജയനെ പെങ്ങളുടെ ഭർത്താവ് തട്ടി വിളിച്ചു എങ്കിലുംഅജയൻ എണീറ്റില്ല. ഒരിക്കലും ഉണരാത്ത ഒരു ഉറക്കത്തിലേക്ക് അയാൾ വഴുതി വീണു.അച്ഛനെ കാത്തിരുന്ന മക്കളുടെ അരികിൽ അയാളുടെ നിശ്ചലമായ ശരീരം കോടി പുതച്ചു കിടന്നു.ഒന്നും മിണ്ടാതെ ഒരു കോണിൽ സുധ ഇരുന്നു എല്ലാം നഷ്ടപ്പെട്ടവളായി.അപ്പോഴും അവളുടെ കയ്യിലെ സ്വർണക്കാപ്പ് തിളങ്ങി കൊണ്ടിരുന്നു. തെക്കേ തൊടിയിൽ അച്ഛനും അമ്മയ്ക്കും മുന്നേ അജയൻ സ്ഥാനം പിടിച്ചു.ചിത എരിഞ്ഞു തീരും മുന്നേ സഹതപിച്ചു കൊണ്ട് ആളുകൾ പിരിഞ്ഞു.തന്റെ മുറിയിലെ ജനാല തുറന്നു സുധ അജയന്റെ പച്ച മാംസപുക മണക്കുന്ന ചിതയിൽ നോക്കി ചോദിച്ചു
" ഇനി തിരിച്ചു പോവില്ല.നമ്മുടെ വീട്ടിൽ സുഖമായുറങ്ങും എന്ന് പറഞ്ഞപ്പോൾ ഒരിക്കലും ഉണരാതെ ഉറങ്ങുമെന്ന് ഞാൻ കരുതിയില്ല അജയേട്ടാ.."
അപ്പോൾ ഉമ്മറ കോലായിലെ ചുമർ പുതിയൊരു അതിഥിയെ സ്വീകരിക്കാൻ ഒരുങ്ങി കഴിഞ്ഞിരുന്നു...
അജയന്റെ മരണം വീടിനെ ആകെ തകർത്തു.ആരും പരസ്പരം മിണ്ടാതെയിരിക്കാൻ ശ്രമിച്ചു. പൊട്ടിക്കരച്ചിലുകൾ ഒഴിവാക്കാൻ വേണ്ടി മാത്രം ഒഴിഞ്ഞു നടന്നു.ദിവസങ്ങൾക്കിപ്പുറം
"മിസ്റ്റർ അജയന്റെ വീടല്ലേ..??
ഞങ്ങൾ കാർഗോ സർവീസിൽ നിന്ന് വിളിക്കുകയാണ്‌. അജയൻ ഉണ്ടോ...??? "
മാധവന്റെ കയ്യിലിരുന്നു ഫോൺ വിറച്ചു.അത് കണ്ടിട്ടാകണം ഹരി നാരായണൻ അയാളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങിയത് " "ഹലോ ആരാണ് " മറുവശത്തു നിന്നും
"അജയൻ ആണോ..?
ഞങ്ങളുടെ കാർഗോയിൽ നിന്നും വിളിക്കുന്നതാണ്. ഞങ്ങൾ മൈലമുക്കിൽ എത്തിയിട്ടുണ്ട്.വീട്ടിലേക്കുള്ള വഴി പറയാമോ...?? "
ഹരി അഡ്രസ് പറഞ്ഞു കൊടുത്തു ഫോൺ വച്ചു.
ഉമ്മറത്തു ചുമരിൽ ചിരിച്ചു കൊണ്ടിരിക്കുന്ന അജയന്റെ ചിത്രത്തിൽ നോക്കി കസേരയിൽ ഒരേ ഇരുപ്പു ഇരിക്കുകയാണ് അജയന്റെ അച്ഛൻ മാധവൻ നായർ .ഹരി അയാളോടായി പറഞ്ഞു
" അച്ഛാ...അജയേട്ടൻ അയച്ച സാധനങ്ങൾ ഒക്കെ എത്തിയിട്ടുണ്ട്.ഡോർ ടൂ ഡോർ കമ്പനിക്കാർ ആണ് വിളിച്ചത്.."
നീണ്ട ഒരു നെടുവീർപ്പോടെ മൗനം ഭുചിച്ചു കൺകോണിൽ ഒലിച്ചിറങ്ങിയ കണ്ണുനീർ തോളിൽ കിടന്ന തോർത്തിൽ തുടച്ചു കൊണ്ട് അയാൾ കസേരയിലേക്ക് ചരിഞ്ഞു.സാധങ്ങൾ ഒപ്പിട്ടു വാങ്ങുമ്പോൾ സാധങ്ങൾ കൊണ്ട് വന്നവരിൽ ഒരാൾ ഹരിയോടായി പറഞ്ഞു "കവലയിൽ വച്ച്അറിഞ്ഞിരുന്നു ആള് മരണപ്പെട്ട കാര്യം". അമർത്തി ഒരു മൂളൽ മാത്രമായിരുന്നു ഹരിയുടെ മറുപടി. ആ സാധങ്ങൾ രണ്ടു മൂന്നു ദിവസം ആരും ഒന്ന് നോക്കുക പോലും ചെയ്യാതെ മുറിയുടെ കോണിൽ അനാഥമായി കിടന്നു.മൂന്നാമത്തെ ദിവസം സുധ മകൻ ആദിയോട് പറഞ്ഞു
"ഹരി മാമനോട് പറ അച്ഛൻ കൊടുത്തു വിട്ട സാധനങ്ങൾ പൊട്ടിച്ചു പങ്കു വയ്ക്കാൻ.അത് നിങ്ങൾക്ക് വേണ്ടി ആശിച്ചു വാങ്ങിയതാണ് അച്ഛൻ. ഒക്കെ പങ്കു വയ്ക്കുഎന്നാലേ അച്ഛനു സമാധാനം ആവൂ....."
അജയന്റെ പെങ്ങളുടെ ഭർത്താവ് ഹരി ഓരോരുത്തരുടെയും പേരെഴുതിയ പൊതികൾ അവരവരുടെ കൈകളിൽ കൊടുക്കുമ്പോൾ അജയന്റെ മുറിക്കുള്ളിൽ അടക്കി പിടിച്ച തേങ്ങൽ ഉയർന്നു. ഇനിയൊരിക്കലും കിട്ടാൻ വഴിയില്ലാത്ത അച്ഛൻ കൊടുത്തു വിട്ട ചായ പെൻസിൽ നെഞ്ചോട് ചേർത്ത് ഗൗരി ചിരിച്ചു.മരണം തിരികെ വരാത്ത യാത്രയാണ് എന്നറിയാനുള്ള പ്രായം അവൾക് ഇല്ലല്ലോ ..?
ഏറ്റവും അവസാനത്തെ പെട്ടിയിൽ ആദിക്ക് വേണ്ടിയുള്ള രണ്ടു ഷൂസുകൾ....
അവ വാങ്ങുമ്പോൾ അവന്റെ മുഖത്ത് യാതൊരു ഭാവവും ഇല്ലായിരുന്നു ... നിസ്സഹായത മാത്രം...അച്ഛൻ തനിക്കു വേണ്ടി വാങ്ങിയ അവസാന സമ്മാനം ആണ് അതെന്നു അറിയാനുള്ള പക്വത അവനു വന്നിരുന്നു.അവിടെ നടക്കുന്ന പങ്കുവയ്ക്കലുകളിൽ ഒന്നും ഭാഗമാവാതെ ജനാലയ്ക്ക് ഇടയിലൂടെ അജയൻ ഉറങ്ങുന്ന മണ്ണും നോക്കി സുധ ഇരുന്നു. കയ്യിലെ കാപ്പിൽ ചുണ്ടുകൾ അമർത്തി അവൾ തന്നോടു തന്നെ ചോദിച്ചു
"ഇനിയെന്ത്...????"
ശൂന്യതയിൽ നിഴൽ ചിത്രം വരയ്ക്കുന്ന ഭ്രാന്തിയെ പോലെ അവൾ നിശബ്ദമായി അലറിക്കരഞ്ഞു.

സഫലമാവാതെ പോയ ഒരുപാടു സ്വപ്നങ്ങളെ മോഹഭംഗം എന്ന് വിളിപ്പേര് ചൊല്ലി അജയൻ മറ്റൊരു ലോകത്ത് നിന്നും പ്രിയപ്പെട്ടവരെ നോക്കി കണ്ണീർ തുടച്ചു.ഉമ്മറത്തെ ചുമരിൽ അവന്റെ ചില്ലിട്ട് മാലയിട്ട ചിത്രം പുഞ്ചിരിയോടെ കിടന്നു ....

2018, ജൂൺ 12, ചൊവ്വാഴ്ച

കുഞ്ഞു നക്ഷത്രം

അന്ന് രാത്രി ആകാശത്തിന്റെ അങ്ങേ ചെരുവിൽ ചന്ദ്രനോട് ചേർന്നു ഒരു കുഞ്ഞ് നക്ഷത്രം പിറവി കൊണ്ടു...!
നക്ഷത്രം തന്റെ കുഞ്ഞിക്കണ്ണുകൾ ചിമ്മി തുറന്നു താഴേക്കു നോക്കി.ഭൂമിയാകെ വെളിച്ചം കൊണ്ട് നിറഞ്ഞു നിൽക്കുകയാണ്.ഇടയ്ക്കങ്ങിങ്ങായി ചിലയിടങ്ങളിൽ അന്ധകാരത്തിന്റെ ക്രൂരമുഖവും.
അവൻ പേടിച്ചു വിറച്ചു. പക്ഷേ ചുറ്റും നിന്ന നക്ഷത്രക്കുഞ്ഞുങ്ങൾ അവനോടു സല്ലപിച്ചപ്പോൾ അവന്റെ പേടി പതിയെ മാറി, പിന്നീട് അവ ഓരോന്നും അവരവരുടെ സ്ഥാനത്തേക്ക് മടങ്ങിപ്പോയി.
കുഞ്ഞ് നക്ഷത്രം പിന്നെയും തനിച്ചായി..
അവൻ താഴേക്കു നോക്കി....
ഒരിടത്തു തെരുവു വിളക്കിന്റെ കീഴിൽ കുപ്പത്തൊട്ടിയിൽ കറുത്ത പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞൊരു വെള്ളത്തൂവൽ പോലെ എന്തോ ഒന്നവൻ കണ്ടു. അതിനു ചുറ്റും തെരുവ് നായ്ക്കൾ മണത്തും മുറുകിയും നടക്കുന്നു...
അത് ഞാനല്ലേ...??
കുഞ്ഞ് നക്ഷത്രത്തിന് സങ്കടം വന്നു.അവന്റെ കുഞ്ഞിച്ചുണ്ടുകൾ വിതുമ്പലടക്കാൻ പാടുപെട്ടു. അപ്പോഴതാ വിളക്കിന്റെ ചുവട്ടിൽ ഒരു തെരുവ് പെണ്ണ് തന്റെ കുഞ്ഞിന് മുല കൊടുക്കുന്നു....
സങ്കടം സഹിക്കാനാവാതെ അവന്റെ കുഞ്ഞിക്കണ്ണുകൾ നിറഞ്ഞൊഴുകി
"എനിക്കും ഉണ്ടാവില്ലേ ഇങ്ങനെയൊരമ്മ..?? എന്തിനാണമ്മേ എന്നോടീ ക്രൂരത കാട്ടിയത്..?? എന്തിനാണെനിക്കീ ജന്മം നൽകിയത്..??
കാമം നിറഞ്ഞ നിന്റെ ഉടലിൻ ഒരു തുള്ളി ബീജമായ് ഞാൻ വന്നു ചേർന്നു പോയി...
എന്തിനാണമ്മേ ഇത്രയും നാളെന്നെ ചുമന്നിട്ടും
എന്നെ കൊന്നു തള്ളിയത്..???
എന്റെ കരച്ചിൽ കേട്ടിട്ട് അമ്മയ്ക്ക് സങ്കടം വന്നതേ ഇല്ലായിരുന്നോ...??
ഞാൻ ആ വയറിൽ ഭ്രൂണമായി വളരുന്ന കാലം അമ്മക്ക് എന്നോട് ഒരു സ്നേഹവും തോന്നിയിരുന്നില്ലേ..??
അമ്മേ...എന്തിനാണമ്മേ എന്നെ ക്രൂരമായി കൊന്നുകളഞ്ഞത്..??
ഈ ആകാശഗോളത്തിൽ നിന്നും ഞാൻ കാണുന്നുണ്ട്, എത്ര മനോഹരമാണ് ഭൂമി.എന്നെ ജീവിക്കാൻ അനുവദിക്കാമായിരുന്നി­ല്ലേ...??
തെരുവിന്റെ മടിത്തട്ടിൽ ഞാൻ ഉറങ്ങിയേനെ, കുഷ്ഠം പിടിച്ച കൈകൾ എന്നെ ചേർത്തു പിടിച്ചേനെ, ആരോടുമില്ലാത്തവർ എനിക്ക് താരാട്ട് പാടിയേനെ.. എന്നിട്ടും അമ്മ എന്തെ ഇരുളിന്റെ മറവിൽ എന്റെ കഴുത്തു മുറുക്കി കൊന്നിട്ടുപേക്ഷിച്ചത്...???
എനിക്കും ഉണ്ടായിരുന്നില്ലേ മോഹങ്ങൾ... ?
അമ്മയുടെ മാറിൽ ചേർന്നുറങ്ങാനും, അമ്മയുടെ കരലാളനങ്ങൾ ഏൽക്കാനും, അമ്മയുടെ സ്നേഹത്തിന്റെ ഊഷ്മളത അറിയാനും.എന്നിട്ടും എന്തിനാണമ്മേ എന്നെ അമ്മ നിഷ്കരുണം കൊലപ്പെടുത്തി ഈ തെരുവിന്റെ മാറിൽ വലിച്ചെറിഞ്ഞത്..???"
കുഞ്ഞ് നക്ഷത്രത്തിന്റെ തേങ്ങൽ കേട്ടു ഒരുപാടു നക്ഷത്രകുഞ്ഞുങ്ങൾ ഓടി വന്നു.അവനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു
"ഞങ്ങളിൽ പലരും നിന്നെപ്പോലെ തന്നെയാണ്... നിനക്ക് ഭൂമിയിൽ പിറക്കാനും നിന്റെ അമ്മയെ ഒന്നു കാണുവാനുമെങ്കിലും ഭാഗ്യം ലഭിച്ചില്ലേ..?
പക്ഷേ ഞങ്ങളിൽ പലരെയും ഗർഭത്തിനുള്ളിൽ വച്ചു തന്നെ കൊന്നു കളഞ്ഞു.....
നീ സങ്കടപ്പെടേണ്ടതില്ല,
ഇവിടെ ഭൂമിയെക്കാൾ മനോഹരമാണ്.. പ്രപഞ്ചമില്ലാതാവുന്നിടത്തോളം കാലം നമുക്കിവിടെ സുഖമായി ജീവിക്കാം.കണ്ണീരു തുടയ്ക്കൂ...
നക്ഷത്രക്കുഞ്ഞുങ്ങൾ കരയാൻ പാടില്ലെന്നാണ്.."
കൂട്ടുകാരുടെ വാക്കുകേട്ട് പാൽപല്ലു പോലും മുളയ്ക്കാത്ത മോണ കാട്ടി അവൻ ചിരിച്ചു...
അപ്പോൾ അങ്ങ് താഴെ ഭൂമിയിൽ തെരുവുവിളക്കിനു കീഴിൽ ഒരുകൂട്ടം നായ്ക്കൾ പിടിവലി കൂടുണ്ടായിരുന്നു ....

ചോരമണം മാറാത്തൊരു മാംസപിണ്ഡത്തിനു വേണ്ടി.....!

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...