2018, മാർച്ച് 28, ബുധനാഴ്‌ച

ഹവ്വ

ആരും കാണാത്ത സ്വപ്‌നങ്ങള്‍ കണ്ടു തീര്‍ത്തും ഏകാകിയായി ഇരുട്ടിന്‍റെ കംബളം പുതച്ചു ഭൂമിയുടെ മടിയില്‍ കിടന്നുറങ്ങുമ്പോഴാണ്‌ ഞാന്‍ ആ രൂപത്തെ ശ്രദ്ധിച്ചത്.
എന്താണത് ...??
കാലന്‍ ആണോ ...?
ഏയ് ,അല്ല ..പോത്തിനെ കാണാനില്ല ...!
വല്ല പ്രേതമോ യക്ഷിയോ ആണോ ..??
മാടനോ മറുതയോ ജിന്നോ മറ്റോ ആണോ ..??
ഇനി ദൈവം എന്നെ കാണാന്‍ വന്നതാണോ ..?
മനസ്സില്‍ ഇങ്ങനെ ആയിരം സംശയങ്ങളുമായി നില്‍ക്കുമ്പോള്‍ ആ സ്ത്രീരൂപം എന്റെ അരികിലേക്ക് വന്നു.ശബ്ദം ഉയര്‍ത്തി കൊണ്ട് ഞാന്‍ ചോദിച്ചു ..
" ആരാടി നീ ...?"
"എന്നെ ഓര്‍മ്മയില്ലേ ...?"
"ഇല്ലല്ലോ ..ഞാന്‍ രാത്രിയുടെ മറവില്‍ പെണ്ണ് പിടിക്കുവാന്‍ പോകാറില്ല.നിനക്ക് ആള് മാറിയതാകും.ഈ പാറപ്പുറത്ത് ഒറ്റക്കിരുന്നു സ്വപ്‌നങ്ങള്‍ കാണുവാന്‍ വന്നതാണ് ഞാന്‍ .."
"നിങ്ങളൊക്കെ എന്നെ മറന്നു..ഞാനാണ് പ്രപഞ്ചത്തിലെ തന്നെ ആദ്യത്തെ സ്ത്രീ ..."
"വല്ല കഞ്ചാവും വലിച്ചു ആവിശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു നടക്കാതെ വീട്ടില്‍ പോകാന്‍ നോക്കു ..
ആട്ടെ നിന്റെ വീടെവിടെയാ ..??"
"ഏദന്‍ തോട്ടത്തില്‍ ആയിരുന്നു കുടുംബം ,ചെറിയ തെറ്റിന്റെ പേരില്‍ എന്നെ അവര്‍ ഇറക്കി വിട്ടു.ഞാനിന്നും ഈ ഭൂമിയില്‍ ഇങ്ങനെ അസ്ഥിത്വം നഷ്ടപ്പെട്ടു ജീവിക്കുന്നു ..."
"നിന്റെ പേരെന്താ ..??"
"ഞാന്‍ ഹവ്വ...,
ലോകത്തിലെ എല്ലാ പാപങ്ങളുടെയും കാരണക്കാരിയായി നിങ്ങള്‍ മുദ്രകുത്തിയ നിസ്സഹായതയുടെ ആദ്യത്തെ പ്രതിരൂപം...."
"എന്തിനാ നീ ആ പാവം ആദത്തിനെ കൊണ്ട് പാപത്തിന്റെ കനി തീറ്റിച്ചത് ..?
അതു കൊണ്ടാണല്ലോ ഞങ്ങള്‍ പുരുഷന്മാര്‍ക്കെല്ലാം സ്വര്‍ഗ്ഗം നഷ്ടപ്പെട്ടത് ..??"
"ആദം എന്റെ ജീവനായിരുന്നു.. അതാണ് ഞാന്‍ കഴിച്ചതില്‍ പാതി കനി അവനായി മാറ്റിവച്ചത്..
ഇണയുടെ സ്നേഹത്തിനേക്കാള്‍ വലിയ സ്വര്‍ഗ്ഗമോ ..?"
"അറിയില്ലായിരുന്നു ആദ്യസ്ത്രീയേ നിന്റെ സ്നേഹത്തിനെ കുറിച്ച് ...
ആദാമിനെ പ്രണയിക്കുവാന്‍ വാരിയെല്ലില്‍ നിന്നും രൂപം കൊണ്ട നിന്നെ പഴി ചാരുന്നവര്‍ ആണിന്നധികവും ..."
"ഒരു സ്ത്രീയും ഒരമ്മയും ഒരു കുറ്റവും ആരുടേയും ചുമലില്‍ ഇറക്കി വക്കില്ല. ഒരിക്കല്‍ പോലും ദൈവത്തിന്റെ മുന്‍പില്‍ എന്റെ പ്രാണനായ ആദാമിനെ കുറ്റപ്പെടുത്തിയിട്ടില്ല. പ്രലോഭനങ്ങള്‍ക്ക് അടിമപ്പെട്ടു മനുഷ്യകുലത്തിനെ തന്നെ നരകത്തിലേക്ക് നയിച്ചവള്‍ എന്ന് ലോകം മുഴുവന്‍ ആരോപിക്കുമ്പോഴും എന്റെ ഹൃദയം വേദനിച്ചിരുന്നില്ല....,
പക്ഷെ, സാത്താനില്‍ നിന്നു എന്നെ സംരക്ഷിക്കേണ്ട ,
ഞാന്‍ ജീവനു തുല്യം സ്നേഹിച്ച എന്റെ ആദം ദൈവത്തിന്റെ മുന്നില്‍ എന്നെ തെറ്റുകാരി എന്ന് കുറ്റപ്പെടുത്തിയപ്പോള്‍ ആ നിമിഷം ആയിരുന്നു എന്റെ 'നരകം'.പ്രപഞ്ചത്തിലെ ആദിസ്ത്രീയുടെ ഹൃദയം ആ നിമിഷം തകര്‍ന്നിരുന്നു ...."
ഹവ്വയുടെ കണ്ണുകളില്‍ നിന്നും നിലത്തു വീണുടഞ്ഞ കണ്ണുനീര്‍ തുള്ളികള്‍ക്ക് പകരം നല്‍കുവാന്‍ ഈ ലോകത്തില്‍ ഒന്നുമില്ലായിരുന്നു.എല്ലാ കുറ്റങ്ങളും സ്വയം ശിരസ്സില്‍ ഏറ്റി മൌനം പുതച്ച ഹവ്വക്കു എന്റെ സാന്ത്വനവും അന്യമായിരുന്നു .ഞാന്‍ പറഞ്ഞു,
"ദൈവത്തിനു കൈപ്പിഴ പറ്റി കാണും ഹവ്വ.ഇല്ലെങ്കില്‍ സാത്താന്റെ ഉദ്ദേശം തിരിച്ചറിയാന്‍ കഴിവുള്ള ഒരു മനസ്സ് നമുക്കു പകര്‍ന്നു നല്‍കാന്‍ ദൈവത്തിനു കഴിഞ്ഞില്ലലോ ..??"
"സൃഷ്ടിയുടെ കൈപ്പിഴയും എന്റെ മേല്‍ തന്നെ എല്ലാവരും ചാരി ...
ആരും എന്നെ മനസ്സിലാക്കിയില്ല..,സൃഷ്‌ടിച്ച ദൈവം പോലും എന്തെ എന്നെ മനസിലാക്കാതെ പോയി...??
വെറും ഒരു തുണ മാത്രം ആക്കാനായിരുന്നു എങ്കില്‍ എനിക്കെന്തിനു നീ ചിന്തകള്‍ നല്‍കി... ??
എന്തിന് സ്വപ്നങ്ങളെ എന്റെ മനസ്സില്‍ നിറച്ചു...??
എന്റെ ചാപല്യങ്ങളും ദൈവം സൃഷ്ടിച്ചതല്ലേ ...??"
"ഹവ്വാ ....ഈ സാത്താന്‍ ആദ്യ മനുഷ്യനെ വഴി തെറ്റിച്ചത് എങ്ങിനെ എന്ന് അറിയാമോ..?
ദൈവം പറഞ്ഞത് നുണയാണ് എന്ന് വിശ്വസിപ്പിച്ചു കൊണ്ടാണ്. അതാണ്‌ മൂപ്പരുടെ ഒരു ശൈലി....
പറഞ്ഞിട്ട് കാര്യമില്ല ...നിങ്ങള്‍ ഭാഗ്യവതിയാണ്.
അന്ന് ഒരു സാത്താനെ മാത്രം നിങ്ങള്‍ക്ക് സഹിച്ചാല്‍ മതിയാരുന്നു.ഇന്ന് നമുക്കു ചുറ്റും എത്രയോ സാത്താന്മാര്‍ ആധുനിക നുണയന്മാരുടെയും നുണച്ചിയുടെയും വേഷം കെട്ടി നമുക്കിടയില്‍ ജീവിക്കുന്നു,അവര്‍ മറ്റുള്ളവരെ വഴി തെറ്റിക്കുന്നു,പ്രലോഭിപ്പിക്കുന്നു, കലഹം സൃഷ്ടിക്കുന്നു,എല്ലാം നശിപ്പിക്കുന്നു,എത്രയോ ഏദന്‍ തോട്ടങ്ങള്‍ പോലെയുള്ള കുടുംബങ്ങള്‍ തകര്‍ക്കുന്നു.
ഒടുവില്‍ പഴി ചാരുവാന്‍ ഹവ്വയെ പോലെ ഒരു ഇരയെയും തിരഞ്ഞെടുക്കുന്നു...
നുണയും സത്യവും നെല്ലും പതിരും പോലെ വേര്‍തിരിക്കാന്‍ കഴിയുന്ന മനുഷ്യസൃഷ്ടിയുടെ പണിപ്പുരയില്‍ ആയിരിക്കും ദൈവമിപ്പോള്‍ ..."
"അത്തരം പുതിയ മനുഷ്യകുലം സൃഷ്ടിക്കപ്പെടട്ടെ ...
ഇല്ലെങ്കില്‍ തന്‍റെ പ്രിയതമന്റെ മുന്‍പില്‍ പോലും പഴി ചാരപ്പെട്ടു തെറ്റുകള്‍ എല്ലാം ഏറ്റു വാങ്ങുന്ന 'പെണ്ണിരകള്‍' ലോകത്ത് സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിരിക്കും.അവരുടെ കണ്ണുനീര്‍ പ്രവാഹങ്ങളെ കാലം ഒരു മാഹാപ്രളയമായി കൊണ്ടു വരുന്ന കാലം വിദൂരമല്ല ...
എല്ലാം എന്റെ തെറ്റ്...എല്ലാം എന്റെ തെറ്റ് ...."
ഇതും പറഞ്ഞു കൊണ്ട് ഹവ്വ ഭൂമിയുടെ മടിയില്‍ കണ്ണുനീര്‍ പൊഴിച്ച് കൊണ്ടിരുന്നു.ആദ്യ സ്ത്രീയുടെ കണ്ണുനീര്‍ തുള്ളികള്‍ എന്റെ കൈകളാല്‍ തുടച്ചു.നെറുകയില്‍ തടവി ആശ്വസിപ്പിച്ചു...പെട്ടെന്ന് ഞാന്‍ ഞെട്ടിയുണര്‍ന്നു . അപ്പോള്‍ ഇരുട്ടില്‍ നിന്നും ഇങ്ങനെ ആരോ വിളിച്ചു പറഞ്ഞു
"അവളൊരു കള്ളിയാണ്....
അവള്‍ പറയുന്നതെല്ലാം നുണയാണ് ..."
അരൂപിയുടെ അശരീരിക്ക് മറുപടിയായി ഞാന്‍ പറഞ്ഞു ..
"നീ ആ പഴയ സാത്താന്‍ അല്ലെ ..?
ഒരു പെണ്ണിന്റെ ജീവിതം നശിപ്പിച്ചപ്പോള്‍ നിനക്ക് തൃപ്തി ആയല്ലോ ..?
മേലാല്‍ ഈ ഉടായിപ്പും കൊണ്ട് ഇങ്ങോട്ട് വന്നു പോകരുത് ..വല്ല പുതിയ നംബരുമായി വാ ..."
പൊട്ടിച്ചിരിച്ചു കൊണ്ട് സാത്താന്‍ എന്നോട് പറഞ്ഞു ..
"മനുഷ്യനെ വഴി തെറ്റിക്കുന്ന സാത്താന്റെ വാക്ക് കേട്ടാണ് ഹവ്വ തെറ്റു ചെയ്തതെന്ന് അറിയാവുന്ന ദൈവം അവരെ ഒരിക്കലും ശിക്ഷിക്കാന്‍ പാടിലായിരുന്നു ...
ദൈവം സാത്താനെ വിജയിപ്പിച്ചു ...
മനുഷ്യനെ തോല്‍പ്പിച്ചു.....!
അന്നൊരു പക്ഷെ മനുഷ്യനെ ദൈവം ശിക്ഷിച്ചില്ലായിരുന്നു എങ്കില്‍ എന്റെ നുണ അവിടെ പരാചയപ്പെട്ടു പോയേനെ.പ്രപഞ്ചത്തിലെ ആദ്യ നുണ പരാചയപ്പെട്ടത്തിന്റെ വിഷമത്തില്‍ ഞാന്‍ ഈ പരിപാടി തന്നെ നിര്‍ത്തിയേനെ ...
ആദ്യ നുണയുടെ വിജയ ശേഷം അവിടെ നിന്നും കിട്ടിയ ആത്മവിശ്വാസത്തില്‍ ഇന്നും ഞാന്‍ ബന്ധങ്ങള്‍ തകര്‍ത്തു കൊണ്ടിരിക്കുന്നു ....."

സാത്താന്റെ മറുപടി കേട്ട ഞാന്‍ ആരും കാണാത്ത സ്വപ്‌നങ്ങള്‍ കാണുവാനായി വീണ്ടും ഉറക്കത്തിലേക്ക് ഓടി പോയി ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...