2018, ജൂൺ 22, വെള്ളിയാഴ്‌ച

പ്രവാസ ചിരാതുകള്‍

പെനഡോളിന്റെ ഒരു ഗുളിക കൂടി അജയൻ പൊട്ടിച്ചു വായിലേക്കിട്ടു. വെള്ളം ഉള്ളിലേക്ക് ചെന്നപ്പോൾ വയറു പൊത്തി അവൻ നിലത്തിരുന്നു.വേദന അസഹനീയം തന്നെ,അതിന്റെ കാഠിന്യത്താൽ കണ്ണിൽ ഇരുട്ട് മൂടി.രണ്ടു തുള്ളി കണ്ണുനീർ കണ്ണിൽ നിന്നും കൊഴിഞ്ഞു നിലത്തു വീണു.അവന്റെ ഇരുപ്പു കണ്ടിട്ടു സഹമുറിയൻ ഹനീഫിക്ക കട്ടിലിൽ നിന്നും എണീറ്റു അവനരികിലേക്ക് നടന്നു.
"അജയാ.. വയറു വേദന കുറവില്ലെ ഡാ... ?
വാ..വച്ചോണ്ട് ഇരിക്കേണ്ട,നമുക്ക് ഹോസ്പിറ്റൽ വരെ പോയി വരാം..."
തന്റെ തോളിൽ അമർന്ന ഹനീഫിക്കയുടെ വലതു കൈപ്പടം പിടിച്ചു കൊണ്ട് തന്നെ അവൻ നിലത്തു നിന്നും എണീറ്റു.ചെറിയൊരു പുഞ്ചിരിയോടെ
"ഇക്കാ ...കല്ലിന്റെ ആണെന്ന് തോന്നുന്നു.ഇപ്പൊ കുറച്ചു ആശ്വാസം ഉണ്ട്.പിന്നെ ഈ മാസം അവസാനം നാട്ടിലേക്കു പോകുന്നുണ്ടല്ലോ.അവിടെ ചെന്നിട്ടു നല്ലൊരു ഡോക്ടറെ കാണാം,കഴിഞ്ഞ പ്രാവശ്യം പോയപ്പോളും ചില തിരക്കുകൾ കാരണം പോകാൻ കഴിഞ്ഞില്ല,
പിന്നെ ഇക്കാക്ക്‌ അറിയാല്ലോ..??
ഇവിടെ ഒരു ജലദോഷപനി വന്നാലും ആശുപത്രിയിക്കാർ കൊള്ളയടിക്കുന്നത്. നമ്മളെപ്പോലെ സാധാരണക്കാരായവർക്ക് നമ്മുടെ നാട് തന്നെ ശരണം.."
ഇത് പറഞ്ഞ് കഴിയുന്നതിനിടയിൽ അജയൻ ഡ്യൂട്ടിക്ക് പോകാനുള്ള യൂണിഫോം ധരിച്ചിരുന്നു ...
" അപ്പൊ ശരി ഇക്ക ,വൈകിട്ട് കാണാം.."
യാത്ര പറഞ്ഞു അജയൻ മുറിയിൽ നിന്നും പുറത്തിറങ്ങി.ലേബർ ക്യാമ്പിനു പുറത്ത് ജോലിക്കാരെ കയറ്റാനുള്ള വാഹനം റെഡി ആയി നിന്നു,വണ്ടിയിൽ ഇരിക്കുമ്പോഴും ജോലിയ്ക്കിടയിലും ശക്തമായ വയറുവേദന അവനെ വല്ലാതെ ബുദ്ധി മുട്ടിച്ചു. പെനഡോളും പാരസെറ്റൊമളും വേദനയിൽ നിന്നും അവനു താത്കാലികമായി ആശ്വാസം നൽകി.തിരിച്ചു രാത്രി മുറിയിൽ എത്തുമ്പോഴും അതിനു കുറവൊന്നും ഉണ്ടായിരുന്നില്ല ,പക്ഷേ പിറ്റേന്ന് രാവിലെ ജോലിക്ക് പോകുന്നതിനു മുൻപ് അവൻ ഹനീഫിക്കയോട് പറഞ്ഞു.
"ഇക്കാ...എനിക്ക് എത്രയും പെട്ടെന്ന് നാട്ടിൽ പോകണം. ഒരുമാസം ഒന്നും കാത്തു നിൽക്കാൻ കഴിയില്ല ഇക്ക, ഡേറ്റ് കുറയ്ക്കാൻ പറ്റുമോ എന്നൊന്നു നോക്കണെ..? ഇന്ന് രാവിലെ ടോയ്‌ലെറ്റിൽ പോയപ്പോൾ വയറ്റിൽ നിന്നും പോകുന്നത് മുഴുവൻ രക്തകട്ട ആണ്.
ഇക്കാ... എനിക്ക് എന്തെങ്കിലും ആയി പോയാൽ പിന്നെ അറിയാല്ലോ ഇക്കാക്ക് എന്റെ കാര്യം... "
പുറത്തേക്കു വന്ന കരച്ചിൽ തൊണ്ടകുഴിയിൽ അടക്കം ചെയ്തു അജയൻ അത് പറയുമ്പോൾ
" സാരല്ലഡാ ..നമുക്ക് നോക്കാം...,
നിനക്ക് എന്ത് പറ്റാനാ....??
ഒന്നും വരില്ല..."
അന്ന് രാത്രി അവൻ ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ സന്തോഷത്തോടെ ഹനീഫിക്ക പറഞ്ഞു.
"ഡാ ...ടിക്കറ്റ് ശരിയായിട്ടുണ്ട്. അടുത്ത ആഴ്ച പോകാം നിനക്ക്.കുറച്ചു കാശ് അധികം കൊടുക്കണം എന്നാലും നാട്എത്തുമല്ലോ... ?
കൊണ്ട് പോകാൻ ഉള്ളതൊക്കെ എന്താന്നു വച്ചാൽ വാങ്ങിക്കു.ഞാനും വരാം കൂടെ,നാളെ എനിക്ക് നൈറ്റ്‌ ഡ്യൂട്ടി ആണ്...."
നന്ദി പറയാൻ മാത്രമുള്ള ബന്ധമല്ല ഹനീഫിക്കായോട് തനിക്കുള്ളത്.അത് കൊണ്ട് തന്നെ സന്തോഷം നേർത്തൊരു പുഞ്ചിരിയിൽ ഒതുക്കി....ഡ്രസ്സ്‌ പോലും മാറാതെ സുധയ്ക്ക് ഫോൺ ചെയ്തു.
" അച്ഛേ.... "
ഗൗരി മോളുടെ കൊഞ്ചിയുള്ള വിളിയില്‍ അറിയാതെ അജയന്റെ കണ്ണ് നിറഞ്ഞു വന്നു.
" അച്ഛന്റെ മോൾ എന്ത് ചെയ്യാ...??
എന്താ കഴിച്ചേ ...??"
"ഇന്ന് അച്ഛയ്ക്ക് ഇഷ്ടോള്ള ഇലയട ആയിരുന്നു.മോള് രണ്ടെണ്ണം കഴിച്ചു.മുത്തശ്ശി ഉണ്ടാക്കിയതാ...അമ്മ ഇതൊന്നും ഉണ്ടാക്കില്ല. അച്ഛന്റെ ഓർമ വരുമത്രെ.. എന്തൊരു അമ്മയാല്ലേ...??
അച്ഛ കഴിച്ചാരുന്നോ... ??? "
അവളുടെ കൊഞ്ചിയുള്ള വർത്തമാനത്തിൽ തന്റെ വേദന അല്പം കുറയും പോലെ അജയന് തോന്നി.
" അച്ഛൻ കഴിച്ചില്ല മോളെ...
ഇപ്പൊ ജോലി കഴിഞ്ഞു വന്നേ ഉള്ളൂ..
അച്ഛൻ അടുത്ത ആഴ്ച വരും.എന്റെ മോൾക്ക്‌ എന്താ കൊണ്ട് വരേണ്ടത്...???"
ചായപ്പെൻസിൽ, കണ്ണടയ്ക്കുന്ന പാവ,വെള്ള ചെരുപ്പ്,അങ്ങനെ അവളുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ എണ്ണി പറഞ്ഞു കൊണ്ടിരുന്നു.
" അച്ഛ എല്ലാം കൊണ്ട് വരാട്ടോ..ഏട്ടന്റെ കയ്യിൽ കൊടുത്തേ ഫോൺ.."
ഫോൺ കയ്യിൽ പിടിച്ചു കൊണ്ടു ഓടുന്ന ഗൌരിയെന്ന ആറു വയസ്സുകാരിയുടെ വെള്ളി കൊലുസിന്റെ കിലുക്കം അവന്റെ ഹൃദയത്തിന്റെ താളം കൂട്ടി.ആ കാഴ്ച അവൻ അകക്കണ്ണിൻ കണ്ടു,ഒരു കിതപ്പോടെ "ഏട്ടാ അച്ഛ വിളിക്കാ.. ഏട്ടനോട് തരണം"എന്ന് പറഞ്ഞു അവൾ ഫോൺ മകൻ ആദിക്ക് കൈമാറി.
"അച്ഛാ.. ".
അച്ഛനു സുഖാണോ..??
ജോലി ഒക്കെ എളുപ്പം ഉണ്ടോ..?
നല്ല ചൂടും പൊടിക്കാറ്റും ആണല്ലേ അവിടെ..?
ഞാൻ പത്രത്തിൽ വായിച്ചിരുന്നു..."
അവന്റെ ചോദ്യങ്ങൾ ഉള്ളകം കുളിർപ്പിച്ചു.
മകൻ മിടുക്കനായി വളരുന്നത് ഏതൊരച്ഛനും അഭിമാനമാണല്ലോ..??
പന്ത്രണ്ടു വയസ്സുണ്ട് ആദിക്ക് ,എന്നാൽ ആ പ്രായത്തിലെ കുട്ടികളെക്കാൾ പക്വത അവനുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.അവന്റെ പെരുമാറ്റങ്ങൾ പലപ്പോഴുംഅത്ഭുതപെടുത്തിയിട്ടുണ്ട്.
" മോനെ...അച്ഛൻ അടുത്ത ആഴ്ച അങ്ങെത്തും.
നിനക്ക് എന്താണ് വേണ്ടത് എന്ന് വച്ചാൽ പറയാം.."
അവന്റെ ഊഴം കഴിഞ്ഞു അച്ഛന്റെയും അമ്മയുടെയും പെങ്ങളുടെയും അളിയന്റെയും ഊഴം കഴിഞ്ഞു അവസാനം സുധയുടെ കയ്യിൽ ഫോൺ എത്തി. പശുവിനു തീറ്റ കൊടുത്തു കൊണ്ടിരുന്ന അവൾ ഓടി കിതച്ചു വന്നു ഫോൺ വാങ്ങി.അവളുടെ ആയ്‌പ്പ് കടലുകള്‍ക്കിപ്പുറം അജയന്റെ ചെവിയിലെത്തി.
"തനിക്കു എപ്പോളും ജോലി തന്നെ ആണോ ഡോ..?
മുട്ട് വേദന മാറിയോ .???"
"ഏട്ടന്റെ വയറു വേദന കുറവുണ്ടോ...?? എനിക്കിവിടെ എന്ത് ജോലി ..?
ഇതൊക്കെ എല്ലാരും ചെയ്യുന്നതല്ലേ...??
ലക്ഷ്മി ഏട്ടത്തി വന്നപ്പോൾ ഒരു ഡോക്ടറുടെ പേര് പറഞ്ഞിരുന്നു. ഏട്ടൻ വന്നിട്ട് നമുക്ക് അയാളെ പോയി ഒന്നു കാണണം കേട്ടോ.എത്ര നാളായി ഇത് തുടങ്ങിയിട്ട്. ഇത്തവണ ഒരു ഒഴിവും പറയണ്ട.തിരികെ പോകേം വേണ്ട. ഉള്ളത് കൊണ്ട് ഓണം പോലെ ഇവിടെ കഴിയാം... "
"ഞാൻ അടുത്ത ആഴ്ച വരുന്നുണ്ട്.തനിക്കു എന്താ വേണ്ടത് എന്നു വച്ചാൽ പറ.ഇനി ഒരു തിരിച്ചു പോക്കിന് എനിക്കും താല്പര്യം ഇല്ല.ഇനി നമ്മുടെ നാട്ടിൽ തന്നെ നിങ്ങളുടെ കൂടെ ഞാൻ ഉണ്ടാവും..."
മറുവശത്തു സന്തോഷത്തിന്റെ അലയൊലികള്‍ അവൻ കേട്ടു..
" സത്യാണോ എനിക്ക് ഒന്നും വേണ്ട അജയെട്ടാ.. ഏട്ടനെ ഒന്ന് കണ്ടാൽ മാത്രം മതി.."
പിന്നെ ഉള്ള ദിവസങ്ങൾ ഓരോരുത്തർക്കും വേണ്ടുന്ന സാധനങ്ങൾ വാങ്ങാൻ ഉള്ള തിരക്കിൽ അവൻ മാറി. കാർഗോയിൽ കുറെ സാധനങ്ങൾ കയറ്റി വിട്ടു.ബാക്കി പായ്ക്ക് ചെയ്തു. നാട്ടിലേക്ക് യാത്ര തിരിക്കുന്ന ദിവസം എയർ പോർട്ടിൽ വച്ചു ഹനീഫ് ഇക്കയെ കെട്ടിപിടിച്ചു അജയൻ കരഞ്ഞു.
"ഇക്കാ ..എനിക്ക് എന്തെങ്കിലും പറ്റുമോ എന്ന് വല്ലാത്ത പേടി.അങ്ങനെ വല്ലതും പറ്റിയാൽ എന്നോട് കാണിക്കുന്ന ഈ കാര്യം എന്റെ സുധയോടും മക്കളോടും കാണിക്കണം.."
"ഒന്നൂല്ലടാ നിനക്ക് "എന്ന് പറഞ്ഞു അജയനെ ചേർത്ത് പിടിക്കുമ്പോള്‍ ഹനീഫിക്കയുടെ കണ്ണുകൾ നിറഞ്ഞിരുന്നു...".
രാവിലെ ഒന്‍പതു മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുമ്പോൾ സ്വീകരിക്കാൻ അച്ഛനും മക്കളും അളിയനും പെങ്ങളുമമ്മയും ഒക്കെ നീണ്ടൊരു നിര തന്നെ ഉണ്ടായിരുന്നു. എന്നാലും കണ്ണുകൾ കൊതിച്ചത് സുധയെ ആയിരുന്നു.അവൾ വന്നിട്ടില്ല.. വരികയും ഇല്ല.. വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ലോകം തീർക്കുന്ന ഒരു പൊട്ടി പെണ്ണ് ...
കുശലാന്യോഷണങ്ങളും കളിയും ചിരിയുമായി തറവാട് പടിക്കൽ വണ്ടി എത്തിയത് അറിഞ്ഞില്ല. ശബ്ദം കേട്ടിട്ടാവാം ഉമ്മറത്തേക്ക് ഓടി വന്ന സുധ കാറിൽ നിന്നും ഇറങ്ങിയ എന്നെ കണ്ടു വിടർന്ന കണ്ണുകൾ നിറച്ചു പുഞ്ചിരിച്ചു കൊണ്ട്അവൾ
നിന്നു.പിന്നെയും വല്ലാതെ മെലിഞ്ഞിരിക്കുന്നു പറമ്പിലെ പണിക്കാർക്കും വീട്ടിലുള്ളവർക്കും വെച്ചുണ്ടാക്കുന്നതും കാലികളെ നോക്കുന്നതും ഒന്നും അത്ര എളുപ്പമുള്ള പണിയല്ലല്ലോ..?
പാവം എന്നിട്ടും പരാതി ഇല്ലാതെ ജീവിക്കുന്നവൾ...
എല്ലായ്പ്പോഴും മൂത്ത ചേച്ചിയും അളിയനും വന്ന ശേഷമാണ് പെട്ടി പൊട്ടിക്കുന്നത് എങ്കിലും അന്ന് എന്റെ നിർബന്ധം കൊണ്ട് ഊണ് കഴിഞ്ഞയുടൻ പൊട്ടിച്ചു. അവരവർക്ക് ഇഷ്ടമുള്ളത് എല്ലാരും എടുക്കുമ്പോളും സുധ ഒരു വശത്തു മിണ്ടാതെ നിന്നു , എല്ലാവരുടെ മുഖത്തും സന്തോഷം പക്ഷെ വന്നപ്പോൾ സുധയല്ലാതെ തന്റെ അസുഖത്തെക്കുറിച്ചു ആരും ഒന്നും ചോദിച്ചില്ല അമ്മ പോലും....
തെല്ല് വിഷമം ഉള്ളിൽ നിറഞ്ഞെങ്കിലും അവരുടെ സന്തോഷത്തിൽ പങ്കു ചേർന്നപ്പോൾ അതും അലിഞ്ഞില്ലാതായി.
രാത്രി ഗൗരിയേയും മോനെയും അടുക്കൽ വിളിച്ചു കിടക്കുമ്പോള്‍ ആദ്യമായി തന്റെ കിടയ്ക്കയ്ക്ക് വലിപ്പം പോരെന്നു തോന്നി. തറയിൽ പായ വിരിച്ചു സുധ കിടന്നപ്പോൾ പുതുതായി വാങ്ങിയ വലിയ കട്ടിലിന്റെ അവകാശവും പെങ്ങളെടുത്തെന്നു മനസ്സിലാക്കി,രാത്രി കുട്ടികൾ ഉറങ്ങുമ്പോൾ ആരും കാണാതെ കൊണ്ട് വന്ന ഒരു സ്വർണ കാപ്പെടുത്ത് സുധയുടെ പരുപരുത്ത കയ്യിൽ കൊടുക്കുമ്പോൾ അരണ്ട വെളിച്ചത്തിൽ അവൾ ശബ്ദമില്ലാതെ കരയുന്നത് കണ്ടു....
" ഇനി ഇതൊന്നും വാങ്ങി തരാൻ ഞാൻ ഇല്ലാ എങ്കിലോ..??"
എന്റെ ചോദ്യത്തിന് വായിൽ കൈ കൊണ്ട് പൊത്തി അവൾ പറഞ്ഞു
" ഇങ്ങനെ ഒന്നും പറയല്ലേ അജയ്യേട്ടാ..."
"നിങ്ങൾ ഇല്ലാതെ എനിക്കെന്താ പൂർണത..??
നമ്മുടെ മക്കൾക്കോ..??
ആവശ്യം ഇല്ലാത്തതു ഒന്നും ആലോചിച്ചു മനസ്സ് വേദനിപ്പിക്കണ്ട.."
" അല്ല സുധേ... ഇപ്പൊ കണ്ണടച്ചാൽ ചുറ്റും ഇരുട്ടാണ്. എന്നെ ആരോ എങ്ങോട്ടോ വലിച്ചു കൊണ്ട് പോകും പോലെ. എത്ര ധൈര്യം സംഭരിച്ചാലും ഒക്കെ ചോർന്ന് പോകുമമ്പോലെ... "
"ഒന്നൂല്ല... മറ്റന്നാൾ നമുക്ക് ലക്ഷ്മി ഏട്ടത്തി പറഞ്ഞ ഡോക്ടറെ കാണാൻ പോകണം .അപ്പോയ്ന്റ്മെന്റ് കിട്ടിയിട്ടുണ്ട് ".
അന്ന് രാത്രി ഉറങ്ങാതെ സുധയും അജയനും സംസാരിച്ചു കൊണ്ടിരുന്നു.പിറ്റേ ദിവസവും വലിയ പ്രത്യേകതകൾ ഒന്നുമില്ലാതെ കടന്നു പോയി , ഡോക്ടറെ കാണാൻ ഉള്ള ദിവസം അജയന്റെ പെങ്ങളുടെ ഭർത്താവും അജയനും കൂടിയാണ് ഡോക്ടർ വിനോദ് റോയ് യെ കാണാൻ പോയത്. ചില പരിശോധനകൾക്ക് ശേഷം ഡോക്ടർ മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് റഫർ ചെയ്തു. റിസൾട്ടുകൾ വാങ്ങിയിട്ട് ഡോക്ടർ അജയനോട് പറഞ്ഞു.
" അജയാ ... കാൻസർ ലാസ്റ്റ് സ്റ്റേജ് ആയി പോയി. ഒന്നും ചെയ്യാൻ കഴിയില്ല.തന്റെ ആന്തരികാവയവങ്ങൾ മുഴുവൻ നശിച്ചു പോയിരിക്കുന്നു.തത്കാലം വേദനയ്ക്ക് ഉള്ള മെഡിസിൻ നൽകാം ".
അജയന്റെ കണ്ണുകൾ ഇരുട്ട് മൂടിമിണ്ടാൻ പോലും കഴിയാതെ അവൻ അളിയന്റെ കൈകളിൽ മുറുകെ പിടിച്ചു. "തളരരുത് " മനസ്സിൽ ആയിരം വട്ടം സ്വയം പറഞ്ഞെങ്കിലും കരയാതിരിക്കാൻ കഴിഞ്ഞില്ല ,
"ഡോക്ടർ, അഡ്മിറ്റ്‌ ചെയ്യാൻ കഴിയില്ലേ..??"
അളിയന്റെ ചോദ്യത്തിന്
"സോറി സമയം ഒരുപാട് വൈകിപ്പോയി വീട്ടിലേക്കു കൊണ്ട് പൊയ്ക്കോളൂ.. വേണമെങ്കിൽ ഇവിടെ അഡ്മിറ്റ്‌ ചെയ്യാം പക്ഷേ ഉപയോഗം ഒന്നുമില്ല.."
"അജയേട്ടാ.... "
തോളിൽ ചാഞ്ഞിരുന്ന അജയനെ പെങ്ങളുടെ ഭർത്താവ് തട്ടി വിളിച്ചു എങ്കിലുംഅജയൻ എണീറ്റില്ല. ഒരിക്കലും ഉണരാത്ത ഒരു ഉറക്കത്തിലേക്ക് അയാൾ വഴുതി വീണു.അച്ഛനെ കാത്തിരുന്ന മക്കളുടെ അരികിൽ അയാളുടെ നിശ്ചലമായ ശരീരം കോടി പുതച്ചു കിടന്നു.ഒന്നും മിണ്ടാതെ ഒരു കോണിൽ സുധ ഇരുന്നു എല്ലാം നഷ്ടപ്പെട്ടവളായി.അപ്പോഴും അവളുടെ കയ്യിലെ സ്വർണക്കാപ്പ് തിളങ്ങി കൊണ്ടിരുന്നു. തെക്കേ തൊടിയിൽ അച്ഛനും അമ്മയ്ക്കും മുന്നേ അജയൻ സ്ഥാനം പിടിച്ചു.ചിത എരിഞ്ഞു തീരും മുന്നേ സഹതപിച്ചു കൊണ്ട് ആളുകൾ പിരിഞ്ഞു.തന്റെ മുറിയിലെ ജനാല തുറന്നു സുധ അജയന്റെ പച്ച മാംസപുക മണക്കുന്ന ചിതയിൽ നോക്കി ചോദിച്ചു
" ഇനി തിരിച്ചു പോവില്ല.നമ്മുടെ വീട്ടിൽ സുഖമായുറങ്ങും എന്ന് പറഞ്ഞപ്പോൾ ഒരിക്കലും ഉണരാതെ ഉറങ്ങുമെന്ന് ഞാൻ കരുതിയില്ല അജയേട്ടാ.."
അപ്പോൾ ഉമ്മറ കോലായിലെ ചുമർ പുതിയൊരു അതിഥിയെ സ്വീകരിക്കാൻ ഒരുങ്ങി കഴിഞ്ഞിരുന്നു...
അജയന്റെ മരണം വീടിനെ ആകെ തകർത്തു.ആരും പരസ്പരം മിണ്ടാതെയിരിക്കാൻ ശ്രമിച്ചു. പൊട്ടിക്കരച്ചിലുകൾ ഒഴിവാക്കാൻ വേണ്ടി മാത്രം ഒഴിഞ്ഞു നടന്നു.ദിവസങ്ങൾക്കിപ്പുറം
"മിസ്റ്റർ അജയന്റെ വീടല്ലേ..??
ഞങ്ങൾ കാർഗോ സർവീസിൽ നിന്ന് വിളിക്കുകയാണ്‌. അജയൻ ഉണ്ടോ...??? "
മാധവന്റെ കയ്യിലിരുന്നു ഫോൺ വിറച്ചു.അത് കണ്ടിട്ടാകണം ഹരി നാരായണൻ അയാളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങിയത് " "ഹലോ ആരാണ് " മറുവശത്തു നിന്നും
"അജയൻ ആണോ..?
ഞങ്ങളുടെ കാർഗോയിൽ നിന്നും വിളിക്കുന്നതാണ്. ഞങ്ങൾ മൈലമുക്കിൽ എത്തിയിട്ടുണ്ട്.വീട്ടിലേക്കുള്ള വഴി പറയാമോ...?? "
ഹരി അഡ്രസ് പറഞ്ഞു കൊടുത്തു ഫോൺ വച്ചു.
ഉമ്മറത്തു ചുമരിൽ ചിരിച്ചു കൊണ്ടിരിക്കുന്ന അജയന്റെ ചിത്രത്തിൽ നോക്കി കസേരയിൽ ഒരേ ഇരുപ്പു ഇരിക്കുകയാണ് അജയന്റെ അച്ഛൻ മാധവൻ നായർ .ഹരി അയാളോടായി പറഞ്ഞു
" അച്ഛാ...അജയേട്ടൻ അയച്ച സാധനങ്ങൾ ഒക്കെ എത്തിയിട്ടുണ്ട്.ഡോർ ടൂ ഡോർ കമ്പനിക്കാർ ആണ് വിളിച്ചത്.."
നീണ്ട ഒരു നെടുവീർപ്പോടെ മൗനം ഭുചിച്ചു കൺകോണിൽ ഒലിച്ചിറങ്ങിയ കണ്ണുനീർ തോളിൽ കിടന്ന തോർത്തിൽ തുടച്ചു കൊണ്ട് അയാൾ കസേരയിലേക്ക് ചരിഞ്ഞു.സാധങ്ങൾ ഒപ്പിട്ടു വാങ്ങുമ്പോൾ സാധങ്ങൾ കൊണ്ട് വന്നവരിൽ ഒരാൾ ഹരിയോടായി പറഞ്ഞു "കവലയിൽ വച്ച്അറിഞ്ഞിരുന്നു ആള് മരണപ്പെട്ട കാര്യം". അമർത്തി ഒരു മൂളൽ മാത്രമായിരുന്നു ഹരിയുടെ മറുപടി. ആ സാധങ്ങൾ രണ്ടു മൂന്നു ദിവസം ആരും ഒന്ന് നോക്കുക പോലും ചെയ്യാതെ മുറിയുടെ കോണിൽ അനാഥമായി കിടന്നു.മൂന്നാമത്തെ ദിവസം സുധ മകൻ ആദിയോട് പറഞ്ഞു
"ഹരി മാമനോട് പറ അച്ഛൻ കൊടുത്തു വിട്ട സാധനങ്ങൾ പൊട്ടിച്ചു പങ്കു വയ്ക്കാൻ.അത് നിങ്ങൾക്ക് വേണ്ടി ആശിച്ചു വാങ്ങിയതാണ് അച്ഛൻ. ഒക്കെ പങ്കു വയ്ക്കുഎന്നാലേ അച്ഛനു സമാധാനം ആവൂ....."
അജയന്റെ പെങ്ങളുടെ ഭർത്താവ് ഹരി ഓരോരുത്തരുടെയും പേരെഴുതിയ പൊതികൾ അവരവരുടെ കൈകളിൽ കൊടുക്കുമ്പോൾ അജയന്റെ മുറിക്കുള്ളിൽ അടക്കി പിടിച്ച തേങ്ങൽ ഉയർന്നു. ഇനിയൊരിക്കലും കിട്ടാൻ വഴിയില്ലാത്ത അച്ഛൻ കൊടുത്തു വിട്ട ചായ പെൻസിൽ നെഞ്ചോട് ചേർത്ത് ഗൗരി ചിരിച്ചു.മരണം തിരികെ വരാത്ത യാത്രയാണ് എന്നറിയാനുള്ള പ്രായം അവൾക് ഇല്ലല്ലോ ..?
ഏറ്റവും അവസാനത്തെ പെട്ടിയിൽ ആദിക്ക് വേണ്ടിയുള്ള രണ്ടു ഷൂസുകൾ....
അവ വാങ്ങുമ്പോൾ അവന്റെ മുഖത്ത് യാതൊരു ഭാവവും ഇല്ലായിരുന്നു ... നിസ്സഹായത മാത്രം...അച്ഛൻ തനിക്കു വേണ്ടി വാങ്ങിയ അവസാന സമ്മാനം ആണ് അതെന്നു അറിയാനുള്ള പക്വത അവനു വന്നിരുന്നു.അവിടെ നടക്കുന്ന പങ്കുവയ്ക്കലുകളിൽ ഒന്നും ഭാഗമാവാതെ ജനാലയ്ക്ക് ഇടയിലൂടെ അജയൻ ഉറങ്ങുന്ന മണ്ണും നോക്കി സുധ ഇരുന്നു. കയ്യിലെ കാപ്പിൽ ചുണ്ടുകൾ അമർത്തി അവൾ തന്നോടു തന്നെ ചോദിച്ചു
"ഇനിയെന്ത്...????"
ശൂന്യതയിൽ നിഴൽ ചിത്രം വരയ്ക്കുന്ന ഭ്രാന്തിയെ പോലെ അവൾ നിശബ്ദമായി അലറിക്കരഞ്ഞു.

സഫലമാവാതെ പോയ ഒരുപാടു സ്വപ്നങ്ങളെ മോഹഭംഗം എന്ന് വിളിപ്പേര് ചൊല്ലി അജയൻ മറ്റൊരു ലോകത്ത് നിന്നും പ്രിയപ്പെട്ടവരെ നോക്കി കണ്ണീർ തുടച്ചു.ഉമ്മറത്തെ ചുമരിൽ അവന്റെ ചില്ലിട്ട് മാലയിട്ട ചിത്രം പുഞ്ചിരിയോടെ കിടന്നു ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...