2018, മാർച്ച് 14, ബുധനാഴ്‌ച

പ്രണയിനി

കരിമഷിയെഴുതാത്ത കണ്ണുകളിൽ മിന്നലൊളിപ്പിച്ചു ഹൃദയം കവര്‍ന്നെടുക്കുന്നവളെ പ്രണയിക്കണം, അവൾ കണ്ണുകൾ കൊണ്ട് പുഞ്ചിരിക്കണം...!
കൈകളിൽ വളയണിയാത്തവളെ പ്രണയിക്കണം, എന്റെ കൈകൾ അവൾക്കു കാപ്പുകളാവണം..!
കിലുങ്ങുന്ന പാദസരമില്ലാത്തവളെ പ്രണയിക്കണം, അവളുടെ കാലൊച്ചകൾ പോലും എനിക്കു പരിചിതമാകണം... !
മൗനം കൊണ്ട് നിശബ്ദമാക്കി വച്ച ആർത്തലയ്ക്കുന്ന കടൽ ഹൃദയത്തിലൊളിപ്പിച്ചവളെ പ്രണയിക്കണം, എന്റെ സ്നേഹം ഹിമകണങ്ങൾ പോലെ ആ ഹൃദയത്തിലേക്കിറ്റു വീഴുമ്പോൾ ആ കുളിരിൽ കടൽ ഉറഞ്ഞുപോകണം.... !
കാടിന്റെ വന്യത കാർകൂന്തലിലൊളിപ്പിച്ച കാട്ടുപൂവിന്റെ ഗന്ധമുള്ളവളെ പ്രണയിക്കണം,
അവളുടെ അമാവാസി നിറമുള്ള ചുരുണ്ട മുടിയിഴകളിൽ മുഖമമർത്തി നിദ്രയെ പുൽകണം...!
വിളറിയ പുഞ്ചിരി ചുണ്ടുകളിൽ ചാർത്തിയവളെ പ്രണയിക്കണം,എന്നോടുള്ള ഓരോ നിമിഷവും ആ പുഞ്ചിരിയെ പൊട്ടിച്ചിരിയാക്കി മാറ്റണമെനിക്ക്..!
ആലിംഗനം ഇഷ്ടപ്പെടുന്നവളെ പ്രണയിക്കണം, നെറുകിൽ ചുംബിക്കുമ്പോൾ ഇല്ലിക്കാടുകൾ പോലെ രോമങ്ങൾ ഇടതിങ്ങി വളർന്ന എന്റെ നെഞ്ചിൽ കവിൾ ചേർത്തു ദേഹത്തോട് ചേർന്നു എന്നെ വരിഞ്ഞു മുറുക്കണമവൾ... !
എന്റെ ഹൃദയത്തുടിപ്പുകൾ പ്രണയഗാനങ്ങൾ പോലെ ചെവിയോർത്തിരിക്കുന്ന പെണ്ണായിരിക്കണമവൾ... !
എന്നോട് മാത്രം കുറുമ്പ് കാട്ടുന്ന,
മുന്‍കോപക്കാരനായ എന്റെ കോപത്തിൽ കണ്ണുകൾ കലങ്ങുന്നവളെ പ്രണയിക്കണം,
കോപമടങ്ങുമ്പോൾ എന്റെ ചേർത്തു പിടിയിൽ പരിഭവങ്ങൾ മറന്നു പോകുന്ന,ചുംബനങ്ങൾ എനിക്കു മേലെ വാരി വിതറുന്നവളായിക്കണം...!
വാത്സല്യം തുളുമ്പുന്ന വിരൽത്തുമ്പുള്ളവളെ പ്രണയിക്കണം ,എന്റെ ദുഖങ്ങളെ ഇറക്കി വയ്ക്കുവാന്‍ കഴിയുന്ന മടിത്തട്ടുള്ള ,
എനിക്ക് സാന്ത്വനത്തിന്റെ കുളിർ കാറ്റാവുന്ന,
നോട്ടം കൊണ്ടുപോലുമെന്നെ സന്തോഷിപ്പിക്കുന്ന പെണ്ണായിരിക്കണമവൾ...!
മഴയെ പ്രണയിക്കുന്നവളെ,
എന്റെ ചെറിയ സമ്മാനങ്ങളിൽ പോലും സന്തോഷിക്കുന്നവളെ പ്രണയിക്കണം....
രാത്രി പെയ്യുന്ന എല്ലാ മഴകളും എന്നോടൊപ്പം നനയുന്ന ,എന്റെ കുറുമ്പുകളെ കള്ള പരിഭവത്തിന്റെ മേമ്പൊടിയോടെ ആസ്വദിക്കുന്ന, യാത്രകൾ ഇഷ്ടപെടുന്നവളായിരിക്കണമവൾ... !
പ്രണയം മരണം പോലെ സത്യമാണെന്നിരിക്കെ പ്രണയത്തിന്റെ കടലുകളെ കൈക്കുമ്പിളിൽ ഒതുക്കി, ഒരു പ്രളയത്തിനും ഒഴുക്കിക്കളയാൻ കഴിയാത്ത വിധം തന്റെ പ്രണയത്തെ ഹൃദയത്തിൽ സൂക്ഷിക്കുന്ന പ്രണയിക്കാനറിയാവുന്നൊരു പൊട്ടിപ്പെണ്ണിനെ പ്രണയിക്കണം.......!
സ്നേഹം വിശ്വാസം ആണെന്നിരിക്കെ ,ഭൂമിയോളം വിശ്വസിച്ചു കണ്ണുകള്‍ അടച്ചു അവളുടെ മടിത്തട്ടില്‍ ഉറങ്ങണം എനിക്ക് ....!!!!
പ്രണയ ദിനത്തില്‍ പ്രണയിക്കുന്നവരോട് എനിക്ക് പറയാന്‍ ഒന്നേയുള്ളൂ ...
"ചങ്കുറപ്പില്ലാത്തവര്‍ പ്രണയിക്കരുത് ...
അര്‍ദ്ധമനസ്കനെ പ്രണയമഴ പുല്‍കുകയില്ല...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...