2018, ഏപ്രിൽ 27, വെള്ളിയാഴ്‌ച

ഒറ്റനക്ഷത്രം

തുളസിത്തറയിൽ വിളക്കും കൊളുത്തി ഗായത്രി അകത്തേയ്ക്കു നടക്കുമ്പോൾ മുറിക്കുള്ളിൽ നിന്നും കണ്ണന്റെ കരച്ചിലുയർന്നു.മുറിയില്‍ തൊട്ടിലിൽ കിടന്ന കണ്ണൻ കൈ കാലിട്ടടിച്ചു കരയുകയാണ്.
"അമ്മേടെ മുത്തുണർന്നോ..?
വാവയ്ക്ക് വിശക്കുന്നുണ്ടോ..?
പാലു തരാട്ടോ...."
ഇതും പറഞ്ഞു കൊണ്ടവള്‍ ബ്ലൗസിന്റെ ഹുക്കഴിച്ചു മുലഞെട്ടവൾ കുഞ്ഞിന്റെ വായിലേക്കെടുത്തു വച്ചു.അമ്മയുടെ നെഞ്ചിലെ ജീവാമൃതം നുകർന്നു കൊണ്ടവന്‍ പിന്നെയും ഉറക്കത്തിലേക്കു വഴുതി വീണു.കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയ ശേഷം ഗായത്രി കട്ടിലേക്കിരുന്നു .ഓണത്തിന് മൂന്നു ദിവസം മാത്രം ബാക്കി നിൽക്കെ വീടൊരുക്കുന്നതിനും മറ്റും ഏറെ സമയം നീക്കി വയ്ക്കേണ്ടി വരുന്നതിനാൽ ഉച്ചയൂണിനു ശേഷമുള്ള പതിവുറക്കം ഇപ്പോൾ ഇല്ല. നല്ല ക്ഷീണം കാരണം അവൾ പതിയെ കിടക്കയിലേക്ക് ചാഞ്ഞു.ക്ഷീണം സമ്മാനിച്ച ആ ഉറക്കത്തിൽ അവൾ അതി മനോഹരമായൊരു സ്വപ്നം കണ്ടു.
പാടവരമ്പിലൂടെ വീട്ടിലേക്കു നാലഞ്ചു പേർ നടന്നു വരുന്നു,അതിസുന്ദരികളാണവർ. മനോഹരമായ വസ്ത്രങ്ങൾ അവരുടെ സൗന്ദര്യത്തിന്റെ മാറ്റ് പിന്നെയും കൂട്ടുന്നു.അതിൽ ഒരാളൊഴികെ ബാക്കിയുള്ളവരെല്ലാം പടിപ്പുരയ്ക്കപ്പുറം നിന്നു. അതി സുന്ദരിയായൊരു പെൺകുട്ടി പടിപ്പുരയും തുളസിത്തറയും കടന്നു ഉമ്മറത്തേക്ക് കയറി. അടുത്തടുത്ത് വരും തോറും അവളുടെ ഭംഗി കൂടിക്കൂടി വന്നു.അവൾ ഉമ്മറത്ത് രഘുവേട്ടനെയും കാത്തിരുന്ന എന്റെ അടുക്കലേക്കു 'അമ്മേ'
എന്ന് വിളിച്ചു കൊണ്ടു ഓടിവന്നു.
"ജാനകി...എന്റെ ജാനിമോൾ...."
ഞാനവളെ മുറുകെ ആലിംഗനം ചെയ്തു.അവളുടെ ദേഹം പഞ്ഞികെട്ടു പോലെ മൃതുവായിരുന്നു. അവളുടെ ദേഹത്തിനു വല്ലാത്തൊരു പരിമളം, ഞാനവളെ എന്നിലേക്ക്‌ പിന്നെയും അണച്ചു പിടിച്ചു. താമരത്തണ്ടു പോലെ അവളെന്റെ ദേഹത്തേക്ക് ചേർന്നു നിന്നു ....
'ജാനകി' അവൾ എന്റെയും രഘുവേട്ടന്റെയും ആദ്യത്തെ കണ്മണി.കല്യാണം കഴിഞ്ഞു വർഷങ്ങൾക്കിപ്പുറവും കുഞ്ഞുണ്ടാവാതിരുന്നപ്പോൾ മണ്ണാർശ്ശാലയിൽ ഉരുളി കമിഴ്ത്തിക്കിട്ടിയ നേർച്ചക്കുട്ടി.ആയില്യം നാളിൽ ജനിച്ചവൾ. രഘുവേട്ടന്റെ അമ്മയെ പോലെയായിരുന്നു അവൾ അതു കൊണ്ടു തന്നെ അവൾക്കു "ജാനകി " എന്ന അമ്മയുടെ പേരു തന്നെ നൽകി.
നേർച്ചക്കുട്ടിക്ക് ആയുസ്സ് കുറവാണെന്നു ആരൊക്കെയോ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.പക്ഷെ അതെന്റെ ജീവിതത്തിൽ സംഭവിച്ചപ്പോഴാണ് ഞാനത് വിശ്വസിച്ചത്.കാവും കുളവും അമ്പലവുമെല്ലാമുള്ള തറവാട്ടിൽ ജനിച്ച അവൾ അച്ഛമ്മയോടൊപ്പം കാവിൽ തിരി തെളിക്കാൻ പോയൊരു ദിവസം നാഗദംശനമേറ്റു തളന്നു വീഴുകയായിരുന്നു. നാഗത്തിന്റെ ഉഗ്രവിഷത്തെ നേരിടാനുള്ള ശക്തി എന്റെ അഞ്ചു വയസ്സുകാരി ജാനുമോൾക്ക് മണ്ണാറശാല നാഗദൈവങ്ങള്‍ പോലും കൊടുത്തില്ലല്ലോ..??
നീലിച്ച ദേഹത്തു വെള്ള പുതച്ചു ഉമ്മറത്ത് നിലവിളക്കിനു കീഴിൽ നിത്യ ഉറക്കത്തിലേക്കു ആണ്ടു പോയ അവളുടെ ഓര്‍മ്മകളില്‍ നിന്നും പുറത്തു കടക്കാൻ വർഷങ്ങൾ വേണ്ടി വന്നു എനിക്ക്. .
എന്റെ ആലിംഗനത്തിൽ നിന്നും പിടിവിട്ട് അവൾ എഴുന്നേറ്റു..
"അമ്മേ ....എനിക്ക് പോവാൻ സമയമായി.
അമ്മ എനിക്കുണ്ടാക്കിയ പാൽപായസമെവിടെ...??
അവളുടെ ചോദ്യം തീരും മുന്നേ അടുക്കളയിൽ നിന്നും ഒരു ഗ്ലാസ്സ് പായസവുമായി ഞാൻ അവൾക്കു മുന്നിലെത്തി.അതുവാങ്ങി കുടിച്ചു കൊണ്ടവൾ പറഞ്ഞു.
" ഉഗ്രനായിട്ടുണ്ട് "
ഇനിയും തരട്ടെ എന്ന എന്റെ ചോദ്യത്തിനു
"ദേ നോക്കിക്കേ അവരെ കണ്ടോ..?? "
പടിപ്പുരയ്ക്കു പുറത്തേയ്ക്കു വിരൽ ചൂണ്ടി കൊണ്ട് അവള്‍ ചോദിച്ചു. പടിപ്പുരയ്ക്കപ്പുറം ജാനുവിനെ പോലെ നക്ഷത്രങ്ങളുടെ നിറത്തിൽ തിളങ്ങി നിൽക്കുന്ന കുറച്ചാളുകളെ അവിടെ കണ്ടു.
" വേഗം തിരികെ പോകണം ഞങ്ങൾക്ക് ,അവരുടെ വീടുകളിൽ കൂടി പോയിട്ട് വേണം പോകാൻ.ഞാൻ അമ്മയെയും വാവയെയും അച്ഛനെയും അച്ഛമ്മയെയും കാണാൻ വന്നതാ..."
കണ്ണുനീർ നിറഞ്ഞൊഴുകിയ എന്റെ കവിൾത്തടം തുടച്ചു കൊണ്ട് അവളെന്നോട് പറഞ്ഞു.
"അമ്മയെന്തിനാ കരയുന്നത്..?
ഞാൻ അവിടെ സന്തോഷവതിയാണ്.
എനിക്കവിടെ എല്ലാമുണ്ട് ,കൂടെക്കളിക്കാൻ ഒരുപാട് കൂട്ടുകാർ,പാലൊഴുകുന്ന പുഴകൾ,സംസാരിക്കുന്ന
പക്ഷികൾ അങ്ങനെ എല്ലാമെല്ലാം...
പക്ഷെ ഒന്നു മാത്രമില്ല...എന്റെ 'അമ്മയും അച്ഛനും ....'
എന്നെ ഓർത്തു അമ്മ കരയണ്ട ,ഞാൻ വാവയെ കണ്ടിട്ടു വരാം ..."
അവൾ കണ്ണന്റെ തൊട്ടിലിനടുത്തേയ്ക്കു വേഗം നടന്നു പോയി. ഞാനവളെ തന്നെ നോക്കി നിന്നു.എന്റെ ജാനി ഒരുപാട് സുന്ദരിയായിരിക്കുന്നു.കുറച്ചു കൂടി വളർന്നിരിക്കുന്നു അവൾ .പെട്ടെന്ന് മുറിക്കുള്ളിൽ നിന്നും ജാനി ഓടിയിറങ്ങി വന്നു
"അമ്മേ .... വാവ ഇപ്പോൾ തൊട്ടിലിൽ നിന്നും തറയിൽ വീഴും.ഒന്നു വേഗം വാ അമ്മെ..
ഞാൻ ഇറങ്ങുവാ.... ഇനിയും വരാമമ്മേ... "
ഉമ്മറത്തു നിന്നും ഓടിയിറങ്ങി അവൾ പടിപ്പുരയിൽ കാത്തു നിന്നവർക്കൊപ്പം കോടമഞ്ഞു പോലെ മാഞ്ഞു പോയി ...
ജാനിയുടെ ശബ്ദം എന്റെ കര്‍ണ്ണപുടത്തിൽ ആഞ്ഞടിച്ചു ഞെട്ടിയുണർന്നു നോക്കുമ്പോൾ കണ്ണൻ അല്പം ഉയരത്തിൽ കെട്ടിയിരിക്കുന്ന തൊട്ടിലിൽ നിന്നും ദേഹത്തിന്റെ പകുതിയോളം പുറത്തേക്കായി താഴേക്കു വീഴാൻ പോകുന്ന കാഴ്ച.
"അയ്യോ എന്റെ മോനെ " ചാടിയെണീറ്റു ഞാൻ കണ്ണനെ തൊട്ടിലിൽ നിന്നും വാരിയെടുത്ത് തുരുതുരെ ചുംബിച്ചു.അപ്പോൾ അവന്റെ ദേഹത്ത് ഇതുവരെയില്ലാത്ത വല്ലാത്തൊരു സുഗന്ധം , ജാനുമോളെ ചുംബിച്ചപ്പോൾ ഉണ്ടായിരുന്ന അതെ സുഗന്ധം...
എന്റെ ഉച്ചത്തിലുള്ള വിളി കേട്ടിട്ടാവും രഘുവേട്ടന്റെ അമ്മ " എന്താ മോളെ " എന്നു ചോദിച്ചു കൊണ്ട് മുറിയിലേക്ക് വന്നു.ഞാനമ്മയോടു ജാനുവിനെ സ്വപ്നം കണ്ട കാര്യവും മോൻ വീഴാൻ പോകുന്നു എന്നവൾ പറഞ്ഞ കാര്യവും പറഞ്ഞു.
" ഭഗവതീ.."
നെഞ്ചിൽ കൈവച്ചു കൊണ്ടു അമ്മ പറഞ്ഞു.
"ഞാൻ നിങ്ങളോടു പറയാറില്ലേ നല്ലൊരു നാള് വരുമ്പോൾ കൂട്ടത്തീന്നു മരിച്ചവരൊക്കെ നമ്മുടെ എല്ലാരുടെയും തറവാടുകളിലേക്ക് വിരുന്നു വരും. അവർക്കിഷ്ടമുള്ള എന്തെങ്കിലും ഒന്ന് അവരെ മനസ്സിൽ വിചാരിച്ചു ഉണ്ടാക്കി വയ്ക്കണം.അതു കാണുമ്പോൾ അവർക്ക്സന്തോഷാവും. പക്ഷേ അങ്ങനെ ഒന്നും
ഉണ്ടാക്കി വയ്ക്കാത്ത വീടുകളിൽ വിരുന്നു വരുന്നവർ കരഞ്ഞു കൊണ്ട് തിരികെ പോകും,ആ കുടുംബത്തിൽ ജനിച്ചിട്ടും ,ഒരു ജന്മം മുഴുവൻ ആർക്കൊക്കെയോ വേണ്ടി ഉരുകി തീർന്നിട്ടും അവരാരും തങ്ങളെ ഓർക്കുന്നില്ല എന്ന ദുഖത്തിൽ പൊട്ടിക്കരഞ്ഞു കൊണ്ടവർ തിരികെ പോകും.ഒരു ബലിച്ചോര്‍ പോലും കരുതാതെ ഓര്‍മ്മകള്‍ക്ക് ബലി കൊടുത്തു കൊണ്ട് താന്‍ സ്നേഹിച്ചവര്‍ തന്നെ മറക്കുമ്പോള്‍ ആത്മാക്കളുടെ തേങ്ങല്‍ ശൂന്യതയില്‍ നമുക്കു കേള്‍ക്കുവാന്‍ കഴിയും.
എന്റെ ജാനൂട്ടി,,, അവള് വരുമെന്ന് എനിക്കറിയാമായിരുന്നു,അതാണ് ഞാന്‍ നിന്നോട് പാല്‍ പായസം ഉണ്ടാക്കാൻ പറഞ്ഞത്.ഈ തറവാട്ടിലെ എല്ലാവര്‍ക്കും പാൽപായസത്തോടു വല്ലാത്തൊരു കമ്പമാ.അച്ചമ്മേടെ കുട്ടി ഇടയ്ക്കിടെ സ്വപ്നത്തിൽ വന്ന് എന്നോടും വർത്താനം പറയാറുണ്ട്,,,"
നേര്യതു കൊണ്ടു കണ്ണു തുടച്ചു കൊണ്ടു രഘുവേട്ടന്റെ അമ്മ മുറിവിട്ടിറങ്ങി .കണ്ണനെയും തോളിലിട്ടു കൊണ്ടു ഞാൻ ഉമ്മറത്തേക്ക് നടന്നു.പടിപ്പുരയിലേക്കു നോക്കി നിന്നു,അവിടെ മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടവും ചീവിടിന്റെ കാതടപ്പിക്കുന്ന ഒച്ചയുമല്ലാതെ മറ്റൊന്നുമില്ലായിരുന്നു ....
പക്ഷെ പടിപ്പുരയ്ക്കു നേരെ ആകാശത്തു കുറെയേറെ നക്ഷത്രങ്ങൾ.അതിൽ ഏറ്റവും തിളക്കമുള്ള നക്ഷത്രത്തിന് എന്റെ ജാനു മോളുടെ മുഖഭാഷയായിരുന്നു.അത് എന്നെ നോക്കി ചിരിക്കുന്നതു പോലെ എനിക്കു തോന്നി.
" ഗായത്രി... പുറത്തു നല്ല തണുപ്പുണ്ട്.കുഞ്ഞിനെ മഞ്ഞു കൊള്ളിക്കണ്ട.. "

പിന്നിൽ നിന്നും അമ്മയുടെ വിളി കേൾക്കും വരെ ഞാനതിനെ തന്നെ നോക്കി നിന്നു.കണ്ടു കൊതിതീരും മുന്നേ മാലാഖമാർ തട്ടിപ്പറിച്ചു കൊണ്ടു പോയ എന്റെ ഒറ്റനക്ഷത്രത്തെ......!!!

2018, ഏപ്രിൽ 25, ബുധനാഴ്‌ച

നിന്റെ മാത്രം മാലാഖ

ജോര്‍ജ്ജ് മുറിയിലേക്ക് കയറുമ്പോൾ മകൾ മരിയയ്‌ക്കൊപ്പം ആനി കട്ടിലിൽ കിടന്നുറങ്ങി കഴിഞ്ഞിരുന്നു.അവൻ വാച്ചിലേക്ക് നോക്കി,സമയം ഒന്നേകാൽ കടയിലെ കണക്കുകൾ നോക്കുന്നതിനിടയിൽ സമയം പോയതറിഞ്ഞില്ല. മുറിയിൽ സീറോ ബൾബിന്റെ നീല പ്രകാശം നിറഞ്ഞു നിൽക്കുന്നു.മേശമേൽ ആനിയുടെ ലാപ്പ് തുറന്നു തന്നെയിരിക്കുന്നു.ആനി നല്ല ഉറക്കം, മരിയ കരഞ്ഞതു കൊണ്ട് ലാപ് ഓഫ് ചെയ്യാൻ മറന്നതാകും.അയാൾ മേശയ്ക്കരികിലേക്കു നടന്നു,അയാളുടെ മനസ്സിൽ പെട്ടെന്ന് ചെകുത്താന്റെ കരസ്പര്ശമേറ്റു. അത്യാവശ്യം സോഷ്യൽ മീഡിയകളിൽ സജീവമായ എഴുതാൻ കഴിവുള്ള അവളുടെ ലാപ്പിൽ എന്തായിരിക്കും എന്ന ചിന്തകൾ അയാളെ വേട്ടയാടി. പതിയെ അയാള്‍ ലാപ്പ് കയ്യിലെടുത്തു.അതിൽ ഒരു ബ്ലോഗ് പേജ് ഓപ്പണായി വന്നു.
"നിന്റെ മാത്രം മാലാഖ .."
അതായിരുന്നു ആ ബ്ലോഗിന്റെ തലക്കെട്ട്‌.അയാൾ അതിലെ ഓരോ വരികളിലൂടെയും കണ്ണോടിച്ചു.
2015 ഒക്ടോബർ 4
----------------------------
ആ തീയതി മുതലാണ് എഴുത്തുകള്‍ തുടങ്ങിയിരിക്കുന്നത്. ഒരു ഡയറിക്കുറിപ്പു പോലെ ആനി തന്‍റെ ജീവിതം പകര്‍ത്തിയിരുന്നു.
ജീവിതത്തിലെ സുപ്രധാനമായൊരു കാര്യത്തിന്റെ ആദ്യ ചവിട്ടുപടിയെന്നോണം ഇന്നെന്റെ പെണ്ണു കാണലായിരുന്നു.ഇരുനിറമുള്ള ഒത്ത പൊക്കവും അതിനനുസരിച്ചു വണ്ണവുമുള്ളൊരു കട്ടി മീശക്കാരൻ. ജീവിതത്തിലാദ്യമായി എന്നെ ഒരാള്‍ പെണ്ണു കാണാൻ വന്നിരിക്കുന്നു.എനിക്കദ്ദേഹത്തെ ഒരുപാടിഷ്ടമായി, അദ്ദേഹത്തിന് എന്നെയും.പേര് 'ജോർജ് ഇടിക്കുള'. കണ്ടാൽ ഒരു മുരടനെ പോലെ തോന്നുമെങ്കിലും ആദ്യ സംസാരത്തിൽ തന്നെ അദ്ദേഹമെന്റെ മനസ്സ് കവർന്നിരുന്നു.അപ്പച്ചന് കൊടുത്ത വാക്കും പാലിക്കാൻ കഴിഞ്ഞിരിക്കുന്നു.
എനിക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് അമ്മച്ചിയുടെ അകന്ന ബന്ധുവായ തോമസ് എന്നയാളുമായി അമ്മച്ചി അടുക്കുന്നതും എന്നെയും അപ്പച്ചനെയും ഉപേക്ഷിച്ചു അയാൾക്കൊപ്പം പോകുന്നതും.
അവ്യക്തമായൊരു ഓർമ മാത്രമാണെനിക്കമ്മച്ചി. പിന്നെന്റെ അപ്പനും അമ്മയും ഒക്കെ അപ്പച്ചനായിരുന്നു.വിവാഹം പോലും കഴിക്കാതെ എനിക്ക് വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വച്ച അപ്പച്ചന് എന്റെ ഓരോ വളർച്ചയും സന്തോഷവും അതിലേറെ ഉത്കണ്ഠയും നിറഞ്ഞതായിരുന്നു. കോളേജിൽ ചേർക്കാൻ നേരം,
"ആനി കൊച്ചെ അപ്പച്ചന്റെ സ്വപ്നമാ നീ... തകർത്തേക്കല്ലേ... "
എന്നു മാത്രം എന്നോട് പറഞ്ഞു.എന്റെ ഇട്ടിച്ചനെ പോലെ ഒരപ്പച്ചനെ ഭൂമിയിൽ ആർക്കും കിട്ടില്ല. . ഉദിച്ചുയർന്നു ഏഴാം സൂര്യനെ പോലെ ജ്വലിച്ചു നിൽക്കുകയാണ് എനിക്ക് ചുറ്റും പ്രകാശം തീർത്തു കൊണ്ട് എന്റെ ഇട്ടിച്ചന്‍.ശരിയും തെറ്റും തിരിച്ചറിഞ്ഞതും ,ജീവിതത്തെ സധൈര്യം നേരിടാനുള്ള കരുത്തു പകർന്നതും അപ്പച്ചന്റെ സ്നേഹ ശാസനകാളായിരുന്നു.അപ്പച്ചന്റെ
സ്വപ്നം തകർക്കല്ലേയെന്ന പിൻവിളി എന്നിൽ ചിരിയുണർത്തിയെങ്കിലും
" ശ്രമിക്കാം.. എന്നെ പ്രേമിച്ചാൽ ഞാനും പ്രേമിക്കുമേ ഇട്ടിച്ചാ..."
എന്ന മറുപടിയാണ് തിരികെ നൽകിയത്.പക്ഷെ മനസ്സു കൊണ്ട് പ്രതിജ്ഞയെടുത്തിരുന്നു അപ്പച്ചൻ പറയുന്നയാളെ മാത്രമേ ആനി കെട്ടുകയുള്ളൂ എന്ന്.കാണാൻ തരക്കേടില്ലാത്തതു കൊണ്ട് എല്ലാ പെണ്‍കുട്ടികളെ പോലെയും ഒരുപാടു പ്രണയാഭ്യർഥനകൾ വന്നെങ്കിലും ആർക്കുമെന്റെ മനസ്സിനെ തകർക്കാൻ കഴിഞ്ഞില്ല.
2015 ഒക്ടോബർ 16
-------------------------------
ഇന്നെന്റെ മനസ്സമ്മതമായിരുന്നു.ആദ്യമായി ഒരു പുരുഷനെ ഇഷ്ടമാണെന്നു എല്ലാവരുടെയും അനുഗ്രഹത്തോടെയും സന്തോഷത്തോടെയും പറഞ്ഞ ദിവസം.മിന്നുകെട്ടിന്റെ ദിവസവും തീരുമാനിച്ചിരിക്കുന്നു.നവംബർ 19 നാണ്.അദ്ദേഹം എന്റെ കസിന്റെ കയ്യിൽ ഒരു ഫോൺ കൊടുത്തു വിട്ടിരിക്കുന്നു.പക്ഷെ ഇതുവരെ ഇങ്ങോട്ട് വിളിച്ചിട്ടില്ല.ആദ്യമായാണ് സ്വന്തമായൊരു മൊബൈൽ ഫോൺ കയ്യിൽ കിട്ടുന്നത്. അദ്ദേഹത്തിന്റെ വിളിക്ക് വേണ്ടി മനസ്സ് തുടി കൊട്ടുകയാണ് പക്ഷെ പുള്ളിക്കാരൻ വിളിക്കുന്നില്ല.
തനി മുരടനായിരുക്കുമോ..??
നാളെ കൂടെ നോക്കാം... ഇങ്ങോട്ട് വിളിച്ചില്ലെങ്കിൽ അങ്ങോട്ട് വിളിച്ചേക്കാം ...
2015 ഒക്ടോബർ 17
------------------------------
എന്റെ മാതാവേ...ഇന്നെനിക്ക് മറക്കാൻ കഴിയാത്ത ദിവസമാണ്. ഇന്നദ്ദേഹം എന്നെ വിളിച്ചിരിക്കിന്നു. അപ്പച്ചനോടല്ലാതെ ഇത്രയും നേരം ഒരു പുരുഷനോട് ആദ്യമായാണ് സംസാരിക്കുന്നത്.മറുതലയ്ക്കൽ ആ ഗാഭീര്യമുള്ള സ്വരം മുഴങ്ങിയപ്പോൾ ഇവിടെ നെഞ്ചിൽ ഇടിവെട്ടും മിന്നലും,വയറ്റിൽ മഞ്ഞു വീണൊരു തണുപ്പും .മുരടനൊന്നുമല്ല നല്ല ഒന്നാന്തരം നസ്രാണി ചെറുക്കൻ തന്നെ. ഇന്നൊരുപാട് നേരം സംസാരിച്ചില്ല എങ്കിലും അദ്ധേഹത്തിന്റെ ശബ്ദം എന്റെ കര്‍ണ്ണപുടങ്ങളെ സംഗീത സാന്ദ്രമാക്കിയിരിക്കുന്നു.ഞാൻ സ്വപ്നം കാണാൻ തുടങ്ങിയിരിക്കുന്നു. പ്രണയിക്കാൻ പഠിച്ചിരിക്കുന്നു.
2015 ഒക്ടോബർ 25
------------------------------
ഇന്നദ്ദേഹവുമായി ഒരുപാട് നേരം സംസാരിച്ചു. എന്റെ സ്വപ്നങ്ങളെ കുറിച്ചും ആദ്ദേഹത്തിന്റെ സ്വപ്നങ്ങളെ കുറിച്ചും വാതോരാതെ സംസാരിച്ചു. അദ്ദേഹത്തിന് സംസാരിക്കാൻ ഒരുപാട് ഇഷ്ടമാണത്രെ. ഭൂമിയിലെ ഏതു കാര്യത്തെക്കുറിച്ചുമുള്ള അദ്ധേഹത്തിനുള്ള അറിവെന്നെ അത്ഭുതപ്പെടുത്തി. ഞാനാ ശബ്ദത്തിൽ ലയിച്ചു പോയി.ഇപ്പോഴെന്റെ ദിനങ്ങൾ അദ്ദേഹത്തിനു വേണ്ടി മാത്രമാണ്. ഞാനുറങ്ങുന്നതും ഉണരുന്നതും അദ്ദേഹത്തിനു വേണ്ടിയായിരുന്നു.ഇഷ്ടാനിഷ്ടങ്ങൾ പോലും ഒരേ പോലെ,ഭാഗ്യവതിയാണ് ഞാൻ.. എനിക്കൊരു രണ്ടാം സൂര്യനെക്കൂടി കിട്ടിയിരിക്കുന്നു ....
മറുവശത്തെ ഇരുട്ടിനു പോലും ഭൂമിയെ വിട്ടു കൊടുക്കാതെ ജ്വലിച്ചു നില്‍ക്കുന്ന എന്റെ രണ്ടാം സൂര്യന്‍.....!!!
2015 ഒക്ടോബർ 28
------------------------------
ഇന്നെന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടൊരു ദിവസമാണ്, മറക്കാനാവാത്തതും. ജീവിതത്തിലാദ്യമായി പ്രണയാതുരമായെനിക്കൊരു ചുംബനം കിട്ടിയിരിക്കുന്നു.ഫോണിൽ കൂടിയാണെങ്കിലും ആ ചുംബനത്തിന്റെ തരംഗമെന്റെ രോമ കൂപങ്ങളെയെല്ലാം ഉണർത്തിയിരിക്കുന്നു.
അതെ,ആണിന്റെ സ്നേഹപൂര്‍ണ്ണമായൊരു ചുംബനം പോലും പെണ്ണിനെ ഉണർത്താൻ കഴിവുള്ളതാണ് .....
2015 ഒക്ടോബർ 30
-------------------------------
ഇന്നെന്നെ അത്ഭുതപ്പെടുത്തിയ ഒരു സംഭവമുണ്ടായി. ഞാനൊരിക്കലും പറഞ്ഞിരുന്നില്ല എങ്കിൽപ്പോലും എന്റെ പുസ്തകങ്ങകൊടുള്ള അടങ്ങാത്ത പ്രണയം അദ്ദേഹം എങ്ങനെയോ തിരിച്ചറിഞ്ഞു എനിക്കു വേണ്ടി പ്രേമലേഖനം,എന്റെ ഹൃദയത്തിന്റെ ഉടമയ്ക്ക്,ഇനി ഞാനുറങ്ങട്ടെ ,ഒരുസങ്കീർത്തനം പോലെ,ലോല ,എന്റെകഥ ,രണ്ടാമൂഴം എന്നിങ്ങനെ പല എഴുത്തുകാരുടെയും നോവലുകൾ എനിക്ക് സമ്മാനമായി അയച്ചു തന്നു.സന്തോഷവും കരച്ചിലും ഒരുമിച്ചു വന്ന നിമിഷങ്ങൾ ...ഉള്ളിൽ ഒരായിരം ചെറിപ്പൂക്കൾ പൂത്തുലഞ്ഞു,എന്റെ സ്വപ്നങ്ങൾക്ക് നിറച്ചാർത്തണിയുന്നവൻ എനിക്കയച്ച വിശുദ്ധ സമ്മാനങ്ങൾ നെഞ്ചോടമർത്തി ഞാൻ നിന്നു. എനിക്കുമേൽ പ്രണയത്തിന്റെ പനിനീർ ദളങ്ങൾ മഴപോലെ പെയ്തിറങ്ങി ....
2015 നവംബര്‍ 2
--------------------------
ഇന്നു വിളിച്ചപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു,
"ആനീ... ഞാൻ സമ്മാനമായി നല്‍കിയതില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകമേതായിരുന്നു..?"
" ഒരു സങ്കീർത്തനംപോലെ "
എനിക്ക് മറുപടി പറയാൻ അധികം താമസിക്കേണ്ടി വന്നില്ല.
"എങ്കിൽ അതിൽ ആനിക്ക് ഇഷ്ടപ്പെട്ട വരികൾ പറയൂ.."
"ലോകത്തിനു പാപ പുണ്യങ്ങളുടെ വഴി കാണിച്ചു കൊടുക്കാൻ പോന്ന ഒരാൾ ഒരു പൊട്ടി പെണ്ണിനോട് ചോദിക്കുന്നു താൻ ഏതു വഴിക്കു പോകണമെന്ന്..!
അതിന്റെ യുക്തിയും പൊരുളും ഒന്നും അപ്പോൾ അന്ന ചിന്തിച്ചില്ല .അവൾ ചോദിച്ചു ..
ആ അടഞ്ഞു കിടക്കുന്ന മൂന്നാമത്തെ വഴി തുറക്കാൻ വല്ല വഴിയുമുണ്ടോയെന്നു നോക്കിക്കൂടെ..??
അഗാധമായ ഹൃദയ ഭാവത്തോടു കൂടി ദസ്തയോവ്സ്കി അന്നയുടെ കണ്ണുകളിലേക്കു നോക്കി. അന്നേരം ഒരു കടല്‍ പോലെ അവളുടെ ഹൃദയവും ഇളകി മറിഞ്ഞു.തന്റെ ഹൃദയത്തിലും ഒരു കടലുണ്ടെന്നു അന്നാദ്യമായാണ് അവളറിയുന്നത്..
എനിക്കേറ്റവും ഇഷ്ടമുള്ള വരികൾ ഇതാണ്. നിങ്ങളോടു സംസാരിക്കുന്ന ഓരോ നിമിഷങ്ങളും എന്റെ അവസ്ഥ അന്നയുടെ പോലെയാണ്. പ്രണയത്തിരമാലകൾ ഉള്ളിൽ ആഞ്ഞടിക്കുന്നു ഞാൻ അതിൽ ഒഴുകി നടക്കുന്ന മരക്കഷണം പോലെയാണ്.."
മറുതലയ്ക്കൽ അദ്ദേത്തിന്റെ മൗനവും പിന്നീട് നേർത്ത ശബ്ദത്തിൽ ആനി തന്നെ ദൈവം എനിക്കു വേണ്ടി പടച്ചതാടോ എന്ന മൊഴിയും എന്നെ സന്തോഷത്തിന്റെ കൊടുമുടി കയറ്റി.
ജോർജ് പിന്നിലേക്കു തിരിഞ്ഞു നോക്കി.മരിയയെ കെട്ടി പിടിച്ചു കൊച്ചു കുഞ്ഞിനെ പോലെ ആനി
ഉറങ്ങുന്നു. അയാളുടെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി തെളിഞ്ഞു വന്നു ....
2015 നവംബര്‍ 3
-------------------------
ഇനി കുറച്ചു നാളത്തേയ്ക്കു ഒന്നും കുറിയ്ക്കാൻ എനിക്ക് സമയമില്ല. ഇനിയുള്ള പകലുകളും രാത്രികളും ഞങ്ങൾ സ്വപ്‌നങ്ങൾ നെയ്യുന്ന ചിലന്തികളാണ്.
2015 നവംബർ 17
---------------------------
ഇനി രണ്ടു ദിവസങ്ങൾ മാത്രം അപ്പച്ചനെന്ന തണല്‍ മരത്തിന്റെ ചില്ലയിൽ നിന്നും മറ്റൊരു മരത്തിന്റെ ചില്ലയിലേക്കു കൂടുകൂട്ടി പറന്നു പോകാന്‍.ഉള്ളിൽ ആകെ ഒരു പിടച്ചിൽ, അപ്പച്ചനെ ഒറ്റയ്ക്കാക്കി പോകാനുള്ള വിഷമം താങ്ങാവുന്നതിലും അപ്പുറം. പക്ഷെ പെണ്ണായി പിറന്നാൽ ഒരു നാള്‍ പോയെ പറ്റൂ. വീട്ടിൽ ബന്ധുക്കളുടെയും കൂട്ടുകാരുടെയും പൊട്ടിച്ചിരികളും ബഹളങ്ങളും നിറഞ്ഞു നിൽക്കുന്നു. ഉള്ളിൽ വേദനയ്ക്കൊപ്പം സന്തോഷം അലയടിക്കുന്നു. പുതിയ പദവികളേക്കുള്ള യാത്രയ്ക്ക് മനസ്സിനെ ഒരുക്കിക്കഴിഞ്ഞു.എങ്കിലും ചിറകറ്റു വീണ പക്ഷി കുഞ്ഞിനെ പോലെ ഉള്ളകം പിടയുന്നു....
2015 നവംബർ 21
---------------------------
ഞാൻ പുതിയ പദവികൾ അലങ്കരിച്ചു തുടങ്ങിയിരിക്കുന്നു. ഒരുപാട് പ്രതീക്ഷകളും അതിലേറെ കൗതുകത്തോടെയും ഞാൻ , ഭാര്യ , മരുമകൾ , ആന്റി , ചേട്ടത്തിയമ്മ തുടങ്ങിയ മഹത്തായ പദവികൾ ആസ്വദിച്ചു തുടങ്ങി.ജോർജ് ഇച്ചായന്റെ വീട്ടുകാർ എന്നെ സ്നേഹം കൊണ്ട് പൊതിയുന്നു.പള്ളിയിൽ വെച്ച് അദ്ദേഹമെന്റെ കഴുത്തിൽ മിന്നു ചാർത്തുമ്പോൾ മനസ്സിൽ ഞാനൊരു പ്രതിജ്ഞ എടുത്തിരുന്നു
" വേറൊരാളുടെ സ്നേഹത്തിനു മുന്നിൽ തോറ്റു കൊടുത്തു എന്നെയും അപ്പച്ചനെയും ഉപേക്ഷിച്ചു പോയ അമ്മച്ചിയെ പോലെയാവില്ല ഞാനൊരിക്കലും. എന്റെ കഴുത്തിൽ മിന്നു ചാർത്തിയവനാണ് മരണം വരെയും എന്റെ ഇണ.അവനെക്കാൾ വലുതായി ആരുമെന്റെ മനസ്സിനെ കീഴടക്കാൻ ഞാനനുവദിക്കില്ല. കല്ലറയിൽ അന്തിയുറങ്ങും വരെ ഈ മിന്നിന്റെ പവിത്രത ഞാൻ സൂക്ഷിക്കും..."
ആദ്യ രാത്രിയിൽ ഞാനാദ്യമായി പുരുഷന്റെ സ്പര്‍ശന ചൂടറിഞ്ഞു. ചുംബനങ്ങൾ കൊണ്ടെന്റെ ദേഹത്തദ്ദേഹം ഉടയാട തുന്നി, അന്നെന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ടു ഇങ്ങനെ പറഞ്ഞു.
" ആനി നമ്മുടെ ജീവിതം ഇന്നു മുതൽ തുടങ്ങുകയാണ്. എന്റെ അമ്മച്ചിയേയും സഹോദരങ്ങളെയും ഈ വീടിനെയും എന്നെപ്പോലെ നീയും സ്നേഹിക്കണം. ഒരിക്കലും സിനിമയിൽ കാണുന്നത് പോലെയാകില്ല ജീവിതം.ഇവിടെ കയ്പ്പും മധുരവുമുണ്ടാവും .ഏതു കയ്പ്പിനെയും മധുരമാക്കാൻ നീ കൂടെ ഉണ്ടാവണം ജീവിതാന്ദ്യം വരെയും..."
അദ്ദേഹമിത് പറയുമ്പോൾ ആ കണ്ണുകളിൽ പ്രതീക്ഷയായിരുന്നു. എന്റെ രണ്ടാം സൂര്യന്റെ വലിയ പ്രതീക്ഷ ....
2015 ഡിസംബർ 27
-----------------------------
അപ്പച്ചനൊപ്പമല്ലാത്ത എന്റെ ആദ്യത്തെ ക്രിസ്തുമസ്സായിരുന്നു ഈ കഴിഞ്ഞത്. പക്ഷെ എന്റെ മനസ്സറിഞ്ഞെന്നോണം എന്റെ ഇച്ചായൻ വൈകിട്ടെന്നെ വീട്ടിലേക്കു കൊണ്ടു പോയി. അപ്പച്ചന്റെ കണ്ണുകളിൽ പൂത്തിരി തെളിഞ്ഞിരുന്നു. ഇച്ചായനേം ഇട്ടിച്ചനേം ചേർത്തു പിടിച്ചു കൊണ്ട് ഞാനുറക്കെ പറഞ്ഞു രണ്ടു സൂര്യന്മാർക്കിടയിൽ സ്നേഹ വെളിച്ചം കൊണ്ട് ഞാൻ മരിച്ചു പോകും ...
അതെ...,ഭാഗ്യവതിയാണു ഞാൻ ... ഈ സൗഭാഗ്യങ്ങൾ എന്നും ദൈവം നില നിർത്തട്ടെ .....
2016 ജനുവരി 29
--------------------------
ലോകം കീഴടക്കിയ സന്തോഷമാണെനിക്ക്.ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം.ഞാനൊരു അമ്മയാവാൻ പോകുന്നു. എന്നെക്കാളും സന്തോഷം അപ്പച്ചനും ഇച്ചായനും വീട്ടുകാർക്കുമാണ്. ഒരു പെണ്ണിനു ഭർത്താവിന്റെ സ്നേഹത്തിന്റെ അളവ് ആസ്വദിക്കാൻ കഴിയുന്നത് അവൾ ഗര്‍ഭവതിയാകുംബോഴാണ് ,ഞാനതറിയുന്നു. നിലയ്ക്കാത്ത സ്നേഹ പ്രവാഹങ്ങൾക്ക് നടുവിൽ ഞാൻ രാജകുമാരിയെ പോലെയാണിപ്പോൾ....
2016 ഫെബ്രുവരി 15
-------------------------------
ജീവന്റെ തുടിപ്പ് ഉദരത്തിൽ വളരുമ്പോൾ എന്റെ ശരീരാവസ്ഥകളും മാറി വരുന്നതായി തോന്നുന്നു. ആഹാരത്തോടു വെറുപ്പും ഓർക്കാനവുമൊക്കെ. വീട്ടിലേക്ക്‌ പുതിയ അതിഥി വരുന്ന വരവറിയിച്ചു ഇട്ടിച്ചായൻ ഇടയ്ക്കിടയ്ക്ക് വന്നു കൊണ്ടേയിരിക്കും. അമ്മയില്ലായ്മ ഞാൻ അറിയരുതെന്ന് ഇട്ടിച്ചായന് നിര്‍ബന്ധമായിരുന്നു.എന്റെ ചില ആഹാരങ്ങളോടുള്ള കൊതി ഇച്ചായൻ പാതിരാത്രി പോലും സാധിച്ചു തന്നു.കഴിച്ചത് അതുപോലെ പുറത്തേക്കു ചർദ്ധിച്ചു കളഞ്ഞിട്ടു ഇച്ചായന്റെ രോമാവൃതമായ മാറിൽ തല ചായ്ചു കിടക്കുമ്പോൾ മറ്റെങ്ങുമില്ലാത്ത സുരക്ഷയെനിക്കവിടെ ലഭിക്കുന്നു.
പുതിയ അതിഥിയെ സ്വീകരിക്കാൻ മനസ്സൊരുങ്ങി കഴിഞ്ഞിരിക്കുന്നു ....
2016 ജൂലായ് 6
------------------------
ഗർഭകാല അസ്വസ്ഥതകൾ എന്നെ വളരെയധികം തളർത്തിയിരുന്നു.ശരീരം ചീര്‍ക്കുകയും, കണ്ണുകൾക്കു താഴെ കറുപ്പുനിറം ബാധിക്കുകയും , വലിപ്പം വച്ച വയറിനു മുകളിൽ ഭൂമാതാവിന്റെ തലോടൽ എന്നറിയപ്പെടുന്ന വരകൾ വീണിരിക്കുകയും ചെയ്തിരിക്കുന്നു. ഇനി എണ്ണാവുന്ന ദിനങ്ങൾ മാത്രം ഞങ്ങളുടെ പുതിയ അഥിതി വന്നെത്തുവാൻ. മനസ്സു നിറയെ കുഞ്ഞിനെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് . ഇച്ചായന്‌ പെണ്‍ കുഞ്ഞുങ്ങളോട് വല്ലാത്തൊരിഷ്ടമാണ്.വയറ്റിൽ കിടന്നു കുഞ്ഞനങ്ങുമ്പോൾ ചെവിയോർത്തു പിടിച്ചു പറയും 'മോളാണ്... " പപ്പായി" എന്നെന്നെ വിളിക്കുന്നെന്നു' അതു പറയുമ്പോൾ ആ കണ്ണുകളിൽ രണ്ടു നക്ഷത്രങ്ങൾ തിളങ്ങും പോലെ തോന്നുന്നു ....
2016 നവംബർ 19
----------------------------
ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികമാണ്. വിലപ്പെട്ടൊരു സമ്മാനം ഞാനദ്ദേഹത്തിനു നൽകിയിരിക്കുന്നു. ഈ വിവാഹ വാർഷികത്തിൽ ഒരു മകളെ ,"മരിയ ജോർജ് " എന്ന മാലാഖയെ ഞാന്‍ അദ്ധേഹത്തിന് സമ്മാനിച്ചു.ജീവിതത്തിൽ എനിക്കിപ്പോൾ ഒരു ദിവസം പോലും തികയാതെ വരുന്നു. അവളുടെ കുഞ്ഞു മുഖത്തു തന്നെ നോക്കിയിരിക്കുവാൻ എനിക്കെപ്പോഴും തോന്നുന്നു. ഇട്ടിച്ചനും അവളെ തറയിൽ പോലും വയ്ക്കുന്നില്ല. പിന്നെ അവളുടെ പപ്പായുടെ കാര്യം പറയേണ്ടതില്ലല്ലോ..??
ജീവിത സൗഭാഗ്യങ്ങളിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു.എന്റെ സ്വപ്‌നങ്ങൾക്ക് ചിറകു മുളപ്പിച്ചു എന്നെ പറക്കാൻ അനുവദിച്ച എന്റെ ഇച്ചായനോട് സ്നേഹവും പ്രണയവും അതിനേക്കാൾ വലിയെന്തു വികാരമുണ്ട് അതൊക്കെയാണെനിക്ക് .....
2017 മാർച്ച് 10
-----------------------
എന്റെ ദൈവമേ....!!!!
എനിക്കെന്തു മാറ്റമാണ് സംഭവിച്ചിരിക്കുന്നത്..?? ഇത്രയും നാൾ എല്ലാം കൊണ്ടും തികഞ്ഞവൾ എന്ന് ചെറിയൊരു അഹങ്കാരം മനസ്സിലുണ്ടായിരുന്നു. പക്ഷെ ഒന്നുമല്ല... ഞാൻ ഒന്നുമല്ല... കിടപ്പറയിൽ ഞാനെന്റെ ഇച്ചായനെ ചതിക്കുന്നത് പോലെ.
മകളുടെ ജനനത്തോടെ സെക്സിൽ എനിക്കുള്ള താല്പര്യം കുറഞ്ഞിരിക്കുന്നു. അല്ല പൂർണമായും ഇല്ലാതായിരിക്കുന്നു....അദ്ദേത്തിനു മുന്നിൽ ഞാൻ ശവശരീരം പോലെ കിടന്നു കൊടുക്കുകയാണ്.
എന്റെ ഇച്ചായന് മുന്‍പില്‍ കിടക്കറയില്‍ ഞാന്‍ ആദ്യമായി അഭിനയിച്ചു തുടങ്ങിയിരിക്കുന്നു.എന്റെ കുറവുകൾ മറച്ചു വയ്ക്കാൻ ഉന്മാദത്തിന്റെ സീൽക്കാരങ്ങളും പുറപ്പെടിവിക്കുന്നു.ശാരീരികബന്ധം എനിക്കിപ്പോൾ വേദനയാണ് മരവിപ്പാണ്. അദ്ധേഹത്തിന്റെ ആവശ്യത്തിന് മാത്രം കിടന്നു കൊടുക്കുന്ന യാതൊരു വികാരവുമില്ലാത്ത യന്ത്രപ്പാവയാണ് ഞാനിന്നു. അദ്ദേഹവും പതിയെ എന്നിൽ നിന്നും അകലുന്നത് പോലെ ....
പ്രസവശേഷം എന്നിലെ സ്ത്രീത്വം നഷ്ടപ്പെട്ടത് പോലെ എനിക്ക് തോന്നി .തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാവുകയും ,വേദന ഉണ്ടാവുകയും,മൂത്രാശയ രോഗങ്ങള്‍ തുടര്‍ച്ചയായി ബാധിക്കുകയും ചെയ്തു. പ്രസവ സമയം എനിക്ക് ചെറിയൊരു സര്‍ജറി വേണ്ടി വന്നിരുന്നു എന്ന് ഡോക്ടര്‍ ജേക്കബ് പറഞ്ഞിരുന്നു.അതിന്റെ വേദന കുറച്ചു നാള്‍ കാണുമെന്നും പറഞ്ഞു.പക്ഷെ എന്തൊക്കെയോ എനിക്ക് നഷ്ടപ്പെട്ടത് പോലെ തോന്നുന്നു.എന്റെ വികാരങ്ങളെ എന്നില്‍ നിന്നും ആരോ വെട്ടി മാറ്റിയത് പോലെ തോന്നുന്നു.എന്റെ ഇചായനെ ശാരീരികമായി തൃപ്തിപ്പെടുത്തുവാന്‍ കഴിയാതെ പോകുമോ എന്ന ഭയം എന്നില്‍ ജനിക്കുന്നു.കാറ്റിൽ പറന്നുയരുന്ന അപ്പൂപ്പന്‍ താടി പോലെ എന്റെ ചിന്തകൾ പാറി നടക്കുന്നു...
ചേർത്തു പിടിക്കലുകള്‍ക്കും ചുംബനങ്ങൾക്കും കുറവ് വന്നിരിക്കുന്നു. ചിലപ്പോള്‍ അതൊക്കെ ആസ്വദിക്കുവാനുള്ള മനസ്സ് എന്നില്‍ നിന്നും കൈ വിട്ടു പോയത് കൊണ്ടാകാം ...പക്ഷെ എനിക്കദ്ദേഹം ജീവനാണ് മരിക്കുവോളം അദ്ദേഹം കൂടെ വേണം എന്ന പ്രാർത്ഥനയിലാണ്....
2017 ജൂൺ 23
---------------------
" വിധിയുടെ കൈകളിൽ പിടയുന്നു ഞാനിന്നു, നീയെന്നെ സൂര്യന്റെ കനിവിനെ തേടുന്ന ഒരു കൊച്ചു സൂര്യകാന്തി പൂവായ്...."
2017 സെപ്റ്റംബർ 4
-------------------------------
ജീവനും ജീവിതവും നീ മാത്രമാണ് ....
തിരികെ വേണമെനിക്ക് എന്നിലെ നഷ്ടപ്പെട്ടു പോയ എന്നെ.സ്നേഹിക്കാൻ മാത്രമറിയുന്ന എന്റെ രണ്ടാം സൂര്യനിലേക്ക് പഴയ ആനിയായി പടര്‍ന്നു കയറണം. എന്റെ ശ്വാസത്തിന്റെ അന്ത്യ നിശ്വാസം വരെയും എനിക്ക് പ്രണയിച്ചു കൊണ്ടേയിരിക്കണം .....!!!
അതോടു കൂടി ബ്ലോഗ് അവസാനിച്ചു.പിന്നീട് അതിൽ ഒരു കുറിപ്പു പോലും ഉണ്ടായില്ല .ജോർജ് കുറച്ചു നേരം കൂടെ അതിൽ തന്നെ നോക്കിയിരുന്നു.അവന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ മേശ മേൽ വീണ് ചിതറി തെറിച്ചു ....
" ദൈവമേ എന്റെ ആനി എന്നെ ഇത്രത്തോളം സ്നേഹിച്ചിരുന്നോ...???
പക്ഷെ ഞാൻ ചെയ്തതോ..?
എന്തൊരു ക്രൂരനാണ് ഞാൻ...??
ലോകത്തിൽ ഒരു ഭർത്താവും ചെയ്യാത്ത മഹാപാപം ചെയ്ത തന്നോട് ദൈവം പൊറുക്കുമോ..?? വിശുദ്ധയായ ആനിയെ സംശയിച്ച ഞാനൊരു വൃത്തികെട്ട മനുഷ്യനാണ്..."
ജോര്‍ജ്ജ് സ്വയം പുലമ്പി കൊണ്ടിരുന്നു.അവനാ ശീതീകരിച്ച മുറിയിലിരുന്നു വിയർത്തു കുളിച്ചു.ആനിയുടെ സമീപം കട്ടിലില്‍ വന്നിരുന്ന ജോര്‍ജ്ജു അവളുടെ പാദങ്ങളില്‍ സ്പര്‍ശിച്ചു.കണ്ണുനീര്‍ ആ പാദങ്ങളില്‍ ഒഴുകിയിറങ്ങി.നീര്‍ത്തുള്ളികള്‍ പൊതിഞ്ഞ അവളുടെ കാലുകളില്‍ ജോര്‍ജ്ജു പതിയെ ചുംബിച്ചു...
"ആനീ ....എന്നോട് പൊറുക്കണം ....
ആരും ചെയ്യാത്ത മഹാപാപം ചെയ്ത ക്രൂരനാണ് ഞാന്‍. എന്നെക്കാൾ ചെറുപ്പവും സുന്ദരിയുമായ ആനി തന്നെ വിട്ടു പോകുമോ എന്ന ഭയം. അതിനു ആക്കം കൂട്ടിയത് വൈകുന്നേരങ്ങളിലെ മദ്യപാന സദസ്സിലെ സൗഹൃദങ്ങളും ചോദ്യങ്ങളും ...
"എടാ ജോര്‍ജ്ജെ....
നിന്റെ തലയിലൊക്കെ വെള്ളി വരകൾ വീണല്ലോ..??
ആനി എന്തൊരു സുന്ദരി. അവളും നീയും ഒരുമിച്ചു പോയാൽ ചിലപ്പോൾ അപ്പനും മോളും എന്നേ തോന്നുകയുള്ളൂ, പിന്നെ നീയൊന്നു സൂക്ഷിച്ചോ അവളുടെ അമ്മച്ചി കുട്ടി ആയതില്‍ പിന്നെയാ ഇട്ടിച്ചനെ കളഞ്ഞിട്ടു പോയത്.
'അമ്മ വേലി ചാടിയാൽ മോള് മതിലു ചാടും;.
നീ സൂക്ഷിച്ചോ ...."
സംശയങ്ങള്‍ തീക്കനല്‍ പോലെ മനസ്സിലേക്ക് കോരിയിട്ടപ്പോള്‍ പരിഹാരം തേടി ഞാന്‍ അലഞ്ഞു. അപ്പോഴാണ്‌ ആഫ്രിക്കയിലെ ആചാരമായ
നിര്‍ബന്ധിത ചേലാകര്‍മ്മം(FGM) പോലെ സ്ത്രീകളുടെ ലൈംഗിക വികാരങ്ങളെ കൊല്ലുന്ന ചേലാകര്‍മ്മം ചെയ്യുന്ന ഡോക്ടര്‍മാര്‍ നമ്മുടെ നാട്ടിലും ഉണ്ടെന്നു അറിഞ്ഞത്.എന്റെ സുഹൃത്ത് ജേക്കബ് ഡോക്ടര്‍ വഴി ഞാന്‍ ആ കര്‍മ്മം നിന്നിലും നിര്‍വഹിക്കുവാന്‍ തീരുമാനിച്ചു.പ്രസവ സമയം നിന്നില്‍ നിന്നും ഞാന്‍ നിന്റെ വികാരങ്ങളെ അറുത്തു മാറ്റി.പ്രസവശേഷം ചെയ്ത സര്‍ജറി ആണെന്ന് നിന്നെ പറഞ്ഞു വിശ്വസിപ്പിച്ചു .എന്നിലെ കഴിവു കേടുകളുടെ,അപകര്‍ഷതയുടെ ,സ്വാര്‍ഥതയുടെ,സംശയത്തിന്റെ ഒക്കെ ഭാരം ചുമക്കാന്‍ നിന്നെ ഞാന്‍ ഉപയോഗിച്ചു....
മാപ്പ് ...നീ ഒരിക്കലും എന്നെ വിട്ടു പോകരുത് എന്ന എന്റെ ആഗ്രഹമാണ് എന്നെ കൊണ്ട് ഈ മഹാപാപം ചെയ്യിപ്പിച്ചത്.ഇത്രയും മാനസിക ശാരീരിക വിഷമങ്ങള്‍ നീ അനുഭവിച്ചിട്ടും ഒരു വാക്ക് പോലും പരാതി പറയാതെ എന്നില്‍ പെയ്തൊഴിയാത്ത സ്നേഹമഴ പോലെ പെയ്തു കൊണ്ടിരുന്ന നിനക്ക് മുന്‍പില്‍ ഞാനും ഈ ലോകവും ചെറുതാകുന്നു..."
ഇരു കൈകള്‍ കൊണ്ട് ആനിയുടെ കാലുകളില്‍ പിടിച്ചു കൊണ്ട് മനസ്സില്‍ ഇത്രയും പറഞ്ഞു കൊണ്ട് ജോര്‍ജ്ജു അങ്ങനെ ഇരുന്നു.ആനി അപ്പോഴും തന്‍റെ ഇച്ചായനെ സ്വപ്നം കണ്ടു കൊണ്ട് നിദ്രയിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു .......

ഇന്നും ആനിയെ ഒന്നും അറിയിക്കാതെ പാപഭാരത്തിന്റെ കുരിശും മനസ്സില്‍ പേറി ജോര്‍ജ്ജ് ജീവിക്കുന്നു .........

2018, ഏപ്രിൽ 23, തിങ്കളാഴ്‌ച

ഫൂലനും ഞാനും

ആരും പോകാത്ത കാട്ടു വഴികളിലൂടെ ഇരുട്ടിനെ കത്തി പോലുള്ള റാന്തല്‍ വെളിച്ചം കൊണ്ട് കീറി മുറിച്ചു കൊണ്ട് യാത്ര ചെയ്യുമ്പോഴാണ് ദൂരെ നിന്നും കുതിര കുളമ്പടി ശബ്ദം കേട്ടത്.കാതുകളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് കുളമ്പടി ശബ്ദം എന്റെ അടുത്തേക്ക് വന്നു കൊണ്ടിരുന്നു.മനസ്സില്‍ ജനിച്ച ഭയത്തെ പുറത്ത് കാട്ടാതെ ധൈര്യ ഭാവത്തില്‍ ഞാനാ റാന്തല്‍ വെളിച്ചം കുതിര സഞ്ചാരിക്ക് നേരെ നീട്ടി..
നെറ്റിയില്‍ ഇരുട്ടിന്‍റെ രക്തം മുഴുവന്‍ ഊറ്റിക്കുടിച്ച വലിയ ചുവന്ന പൊട്ട്,കൈകളില്‍ തിളങ്ങി നില്‍ക്കുന്ന വെള്ളി വളയങ്ങള്‍,തലയില്‍ മുറുക്കി കെട്ടിയ ചുവന്ന ഷാള്‍,അരയില്‍ നീണ്ട കഠാര,പട്ടാള വേഷം.തോളില്‍ ബുള്ളറ്റ് ബെല്‍റ്റ്‌ തൂക്കിയിട്ടിരിക്കുന്നു. കയ്യില്‍ ഒരു ഇരട്ട കുഴല്‍ തോക്കുമേന്തിയ ഒരു സ്ത്രീരൂപം.ആളെ തിരിച്ചറിയാന്‍ അധികം ചിന്തിക്കേണ്ടി വന്നില്ല .
അവള്‍ ....!!!
ചമ്പല്‍കാടുകളില്‍ ഇടിമുഴക്കം സൃഷ്ടിച്ച പെണ്‍പുലി...,
"ഫൂലന്‍ ദേവി ...."
ഈ അസമയത്ത് കാട്ടു വഴികളില്‍ അലയുന്ന ഊരുതെണ്ടി ആയ എന്നില്‍ നിന്നും എന്ത് കൊള്ളയടിക്കുവാന്‍ വേണ്ടിയാണ് അവര്‍ വന്നതെന്ന് ചിന്തിച്ചു നില്‍ക്കുമ്പോള്‍ പെട്ടെന്ന് എന്റെ നേരെ തോക്കു ചൂണ്ടി കൊണ്ട് എനിക്ക് നേരെ ചോദ്യങ്ങള്‍ എറിഞ്ഞു..
"നീയൊക്കെ കൂടി സ്ത്രീകള്‍ക്ക് നേരെ കാമയുദ്ധം ചെയ്യുന്നു അല്ലെ ...??"
"ഇല്ല ചേച്ചി,സത്യമായും ഞാന്‍ ഒരു പെണ്ണിനേയും പീഡിപ്പിച്ചിട്ടില്ല.ഒരു പ്രണയ വിഷം പോലും തീണ്ടാത്ത വെറുമൊരു മരമാണ് ഞാന്‍ ..."
"നിന്റെയൊക്കെ പുരുഷവര്‍ഗ്ഗം ജനിച്ചു വീഴുന്ന കുട്ടി മുതല്‍ മരണം കാത്തു കിടക്കുന്ന വൃദ്ധജനങ്ങളെ വരെ തലക്കടിച്ചും,കൈ കെട്ടിയും,കമ്പി പാര കയറ്റിയുമൊക്കെ കഴപ്പ് തീരുന്നത് വരെ ഭോഗിച്ച ശേഷം പ്രാണന്‍ യാചിക്കുന്ന അവശിഷ്ട ദേഹങ്ങളെ കഴുത്ത് ഞെരിച്ചു കൊന്നു അഴുക്കു ചാലില്‍ തള്ളുന്ന കാഴ്ചകള്‍ നീ കാണുന്നില്ലേ ..??
നീയൊക്കെ അതിനെതിരെ എന്ത് ചെയ്തു ...??"
"അതൊക്കെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ ഭേതഗതി ചെയ്തു,ഇനി പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷയാണ് ചേച്ചി ..."
"ഫൂ ...അവന്റെ കോപ്പിലെ വധശിക്ഷ...,
പ്രായം തരം തിരിച്ചു നിയമം ഇറക്കുന്ന ഈ കോണകത്തിലെ ഇടപാട് തന്നെയാണ് ആദ്യം മാറേണ്ടത്.ഇനി പീഡകന്മാര്‍ക്ക് പതിമൂന്നു കാരിയെ ഇഷ്ടം പോലെ ഭോഗിച്ചു കൊല്ലാമല്ലോ ..??
നിയമം വരെ അവരെ കൊല്ലില്ല ...,
പ്രായം കുറഞ്ഞാലും കൂടിയാലും ചെയ്യുന്ന തെറ്റിനും ഇര അനുഭവിക്കുന്ന വേദനക്കും ജീവനുമൊന്നും കുറവും കൂടുതലും വരുന്നില്ല എല്ലാം എന്ന് മനസ്സിലാക്കുവാന്‍ കഴിയാത്ത നിയമങ്ങള്‍ ..തൂഫ് ..."
"ഇവിടത്തെ അധികാരികള്‍ക്കും നിയമങ്ങള്‍ക്കും കഴിയാത്ത കാര്യം സാധാരണക്കാരനായ ഞാന്‍ എങ്ങനെ നടപ്പിലാക്കാന്‍ ...??
ഓരോ ഇരയുടെയും വേദനയില്‍ ഉരുകുവാന്‍ മാത്രം കഴിയും .അത് തന്നെയാണ് ചേച്ചി ഇവിടെയുള്ള ഓരോ സാധാരണക്കാരന്റെയും വിധി ..."
"കൊട്ടേഷന്‍ കൊടുക്കണം ....എന്താ പറ്റുമോ ..??"
"കൊട്ടേഷനോ..??
മനസ്സിലായില്ല..,ചേച്ചി എന്താ ഉദ്ദേശിച്ചത് ..??"
"രാഷ്ട്രീയക്കാര്‍ അവരുടെ എതിരാളികളെ ഗുണ്ടകള്‍ക്ക് പണം നല്‍കി കൊന്നൊടുക്കുന്നു...,
ധനമുള്ളവര്‍ അവരുടെ ശത്രുക്കളെ ഗുണ്ടകള്‍ക്ക് പണം നല്‍കി കൊന്നൊടുക്കുന്നു...,
പോലീസുകാര്‍ അവരുടെ കൂട്ടത്തില്‍ ഒരാളെ തൊട്ടാല്‍ ഒന്നിച്ചു നിന്ന് കൊട്ടേഷന്‍ കൊടുത്തു കൊല്ലുന്നു...,
അപ്പോള്‍ പിന്നെ സാധാരണക്കാര്‍ ആയ നിങ്ങള്‍ക്ക് പിഞ്ചു കുഞ്ഞുങ്ങളെ ഭോഗിച്ചു കൊലപ്പെടുത്തുന്ന നാരാധമാന്മാരെ എന്ത് കൊണ്ട് കൊട്ടേഷന്‍ കൊടുത്തു
കൊന്നു കൂടാ ...??"
"അതൊക്കെ വലിയ പുലിവാല്‍ ആകും ചേച്ചി,
പറയാന്‍ വളരെ എളുപ്പമാണ് .മാത്രമല്ല അഞ്ചു പൈസ കയ്യില്‍ ഇല്ലാത്ത ഞാനൊക്കെ ഗുണ്ടകള്‍ക്ക് വേണ്ടി പണം എവിടുന്നു കൊടുക്കും ..??"
"പുലിവാല്‍ ആണല്ലേ ...??
ശരി ..,നിന്റെ കുഞ്ഞിനെ ആരെങ്കിലും ഇങ്ങനെ കൊലപ്പെടുത്തിയാല്‍ നീയെന്തു ചെയ്യും വിഷ്ണൂ ..??"
"കൊന്നു തളളും ഞാന്‍ ആ നായിന്റെ മോനെ ..."
"പ്രശ്നങ്ങള്‍ ഉമ്മറപ്പടിയില്‍ വരുമ്പോള്‍ എല്ലാവരുടെയും രോഷവും,ധൈര്യവും,നിലവിളിയും കൂടും .പിന്നെ പണത്തിന്റെ കാര്യം,നീയൊക്കെ രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇരക്ക് വേണ്ടി ഹാഷ് ടാഗ് ഇടുന്നുണ്ടല്ലോ,ഇരക്ക് വേണ്ടി ഓരോരുത്തര്‍ നൂറു രൂപാ വീതം ഇട്ടാല്‍ മതി ഇരയെ സൃഷ്ടിച്ച കാപാലികരുടെ തലയെടുക്കുവാനുള്ള കൂലി കൊടുക്കുവാന്‍ ..."
"എന്റെ പൊന്നു ഫൂലന്‍ ചേച്ചി ...,
പരസ്പരം തമ്മില്‍ തല്ലും,കുതികാല്‍ വെട്ടും നടത്തുന്ന സമൂഹത്തില്‍ ഈ കൊട്ടേഷന്‍ കൊടുത്തവനെ കൂടെയുള്ളവര്‍ തന്നെ ഒറ്റു കൊടുത്തു അവനെ തീവ്രവാദിയാക്കി വെടി വച്ച് കൊല്ലുന്ന വര്‍ത്തമാനകാലത്ത് ഇതൊന്നും പ്രാവര്‍ത്തികമല്ല.കൃസ്തുവിനെ ഒറ്റു കൊടുത്ത യൂദാസുമാര്‍ അരങ്ങു വാഴുന്ന നാട്ടില്‍ ചതിക്ക് അറിഞ്ഞു കൊണ്ട് തല വച്ച് കൊടുക്കുവാന്‍ ആരും തയ്യാറാകില്ല ..."
"വിഷ്ണുവിന് ഓര്‍മ്മയുണ്ടോ നിങ്ങളുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ തന്‍റെ കുഞ്ഞു മകള്‍ കൃഷ്ണപ്രിയയെ പിച്ചി ചീന്തിയ നരാധമനെ കൊല്ലാന്‍ ശങ്കരേട്ടന്‍ എന്ന അച്ഛനൊപ്പം കൂടെ നിന്ന ഏട്ടന്റെ രണ്ടു സുഹൃത്തുക്കളെ..?
ഒരു രക്ത ബന്ധത്തിന്റെയും മൂല്യം നോക്കാതെ നല്ലതിന് വേണ്ടി കൂടെ നിന്നവര്‍ ...അത്തരം മനസ്സുള്ളവര്‍ സമൂഹത്തില്‍ കാണും .അവര്‍ ഒന്നിക്കണം ..."
"അതൊന്നും നടക്കുന്ന കാര്യമല്ല ചേച്ചി.സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഞാനടക്കമുള്ള സമൂഹം അന്യന്റെ നിലവിളികള്‍ക്കു ചെവി കൊടുക്കാറില്ല."
"മനസ്സില്‍ ഭയം നിറഞ്ഞാല്‍ മാത്രമേ കുറ്റം ജനിക്കാതിരിക്കൂ.
ഇവിടെ എത്ര വധശിക്ഷ നടപ്പിലാക്കപ്പെട്ടു ..??
അപൂര്‍വങ്ങളില്‍ അപൂര്‍വ്വം ആയാല്‍ മാത്രം വധശിക്ഷ വിധിക്കും.അല്ലാത്ത കൊലപാതകം എല്ലാം സ്വാഭാവികം മാത്രം.ഓരോ ഇരയും തന്‍റെ കൊലപാതകം അപൂര്‍വങ്ങളില്‍ അപൂര്‍വ്വം ആകണമേ എന്ന് ദൈവത്തോട് പ്രാര്‍ഥന നടത്തേണ്ട ഗതികേട് ..കഷ്ടം ..!
കുറ്റവാളിയുടെ വധശിക്ഷ പരസ്യമായി നടപ്പിലാക്കിയാല്‍ മാത്രമേ സമൂഹത്തിലെ മറ്റു നരാധമാന്മാരുടെ ഉള്ളില്‍ ഭയം ജനിക്കുകയുള്ളൂ.നിയമം നോക്കു കുത്തി ആകുന്നിടത്ത് ജനങ്ങള്‍ പണപ്പിരിവ് നടത്തി കൂലി കൊടുത്തു ഇവര്‍ക്ക് വേണ്ടി ആരാച്ചാരേ കണ്ടെത്തണം.
മറ്റൊരു പുരുഷന്റെ മകളായി,സഹോദരിയായി,
അമ്മയായി,ഭാര്യയായി ഒക്കെ ജീവിക്കുന്ന ഒരു പെണ്ണ് ഒരു നാളില്‍ ആരുടെയെങ്കിലും കാമവെറിക്ക് ഇരയായി തെവുവുകളില്‍ പിച്ചി ചീന്തിയ ഇറച്ചി പോലെ കിടക്കുമ്പോള്‍ നഷ്ടപ്പെടുന്നവന്റെ ഹൃദയ വിലാപഘോഷങ്ങള്‍ കേള്‍ക്കാന്‍ കഴിയാതെ കാതടക്കുന്നവര്‍ തന്നെയാണ് ഓരോ നാടിന്റെയും ശാപം.പിന്നെ നിങ്ങളുടെയൊക്കെ നിസ്സംഗത കാമ ഭ്രാന്തന്മാര്‍ക്ക് കുറ്റം ചെയ്യുവാനുള്ള മൌനാനുവാദമാണ്.ഒടുവില്‍ വീട്ടു വാതിലില്‍ ദുരന്തം മുട്ടി വിളിക്കുന്നത്‌ വരെ ആയുസ്സുള്ള നിങ്ങളുടെയൊക്കെ മൌനം ..തൂഫ് .
നീ കാണുന്നില്ലേ... ആ വിദേശ വനിതയുടെ തലയില്ലാത്ത ശരീരത്തിനു സമീപം തലയില്‍ കൈ വച്ച് ലോകം തന്നെ നഷ്ടപ്പെട്ടവനെ പോലെയിരിക്കുന്ന അവരുടെ ഭര്‍ത്താവിനെ ..??
സ്ത്രീകളെ സംരക്ഷിക്കുവാന്‍ തന്നെയല്ലേ നിങ്ങള്‍ക്ക് ഈ ശക്തമായ കരങ്ങള്‍ നല്‍കിയത് ...?
അവര്‍ക്ക് വേണ്ടി ആയുധം എടുക്കേണ്ടതും നിങ്ങള്‍ തന്നെയാണ് ...,
ഇനിയും ഫൂലന്‍ ദേവിമാരെ സൃഷ്ടിച്ചു നിങ്ങള്‍ പുരുഷ വര്‍ഗ്ഗത്തിന് നാണക്കേട്‌ ഉണ്ടാക്കരുത് ..."
ഇത്രയും പറഞ്ഞു കൊണ്ട് തോക്കിന്റെ പാത്തി കൊണ്ട് എന്റെ മുതുകില്‍ ആഞ്ഞടിച്ചു കൊണ്ട് ആ അഗ്നിപുത്രി കുതിരവേഗത്തില്‍ എന്നില്‍ നിന്നകന്നു .
ചിന്തിച്ചാല്‍ ഫൂലന്‍ പറഞ്ഞത് സത്യമാണ് അല്ലെങ്കില്‍ ഒരു പക്ഷെ ഇതൊക്കെ പറയാന്‍ ഇന്ന് ഫൂലനു മാത്രമേ അവകാശവുമുള്ളൂ ...പതിനൊന്നാം വയസ്സ് മുതല്‍ കൂട്ട ബലാത്സംഗങ്ങള്‍ക്ക് ഇരയായി മാറി ഒടുവില്‍ നീതിക്ക് വേണ്ടി തീയായി മാറിയ ആ വനിതക്ക് മാത്രം അവകാശപ്പെട്ടത് .
തന്‍റെ ശരീരത്തെ ദിവസങ്ങളോളം ബന്ധനത്തില്‍ വച്ച് പല്ലും നഖവും ഉപയോഗിച്ച് ഇറച്ചിയില്‍ നക്കിയും രുചിച്ചും രസിച്ചവരെ നിരത്തി നിര്‍ത്തി വെടി വച്ച് കൊന്ന ഫൂലന്‍ തന്നെയാണ് നൂറ്റാണ്ട് കണ്ട 'അഗ്നിപുത്രി'

എന്തെങ്കിലും ആകട്ടെ .കിട്ടിയ അടിയുടെ ചൂടില്‍ റാന്തലും തെളിച്ചു ഞാന്‍ വീട്ടിലേക്കു നടന്നു.മനസ്സില്‍ നിറയെ ഫൂലന്‍ പറഞ്ഞ കൊട്ടേഷനെ പറ്റിയുള്ള ചിന്തകളും.പക്ഷെ എനിക്ക് പുറകില്‍ ഇരുട്ടില്‍ ഒളിച്ചു കൊണ്ട് ഞാനറിയാതെ ഫൂലനെ ചതിയിലൂടെ വെടി വച്ച് കൊന്ന ആ മൂന്നു മുഖം മൂടി ധാരികളും എന്നെ പിന്തുടരുന്നുണ്ടായിരുന്നു .........

2018, ഏപ്രിൽ 21, ശനിയാഴ്‌ച

ഒരു ട്രെയിന്‍ യാത്ര

കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് ഞാനുണർന്നത്.റെയിൽവെ സ്റ്റേഷനിൽ ഞാനിരുന്നതിനു തൊട്ടടുത്തുള്ള സിമന്റ് ബെഞ്ചിൽ രണ്ടു വയസ്സിനടുപ്പിച്ചു പ്രായമുള്ളൊരു കുഞ്ഞുമായി സുമുഖനായ ചെറുപ്പക്കാരനിരിക്കുന്നു.അയാളുടെ കയ്യിലുണ്ടായിരുന്ന പാൽക്കുപ്പി അയാൾ കുഞ്ഞിന്റെ വായിലേക്ക് വച്ചു കൊടുത്തു,അവനത് ആർത്തിയോടെ വലിച്ചു കുടിക്കുന്നുണ്ട്. അയാളവന്റെ നെറുകയിൽ തലോടിക്കൊണ്ട് കവിളിൽ ചുംബിച്ചു കൊണ്ടേയിരുന്നു.ഞാനത് കൗതുകത്തോടെ നോക്കിയിരുന്നു.
ഒരമ്മയെ പോലെ കരുതൽ നൽകുന്നൊരച്ഛൻ...!
ഞാൻ ശ്രദ്ദിക്കുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ അയാളെനിക്കൊരു ഹൃദയം തുറന്നുള്ള പുഞ്ചിരി സമ്മാനിച്ചു.ഞാൻ തിരിച്ചും,രണ്ടപരിചിതർക്കിടയിൽ സൗഹൃദം വളർത്താൻ ഒരു ചിരി തന്നെ ധാരാളം.
മീനച്ചൂടിൽ അധികം ആളില്ലാത്ത ആ മിനി സ്റ്റേഷനിൽ വിയർത്തു കുളിച്ചിരുന്ന എനിക്ക് ആ കുഞ്ഞും അച്ഛനും ഒരു കുളിര്‍മ്മ നൽകി.കുറച്ചു നേരത്തിനു ശേഷം സ്റ്റേഷന്റെ അങ്ങേ അറ്റത്തു നിന്നും സുന്ദരിയായൊരു പെൺകുട്ടിയും കൂടെ ഒരു മധ്യവയസ്കയും നടന്നു വന്നു.ആ പെൺകുട്ടിയുടെ കയ്യിൽ നിറയെ പല വിധത്തിലുള്ള ചോക്ലേറ്റുകളായിരുന്നു , അവർ നേരെ വന്നു കുഞ്ഞിനേയും കൊണ്ടായാളിരുന്ന ബഞ്ചിലേക്കിരുന്നു.
" നീയെന്തിനാ നസീ ഇത്രയും മിട്ടായി വാങ്ങിയത്..? ആവശ്യത്തിന് വാങ്ങിയാല്‍ പോരായിരുന്നോ..?? "
അയാളുടെ ആ ചോദ്യത്തിനു മറുപടി പറഞ്ഞത് പെണ്‍കുട്ടിയുടെ കൂടെയുള്ള മുതിർന്ന സ്ത്രീയായിരുന്നു..
"ഞാൻ പറഞ്ഞതാ ഹുസൈനേ...
അവളു കേൾക്കണ്ടേ...?
കുട്ടികൾക്ക് കൊടുക്കാനെന്നു പറഞ്ഞു വാങ്ങിയതാ. ഇരിക്കട്ടെ, ഇനിയിപ്പോൾ വേറൊന്നും വാങ്ങേണ്ടതില്ലല്ലോ...??"
കുറച്ചു നേരം കൂടിയുള്ള കാത്തിരിപ്പിന്റെ അവസാനം ഞങ്ങൾക്കുള്ള ട്രെയിൻ വന്നു.ഒരേ കമ്പാർട്ടുമെന്റിൽ അടുത്തതായിട്ടാണ് ഞങ്ങളിരുന്നത്. വിന്ഡോ സൈഡിൽ ഞാനിരുന്നു എതിർവശത്ത് അയാളും. ട്രെയിൻ കുതിച്ചു പായുകയാണ്.കുറച്ചു കഴിഞ്ഞപ്പോൾ പെൺകുട്ടി പതിയെ അവിടെ നിന്നും എഴുന്നേറ്റു അടുത്തുള്ള സീറ്റുകളിലെ ആളുകളോടൊക്കെ ചിരകാല പരിചിതരെ പോലെ വിശേഷങ്ങൾ ചോദിച്ചു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി.ആദ്യമൊന്നും ഞാനതിൽ അപാകതകളൊന്നും കണ്ടില്ല പക്ഷെ പിന്നീട് പുലബന്ധമില്ലാത്ത കാര്യങ്ങൾ പുലമ്പാൻ തുടങ്ങിയപ്പോളാണ് ആ പെൺകുട്ടിക്ക് സ്ഥിരബുദ്ധി നഷ്ടമായെന്നെനിക്ക് മനസ്സിലായത്.എനിക്കു നേരെയിരുന്ന ആ ചെറുപ്പക്കാരന്റെ മുഖത്തേക്ക് ഞാൻ നിസ്സഹായതയോടെ നോക്കി.പക്ഷെ അവന്റെ മുഖത്ത് യാതൊരു ഭാവ മാറ്റവുമില്ല.ഒരുതരം നിര്‍വികാരത മാത്രം .
"ഉമ്മാ...അവളെ ഇങ്ങോട്ടു കൊണ്ടു വന്നിരുത്തുമ്മാ.. അല്ലെങ്കിൽ ഉമ്മ അവൾക്കടുത്ത് പോയി നിൽക്കു.. ഞാനടുത്തു ചെന്നാൽ അവൾ ബഹളം വയ്ക്കും."
ആ സ്ത്രീയോടയാൾ പറഞ്ഞു.അവർ പതിയെ ആ പെണ്‍കുട്ടിക്കരുകിലേക്ക് ചെന്നു,ദൈന്യമായ കണ്ണുകളോടെ അയാളെന്റെ മുഖത്തേക്ക് നോക്കി.
"ആരാണാ പെൺകുട്ടി..??
സഹോദരിയാണോ..??"
എന്റെ ചോദ്യത്തിന് അയാളുടെ കണ്ണുകൾ എനിക്കു മുന്നിൽ ആദ്യം കഥ പറഞ്ഞു. പിന്നീടയാളും..
" അല്ല... ഭാര്യയാണ് "
'ഭാര്യ' ...എന്റെ ഭാവം കണ്ടിട്ടാവാം അവൻ തുടർന്നു.
"പ്രസവത്തോടെയാണ് സുഖമില്ലാതെ ആയത്. പേടിച്ചിട്ടാണെന്നാ ഡോക്ടർ പറഞ്ഞത്.ചിലപ്പോൾ മാറാൻ കാല താമസമെടുക്കും.തീയേറ്ററിലേക്ക് പോയപ്പോൾ എന്നോട് യാത്ര പറഞ്ഞു പോയവളാണ്, വന്നപ്പോൾ ഞാനാരാണെന്നു പോലും അറിയില്ലായിരുന്നു.....
നമ്മുടെ മോന് അവള്‍ പാലു കൊടുത്തിട്ടില്ല.
അവനെ ഒന്നെടുക്കുകയോ തലോടുകയോ ചെയ്തിട്ടില്ല. കണ്ണു തെറ്റിയാൽ ഉപദ്രവിക്കുകയും ചെയ്യും..."
നെഞ്ചോടൊട്ടി ഉറങ്ങുന്ന കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് കണ്ണ് തുടച്ചു കൊണ്ടായാള്‍ പുഞ്ചിരിക്കാൻ ശ്രമിച്ചു..ഇന്നും ഹോസ്പിറ്റലിൽ പോയി വരുന്ന വഴിയാണ് അയാൾ പറഞ്ഞു.
"കൂടെയുള്ളത് ഭാര്യയുടെ അമ്മയാവും അല്ലെ..? "
എന്ന എന്റെ ചോദ്യത്തിന്.
"അല്ല ...എന്റെ ഉമ്മയാണ്...,
അവൾക്ക് ഉമ്മയും വാപ്പയും ആരുമില്ല.ഒരു ഓർഫനേജിൽ നിന്നാണ് അവളെ ഞാൻ വിവാഹം കഴിക്കുന്നത്.വാപ്പയുടെ മരണ ശേഷം ഒരുപാട് കഷ്ടപ്പെട്ടാണ് ഉമ്മ എന്നെയും സഹോദരിയെയും വളർത്തിയത്.കുടുംബക്കാരുടെ വീട്ടിൽ ജോലിക്കാരെപ്പോലെ ഞങ്ങൾ കഴിഞ്ഞു. പ്രാരബ്ദക്കാരനായത് കൊണ്ട് പഠിക്കാനൊന്നും കഴിഞ്ഞില്ല.എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ചായക്കടയിൽ ഗ്ലാസ്സു കഴുകിയാണ് ആദ്യമായി ജോലിക്കു കയറിയത്. പൈസാ കിട്ടിത്തുടങ്ങിയപ്പോൾ അതിനോട് ആർത്തിയും, അനിയത്തിയേം ഉമ്മയേം നല്ലതു പോലെ നോക്കണം എന്ന വാശിയും കൂടി. മോശത്തരത്തിലേക്കു ഒരിക്കലും പോകില്ലെന്നു ഉമ്മാക്ക് വാക്കു കൊടുത്തത് കൊണ്ടും കുന്നോളം ആഗ്രഹങ്ങൾ മനസ്സിൽ ഒളിപ്പിച്ചത് കൊണ്ടും തെറ്റല്ലാത്ത എല്ലാ ജോലിയും ഞാന്‍ ചെയ്തു.
അനിയത്തിയെ കെട്ടിക്കാൻ സമയമായപ്പോൾ ഒരു പരിചയക്കാരൻ വഴി അറബ്‌ നാട്ടിലേക്കും പോയി.അവിടെ വച്ച് ഞാൻ എന്റെ ആഗ്രഹങ്ങളായ ചെറിയൊരു വീടു വച്ചു അനിയത്തിയെ കെട്ടിച്ചും വിട്ടു.പക്ഷേ പെണ്ണിന് പെണ്ണോളം പൊന്നു കൊടുക്കാൻ എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല.എന്നാല്‍ കഴിയുന്നത്‌ കൊടുത്തത് പോരാതെ വന്നപ്പോൾ അവരവളെ കൊന്നു ആത്മഹത്യ എന്ന് വരുത്തി തീർത്തു. കല്യാണം കാണാൻ കൂടി പോകാന്‍ കഴിയാതിരുന്ന ഞാൻ എന്റെ ആമിനയുടെ ജീവനില്ലാത്ത ദേഹമാണ്
പിന്നെ കാണേണ്ടി വന്നത്. അന്നേ കരുതിയതാണ് അനാഥയായോരു പെണ്ണിന് ജീവിതം കൊടുക്കണമെന്നു.ഉമ്മാക്കും അതു തന്നെയായിരുന്നു ആഗ്രഹം.
വിവാഹ ശേഷം ഞങ്ങളുടെ വീടവൾ സ്വർഗ്ഗമാക്കി. ആമിനയുടെ കുറവും അവളുമ്മാക്ക് ഏറെക്കുറെ നികത്തി. സ്നേഹം കൊണ്ട് അവൾ ഞങ്ങളെ കീഴ്പെടുത്തി.ഒന്നിനോടും ആർത്തിയില്ലാതെ ഒന്നുമാവശ്യപ്പെടാതെ എന്റെ സുഖങ്ങളിലും ദുഖങ്ങളിലുമെല്ലാം കൂടെ നിന്നവള്‍....
പക്ഷേ... ദൈവത്തിനു ഒരുപാട് ഇഷ്ടമുള്ളവരെ കുന്നോളം ദുഃഖം നൽകി പരീക്ഷിക്കും എന്നല്ലേ..?
അങ്ങനെ ഇടിത്തീ പോലെ ഈ പരീക്ഷണവും എനിക്കു മേലെ വന്നു പതിച്ചു. ഉമ്മാക്ക് ഒറ്റയ്ക്ക് അവളെയും മോനെയും ഒരുമിച്ചു നോക്കാൻ കഴിയാത്തതു കൊണ്ട് ഗൾഫിലെ ജോലി ഉപേക്ഷിച്ചു ഞാനിങ്ങു നാട്ടിൽ കൂടി. എനിക്കെന്റെ മോനെ തന്നവളല്ലേ ഒരു വിധിക്കും ഞാനവളെ വിട്ടു കൊടുക്കില്ല. എത്ര നാളു കഴിഞ്ഞാലും അവളുടെ അസുഖം ഞാൻ ചികിൽസിച്ചു മാറ്റും.എനിക്കും മോനും എന്റെ ഉമ്മാക്കുമെല്ലാം അവളുടെ സ്നേഹവും കരുതലും വേണം .എന്റെ മോന് അവന്റെ ഉമ്മായുടെ വാത്സല്യവും വേണം..."
അയാള്‍ പറഞ്ഞു നിർത്തിയപ്പോൾ ആ കണ്ണുകളിൽ പ്രതീക്ഷയുടെ, കരുതലിന്റെ, സ്നേഹത്തിന്റെ പൊൻ തിളക്കമാണ് ഞാൻ കണ്ടത്.അപ്പോളും അടുത്ത സീറ്റിലെ ആളുകളോട് കലപിലാ വർത്തമാനം പറയുകയായിരുന്നു ആ പെൺകുട്ടി. ഞാനപ്പോഴാണ് അവളെ ശ്രദ്ദിച്ചത്,നാളേറെയായുള്ള ചികിത്സയുടെ ഭാഗമായിട്ടാവാം അവളുടെ കണ്ണുകളിലെ പ്രകാശം നഷ്ടമായിരിക്കുന്നു. കണ്ണിനു ചുറ്റുമുള്ള കറുത്ത പാട് വെളുത്ത മുഖത്ത് എടുത്തറിയിക്കുന്നു.
പാവം കുട്ടി എനിക്കവളോട് സഹതാപം തോന്നി..
അടുത്ത സ്റ്റേഷനിൽ ഞങ്ങളിറങ്ങും അയാൾ എന്നോട് പറഞ്ഞു.കുഞ്ഞു ഉണർന്നിരിക്കുന്നു.അവനെന്നെ നോക്കി മനോഹരമായി പാൽ പല്ലു കാട്ടി ചിരിച്ചു. അച്ഛനമ്മമാരെ പോലെ സുന്ദരനാണ് അവനും.
പാവം മുലപ്പാലിന്റെ ഗന്ധമറിയാത്തവൻ..!
അതിന്റെ മധുരം നുകരാത്തവൻ....!
അവനു നേരെ ഞാൻ കൈകൾ നീട്ടി..,പരിചിതനെ പോലെ പെട്ടെന്നവൻ എന്നിലേക്ക്‌ ചാഞ്ഞു വന്നു...
സ്റ്റേഷൻ എത്താൻ നേരം അയാളെനിക്കു നേരെ പുഞ്ചിരിയോടെ കൈതന്നു കൊണ്ട് പറഞ്ഞു
"എന്റെ കാര്യങ്ങളെല്ലാം പറഞ്ഞു. ഞാൻ ഹുസൈൻ നിങ്ങളെ കണ്ടപ്പോൾ എനിക്കെന്തോ അടുത്ത പരിചക്കാരനാണെന്നു തോന്നി.പക്ഷെ നിങ്ങളുടെ പേര് പോലും ഞാന്‍ ചോദിച്ചില്ല.. എന്താ പേര്..??"
അയാളുടെ കൈകളിലേക്ക് കൈ ചേർത്തു വച്ചു കൊണ്ട് ഞാന്‍ പറഞ്ഞു ..
" വിഷ്ണു.."
സ്റ്റേഷനിലേക്ക് കരഞ്ഞു കൊണ്ട് ട്രെയിൻ നിന്നു. ഒരിക്കൽക്കൂടി എന്നോട് യാത്ര പറഞ്ഞു കൊണ്ട് അയാൾ ഇറങ്ങി.പുറകെ എന്തൊക്കെയോ സംസാരിച്ചു കൊണ്ട് ഹുസ്സൈന്റെ ഉമ്മയുടെ കൈകളിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെ തൂങ്ങിക്കൊണ്ട് ആ പെൺകുട്ടിയും....
കണ്ണിൽ നിന്ന് മറയും വരെ ഞാനവരെ നോക്കി കൊണ്ടിരുന്നു.എന്നെക്കാൾ പ്രായം കുറഞ്ഞ ഹുസൈനെന്ന പക്വതയുള്ള ചെറുപ്പക്കാരനോട് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത ബഹുമാനവും സ്നേഹവും തോന്നി.ഭൂമിയിൽ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്ന ചുരുക്കം ചില മനുഷ്യരിൽ ഞാനവന് സ്ഥാനം നൽകി..
ആ പെൺകുട്ടി ഭാഗ്യവതിയാണ് അതാണ് ഹുസ്സൈനെ പോലെയുള്ള ഒരു പുരുഷനെ ഭർത്താവായി കിട്ടിയത്..

ട്രെയിൻ ചൂളം വിളിച്ചു കൊണ്ടു മുന്നോട്ട് കുതിച്ചു. പുതിയ യാത്രക്കാരെയും പേറിക്കൊണ്ട്....

2018, ഏപ്രിൽ 19, വ്യാഴാഴ്‌ച

രാമനും റഹീമും ...!!

" ഹിന്ദു കാഫിറുകള്‍ ഞങ്ങളുടെ കുട്ടിയെ അവരുടെ മൃഗദൈവങ്ങള്‍ക്ക് ബലി കൊടുത്തു.ഓരോ ഇസ്ലാമും ഉണരേണ്ട സമയമാണിത്. തെരുവുകളില്‍ വച്ച് തന്നെ നമ്മള്‍ അവരെ നേരിടണം.മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ഓരോ തലയും അറുത്തെടുക്കണം.പരമാവധി ഈ വാര്‍ത്ത എല്ലാവരിലും എത്തിക്കണം ..."
ശീതീകരിച്ച തന്‍റെ മുറിയിലിരുന്നു റഹിം തന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസ് എഴുതി കഴിഞ്ഞ ശേഷം ഉറങ്ങാന്‍ കിടന്നു.അടുത്ത വീട്ടിലെ രാമനും അവന്റെ വാളില്‍ ഇങ്ങനെ എഴുതി .
"ഹിന്ദു മത ദൈവങ്ങളെ അവര്‍ കാമകോമാളികള്‍ ആക്കുന്നു .അമ്പല മതിലുകള്‍ അവര്‍ തകര്‍ക്കുന്നു.നമ്മുടെ വിശ്വാസങ്ങള്‍ക്കും സംസ്കാരത്തിനും നേരെ മുസ്ലീങ്ങള്‍ സംഘടിക്കുന്നു.വീണ്ടും ബോംബയും ഗുജറാത്തും ആവര്‍ത്തിക്കണം.എല്ലാത്തിനെയും പാകിസ്ഥാനിലോട്ടു കയറ്റി വിടണം.ഇത് ഹിന്ദു രാഷ്ട്രമാണ് ...ഹിന്ദു ഉണരണം ..."
അയല്‍ക്കാരായ രാമനും റഹീമും ഇതെല്ലാം എഴുതിയിട്ട് സുഖമായി ഉറങ്ങി ....
മത ഭ്രാന്തന്മാര്‍ കയ്യില്‍ കിട്ടിയ ആയുധങ്ങള്‍ എടുത്തു തെരുവുകളില്‍ ചോരപ്പുഴ സൃഷ്ടിച്ചു....,
റോഡുകളില്‍ ,ഭക്ഷണശാലകളില്‍,തൊഴില്‍ ഇടങ്ങളില്‍ ,
ബസ്സുകളില്‍,സ്കൂളുകളില്‍ ഒക്കെ പേര് ചോദിച്ചു ഹിന്ദുവിനെയും മുസ്ലീമിനെയും മാറ്റി നിര്‍ത്തി കഴുത്തുകള്‍ വെട്ടി ...,
പേര് മാറ്റി പറഞ്ഞവരുടെ അടിവസ്ത്രം അഴിച്ചു നോക്കി മതം ചികഞ്ഞു വെട്ടി നിരത്തി ....,
കുടിലുകള്‍ മുതല്‍ കൊട്ടാരങ്ങള്‍ വരെ കത്തിയെരിഞ്ഞു ചാരമായി മാറി ....,
മക്കളെ നഷ്ടപ്പെട്ട അമ്മമാരും,ഭര്‍ത്താവിന്റെ നഷ്ടപ്പെട്ട ഭാര്യമാരും വഴികണ്ണുമായി ഉമ്മറപ്പടിയില്‍ കാത്തിരുന്നു ....,
കയ്യും കാലും തലയും നഷ്ടപ്പെട്ട ആയിരക്കണക്കിന് ഉടലുകള്‍ അഴുക്കു ചാലുകളില്‍ മതമില്ലാത്ത ശവങ്ങളായി കുന്നു കൂടി കിടന്നു .....,
തൊപ്പി വച്ചവരും,പര്‍ദ്ദ ധരിച്ചവരും,കുറി തൊട്ടവരും,പൂണൂല്‍ അണിഞ്ഞവരുമൊക്കെ മതചിഹ്നങ്ങള്‍ നോക്കി തരംതിരിച്ചു കൊല്ലപ്പെട്ടു ....,
പള്ളികള്‍ തകര്‍ക്കപ്പെട്ടു.ക്ഷേത്ര വിഗ്രഹങ്ങള്‍ ഉടക്കപ്പെട്ടു ,പള്ളിയിലെ ബാങ്കു വിളിയും അമ്പലത്തിലെ സുപ്രഭാത ഗായത്രീ മന്ത്രങ്ങളൊക്കെ നിലക്കപ്പെട്ടു ....,
വീടുകള്‍ ചവിട്ടി പൊളിച്ചു ഗര്‍ഭിണിയുടെ വയറ്റിലെ ഭ്രൂണത്തിന്റെ ഹൃദയത്തില്‍ വരെ കത്തി കുത്തിയിറക്കി കൊലവിളി മുഴക്കി ....,
ആയിരക്കണക്കിന് പിഞ്ചു കുഞ്ഞുങ്ങളെ മതം ചികഞ്ഞു ബലാല്‍സംഗം ചെയ്തു കൊന്ന മതഭ്രാന്തന്മാര്‍ കാമച്ചിരി ചിരിച്ചു കൊണ്ട് അടുത്ത വീടുകളിലേക്ക് ഇടിച്ചു കയറി ....,
പ്രാണനു വേണ്ടി വാവിട്ടു കരഞ്ഞവരെ,
കെഞ്ചിയവരെ,കാലു പിടിച്ചവരെയൊക്കെ ദയയുടെ ഒരു കണിക പോലും കണ്ണില്‍ അവശേഷിക്കാതെ ഹിന്ദുവും മുസ്ലീമും മാറി മാറി കൊന്നൊടുക്കി ...,
പാതി കത്തിയ ശവം നാറുന്ന നാട്ടില്‍ നിന്നും ജീവനും കയ്യില്‍ പിടിച്ചു എങ്ങോട്ടെന്നില്ലാതെ നിരപരാധികള്‍ പാലായനം ചെയ്തു ....,
നടപ്പിലാകാത്ത നിരോധനാജ്ഞക്ക് മുകളില്‍ പട്ടാളം വന്നിറങ്ങിയപ്പോള്‍ മുഖം നോക്കാതെ തോക്കുകള്‍ ശബ്ദിച്ചു ....,
ഒടുവില്‍ അഭയം നല്‍കാന്‍ വന്ന പട്ടാളതോക്കിന്‍ കുഴലില്‍ നിര്‍ത്തി തങ്ങളുടെയുക്കെ അച്ഛന്റെ,മകന്റെ,ഭര്‍ത്താവിന്റെയൊക്കെ ശവത്തിനരുകില്‍ വച്ച് ക്രൂരമായി പെണ്ണുടലുകള്‍ ഭോഗിക്കപ്പെട്ടു....,
എങ്ങും കൊലവിളികള്‍ ....,
നിലവിളികള്‍ ....,
അലര്‍ച്ചകള്‍ ....,
രോദനങ്ങള്‍ ....,
മാത്രം ബാക്കിയായി ....!!!
"ഡും ..ഡും ..."
ആരാ ഈ അസമയത്ത് വീട്ടില്‍ വന്നതെന്ന് സ്വയം പഴിച്ചു കൊണ്ട് റഹിം വാതില്‍ തുറന്നു.മുഖം മറച്ച കലാപകാരികള്‍ റഹീമിന്റെ തലയില്‍ ഇരുമ്പ് കമ്പി കൊണ്ട് ആഞ്ഞടിച്ചു ....
"ഉമ്മാ ..."
റഹീമിന്റെ നിലവിളി കേട്ടു പുറത്തേക്ക് വന്ന അവന്റെ ഉമ്മയെ വടിവാള്‍ കൊണ്ടവര്‍ വെട്ടി വീഴ്ത്തി.തന്‍റെ കണ്മുന്‍പില്‍ വച്ച് തന്നെ ചോരയില്‍ ചവിട്ടി നിന്ന് മതഭ്രാന്തന്മാര്‍ തന്‍റെ ഉമ്മയെ ഭോഗിക്കുന്നത് കണ്ട റഹീം തറയില്‍ തല തല്ലി കൊണ്ടിരുന്നു .തടുക്കാന്‍ ചെന്ന റഹീമിന്റെ വാപ്പയുടെ കഴുത്ത് വെട്ടി ആ തലയെ മേശയുടെ മുകളില്‍ വച്ച് കൊണ്ടവര്‍ ആര്‍ത്തു ചിരിച്ചു.
ഇതൊന്നുമറിയാതെ ഉറക്കത്തിലായിരുന്ന തന്‍റെ പെങ്ങളുടെ മുറി ചവിട്ടി പൊളിച്ചു അവര്‍ കയറുമ്പോള്‍ ഒരു ഞരക്കം പോലെ റഹീം ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു ...
"എന്റെ പാത്തൂനെ ഒന്നും ചെയ്യല്ലേ .....
അവളെ നിങ്ങള്‍ കൊല്ലല്ലേ ..."
പാത്തുവിന്റെ നിലവിളി റഹീമിന്റെ കാതില്‍ മുഴങ്ങി കൊണ്ടിരുന്നു.മാറി മാറി അവര്‍ ആ കുഞ്ഞുടലില്‍ താണ്ടവമാടുമ്പോള്‍ നിലവിളി പതിയെ ഞെരക്കമായും പിന്നെ നിശബ്ധതയിലേക്കും വഴി മാറി.
വൃത്തിയും വെടിപ്പുമായി സ്വര്‍ഗ്ഗം പോലെ സൂക്ഷിച്ച പാത്തുവിന്റെ വീട് നരകം ആക്കി മാറ്റിയവര്‍ റഹീമിന്റെ അടുത്തേക്ക് വന്നു.അതിലൊരുത്തന്‍ വന്യമായി ചിരിച്ചു കൊണ്ട് പാറ പൊട്ടിക്കുന്ന കൂടം കൊണ്ട് റഹീമിന്റെ തലയില്‍ ആഞ്ഞടിച്ചു. ചിന്നി ചിതറിയ തലച്ചോര്‍ ആ വീടിന്റെ ചുമരുകളില്‍ പതിച്ചു ....
"ഉമ്മാ ....."
അലറി വിളിച്ചു കൊണ്ട് റഹീം കട്ടിലില്‍ നിന്നും എഴുന്നേറ്റു.രാത്രി രണ്ടു മണി സമയം , ശരീരം മുഴുവന്‍ വിയര്‍ത്തു കുളിച്ചിരിക്കുന്നു.ശീതീകരിച്ച മുറിയിലെ തണുപ്പ് പോരാതെ വന്നു റഹീമിന്റെ സ്വപ്നത്തിലെ തീ കെടുത്താന്‍.അവന്‍ തന്‍റെ ഫേസ്ബുക്ക് ഐഡി ഡിലീറ്റ് ചെയ്തു.സ്വപ്നത്തിന്റെ നടുക്കം മാറാതെ റഹീം വീടിനു പുറത്തേക്ക് വന്നു.നിലാവുള്ള രാത്രിയുടെ നിശബ്ദതയില്‍ രാമന്റെ വീട്ടിലെ മതിലില്‍ ഒരു രൂപം ഇരിക്കുന്നത് റഹീം ശ്രദ്ധിച്ചു .പെട്ടെന്ന് തന്നെ റഹീം അതിനടുത്തേക്ക് ചെന്ന് ചോദിച്ചു ..
"ആരാ..?
എന്താ ഈ അസമയത്ത് ഇവിടെ ..??"
"റഹീമേ ഞാന്‍ രാമന്‍ ആണ് .."
" എന്താ രാമാ രാത്രി ഇവിടെ തനിച്ചിരിക്കുന്നത് ..??"
"ഞാനൊരു സ്വപ്നം കണ്ടു റഹീമേ ..വല്ലാത്തൊരു സ്വപനം ...ഈ നാട് നശിക്കുന്ന സ്വപ്നം ..എന്റെ കുടുംബം നശിക്കുന്ന സ്വപ്നം ...കൊടിയ കലാപം ... ഞാന്‍ എന്റെ ഫേസ്ബുക്ക്‌ എല്ലാം ഒഴിവാക്കി..ഇനി ഒരു മതം പറച്ചിലും എഴുതുവാന്‍ എനിക്ക് വയ്യ ...."
താന്‍ കണ്ട അതേ സ്വപ്നം രാമനും കണ്ടതില്‍ റഹീമിന് അതിശയം തോന്നി. അല്ലെങ്കിലും അടുത്ത വീട്ടുകാര്‍ ആണെങ്കിലും മതത്തിന്റെ പേരില്‍ പരസ്പരം മിണ്ടാതെ നടന്നവര്‍ ആയിരുന്ന നമ്മള്‍ ഒരുമിച്ചു കാണേണ്ട സ്വപ്നം തന്നെയാണെന്ന് റഹീമിന് തോന്നി.ആകാശത്തേക്ക് നോക്കി കൊണ്ട് രാമനോട് റഹീം ചോദിച്ചു ..
"രാമാ നീ ആ ചന്ദ്രനെ കാണുന്നില്ലേ ...??"
"ഉണ്ട് റഹീമേ ..ഭൂമിയുടെ ഇരുട്ടിനു നേരെ പുഞ്ചിരിച്ചു കൊണ്ട് നമ്മുടെയൊക്കെ ഉറക്കം ആസ്വദിക്കുന്ന ചന്ദ്രന്‍.."
"രാമാ ...ഈ ഭൂമിയിയുടെ സകല സൗന്ദര്യവും,ഗുണങ്ങളും ഒരുമിച്ചു നമ്മള്‍ ആസ്വദിക്കുന്നു.അനുഭവിക്കുന്നു....
പക്ഷെ, നമ്മള്‍ മാത്രം ഒരുമിക്കുന്നില്ല....
മനസ്സുകളില്‍ മതില്‍ സൃഷ്ടിച്ചു വിഭിന്നര്‍ ആയി ജീവിക്കുന്നു.മറ്റു ജീവജാലങ്ങളൊക്കെ നമ്മുടെ ഭൂമിയെ സന്തോഷത്തോടെ ആസ്വദിക്കുന്നു,അതു കൊണ്ടാകും
വെറും ഒരു ഇറച്ചി പോലെ മൌനം പൂണ്ടു അവര്‍ ഉത്കൃഷ്ടജീവികള്‍ എന്ന് സ്വയം ഊറ്റം കൊള്ളുന്ന മനുഷ്യനെ നോക്കി ചിരിക്കുന്നത്..."
"അതെ റഹീമേ ..സത്യമാണ് ..ഒരിക്കലും നമ്മുടെ കൈ വെള്ളയില്‍ ഇരുന്നു ഈ ഭൂമി ദ്രവിച്ചു പോകരുത്.....
നമ്മുടെ കാഴ്ചകള്‍ക്ക് മതമില്ല..."
മതിലിനു മുകളില്‍ മനസ്സുകളുടെ മതില്‍ തകര്‍ത്തു കൊണ്ട് തോളോട് തോള്‍ ചേര്‍ന്നിരുന്നു രാമനും റഹീമും ആകാശത്തിലേക്ക് നോക്കിയിരുന്നു ...
അവര്‍ക്ക് വേണ്ടി പുതിയൊരു ആകാശം പിറവിയെടുത്തു...!!!
പണ്ട് ഗുജറാത്തിലെ വര്‍ഗ്ഗീയ കലാപത്തിനിടയില്‍ തന്നെ ബലാല്‍സംഗം ചെയ്യുന്നവരുടെ കൂട്ടത്തില്‍ താന്‍ ആദരവോടെ 'ചാച്ച 'എന്നു വിളിച്ച അയല്‍ക്കാരനെ കണ്ടു ഞെട്ടിയ പെണ്‍കുട്ടിയെ കുറിച്ചോര്‍ത്തു പോയി.
ഒരു കലാപം തീര്‍ക്കുന്ന ഭീകരത എന്താണ് എന്നറിയണം എങ്കില്‍ അത് നേരിട്ട് അനുഭവിക്കുക തന്നെ ചെയ്യണം .അല്ലാത്ത പക്ഷം അത്തരം കലാപങ്ങള്‍ സൃഷ്ടിക്കുവാന്‍ നമ്മള്‍ മുറവിളി കൂട്ടി കൊണ്ടിരിക്കും.
നമ്മുടെ അയല്‍ രാജ്യങ്ങളില്‍ കാണുന്ന അവസ്ഥകള്‍ നമ്മുടെ രാജ്യത്ത് ഉണ്ടാകരുത്.പിറന്ന നാട് ഉപേക്ഷിച്ചു അഭയാര്‍ത്ഥികളെ പോലെ മറ്റു രാജ്യങ്ങളില്‍ ഭിക്ഷ യാചിച്ചു പോകേണ്ട അവസ്ഥ വന്ന ഇറാക്കിലെയും,സിറിയയിലെയും,മ്യാന്മ്യാര്‍,ഭൂട്ടാന്‍,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ അവസ്ഥ സൃഷ്ടിച്ചത് ഇത്തരം മതവിഘടന വാദികളുടെ പ്രവര്‍ത്തനം കൊണ്ട് തന്നെയാണ്.
മുന്‍പ് പറഞ്ഞത് പോലെ ഹിന്ദുക്കളും മുസ്ലീങ്ങളും സംയമനം പാലിക്കണം.മറ്റു മതങ്ങളെ ഇകഴ്ത്തി പറഞ്ഞു കൊണ്ടുള്ള ചിത്രങ്ങളും,വരികളും കൊണ്ടൊന്നും ഒരിക്കലും ആര്‍ക്കും നീതി ലഭിക്കില്ല. മറിച്ചു വര്‍ഗ്ഗീയ കലാപങ്ങളിലൂടെ പുതിയ ഇരകളെ സൃഷ്ടിക്കുക മാത്രമേയുള്ളൂ ...
ഇവിടെ മതേതരം പറയുന്നവരെ നപുംസകം എന്ന് അധിഷേപിച്ചു കൊണ്ട് കളിയാക്കി ചിരിക്കുന്ന ചിലരെ ഞാന്‍ കണ്ടു.വീട്ടില്‍ കയറി ആരെങ്കിലും മതം പറഞ്ഞു കഴുത്ത് വെട്ടുമ്പോള്‍ തീരുന്ന ആയുസ്സേ ആ ചിരിക്കുള്ളൂ ....

ഭൂമിയെ നരകം ആക്കിയിട്ടു സ്വര്‍ഗ്ഗത്തില്‍ സ്ഥലം അന്വേഷിക്കുന്ന വിഡ്ഢികള്‍ ആകാതിരിക്കുക ...!!!

2018, ഏപ്രിൽ 17, ചൊവ്വാഴ്ച

മതം

പറ്റുമോ..??
ഒത്തു പിടിച്ചൊരു ശരണം വിളി.....??
ഹര ഹരോ ഹര...
അള്ളാഹു അക്ബര്‍...
ഹല്ലേലൂയ...
പറ്റില്ല അല്ലെ..??
താനൂരില്‍ നിരോധനാജ്ഞ..!!
സത്യത്തില്‍ ഈ നിരോധനാജ്ഞ ഇപ്പൊ അത്യാവശ്യമായി നടപ്പിലാക്കേണ്ടത് സാമൂഹിക മാധ്യമങ്ങളില്‍ ആണ്.ഇരു ചേരിയായി തിരിഞ്ഞു പരസ്പരം വര്‍ഗ്ഗീയത പുലമ്പി വിഷം ചീറ്റുന്ന മതഭ്രാന്തന്മാരെ കണ്ടു മടുത്തു.
വര്‍ഗീയതയുടെ തിരി ഇവിടെ ഇന്നും കൊളുത്തി അതൊരു കലാപമാക്കാന്‍ വളരെ അനായാസമായി കഴിയും പക്ഷെ ആളിപ്പടരുന്ന വര്‍ഗ്ഗീയകലാപ 'തീ' കെടുത്താന്‍ ആര്‍ക്കും കഴിയാതെ വരും.
അമ്പലങ്ങള്‍ തകര്‍ക്കുന്നതിന്റെയും,ദൈവങ്ങളെ അധിഷേപിച്ചു കൊണ്ടുമൊക്കെ ഗ്രൂപ്പുകളില്‍ വ്യാപകമായി വര്‍ഗ്ഗീയ പോസ്റ്റുകള്‍ ഷയര്‍ ചെയ്യപ്പെടുന്നുണ്ട്.അത്തരം സംഭവങ്ങള്‍ കെട്ടിചമച്ചത് ആയാലും സത്യമായാലും ഏതു മതത്തില്‍ പെട്ട വിശ്വാസി ആയാലും സംയമനം പാലിക്കുക.ഒരിക്കലും മതഭ്രാന്തന്മാരുടെ തീയിലെ വിറകു കൊള്ളി ആകാതിരിക്കുക.
ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്...!
ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ പരസ്പരം കൊല്ലും കൊലയും നടത്താനല്ല പട്ടികളെ ഐക്യം വേണ്ടത്...,

രാപ്പകല്‍ കഷ്ട്ടപ്പെട്ടു ഉണ്ടാക്കുന്നവന്റെ മുതല്‍ പിടിച്ചു പറിക്കുന്നവന്റെയും,നടു റോഡില്‍ അമ്മയെയും പെങ്ങളെയും കയറി പിടിക്കുന്നവന്റെയൊക്കെ കഴുത്ത് വെട്ടാനാ വേണ്ടത്,

2018, ഏപ്രിൽ 15, ഞായറാഴ്‌ച

മത രാഷ്ട്രീയം

ഒരു സന്യാസി രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ കാവിയും രുദ്രാക്ഷവും ഒക്കെ അണിഞ്ഞു കൊണ്ട് തന്നെ രാഷ്ട്രീയത്തില്‍ ഇടപെടാം,അതു പോലെ പള്ളി വികാരിക്ക് ളോഹയും,മുസ്ലീം പുരോഹിതന് തലയില്‍ കെട്ടുമാകാം...
പക്ഷെ നമുക്കു ഹിന്ദു രാഷ്ട്രീയം വേണ്ട ....,
കൃസ്ത്യന്‍ രാഷ്ട്രീയം വേണ്ട ...,
മുസ്ലീം രാഷ്ട്രീയവും വേണ്ട ....!
മതം കലര്‍ത്തിയുള്ള രാഷ്ട്രീയങ്ങളെ പടിയടച്ചു പിണ്ടം വച്ചു കൊണ്ട് ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര രാഷ്ട്രീയം പിന്തുടരുക.അത് മാത്രമേ നമ്മളെയൊക്കെ രക്ഷിക്കുകയുള്ളൂ ...
ഇന്നൊരു ബലാല്‍സംഗം നടന്നാലോ ,കൊലപാതകം നടന്നാലോ അല്ലെങ്കില്‍ എന്ത് ക്രൂരമായ പ്രവര്‍ത്തികള്‍ നടന്നാലോ എല്ലാവര്‍ക്കും അറിയേണ്ടത് ഇരയുടെയും വേട്ടക്കാരന്റെയും ഒക്കെ ജാതിയും,മതവും,
രാഷ്ട്രീയവും ഒക്കെയാണ്.
നമ്മുടെ സമൂഹം ജാതിയുടെയും ,മതത്തിന്റെയും ,
വംശീയതയുടെയും തടവറയില്‍ ആണ്.
വര്‍ഗ്ഗീയതയാണ് നമ്മുടെ ഏറ്റവും വലിയ രോഗം.
കപടമായ വിശ്വാസം ,ആള്‍ദൈവങ്ങള്‍ ,
മനുഷ്യാവതാരങ്ങള്‍ തുടങ്ങിയ വികലമായ സാംസ്കാരിക യുഗത്തിലാണ് നാം ജീവിക്കുന്നത് .
മനുഷ്യര്‍ അപ്രസകതര്‍ ആയിരിക്കുന്നു ...
ഏറ്റവും തിരസ്കരിക്കപ്പെടുന്നത് മനുഷ്യത്വവും ...!
മുന്‍പ് പെരുമ്പടവം ശ്രീധരന്‍ മാഷ്‌ പറഞ്ഞത് പോലെ , ഭൂതത്തെ മുക്കുവന്‍ തുറന്നു വിട്ട അവസ്ഥയാണിന്ന്. ഭൂതത്തിന്റെ സ്ഥാനത്ത് ജാതിയും ,മതവും ,
അന്ധവിശ്വാസങ്ങളും ,അനാചാരങ്ങളും കാരണം നമ്മുടെ സമൂഹം ജീര്‍ണ്ണിച്ചു കൊണ്ടിരിക്കുന്നു .

ഒരു ജനാധിപത്യത്തില്‍ എല്ലാവരും മനുഷ്യര്‍ ആകേണ്ടിയിരിക്കുന്നു....!!!

2018, ഏപ്രിൽ 12, വ്യാഴാഴ്‌ച

ആസിഫ - ഒരു മത ദുരന്തം

"എടാ സഞ്ചു.. ഈ തലയില്‍ തൊപ്പി വച്ച മേത്തന്മാരെ നമുക്കിടയില്‍ നിന്നും ഓടിക്കുവാനുള്ള
വഴി എന്താടാ ..?
എനിക്കവന്മാരെ കാണുന്നത് തന്നെ അറപ്പാണ്..
ഈ തീവ്രവാദികള്‍ ആണ് നമ്മുടെ രാജ്യത്തെ ഒറ്റു കൊടുക്കുന്നത്.കത്തിയും,വാളും,കുറുവടിയും കൊണ്ടൊന്നും ആ മുസ്ലീം നാടോടികളെ ഓടിക്കുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല .
അവരെ ഭയപ്പെടുത്തുവാന്‍ എന്താ ഒരു വഴി ...??"
"ഒരിക്കലും മറക്കാത്ത ഭയം അവരുടെ മനസ്സില്‍ ജനിപ്പിക്കാനുള്ള ഒരു വഴി എന്റെ കയ്യിലുണ്ട് വിശാലേ.അവരുടെ കൂട്ടത്തിലെ പിഞ്ചു കുഞ്ഞിനെ തട്ടി കൊണ്ട് വന്നു ദേവനു ബലി കൊടുക്കണം ..."
"ദേവനു ബലി കൊടുക്കകയോ...?
നീ എന്താ സഞ്ചു ഉദേശിക്കുന്നത് ..?"
"ഹ ഹ ഹ ...എടാ മണ്ടാ ....
നമ്മള്‍ എന്തിനു വേണ്ടിയാ ഇതൊക്കെ ചെയ്യുന്നത് ..?
നമ്മുടെ മതത്തിന് വേണ്ടിയല്ലേ..?
'മതം' ദേവ,ദൈവങ്ങളുടെ പേരില്‍ അല്ലെ...??
അപ്പൊ അവരെ പ്രീതി പെടുത്തണം.
അതിനു വേണ്ടി ഒരു മുസ്ലീം പെണ്‍കുഞ്ഞിനെ ദേവസ്ഥാനത്ത് വച്ച് ബലാല്‍സംഗം ചെയ്യണം ..."
"അത് കൊണ്ട് നമുക്കെന്തു ഗുണം സഞ്ചു ..?"
"നമുക്കു മൂന്നു ഗുണങ്ങള്‍ ഉണ്ട് വിശാലേ..
ഒന്ന്... നമ്മുടെ ദേവനു മത സംതൃപ്തി ...,
രണ്ട്... മുസ്ലീങ്ങളുടെ ഉള്ളിലെ തീരാ ഭയം ...,
മൂന്ന്... നമ്മുടെ കാമ കഴപ്പും തീര്‍ക്കാം ...."
കൊത്തു പണിയില്‍ പൊതിഞ്ഞ,ചന്ദനം മണക്കുന്ന ക്ഷേത്ര കവാടങ്ങള്‍ കയറുമ്പോള്‍ ആസിഫയുടെ കുഞ്ഞു മനസ്സ് നിറയെ അത്ഭുതമായിരുന്നു.
അഹിന്ദുക്കള്‍ക്ക്‌ പ്രവേശനം നിഷേധിക്കുന്ന ഇടത്തേക്ക് ആദ്യമായി വന്ന അഹിന്ദുവിന്റെ അത്ഭുതം. അഭിഷേകം ചെയ്തു തഴക്കം വന്ന എണ്ണ മെഴുക്കുള്ള ശിലാവിഗ്രഹത്തെ ഭക്തിയോടെ അവള്‍ നോക്കി നിന്നു.തന്നെ തട്ടി കൊണ്ട് വന്നത് ദൈവസ്ഥാനത്ത് ആയതു കൊണ്ട് ഭയപ്പെടെണ്ട കാര്യമില്ലെന്ന് ആ ഇളം മനസ്സ് ആശ്വസിച്ചു.
പക്ഷെ ബലിഷ്ടമായ കരങ്ങള്‍ തന്‍റെ വസ്ത്രങ്ങള്‍ പറിച്ചെറിഞ്ഞപ്പോള്‍ ആ കുഞ്ഞു വായില്‍ നിന്നുയര്‍ന്ന നിലവിളിയെ ദേവന്റെ ഉറക്കത്തിനു ഭംഗം വരുത്തും എന്ന് കരുതി മയക്കു മരുന്ന് ആമാശയത്തില്‍ കുത്തി നിറച്ചു കൊണ്ട് തൊണ്ട കുഴിയില്‍ വച്ച് തന്നെ സഞ്ചു കൊലപ്പെടുത്തി.ആ കുഞ്ഞു ശരീരത്തെ ദേവനു മുന്‍പില്‍ കിടത്തി മന്ത്രങ്ങള്‍ ഉരുവിട്ട് കൊണ്ട് പൂജകള്‍ തുടര്‍ന്നു.
"ഡാ വിശാലേ...നീ നമ്മുടെ ആ പോലീസുകാരെ കൂടെ വിളിക്ക്.നാളെ ഇവള്‍ ചത്ത കേസിന്റെ ഡയറി അടച്ചു വയ്ക്കാന്‍ അവന്മാരെ കൊണ്ടേ പറ്റൂ.അവന്മാര്‍ക്കുള്ള കൂലി ഇവളെ കൊല്ലുന്നതിനു മുന്പ് തന്നെ കൊടുത്തേക്കാം.നിയമപാലകള്‍ കൂടി ഭോഗിക്കട്ടെ ഇവളെ ..."
നിയമപാലകള്‍ നിയമത്തെ വ്യഭിചരിച്ചു കൊണ്ട് കുഞ്ഞുടലില്‍ ഭോഗ നടനങ്ങള്‍ തുടരുമ്പോള്‍ മന്ത്രം ഉരുവിട്ട് കൊണ്ട് ദേവസ്ഥാനത്ത് സഞ്ചുവും കൂട്ടിരുന്നു.മയക്കു മരുന്നിന്റെ മയക്കത്തിനെ പോലും ഞെട്ടിച്ചു കൊണ്ട് അവളുടെ വേദന പുറത്തേക്ക് ഞരക്കമായി വന്നപ്പോള്‍ വീണ്ടും വീണ്ടും വായിലേക്ക് അവര്‍ ഉറക്കഗുളിക തള്ളി നിറച്ചു.ആര്‍ത്തവ വിരോധിയായ ദേവനു വേണ്ടി അര്‍ച്ചനകളും അഭിഷേകങ്ങളും ദേവ വിഗ്രഹത്തില്‍ മുറക്ക് നടത്തുന്നതിനൊപ്പം അവര്‍ അഹിന്ദുവിന്റെ കുഞ്ഞുടലിലും കാമ അര്‍ച്ചനകളും അഭിഷേകങ്ങളും നടത്തി കൊണ്ടിരുന്നു.
തന്‍റെ മുന്‍പില്‍ നടക്കുന്ന കൊടും ക്രൂരത കണ്ടു വിഗ്രഹത്തില്‍ ആവാഹിക്കപ്പെട്ട ആ അജ്ഞാത ശക്തി അലമുറയിട്ടു കരഞ്ഞു.ആയിരം വട്ടം ആ വിഗ്രഹം പൊട്ടിച്ചു പുറത്ത് ചാടുവാന്‍ ശിലയില്‍ അദൃശ്യകരങ്ങള്‍ കൊണ്ട് ആഞ്ഞടിച്ചു.
ശിലാവിഗ്രഹത്തിന്റെ മുഖപ്രസാദം നഷ്ടപ്പെട്ടു കുനിഞ്ഞ ശിരസ്സുമായി ആ അജ്ഞാതശക്തി ശിലയില്‍ തല തല്ലി ആത്മഹത്യ ചെയ്തു.ആ കൊടുപാപം തുടര്‍ന്നു കാണുവാന്‍ ദേവനു പോലും ശക്തിയില്ലായിരുന്നു.
"നാലഞ്ചു ദിവസമായി ഇവളെ തിരിച്ചും മറിച്ചും ഭോഗിച്ചിട്ടും ഇവള്‍ ചത്തില്ലല്ലോ ദീപക്കേ ..??
ഇവള്‍ക്ക് ഇത്രയും കരുത്തോ ..??"
സഞ്ചുവിന്റെ ചോദ്യം കേട്ടപ്പോള്‍ തന്നെ ദീപക്ക് ഖജൂരിയ എന്ന പോലീസുകാരന്‍ ആസിഫയുടെ കഴുത്തിലേക്ക് ആഞ്ഞു ചവിട്ടി.ആ കുഞ്ഞു കഴുത്ത് ഒടിഞ്ഞു തൂങ്ങിയിട്ടും ജീവന്‍റെ അവസാന തുടിപ്പ് ഉണ്ടെന്നറിഞ്ഞ അവര്‍ ഷാള്‍ കൊണ്ട് വീണ്ടും കഴുത്തില്‍ കുരുക്കിട്ടു മുറുക്കി മരണം ഉറപ്പിച്ചു.
വിഗ്രഹത്തില്‍ തല തല്ലി ആത്മഹത്യ ചെയ്ത ദേവനെ നോക്കി ആസിഫയുടെ ആ കുഞ്ഞു ആത്മാവ് പുഞ്ചിരിച്ചു ...!
"ചത്തിട്ടും അവളുടെ മുഖത്തെ ചിരി മായുന്നില്ല വിശാലേ ..."
എല്ലാവരും ചേര്‍ന്ന് കല്ലുകള്‍ കൊണ്ട് ആ നിഷ്കളങ്ക മുഖം തല്ലി പൊളിച്ചു.എന്നിട്ടവര്‍ എന്തോ വീരകൃത്യം ചെയ്തത് പോലെ അലറിചിരിച്ചു.
"ഇവിടെ ഹിന്ദുക്കള്‍ മതി ....മുസ്ലീങ്ങള്‍ വേണ്ട .."
എന്നുറക്കെ പറഞ്ഞു കൊണ്ട് അവര്‍ മന്ത്രി വസതികളിലേക്ക് അഭയം തേടി.മന്ത്രിമാര്‍ അവരുടെ വീര കൃത്യത്തിനു നെറ്റിയില്‍ തിലകക്കുറി ചാര്‍ത്തി.ചാനലുകള്‍ നിരങ്ങി അവര്‍ക്ക് വേണ്ടി പ്രസംഗങ്ങള്‍ നടത്തി. അവര്‍ക്ക് വേണ്ടി പ്രതിഷേധ റാലികള്‍ നടത്തി ....
ആ നാടോടി ബാലികയായ ആസിഫയെ ആരോര്‍ക്കാന്‍...??
അവര്‍ക്ക് വേണ്ടി ആരു ശബ്ദിക്കാന്‍ ..??
പൊരി വെയിലില്‍ ദാഹിച്ചു നില്‍ക്കുന്ന കുതിരയുടെ ദാഹം തീര്‍ക്കാന്‍ വന്ന ആസിഫയുടെ കുഞ്ഞു മനസ്സ് ഒരിക്കലും കരുതിയിരുന്നില്ല താനും കുറെ മതവെറിയന്മാരുടെ കാമദാഹം തീര്‍ക്കുവാനുള്ള ഇര ആകേണ്ടി വരുമെന്ന്...
തന്‍റെ ദാഹം തീര്‍ക്കാന്‍ പതിവായി വെള്ളവുമായി വന്നിരുന്ന കുട്ടിയ രണ്ടു ദിവസമായി കാണാതിരുന്നപ്പോള്‍ ആ കുതിരയുടെ കണ്ണുകള്‍ കണ്ണുനീര്‍ പൊഴിച്ചു.മഞ്ഞുരുകുന്ന കാശ്മീര്‍ താഴ്വരകളിലേക്ക് കണ്ണും നട്ടു അവന്‍ ആസിഫക്ക് വേണ്ടി കാത്തിരുന്നു......
ഒരു പീഡോ വൈകൃതം ഉള്ള വ്യക്തി കാമം തീര്‍ത്താല്‍ അതൊരു മാനസിക വൈകല്യം ആയി കരുതാം പക്ഷെ മതം തലയ്ക്കു പിടിച്ചു മനുഷ്യനെ തിരിച്ചറിയാതെ ഇത്തരം നീച പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ കാണുമ്പോള്‍ അതിയായ വിഷമം തോന്നുന്നു.ഭാവിയില്‍ വരാന്‍ പോകുന്ന വലിയ കലാപങ്ങളുടെയും ലഹളകളുടെയും ദൃഷ്ടാന്തമാണ് ഈ പ്രവര്‍ത്തികള്‍ എന്ന് തോന്നുന്നു.
ഒരു കുറ്റവാളിയെ കുറ്റവാളി ആയി തന്നെ കാണുവാനുള്ള കണ്ണുകള്‍ ആണ് നമുക്കെല്ലാം വേണ്ടത്.അല്ലാതെ ബലാത്സംഗ കൊലപാതകികളുടെ പേരും ,മതവും,ജാതിയും,രാഷ്ട്രീയവും,പണത്തിന്റെ തൂക്കവും നോക്കി പക്ഷ പ്രതിപക്ഷ നാടകങ്ങള്‍ ചമച്ചു അവനു വേണ്ടി നിയമത്തെ വ്യഭിചരിക്കുന്ന അധികാരവര്‍ഗ്ഗം ദുരന്തം തന്നെയാണ്.ഇരയുടെയും വേട്ടക്കാരന്റെയും പേരുകള്‍ നോക്കി പ്രതികരിക്കുന്ന വികല മനസ്സുകളുടെ ഭൂരിപക്ഷം ആയിരിക്കുന്നു ഇന്ന് നമ്മുടെ സമൂഹം.
നീതിക്ക് വേണ്ടി മുറവിളി കൂട്ടാനൊന്നും ഇല്ല ..!
അല്ലെങ്കിലും എന്ത് നീതി ..??
കുറച്ചു നാളത്തെ മാധ്യമ വാര്‍ത്തകള്‍ കഴിയുമ്പോള്‍ നമ്മള്‍ എല്ലാവരും നിന്നെ മറവിയില്‍ ഒളിപ്പിക്കും.കുഞ്ഞുടുപ്പും കുഞ്ഞു ബാഗും പിടിച്ചു നിന്റെ ഓര്‍മ്മകളില്‍ ജീവിക്കാന്‍ നിന്റെ മാതാപിതാക്കള്‍ മാത്രം ബാക്കിപത്രമായി അവശേഷിക്കും ഈ ഭൂമിയില്‍.
ന്യൂനപക്ഷ സമുദായത്തെ സുഖിപ്പിക്കാനും,മതത്തെ അവഹേളിക്കുവാനും വേണ്ടി ആണോ ഈ പോസ്റ്റ്‌ ഇട്ടതെന്ന് ചോദിക്കുന്നവരോട് പറയുവാന്‍ ഇത്ര മാത്രം.
ഹിന്ദു ആയാലും മുസ്ലീം ആയാലും കൃസ്ത്യന്‍ ആയാലും ഒരിക്കലും ഇത്തരം കഴുവേറികളുടെ വൃത്തികെട്ട പ്രവര്‍ത്തികളെ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരില്‍ ന്യായീകരിക്കരുത്.
ക്ഷേത്രപൈതൃകങ്ങളെയും,വിശ്വാസത്തിന്റെയും,
സംസ്കാരത്തിന്റെയും മുകളില്‍ മത വര്‍ഗ്ഗീയതയുടെ കാമം മുഖം കാണിച്ചു വികൃതമാക്കുവാന്‍ ശ്രമിച്ച നരാധമാന്മാരെ ഹിന്ദുക്കള്‍ തന്നെ ഒറ്റപ്പെടുത്തണം.
കൊച്ചു കുഞ്ഞിനെ മതത്തിന്റെ പേരില്‍ ദേവസന്നിധിയില്‍ വച്ച് പിച്ചി ചീന്തി കൊന്നു തള്ളിയവരെ മതത്തിന്റെ പേരിലോ രാഷ്ട്രീയത്തിന്റെ പേരിലോ ന്യായീകരിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവരേക്കാള്‍ ഹീന മനസ്സുള്ള അധമ ജന്മങ്ങള്‍ തന്നെയായിരിക്കും നിങ്ങള്‍.
അതായത് ഭൂലോക ദുരന്തങ്ങള്‍ ...!!!
ആസിഫയോട് പറയുവാന്‍ ഒന്നെയുളൂ ...

കുഞ്ഞേ ..മാപ്പ്...!!!

2018, ഏപ്രിൽ 11, ബുധനാഴ്‌ച

ഒഴിഞ്ഞ വീടുകള്‍

ചില വീടുകൾ ആളുണ്ടായിട്ടും ശൂന്യമായതായി തോന്നാറുണ്ട്.ആ വീട്ടിലെ താമസക്കാരുടെ കണ്ണുകളിൽ പ്രകാശം നഷ്ടപ്പെട്ടതായി കാണാം.സൂക്ഷിച്ചു നോക്കിയാൽ വലിയൊരു പുഴ ഒഴുകിയിറങ്ങിയ ചാലുകളാ കവിളിണകളിൽ കാണാം....,
ആ വീടിന്റെ മുറ്റം നിറയെ പൂക്കളായിരിക്കും.
തോട്ടത്തിലെ ചെടികളിലെ ഒരു പൂവു പോലും
കരസ്പര്‍ശമേറ്റതായി കാണുവാന്‍ കഴിയില്ല. 
അവ വാടിക്കൊഴിഞ്ഞു മണ്ണിനെ ചുംബിച്ചു കൊണ്ട് ഇഹലോകം പുൽകും....,
ആ വീടിനു മുന്നിലെ കുഞ്ഞു മാവിൽ നിറയെ മാമ്പഴമായിരിക്കും.അണ്ണാനും പക്ഷികളും മത്സരിച്ചവയെ ഭക്ഷിക്കുകയാവും.അതിരിൽ നട്ട ചെമ്പരത്തിയുടെ ചെറുചില്ലയിൽ കൂടു കൂട്ടി മുട്ടയിട്ടടയിരിക്കുന്ന കുരുവിയുണ്ടായിരിക്കും...,
ആ വീടിന്റെ മുറ്റം എപ്പോഴും വൃത്തിയുള്ളതായിരിക്കും. വീടിന്റെ ഉള്ളിൽ എപ്പോഴും മൂകമായൊരു നിശ്ശബ്ദതയായിരിക്കും അല്ലെങ്കിൽ ഒച്ച തീരെ കുറച്ചു കേൾക്കുന്നൊരു ഗസൽസംഗീതം...,
ആ വീടിന്റെ ചുമരുകളെല്ലാം പുതുമയിൽ തന്നെയുണ്ടാവും.ഓരോ മുറിയും വൃത്തിയും അടുക്കും ചിട്ടയുമുള്ളതായിരിക്കും....,
ആ വീട്ടിൽ താമസിക്കുന്നവർ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ഇനിയെങ്ങനെ എന്റെ സമയത്തെ കൊല്ലുമെന്ന് ആലോചിച്ചു നെടുവീർപ്പെടുന്നവര്‍ ആയിരിക്കും.മറ്റാരേക്കാളും നന്നായി പുഞ്ചിരിക്കാനറിയുന്നവരായിരിക്കും....,
ശലഭങ്ങളില്ലാത്ത പൂന്തോട്ടങ്ങളായ ആ വീട് ലോകത്തിലെ ഏറ്റവും വലിയ ഇല്ലായ്മകളിലൊന്നായ മക്കളില്ലായ്മ അനുഭവിക്കുന്നവരുടേതായിരുക്കും... !
ആ പൂന്തോട്ടലിലെ പൂക്കൾ കുഞ്ഞു കരസ്പര്‍ശമേല്‍ക്കാനും...,
മാമ്പഴങ്ങൾ കൊച്ചരിപ്പല്ലിന്റെ ഇക്കിളി കിട്ടാനും, കുരുവികള്‍ കൗതുകമുള്ള കുഞ്ഞിക്കണ്ണുകള്‍ കാണാനും...,
ചുമരുകൾ കുഞ്ഞി കരവിരുതറിയാനും ഒരുപാട് കൊതിക്കാറുണ്ട്.. ...
കടകളിലെ കുഞ്ഞുടുപ്പുകളും കളിക്കോപ്പുകളും കണ്ടു കൊതിയോടെ അതിലേറെ ആർത്തിയോടെ ആരും കാണാതെ തൊട്ടു നോക്കി.ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തൂവാല കൊണ്ടു ഒപ്പി മാറ്റി പുഞ്ചിരിയോടെ നടന്നു പോകുന്ന ചിലരുമുണ്ട്.....
വീടിനുള്ളില്‍ കരിവളകളുടെയും പാദസ്വരങ്ങളുടെയും ശബ്ദം കേൾക്കണം എന്ന് മാത്രം ആഗ്രഹിച്ചു കൊണ്ട് ജീവിക്കുന്നവർ....
അവർക്കുമുന്നിൽ മറ്റെന്തും അപ്രസക്തങ്ങളാണ്..!!
പ്രാര്‍ഥനയും,നേര്‍ച്ചയും,വഴിപാടും,പ്രതീക്ഷയും ഒക്കെയായി ഒരു കുഞ്ഞിക്കാലു കാണാന്‍ ചിലര്‍ കാത്തിരിക്കുമ്പോള്‍ മറ്റു ചിലര്‍ ഭോഗാവസാനമുള്ള അവശിഷ്ടം പോലെ സ്വന്തം ചോരയെ തെരുവുകളിലും,

ദേവാലയനടകളിലും,അമ്മതൊട്ടിലിലും ഒക്കെ ഉപേക്ഷിച്ചു മടങ്ങുന്നു.....

2018, ഏപ്രിൽ 10, ചൊവ്വാഴ്ച

കടല്‍ സ്നേഹം

"ഈ കടല്‍ത്തിരകള്‍ക്ക് തീരത്തോടുള്ള സ്നേഹം അപാരം തന്നെയാണ്...എത്രയൊക്കെ തലതല്ലി കരഞ്ഞു കൊണ്ട് തീരത്തോട് പിണങ്ങി പോയാലും തിരികെ വന്നു തിരമാലകള്‍ പോലുള്ള സ്നേഹകരങ്ങള്‍ കൊണ്ട് തീരത്തെ പുല്‍കുന്ന അപാര സ്നേഹം...
ഒരു ഒറ്റപ്പെടലിനും തീരത്തെ വിട്ടു കൊടുക്കാത്ത കടല്‍സ്നേഹം ...."
ആർത്തിരമ്പുന്ന കടൽത്തിരകളെ നോക്കിയിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ കടലിന്റെ സ്നേഹത്തെ കുറിച്ചുള്ള ചിന്തകള്‍ അലകള്‍ പോലെ അടിച്ചു കയറി. ഈ തീരത്ത് ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി.അനുമോൾ മണ്ണിൽ കളിവീടു പണിയുന്ന തിരക്കിലാണ്.വിനു ഇല്ലാതെ ആദ്യമായാണ് ബീച്ചിലേക്ക് വരുന്നത്. ബീച്ചിലേക്കെന്നല്ല വിനുവേട്ടനില്ലാതെ ഒരിക്കൽ പോലും വീടിനു പുറത്തേക്കിറങ്ങിയിട്ടില്ല.
ഇനിയങ്ങനെ ഇരിക്കാൻഎനിക്ക് കഴിയില്ലല്ലോ..??
കാലത്തിന്റെ കൈകളിലെ സമയ സൂചികയിലെ ചെറിയ ചലനം കൊണ്ട് ഞാനൊരുപാട് മാറിയിരിക്കുന്നു.... ഒരു പക്ഷേ ആരും പ്രതീക്ഷിക്കാത്ത രീതിയിൽ തന്നെ...
വിനുവേട്ടൻ വേലിയേറ്റമില്ലാത്ത തിര പോലെ എന്നെ വിട്ടു പോയിട്ട് ഇന്നേക്ക് ഒരു വര്‍ഷവും മൂന്നു മാസവും പിന്നിട്ടിരിക്കുന്നു. ഒരിക്കലും തിരിച്ചു വരില്ല എന്ന യാഥാര്‍ഥ്യം ഉൾകൊള്ളാൻ ആദ്യമൊന്നും കഴിഞ്ഞില്ലെങ്കിലും ഇന്നത് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.ചെറിയൊരു കുഗ്രാമത്തിൽ നിന്നും അഞ്ചു വർഷം മുന്നേ വിനുവേട്ടന്റെ കൈപിടിച്ച് ഈ നഗരത്തിൽ എത്തുമ്പോൾ എനിക്ക് ആശ്ചര്യമായിരുന്നു. തനി നാട്ടിന്‍പുറത്തുകാരിയായ തനിക്കൊരിക്കലും ഇഴുകിച്ചേരാൻ കഴിയാത്ത സംസ്കാരമുള്ള മനുഷ്യരായിരുന്നു ചുറ്റും.സാരിയും ദാവണിയും ചുരിദാറും ധരിക്കുന്നവരെ മാത്രം കണ്ടു പഴകിയ കണ്ണുകൾ ജീൻസും,ടോപ്പും,സ്കേർട്ടും,ഒക്കെ ധരിച്ച സ്ത്രീ ശരീരങ്ങൾ കാണുമ്പോൾ അത്ഭുതത്തോടെ നോക്കി നിൽക്കുമായിരുന്നു.നീണ്ടമുടി പിന്നിക്കെട്ടി ഒരു മൂന്നാലു പൊട്ടും തൊട്ട് കുറച്ചു സ്വർണാഭരണങ്ങളും അണിഞ്ഞു പട്ടുചേലയും ചുറ്റി നടക്കുന്ന എന്നെ അവർക്കും അത്ഭുതം തന്നെയായിരുന്നു....
"ഹോ... ! എന്റെ മീരാ..., ഇത് നിന്റെ പട്ടിക്കാടല്ല, ബാംഗ്ലൂർ സിറ്റി ആണ്.കുറച്ചു കൂടെ ഒക്കെ മോഡേൺ ആവാം തനിക്കും ..."
അങ്ങനെ പറയുമ്പോൾ കരിമഷി പടര്‍ന്ന ഉണ്ടക്കണ്ണുകളും നിറച്ചു നിൽക്കുന്ന എന്റെ മുഖം കൈക്കുമ്പിളിലാക്കി വിനുവേട്ടൻ പറയും
"അപ്പോഴേക്കും കണ്ണ് മുള്ളാൻ തുടങ്ങിയല്ലോ..?
ഇത് നഗരമാണ് മീരാ ...പല സ്വഭാവത്തിൽ ഉള്ളവർ താമസിക്കുന്നിടം.നീ ഇങ്ങനെ സ്വര്‍ണ്ണക്കടയുടെ പരസ്യം പോലെ നടന്നാൽ ഉടലോടെ ആരേലും എടുത്തോണ്ട് പോകും. നീയില്ലാതെ പിന്നെ എനിക്ക് ജീവിക്കാൻ കഴിയോ...??"
"അയ്യടാ "
വിനുവേട്ടന്റെ കവിളിൽ നുള്ളി ആ നെഞ്ചിലേക്ക് ചായും.അച്ഛന്റെ കൈത്തുമ്പ് കഴിഞ്ഞാൽ ഏറ്റവും സുരക്ഷിതമായി തനിക്കുള്ളത് ആ നെഞ്ചിൻകൂട് മാത്രമായിരുന്നു.പരിഷ്കാരിയായ ചെറുക്കനെ തനിക്കു വേണ്ടെന്നു പറഞ്ഞു വാശി പിടിച്ചു കരഞ്ഞിരുന്നു എങ്കിലും വിവാഹ ശേഷം അന്നങ്ങനെ പറഞ്ഞതിൽ ദൈവത്തോട് ഒരായിരം വട്ടം മാപ്പു പറഞ്ഞിട്ടുണ്ട്.ഈ ലോകത്ത് എനിക്ക് വേണ്ടി മാത്രം ദൈവം കരുതി വച്ച നിധി ആയിരുന്നു എന്റെ വിനുവേട്ടന്‍...
അങ്ങനെ ഞങ്ങളുടെ മനോഹരമായ ജീവിതത്തിലേക്ക് അനുമോളും കടന്നു വന്നു. എല്ലാ പെണ്മക്കളെ പോലെ തന്നെ വിനുവേട്ടനായിരുന്നു അവൾക്കേറ്റവും പ്രിയപ്പെട്ടവൻ. അനുമോൾ വളർന്നതും അവൾക്ക് നാലു വയസ്സായതുമൊക്കെ കണ്ണു ചിമ്മുന്ന വേഗത്തില്‍ കാലം കഴിച്ചു.സന്തോഷകരമായ എന്റെ ജീവിതത്തില്‍ ഞാന്‍ ഏതു ദിവസമാണ് ജീവിക്കുന്നത് എന്ന് പോലും
എനിക്ക് അറിയില്ലായിരുന്നു.ഓരോ നിമിഷവും സ്നേഹം നിറച്ചു കൊണ്ട് മോളും വിനുവേട്ടനും മഴ പോലെ പെയ്തിരുന്നു.
വിനുവേട്ടൻ ഓഫീസിലും മോള്‍ സ്കൂളിലും പോയി കഴിഞ്ഞാല്‍ പിന്നെ വീട്ടിൽ തനിച്ചായിരുന്നു ഞാന്‍.ഒരു ഏകാന്തത പോലും എന്നെ തലോടാന്‍ വരാറില്ലായിരുന്നു.അത്രക്കും വാചാലമായ ഓര്‍മ്മകള്‍ ഓരോ ദിവസവും മനസ്സ് കരുതി വയ്ക്കുമായിരുന്നു. പക്ഷെ ഈ നഗരം എന്നും സമയക്കുറവുള്ളവരുടെ കൂടിയായിരുന്നു.എപ്പോഴും അച്ഛനും മകൾക്കും വേണ്ടി എന്തെങ്കിലും ചെയ്തു അവരെ സന്തോഷിപ്പിക്കുക എന്നതു മാത്രമായിരുന്നു എന്റെ ലക്‌ഷ്യം.ചിലപ്പോള്‍ പാചകം ചെയ്തും,പാട്ടു പാടിയും,ചിത്രങ്ങള്‍ വരച്ചുമൊക്കെ ഞാന്‍ അവര്‍ക്കായി എന്തെങ്കിലും കരുതി വയ്ക്കും.
പക്ഷെ ഞാനാ ഫ്‌ളാറ്റിന്റെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങി കൂടുന്നതിനോട് വിനുവേട്ടന് തീരേ താല്പര്യം ഇല്ലായിരുന്നു.വിവാഹം കഴിഞ്ഞു വന്നപ്പോൾ തന്നെ വിനുവേട്ടന്‍ ഇങ്ങനെ പറഞ്ഞു തുടങ്ങി.
"എന്തെങ്കിലും പഠിക്കാൻ പോടോ,
താനെന്താ ഇങ്ങനെ ആയി പോയത് ..?
തന്റെ കയ്യിൽ ഒരു ഡിഗ്രി ഇല്ലേ..?ഒന്നുമല്ലെങ്കിലും അടുത്ത ഫ്‌ളാറ്റിലെ കുട്ടികൾക്കെങ്കിലും ട്യൂഷന്‍ എടുത്തു കൂടെ തനിക്ക്...??
എന്തെങ്കിലുമൊക്കെ വാങ്ങാൻ എന്നോട് ചോദിക്കണ്ടല്ലോ.... ???
അല്ലെങ്കിൽ മീരക്ക് തുടർന്ന് പഠിച്ചൂടെ... ???"
നിരന്തരമായ വിനുവേട്ടന്റെ സമ്മർദങ്ങൾക്ക് വഴങ്ങി ഞാൻ തുടർ പഠനത്തിന്‌ അപേക്ഷിച്ചു.അതും ഡിസ്റ്റന്റ് എഡ്യൂക്കേഷൻ വഴി.ആ സമയത്താണ് അനുമോൾ ജനിക്കുന്നത് എന്നാൽ പഠനം പാതി വഴിയിൽ ഉപേക്ഷിക്കാൻ അദ്ദേഹം അനുവദിച്ചില്ല...
"മകളെ നോക്കാതെ അല്ലല്ലോ നീ ഇരിക്കുന്നത്..?
വീടിനു പുറത്തു പോയി പഠിക്കണ്ടല്ലോ മീരാ .. പരീക്ഷാ സമയത്തു പോയാൽ പോരെ..? "
വിനുവേട്ടന്റെ ഇങ്ങനെയുള്ള വാക്കുകൾ പലപ്പോഴുമെന്നെ അലോസരപ്പെടുത്താറുണ്ടായിരുന്നു. അതിനെ ചൊല്ലി മാത്രം ഞങ്ങൾ വഴക്കിട്ടിട്ടുമുണ്ട്.
"എനിക്ക് വീട്ടമ്മയായി ജീവിച്ചാൽ മതി വിനുവേട്ടാ.. അനുമോളുടെയും ഏട്ടന്റെയും ഒരു കാര്യത്തിനും ഞാൻ മുടക്കം വരുത്തുന്നില്ലല്ലോ..??
എനിക്ക് നിങ്ങളുടെയൊക്കെ കാര്യങ്ങള്‍ ചെയ്തു കൊണ്ട് ജീവിച്ചാല്‍ മതി.അത് തന്നെയാണ് എന്റെ സന്തോഷവും... "
ഒരിക്കൽ ഇതേയിടത്ത് വിനുവേട്ടന്റെ തോളിൽ തല ചായ്ച്ചു ഞാനിരുന്നു ഇങ്ങനെ പറയുമ്പോൾ എന്റെ മുടിയിഴകളെ തലോടിക്കൊണ്ട് ..
" മീരാ... നീയത് നോക്കൂ....
ദൂരെ നങ്കൂരമിട്ടു കടൽ തിരമാലയിൽ നൃത്തം ചവിട്ടുന്ന ഒരു കപ്പലിനെ ചൂടിക്കാട്ടി വിനുവേട്ടൻ പറഞ്ഞു 'നീ ആ കപ്പൽ കണ്ടില്ലേ.... ??
ഈ കടലു പോലെയാണ് നമുക്കു മുന്നിൽ ജീവിതം. കടലിനു നടുവിലെ കപ്പലു പോലെ മനുഷ്യ ജീവിതവും. ഒരു നിമിഷം വീശിയടിക്കുന്ന കാറ്റിൽ തകർന്നടിഞ്ഞു കടലിന്റെ ആഴങ്ങളിലേക്ക് പോകാൻ മാത്രം ശക്തിയെ ആ കപ്പലിനുള്ളൂ.അതു പോലെയാണ് മനുഷ്യ ജീവനും. നിനയ്ക്കാതൊരു നാളിൽ മരണം എന്നെയും വിഴുങ്ങി കളഞ്ഞാല്‍ നീയും നമ്മുടെ മോളും എന്തു ചെയ്യും..???
അവളെയും കൂട്ടി നീ നിന്റെ നാട്ടിലേക്ക് പോകുമായിരിക്കും പിന്നെ അവളെ എങ്ങനെ നീ വളർത്തും..??
അവളുടെ പഠനം വിവാഹം ഇതൊക്കെ മറ്റൊരാളുടെ കൈത്താങ്ങില്ലാതെ നിനക്ക് ചെയ്യാൻ കഴിയുമോ..? "
" വിനുവേട്ടാ... പ്ലീസ്... അങ്ങനെയൊന്നും പറയല്ലേ നിങ്ങളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.
ഞാൻ മരിച്ചതിനു ശേഷം നിങ്ങള്‍ മരിച്ചാൽ മതി...!"
വിനുവേട്ടന്റെ വായ പൊത്തി ഞാനത് പറയുമ്പോൾ എന്നെയും മോളെയും ചേർത്തു പിടിച്ചു അദ്ദേഹം പറയും
"നിങ്ങളെ തനിച്ചാക്കി എനിക്കൊറ്റയ്ക്കങ്ങനെ പോവാൻ കഴിയോ...??"
പക്ഷേ തമാശയ്ക്കു പറയുന്ന ചില വാക്കുകൾ പോലും ദൈവം പെട്ടെന്നെടുത്തു വയ്ക്കും.ഒരു ബൈക്ക് അപകടത്തില്‍ എനിക്കും മോൾക്കും അദ്ദേഹത്തെ നഷ്ടമായി.നിനച്ചിരിക്കാതെ മരണം എന്റെ വിനുവേട്ടനെ കൂട്ടി കൊണ്ട് പോയത് എനിക്കുൾക്കൊള്ളാൻ മാസങ്ങളെടുത്തു. അദ്ധേഹത്തിന്റെ നിശ്ചലമായ ശരീരത്തിനൊപ്പം നാട്ടിൽ പോകുമ്പോള്‍ എന്റെ ലോകം അവസാനിച്ചു എന്നെനിക്കു തോന്നിയിരുന്നു.ആ ചലനമറ്റ കൈകള്‍ ഒരിക്കല്‍ എങ്കിലും എന്റെ നെറുകയില്‍ തലോടിയെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു.
ഒരു ഭൂമികുലുക്കത്തിന് ശേഷം തകര്‍ന്നടിഞ്ഞ കോണ്‍ക്രീറ്റ് പാളികള്‍ക്ക്‌ ഇടയിലൂടെ തല പൊക്കി വരുന്ന പുല്‍നാമ്പ് പോലെ ഞാനും ആ വേര്‍പാടില്‍ നിന്നും കരകയറി. കാരണം അദ്ദേഹത്തിന്റെ വാക്കുകളും ആഗ്രഹങ്ങളും എന്റെ മനസ്സിൽ അഗ്നി പോലെ പടർന്നു കയറിയിരുന്നു.അദ്ദേഹം മരിച്ചു മൂന്നാം മാസം ഞാൻ ബാംഗ്ലൂരിലെ ഞങ്ങളുടെ ഫ്‌ളാറ്റിലേക്ക് തിരികെ വന്നു.ആദ്ദേഹമില്ലാത്ത ശൂന്യത എന്നെ വേട്ടയാടുമ്പോളും ഞാൻ തുടർന്നു പഠിച്ചു ജോലി നേടിയെടുത്തു, ഇന്നെന്റെ മകളുടെ ഭാവി എന്റെ കയ്യിൽ ഭദ്രമാണ്.ഒരു പക്ഷെ എന്റെ വിനുവേട്ടന്‍ മുന്‍കൂട്ടി തന്‍റെ മരണത്തിന്റെ വരവ് അറിഞ്ഞു കാണും അതല്ലേ എനിക്ക് പറക്കാന്‍ മനസ്സില്‍ ചിറകു മുളപ്പിച്ചു തന്നത് ..?
സമൂഹം ഇത്രയും പുരോഗമിച്ചിട്ടും ആളുകളുടെ മനസ്സ് കറുപ്പു നിറത്തിൽ തന്നെയാണ്. ഭർത്താവില്ലാത്ത സ്ത്രീ സമൂഹത്തിന് മുന്നിൽ എല്ലായ്‌പോഴും പല രീതിയിൽ ഇരയാവുന്നു .
ഒരു ജോലി ഉള്ളവളാണെങ്കിൽ പിന്നെ പറയുകയും വേണ്ട, പക്ഷെ ... ആരുടേയും ആശ്രയമില്ലാതെ വയസ്സായ അച്ഛനമ്മമാരുടെ കണ്ണീരു കാണാതെ സഹോദരങ്ങൾക്കു മുന്നിൽ കൈ നീട്ടാതെ ഞാൻ ജീവിക്കുന്നു.
എന്റെ അനുമോൾക്ക് വേണ്ടി....
അവളുടെ അച്ഛന്റെ സ്വപ്നങ്ങൾക്ക് വേണ്ടി...
കടും ചുവപ്പു നിറത്തിൽ സൂര്യൻ കടലിലേക്ക് മുങ്ങി താഴാനൊരുങ്ങിയപ്പോൾ കവിളിൽ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് അനുവിന്റെ കൈകൾ പിടിച്ചു മീര തിരികെ നടന്നു.പിണങ്ങി പോകുന്ന തിര തീരത്തെ സ്നേഹ കരങ്ങള്‍ കൊണ്ട് തിരികെ വന്നു പുല്‍കുന്നത് പോലെ തന്‍റെ വിനുവേട്ടനും തിരികെ വന്നിരുന്നെങ്കില്‍ എന്നവള്‍ ആഗ്രഹിച്ചു....
" എന്താ പെണ്ണെ ഇത് ..?
അപ്പോഴേക്കും കണ്ണ് മുള്ളാൻ തുടങ്ങിയല്ലോ..?
നിന്റെ കയ്യിൽ അവൾ ഭദ്രമാണ് മീരാ...
ഞാനന്ന് പറഞ്ഞില്ലേ ഞാനില്ലായ്മയിൽ നീ ജീവിക്കേണ്ടത് ഇങ്ങനെ തന്നെയാണ്.
ഞാൻ ഒരുപാട് സന്തോഷവാനാണ്.... "
അവളുടെ ഉള്ളിരുന്നു വിനു വിളിച്ചു പറയുന്നത് പോലെ മീരയ്ക്ക് തോന്നി. ചെറു പുഞ്ചിരിയോടെ അവൾ ആത്മഗതം പറഞ്ഞു

" വിനുവേട്ടാ... നിങ്ങളാണ് യദാർത്ഥ പുരുഷൻ..! നിങ്ങളുള്ളപ്പോൾ എങ്ങനെ ജീവിക്കുന്നു എന്നല്ല മറിച്ചു നിങ്ങളില്ലായ്മയിൽ എങ്ങനെ ജീവിക്കണം എന്നെന്നെ പഠിപ്പിച്ച എന്റെ പ്രിയപ്പെട്ടവനേ നിന്റെ ഭാര്യാപദവി ചുരുങ്ങിയ കാലമെങ്കിലും അലങ്കരിക്കാൻ കഴിഞ്ഞതെന്റെ മഹാഭാഗ്യം..."

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...