2018, ഏപ്രിൽ 6, വെള്ളിയാഴ്‌ച

സൈബര്‍ ഇര

"യാത്രാ ഭ്രാന്തന്‍"
അതായിരുന്നു കൂട്ടുകാര്‍ക്കിടയിലെ അരുണിന്റെ വിളിപ്പേര്.മുഖപുസ്‌തകത്തിൽ സജീവമായുള്ള അരുണിന് എവിടെ ചെന്നാലും സൗഹൃദങ്ങളാണ് അതിനാൽ തന്നെ ഇടയ്ക്കിടയ്ക്ക് സൗഹൃദസംഗമം, ചാരിറ്റി അങ്ങനെയൊക്കെ യാത്രകൾ അവന്റെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരുന്നു.അരുൺ ഗോപാൽ എന്ന അവന്റെ പ്രൊഫൈൽ നിറയെ അതിനെക്കുറിച്ചുള്ള വിവരണങ്ങളും ഫോട്ടോകളും കൊണ്ട് നിറഞ്ഞിരുന്നു.നിനക്ക് നാട്ടിലെങ്ങാനും അടങ്ങി നിന്നൂടെ എന്ന ആളുകളുടെ ചോദ്യത്തിനു ഈ ഒരൊറ്റ ഉത്തരം മാത്രമേ അവനിൽ നിന്നും കേൾക്കാൻ കഴിയൂ...
" ഓരോ യാത്രകളും പുതിയ അനുഭവങ്ങളുടെ വലിയൊരു കടലാണ്, കണ്ട കാഴ്ചകൾ മറക്കാതിരിക്കാനും കാണാത്തവയുടെ സൗന്ദര്യം ആസ്വദിക്കുവാനും വേണ്ടിയാണ് എന്റെ യാത്രകള്‍ "
അരുണിന്റെ പുതിയ യാത്ര ഫേസ്ബുക് സൗഹൃദങ്ങളിൽ ഒരാളായ ദേവിയുടെ പുസ്തക പ്രകാശനത്തിനു കാസർഗോഡ് വരെയാണ്. നീലേശ്വരംകാരിയായ ദേവിയെ സുഹൃത്തായി കിട്ടിയിട്ട് അധിക കാലമൊന്നും ആയില്ല എന്നാലും വരുന്നവരെയൊക്കെ നേരില്‍ കാണാമല്ലോ എന്നതാണ് പ്രധാന ഉദ്ധേശം.സാധാരണ ദൂര യാത്രകൾക്ക് ട്രെയിനിലാണ് പോകുക പക്ഷെ ഈയിടയായി ബസ്‌ യാത്രകളോടുള്ള അരുണിന്റെ വല്ലാത്ത പ്രണയം കാരണം ലോഫ്‌ളോർ യാത്ര ലോ ഫ്ലോര്‍ ബസ്സിലേക്ക് മാറ്റി.
അരുൺ കയ്യിലിരുന്ന സീറ്റ് നമ്പർ നോക്കി അവൻ തന്റെ വലിയ ബാഗും തോളിലിട്ടു ബസിലേക്ക് കയറി. ഹാവൂ ഭാഗ്യം റിസർവ് ചെയ്തു കിട്ടിയത് വിന്‍ഡോ സീറ്റ് തന്നെ, ബാഗ് സീറ്റിനു മുകളിലെ ലഗ്ഗേജ് തട്ടിലേക്ക് വച്ച ശേഷം ഹെഡ്സെറ്റും ചെവിയിൽ തിരുകി അവനിരുന്നു.ഹെഡ്‍ഫോണിൽ നിന്നും ഒഴുകി വരുന്ന റഹ്മാൻ സംഗീതത്തിൽ ലയിച്ചു കണ്ണടച്ചിരുന്ന അവൻ തന്റെ ഒപ്പം സീറ്റ് പങ്കിടുന്ന വ്യക്തിയെയോ ബസ്‌ സ്റ്റേഷനിൽ നിന്നും ബസ് പുറപ്പെട്ടതോ ഒന്നും അറിഞ്ഞതേയില്ല.അവൻ ബസിന്റെ വിന്ഡോ ഗ്ലാസ് സൈഡിലേക്ക് നീക്കി വച്ചു.ബസ് ഏറെ ദൂരം പിന്നിട്ടിരിക്കുന്നു, ചെറിയ ചാറ്റൽ മഴയുണ്ട്.ആ മഴത്തുള്ളികൾ മുഖത്തേക്ക് തെറിക്കുമ്പോള്‍ കാറ്റ് വന്നു മഴത്തുള്ളികളെ ഒപ്പിയെടുക്കുമ്പോള്‍ വല്ലാത്തൊരു കുളിരു തന്നെ.അവൻ പുറം കാഴ്ചകൾ ആസ്വദിച്ചു കൊണ്ടിരുന്നു.ഇതിനിടയിൽ ബസ് ഒരുപാട് സ്റ്റേഷനുകൾ കയറിയിറങ്ങി യാത്ര തുടർന്നു, മഴ കുറേക്കൂടി കനത്ത തുള്ളികളെ സമ്മാനിച്ചു കൊണ്ട് ആഞ്ഞു പെയ്യാൻ തുടങ്ങി.വെള്ളത്തുള്ളികൾ അകത്തേക്ക് വിളിക്കാത്ത വിരുന്നുകാരനെ പോലെ കടന്നു വന്നു കൊണ്ടേയിരുന്നു..
" അനിയാ..ആ വിൻഡോ ഒന്ന് അടച്ചേക്കൂ,
വെള്ളം അകത്തേയ്ക്കു വരുന്നത് കണ്ടില്ലേ... ??"
ഇത്രയും നേരത്തിനിടയ്ക്ക് അപ്പോഴാണ് ഞാൻ എന്റെ സഹയാത്രികനെക്കുറിച്ചു ആലോചിച്ചത്. അയാളെ ശ്രദ്ധിച്ചത്.ക്ഷമ പറഞ്ഞു കൊണ്ട് ഞാൻ ഗ്ലാസ് നീക്കിയിട്ടു ,മഴ ഗ്ലാസ്സിലൂടെ വേഗത്തിൽ ഒഴുകി താഴേക്കിറങ്ങുന്നു.റോഡ് മുഴുവൻ ഒരു പുഴ പോലെയുണ്ട്. മഴയുടെ ശക്തിയിൽ എതിരെ വരുന്ന വാഹനങ്ങൾ പുകമറയ്ക്കുള്ളിൽ നിൽക്കുന്നതു പോലെ തോന്നി.ഞാൻ മുകളിൽ വച്ച ബാഗിൽ നിന്നും കുറച്ചു സ്നാക്സ് കയ്യിലെടുത്തു എന്റെ സഹയാത്രികന്റെ നേരെ നീട്ടി " വേണ്ട " അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു.പിന്നെയും യാത്ര തുടർന്നു. വൈകുന്നേരം പുറപ്പെട്ട ബസ് നാളെയോടെയേ അവിടേയ്ക്ക് എത്തുകയുള്ളൂ രാത്രി ഭക്ഷണം കഴിക്കാൻ ഒരു സ്റ്റേഷനിൽ നിർത്തിയപ്പോഴാണ് ഞാൻ എന്റെ അടുത്തിരുന്ന മനുഷ്യന്റെ മുഖം നല്ലതു പോലെ ശ്രദ്ധിച്ചത്. നന്നായി അറിയാവുന്ന ഒരാളുടെ മുഖം പക്ഷെ ആരാണെന്ന് മനസ്സിലാവുന്നില്ല.
വലിയ താടിയും നീണ്ട മുടിയും നന്നേ വെളുത്തു ഉയരമുള്ള അയാളുടെ ഇടതു തോളിൽ ഒരു തുണി സഞ്ചിയും ഉണ്ട്.അലക്കി തേച്ച ജുബ്ബയും മുണ്ടുമാണ് വേഷം. ചൈതന്യമുള്ള കണ്ണുകൾ.അരുൺ അയാൾക്കരികിലേക്കു നടന്നു ചെന്നു.അരുണിനെ കണ്ടു അയാൾ ചെറുതായൊന്നു പുഞ്ചിരിച്ചു.നന്നായി സംസാരിക്കാൻ കഴിവുള്ള അരുൺ പെട്ടെന്നു തന്നെ അയാളുമായി സൗഹൃദം സ്ഥാപിച്ചു. 'രാമഗുപ്തൻ' എന്നായിരുന്നു അയാളുടെ പേര്.അവർ കുടുബത്തെക്കുറിച്ചും,പുസ്തകങ്ങളെക്കുറിച്ചും, രാഷ്ട്രീയത്തെക്കുറിച്ചും ഒക്കെ ഒരുപാട് സംസാരിച്ചു. സംസാരത്തിൽ നിന്നും എല്ലാ കാര്യങ്ങളെക്കുറിച്ചും നന്നായി അറിയാവുന്ന ആളാണ് തന്റെ കൂടെയിരിക്കുന്നതെന്നു അരുണിന് മനസ്സിലായി, രാത്രിയുടെ ഭീകരമായ കറുത്ത രൂപം ചില ഗ്രാമ പ്രദേശങ്ങളിൽ നിഴലിച്ചു കണ്ടിരുന്നു.ചിലയിടങ്ങളിൽ പകലിനേക്കാൾ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുടെ പ്രകാശ വർഷവും.സംസാരിക്കുന്നതിനിടയിൽ അരുൺ ഗുപ്തനോട് ചോദിച്ചു .
.
"ഗുപ്തൻ മാഷെ നിങ്ങളെ എനിക്ക് നന്നായി അറിയാം.നമ്മൾ ഇതിനു മുന്നെ കണ്ടിട്ടുണ്ടോ..? ഉണ്ടെന്നു തീർച്ച, പക്ഷേ എവിടെയാണെന്ന് ഓർമ കിട്ടുന്നില്ല.... "
ഗുപ്തൻ ചിരിച്ചു കൊണ്ട് പറഞ്ഞു
"ഇത്ര ചെറുപ്പത്തിൽ തന്നെ ഓര്‍മ്മകള്‍ക്ക് മരണം സംഭവിക്കുന്നത്‌ അത്ര നല്ലതല്ലല്ലോ അനിയാ.."
"അപ്പൊ മാഷിനു എന്നെ അറിയാമോ ...??"
"കണ്ടിട്ടുണ്ട് ചില ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ചു ഒരു ലേഖനം വായിച്ചപ്പോൾ അതിൽ അനിയന്റെ ഫോട്ടോ കണ്ടിരുന്നു.."
അരുണിന് തന്നെക്കുറിച്ചു അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അത്. തന്റെ പ്രവർത്തികളെ കുറിച്ചറിഞ്ഞു ഒരാളെങ്കിലും തന്നെ തിരിച്ചറിഞ്ഞല്ലോ എന്ന സന്തോഷം. അവൻ ഗുപ്തനോട് പിന്നീട് സോഷ്യൽ മീഡിയ വഴി അവരുടെ ഗ്രൂപ്പ് ചാരിറ്റി നടത്തുന്നതിനെ പറ്റിയും മറ്റും സംസാരിച്ചു കൊണ്ടേയിരുന്നു,എല്ലാത്തിനും ഗുപ്തൻ ഉം എന്ന് മറുപടി നൽകി.
"ആട്ടെ താൻ എവിട പോകുകയാണ്..?
ഞാനത് ചോദിക്കാൻ മറന്നു.."
" അത് മാഷെ എന്റെ മുഖ പുസ്തകത്തിലെ ഒരു സുഹൃത്തിന്റെ പുസ്തക പ്രകാശനമാണ്.അതിനു പോകുകയാണ , ഞാനും ചോദിക്കാൻ വിട്ടു പോയി മാഷ് എങ്ങോട്ടാണ്.. ??"
"എനിക്ക് യാത്രകൾ ഒരുപാട് ഇഷ്ടമാണ്,മണ്ണിലേക്ക് അലിഞ്ഞില്ലാതാവും മുൻപേ ചില യാത്രകൾ ചെയ്തു തീർക്കാനുണ്ട്.രണ്ടു മൂന്ന് വര്‍ഷം ആയതേയുള്ളൂ തുടങ്ങിട്ട്. ചില കെട്ടുകൾക്കുള്ളിൽ ബന്ധിതനായിരുന്നു എന്നാല്‍ ഇപ്പൊള്‍ ഞാന്‍ സ്വാതന്ത്രനായിരിക്കുന്നു.."
അയാൾ ചിരിച്ചു കൊണ്ട് അരുണിനോട് പറഞ്ഞു.ആ ചിരിയിൽ ഒരു വിഷാദ ചുവയുണ്ടോ എന്ന് അരുണിന് തോന്നി.സംസാരത്തിനിടയിൽ
"മാഷിന് ഫേസ്ബുക് ഉണ്ടോ..?
എങ്കിൽ എന്നെ കൂടെയൊന്നു സൗഹൃദലിസ്റ്റിലേക്കു ചേർത്തോളൂ ... "
"രണ്ടു മൂന്നു വര്‍ഷം മുമ്പ് വരെയുണ്ടായിരുന്നു. ഇപ്പോൾ ഉപയോഗിക്കുന്നില്ല.."
ഇത്രയും പറഞ്ഞയാൾ സീറ്റിലേക്ക് ചാരി കണ്ണുകളടച്ചു.അരുണും ഉറക്കത്തിലേക്കു വഴുതി വീണു. ഉണരുമ്പോള്‍ അരുൺ കണ്ടത് ഗുപ്തൻ മാഷ് ഒരു അച്ഛന്റെ കരുതലിൽ തന്നെ ചേർത്തു പിടിച്ചിരിക്കുന്നതാണ്. ആ മനുഷ്യന്റെ തോളിൽ ചാരിയാണ് ഞാൻ ഉറങ്ങിയത് എന്നറിഞ്ഞപ്പോൾ ഗുപ്തനോട് അവനു ബഹുമാനം ഇരട്ടിയായി...
അവർ ഒൻപത് മണിയോടെ കാസർഗോഡ് എത്തി "ഒന്ന് ഫ്രഷ് ആവണമല്ലോ മാഷെ " ഗുപ്തനോട് അരുൺ പറഞ്ഞു .ബസ്‌സ്റ്റേഷനിലെ തന്നെ ടോയ്‌ലെറ്റിൽ അവർ ഫ്രഷ് ആയ ശേഷം ചെറിയൊരു കടയിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചു,കഴിക്കുന്നതിനിടയിൽ അരുൺ പിന്നെയും പറഞ്ഞു
" മാഷെ...എനിക്ക് നല്ല മുഖപരിചയം "
പുഞ്ചിരിയായിരുന്നു ഗുപ്തന്റെ മറുപടി. കഴിച്ചതിനു ശേഷം അവൻ ഗുപ്തനോട് പറഞ്ഞു
" മാഷെ എനിക്ക് നാളെ നീലേശ്വരത്ത് എത്തിയാൽ മതി. ഇന്ന് നമുക്ക് ഒരുമിച്ചു ഇവിടെയൊക്കെ ചുറ്റി നടക്കാം"
ഗുപ്തൻ അത് സമ്മതിച്ചു, പ്രകൃതി മനോഹരമാക്കിയ ഇടങ്ങളെല്ലാം അവർ ഒരുമിച്ചു കണ്ടു. ഗുപ്തൻ അരുണിന് കാണുന്ന സ്ഥലങ്ങളുടെ ചരിത്രവും വിശേഷണങ്ങളുമെല്ലാം ഒരു ടൂറിസ്റ്റു ഗൈഡിനെപ്പോലെ പറഞ്ഞു കൊടുത്തു.തന്റെ ക്യാമറയിൽ അതൊക്കെ പകർത്തുന്നതിനിടയിൽ അരുണതൊക്കെ അത്ഭുതത്തോടെ കേട്ടു നിന്നു. ഗുപ്തന്റെ വിശാലമായ അറിവുകളില്‍ അയാളോട് അവനു ബഹുമാനം കൂടിക്കൂടി വന്നു..
സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിലേക്ക് ഊളിയിടും വരെ അവരുടെ യാത്ര തുടർന്നു.അവസാനം ചെന്ന് നിന്നത് ബീച്ചിലായിരുന്നു.കടലയും കൊറിച്ചു കരിങ്കല്ലുകൾക്കരികിൽ അവരിരുന്നു..
കുട്ടികളും അച്ഛനമ്മമാരും കടൽത്തിരകളോടൊപ്പം കളിക്കുന്നു. അത് നോക്കി മൗനമായി ഇരുന്ന ശേഷം ഗുപ്തൻ പറഞ്ഞു,
"മക്കളുടെ കുട്ടിക്കാലത്തു ഞാനും ലക്ഷ്മിയും ഞങ്ങളുടെ സായാഹ്നങ്ങൾ മനോഹരമാക്കാൻ വേണ്ടി ഇതു പോലെ കടൽത്തീരത്തു വരുമായിരുന്നു.മക്കൾ വലുതായിക്കഴിഞ്ഞപ്പോൾ ലക്ഷ്മിയും ഞാനും മാത്രം വരും. അവളുടെ കൈ പിടിച്ചു നടക്കാൻ എനിക്കൊരുപാടിഷ്ടമായിരുന്നു.പക്ഷെ ഇപ്പോൾ അതൊക്കെ എനിക്ക് വെറും സ്വപ്നം മാത്രമാണ്, ഞാനില്ലാതെ ജീവിക്കാൻ കഴിയില്ല എന്ന് ആയിരം വട്ടം പറഞ്ഞിരുന്ന ലക്ഷ്മി എന്നോടിപ്പോള്‍ മിണ്ടാറില്ല, എന്റെ മകൻ നിന്റെ പ്രായമുണ്ടവന് അവനും എന്നോട് മൌനമാണ് ,ലോകത്താരെക്കാളും ഞാൻ സ്നേഹിച്ച എന്റെ മകള്‍ക്കും ഇപ്പോള്‍ എന്നോട് വെറുപ്പാണ്.അങ്ങനെ എല്ലാവർക്കും ഞാനിപ്പോൾ ഒരു വെറുക്കപ്പെട്ടവനും വൃത്തികെട്ടവനുമാണ്, മോശക്കാരനായ അച്ഛനൊപ്പം മക്കൾ ആഹാരം കഴിക്കാറില്ല, മിണ്ടാറില്ല, ഒരുവീട്ടിൽ താമസിക്കുന്ന അപരിചിതരെ പോലെയാണ് ഞങ്ങളിപ്പോൾ.."
"എന്താ മാഷെ ..എന്തുപറ്റി... ?
എന്താണ് മാഷ് ചെയ്ത തെറ്റ്...???"
അരുൺ ചോദിച്ചു.എന്നാൽ ചോദ്യത്തെക്കാൾ വേഗത്തിൽ ചാടിയെണീറ്റ് ഗുപ്തൻ അരുണിന്റെ കവിളിൽ ആഞ്ഞടിച്ചു.അടിയുടെ ശക്തിയിൽ അവൻ കൈകള്‍ കവിളില്‍ പൊത്തി വിറച്ചു കൊണ്ട് താഴേക്കിരുന്നു പോയി..
"നായിന്റെ മോനെ...എന്റെ ജീവിതം നശിപ്പിച്ചിട്ട് എന്നെ എല്ലാർക്കു മുന്നിലും വൃത്തികെട്ടവനാക്കിയിട്ട് എന്ത് പറ്റിയെന്നോ....??
എനിക്ക് നിന്നെ നന്നായി അറിയാം, നിനക്ക് ചാണക്യൻ എന്ന തൂലികാനാമത്തിലുള്ള ഒരു ഫേസ്ബുക്ക്‌ ഐഡിയെക്കുറിച്ചു അറിയാമോ... ???
എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കൂ..
നിനക്കു പെട്ടെന്ന് മറക്കാൻ കഴിയില്ല.എന്റെ മുകളില്‍ നീയൊക്കെ ചേർന്ന് കാമഭ്രാന്തൻ എന്നൊരു പേരു ചാർത്തി തന്നത് ഓര്‍മ്മയുണ്ടോ ..?
ആ ചാണക്യൻ ഞാൻ തന്നെയാ...."
അമ്പരപ്പോടെ അരുൺ അയാളെത്തന്നെ നോക്കി നിന്നു.. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അയാൾ തുടർന്നു..
"നിന്റെ പെണ്‍സുഹൃത്ത് എഴുതിയ ഒരു പോസ്റ്റിനെ വിമര്‍ശിച്ചു കൊണ്ട് ഞാനെഴുതിയ ഒരു കമന്റ്‌ കൊണ്ട് നീയൊക്കെ തകർത്തത് സ്വർഗം പോലെ ഞാൻ സൂക്ഷിച്ച എന്റെ കുടുംബത്തെയാണ്...
അവരുടെ സ്നേഹത്തെയാണ്...!!
പേജുകൾ കേറിയിറങ്ങി നിങ്ങൾ എന്റെ ഫോട്ടോ വച്ചും സ്വയം പടച്ചുണ്ടാക്കിയ സ്ക്രീൻ ഷോട്ടുകൾ ഇട്ടും എന്നെ സ്ത്രീകളുടെ ഇൻബോക്സിൽ കയറിയിറങ്ങുന്ന നാലാംകിട പൂവാലനായും.
സ്ത്രീലംബടന്‍ ആക്കിയും കഥ മെനഞ്ഞപ്പോൾ നഷ്ടമായത് ഒരിക്കലും തിരികെ ലഭിക്കാത്ത പലതുമാണ്....
'സ്വന്തം മകളെ പീഡിപ്പിച്ചു ഗര്‍ഭിണി ആക്കിയവന്‍' എന്ന് തലക്കെട്ട്‌ നല്‍കി എന്റെ ഫോട്ടോ വച്ച് നിങ്ങള്‍ ഗ്രൂപ്പുകളില്‍ ഷയര്‍ ചെയതപ്പോള്‍ ഈ ലോകം മുഴുവന്‍ എന്നെ കാമഭ്രാന്തന്റെ രൂപത്തില്‍ കാണുകയായിരുന്നു.ആവേശത്തോടെ എന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ആളുകള്‍ ഷയര്‍ ചെയ്തു.
നിന്റെ അച്ഛന്റെ പ്രായമുള്ള എന്നെ നീ എന്തൊക്കെ വൃത്തികെട്ട ഭാഷയില്‍ ആണ് തെറി വിളിച്ചത്..?
നാട്ടില്‍ ഇറങ്ങാന്‍ വയ്യാത്ത അവസ്ഥ ആയി.വീട്ടില്‍ എന്റെ ഭാര്യയുടെയും മക്കളുടെയും ഇടയില്‍ എത്രയൊക്കെ സത്യാവസ്ഥ പറയാനും ന്യായീകരിക്കാനും ശ്രമിച്ചിട്ടും നമുക്കിടയിലെ നിശബ്ദതയുടെ ഭിത്തി കെട്ടി തകര്‍ക്കുവാന്‍ കഴിഞ്ഞില്ല .
എനിക്ക് നഷ്ടപ്പെട്ടതെല്ലാം നിങ്ങൾക്ക് തിരികെ തരാൻ കഴിയുമോ ...??"
അത്രയും നേരം ശാന്തത കളിയാടിയിരുന്ന അയാളുടെ കണ്ണിലെ ജ്വലിക്കുന്ന അഗ്നി കണ്ടു അരുൺ അയാൾക്ക്‌ നേരെ കൈകൂപ്പി..
"മാഷെ, എന്നോട് ക്ഷമിക്കണം... തെറ്റു പറ്റിപ്പോയി , ഇത്രത്തോളം എത്തുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.
ജയിക്കുവാന്‍ വേണ്ടി ഞാനും എന്റെ സൈബര്‍ സുഹൃത്തുക്കളും ഏതറ്റം വരെയും പോകുമായിരുന്നു.അങ്ങനെ കാണിച്ച ഒരു നെറികെട്ട പ്രവര്‍ത്തി ആയിരുന്നു അതും..
എന്നോട് ക്ഷമിക്കണം ....."
വന്യമായി ചിരിച്ചു കൊണ്ട് ഗുപ്തൻ പറഞ്ഞു
"നിന്നെ എന്നെങ്കിലും കണ്ടാൽ കൊല്ലണം എന്നായിരുന്നു എന്റെ ആഗ്രഹം പക്ഷെ നിന്നെ കണ്ടപ്പോൾ,നീ എന്റെ തോളിലേക്ക് ചാഞ്ഞുറങ്ങിയപ്പോൾ ഞാൻ നിന്നിലെന്റെ മകൻ കണ്ണനെ കണ്ടു, അതുകൊണ്ടു മാത്രം നിന്നെ വെറുതെ വിടുന്നു.പക്ഷെ ദൈവത്തിന്റെ കോടതി നിന്നെ വെറുതെ വിടുമോയെന്നറിയില്ല...
അല്ലെങ്കിലും ഉറ്റവരാൽ ഉപേക്ഷിക്കപ്പെടുകയെന്നത്
എന്റെ നിയോഗമായിരിക്കാം, ഇനി ഒരിക്കലും നിന്നെ കാണാനിടവരാതിരിക്കട്ടെ... "
ഇത്രയും പറഞ്ഞു കൊണ്ട് ഗുപ്തൻ തന്റെ തോൾ സഞ്ചിയു തൂക്കി നടന്നു നീങ്ങുന്നത് നിശ്ചലനായി അരുൺ നോക്കി നിന്നു. അവന്റെ കണ്ണുകൾ പശ്ചാത്താപത്താൽ നിറഞ്ഞൊഴുകി.ഗുപ്തന്റെ അടിയിൽ വായ്ക്കകം മുറിഞ്ഞു ചോര കിനിയുന്നുണ്ട് എന്നാൽ ആ നീറ്റലിനേക്കാൾ അവനെ വേദനിപ്പിച്ചത് താന്‍ മൂലം തകര്‍ന്ന ആ മനുഷ്യന്റെ ജീവിതവും,
അയാളുടെ മൂര്‍ച്ചയുള്ള വാക്കുകളും ആയിരുന്നു.
ഈ മനുഷ്യനു നേരെ ആണല്ലോ നമ്മള്‍ സംഘം ചേര്‍ന്ന് ക്രൂരമായി സൈബര്‍ ആക്രമണം നടത്തിയത് ..??
ആര്‍ക്കു വേണ്ടി ആയിരുന്നു അതൊക്കെ ..?
ആരുടെയൊക്കെയോ മുന്‍പില്‍ ആളാകാനും ജയിക്കാനും വേണ്ടി ഒരു പാവം മനുഷ്യന്റെ കുടുംബം നമ്മള്‍ തകര്‍ത്തു .
ആ ഹൃദയവേദനയിൽ അവൻ പൊള്ളിപിടഞ്ഞു.ഏറെ നേരം കടലിലേക്ക് നോക്കി നിന്ന ശേഷം അവൻ തന്റെ ഫേസ്ബുക് പേജിൽ ഒരു ഫോട്ടോ അപ്ലോഡ് ചെയ്തു എന്നിട്ട് അതിൽ ഇങ്ങനെയെഴുതി...
"യാത്രയില്‍ ഞാനൊരു പ്രവാചകനെ കണ്ടെത്തി...
ദൈവത്തിന്റെ നിയോഗം പോലെ എന്നിലെ തിന്മയെ നിഗ്രഹിച്ചു നന്മയെ പുനസ്ഥാപിക്കാന്‍ പാതിവഴിയില്‍ എന്നോടൊപ്പം യാത്ര ചെയ്തു ലക്‌ഷ്യം പൂര്‍ത്തിയാക്കാതെ പോയൊരു പ്രവാചകന്‍ ....

പശ്ചാത്തപിക്കുന്ന അപരാധികളോട് ദൈവം ക്ഷമിക്കും എന്ന വിശ്വാസം മാത്രം ബാക്കി ....."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...