2018, ജൂൺ 29, വെള്ളിയാഴ്‌ച

പ്രതീക്ഷ

രാത്രി ഡ്യൂട്ടി കഴിഞ്ഞു മടങ്ങും വഴി ചെറുതായൊന്നു മിനുങ്ങി.ഇപ്പോൾ ഇതില്ലാതെ പറ്റാണ്ടായിരിക്കുന്നു, മാംസവും മദ്യവും ഒക്കെ നിഷിദ്ധമായിരുന്ന ഒരു തറവാട്ടിൽ പിറന്ന എനിക്കിപ്പോൾ ഇവ രണ്ടും ഇല്ലാതെ പറ്റില്ല. ജോലി കിട്ടിയപ്പോൾ കൂടെ കിട്ടിയതാണ് ഈ ശീലങ്ങളും.തീർത്തും വിജനമായിരിക്കുന്നു റോഡുകൾ.ഇടയ്ക്ക് പോകുന്ന ചില ചെത്തു പയ്യന്മാരുടെ ബൈക്കുകൾ കാണാം .
ഞാൻ ബസ് സ്റ്റോപ്പിലേക്ക് കയറി.ഇനിയും ഉണ്ട് അരമണിക്കൂർ ബസ് വരാൻ.ഈ പട്ടി കാട്ടിൽ ഒരു വണ്ടി പോലുമില്ല.ടൗണിൽ പോണമെങ്കിൽ രണ്ടു കിലോമീറ്റർ നടക്കണം.സിമന്റ് ബഞ്ചിൽ ഇരുന്നു ഒരു സിഗരറ്റ് എടുത്തു തീ കൊളുത്തി.
നല്ല നിലാവ്..,
പൂർണ ചന്ദ്രൻ എന്നെ തന്നെ നോക്കി നിൽക്കുന്നത് പോലെ തോന്നി.പെട്ടെന്ന് നിഴലും നിലാവും പ്രണയിക്കുന്ന നാട്ടിടവഴിയും തറവാടും അമ്മൂമ്മയും ഒക്കെ ഓർമ വന്നു , കുട്ടിക്കാലത്തു ജനലഴികളിലൂടെ പുറത്തേക്കു ചന്ദ്രനെ നോക്കി നിൽക്കും.സൂക്ഷിച്ചു നോക്കിയാൽ അതിൽ പല പല രൂപങ്ങൾ തെളിഞ്ഞു വരും.പിന്നെ പേടിച്ചു പുതപ്പും തലയിലൂടെ പുതച്ചു ഒരു കിടപ്പാണ്. ഇടയ്ക്ക് പുതപ്പു മാറ്റി പിന്നെയും നോക്കും.സിഗരറ്റ് എരിഞ്ഞു എന്റെ കൈയിൽ ചൂടടിച്ചപ്പോഴാണ് ഓർമകളിൽ നിന്നും മോചിതനായത്.വാച്ചിലേക്ക് നോക്കി ഇനിയും ഉണ്ട് ലാസ്റ്റ് ബസ് വരാൻ സമയം. ക്ഷമയില്ലാത്തവന്റെ മാനസികാവസ്ഥ ഊഹിക്കാവുന്നതിലും അപ്പുറമാണല്ലോ ..?
അങ്ങോട്ടും ഇങ്ങോട്ടും നടന്നു ഞാൻ സമയം കൊല്ലാൻ ശ്രമിച്ചു..ആഗ്രഹങ്ങൾ , സ്വപ്നങ്ങൾ ഒന്നും സഫലമാവാതെ പോയ ഈ ജന്മത്തോട് തന്നെ ദേഷ്യം തോന്നി ,ഡിഗ്രി കഴിഞ്ഞു തുടർപഠനത്തിന്ഡൽഹിയിൽ പോകാൻ നിൽക്കുമ്പോൾ ആണ് അച്ഛന്റെ മരണം. പെട്ടെന്ന് ഉണ്ടായ ഒരു സൈലന്റ് അറ്റാക്ക്,പോലീസ് കോൺസ്റ്റബിൾ ആയിരുന്ന അച്ഛന്റെ ജോലി ഇഷ്ടമില്ലായിരുന്നിട്ടും വീട്ടിലെ പ്രാരാബ്ധം കാരണം ഏറ്റെടുക്കേണ്ടി വന്നു. വീടിന്റെ അവസ്ഥ അത്ര ദയനീയമായ സാഹചര്യമായത് കൊണ്ട് വേറെ നിവൃത്തി ഉണ്ടായിരുന്നില്ല, അങ്ങനെ എന്റെ സ്വപ്നമായ ജേർണലിസത്തെ നടക്കാത്ത സ്വപ്നങ്ങൾക്ക് വേണ്ടി പണിത ശവകുടീരത്തിൽ അടക്കം ചെയ്തു, ആഗ്രഹങ്ങൾ സഫലമാകാത്ത ആത്മാവിനെ പോലെ സമാധാനമില്ലാതെ എന്റെ ഹൃദയത്തില്‍ അലഞ്ഞു നടന്നു..ഇപ്പോഴും നടക്കുന്നു.
അതേ, ഡൽഹി എന്നത് എനിക്ക് ബാലികേറാ മല പോലെയും,ഇതിനിടയിൽ വിവാഹം നടന്നു.മകൻ ജനിച്ചു, പോലിസ് സ്‌റ്റേഷനുകളേക്കാളും കൂടുതൽ ജോലി ചെയ്തത് മുതിർന്ന ഏമാന്മാരുടെ വീടുകളിൽ ആയിരുന്നു.സർക്കാർ ശമ്പളം പറ്റുന്ന വേലക്കാരൻ. മുതിർന്ന ഏമാന്മാരുടെ മക്കളുടെയും ഭാര്യമാരുടെയും എന്തിനേറെ അവരുടെ പട്ടികളുടെ പോലും ആട്ടും തുപ്പും കടിയും കൊണ്ട് തോട്ടക്കാരൻ ആയും കുശിനിക്കാരൻ ആയും ഈ പത്തു വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ കൂടുതലും കഴിഞ്ഞു...
ഇപ്പോൾ മൂന്നു മാസം കൊണ്ട് ഈ പട്ടികാട്ടിൽ.പാപി ചെല്ലുന്നിടം പാതാളം, കോട്ടേഴ്‌സ് പോലും ഇല്ല ,
"ചേട്ടാ...ലാസ്‌റ്ബസ് എത്ര മണിക്കാണ്...???"
മധുരമുള്ളൊരു പെൺശബ്ദം.ഞാൻ തിരിഞ്ഞു നോക്കി. ഇത്രയും നേരം ഇല്ലാതിരുന്ന ഈ പെൺകൊച്ചു ഇപ്പൊ എവിടെന്നാ വന്നത് ???
എന്റെ ജിജ്ഞാസ മനസ്സിലായിട്ടാവും അവൾ പറഞ്ഞു
" രണ്ടു മൂന്നു ചെക്കന്മാർ ബൈക്കിൽ വന്നെന്നെ ശല്യപ്പെടുത്തുകയായിരുന്നു.പെട്ടെന്ന് ഇവിടെ ആള് നിൽക്കുന്നത് കണ്ടു അതാണ്‌ ഓടി കയറിയത്..."
ഗൗരവം വിടാതെ തന്നെ ഞാൻ ചോദിച്ചു
" ഇത്രയും രാത്രി വരെ താൻ എവിടെ പോയിരുന്നു..?"
അപ്പോൾ എന്റെ സ്വരത്തിൽ ഒരു ചേട്ടന്റെയോ അച്ഛന്റെയോ ഒക്കെ കടുപ്പം ഉണ്ടായിരുന്നു.
" അച്ഛനു മരുന്ന് വാങ്ങിക്കാൻ വന്നതാണ് ചേട്ടാ. ടൗണിൽ ഒരു തുണിക്കടയിൽ നിൽക്കുകയാണ് ഞാൻ. ഇവിടെ ഒരു വൈദ്യൻ ഉണ്ട് അയാളുടെ മരുന്ന് ആണ് അച്ഛൻ കഴിക്കുന്നത്.എട്ടര വരെ കടയിൽ ജോലി ഉണ്ട്. അത് കഴിഞ്ഞിട്ടാ ഇങ്ങോട്ട് വന്നത്.."
"നിനക്ക് ആങ്ങളമാർ ആരുമില്ലേ... ???"
"ഇല്ല ചേട്ടാ..അനിയത്തി മാത്രേ ഉള്ളൂ.. അവൾ പഠിക്കുന്നു.ചെറിയ കുട്ടി ആണ്.അച്ഛൻ തളർന്നു കിടപ്പിൽ ആണ്...".
സംസാരിക്കുന്നതിനിടയിൽ ബസ് വന്നു, ഞങ്ങൾ ബസിൽ കയറി,ഒന്നു രണ്ടു പുരുഷന്മാർ മാത്രം. ചിലരുടെ നോട്ടം കൊണ്ട് ചൂളി ആ പെൺകുട്ടി സീറ്റിൽ മുഖമമർത്തി തല കുമ്പിട്ടിരുന്നു ,ഞാൻ കഴിച്ച വിഷദ്രവത്തിന്റെ ലഹരി മാറിയതാവാം ഞാൻ അവളുടെ സീറ്റിൽ മാറിയിരുന്നു.അവൾ പതിയെ മുഖമുയർത്തി എന്നെ നോക്കി. ബസിലെ അരണ്ട വെളിച്ചത്തിൽ ഞാനവളുടെ ഓമനത്തമുള്ള മുഖം കണ്ടു. കണ്ണിൽ നക്ഷത്രങ്ങൾ ഒളിപ്പിച്ചു വച്ച ഒരു ഇരുനിറക്കാരി.അവളുടെ മുഖത്ത് നോക്കിയപ്പോൾ തന്നെ എന്റെ ഉള്ളിൽ ഒരു വാത്സല്യത്തിന്റെ ഉറവ പൊട്ടി....
"ചേട്ടൻ എവിടെയാണ് ജോലി ചെയുന്നത്...??? "
"പോലീസിൽ.."
എന്റെ മറുപടി അവളെ തെല്ലു നേരം മൗനം ഭുചിപ്പിച്ചു ...
"സർ ഇവിടെയുള്ള സ്റ്റേഷനിൽ ആണോ ജോലി ചെയ്‌യുന്നത്‌...???"
എനിക്ക് ചിരി വന്നു "ചേട്ടാ" എന്ന് വിളിക്ക് കുട്ടീ സർ എന്നൊക്കെ ഫോർമൽ ആയി വിളിക്കുന്നതല്ലേ...?
സംസാരം മനുഷ്യർക്കിടയിലെ അകലം കുറയ്ക്കും എന്ന് പറയുന്നത് എത്ര സത്യം. ഞങ്ങൾക്കിടയിലെ അപരിചിതത്വം മാറിയത് പെട്ടെന്നായിരുന്നു.ടിക്കറ്റ് എടുക്കാൻ വന്ന കണ്ടക്ടർ എന്നെയും ആ കുട്ടിയേയും നോക്കി മറ്റൊരു അർഥത്തിൽ ചിരിച്ചു. അയാൾ തെറ്റിദ്ധരിച്ചതിലും കാര്യമില്ലാതില്ല പോലീസുകാർക്കിടയിൽ കള്ളവെടി വെയ്ക്കാൻ പോകുന്നവർ കുറവൊന്നുമല്ലല്ലോ..?
എല്ലാ കണ്ണുകളും ഞങ്ങളെ തന്നെ നോക്കുന്നത് കൊണ്ടാവാം അവൾ
"അഥ കേന പ്രതുക്തോയം
പാപം ചരതി പുരുഷ:
അനിച്ഛന്നപി വാർഷ്ണേയ
ബലാദിവ നിയോജിതാ :"
എന്ന് പറഞ്ഞു. ഞാനവളെ അതിശയത്തോടെ നോക്കി.
അർജുനന്റെ കുരുക്ഷേത്ര യുദ്ധ രോദനം.
"താൻ കൊള്ളാല്ലോ...ഇതൊക്കെ അറിയോ...??? "
കവിളത്തു ഒളിഞ്ഞിരുന്ന നുണക്കുഴി പുറത്തു ചാടുന്ന വിധം അവളൊന്നു ചിരിച്ചു.എന്നിട്ട് പറഞ്ഞു
" പിന്നല്ലാതെ ...ആഗ്രഹിക്കുന്നില്ല എങ്കിലും ബലമായി നിയോഗിക്കപ്പെട്ടവനെ പോലെ ഈ പുരുഷൻ പാപം ചെയ്യുന്നത് എന്ത് കൊണ്ടാണ്..?"
യുദ്ധരോദനത്തിന്റെ മലയാളം അർഥം അവൾ ഇമ്പത്തോടെ പറഞ്ഞു.
"കുട്ടിക്കാലത്തു അടുത്തുള്ള വീട്ടിൽ അമ്മമ്മ അടിച്ചു തളിക്കാൻ പോകുമായിരുന്നു അവിടെത്തേ കുട്ടി എന്റെ ബാല്യകാല സുഹൃത്തായിരുന്നു.അവൾ പറഞ്ഞു തന്നതാ ഇതൊക്കെ..."
" അമ്മയില്ലേ....??? "
എന്റെ ചോദ്യത്തിന് ഒരു നെടുവീർപ്പോടെ അവൾ പറഞ്ഞു.
"എന്റെ അമ്മ ഒരു ചീത്ത ആണ് ചേട്ടാ,അവർ ഞങ്ങളുടെ അച്ഛനെയും ഞങ്ങളെയും ഉപേക്ഷിച്ചു അച്ഛനു സുഖമില്ലാതെ ആയപ്പോൾ അടുത്തുള്ള ഒരു അണ്ണാച്ചിക്ക് ഒപ്പം പോയി.ഞാൻ അന്ന് പ്ലസ് ടു പഠിക്കുവായിരുന്നു, പിന്നെ കണ്ടിട്ടില്ല..."
അവളുടെ തിളങ്ങുന്ന കണ്ണുകൾ നിറഞ്ഞു പോകും എന്ന് ഞാൻ കരുതി.പക്ഷേ എന്റെ ചിന്തയെ അപ്പാടെ മാറ്റി മറിചു കൊണ്ട് അവൾ പറഞ്ഞു.
"പോകുന്നവർ പോകട്ടെ... ആർക്കു വേണ്ടിയും നമ്മൾ കരയരുത്. മുന്നിൽ സന്തോഷിക്കാൻ ഒരുപാട് വഴികളുണ്ട്..."
അവൾ അവളുടെ ഓരോ സ്വപ്നങ്ങളും എണ്ണി പറഞ്ഞു.അത് ഞാൻ കണ്ട ശവക്കുഴിയിൽ ഒളിപ്പിച്ചത് പോലുള്ള സ്വപ്‌നങ്ങൾ ആയിരുന്നില്ല.
" ചേട്ടാ ഞാൻ ഡിഗ്രി കഴിഞ്ഞു കറസ്‌പോണ്ടിങ് ആയിട്ട് ഇപ്പൊ പിജി ചെയ്യുന്നു.അതും വിദൂര വിദ്യാഭ്യാസം വഴി തന്നെയാണ്. MSC മാത്‍സ്. ലോകത്തിന്റെ സ്പന്ദനം കണക്കിലാണ് ചേട്ടാ.."
അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാനും അവളുടെ ചിരിയിൽ പങ്കു ചേർന്നു.
" എനിക്ക് സിവിൽ സർവീസ് എഴുതണം...,
കളക്ടർ ആവണം.അതെന്റെ ലക്ഷ്യം ആണ്.അത് ഞാൻ നേടും.എന്റെ അച്ഛന്റെ സ്വപ്നമാണ് അത്. എനിക്ക് നേടിയേ പറ്റൂ...."
അവളുടെ വാക്കുകളിലെ അഗ്നി എന്റെ സിരകളിൽ ചൂട് പടർത്തി.അവൾ തുടർന്നു.
"ചേട്ടനു ഏതാ പോസ്റ്റ്‌..?
കോൺസ്റ്റബിൾ ആണോ..??"
"ഉം " ഞാൻ മൂളുക മാത്രം ചെയ്തു.
ഞാൻ കളക്ടർ ആകുമ്പോൾ ചേട്ടനെ കൊണ്ട് സല്യൂട്ട് അടിപ്പിക്കും എന്ന് പറഞ്ഞു കൊണ്ടവള്‍ ചിരിച്ചു. പക്ഷേ എനിക്ക് ചിരി വന്നില്ല. ആ കുട്ടിയുടെ മുന്നിൽ ചെറുതായി പോകും പോലെ എനിക്ക് തോന്നി, അവൾക്കു അത് മനസ്സികാതിരിക്കാൻ ചുണ്ടിൽ ഒരു ചിരി ഒട്ടിച്ചു വച്ചു.അവൾ ജോലി സ്ഥലത്തും സ്കൂളിലും നാട്ടിലും ഒക്കെ അനുഭവിക്കുന്ന ദുരിതങ്ങൾ എണ്ണി പറയുമ്പോഴും ,സ്വപ്‌നങ്ങൾ സഫലമാക്കാൻ ശ്രമിക്കുന്ന വ്യഗ്രത ആ കണ്ണുകളിൽ കാണാമായിരുന്നു. ഞാൻ എന്റെ കഥ അവളോടും പറഞ്ഞു. ഞാൻകരുതിയ പോലെ സഹതാപം അല്ല പകരം
" ചേട്ടന് ഇനിയും തുടര്‍ന്നു പഠിച്ചൂടെ..?
അച്ഛനെപ്പോലെ വെറും കോൺസ്റ്റബിൾ ആയി ജീവിതം തീർക്കുകയല്ല വേണ്ടത്. ഉയരങ്ങളിൽ ഇനിയും ഒരുപാട് റാങ്കുകൾ ഇല്ലേ..? അതിൽ ഒന്നിൽ സ്ഥാനം പിടിക്കണം. കാക്കിയിലെ നക്ഷത്രങ്ങൾക്ക് എണ്ണം കൂട്ടണം.മക്കൾ നാളെ അഭിമാനത്തോടെ അച്ഛനെ ഓർക്കണം. പഠിക്കാൻ പ്രായം ഒരു കടമ്പ അല്ല ഇനിയും സമയം ഉണ്ട് ഒരുപാട്..."
അവളുടെ ഓരോ വാക്കുകളും എനിക്ക്മേൽ മുന്നോട്ട് കുതിക്കാൻ ഉള്ള ഊർജം പകർന്നു തന്നു കൊണ്ടിരുന്നു. ശവമടക്ക് കഴിഞ്ഞു ജീർണിച്ച എന്റെ സ്വപ്‌നങ്ങൾ പുനർജന്മം കിട്ടാൻ കേഴുന്നത് പോലെ എനിക്ക് തോന്നി;
ജോലി ചെയ്ത് കുടുംബം നോക്കുന്നതിനൊപ്പം തന്റെ സ്വപ്‌നങ്ങൾ പൂർത്തിയാക്കുവാൻ അഹോരാത്രം ശ്രമിക്കുന്ന അവളോട്‌ എനിക്ക് വല്ലാത്ത ബഹുമാനം തോന്നി.ഞാൻ അവളോട്‌ ചോദിച്ചു.
"തനിക്കു അപരിചിതനായ എനിക്കൊപ്പം ഇത്രയും നേരം ഇരിക്കാനും നിന്റെ കാര്യങ്ങൾ വിശ്വസിച്ചു പറയാനും എങ്ങനെ കഴിഞ്ഞു കുട്ടീ...??? "
" ചേട്ടാ...ഓരോരുത്തരുടെയും കണ്ണുകൾ പറയും അയാളുടെ മനസ്സ്. നിങ്ങളിൽ നിന്നും ഇതുവരെ ഞാൻ മോശമായ ഒരു നോട്ടം പോലും കണ്ടില്ല. ഞാനവിടെ ഒരു സഹോദരന്റെ കരുതൽ മാത്രമാണ് കണ്ടത്...
ഇറങ്ങാൻ ഉള്ള സ്ഥലം എത്തി. പോകട്ടെ ചേട്ടാ ഇനിയും കാണാം.."
വണ്ടിയിറങ്ങി അരണ്ട വെളിച്ചം കത്തി നിൽക്കുന്ന ഒരു വീടിനെ ലക്ഷ്യമാക്കി അവൾ നടന്നു നീങ്ങി.ഞാൻ ബസിൽ നിന്നും പിന്തിരിഞ്ഞു നോക്കി,പുനർജീവന്റെ വിത്തുകൾ മനസ്സിൽ പാകി നടന്നു നീങ്ങിയ അവളുടെ പേര്...??
ദൈവമേ അവളുടെ പേര് ഞാൻ ചോദിച്ചില്ല.അവൾ എന്റെയും... എങ്കിലും ഞാനവൾക്കു ഈ നിമിഷം ഒരു പേര് നൽകുന്നു
" പ്രതീക്ഷ..."
ആൾക്കൂട്ടങ്ങൾക്കിടയിൽ ഇനി ഞാൻ തിരയുന്ന മുഖം നിന്റേത് തന്നെയാവും കുട്ടീ, മനസ്സിൽ വീണ്ടും ആഗ്രഹങ്ങൾ നിറച്ചു ഞാൻ യാത്ര ചെയ്യാൻ തുടങ്ങുകയാണ്.അതിനു നിമിത്തമായ അപരിചിതേ....
ഹൃദയഭാഷ കൊണ്ട് നമ്മള്‍ പരിചിതരാണ് .....

നിനക്ക് നന്ദി ...!!!

2018, ജൂൺ 22, വെള്ളിയാഴ്‌ച

പ്രവാസ ചിരാതുകള്‍

പെനഡോളിന്റെ ഒരു ഗുളിക കൂടി അജയൻ പൊട്ടിച്ചു വായിലേക്കിട്ടു. വെള്ളം ഉള്ളിലേക്ക് ചെന്നപ്പോൾ വയറു പൊത്തി അവൻ നിലത്തിരുന്നു.വേദന അസഹനീയം തന്നെ,അതിന്റെ കാഠിന്യത്താൽ കണ്ണിൽ ഇരുട്ട് മൂടി.രണ്ടു തുള്ളി കണ്ണുനീർ കണ്ണിൽ നിന്നും കൊഴിഞ്ഞു നിലത്തു വീണു.അവന്റെ ഇരുപ്പു കണ്ടിട്ടു സഹമുറിയൻ ഹനീഫിക്ക കട്ടിലിൽ നിന്നും എണീറ്റു അവനരികിലേക്ക് നടന്നു.
"അജയാ.. വയറു വേദന കുറവില്ലെ ഡാ... ?
വാ..വച്ചോണ്ട് ഇരിക്കേണ്ട,നമുക്ക് ഹോസ്പിറ്റൽ വരെ പോയി വരാം..."
തന്റെ തോളിൽ അമർന്ന ഹനീഫിക്കയുടെ വലതു കൈപ്പടം പിടിച്ചു കൊണ്ട് തന്നെ അവൻ നിലത്തു നിന്നും എണീറ്റു.ചെറിയൊരു പുഞ്ചിരിയോടെ
"ഇക്കാ ...കല്ലിന്റെ ആണെന്ന് തോന്നുന്നു.ഇപ്പൊ കുറച്ചു ആശ്വാസം ഉണ്ട്.പിന്നെ ഈ മാസം അവസാനം നാട്ടിലേക്കു പോകുന്നുണ്ടല്ലോ.അവിടെ ചെന്നിട്ടു നല്ലൊരു ഡോക്ടറെ കാണാം,കഴിഞ്ഞ പ്രാവശ്യം പോയപ്പോളും ചില തിരക്കുകൾ കാരണം പോകാൻ കഴിഞ്ഞില്ല,
പിന്നെ ഇക്കാക്ക്‌ അറിയാല്ലോ..??
ഇവിടെ ഒരു ജലദോഷപനി വന്നാലും ആശുപത്രിയിക്കാർ കൊള്ളയടിക്കുന്നത്. നമ്മളെപ്പോലെ സാധാരണക്കാരായവർക്ക് നമ്മുടെ നാട് തന്നെ ശരണം.."
ഇത് പറഞ്ഞ് കഴിയുന്നതിനിടയിൽ അജയൻ ഡ്യൂട്ടിക്ക് പോകാനുള്ള യൂണിഫോം ധരിച്ചിരുന്നു ...
" അപ്പൊ ശരി ഇക്ക ,വൈകിട്ട് കാണാം.."
യാത്ര പറഞ്ഞു അജയൻ മുറിയിൽ നിന്നും പുറത്തിറങ്ങി.ലേബർ ക്യാമ്പിനു പുറത്ത് ജോലിക്കാരെ കയറ്റാനുള്ള വാഹനം റെഡി ആയി നിന്നു,വണ്ടിയിൽ ഇരിക്കുമ്പോഴും ജോലിയ്ക്കിടയിലും ശക്തമായ വയറുവേദന അവനെ വല്ലാതെ ബുദ്ധി മുട്ടിച്ചു. പെനഡോളും പാരസെറ്റൊമളും വേദനയിൽ നിന്നും അവനു താത്കാലികമായി ആശ്വാസം നൽകി.തിരിച്ചു രാത്രി മുറിയിൽ എത്തുമ്പോഴും അതിനു കുറവൊന്നും ഉണ്ടായിരുന്നില്ല ,പക്ഷേ പിറ്റേന്ന് രാവിലെ ജോലിക്ക് പോകുന്നതിനു മുൻപ് അവൻ ഹനീഫിക്കയോട് പറഞ്ഞു.
"ഇക്കാ...എനിക്ക് എത്രയും പെട്ടെന്ന് നാട്ടിൽ പോകണം. ഒരുമാസം ഒന്നും കാത്തു നിൽക്കാൻ കഴിയില്ല ഇക്ക, ഡേറ്റ് കുറയ്ക്കാൻ പറ്റുമോ എന്നൊന്നു നോക്കണെ..? ഇന്ന് രാവിലെ ടോയ്‌ലെറ്റിൽ പോയപ്പോൾ വയറ്റിൽ നിന്നും പോകുന്നത് മുഴുവൻ രക്തകട്ട ആണ്.
ഇക്കാ... എനിക്ക് എന്തെങ്കിലും ആയി പോയാൽ പിന്നെ അറിയാല്ലോ ഇക്കാക്ക് എന്റെ കാര്യം... "
പുറത്തേക്കു വന്ന കരച്ചിൽ തൊണ്ടകുഴിയിൽ അടക്കം ചെയ്തു അജയൻ അത് പറയുമ്പോൾ
" സാരല്ലഡാ ..നമുക്ക് നോക്കാം...,
നിനക്ക് എന്ത് പറ്റാനാ....??
ഒന്നും വരില്ല..."
അന്ന് രാത്രി അവൻ ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ സന്തോഷത്തോടെ ഹനീഫിക്ക പറഞ്ഞു.
"ഡാ ...ടിക്കറ്റ് ശരിയായിട്ടുണ്ട്. അടുത്ത ആഴ്ച പോകാം നിനക്ക്.കുറച്ചു കാശ് അധികം കൊടുക്കണം എന്നാലും നാട്എത്തുമല്ലോ... ?
കൊണ്ട് പോകാൻ ഉള്ളതൊക്കെ എന്താന്നു വച്ചാൽ വാങ്ങിക്കു.ഞാനും വരാം കൂടെ,നാളെ എനിക്ക് നൈറ്റ്‌ ഡ്യൂട്ടി ആണ്...."
നന്ദി പറയാൻ മാത്രമുള്ള ബന്ധമല്ല ഹനീഫിക്കായോട് തനിക്കുള്ളത്.അത് കൊണ്ട് തന്നെ സന്തോഷം നേർത്തൊരു പുഞ്ചിരിയിൽ ഒതുക്കി....ഡ്രസ്സ്‌ പോലും മാറാതെ സുധയ്ക്ക് ഫോൺ ചെയ്തു.
" അച്ഛേ.... "
ഗൗരി മോളുടെ കൊഞ്ചിയുള്ള വിളിയില്‍ അറിയാതെ അജയന്റെ കണ്ണ് നിറഞ്ഞു വന്നു.
" അച്ഛന്റെ മോൾ എന്ത് ചെയ്യാ...??
എന്താ കഴിച്ചേ ...??"
"ഇന്ന് അച്ഛയ്ക്ക് ഇഷ്ടോള്ള ഇലയട ആയിരുന്നു.മോള് രണ്ടെണ്ണം കഴിച്ചു.മുത്തശ്ശി ഉണ്ടാക്കിയതാ...അമ്മ ഇതൊന്നും ഉണ്ടാക്കില്ല. അച്ഛന്റെ ഓർമ വരുമത്രെ.. എന്തൊരു അമ്മയാല്ലേ...??
അച്ഛ കഴിച്ചാരുന്നോ... ??? "
അവളുടെ കൊഞ്ചിയുള്ള വർത്തമാനത്തിൽ തന്റെ വേദന അല്പം കുറയും പോലെ അജയന് തോന്നി.
" അച്ഛൻ കഴിച്ചില്ല മോളെ...
ഇപ്പൊ ജോലി കഴിഞ്ഞു വന്നേ ഉള്ളൂ..
അച്ഛൻ അടുത്ത ആഴ്ച വരും.എന്റെ മോൾക്ക്‌ എന്താ കൊണ്ട് വരേണ്ടത്...???"
ചായപ്പെൻസിൽ, കണ്ണടയ്ക്കുന്ന പാവ,വെള്ള ചെരുപ്പ്,അങ്ങനെ അവളുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ എണ്ണി പറഞ്ഞു കൊണ്ടിരുന്നു.
" അച്ഛ എല്ലാം കൊണ്ട് വരാട്ടോ..ഏട്ടന്റെ കയ്യിൽ കൊടുത്തേ ഫോൺ.."
ഫോൺ കയ്യിൽ പിടിച്ചു കൊണ്ടു ഓടുന്ന ഗൌരിയെന്ന ആറു വയസ്സുകാരിയുടെ വെള്ളി കൊലുസിന്റെ കിലുക്കം അവന്റെ ഹൃദയത്തിന്റെ താളം കൂട്ടി.ആ കാഴ്ച അവൻ അകക്കണ്ണിൻ കണ്ടു,ഒരു കിതപ്പോടെ "ഏട്ടാ അച്ഛ വിളിക്കാ.. ഏട്ടനോട് തരണം"എന്ന് പറഞ്ഞു അവൾ ഫോൺ മകൻ ആദിക്ക് കൈമാറി.
"അച്ഛാ.. ".
അച്ഛനു സുഖാണോ..??
ജോലി ഒക്കെ എളുപ്പം ഉണ്ടോ..?
നല്ല ചൂടും പൊടിക്കാറ്റും ആണല്ലേ അവിടെ..?
ഞാൻ പത്രത്തിൽ വായിച്ചിരുന്നു..."
അവന്റെ ചോദ്യങ്ങൾ ഉള്ളകം കുളിർപ്പിച്ചു.
മകൻ മിടുക്കനായി വളരുന്നത് ഏതൊരച്ഛനും അഭിമാനമാണല്ലോ..??
പന്ത്രണ്ടു വയസ്സുണ്ട് ആദിക്ക് ,എന്നാൽ ആ പ്രായത്തിലെ കുട്ടികളെക്കാൾ പക്വത അവനുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.അവന്റെ പെരുമാറ്റങ്ങൾ പലപ്പോഴുംഅത്ഭുതപെടുത്തിയിട്ടുണ്ട്.
" മോനെ...അച്ഛൻ അടുത്ത ആഴ്ച അങ്ങെത്തും.
നിനക്ക് എന്താണ് വേണ്ടത് എന്ന് വച്ചാൽ പറയാം.."
അവന്റെ ഊഴം കഴിഞ്ഞു അച്ഛന്റെയും അമ്മയുടെയും പെങ്ങളുടെയും അളിയന്റെയും ഊഴം കഴിഞ്ഞു അവസാനം സുധയുടെ കയ്യിൽ ഫോൺ എത്തി. പശുവിനു തീറ്റ കൊടുത്തു കൊണ്ടിരുന്ന അവൾ ഓടി കിതച്ചു വന്നു ഫോൺ വാങ്ങി.അവളുടെ ആയ്‌പ്പ് കടലുകള്‍ക്കിപ്പുറം അജയന്റെ ചെവിയിലെത്തി.
"തനിക്കു എപ്പോളും ജോലി തന്നെ ആണോ ഡോ..?
മുട്ട് വേദന മാറിയോ .???"
"ഏട്ടന്റെ വയറു വേദന കുറവുണ്ടോ...?? എനിക്കിവിടെ എന്ത് ജോലി ..?
ഇതൊക്കെ എല്ലാരും ചെയ്യുന്നതല്ലേ...??
ലക്ഷ്മി ഏട്ടത്തി വന്നപ്പോൾ ഒരു ഡോക്ടറുടെ പേര് പറഞ്ഞിരുന്നു. ഏട്ടൻ വന്നിട്ട് നമുക്ക് അയാളെ പോയി ഒന്നു കാണണം കേട്ടോ.എത്ര നാളായി ഇത് തുടങ്ങിയിട്ട്. ഇത്തവണ ഒരു ഒഴിവും പറയണ്ട.തിരികെ പോകേം വേണ്ട. ഉള്ളത് കൊണ്ട് ഓണം പോലെ ഇവിടെ കഴിയാം... "
"ഞാൻ അടുത്ത ആഴ്ച വരുന്നുണ്ട്.തനിക്കു എന്താ വേണ്ടത് എന്നു വച്ചാൽ പറ.ഇനി ഒരു തിരിച്ചു പോക്കിന് എനിക്കും താല്പര്യം ഇല്ല.ഇനി നമ്മുടെ നാട്ടിൽ തന്നെ നിങ്ങളുടെ കൂടെ ഞാൻ ഉണ്ടാവും..."
മറുവശത്തു സന്തോഷത്തിന്റെ അലയൊലികള്‍ അവൻ കേട്ടു..
" സത്യാണോ എനിക്ക് ഒന്നും വേണ്ട അജയെട്ടാ.. ഏട്ടനെ ഒന്ന് കണ്ടാൽ മാത്രം മതി.."
പിന്നെ ഉള്ള ദിവസങ്ങൾ ഓരോരുത്തർക്കും വേണ്ടുന്ന സാധനങ്ങൾ വാങ്ങാൻ ഉള്ള തിരക്കിൽ അവൻ മാറി. കാർഗോയിൽ കുറെ സാധനങ്ങൾ കയറ്റി വിട്ടു.ബാക്കി പായ്ക്ക് ചെയ്തു. നാട്ടിലേക്ക് യാത്ര തിരിക്കുന്ന ദിവസം എയർ പോർട്ടിൽ വച്ചു ഹനീഫ് ഇക്കയെ കെട്ടിപിടിച്ചു അജയൻ കരഞ്ഞു.
"ഇക്കാ ..എനിക്ക് എന്തെങ്കിലും പറ്റുമോ എന്ന് വല്ലാത്ത പേടി.അങ്ങനെ വല്ലതും പറ്റിയാൽ എന്നോട് കാണിക്കുന്ന ഈ കാര്യം എന്റെ സുധയോടും മക്കളോടും കാണിക്കണം.."
"ഒന്നൂല്ലടാ നിനക്ക് "എന്ന് പറഞ്ഞു അജയനെ ചേർത്ത് പിടിക്കുമ്പോള്‍ ഹനീഫിക്കയുടെ കണ്ണുകൾ നിറഞ്ഞിരുന്നു...".
രാവിലെ ഒന്‍പതു മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുമ്പോൾ സ്വീകരിക്കാൻ അച്ഛനും മക്കളും അളിയനും പെങ്ങളുമമ്മയും ഒക്കെ നീണ്ടൊരു നിര തന്നെ ഉണ്ടായിരുന്നു. എന്നാലും കണ്ണുകൾ കൊതിച്ചത് സുധയെ ആയിരുന്നു.അവൾ വന്നിട്ടില്ല.. വരികയും ഇല്ല.. വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ലോകം തീർക്കുന്ന ഒരു പൊട്ടി പെണ്ണ് ...
കുശലാന്യോഷണങ്ങളും കളിയും ചിരിയുമായി തറവാട് പടിക്കൽ വണ്ടി എത്തിയത് അറിഞ്ഞില്ല. ശബ്ദം കേട്ടിട്ടാവാം ഉമ്മറത്തേക്ക് ഓടി വന്ന സുധ കാറിൽ നിന്നും ഇറങ്ങിയ എന്നെ കണ്ടു വിടർന്ന കണ്ണുകൾ നിറച്ചു പുഞ്ചിരിച്ചു കൊണ്ട്അവൾ
നിന്നു.പിന്നെയും വല്ലാതെ മെലിഞ്ഞിരിക്കുന്നു പറമ്പിലെ പണിക്കാർക്കും വീട്ടിലുള്ളവർക്കും വെച്ചുണ്ടാക്കുന്നതും കാലികളെ നോക്കുന്നതും ഒന്നും അത്ര എളുപ്പമുള്ള പണിയല്ലല്ലോ..?
പാവം എന്നിട്ടും പരാതി ഇല്ലാതെ ജീവിക്കുന്നവൾ...
എല്ലായ്പ്പോഴും മൂത്ത ചേച്ചിയും അളിയനും വന്ന ശേഷമാണ് പെട്ടി പൊട്ടിക്കുന്നത് എങ്കിലും അന്ന് എന്റെ നിർബന്ധം കൊണ്ട് ഊണ് കഴിഞ്ഞയുടൻ പൊട്ടിച്ചു. അവരവർക്ക് ഇഷ്ടമുള്ളത് എല്ലാരും എടുക്കുമ്പോളും സുധ ഒരു വശത്തു മിണ്ടാതെ നിന്നു , എല്ലാവരുടെ മുഖത്തും സന്തോഷം പക്ഷെ വന്നപ്പോൾ സുധയല്ലാതെ തന്റെ അസുഖത്തെക്കുറിച്ചു ആരും ഒന്നും ചോദിച്ചില്ല അമ്മ പോലും....
തെല്ല് വിഷമം ഉള്ളിൽ നിറഞ്ഞെങ്കിലും അവരുടെ സന്തോഷത്തിൽ പങ്കു ചേർന്നപ്പോൾ അതും അലിഞ്ഞില്ലാതായി.
രാത്രി ഗൗരിയേയും മോനെയും അടുക്കൽ വിളിച്ചു കിടക്കുമ്പോള്‍ ആദ്യമായി തന്റെ കിടയ്ക്കയ്ക്ക് വലിപ്പം പോരെന്നു തോന്നി. തറയിൽ പായ വിരിച്ചു സുധ കിടന്നപ്പോൾ പുതുതായി വാങ്ങിയ വലിയ കട്ടിലിന്റെ അവകാശവും പെങ്ങളെടുത്തെന്നു മനസ്സിലാക്കി,രാത്രി കുട്ടികൾ ഉറങ്ങുമ്പോൾ ആരും കാണാതെ കൊണ്ട് വന്ന ഒരു സ്വർണ കാപ്പെടുത്ത് സുധയുടെ പരുപരുത്ത കയ്യിൽ കൊടുക്കുമ്പോൾ അരണ്ട വെളിച്ചത്തിൽ അവൾ ശബ്ദമില്ലാതെ കരയുന്നത് കണ്ടു....
" ഇനി ഇതൊന്നും വാങ്ങി തരാൻ ഞാൻ ഇല്ലാ എങ്കിലോ..??"
എന്റെ ചോദ്യത്തിന് വായിൽ കൈ കൊണ്ട് പൊത്തി അവൾ പറഞ്ഞു
" ഇങ്ങനെ ഒന്നും പറയല്ലേ അജയ്യേട്ടാ..."
"നിങ്ങൾ ഇല്ലാതെ എനിക്കെന്താ പൂർണത..??
നമ്മുടെ മക്കൾക്കോ..??
ആവശ്യം ഇല്ലാത്തതു ഒന്നും ആലോചിച്ചു മനസ്സ് വേദനിപ്പിക്കണ്ട.."
" അല്ല സുധേ... ഇപ്പൊ കണ്ണടച്ചാൽ ചുറ്റും ഇരുട്ടാണ്. എന്നെ ആരോ എങ്ങോട്ടോ വലിച്ചു കൊണ്ട് പോകും പോലെ. എത്ര ധൈര്യം സംഭരിച്ചാലും ഒക്കെ ചോർന്ന് പോകുമമ്പോലെ... "
"ഒന്നൂല്ല... മറ്റന്നാൾ നമുക്ക് ലക്ഷ്മി ഏട്ടത്തി പറഞ്ഞ ഡോക്ടറെ കാണാൻ പോകണം .അപ്പോയ്ന്റ്മെന്റ് കിട്ടിയിട്ടുണ്ട് ".
അന്ന് രാത്രി ഉറങ്ങാതെ സുധയും അജയനും സംസാരിച്ചു കൊണ്ടിരുന്നു.പിറ്റേ ദിവസവും വലിയ പ്രത്യേകതകൾ ഒന്നുമില്ലാതെ കടന്നു പോയി , ഡോക്ടറെ കാണാൻ ഉള്ള ദിവസം അജയന്റെ പെങ്ങളുടെ ഭർത്താവും അജയനും കൂടിയാണ് ഡോക്ടർ വിനോദ് റോയ് യെ കാണാൻ പോയത്. ചില പരിശോധനകൾക്ക് ശേഷം ഡോക്ടർ മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് റഫർ ചെയ്തു. റിസൾട്ടുകൾ വാങ്ങിയിട്ട് ഡോക്ടർ അജയനോട് പറഞ്ഞു.
" അജയാ ... കാൻസർ ലാസ്റ്റ് സ്റ്റേജ് ആയി പോയി. ഒന്നും ചെയ്യാൻ കഴിയില്ല.തന്റെ ആന്തരികാവയവങ്ങൾ മുഴുവൻ നശിച്ചു പോയിരിക്കുന്നു.തത്കാലം വേദനയ്ക്ക് ഉള്ള മെഡിസിൻ നൽകാം ".
അജയന്റെ കണ്ണുകൾ ഇരുട്ട് മൂടിമിണ്ടാൻ പോലും കഴിയാതെ അവൻ അളിയന്റെ കൈകളിൽ മുറുകെ പിടിച്ചു. "തളരരുത് " മനസ്സിൽ ആയിരം വട്ടം സ്വയം പറഞ്ഞെങ്കിലും കരയാതിരിക്കാൻ കഴിഞ്ഞില്ല ,
"ഡോക്ടർ, അഡ്മിറ്റ്‌ ചെയ്യാൻ കഴിയില്ലേ..??"
അളിയന്റെ ചോദ്യത്തിന്
"സോറി സമയം ഒരുപാട് വൈകിപ്പോയി വീട്ടിലേക്കു കൊണ്ട് പൊയ്ക്കോളൂ.. വേണമെങ്കിൽ ഇവിടെ അഡ്മിറ്റ്‌ ചെയ്യാം പക്ഷേ ഉപയോഗം ഒന്നുമില്ല.."
"അജയേട്ടാ.... "
തോളിൽ ചാഞ്ഞിരുന്ന അജയനെ പെങ്ങളുടെ ഭർത്താവ് തട്ടി വിളിച്ചു എങ്കിലുംഅജയൻ എണീറ്റില്ല. ഒരിക്കലും ഉണരാത്ത ഒരു ഉറക്കത്തിലേക്ക് അയാൾ വഴുതി വീണു.അച്ഛനെ കാത്തിരുന്ന മക്കളുടെ അരികിൽ അയാളുടെ നിശ്ചലമായ ശരീരം കോടി പുതച്ചു കിടന്നു.ഒന്നും മിണ്ടാതെ ഒരു കോണിൽ സുധ ഇരുന്നു എല്ലാം നഷ്ടപ്പെട്ടവളായി.അപ്പോഴും അവളുടെ കയ്യിലെ സ്വർണക്കാപ്പ് തിളങ്ങി കൊണ്ടിരുന്നു. തെക്കേ തൊടിയിൽ അച്ഛനും അമ്മയ്ക്കും മുന്നേ അജയൻ സ്ഥാനം പിടിച്ചു.ചിത എരിഞ്ഞു തീരും മുന്നേ സഹതപിച്ചു കൊണ്ട് ആളുകൾ പിരിഞ്ഞു.തന്റെ മുറിയിലെ ജനാല തുറന്നു സുധ അജയന്റെ പച്ച മാംസപുക മണക്കുന്ന ചിതയിൽ നോക്കി ചോദിച്ചു
" ഇനി തിരിച്ചു പോവില്ല.നമ്മുടെ വീട്ടിൽ സുഖമായുറങ്ങും എന്ന് പറഞ്ഞപ്പോൾ ഒരിക്കലും ഉണരാതെ ഉറങ്ങുമെന്ന് ഞാൻ കരുതിയില്ല അജയേട്ടാ.."
അപ്പോൾ ഉമ്മറ കോലായിലെ ചുമർ പുതിയൊരു അതിഥിയെ സ്വീകരിക്കാൻ ഒരുങ്ങി കഴിഞ്ഞിരുന്നു...
അജയന്റെ മരണം വീടിനെ ആകെ തകർത്തു.ആരും പരസ്പരം മിണ്ടാതെയിരിക്കാൻ ശ്രമിച്ചു. പൊട്ടിക്കരച്ചിലുകൾ ഒഴിവാക്കാൻ വേണ്ടി മാത്രം ഒഴിഞ്ഞു നടന്നു.ദിവസങ്ങൾക്കിപ്പുറം
"മിസ്റ്റർ അജയന്റെ വീടല്ലേ..??
ഞങ്ങൾ കാർഗോ സർവീസിൽ നിന്ന് വിളിക്കുകയാണ്‌. അജയൻ ഉണ്ടോ...??? "
മാധവന്റെ കയ്യിലിരുന്നു ഫോൺ വിറച്ചു.അത് കണ്ടിട്ടാകണം ഹരി നാരായണൻ അയാളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങിയത് " "ഹലോ ആരാണ് " മറുവശത്തു നിന്നും
"അജയൻ ആണോ..?
ഞങ്ങളുടെ കാർഗോയിൽ നിന്നും വിളിക്കുന്നതാണ്. ഞങ്ങൾ മൈലമുക്കിൽ എത്തിയിട്ടുണ്ട്.വീട്ടിലേക്കുള്ള വഴി പറയാമോ...?? "
ഹരി അഡ്രസ് പറഞ്ഞു കൊടുത്തു ഫോൺ വച്ചു.
ഉമ്മറത്തു ചുമരിൽ ചിരിച്ചു കൊണ്ടിരിക്കുന്ന അജയന്റെ ചിത്രത്തിൽ നോക്കി കസേരയിൽ ഒരേ ഇരുപ്പു ഇരിക്കുകയാണ് അജയന്റെ അച്ഛൻ മാധവൻ നായർ .ഹരി അയാളോടായി പറഞ്ഞു
" അച്ഛാ...അജയേട്ടൻ അയച്ച സാധനങ്ങൾ ഒക്കെ എത്തിയിട്ടുണ്ട്.ഡോർ ടൂ ഡോർ കമ്പനിക്കാർ ആണ് വിളിച്ചത്.."
നീണ്ട ഒരു നെടുവീർപ്പോടെ മൗനം ഭുചിച്ചു കൺകോണിൽ ഒലിച്ചിറങ്ങിയ കണ്ണുനീർ തോളിൽ കിടന്ന തോർത്തിൽ തുടച്ചു കൊണ്ട് അയാൾ കസേരയിലേക്ക് ചരിഞ്ഞു.സാധങ്ങൾ ഒപ്പിട്ടു വാങ്ങുമ്പോൾ സാധങ്ങൾ കൊണ്ട് വന്നവരിൽ ഒരാൾ ഹരിയോടായി പറഞ്ഞു "കവലയിൽ വച്ച്അറിഞ്ഞിരുന്നു ആള് മരണപ്പെട്ട കാര്യം". അമർത്തി ഒരു മൂളൽ മാത്രമായിരുന്നു ഹരിയുടെ മറുപടി. ആ സാധങ്ങൾ രണ്ടു മൂന്നു ദിവസം ആരും ഒന്ന് നോക്കുക പോലും ചെയ്യാതെ മുറിയുടെ കോണിൽ അനാഥമായി കിടന്നു.മൂന്നാമത്തെ ദിവസം സുധ മകൻ ആദിയോട് പറഞ്ഞു
"ഹരി മാമനോട് പറ അച്ഛൻ കൊടുത്തു വിട്ട സാധനങ്ങൾ പൊട്ടിച്ചു പങ്കു വയ്ക്കാൻ.അത് നിങ്ങൾക്ക് വേണ്ടി ആശിച്ചു വാങ്ങിയതാണ് അച്ഛൻ. ഒക്കെ പങ്കു വയ്ക്കുഎന്നാലേ അച്ഛനു സമാധാനം ആവൂ....."
അജയന്റെ പെങ്ങളുടെ ഭർത്താവ് ഹരി ഓരോരുത്തരുടെയും പേരെഴുതിയ പൊതികൾ അവരവരുടെ കൈകളിൽ കൊടുക്കുമ്പോൾ അജയന്റെ മുറിക്കുള്ളിൽ അടക്കി പിടിച്ച തേങ്ങൽ ഉയർന്നു. ഇനിയൊരിക്കലും കിട്ടാൻ വഴിയില്ലാത്ത അച്ഛൻ കൊടുത്തു വിട്ട ചായ പെൻസിൽ നെഞ്ചോട് ചേർത്ത് ഗൗരി ചിരിച്ചു.മരണം തിരികെ വരാത്ത യാത്രയാണ് എന്നറിയാനുള്ള പ്രായം അവൾക് ഇല്ലല്ലോ ..?
ഏറ്റവും അവസാനത്തെ പെട്ടിയിൽ ആദിക്ക് വേണ്ടിയുള്ള രണ്ടു ഷൂസുകൾ....
അവ വാങ്ങുമ്പോൾ അവന്റെ മുഖത്ത് യാതൊരു ഭാവവും ഇല്ലായിരുന്നു ... നിസ്സഹായത മാത്രം...അച്ഛൻ തനിക്കു വേണ്ടി വാങ്ങിയ അവസാന സമ്മാനം ആണ് അതെന്നു അറിയാനുള്ള പക്വത അവനു വന്നിരുന്നു.അവിടെ നടക്കുന്ന പങ്കുവയ്ക്കലുകളിൽ ഒന്നും ഭാഗമാവാതെ ജനാലയ്ക്ക് ഇടയിലൂടെ അജയൻ ഉറങ്ങുന്ന മണ്ണും നോക്കി സുധ ഇരുന്നു. കയ്യിലെ കാപ്പിൽ ചുണ്ടുകൾ അമർത്തി അവൾ തന്നോടു തന്നെ ചോദിച്ചു
"ഇനിയെന്ത്...????"
ശൂന്യതയിൽ നിഴൽ ചിത്രം വരയ്ക്കുന്ന ഭ്രാന്തിയെ പോലെ അവൾ നിശബ്ദമായി അലറിക്കരഞ്ഞു.

സഫലമാവാതെ പോയ ഒരുപാടു സ്വപ്നങ്ങളെ മോഹഭംഗം എന്ന് വിളിപ്പേര് ചൊല്ലി അജയൻ മറ്റൊരു ലോകത്ത് നിന്നും പ്രിയപ്പെട്ടവരെ നോക്കി കണ്ണീർ തുടച്ചു.ഉമ്മറത്തെ ചുമരിൽ അവന്റെ ചില്ലിട്ട് മാലയിട്ട ചിത്രം പുഞ്ചിരിയോടെ കിടന്നു ....

2018, ജൂൺ 12, ചൊവ്വാഴ്ച

കുഞ്ഞു നക്ഷത്രം

അന്ന് രാത്രി ആകാശത്തിന്റെ അങ്ങേ ചെരുവിൽ ചന്ദ്രനോട് ചേർന്നു ഒരു കുഞ്ഞ് നക്ഷത്രം പിറവി കൊണ്ടു...!
നക്ഷത്രം തന്റെ കുഞ്ഞിക്കണ്ണുകൾ ചിമ്മി തുറന്നു താഴേക്കു നോക്കി.ഭൂമിയാകെ വെളിച്ചം കൊണ്ട് നിറഞ്ഞു നിൽക്കുകയാണ്.ഇടയ്ക്കങ്ങിങ്ങായി ചിലയിടങ്ങളിൽ അന്ധകാരത്തിന്റെ ക്രൂരമുഖവും.
അവൻ പേടിച്ചു വിറച്ചു. പക്ഷേ ചുറ്റും നിന്ന നക്ഷത്രക്കുഞ്ഞുങ്ങൾ അവനോടു സല്ലപിച്ചപ്പോൾ അവന്റെ പേടി പതിയെ മാറി, പിന്നീട് അവ ഓരോന്നും അവരവരുടെ സ്ഥാനത്തേക്ക് മടങ്ങിപ്പോയി.
കുഞ്ഞ് നക്ഷത്രം പിന്നെയും തനിച്ചായി..
അവൻ താഴേക്കു നോക്കി....
ഒരിടത്തു തെരുവു വിളക്കിന്റെ കീഴിൽ കുപ്പത്തൊട്ടിയിൽ കറുത്ത പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞൊരു വെള്ളത്തൂവൽ പോലെ എന്തോ ഒന്നവൻ കണ്ടു. അതിനു ചുറ്റും തെരുവ് നായ്ക്കൾ മണത്തും മുറുകിയും നടക്കുന്നു...
അത് ഞാനല്ലേ...??
കുഞ്ഞ് നക്ഷത്രത്തിന് സങ്കടം വന്നു.അവന്റെ കുഞ്ഞിച്ചുണ്ടുകൾ വിതുമ്പലടക്കാൻ പാടുപെട്ടു. അപ്പോഴതാ വിളക്കിന്റെ ചുവട്ടിൽ ഒരു തെരുവ് പെണ്ണ് തന്റെ കുഞ്ഞിന് മുല കൊടുക്കുന്നു....
സങ്കടം സഹിക്കാനാവാതെ അവന്റെ കുഞ്ഞിക്കണ്ണുകൾ നിറഞ്ഞൊഴുകി
"എനിക്കും ഉണ്ടാവില്ലേ ഇങ്ങനെയൊരമ്മ..?? എന്തിനാണമ്മേ എന്നോടീ ക്രൂരത കാട്ടിയത്..?? എന്തിനാണെനിക്കീ ജന്മം നൽകിയത്..??
കാമം നിറഞ്ഞ നിന്റെ ഉടലിൻ ഒരു തുള്ളി ബീജമായ് ഞാൻ വന്നു ചേർന്നു പോയി...
എന്തിനാണമ്മേ ഇത്രയും നാളെന്നെ ചുമന്നിട്ടും
എന്നെ കൊന്നു തള്ളിയത്..???
എന്റെ കരച്ചിൽ കേട്ടിട്ട് അമ്മയ്ക്ക് സങ്കടം വന്നതേ ഇല്ലായിരുന്നോ...??
ഞാൻ ആ വയറിൽ ഭ്രൂണമായി വളരുന്ന കാലം അമ്മക്ക് എന്നോട് ഒരു സ്നേഹവും തോന്നിയിരുന്നില്ലേ..??
അമ്മേ...എന്തിനാണമ്മേ എന്നെ ക്രൂരമായി കൊന്നുകളഞ്ഞത്..??
ഈ ആകാശഗോളത്തിൽ നിന്നും ഞാൻ കാണുന്നുണ്ട്, എത്ര മനോഹരമാണ് ഭൂമി.എന്നെ ജീവിക്കാൻ അനുവദിക്കാമായിരുന്നി­ല്ലേ...??
തെരുവിന്റെ മടിത്തട്ടിൽ ഞാൻ ഉറങ്ങിയേനെ, കുഷ്ഠം പിടിച്ച കൈകൾ എന്നെ ചേർത്തു പിടിച്ചേനെ, ആരോടുമില്ലാത്തവർ എനിക്ക് താരാട്ട് പാടിയേനെ.. എന്നിട്ടും അമ്മ എന്തെ ഇരുളിന്റെ മറവിൽ എന്റെ കഴുത്തു മുറുക്കി കൊന്നിട്ടുപേക്ഷിച്ചത്...???
എനിക്കും ഉണ്ടായിരുന്നില്ലേ മോഹങ്ങൾ... ?
അമ്മയുടെ മാറിൽ ചേർന്നുറങ്ങാനും, അമ്മയുടെ കരലാളനങ്ങൾ ഏൽക്കാനും, അമ്മയുടെ സ്നേഹത്തിന്റെ ഊഷ്മളത അറിയാനും.എന്നിട്ടും എന്തിനാണമ്മേ എന്നെ അമ്മ നിഷ്കരുണം കൊലപ്പെടുത്തി ഈ തെരുവിന്റെ മാറിൽ വലിച്ചെറിഞ്ഞത്..???"
കുഞ്ഞ് നക്ഷത്രത്തിന്റെ തേങ്ങൽ കേട്ടു ഒരുപാടു നക്ഷത്രകുഞ്ഞുങ്ങൾ ഓടി വന്നു.അവനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു
"ഞങ്ങളിൽ പലരും നിന്നെപ്പോലെ തന്നെയാണ്... നിനക്ക് ഭൂമിയിൽ പിറക്കാനും നിന്റെ അമ്മയെ ഒന്നു കാണുവാനുമെങ്കിലും ഭാഗ്യം ലഭിച്ചില്ലേ..?
പക്ഷേ ഞങ്ങളിൽ പലരെയും ഗർഭത്തിനുള്ളിൽ വച്ചു തന്നെ കൊന്നു കളഞ്ഞു.....
നീ സങ്കടപ്പെടേണ്ടതില്ല,
ഇവിടെ ഭൂമിയെക്കാൾ മനോഹരമാണ്.. പ്രപഞ്ചമില്ലാതാവുന്നിടത്തോളം കാലം നമുക്കിവിടെ സുഖമായി ജീവിക്കാം.കണ്ണീരു തുടയ്ക്കൂ...
നക്ഷത്രക്കുഞ്ഞുങ്ങൾ കരയാൻ പാടില്ലെന്നാണ്.."
കൂട്ടുകാരുടെ വാക്കുകേട്ട് പാൽപല്ലു പോലും മുളയ്ക്കാത്ത മോണ കാട്ടി അവൻ ചിരിച്ചു...
അപ്പോൾ അങ്ങ് താഴെ ഭൂമിയിൽ തെരുവുവിളക്കിനു കീഴിൽ ഒരുകൂട്ടം നായ്ക്കൾ പിടിവലി കൂടുണ്ടായിരുന്നു ....

ചോരമണം മാറാത്തൊരു മാംസപിണ്ഡത്തിനു വേണ്ടി.....!

2018, ജൂൺ 6, ബുധനാഴ്‌ച

എന്റെ മുഖം

'പറവ' സിനിമ കണ്ടപ്പോള്‍ അതിലെ ക്ലൈമാക്സ്‌ ഫൈറ്റ് സീനിലെ ബിജിഎം ഇഷ്ടമായി.അത് കൊണ്ട് വെറുതെ എന്റെ ചില ചിത്രങ്ങള്‍ക്ക് അകമ്പടി സേവിക്കാന്‍ ആ സംഗീതം കൂടി ചേര്‍ത്ത് ഒരു വീഡിയോ.കാലങ്ങള്‍ക്ക് ശേഷം എന്റെ തലമുറ ഈ ചിത്രങ്ങളൊക്കെ കാണണം ...


എന്റെ തലമുറയ്ക്ക് വേണ്ടി കരുതി വയ്ക്കുന്ന എനിക്ക് നഷ്ടമായ എന്റെ ചില മുഖങ്ങള്‍ .....

പുലയാടി മോള്‍(കഥ പറച്ചില്‍)

എന്റെ 'പുലയാടി മോള്‍' എന്ന കഥ ബാബു ചേട്ടന്റെ ശബ്ദത്തില്‍ അവതരിപ്പിക്കപെട്ടപ്പോള്‍ ....

ഒരുപാട് സ്നേഹം ചേട്ടാ ....

മച്ചി ..ഒരു സത്യകഥ

ആയിഷയുടെ പിന്നാലെ നടന്നു പ്രണയം പറയാത്ത ചെറുപ്പക്കാര്‍ വിരളമായിരുന്നു ...
പടച്ചവന്‍ കനിഞ്ഞു തന്ന ഈ ജീവനും ശരീരവും തന്നെ നിക്കാഹു കഴിക്കുന്നവന്‍ മാത്രം അനുഭവിക്കണം എന്ന ദീനീ ബോധത്തില്‍ ഔറത്ത് മറച്ചു കൊണ്ട് തന്‍റെ കണ്ണുകളുടെ സൌന്ദര്യം കണ്ടു വരുന്ന ഓരോ ചെറുപ്പക്കാരുടെയും പ്രണയ മൊഴികളില്‍ നിന്നും അകലം പാലിച്ചിരുന്നു ആയിഷ .
ഒരു പക്ഷെ താന്‍ ഇതു വരെ കാണാത്ത തന്‍റെ രാജകുമാരുനു വേണ്ടി ഇത്രയും കാത്തിരുന്ന ഒരു പെണ്ണ് എന്റെ അറിവില്‍ ഇല്ലെന്നു ഞാന്‍ പറയും ...
അങ്ങനെ ആയിഷയുടെ പതിനെട്ടാം വയസ്സില്‍ ബഷീര്‍ ആയിഷയെ നിക്കാഹ് കഴിച്ചു ..
വിവാഹത്തിനു മുന്‍പേ തന്‍റെ ഭര്‍ത്താവിനു വേണ്ടി ജീവിച്ച ആയിഷ വിവാഹത്തിനു ശേഷം ബഷീറിനെ ഹൃദയത്തില്‍ ചുമന്നു കൊണ്ട് അയാളില്‍ ലയിച്ചു ജീവിച്ചു ...
ആയിഷ തന്‍റെ പടച്ചവനു മുന്‍പില്‍ ദുആ ചെയ്യുന്നത് പോലും ബഷീറിനു വേണ്ടി മാത്രമായിരുന്നു .ബഷീര്‍ ആയിഷയോട് സ്നേഹം കൂടുമ്പോള്‍ പറയും .
" തട്ടത്തിനകത്തെ ഈ മുഖം എന്തൊരു ഐശ്വര്യമാണ് .."
ചിരിച്ചു കൊണ്ട് ആയിഷ ഇങ്ങനെ പറയും
"എന്റെ പടച്ചവന്‍ തന്ന സമ്മാനത്തിനു മുന്‍പില്‍ മാത്രമേ ഞാന്‍ സൂര്യനെ പോലെ തിളങ്ങുകയുള്ളൂ ..."
സന്തോഷത്തോടെയുള്ള ഒരു വര്‍ഷ ജീവിതത്തിനു ശേഷം ഇടയ്ക്കൊരു വിശേഷദിവസം അടുക്കളയുടെ പിന്നാമ്പുറങ്ങളില്‍ പ്രായമായ ഒരു ഇത്ത ബഷീറിന്റെ ഉമ്മയോട് ചോദിച്ചു ...
" ഒരു വര്‍ഷം ആയില്ലേ ...??
ഓള് മച്ചിയാണോ..??"
ചോദ്യം കേട്ട ആയിഷക്കു ഇടിവാള്‍ തലയില്‍ വീണ അവസ്ഥ ആയിരുന്നു . ഈശ്വര സേവ പോലെ ജീവിച്ചു വന്ന ആയിഷയുടെ ജീവിതത്തില്‍ വീണ ആദ്യത്തെ കരി നിഴല്‍ ആയിരുന്നു ആ ചോദ്യം .
ഒടുവില്‍ ആശുപത്രി ,പരിശോധനകള്‍ .എല്ലാത്തിനുമൊടുവില്‍ അവരെല്ലാം ആഗ്രഹിച്ച പോലെ ഫലവും വന്നു ..കുഴപ്പം ആയിഷക്കു തന്നെയാണ് .ഒരു വര്‍ഷമെങ്കിലും ചികിത്സിച്ചാല്‍ കുട്ടികള്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ ബഷീറിനു ഉറപ്പ് നല്‍കി .
ബഷീറിന്റെ ഉമ്മക്ക് ആ കാത്തിരിപ്പിനോട് യോജിക്കുവാന്‍ കഴിഞ്ഞില്ല .ആയിഷയെ ഒഴിവാക്കി പുതിയ നിക്കാഹ് കഴിക്കുവാന്‍ അയാളെ അവര്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു .ഒടുവില്‍ നിര്‍ബന്ധത്തിന്റെ ഏതോ നിമിഷങ്ങളില്‍ ബഷീര്‍ തന്‍റെ ഉമ്മയുടെ വാദം ശരി വച്ചു.
ആയിഷയെ മൊഴി ചൊല്ലുവാന്‍ ബഷീര്‍ തീരുമാനിച്ചു..!
കിടപ്പുമുറിയിലെ നിശബ്ദതയില്‍ പിടയുന്ന ഹൃദയവുമായി ആയിഷ ബഷീറിനോട്‌ ചോദിച്ചു ..
" ഇക്കാ ,ഈ ഖുറാനില്‍ തൊട്ടു ഞാന്‍ പറയുന്നു ,
എന്റെ പടച്ചവന്‍ കഴിഞ്ഞാല്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിച്ചതും വിശ്വസിച്ചതും ഇക്കയെയാണ്, ആ ഇക്കയാണോ ഇന്ന് എന്റെ ശരീരത്തിന്റെ ചെറിയ കുഴപ്പം കാരണം എന്നെ ഉപേക്ഷിക്കുവാന്‍ ശ്രമിക്കുന്നത്.???
ഏതു കൊടുംകാറ്റിലും മഹാമാരിയിലും ഇക്കയോടൊപ്പം കൈ കോര്‍ത്ത് നടക്കുവാന്‍ ആഗ്രഹിച്ചവളാണ് ഈ ഞാന്‍ ..
ഇക്കയുടെ കൈകളും കാലുകളും നഷ്ടപ്പെട്ടാലും ,മനസ്സ് തന്നെ കൈ വിട്ടാലും ഇക്കയെ സേവിച്ചു ഈ ജന്മം തീര്‍ക്കണം എന്ന് നൊയമ്പ് നോറ്റ എന്നെ ഉപേക്ഷിക്കുവാന്‍ ഇക്കാക്ക്‌ കഴിയുമോ ..??
ഡോക്ടര്‍മാര്‍ പറഞ്ഞല്ലോ എനിക്ക് കുട്ടികള്‍ ഉണ്ടാകുമെന്ന് പിന്നെ എന്റെ സ്നേഹത്തിനു വേണ്ടിയെങ്കിലും കാത്തിരുന്നു കൂടെ ഇക്കാ ..??
ഞാനും അമ്മയാകും ...,
ഇക്കയെ തന്ന പടച്ചവന്‍ എനിക്ക് മക്കളെയും തരും ....,
എന്നെ ഈ ഇരുട്ടില്‍ തനിച്ചാക്കി പോകുമോ ഇക്കാ ..??"
ചോദ്യങ്ങള്‍ക്കവസാനം തന്നെ തന്‍റെ ഇക്ക നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ആശ്വസിപ്പിക്കുമെന്നു കരുതിയ ആയിഷയെ വരവേറ്റത് ബഷീറിന്റെ ഇതു വരെ കാണാത്ത മൌനമായിരുന്നു ...
ചിലപ്പോള്‍ ചിലരുടെ മൌനം അവരുടെ അലര്‍ച്ചയേക്കാള്‍ ഭയാനകമാണ് ....
ആയിഷ ഉപേക്ഷിക്കപ്പെട്ടു ..!!
'മച്ചി'യെന്ന വിളിപ്പേരില്‍ തിരസ്കരിക്കപ്പെടുന്ന സ്ത്രീത്വങ്ങള്‍ ......
ഈ കഥയിലെ ആയിഷ ഒരു സാങ്കല്‍പ്പിക പേരാണ് പക്ഷെ ഇത് കഥയല്ല ..
ജീവിതമാണ് ..
"മച്ചി" എന്ന വിളിപ്പേരില്‍ തിരസ്കരിക്കുന്നവരോട് ഒന്നേ എനിക്ക് പറയുവാനുള്ളൂ ..
നാളെ നിങ്ങളുടെ ഉദ്ധാരണ ശേഷി കുറഞ്ഞത്‌ കാരണമോ അല്ലെങ്കില്‍ ബീജത്തിന്റെ അളവ് കുറഞ്ഞതിന്റെ പേരിലോ "ഷണ്ടന്‍" എന്ന വിളിപ്പേരില്‍ നിങ്ങളെ ഉപേക്ഷിച്ചു പോകുമ്പോള്‍ മാത്രമേ അവഗണയുടെ ഹൃദയവേദന നിങ്ങള്‍ക്ക് അനുഭവിക്കുവാന്‍ കഴിയൂ ..
സ്ത്രീ ആയാലും പുരുഷന്‍ ആയാലും ആരും ഇങ്ങനെ ഇറച്ചി പോലെ തിരസ്കരിക്കതിരിക്കട്ടെ ...
ആയിഷ വീണ്ടും വിവാഹിതയായി ......,
അവളുടെ പടച്ചവന്‍ അവള്‍ക്കു ബഷീറിനെക്കാള്‍ നല്ലൊരു ഭര്‍ത്താവിനെ നല്‍കി ..

സൂര്യതേജസ്സുള്ള രണ്ടു പുത്രന്മാരെയും നല്‍കി ..!!

ഒരു ഭൂതകാല പ്രതികരണം

ഇന്നു രാവിലെ സ്വയം ഇസ്ലാം മതപണ്ഡിതയെന്നു വിശേഷിപ്പിച്ചു കൊണ്ട് പോസ്റ്റുകള്‍ എഴുതാറുള്ള എന്റെ ഒരു സുഹൃത്തിന്റെ പോസ്റ്റ്‌ കണ്ടു .പോസ്റ്റിന്റെ സാരാംശം ഇതായിരുന്നു ...
"നിങ്ങള്‍ അമുസ്ലീമിന്റെ ഓണം പോലുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കരുത് ,കാഫിറിന്റെ ആഘോഷങ്ങളില്‍ പങ്കെടുത്താല്‍ നിങ്ങള്‍ക്ക് ഈമാന്‍ നഷ്ടപ്പെടും ..ഓണസദ്യയില്‍ പങ്കെടുക്കുന്നതില്‍ നിന്നും നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ വിലക്കുക ..!"
ബീഫ് ഭക്ഷിക്കുന്നവരെ തിരഞ്ഞു പിടിച്ചു ആക്രമിക്കുകയും അവര്‍ നമ്മളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നവരാണ് എന്ന അടിസ്ഥാന തത്വത്തില്‍ വിശ്വസിക്കുന്ന സംഘ പരിവാര്‍ നയങ്ങളോട് സാമ്യം പുലര്‍ത്തുന്ന വാക്കുകള്‍ തന്നെയാണ് മതപണ്ഡിതയായ എന്റെ സുഹൃത്തും ആ പോസ്റ്റ്‌ കൊണ്ട് തെളിയിച്ചത് .
ഒരു യഥാര്‍ഥ മത വിശ്വാസിക്ക് വര്‍ഗീയവാദിയോ ഫാഷിസ്റ്റ് ചിന്താഗതിക്കാരനോ ആവാന്‍ കഴിയില്ല. മാത്രമല്ല, അത്തരം ചിന്താഗതികളെ പ്രോത്സാഹിപ്പിക്കുവാനും കഴിയില്ലെന്നാണ് മതതത്ത്വങ്ങളിലൂടെ നാം മനസ്സിലാക്കേണ്ടത്.
ദൈവം വിശേഷബുദ്ധിനല്‍കി അനുഗ്രഹിച്ച മനുഷ്യന്‍ അവന്റെ സഹജീവികളോട് സ്‌നേഹത്തോടെയും കാരുണ്യത്തോടെയും വര്‍ത്തിക്കണമെന്നാണ് മതവിശ്വാസങ്ങളുടെ അടിസ്ഥാനപ്രമാണം. മനുഷ്യന്‍ അവര്‍ക്കിഷ്ടമുള്ള മതങ്ങള്‍ തിരഞ്ഞെടുത്തു. എല്ലാമതങ്ങളും മനുഷ്യനന്മതന്നെയാണ് ഉദ്‌ഘോഷിക്കുന്നത്.
ഇസ്ലാം മതവിശ്വാസപ്രകാരം
'അക്രിം ജാറക വലൗ കാന കാഫിറന്‍'
എന്ന ആശയത്തിലൂടെ പറയുന്നത് 'നിന്റെ അയല്‍വാസി മറ്റു മതസ്ഥനാണെങ്കിലും അവനെ ബഹുമാനിക്കുക,' ഖുര്‍ആനിലെ അല്‍ബഖറ സൂറത്തില്‍ (256) പറയുന്നത് മതവിഷയത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല.
ഇസ്ലാം എന്ന വാക്കിന്റെ അര്‍ഥം തന്നെ സമാധാനം എന്നതാണ്. ഈ മതത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്കും വര്‍ഗീയവാദിയാകാനോ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നവനാകാനോ സ്വീകരിക്കുന്നവനാകാനോ കഴിയുന്നതല്ല. പിന്നെയെങ്ങനെയാണ് ഇസ്ലാമിന്റെ പേരില്‍ വര്‍ഗീയവാദത്തിന് വിത്തുപാകുന്നത്?
അതുപോലെതന്നെ ഹിന്ദുമത വിശ്വാസപ്രകാരം അവരുടെ മത ഗ്രന്ഥങ്ങളിലും മറ്റും ഒന്നും തന്നെ വര്‍ഗീയവാദത്തെയോ ഫാഷിസത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ല. ഭഗവദ്ഗീത പറയുന്നത് 'മനുഷ്യന്‍ ഏതുവിധത്തിലായാലും എന്റെ മാര്‍ഗംതന്നെയാണ് അവന്‍ പിന്‍തുടരുന്നത്' എന്നാണ്.
മതേതരത്വത്തിന്റെ ബാലപാഠം ഇന്ത്യയുടെ ഹൈന്ദവമായ സംസ്‌കാരത്തിന്റെ ഭാഗം തന്നെയായിരുന്നു. ഇങ്ങനെ സുന്ദരസമത്വ ഹിന്ദുമതത്തിന്റെ വിശ്വാസവും പ്രമാണവും നയിക്കുന്ന ഒരു ഹൈന്ദവ വിശ്വാസിക്ക് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല.
'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം'
എന്ന് പ്രഖ്യാപിക്കുന്ന പ്രത്യയശാസ്ത്രമാണ് ക്രിസ്തുമതത്തിലേത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്നതായിരുന്നു യേശുക്രിസ്തുവിന്റെ സന്ദേശം. നിന്നെപ്പോലെ നിന്റെ ക്രിസ്ത്യാനിയായ അയല്‍ക്കാരനെയും എന്ന് വിശേഷിപ്പിക്കപ്പെട്ടില്ല. മനുഷ്യരെല്ലാവരെയും സ്‌നേഹത്തിന്റെ നാരുകൊണ്ട് കോര്‍ത്തിണക്കാനാണ് ക്രിസ്തു ശ്രമിച്ചത്.
മതം എന്ന വാക്കിന്റെ അര്‍ഥം ദൈവത്തിലേക്കുള്ള വഴി എന്നതാണ്. അതുകൊണ്ടൊക്കെത്തന്നെ ​പരസ്‌പര സ്നേഹത്തോടെയും സഹകരണത്തോടെയും മറ്റുമതസ്ഥരെ നോവിപ്പിക്കാതെയും മുന്നോട്ടു പോവുകയാണ് ഓരോ മതസ്ഥരും ചെയ്യേണ്ടത്. ഇത് എന്റേതാണ് അന്യന്റേതാണ് എന്ന ഗണന ചിന്താഗതി സങ്കുചിത മാനസരുടേതാണ്. വിശാല ഹൃദയക്കാര്‍ക്കാകട്ടെ ഭൂമി തന്നെ കുടുംബകം എന്ന രീതിയിലാണ് എല്ലാ മതങ്ങളും മുന്നോട്ടേക്ക് പോകേണ്ടത്.
മതപണ്ഡിതയെന്നു സ്വയം വിശേഷിപ്പിക്കുന്ന സുഹൃത്ത് ഈ പോസ്റ്റ്‌ കാണുന്നുണ്ടെങ്കില്‍ അയാളോട് ഒന്ന് കൂടി പറയുന്നു ..
"കൊച്ചു കുട്ടികളുടെ മനസ്സില്‍ വര്‍ഗീയ വിഷം കുത്തി വയ്ക്കുന്ന ഇത്തരം പോസ്റ്റുകള്‍ എഴുതുന്നവര്‍ ആരായാലും അതിപ്പോ ഹിന്ദു ആയാലും മുസ്ലീം ആയാലും കൃസ്ത്യന്‍ ആയാലും നിങ്ങളെയൊക്കെ 'വിവരമില്ലാത്ത മതഭ്രാന്തന്മാര്‍' എന്ന് സംബോധന ചെയ്യാനാ എനിക്കിഷ്ടം .."

ഇസ്മയില്‍ മാഷിന്റെ വാക്കുകള്‍ക്കും പിന്നെ ഖുറാന്‍ ഗീത ബൈബിള്‍ വചനങ്ങള്‍ക്കും കടപ്പാട്

ഗൌരി ലങ്കേഷ്

കൊല്ലപ്പെട്ട അഭിപ്രായ സ്വാതന്ത്ര്യം ....!!!
ഹേ,മരണമേ.. ഹൃദയം വെടിയുണ്ടകളാല്‍ തുളച്ചതു കൊണ്ട് ഒന്നും നിലയ്ക്കുന്നില്ല ....,
അവര്‍ ഹൃദയത്തില്‍ സൂക്ഷിച്ച കനല്‍ ഒരുപാട് ഹൃദയങ്ങളില്‍ പകര്‍ന്നു കൊണ്ട് ചുട്ടു പൊള്ളുന്ന തീയായി നമുക്കരികില്‍ കൂട്ടിരിക്കുന്നു .....,
ഒരു പാട് നാവുകള്‍ ആ ധീരയുടെ മരണത്തെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു .....,
വെടിയുണ്ടകള്‍ അവരുടെ ഹൃദയത്തിലിരുന്നു ചിന്തിയ ചോരയില്‍ കുളിച്ചു കൊണ്ട് ഇങ്ങനെ പിറു പിറുത്തു ..
"നന്നായി ഈ ഹൃദയ യാത്ര ......
ആ തോക്കിലെ അടഞ്ഞ ലോഹകൂടിനുള്ളില്‍ സ്വാതത്ര്യം ഇല്ലാതെ ഒരു മത ഭ്രാന്തന്റെ കയ്യില്‍ ഇരിക്കുന്നതിലും ഭേതം ഗൌരിയെന്ന ധീരയുടെ ഹൃദയത്തിലൂടെ കടന്നു പോയതാണെന്ന് ......"
ഇങ്ങനെ പറഞ്ഞു വെടിയുണ്ടകള്‍ പരസ്പരം ആശ്വസിച്ചു .
ചരിത്രം അവസാനിക്കുകയല്ല തുടങ്ങിയതേയുള്ളൂ
എന്ന് ഓര്‍മിപ്പിക്കുന്ന ചില മരണങ്ങള്‍..
ചിന്തകള്‍ മരിക്കുന്നില്ല .....

മരണം അന്ത്യമല്ല ...


ഗൌരിക്ക് വേണ്ടി എഴുതിയത് ..
മത ഭ്രാന്ത പട്ടികള്‍ കുരച്ചാല്‍ സൂര്യന്‍ അസ്തമിക്കില്ല ..!!

ഒരു ഭൂതകാല പ്രതികരണം

ലുക്കീമിയ ചികിത്സ തേടി വന്ന കുട്ടിക്ക് എയിഡ്സ് പ്രദാനം ചെയ്ത എല്ലാ കഴുവേറി മക്കള്‍ക്കും എന്റെ ഹൃദയത്തില്‍ നിന്നും നിന്റെയൊക്കെ മുഖത്തേക്ക് കാറി തുപ്പുന്ന അഭിവാദ്യങ്ങള്‍ ..!!
കുഞ്ഞേ ക്ഷമിക്കുക ...!
ലോകത്ത് കറുത്ത മനസ്സുമായി ഉത്തരവാദിത്വം മറന്നു മറ്റുള്ളവരുടെ ജീവിതത്തില്‍ കരി നിഴല്‍ വീഴ്ത്തുന്ന ചില കറുത്ത മനസ്സുള്ള മനുഷ്യ മൃഗങ്ങളുണ്ട്.
അവര്‍ സൃഷ്ടിക്കുന്ന കറുത്ത ഭൂമിയിലെ ഇരയായി നിന്നെയും വാര്‍ത്തകളില്‍ നിറയ്ക്കും .
ആ കുഞ്ഞു മനസ്സിന്റെയും കുടുംബത്തിന്റെയും വേദന മനസ്സിലാക്കുവാന്‍ നന്നായി കഴിയുന്നുണ്ട് .ഈ ക്രൂരത കാണിച്ചവരെ ഇരുട്ടില്‍ അടക്കുന്ന കാലത്തിനു മാത്രമേ ഭാവിയെ രക്ഷിക്കുവാന്‍ കഴിയൂ ...!!
'ജീവന്‍' ഭിക്ഷ തേടി വന്ന കുരുന്നിന് മരണ യാത്ര പ്രദാനം ചെയ്ത എല്ലാ കഴുവേറികള്‍ക്കും ഒരിക്കല്‍ കൂടി എന്റെ നടു വിരല്‍ നമസ്കാരം...!!
വാര്‍ത്തകളില്‍ കമ്മ്യൂണിസ്റ്റ്‌ സുരേന്ദ്രനെ അമ്പലത്തില്‍ പോയതിന്റെ പേരില്‍ വിമര്‍ശിക്കുന്നത് കാണുമ്പോള്‍ ഈ കമ്മ്യുണിസവും ഒരു 'മതം' ആണോ എന്ന് തോന്നി !
ഈ മത പരിവര്‍ത്തനം നടത്തിയ അഖിലയെ ഒക്കെ വീട്ടു തടങ്കലില്‍ വച്ചത് പോലെ ...ഹ ഹ ഹ
മതം എന്ന പരിഗണനക്കുണ്ടാകുന്ന പരിണാമത്തിന്‍റെ ഫലമായാണ് കമ്മ്യൂണിസം തന്നെ ഒരു മതമായി മാറുന്നത്.മതം മനുഷ്യനെ മയക്കുന്ന കറപ്പാണെന്നു പറഞ്ഞ മാര്‍ക്സും മതപരമായ പ്രസ്താവനകളും അനുഭൂതികളും വെറും ജല്‍പനങ്ങളാണെന്നെഴുതിയ എംഗല്‍സും മത വിശ്വാസിക്ക് യഥാര്‍ഥ കമ്മ്യൂണിസ്റ്റാകാന്‍ കഴിയില്ലെന്ന് ശാസിച്ച ലെനിനും മതമെന്ന പരിഗണനയുടെ തന്നെ പരിണാമ ദിശയിലെ കണ്ണികളാണ്. ഈ കണ്ണികള്‍ തന്നെ പിന്നീട് ഒരു സംഘടിത 'മത'ത്തിന്‍റെ ദേവസ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടതാണ് കമ്മ്യൂണിസ്റ്റ് ചരിത്രം.
എന്തെരോ ആയിക്കോട്ടെ ..
എന്തായാലും അഞ്ചു നേരം നിസ്കരിക്കാത്ത ,ഖുറാന്‍ കൈ കൊണ്ട് തൊടാത്ത ഒരു മുസ്ലീം കമ്മ്യൂണിസ്റ്റ്കാരനും അല്ലെങ്കില്‍ മാമ്മോദീസ മുക്കാത്ത കുറുബാന കൈ കൊള്ളാത്ത പള്ളിയില്‍ പോകാത്ത ഒരു കൃസ്ത്യന്‍ കമ്മ്യൂണിസ്റ്റ്കാരനും ഉണ്ടെകില്‍ അവര്‍ക്ക് പാര്‍ട്ടിയുടെ വിശുദ്ധ പട്ടം നല്‍കി ആദരിക്കണം എന്നും .മത ആചാരങ്ങള്‍ പിന്തുടരുന്നവരെ ഉപദേശം വഴി നന്നാക്കണം എന്ന് കൂടി അഭ്യര്‍ഥിക്കുന്നു..!!
നടപ്പാക്കേണ്ടത് സോഷ്യലിസമാണ് ...!!!
എല്ലായിടത്തും സമത്വം ...!!!
ഫാസിസത്തിനെതിരെ നിലപാടെടുക്കുന്ന ഇന്നത്തെ കമ്മ്യൂണിസം സ്വയം ഒരു ഫാസിസമാവാതിരിക്കാന്‍ ശ്രമിക്കുന്നത് പ്രസ്ഥാനത്തിന് ഗുണം ചെയ്യും ..!!

വർഗ്ഗരഹിത-രാഷ്ട്രരഹിതമായ സാമൂഹ്യ വ്യവസ്ഥയുടെ സൃഷ്ടി ലക്‌ഷ്യം വയ്ക്കുന്ന ആശയം ചിതലെടുക്കാതിരിക്കട്ടെ ...!!!

അസുരന്‍

മുൻപൊരു നശിച്ച നിമിഷത്തിൽ എഴുതിയതാണ്.. ഇന്ന് വെറുതെ നോക്കിയപ്പോൾ ഭംഗി തോന്നി.. ഇതിവിടെയും കിടക്കട്ടെ.. 

"കണ്ണീരിന്റെ നടവഴികളില്‍ നിന്റെ കിനാവുകള്‍ പൊട്ടി ചിതറുന്നത്‌ കണ്ടപ്പോഴാണ്, ഗര്‍ത്തങ്ങളിലേക്ക് ഉള്‍വലിഞ്ഞു അസ്ഥിവാരം തോണ്ടുന്ന മനസ്സ് എന്നോട് മന്ത്രിച്ചത് "കിനാക്കളെ കോര്‍ത്ത്‌ ഒരു ഹാരമായ്‌ നിനക്ക് ചാര്‍ത്താന്‍ "
പക്ഷെ കോര്‍ത്തെടുത്ത കിനാക്കള്‍ക്ക് ശവമഞ്ചത്തില്‍ പറ്റി ചേര്‍ന്നിരിക്കുന്ന പൂവിന്റെ ഗന്ധമാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ നിന്റെ ഹൃദയം തേങ്ങി.
അസുരന്‍ ചാര്‍ത്തുന്നതെല്ലാം ശവംനാറി പൂക്കള്‍ തന്നെയാണ് , അത് കൊണ്ടാണല്ലോ ഞാന്‍ അസുരന്‍ ആയത്..പുഞ്ചിരിയുടെ ഹാരം നിനക്ക് സമ്മാനിക്കാനിരുന്ന ഈ അസുരന്‍ ഇന്നു ഏകനാണ്..നിനക്ക് ഹാരം തീര്‍ക്കുന്നതിനിടയില്‍ ഞാന്‍ എന്നെ നഷ്ട്ടപ്പെടുത്തിയിരുന്നു...!
എന്റെ പ്രണയത്തിന്റെ ഗന്ധം ശവംനാറി പൂവിന്റെതാകാം ..അത് നിന്നെ വെറുപ്പിന്റെ തീരാക്കയത്തിലേക്ക് തള്ളിയിട്ടേക്കാം, എങ്കിലും ഞാന്‍ നിനക്ക് തന്നത് എന്റെ പ്രണയമാണ് ..ഗന്ധം സഹിച്ചു കൂടെ നില്‍ക്കുമെന്ന് കരുതിയ ഈ അസുരന്‍ വിഡ്ഢി..!

അന്നും ഇന്നും എന്നും ദേവന്റെ മുന്‍പില്‍ തോല്‍ക്കാന്‍ ആണ് ഈ അസുരന്റെ വിധി ..!!

കരി അടയാളങ്ങള്‍

കരി പുരണ്ട കൈകളും നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ആ മൂന്നാം ക്ലാസ്സുകാരൻ ബാലൻ മാഷിന്റെ അരികിൽ നിന്നു.അവന്റെ കീറി തുന്നിയ കുപ്പായത്തിലും കരിക്കട്ട അടയാളം നൽകിയിരുന്നു. മൂക്കിന്റെ തുമ്പിൽ വച്ച കട്ടി കണ്ണടയ്ക്കു മുകളിലൂടെ കണ്ണുകളിലെ തീ ജ്വാല ദേവന്റെ ഹൃദയത്തെ ഭയപ്പെടുത്തി. അവന്റെ കണ്ണുകളിൽ ഭയത്തിന്റെ നീരൊഴുക്ക് ശക്തമായി.
"മാഷേ.., ഇനി ഞാൻ ചെയ്യില്ല മാഷേ..."
അവന്റെ യാചനകളൊന്നും തന്നെ മാഷിന്റെ മനസ്സിൽ അലിവ് ഉണ്ടാക്കിയില്ല.കയ്യിലെ നീണ്ട ചൂരൽ വടി അവന്റെ മെല്ലിച്ച വെളുത്ത തുടകളിൽ നാല് പ്രാവശ്യം ആഞ്ഞു പതിച്ചു,ദേവൻ തറയിൽ വീണു പുഴുവിനെ പോലെ പിടഞ്ഞു കരഞ്ഞു.ജനാലയ്ക്ക് മുന്നിലും ഹെഡ് മാസ്റ്ററുടെ മുറിയുടെ മുന്നിലും കുട്ടികൾ കൂട്ടം കൂടി നിന്നു.ചിലർ ചിരിക്കുന്നു,ചിലർ സങ്കടഭാവത്തിൽ തന്നെ നോക്കുന്നു.ദേവൻ കിടന്ന കിടപ്പിൽ അവരെ പാളി നോക്കി.
" എണീറ്റു പോടാ..മേലിൽ ആവർത്തിക്കരുത്..
അവനു കലാ വിരുത് കാട്ടാൻ സ്കൂളിന്റെ ചുമർ മാത്രേ കണ്ടുള്ളൂ.. പോയി ആദ്യം അത് വൃത്തിയാക്കിയിട്ട് വേണം ക്ലാസ്സിൽ കയറാൻ.."
'ക്ലാസ്സിൽ പോയിനെടാ' എന്ന് ആക്രോശിച്ചു കൊണ്ട് ബാലൻ മാഷ് പുറത്തു നിന്ന കുട്ടികൾക്ക് നേരെ ചൂരൽ വീശി.കുട്ടികൾ ചിതറിയോടി ,ദേവൻ പതിയെ തറയിൽ നിന്നും എണീറ്റു.നിക്കറിൽ കുത്തിയിരുന്ന പിന്ന് അടിയുടെ ശക്തിയിൽ എവിടേക്കോ തെറിച്ചു പോയിരിക്കുന്നു.കൂട്ടി പിടിച്ച നിക്കറുമായി അവൻ പുറത്തേയ്ക്ക് നടന്നു.തുടയിൽ നാല് വരകൾ ചുവന്ന നിറത്തിൽ തടിച്ചു പൊന്തിയിരിക്കുന്നു.
ശരീരത്തിനേക്കാളും നീറ്റൽ മനസ്സിനേറ്റിരുന്നു.
വലിയ തെറ്റൊന്നും താൻ ചെയ്തിട്ടില്ല..??
എന്നിട്ടും..??
വല്ലാണ്ട് കൊതിച്ചു പോയത് കൊണ്ടാണ് അങ്ങനെ ഒരു ചിത്രം വരച്ചു പോയത്. തേങ്ങി കരഞ്ഞു കൊണ്ട് നടന്നു പോയ ദേവന്റെ പിന്നിൽ നിന്നും "മോനെ " എന്നൊരു വിളി കേട്ടു. സ്കൂളിൽ കഞ്ഞി വയ്ക്കുന്ന പാറു ചേച്ചിയാണ്.അവരുടെ ബ്ലൗസിൽ കിടന്ന ഒരു പിന്നെടുത്തു അവനു നേരെ നീട്ടി കൊണ്ട് അവർ പറഞ്ഞു.
" ട്രൗസർ കുത്തി വയ്ക്ക്... "
അപ്പോഴാണ് അവന്റെ കാലിലെ പാട് അവർ ശ്രദ്ധിച്ചത്. അവന്റെ കവിളിൽ തലോടി കൊണ്ട് അവർ എന്തോ പിറു പിറുത്തു കൊണ്ട് തിരികെ നടന്നു.
പാറു ചേച്ചിക്ക് ചിലപ്പോഴൊക്കെ അമ്മയുടെ മുഖമാണെന്ന് അവനു തോന്നാറുണ്ട്. ക്ലാസിനു പിൻവശത്തെ ചുമരിൽ പുസ്തകം നോക്കി വരച്ച അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം അവൻ വെള്ളം തൊട്ടു മായ്ച്ചു തുടങ്ങി.എത്ര കുട്ടികൾ തന്നെഅഭിനന്ദനങ്ങൾ കൊണ്ട് മൂടിയ ചിത്രമാണ്..? തൊണ്ടയിൽ കരച്ചിൽ അടക്കി വച്ചു മുഴുവനും വൃത്തിയാക്കി ക്ലാസ്സിലേക്ക് ചെന്നു.രാജൻ മാഷ് മലയാളം കവിത ചൊല്ലി കൊടുക്കുകയാണ്.
" ഒന്നാനാം കൊച്ചു തുമ്പി....
എന്റെ കൂടെ പോരുമോ നീ..."
വെള്ളവും കരിയും പറ്റി പിടിച്ച അവന്റെ കോലം കണ്ടതും ക്ലാസ്സ്‌ നിശബ്ദമായി.രാജൻ മാഷ് അവനോടു കയറിയിരിക്കാൻ പറഞ്ഞു.അവൻ നടന്നപ്പോൾ കുട്ടികൾ ആർത്തു ചിരിച്ചു.മാഷ് മേശ മേലെ വടി കൊണ്ടടിച്ചു അവരെ നിശബ്ദമാക്കി.ദേവൻ നിശബ്ദനായി കരഞ്ഞു.സ്കൂൾ വിട്ടു വീട്ടിലെത്തിയിട്ടും അവന്റെ സങ്കടം മാറിയില്ല.
മുത്തശ്ശി മാത്രമുള്ള താൻ എങ്ങനെയാണു മറ്റു കുട്ടികളെ പോലെ ചായ പെന്‍സില്‍ വാങ്ങുകയും ചിത്രം വരയ്ക്കുകയും ചെയ്യുന്നത്...??
ആകെയുള്ള രണ്ടു ബുക്കുകൾ തന്നെ മുത്തശ്ശി ജോലിക്ക് നിൽക്കുന്ന വീട്ടിലെ ചേച്ചി കൊടുത്തതാണ് .ചിത്രം വരയ്ക്കാൻ ഒരു ചുമർ പോലും തന്റെ കുടിലിൽ ഇല്ല. ചെറ്റപുരയിൽ എങ്ങനെ ചിത്രം വരയ്ക്കും..??
ഇതൊക്കെ വലിയ മോഹങ്ങൾ തന്നെയാണ്.താൻ ഇതൊന്നും ആഗ്രഹിക്കുവാൻ പാടില്ല.മുത്തശ്ശി കേൾക്കാതെ പതിയെ കരഞ്ഞു കരഞ്ഞു അവൻ എപ്പോഴോ ഉറങ്ങി.പിന്നീടുള്ള ദിവസങ്ങളെല്ലാം എന്നത്തേയും പോലെ കടന്നു പോയി.ചിത്രം വരയ്ക്കുക എന്ന ചിന്ത പോലും അവന്റെ ഓർമകളിൽ നിന്നും ഓടി ഒളിച്ചു,സ്കൂളിൽ യുവജനോത്സവം അടുത്തു വന്ന ഒരു ദിവസം ക്ലാസ്സിൽ രാജൻ മാഷ് ചിത്രരചന മത്സരത്തിനു താല്പര്യം ഉള്ളവർ പേര് നൽകാൻ പറഞ്ഞു.എല്ലാവരും തന്നെ നോക്കിയെങ്കിലും ഉള്ളിൽ ആർത്തു തുളുമ്പുന്ന ആഗ്രഹം അടക്കി പിടിച്ചു ഇരുന്നു. ഗൾഫിൽ ബാപ്പയുള്ള ജബ്ബാർ മാത്രം എണീറ്റു നിന്നു. അവനു ഒരുപാട് ചായ പെന്‍സിലുകൾ ഉണ്ട്.ചുമരിൽ കരിക്കട്ട വെച്ച് ചിത്രം വരച്ചത് ബാലൻ മാഷിനോട് പറഞ്ഞു തനിക്കു അടി വാങ്ങി തന്നതും അവനാണ്. ജബ്ബാർ ദേവനെ നോക്കി പുച്ഛം കലർന്ന ചിരി ചിരിച്ചു. അവൻ പുസ്തകത്തിലേക്ക് മുഖം താഴ്ത്തി ഇരുന്നു,
അന്ന് വൈകുന്നേരം ചിമ്മിനി വെട്ടത്തിൽ ദേവൻ പഠിക്കുമ്പോൾ വീടിനു മുന്നിൽ ഒരു കാൽപ്പെരുമാറ്റം കേട്ടു.
" ദേവാ.... "
രാജൻ മാഷിന്റെ ശബ്ദം.അവൻ ഓല കതക് മാറ്റി പുറത്തിറങ്ങി.ദേവനു നേരെ ഒരു പൊതി നീട്ടി കൊണ്ട് മാഷ് പറഞ്ഞു.
" ദേവന്റെ പേര് ഞാൻ മത്സരത്തിൽ ചേർത്തിട്ടുണ്ട്. പങ്കെടുക്കണം... "
മാഷിനേ തന്റെ ഒറ്റമുറി ഓലപ്പുരയിലേക്കു അവൻ ക്ഷണിച്ചു , ചിമ്മിനി വെട്ടത്തിൽ ഇരുന്നു കൊണ്ട് മുത്തശ്ശി നല്‍കിയ കട്ടന്‍ കുടിച്ചു കൊണ്ട് അവനോടു മാഷ് പറഞ്ഞു.
"ദേവൻ ഒരുപാട് കഴിവുള്ള കുട്ടിയാണ്... ദൈവത്തിന്റെ അനുഗ്രഹം ഉള്ളവർക്കേ ചായ പെൻസിലും ,അക്ഷരങ്ങളും, സംഗീതവും,നൃത്തവും ഒക്കെ വഴങ്ങുകയുള്ളൂ...."
യാത്ര പറഞ്ഞു മാഷ് ഇറങ്ങുമ്പോൾ മാഷിനെ കെട്ടി പിടിച്ചു ദേവൻ കരഞ്ഞു.അവന്റെ മുടിയിഴകളിൽ വിരൽ ഓടിച്ചു മാഷ് പറഞ്ഞു.
"ഒന്നാമനാവണം എന്നും... "
മാഷ് ഇരുട്ടിലൂടെ നടന്നു പോകുന്നത് നിറഞ്ഞ കണ്ണുകളോടെ അവൻ നോക്കി നിന്നു..
ദേവൻ അരണ്ട വെളിച്ചത്തിൽ കയ്യിൽ മാഷ് നൽകിയ പൊതി നിവർത്തി.കുറച്ചു ബ്രഷുകളും, ചിത്രം വരയ്ക്കുവാനുള്ള ബുക്കുകളും, ചായ പെൻസിലുകളുമായിരുന്നു അവ.
മാഷ് പറഞ്ഞത് പോലെ ദേവൻ ഒന്നാമത് എത്തി.
ചിത്ര രചനയിലും പഠനത്തിലും. പിന്നീട് മാഷ് ദൂരെ സ്ഥലം മാറി പോയി.ദേവൻ, മാഷിന് കൊടുത്ത വാക്കുകൾ പാലിക്കുക എന്ന ലക്ഷ്യത്തോടെ എന്നും ഒന്നാമൻ ആവാൻ വേണ്ടി മത്സരിച്ചു.അതിനായി കഠിനാദ്ധ്വാനം ചെയ്തു.കാലം കടന്നു പോയി, കോളേജ് തലത്തിൽ സ്കോളർ ഷിപ്പോടെ അവൻ വിദേശത്ത് ഉപരി പഠനത്തിന് പോയി.അറിയപ്പെടുന്ന ചിത്രകാരൻ ആയി അവൻ വളർന്നു. ജീവിതത്തിൽ വിജയം നേടിയ ദേവൻ വർഷങ്ങൾക്കു ശേഷം തന്റെ പ്രിയ അധ്യാപകനെ കാണാൻ നാട്ടിലെത്തി.പാറു ചേച്ചിയെ അന്വേഷിച്ചപ്പോള്‍ അവര്‍ മരണപ്പെട്ടതായി വിവരം ലഭിച്ചു.
രാജൻ മാഷിനെ അവൻ ഒരുപാട് അന്വേഷിച്ചു.ആ വർഷം അവനു പുരസ്‌കാരം ലഭിച്ച ചിത്രം മാഷിന് സമ്മാനിക്കാൻ വേണ്ടി അവൻ കരുതി വച്ചു.പക്ഷേ മാഷിനെ അവനു കണ്ടെത്താൻ കഴിഞ്ഞില്ല.തിരികെ പോകുന്നതിന്റെ മൂന്നു ദിവസം മുന്നേ കൂടെ പഠിച്ച സഹപാഠി ഡോക്ടർ ആയി ജോലി നോക്കുന്ന സർക്കാർ ഹോസ്പിറ്റലിൽ വരാന്തയിൽ അവൻ നിൽക്കേ, ചുമച്ചു ചുമച്ചു ഒരു വൃദ്ധൻ അവനെ കടന്നു പോയി .കീറിയ മുഷിഞ്ഞ വേഷം,കയ്യിൽ ഒരു ഊന്നു വടി ,അയാളുടെ കയ്യിലെ മരുന്ന് കുപ്പി വിറയൽ കൊണ്ട് തറയിൽ വീണു പല കഷ്ണങ്ങൾ ആയി പൊട്ടി ചിതറി.ദേവൻ അയാളെ തന്നെ നോക്കി നിൽക്കുകയായിരുന്നു,അവന്റെ മനസ്സിൽ പുതിയൊരു ചിത്രത്തിന് രൂപം കൊടുക്കുകയും ചെയ്തു.ആ മനുഷ്യൻ പെട്ടെന്ന് തറയിലെക്കു വീഴാൻ പോകും നേരം ദേവൻ ഓടി ചെന്നയ്യാളെ താങ്ങി പിടിച്ചു.ആ മുഖത്തേയ്ക്ക് നോക്കിയ അവൻ സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കണ്ണീർ പൊഴിച്ചു.
"രാജൻ മാഷ്.....!
മാഷേ എന്നെ അറിയാമോ.... ???
ഞാൻ മാഷിന്റെ ദേവൻ ആണ്....."
പ്രായം കൊണ്ട് കണ്ണിന്റെ കാഴ്ച മങ്ങിയെങ്കിലും ദേവനെ രാജൻ മാഷ് തിരിച്ചറിഞ്ഞു.
"മാഷേ.. ഞാൻ മാഷേ കാണാൻ വന്നതാ.. എത്രയോ നാളുകളായി തിരഞ്ഞു നടക്കുന്നു.മാഷിന്റെ ദേവൻ ഇന്ന് എല്ലായിടത്തും ഒന്നാമത് ആണ്.ലോക ചിത്രകാരന്മാര്‍ പങ്കെടുത്ത മത്സരത്തിൽ അരണ്ട വെളിച്ചത്തിൽ ചായ പെൻസിൽ സമ്മാനം നൽകി പോകുന്ന മാഷിന്റെ ചിത്രം വരച്ചാണ് ഞാൻ ഒന്നാമനായത്. മാഷിന് സമ്മാനമായി ഞാനത് കൊണ്ട് വന്നിട്ടുണ്ട്..."
പതിയെ അവനരികിൽ നിന്നും എണീറ്റു രാജൻ മാഷ് പറഞ്ഞു.
"ദേവാ .... അതല്ല...,ഇതാണ് മോനെ നിന്റെ മാഷിന്റെ യഥാർത്ഥ രൂപം. നീ ഈ ചിത്രം വരയ്ക്ക്. ഇതാണ് വരയ്ക്കേണ്ടത്... കടത്തിണ്ണയിൽ അന്തിയുറങ്ങുന്ന , ആഹാരത്തിനു യാചിക്കുന്ന,ആർക്കും വേണ്ടാത്ത രാജൻ മാഷിൻറെ ചിത്രം,എണ്ണ വറ്റിയപ്പോള്‍ ദൂരെ വലിച്ചെറിഞ്ഞ കരിന്തിരി. അതാണ് നിന്റെ മാഷ്.
ഈ മാഷിനെ നീ വരയ്ക്ക്...."
രാജൻ മാഷിനെ തന്റെ നെഞ്ചോട്‌ ചേർത്തണച്ചപ്പോൾ അന്നൊരു നനുത്ത രാത്രിയിലെ മൂന്നാം ക്ലാസ്സുകാരൻ ആവുകയായിരുന്നു ദേവൻ. വർഷങ്ങൾക്കിപ്പുറം ദേവൻ ഇന്നും കരഞ്ഞു മാഷിനെ കെട്ടിപിടിച്ചു കൊണ്ട്. ഗുരുപൂജ ചെയ്യാൻ ഒരു ശിഷ്യനു ഇതിൽ കൂടുതൽ എന്ത് വേണം എന്ന ചിന്തയിൽ ആയിരുന്നു ആ കണ്ണുനീര്‍ പൊഴിഞ്ഞത്.

ദേവന്റെ കൈ പിടിച്ച് രാജൻ മാഷ് ആശുപത്രി വിടുമ്പോൾ രണ്ടു ഹൃദയങ്ങളും രണ്ടു വികാരങ്ങളിൽ സന്തോഷാശ്രു പൊഴിച്ചു....

2018, ജൂൺ 4, തിങ്കളാഴ്‌ച

സ്നേഹദാരിദ്ര്യം

കന്യകയായ ഭാര്യ ....!
കന്യകയാണെന്ന് വിചാരിച്ച് ഞാന്‍ അവളെ നദീ തീരത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി.
പക്ഷേ അവള്‍ക്ക് ഭര്‍ത്താവുണ്ട്....,
ഗ്രീഷ്മകാല നിശീഥിനി...
തെരുവുവിളക്കുകള്‍ പോയി. ചീവീടുകള്‍ പോയിട്ടില്ല. ഞാനവളുടെ നിദ്രാധീനങ്ങളായ സ്തനങ്ങള്‍ തൊട്ടു. അവ ഹിയസിന്ത് പൂങ്കുലപോലെ പെട്ടെന്ന് വിടര്‍ന്നു.
പത്തു കത്തികള്‍ കൊണ്ട് പട്ട് കീറിയാലെന്ന പോലെ അവളുടെ പാവാടയുടെ കഞ്ഞിപ്പശ എന്‍റെ കാതുകളെ പീഡിപ്പിച്ചു. ശ്വാനന്മാരുടെ ചക്രവാളം വിദൂരതയില്‍ ഓരിയിട്ടു... മണലില്‍, അവളുടെ തല വയ്ക്കാന്‍ വേണ്ടി ഞാനൊരു കുഴിയുണ്ടാക്കി... അവള്‍ വസ്ത്രങ്ങള്‍ മാറി... നിലാവു വീണ കണ്ണാടികളോ പുഷ്പദലങ്ങളോ അവളുടെ ശരീരത്തിനു തുല്യമല്ല. പ്രവാഹത്തില്‍‍പ്പെട്ട് വിസ്മയിച്ച മീനെന്ന പോലെ അവളുടെ തുടകള്‍ പ്രകമ്പനം കൊണ്ടു...
അന്നു രാത്രി ഏറ്റവും നല്ല രാജരഥ്യയിലൂടെയാണ് ഞാന്‍ സഞ്ചരിച്ചത്. എന്നോട് അവള്‍ പറഞ്ഞ കാര്യങ്ങള്‍ പുരുഷനെന്ന നിലയില്‍ എനിക്കു പറയാന്‍ മടിയാണ്. ചുംബനങ്ങളിലും മണ്ണിലും പൊതിഞ്ഞ അവളെ ഞാന്‍ നദീ തീരത്തു നിന്നു മാറ്റി. ലില്ലിപ്പൂക്കളുടെ വാളുകള്‍ അന്തരീക്ഷത്തെപ്പിളര്‍ന്നു...
അവള്‍ക്കു ഭര്‍ത്താവുള്ളതു കൊണ്ട് ഞാനവളെ സ്നേഹിക്കാന്‍ ശ്രമിച്ചില്ല......
എങ്കിലും നദീതീരത്തേയ്ക്ക് കൊണ്ടു പോയപ്പോള്‍ അവള്‍ എന്നോടു പറഞ്ഞു അവള്‍ കന്യകയാണെന്ന്...
പ്രൊഫസര്‍ കൃഷ്ണന്‍ നായര്‍ തര്‍ജ്ജിമ ചെയ്ത ഒരു സ്പാനിഷ് കവിതയുടെ വരികള്‍ ആണിത്.
ജീവിതാവസാനം വരെ ഒരാളോടൊപ്പം മാത്രം ജീവിച്ചു മരിക്കണം എന്ന് ആഗ്രഹിക്കുന്ന എത്ര പേരുണ്ട് ഇന്ന് നമുക്കിടയില്‍ ...????
' ONE MAN/WOMEN IN ONE LIFE '
തന്‍റെ പങ്കാളിയുടെ കുറ്റവും കുറവും ഉള്‍ക്കൊണ്ടു ജീവിക്കാന്‍ ആഗ്രഹിക്കുന്നവരെക്കാള്‍ പ്രണയവും കാമവും തേടി വഴിയോര വാണിഭങ്ങളില്‍ മനസ്സും ശരീരവും വില്‍ക്കുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്നു.
സ്വന്തം ഇണയോടും കുട്ടികളോടും കൂടി ചിരിച്ചും കളിച്ചും അഭിരമിച്ചു കഴിയുമ്പോഴും അസംതൃപ്തമായ ശരീരം ചുമന്നു നടക്കുന്ന സ്‌ത്രീ പുരുഷന്‍മാരെ നമുക്കു ഇന്റര്‍നെറ്റിലെ ചാറ്റു റൂമുകളില്‍ കാണാം....,
വിവാഹിതരായ സ്ത്രീ പുരുഷന്‍മാര്‍ ഉടയാട ഉരിച്ചെറിയുന്നതും മുഖം മൂടി മാറ്റി വെക്കുന്നതും നമുക്കവിടെ കാണാം.......,
പുരുഷ ലൈംഗികതയിലും സ്ത്രീ ലൈംഗികതയിലും ഇത്തരം തടവറകളുണ്ട്. തന്റെ ഇണ പോലും അറിയാതെ ആത്മാവിനെ ഇത്തരം തടവറകളിലിട്ടു നീറ്റുന്ന നിരവധി സ്ത്രീ പുരുഷന്‍മാരെ നമുക്കു ചുറ്റും കാണാം.
വിശുദ്ധമായ സ്നേഹം നുകരുന്ന ആരും മറ്റൊരു വിളനിലം തേടി പോകില്ല ......

സ്നേഹ ദാരിദ്ര്യം സംഭവിക്കാതിരിക്കട്ടെ....!

2018, ജൂൺ 3, ഞായറാഴ്‌ച

കറുപ്പ്

ഒരു കറുത്ത കുട്ടിയുടെ ഫോട്ടോ ഇട്ടിട്ട്... 

"ഇന്നെന്റെ പിറന്നാളാണ്, ആരും എനിക്ക് ലൈക്ക് തരൂലേ.. ??"---

എന്ന ഊള ചോദ്യം ചോദിച്ച് വർണ്ണ വിവേചന മാർക്കറ്റിങ് തന്ത്രം വഴി ലൈക്കും ഷെയറും വാങ്ങി കൂട്ടി ആത്മ നിർവൃതി അടയുന്ന റാസിസ്റ്റ് പട്ടികളുടെ പെടലി അടിച്ച് തിരിക്കണം..
എന്ന് മുതലാണ് കറുപ്പിന് മോശം പരിവേഷം വന്നതെന്ന് കാലത്തിനു മാത്രം അറിയാം.


കറുപ്പായാലും വെളുപ്പായാലും മനസ്സ് ശരിയല്ലെങ്കിൽ എല്ലാം കണക്കാ..

2018, ജൂൺ 2, ശനിയാഴ്‌ച

പ്രണയ ഭ്രാന്ത്

" പ്രിയപ്പെട്ട ജയദേവ്....,
പ്രണയം വര്‍ണ്ണപൂരിതമായ ജീവിതമാണോ ..??
അതോ മിഥ്യാ സങ്കല്‍പ്പങ്ങളോ ..??
എന്തായാലും 'എന്റെ പ്രണയം' തിരികെ ലഭിക്കാത്ത ചുംബനമായിരുന്നു....
ഒരു കാഴ്ച്ച നഷ്ടപ്പെട്ടവളുടെ നിറമില്ലാത്ത നിലവിളി പോലെ എന്റെ പ്രണയം അലമുറയിട്ടു കരഞ്ഞിരുന്നു.
ആ ഇരുട്ടില്‍ നിന്റെ പ്രണയം എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചിരുന്നുവെങ്കില്‍ വാടാത്ത വെളുത്ത പൂക്കള്‍ പോലെ ആ ഇരുട്ടില്‍ വെളിച്ചം നിറഞ്ഞേനേ....
ഒരു അന്ധയുടെ അടയാത്ത അകകണ്ണു പോലെ നിന്റെ പ്രണയം എന്നെ വഴി തെളിച്ചേനേ..
നിന്റെ പ്രണയത്തിനു നിറച്ചാർത്താണിയാനെനിക്ക് കഴിഞ്ഞില്ല. എന്നാൽ നിന്റെ പ്രണയ സങ്കൽപ്പങ്ങൾക്ക് ജീവൻ വയ്പ്പിക്കാൻ എനിക്ക് കഴിയും.
ഞാനവയ്ക്ക് ജീവൻ വയ്പ്പിച്ചോട്ടെ ജയദേവ് ..??
ആകാശത്തിലെ മേഘപടവുകളിലൂടേ മുകളിലേക്കു ഓടിക്കയറി,കോടമഞ്ഞിൻ പുതപ്പിലൂടെ ഊളിയിട്ട്, കാറ്റിന്റെ വേഗതയിൽ, ശൂന്യതയിൽ ഒരു അപ്പുപ്പന്താടി പോലെ പറന്നു നടന്നു...,
അങ്ങനെ അങ്ങനെ നിന്റെ സങ്കൽപ്പങ്ങൾക്ക് ഞാൻ ജീവൻ നൽകാൻ പോവുകയാണ്....
മറ്റൊരു പെണ്ണിനും യാഥാര്‍ഥ്യമാക്കുവാന്‍ കഴിയാത്ത നിന്റെ സങ്കലപ്പങ്ങളെ ഞാനിന്നു യാഥാര്‍ഥ്യമാക്കുന്നു.
ഈ വിശുദ്ധ നിമിഷത്തില്‍ നിന്റെ സ്വപ്നങ്ങളുടെ രാജകുമാരിയായി ഞാന്‍ അവരോധിക്കപ്പെട്ടു....."
അപർണയുടെ കയ്യിലിരുന്ന ഡയറിയിലെ കടലാസ് നീർമുത്തുകൾ കൊണ്ട് നനഞ്ഞിരുന്നു.കുന്നിൻ മുകളിലെ തണുപ്പിലും,കാറ്റിലും പോലും അവൾ വിയർത്തു കുളിച്ചു.തന്റെ നീല നിറത്തിലുള്ള ഡയറി നെഞ്ചോട്‌ ചേർത്ത് പിടിച്ചു മലയെ മൂടി നിന്ന കോടമഞ്ഞിൻ പുതപ്പിലേക്കെടുത്തു ചാടി.ആദ്യമായി പറക്കുന്ന പക്ഷിക്കുഞ്ഞിനെ പോലെ ഇരു കൈകളും വീശിയവൾ പറന്നു.അവളുടെ ശരീരം പഞ്ഞികെട്ടുകളാണെന്നും കാറ്റിൽ താൻ പാറി രസിക്കുകയാണെന്നും മഞ്ഞിന്റെ കുപ്പായം പുതച്ചാണ് തന്റെ സഞ്ചാരമെന്നും അവൾക്കു തോന്നി.
പതിയെ പതിയെ താഴേക്കു താഴേക്കു....
അവൾ ജയദേവന്റെ വരികളിലെ പ്രണയത്തിലേക്ക് ഊളിയിട്ടു.ഒരുപാട് പ്രണയ കാവ്യങ്ങളെഴുതിയ അപർണയുടെ ഡയറി മലയുടെ താഴ്വാരത്തിലെ പാറക്കൂട്ടങ്ങൾക്കിടയിൽ അവള്‍ക്കു മുന്‍പേഅഭയം പ്രാപിച്ചു....
"ആരാണ് ജയദേവ്....??"
"ദൈവമേ...ആളെക്കൊല്ലി മലയുടെ താഴ്വാരത്തിൽ നിന്നും കിട്ടിയ അഴുകിയ മൃതദേഹത്തിനരികെ നിന്നും കിട്ടിയ ഡയറിയിലെ ആത്മഹത്യാ കുറിപ്പിൽ എന്റെ പേരുണ്ടെന്ന്...."
ജയദേവൻ ഉമ്മറത്തെ തൂണിൽ ചാരി കുറച്ചു നേരം സ്വബോധമില്ലാത്തവനെ പോലെ നിന്നു.ശരീരം മുഴുവനും വല്ലാത്തൊരു മരവിപ്പ് ബാധിച്ചിരിക്കുന്നു.
പോലിസ്, കോടതി, ജയിൽ, പരിഹാസങ്ങൾ .. മനസ്സിൽ ചിത്രങ്ങളൊരുപാട് തെളിഞ്ഞു വന്നു.
വടിവൊത്ത അക്ഷരത്തിൽ എഴുതിയ ഡയറിയിലെ ഓരോ പേജിലും തന്റെ പേര് കുറിച്ചിരിക്കുന്നു. അവസാനമെഴുതിയ മരണമൊഴി പോലും തനിക്കു വേണ്ടിയാണത്രെ ...!
അതിലെ എല്ലാ അക്ഷരങ്ങളെയും അവ്യക്തമാക്കി കൊണ്ട് തന്റെ പേര് മാത്രം വ്യക്തമായി കാണാം.
"ജയദേവൻ..."
അവള്‍ 'അപര്‍ണ്ണ വിശ്വനാഥ്‌'
അവൾക്കെന്നോട് പ്രണയമായിരുന്നത്രെ ....!!
ഞാനെഴുതുന്ന എല്ലാ ഭ്രാന്തുകളെയും ഭ്രാന്തമായി പ്രണയിച്ച,അത് വായിക്കുവാൻ വേണ്ടി മാത്രം മുഖപുസ്തകത്തിൽ വന്നിരുന്ന , മുഖമില്ലാത്ത എന്നോട് പ്രണയം പറഞ്ഞിരുന്നവള്‍....
മെസ്സേജുകൾ കൊണ്ടെന്നെ അലോസര പെടുത്തിയിരുന്നവൾ...,
പ്രണയം പറഞ്ഞെന്നെ അവളിലേക്കടുപ്പിക്കാൻ ശ്രമിച്ചവൾ....,
അവൾ പറഞ്ഞ കഥയിൽ നിർത്താതെ കഥകൾ പറഞ്ഞു കൊണ്ടിരുന്ന നായകൻ ഞാനായിരുന്നത്രെ....
അവളെന്നോട് സംസാരിക്കുമ്പോൾ ചിലപ്പോൾ ഒളിച്ചു വച്ചിരുന്ന പ്രണയം നദി പോലെ ഒഴുകിയിറങ്ങിയിരുന്നു....,
ചിലപ്പോൾ ഭയത്തോടെ ചൂളി ഉന്മാദിയെ പോലെ പുലമ്പിയിരുന്നു.....,
ഞാന്‍ ഒഴിഞ്ഞു മാറുമ്പോൾ ഭ്രാന്തിയെ പോലെ അവള്‍ അലറി കരയും.....
ഒരിക്കൽ പോലും എന്റെ മുഖം കാണണമെന്ന് അവള്‍ പറഞ്ഞിരുന്നില്ല.അത്ഭുതത്തോടെ ഞാനതവളോട് ചോദിച്ചപ്പോൾ
"ഈ വരികളുടെ ഉടമസ്ഥന്‍ എത്ര വിരൂപനാണെങ്കിലും അയാളോടെനിക്ക് പ്രണയമാണ്..."
എന്ന മറുപടിയാണ് തിരിച്ചു കിട്ടിയത്.ഒരിക്കലും പ്രണയത്തിന്റെ കരസ്പര്‍ശനമേല്‍ക്കാന്‍ ആഗ്രഹിക്കാത്ത,ആർക്കും സ്വയം വിട്ടു കൊടുക്കാൻ താല്പര്യമില്ലാതിരുന്ന,ഇരുട്ടില്‍ കണ്ണടച്ചിരിക്കുവാന്‍ ആഗ്രഹിച്ചിരുന്ന,കാമത്തെ വേര്‍തിരിച്ചു കാണുവാന്‍ കഴിയാതിരുന്ന എനിക്കതൊക്കെയും ചെറിയ കുട്ടികളുടെ ജൽപനകലാണെന്നാണ് തോന്നിയിരുന്നത്.
എന്റെ "മേഘങ്ങൾ സ്പർശിച്ചവൾ " എന്ന കവിത വായിച്ച ശേഷം ആ വരികളെ കുറിച്ച് ഒരുപാട് വാചാലയാകുമായിരുന്നു അവള്‍.അവളുടെ മനസ്സിനെ ആ കവിതാ വരികള്‍ അത്രയേറെ സ്വാധീനിച്ചിരുന്നു എന്ന് ആയിരം വട്ടം പുലബി കൊണ്ടിരുന്നു.
പെണ്ണിന്റെ വെറും തമാശകള്‍ മാത്രമായി ഞാന്‍ അതെല്ലാം കേട്ടിരുന്നു.അന്ന് സംസാരം അവസാനിപ്പിക്കുനതിനു മുന്‍പ് എന്നോടായി പറഞ്ഞു.
" മഴമോഹിക്കുന്ന വേഴാമ്പല്‍ പോലെ കാത്തിരിക്കുന്ന എന്റെ തൊണ്ടക്കുഴിയില്‍ നിങ്ങളുടെ ഹൃദയ മേഘത്തില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ ഒരിക്കല്‍ വീഴും.ആ ഒരു തുള്ളിയെ പെരുമഴയായി കുടിച്ചു തീര്‍ത്തു എന്റെ ദാഹം തീര്‍ക്കും ...."
അവള്‍ പറയുന്നതെല്ലാം അലസമായി ചെവി കൊടുത്തു കൊണ്ട് കേള്‍ക്കുമായിരുന്നു.എന്റെ ഭ്രാന്തുകളെ സ്നേഹിക്കുന്ന വെറും ഭ്രാന്തി മാത്രമായി മാത്രമേ ഞാന്‍ അവളെ കണ്ടിരുന്നുള്ളൂ.ഞാന്‍ അവളോട്‌ ചോദിച്ചു
"നമുക്കൊരുമിച്ചു കവിതയിലെ ചിറകുള്ള പെണ്‍കുട്ടിയെ പോലെ ആ മലയുടെ ശിരസ്സിൽ നിന്നും അതിന്റെ പാദങ്ങളിലേക്കു പറന്നു വീണാലോ...?
പക്ഷികളെ പോലെ മനുഷ്യർക്കും പറക്കാൻ സാധിച്ചിരുന്നെങ്കിൽ... ??
മേഘങ്ങൾക്കിടയിലൂടെ അവയെ തൊട്ടു തലോടി, അവയുടെ ഗന്ധം ആസ്വദിച്ചു, ഒരു അപൂപ്പൻതാടി പോലെ ,സർവ സ്വതന്ത്രമായി പറന്നു പറന്നു പറന്ന്..."
എന്റെ ഭ്രാന്തൻ ചിന്തകൾ ഞാൻ ഉരുവിട്ടു കൊണ്ടേയിരുന്നു.ഒടുവിൽ നീണ്ട മൗനത്തിനപ്പുറം ഒരു ചെറുചിരിയോടെ അവൾ മൊഴിഞ്ഞു...
"ജയദേവ്.... നിങ്ങളുടെ ഈ ഭ്രാന്തുകളെ ഞാൻ ഭ്രാന്തമായി പ്രണയിക്കുന്നു..."
അതെ...,
എന്റെ പ്രണയത്തെ ഞാനറിയാതെ കൊലപ്പെടുത്തി.
അവളുടെ പ്രണയത്തോട് ഞാന്‍ കാണിച്ച അവഗണനയാകും സ്വയം സഹിച്ചു അവളെ നിശബ്ദയാക്കിയത്.താഴ്വാരത്തിലെ പാറക്കെട്ടുകളിൽ ചോരതുള്ളികൾ അലങ്കരിച്ച ആ കത്തിൽ അവൾക്കെന്നോടുള്ള പ്രണയം ചുവന്ന നിറത്തിൽ പടർന്നിരിക്കുന്നു....
അവൾ...,
എന്റെ ഭ്രാന്തുകളെ പ്രണയിച്ചവൾ...,
എന്റെ പ്രണയം ഏറ്റു വാങ്ങാൻ തപസ്സിരുന്നവൾ.., ഒടുവിൽ എനിക്കു വേണ്ടി ചിറകുകൾ വീശി പറന്നവൾ...!
ജയദേവന്റെ ഹൃദയമേഘങ്ങളില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ പൊഴിഞ്ഞു വീണു....
ഗേറ്റ് കടന്നു ആരാണ് വരുന്നത്...??
അവരെന്റെ പേര് ഉറക്കെ പറയുന്നുമുണ്ട്. ആരുമെന്തേ മറുപടി പറയാത്തത്..??
ദയവായി നിങ്ങൾ അവരോടു പറയൂ...
ഞാൻ നിരപരാധിയാണ്..... ,
എനിക്കാരോടും പ്രണയമില്ല...,
ആ മരണം എനിക്കു വേണ്ടിയുമല്ല...,

ഞാനെന്റെ വിരലുകളെ ഇനി ഭ്രാന്തെഴുതാൻ ചലിപ്പിക്കുകയുമില്ല...

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...