2018, ജൂൺ 4, തിങ്കളാഴ്‌ച

സ്നേഹദാരിദ്ര്യം

കന്യകയായ ഭാര്യ ....!
കന്യകയാണെന്ന് വിചാരിച്ച് ഞാന്‍ അവളെ നദീ തീരത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി.
പക്ഷേ അവള്‍ക്ക് ഭര്‍ത്താവുണ്ട്....,
ഗ്രീഷ്മകാല നിശീഥിനി...
തെരുവുവിളക്കുകള്‍ പോയി. ചീവീടുകള്‍ പോയിട്ടില്ല. ഞാനവളുടെ നിദ്രാധീനങ്ങളായ സ്തനങ്ങള്‍ തൊട്ടു. അവ ഹിയസിന്ത് പൂങ്കുലപോലെ പെട്ടെന്ന് വിടര്‍ന്നു.
പത്തു കത്തികള്‍ കൊണ്ട് പട്ട് കീറിയാലെന്ന പോലെ അവളുടെ പാവാടയുടെ കഞ്ഞിപ്പശ എന്‍റെ കാതുകളെ പീഡിപ്പിച്ചു. ശ്വാനന്മാരുടെ ചക്രവാളം വിദൂരതയില്‍ ഓരിയിട്ടു... മണലില്‍, അവളുടെ തല വയ്ക്കാന്‍ വേണ്ടി ഞാനൊരു കുഴിയുണ്ടാക്കി... അവള്‍ വസ്ത്രങ്ങള്‍ മാറി... നിലാവു വീണ കണ്ണാടികളോ പുഷ്പദലങ്ങളോ അവളുടെ ശരീരത്തിനു തുല്യമല്ല. പ്രവാഹത്തില്‍‍പ്പെട്ട് വിസ്മയിച്ച മീനെന്ന പോലെ അവളുടെ തുടകള്‍ പ്രകമ്പനം കൊണ്ടു...
അന്നു രാത്രി ഏറ്റവും നല്ല രാജരഥ്യയിലൂടെയാണ് ഞാന്‍ സഞ്ചരിച്ചത്. എന്നോട് അവള്‍ പറഞ്ഞ കാര്യങ്ങള്‍ പുരുഷനെന്ന നിലയില്‍ എനിക്കു പറയാന്‍ മടിയാണ്. ചുംബനങ്ങളിലും മണ്ണിലും പൊതിഞ്ഞ അവളെ ഞാന്‍ നദീ തീരത്തു നിന്നു മാറ്റി. ലില്ലിപ്പൂക്കളുടെ വാളുകള്‍ അന്തരീക്ഷത്തെപ്പിളര്‍ന്നു...
അവള്‍ക്കു ഭര്‍ത്താവുള്ളതു കൊണ്ട് ഞാനവളെ സ്നേഹിക്കാന്‍ ശ്രമിച്ചില്ല......
എങ്കിലും നദീതീരത്തേയ്ക്ക് കൊണ്ടു പോയപ്പോള്‍ അവള്‍ എന്നോടു പറഞ്ഞു അവള്‍ കന്യകയാണെന്ന്...
പ്രൊഫസര്‍ കൃഷ്ണന്‍ നായര്‍ തര്‍ജ്ജിമ ചെയ്ത ഒരു സ്പാനിഷ് കവിതയുടെ വരികള്‍ ആണിത്.
ജീവിതാവസാനം വരെ ഒരാളോടൊപ്പം മാത്രം ജീവിച്ചു മരിക്കണം എന്ന് ആഗ്രഹിക്കുന്ന എത്ര പേരുണ്ട് ഇന്ന് നമുക്കിടയില്‍ ...????
' ONE MAN/WOMEN IN ONE LIFE '
തന്‍റെ പങ്കാളിയുടെ കുറ്റവും കുറവും ഉള്‍ക്കൊണ്ടു ജീവിക്കാന്‍ ആഗ്രഹിക്കുന്നവരെക്കാള്‍ പ്രണയവും കാമവും തേടി വഴിയോര വാണിഭങ്ങളില്‍ മനസ്സും ശരീരവും വില്‍ക്കുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്നു.
സ്വന്തം ഇണയോടും കുട്ടികളോടും കൂടി ചിരിച്ചും കളിച്ചും അഭിരമിച്ചു കഴിയുമ്പോഴും അസംതൃപ്തമായ ശരീരം ചുമന്നു നടക്കുന്ന സ്‌ത്രീ പുരുഷന്‍മാരെ നമുക്കു ഇന്റര്‍നെറ്റിലെ ചാറ്റു റൂമുകളില്‍ കാണാം....,
വിവാഹിതരായ സ്ത്രീ പുരുഷന്‍മാര്‍ ഉടയാട ഉരിച്ചെറിയുന്നതും മുഖം മൂടി മാറ്റി വെക്കുന്നതും നമുക്കവിടെ കാണാം.......,
പുരുഷ ലൈംഗികതയിലും സ്ത്രീ ലൈംഗികതയിലും ഇത്തരം തടവറകളുണ്ട്. തന്റെ ഇണ പോലും അറിയാതെ ആത്മാവിനെ ഇത്തരം തടവറകളിലിട്ടു നീറ്റുന്ന നിരവധി സ്ത്രീ പുരുഷന്‍മാരെ നമുക്കു ചുറ്റും കാണാം.
വിശുദ്ധമായ സ്നേഹം നുകരുന്ന ആരും മറ്റൊരു വിളനിലം തേടി പോകില്ല ......

സ്നേഹ ദാരിദ്ര്യം സംഭവിക്കാതിരിക്കട്ടെ....!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...