2018, മേയ് 11, വെള്ളിയാഴ്‌ച

പാപമുഖം

"മോനേ..അരിയും സാധനങ്ങളും ഒക്കെ കഴിഞ്ഞു. പൈസ തന്നാൽ നാളെ അമ്മ കടയിൽ പോയി വാങ്ങിക്കാം... "
ഉണ്ണി ചോറു കഴിച്ചു കൊണ്ട് ഇരിക്കുന്നതിനിടയിൽ അടുക്കള വാതിലിന്റെ മറവിലേക്കു നീങ്ങി നിന്നു കൊണ്ട് ശ്യാമള പറഞ്ഞു.കേൾക്കാത്ത ഭാവത്തോടെ ചോറു വാരി കഴിച്ചു കൊണ്ടിരിക്കുന്ന അവനോടു അവർ ഒരിക്കൽക്കൂടി ആവർത്തിച്ചു.ചാടിയെണീറ്റ് ചോറുപാത്രം തട്ടിയെറിഞ്ഞു കൊണ്ട് അവൻ അലറി.
" നിങ്ങളോടു എന്റെ മുന്നിൽ വരരുത്, സംസാരിക്കരുത് എന്നു പറഞ്ഞിട്ടില്ലേ..??
ആഹാരം കഴിക്കാൻ പോലും സമ്മതിക്കില്ലല്ലോ..? എനിക്കറിയാം സാധനം വാങ്ങാൻ,ഞാൻ കണക്ക് നോക്കി തന്നെയാണ് സാധനങ്ങൾ വാങ്ങുന്നത്.
ഓഹ്..! വീടിനു പുറത്തിറങ്ങിയാലല്ലേ ആണുങ്ങളെ കാണാൻ പറ്റൂ. പ്രത്യേകിച്ച് അയാളെ...!
ഇനി ആ കുടുംബം കൂടെ നശിപ്പിച്ചേ അടങ്ങൂ
അല്ലെ നിങ്ങള്‍...??
ഇനിയും നിങ്ങൾക്ക് മതിയായില്ലേ..??
ഈ വയസ്സാൻ കാലത്തും... ഛെ...! "
കലിതുള്ളി ചാടിയിറങ്ങി മുറ്റത്തെ കിണ്ടിയിലിരുന്ന വെള്ളത്തിൽ കൈയും കഴുകി ഉണ്ണി ഇരുട്ടിനെ കീറി മുറിച്ചു നാട്ടു വഴിയിലൂടെ നടന്നു പോകുന്നത് കണ്ണീർ വന്നു കാഴ്ച മങ്ങിയ കൺകോണിലൂടെ ശ്യാമള നോക്കി നിന്നു .ചെറുപ്പത്തിന്റെ ചോരച്ചൂടിൽ താന്‍ ചെയ്തു പോയ ഒരു മഹാപരാധം, ഒരിക്കലും മാപ്പർഹിക്കാത്ത ആ കൊടും പാതകം കാരണം വര്‍ഷങ്ങളായി നാലു ചുമർകൾക്കുള്ളിൽ ഉരുകി കഴിയുന്നു. മരണം പോലും പലപ്പോഴും കൈവിട്ടു. ആർക്കും വേണ്ടിയുമല്ലാതെ ജീവിച്ചു തീർക്കുന്ന നീണ്ട ഇരുപത്തിയേഴു വര്‍ഷങ്ങള്‍.അവളുടെ ഓർമ്മകൾ പുറകോട്ടൊഴുകുന്ന പുഴ പോലെ യൗവ്വനത്തിലേക്കു പോയി.
പത്തൊമ്പതാമത്തെ വയസ്സിലാണ് ബാബുവേട്ടന്റെ താലി കഴുത്തിലണിയുന്നത്.കറുത്തു മെലിഞ്ഞ ആ മനുഷ്യനെ തനിക്കെന്നും വെറുപ്പായിരുന്നു.വെളുത്തു കാണാൻ തരക്കേടില്ലാതിരുന്ന എന്റെയൊപ്പം അയാൾ നടക്കുന്നത് പോലും ഇഷ്ടമായിരുന്നില്ല.പക്ഷെ അയാൾക്ക് എന്നെ ജീവനായിരുന്നു. എന്റെ ഒരിഷ്ടങ്ങൾക്കും എതിരു നിന്നിരുന്നില്ല. പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുത്തു വരുന്ന ബാബുവേട്ടന് കുളിക്കാൻ ഒരു കുടം വെള്ളം പോലും കോരി കൊടുത്തിരുന്നില്ല.എന്നെ കൊണ്ട് അതൊന്നും ചെയ്യിപ്പിച്ചിരുന്നുമില്ല. ഭാര്യയുടെ ഒരു കടമ പോലും ആ മനുഷ്യന് ഞാന്‍ ചെയ്തു കൊടുത്തിരുന്നില്ല. കിടപ്പറയിൽ നിന്ന് പോലും പലപ്പോഴും അകറ്റി മാറ്റി.എങ്കിലും പരിഭവവും പരാതിയുമില്ലാതെ എന്നെ അത്രത്തോളം സ്നേഹിച്ചു അദ്ദേഹം ജീവിച്ചു ....
ബാബുവേട്ടനോടുള്ള നീരസം ഞാനൊരിക്കലും അദ്ധേഹത്തിന്റെ വീട്ടുകാരോട് കാണിച്ചിരുന്നില്ല. വീട്ടുകാർക്കും അയൽക്കാർക്കും മുന്നിൽ ഉത്തമ ഭാര്യയായി ഞാനഭിനയിച്ചു കൊണ്ടിരുന്നു, തറവാട് വീട് ഭാഗം വച്ചപ്പോൾ ബാബുവേട്ടനു കിട്ടിയ ഭാഗത്തിൽ വേഗം തന്നെ അദ്ദേഹമൊരു വീട് പണിതു. എന്റെ ഇഷ്ടത്തിനായിരുന്നു ആ വീടിന്റെ നീളൻ വരാന്തയും നടുമുറ്റവുമൊക്കെ പണിതത്. യാതൊരു ദുശീലവും ഇല്ലാതിരുന്ന അദ്ദേഹത്തിന് വീടുവയ്ക്കുക എന്നത് ഒരിക്കലുമൊരു കടമ്പയായിരുന്നില്ല .
പുതിയ വീടിനു അതിർ ചേർന്ന് മറ്റൊരു വീട് ഉണ്ടായിരുന്നു.ലക്ഷ്മിയുടെ വീട്.ആ വീട്ടിൽ എനിക്ക് സ്ഥാനം കിട്ടാൻ താമസമൊന്നുമുണ്ടായിരുന്നില്ല. ലക്ഷ്മിയുടെ ചേട്ടൻ ഹരി സ്കൂളിൽ അദ്യാപകനായിരുന്നു. പുസ്തകങ്ങൾ വായിക്കുന്ന എനിക്ക് ഹരി ഒരുപാട് പുസ്തകങ്ങൾ തന്നിരുന്നു. അയാളുടെ കുറുകിയ കണ്ണുകളും മനോഹരമായ ചിരിയും തമാശകളും എന്നെ വളരെ വേഗം ഹരിയിലേക്കടുപ്പിച്ചു.വിവാഹിതയായൊരു സ്ത്രീ എന്ന ചിന്ത മനസ്സിൽ നിന്ന് തന്നെ അപ്രത്യക്ഷമാവുകയും ഞാനൊരു പ്രണയിനിയായി മാറുകയും ചെയ്തത് വളരെ പെട്ടെന്നായിരുന്നു.
ഞങ്ങളുടെ ബന്ധം നാൾക്കുനാൾ ദൃഢമായി വന്നു. പലരുടെയും വായിലൂടെ ബാബുവേട്ടന്റെ ചെവിയിലെത്തിയെങ്കിലും അത്രമേൽ എന്നെ വിശ്വസിച്ചിരുന്ന ബാബുവേട്ടനെ അസൂയക്കാർ പറഞ്ഞുണ്ടാക്കുന്നതാണെന്നു വിശ്വസിപ്പിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
പറമ്പിലെ വിളകൾ കയറ്റി ദൂരെ ചന്തയിലേക്ക് മാസത്തിൽ ഒരിക്കൽ പോകുന്ന ബാബുവേട്ടൻ മൂന്നും നാലും ദിവസം കഴിഞ്ഞാണ് തിരികെയെത്തുന്നത് , കണ്ണിനു കാഴ്ചയില്ലാത്ത ബാബുവേട്ടന്റെ അമ്മയും ഞാനും മാത്രമുള്ള ആ വീട്ടിൽ ഹരിക്ക് ഞാൻ കിടക്കയൊരുക്കിയിരുന്നു,അതിന്റെ പാപക്കറ എന്റെ വയറ്റിൽ കുരുക്കുകയും ചെയ്തു.ഞാൻ ഗര്‍ഭിണിയാണെന്നറിഞ്ഞ നിമിഷം ബാബുവേട്ടൻ എന്ന മനുഷ്യന്റെ സന്തോഷം അതിരില്ലാത്ത ആകാശം പോലെയായിരുന്നു.എനിക്കയാൾ എന്റെ ഇച്ഛകൾക്കനുസരിച്ചു നിൽക്കുന്ന കുട്ടിക്കുരങ്ങും.
മാസങ്ങൾക്കു ശേഷം ഞാൻ ഉണ്ണിയെ പ്രസവിച്ചു. അയാൾ ഉണ്ണിയെ സ്നേഹം കൊണ്ട് മൂടി. അവന്റെ ഏതാഗ്രഹത്തിനും അയാൾ കൂട്ടു നിന്നു.കാവിൽ ഉത്സവത്തിന് തോളിലിരുത്തി കൊണ്ടു പോയും, സ്കൂളിൽ പഠിക്കുമ്പോൾ വലിയ വീട്ടിലെ കുട്ടികളെ പോലെ നല്ല കുപ്പായങ്ങളും വര്‍ണ്ണ കുടകളും വാങ്ങി നൽകിയും അയാളവനെ ചേർത്തു പിടിച്ചു.ഉണ്ണിക്ക് ബാബുവേട്ടനോടായിരുന്നു കൂടുതൽ ഇഷ്ടവും. അയാളെ "അച്ഛാ" എന്ന് ഉണ്ണി വിളിക്കുമ്പോൾ പതഞ്ഞു കയറുന്ന നീരസം പലപ്പോഴും ഞാൻ മറച്ചു വച്ചു.
ഹരിയും ഞാനുമായുള്ള ബന്ധമപ്പോഴും തുടർന്നു കൊണ്ടിരുന്നു. കാലപ്രവാഹത്തിന്‍ കുത്തൊഴുക്കിൽ ഹരിയും ഞാനും പിന്നീട് രണ്ടു ദിശകളിൽ ഒഴുകാൻ തുടങ്ങി. ഹരി വിവാഹം കഴിക്കുകയും ഞാൻ മനസ്സു കൊണ്ട് പതിയെ ബാബുവേട്ടനെ സ്നേഹിച്ചു തുടങ്ങുകയും ചെയ്തു. ഉണ്ണി വളർന്നു വന്നു.
"ഒളിച്ചു പോയാൽ വിളിച്ചു പറയും"
എന്ന പഴഞ്ചൊല്ലിനെ ശരിയാക്കും വിധം ഉണ്ണിയുടെ മുഖഛായ ഹരിയുടേതായി മാറിത്തുടങ്ങി.
ഹരിയുടെ കുറുകിയ കണ്ണുകളും അതേ ചിരിയും. അതെന്നിൽ പതിയെ ഭയം വളർത്തി.
ജീവിതത്തിലാദ്യമായി അന്നൊരിക്കൽ ബാബുവേട്ടൻ കുടിച്ചു കൊണ്ട് വീട്ടിൽ വന്നു.എവിടെയൊക്കെയോ മറിഞ്ഞു വീണു ദേഹത്തു ചോര പൊടിഞ്ഞും ചെളി പറ്റിയും കയറി വന്ന അയാളെ ഉണ്ണി താങ്ങി പിടിച്ചു. ഉണ്ണിയെ കെട്ടിപിടിച്ചു കുറേനേരം ഒരു ഭ്രാന്തനെ പോലെ അലറിക്കരഞ്ഞു.ഒന്നും മനസ്സിലാകാതെ ഉണ്ണിയും എന്തോ സംഭവിച്ചു എന്ന തിരിച്ചറിവിൽ ഞാനും തരിച്ചു നിന്നു.
പിറ്റേന്നു രാവിലെ ആരുടെയോ നിലവിളി കേട്ടാണ് ഉറക്കമുണർന്നത്.തൊടിയിലെ കിളിച്ചുണ്ടൻ മാവിന്റെ ഒറ്റക്കൊമ്പിൽ തൂങ്ങിയാടുന്ന ബാബുവേട്ടനെച്ചൂണ്ടി "അച്ഛൻ " എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു കൊണ്ട്‌ ഉണ്ണിയെന്നെ കെട്ടിപ്പിടിച്ചു.അന്നായിരുന്നു അവസാനമായെന്നെയവൻ അമ്മേയെന്നു വിളിക്കുന്നതും കെട്ടിപ്പിടിക്കുന്നതും .ഉമ്മറത്തു വാഴയിലയിൽ ബാബുവേട്ടനുറങ്ങുമ്പോൾ ഞാനും പാതി മരിച്ചിരുന്നു.ശവമടക്കു കഴിഞ്ഞു എല്ലാരും പിരിഞ്ഞു പോയി. ഞാനും ഉണ്ണിയും എരിയുന്ന ചിതയും മാത്രം ബാക്കിയായി.
പിന്നെയാണ് അറിയുന്നത് ഹരിയുടെ മകനാണ് ഉണ്ണിയെന്നും ,ഞാനുമായി ഹരിക്കുള്ള ബന്ധം സത്യമാണെന്നും ,ഹരിയുടെ തനിപ്പകർപ്പായ മകനെ പോലും തിരിച്ചറിയാൻ നിനക്കു കഴിഞ്ഞില്ലേ..?എന്നൊക്കെയുള്ള കളിയാക്കലുകൾ സഹിക്കാതെ കവലയിലെ ആളുകളുമായി ബാബുവേട്ടൻ തല്ലുണ്ടാക്കുകയും. ചിലരുടെ ചോദ്യങ്ങൾക്ക് ഒന്നും മിണ്ടാതെ തിരിച്ചു നടന്നെന്നും ഒക്കെ. ആ വരവിൽ വന്നായിരുന്നു ഉണ്ണിയെ കെട്ടിപിടിച്ചു കരഞ്ഞിട്ട് എന്നോടൊന്നും മിണ്ടാതെ ഒന്നും ചോദിക്കാതെ ജീവിതകാലം മുഴുവന്‍ പേറുവാൻ ദുഖവും തന്നു ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചത്.
പിന്നെ പിന്നെ നാട്ടുകാരും ബന്ധുക്കളും ഒക്കെ പിഴച്ചവളെന്നു എന്നെ മുദ്രകുത്തി,ഉണ്ണിയെ ജാരസന്തതിയെന്നും.ഉണ്ണി അവന്റെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു.അന്നൊരിക്കൽ എന്റെ മുന്നിൽ വിരല്‍ ചൂണ്ടി നിന്നു കൊണ്ടവൻ പറഞ്ഞു
" നിങ്ങൾ വൃത്തികെട്ട സ്ത്രീയാണ്‌...
ഇനി എന്റെ മനസ്സിൽ അമ്മയെന്നൊരു സ്ഥാനം നിങ്ങൾക്കില്ല.എന്റെ അച്ഛനെ കൊന്നത് നിങ്ങളാണ്. നിങ്ങൾ ഇനി എന്റെ മുന്നിൽ വരരുത്,ഈ വീട്ടിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്യരുത്.."
പിന്നീടൊരിക്കലും അവനെന്നോട് സ്നേഹത്തോടെ മിണ്ടിയിട്ടില്ല.ഒരു മേൽക്കൂരയ്ക്ക് കീഴിലെ അപരിചിതരാണ് ഉണ്ണിയും ഞാനും.എനിക്ക് മാത്രം എല്ലാം നഷ്ടമായി. ഭർത്താവ് ,മകൻ ,അഭിമാനം ഒക്കെ. ഹരി.. അയാൾ ഇന്നും സുഖിച്ചു ജീവിക്കുന്നു. ഉമ്മറത്തെ തൂണിൽ ചാരി നിന്നു ശ്യാമള പൊട്ടിക്കരഞ്ഞു.
" ചേച്ചി... "
വിളി കേട്ടവൾ തിരിഞ്ഞു നോക്കി.ഉണ്ണിയുടെ കൂടെ ജോലിക്കു പോകുന്ന മണിയാണ്. എന്താണെന്നുള്ള ചോദ്യഭാവത്തിൽ ശ്യാമള അവനെ നോക്കി .
" ഉണ്ണിക്ക് ഒരപകടമുണ്ടായി ഹോസ്പിറ്റലിലാണ് ചേച്ചീ വേഗം അങ്ങോട്ടൊന്നു വരണം.."
മണിയുടെ വാക്കുകൾ ശ്യാമളയുടെ ഹൃദയം തകർത്തു
"എന്തു പറ്റി... ???
എന്റെ കുഞ്ഞിനു... ??"
" ചേച്ചി വാ " എന്നൊരുത്തരം പറഞ്ഞു കൊണ്ട് അവൻ തിരികെ നടന്നു. ശ്യാമള മണിക്കൊപ്പം പാടത്തിലൂടെ ഇറങ്ങിയോടി. കുഞ്ഞിനെ നഷ്ടപ്പെട്ട തള്ളക്കോഴിയുടെ വെപ്രാളത്തോടെ...
ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിന് പുറത്തെ വാതിൽക്കൽ അവൾ തളർന്നിരുന്നു. പുറത്തേക്കിറങ്ങിയ ഡോക്ടർ ഉണ്ണിയുടെ കൂട്ടുകാരോടായി പറഞ്ഞു.
" മുഖത്തിന്റെ എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റു വികൃതമായിട്ടുണ്ട്. ഇനിയൊരിക്കലും പഴയ രൂപത്തിലേക്കു തിരികെ എത്താൻ കഴിയില്ല.."
അപ്പോഴാണ് ഉണ്ണിക്ക് പൊള്ളലേറ്റതാണെന്ന കാര്യം അവൾ അറിയുന്നത് .ഉണ്ണിയെ കുറച്ചു ദിവസം കഴിഞ്ഞു റൂമിലേക്കു മാറ്റി. ഊണും ഉറക്കവുമില്ലാതെ ഉണ്ണിയുടെ അരികിൽ ശ്യാമള കാവലിരുന്നു. വെള്ളത്തുണിയിൽ പൊതിഞ്ഞു വച്ചിരുന്ന ഉണ്ണിയുടെ മുഖത്തേയ്ക്കു നോക്കിയവൾ ശബ്ദമില്ലാതെ ഉള്ളുരുകി കരഞ്ഞു.കുഞ്ഞിനു വേദനിച്ചാൽ അമ്മമനം താങ്ങില്ലല്ലോ..?കുറച്ചു ദിവസങ്ങൾക്കു ശേഷം ഉണ്ണിയുടെ മുഖത്തെ കെട്ടഴിച്ചു.ആ മുഖം കണ്ട കൂട്ടുകാരും ശ്യാമളയും ഞെട്ടിത്തരിച്ചു. വെളുത്തു സുന്ദരമായിരുന്ന ഉണ്ണിയുടെ മുഖം ഉപ്പിലിട്ടു ചുക്കിച്ചുളിഞ്ഞ മാങ്ങ പോലെ വികൃതമായിരിക്കുന്നു. മുറിവുകളിൽ നിന്നും ചോരയും,ചലവും കൺകോണുകളിൽ കൂടി കണ്ണീർ ചാലിട്ടൊഴുകുന്നു.
അവന്റെ തലയിൽ തലോടിക്കൊണ്ട് ശ്യാമള ചോദിച്ചു
"ആരാ മോനെ ഇതു ചെയ്തത്....???"
കോടി മാറിയ ചുണ്ടുകളിൽ പുഞ്ചിരി നിറച്ചു കൊണ്ട് വേദന സഹിച്ചു അവൻ പറഞ്ഞു
"ഞാൻ....!
ഞാനാണ് ആസിഡ് ഒഴിച്ച് ഈ മുഖം വികൃതമാക്കിയത്.എന്റെ ഈ മുഖം കാരണമാണ് അച്ഛന് മാവിന്‍ കൊമ്പില്‍ ജീവിതം അവസാനിപ്പിച്ചത്.
നിങ്ങളാണിതിന് കാരണം.നിങ്ങളുടെ പാപക്കറയിൽ പിറവി കൊണ്ട എനിക്കെന്താണ് സ്വന്തമായുള്ളത്..???
നിങ്ങളുടെ ജാരന്റെ മുഖവും പേറി ഇനി ഈ ലോകത്ത് ജീവിക്കുവാന്‍ എനിക്ക് വയ്യ.നിങ്ങളുടെ പാപങ്ങളുടെ അവശിഷ്ടം പേറി ജീവിച്ചാല്‍ അതാകും ഞാന്‍ എന്റെ അച്ഛനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത.അത് കൊണ്ട് തന്നെയാണ് ഞാന്‍ കത്തിച്ചു കളഞ്ഞത് എന്റെ മുഖത്തിനെ.ഇപ്പോള്‍ ഞാന്‍ സന്തോഷവാനാണ്...
ഈ വൈരൂപ്യത്തെ ഞാന്‍ സ്നേഹിക്കുന്നു ...
ഞാന്‍ ബാബുവിന്റെ മകനാണ് ..ഹരിയുടെ അല്ല ...!!!"

വേദന കൊണ്ടു ഉണ്ണി പിടഞ്ഞെങ്കിലും ശ്യാമളയെ നോക്കി അവൻ ക്രൂരമായി ചിരിച്ചു.അവളുടെ ശരീരം പോലും ദഹിപ്പിക്കാൻ കെൽപ്പുള്ള തീനാളം പോലുള്ള അവന്റെ ചിരിയില്‍ അവിടെ വീണു മരിച്ചിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു പോയി. അവള്‍ കണ്ണുകള്‍ തുടച്ചു കൊണ്ട് മുറി വിട്ടിറങ്ങി. ഒരിക്കൽ എല്ലാം നഷ്ടപ്പെടാൻ കാരണമായ നശിച്ച ശരീരവും ദുഷിച്ച മനസ്സുമല്ല അപ്പോഴവൾക്കുണ്ടായിരുന്നത്...മരണം പോലും ദയ കാട്ടാത്ത ജീവച്ഛവം മാത്രമായിരുന്നു....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...