2018, മേയ് 21, തിങ്കളാഴ്‌ച

കാലത്തിന്റെ വടിവാള്‍

ശരവേഗത്തിൽ അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങിയ വടിവാൾ നാരായണന്റെ ചോര കുടിച്ചു കൊണ്ട് താഴ്ന്നു.ഒന്നു നിലവിളിക്കാൻ പോലും കഴിയാതെ ആ വൃദ്ധന്റെ ചുക്കി ചുളിഞ്ഞ ദേഹം നിലത്തെ കരിയില കൂട്ടത്തിലേക്ക് പതിച്ചു.കഴുത്തിൽ ആഴത്തിലേറ്റ മുറിവിൽ നിന്നും ചുടുചോര കളം വരയ്ക്കുന്ന ചിത്രം നിലാ വെളിച്ചത്തിൽ അവൻ നോക്കി നിന്നു.ആ കുറുകിയ കണ്ണുകൾ രക്തദാഹം തീർന്ന രക്ഷസിനെ പോലെ തിളങ്ങി,നാരായണന്റെ ദേഹത്തു നിന്നും ജീവന്റെ അവസാന കണികയും മാഞ്ഞു എന്ന് ഉറപ്പു വരുത്തിയ ശേഷം ആ ദേഹത്ത് ചവിട്ടി അവൻ തിരിച്ചു നടന്നു.....
നാരായണന്റെ കയ്യിലെ സഞ്ചിയിൽ ഉണ്ടായിരുന്ന റേഷനരി അലങ്കോലമായ അത്തപ്പൂക്കളം പോലെ അവിടമാകെ ചിന്നി ചിതറി കിടന്നു.നാട്ടുവഴിയിലെ ഇരുട്ടിനെ കീറി മുറിക്കാൻ കൊണ്ട് നടക്കുന്ന അയാളുടെ പെൻടോര്‍ച്ച്‌ മിന്നാമിനുങ്ങിനെ പോലെ അയാൾക്കരികിൽ ചിമ്മി കൊണ്ടിരുന്നു.രക്തമിറ്റു വീണു കൊണ്ടിരുന്ന വടിവാൾ ചെറു ചാലിലെ വെള്ളത്തിലേക്കവൻ മുക്കി. തെളിഞ്ഞ ചാലിലെ വെള്ളത്തിനു ചുവപ്പ് വർണം പകരാൻ അധികനേരമൊന്നും വേണ്ടി വന്നില്ല.വന്യമായി പുഞ്ചിരിച്ചു കൊണ്ട് വാളുമായവൻ നിർത്തിയിട്ടിരുന്ന വണ്ടിയിലേക്ക് കയറി. നാട്ടിലെ ചെമ്മണ്ണ് പുതച്ച ടാറിടാത്ത വഴിയിലൂടെ വാഹനം കുതിച്ചു പാഞ്ഞു.ലോകം കീഴടക്കിയ രാജാവിനെപ്പോലെ കണ്ണുകളടച്ചു അവൻ സീറ്റിലേക്ക് ചാഞ്ഞിരുന്നു.....
"എടാ അരുണേ ...,
എന്തിനാടാ നീ ആ വൃദ്ധനെ കൊന്നത്...??
അയാൾ നിനക്കെന്തു ദ്രോഹം ചെയ്തു..??
അതും ഒരു പാവം ഗ്രാമീണൻ,നമ്മൾ എപ്പോഴും നമുക്ക് പറ്റിയ ശത്രുക്കളോടല്ലേ യുദ്ധം ചെയ്യാവൂ..?
ഒന്ന് എണീറ്റു നിൽക്കാൻ കഴിയാത്ത അയാളൊക്കെ നമുക്കുള്ള ഇരയാണോ....??? "
മുൻ സീറ്റിലിരുന്ന മുരുകൻ അരുണിനോടായി ചോദിച്ചു.നീണ്ട മൗനത്തിനു ശേഷം അതേ കിടപ്പിൽ കിടന്നു കൊണ്ട് തന്നെ അവൻ പറഞ്ഞു..
" പ്രതികാരം...!!!
നീണ്ട ഇരുപത്തിനാല് വർഷം ഉള്ളിലിട്ടു നീറ്റിയ എന്റെ പ്രതികാരം.അതാണവിടെ ചത്തു മലർന്നു കിടക്കുന്നത്... "
പിന്നെ ആരും മിണ്ടിയില്ല.വണ്ടി ചെമ്മൺ പാത പിന്നിട്ടു ഇരുവശവും വിളക്കുകളും ചീറിപ്പായുന്ന വാഹനങ്ങളുമുള്ള നാഷണൽ ഹൈവേയിലേക്കു കയറി.അരുണിന്റെ ചിന്തകൾ വര്‍ഷങ്ങള്‍ പിറകിലേക്ക് പോയി.ഒരു ആറു വയസ്സുകാരന്റെ നിഷ്കളങ്കമായ ബാല്യത്തിലേക്ക്.....
വയനാട്ടിലെ ഇന്നും വലിയ വികസനമൊന്നും എത്തി നോക്കാത്ത ഒരുൾനാടൻ മലയോര ഗ്രാമമായിരുന്നു തന്റേത്.അച്ഛൻ തോട്ടം തൊഴിലാളി നേതാവായിരുന്ന ദിവാകരനും അമ്മ ലതികയും അനിയത്തി മീനുകുട്ടിയും അടങ്ങിയ തന്റെ ചെറിയ വീട്. എപ്പോഴും ചിരിക്കുന്ന എല്ലാർക്കും പ്രിയങ്കരനായിരുന്നു എന്റെ അച്ഛൻ.തോട്ടം തൊഴിലാളിയായ അച്ഛന്റെ വരവും കാത്ത് മണ്ണ് കൊണ്ടുള്ള ചെറിയ വീട്ടിലെ ചാണകം മെഴുകി മിനുസമാക്കിയ വാരാന്തയിൽ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ താനും മീനൂട്ടിയും കാത്തിരിക്കും.ദൂരെ നിന്നും ചെറിയ വെളിച്ചം വീട് ലക്ഷ്യമാക്കി വരുന്നത് കാണുമ്പോൾ ആർത്തു വിളിച്ചു കൊണ്ടു മുറ്റത്തേക്ക് ചാടിയിറങ്ങും.കയ്യിലെ ഓലച്ചൂട്ടിലെ വെളിച്ചം മുറ്റത്തു കുത്തി അണച്ചിട്ട് ഞങ്ങളെ രണ്ടാളെയും ചേർത്ത് പിടിച്ചു കൊണ്ട് " ലതികേ" എന്നൊരു നീട്ടി വിളിയാണ്. കയ്യിൽ ഒരു ഗ്ലാസ് കട്ടനുമായി ഉമ്മറത്തു അമ്മ നിൽപ്പുണ്ടാവും.ഒരു കയ്യിൽ കരുതിയ ചെറിയ സഞ്ചി അമ്മയ്ക്ക് നേരെ നീട്ടി കൊണ്ട് പറയും.
" പിള്ളേർക്കുള്ളത് എടുത്തു കൊടുക്കൂ,
ഞാനൊന്നു കുളിച്ചിട്ടു വരട്ടെ..."
കാജാ ബീഡിയുടെയും വിയർപ്പിന്റെയും ഗന്ധമുള്ള അച്ഛന്റെ അടുത്ത് നിന്നും അമ്മയ്ക്കരികിലേക്ക് പിന്നൊരു ഓട്ടമാണ് .മിട്ടായി വര്‍ണ്ണകടലാസ് മാറ്റി നീളം നോക്കിയും, അച്ഛൻ കൊണ്ട് വന്ന ചൂടുള്ള ഉഴുന്നുവടയോ ,ഉള്ളിവടയോ,പരിപ്പുവടയോ ഒക്കെ ആസ്വദിച്ചു കഴിച്ചും രസിക്കുന്ന ഞങ്ങളെ നോക്കി അച്ഛൻ പുഞ്ചിരിക്കും. അപ്പോൾ അച്ഛന്റെ വലതു കവിളിലെ നുണക്കുഴി തെളിഞ്ഞു വരും.താടിയിലെ ചുഴി ഒന്നുകൂടെ വെളിവാകും.അരുൺ അറിയാതെ കൈകൾ കവിളിലെ നുണക്കുഴിയിലും താടിയിലെ ചുഴിയിലും പരതി....
ആഴ്ചയിൽ ഒരിക്കൽ കുമാരേട്ടന്റെ ഷാപ്പിലെ പോത്ത് വരട്ടിയതും കപ്പയുമായി അച്ഛൻ വരും.അന്ന് അമ്മ അച്ഛനോട് മിണ്ടില്ല.അച്ഛനു പതിവില്ലാതെ വല്ലാണ്ട് സ്നേഹവുമായിരിക്കും.അച്ഛൻ സംസാരിക്കുമ്പോൾ
" അയ്യേ... അച്ഛൻ പല്ല് തേച്ചില്ലേ..??
അച്ഛനെ നാറുന്നു.... "
കൊഞ്ചി കൊണ്ട് മീനൂട്ടി അച്ഛനോട് പറയുമ്പോള്‍ അവളെ ചേർത്ത് പിടിച്ചു ഉമ്മ വച്ചിട്ടു
"അച്ഛനു ദേഹം വേദന ആയോണ്ട് കഷായം കുടിച്ചതല്ലേ എന്റെ മോളെ .... "
എന്ന മറുപടിയുമായി കുളിക്കടവിലേക്ക് നടന്നിറങ്ങും. അപ്പഴും പരിഭവത്തോടെ ഒരു ഗ്ലാസ്‌ കട്ടനുമായി അമ്മ ഉണ്ടാവും ഉമ്മറത്ത്.ഒരുമിച്ചു ഒരു പാത്രത്തിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ നമ്മളൊരുമിച്ചു കഴിച്ചിരുന്ന സ്നേഹാമൃതത്തിനു അത്രത്തോളം രുചിയായിരുന്നു....
അച്ഛന്റെ തോളിലിരുന്ന് മേലെ കാവിലെ ഉത്സവത്തിന് പോകുന്നതും,വഴിയിൽ കാണുന്ന പന്തും, ബലൂണും, പീപ്പീയും, കാറും ഒക്കെ കൈ നിറയെ വാങ്ങി തരുന്നതും ,കാവിലെ തേവരോട് നന്നായി പഠിക്കാൻ ബുദ്ധി തരണേ എന്ന് മനമുരുകി പ്രാർഥിക്കാൻ പറഞ്ഞു തരുന്നതുമെല്ലാം മനസ്സിൽ തെളിമയോടെ ഇന്നും നിൽക്കുന്നുണ്ട്.ഇന്നും അച്ഛന്റെ ബീഡി മണവും, വിയർപ്പിന്റെ ഗന്ധവും ആ മുഖം ഓർക്കുന്ന മാത്രയിൽ ഓടി വരും.
അന്നൊരിക്കൽ അമ്മയ്ക്ക് പനി വന്ന ദിവസം ടൗണിൽ മരുന്നു വാങ്ങാൻ പോയ അച്ഛന്റെ വിരലിൽ തൂങ്ങി ഞാനും പോയിരുന്നു.ആദ്യമായി ടൌണ്‍ കാണുകയായിരുന്നു ഞാൻ അത്ഭുതം കൂറി പരിഷ്കാരികളായ മനുഷ്യരെ നോക്കി നടക്കുമ്പോള്‍ എന്നോട്
" നീ നന്നായി പഠിച്ചാൽ ഇവിടെ വന്നു പഠിക്കാം വലുതാകുമ്പോൾ..."
എന്നെനിക്കന്നച്ചൻ വാക്കു നൽകി.വാ മരവിച്ചു പോകുന്ന ഐസ്ക്രീം ആദ്യമായി നുണഞ്ഞതും അന്നായിരുന്നു.അമ്മയ്ക്കുള്ള മരുന്നുമായി ലാസ്റ്റ് ബസിനു കവലയിലിറങ്ങിയ അച്ഛന്‍ എന്നെയും ചുമലിലിരുത്തി അച്ഛന്റെ സ്വപ്നങ്ങളെല്ലാം എന്നോട് പങ്കു വച്ചു കൊണ്ട് നീണ്ട ഓല ചൂട്ടിന്റെ വെളിച്ചത്തിൽ പാടത്തൂടെ നടന്നിറങ്ങി.പെട്ടെന്ന് പിന്നിൽ നിന്നും ആരോ അച്ഛനെ ചവിട്ടി വീഴ്ത്തി.
അച്ഛന്റെ തോളിലിരുന്ന ഞാൻ ആ വീഴ്ചയിൽ വയലിലേക്ക് വീണു.
" നീ തൊഴിലാളികളെ സംഘടിപ്പിച്ചു മുതലാളിക്കെതിരെ സമരം നടത്തും അല്ലേടാ..?? കുടുംബത്തോടെ നിന്നെയൊക്കെ കത്തിക്കും.
സാം മുതലാളിക്ക് നേരെ ശബ്ദമുയർത്തിയ ആരും ജീവിക്കണ്ട... "
കൂരിരുട്ടിൽ മുഖം കണ്ടില്ലെങ്കിലും ആ ശബ്ദത്തിനുടമയെ ഞാൻ തിരിച്ചറിഞ്ഞിരുന്നു.
" നാരായണൻ"
തോട്ടത്തിൽ അച്ഛനൊപ്പം ജോലി ചെയ്യുന്ന നാരായണൻ.ചവിട്ടേറ്റ് വരമ്പിൽ കിടന്ന അച്ഛനയാളോട്,
" നാരായണാ... നമുക്ക് വേണ്ടിയല്ലേടാ..??
കൂലി കൂട്ടി കിട്ടിയാൽ നമ്മുടെ ഒക്കെ പട്ടിണി മാറില്ലേ..??"
അച്ഛന്റെ ചോദ്യത്തിന് മറുപടി അയാളുടെ കൈയ്യിലെ വെട്ടുകത്തിയാണ് പറഞ്ഞത്. വയലിലെ ചേറിൽ നിന്നു ഞാനത് കണ്ടു.പെടുന്നനെ വന്നൊരു മിന്നലിൽ അച്ഛന്റെ ദേഹത്തയാൾ തലങ്ങും വിലങ്ങും വെട്ടുന്നത്..
" കൊല്ലല്ലേ നാരായണാ....
ഞങ്ങൾ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം ....
എനിക്ക് ജീവിക്കണം ..."
ജീവനു വേണ്ടി യാചിക്കുന്ന അച്ഛന്റെ കരച്ചിൽ എന്റെ കാതിൽ വന്നലച്ചു.
" മോനെ... ഓടിക്കോ... അമ്മയേം കൊണ്ട് എങ്ങോട്ടെങ്കിലും ഓടിക്കോ...??"
ശബ്ദം നിലയ്ക്കും മുന്നേ അച്ഛന്റെ ഉറക്കെയുള്ള അലർച്ചയിൽ ഞാൻ വിറച്ചു.പുതഞ്ഞു പോയ കാലുകൾ കഷ്ടപ്പെട്ട് വലിച്ചെടുത്തു വേച്ചു വേച്ചു വീട്ടിലേക്കോടി.അച്ഛന്റെ അലർച്ച ആർത്ത നാദമായി കാറ്റിലലിഞ്ഞു ചേർന്നു.പിന്നെങ്ങും നിശബ്ദത. ചീവിടിന്റെ ശബ്ദം മാത്രം.ഇരുട്ടിൽ ഉരുണ്ടു വീണും ഓടിയും വീട്ടിലേക്കു ഓടിക്കയറി അമ്മേയെന്നുള്ള നിലവിളിയോടെ ഉമ്മറത്തേക്ക് വീണു.എന്നാൽ മറുവാക്കൊന്നും കേട്ടില്ല.മീനൂട്ടിയുടെ പോലും ശബ്ദം ഇല്ലാതായതോടെ ചോര പൊടിഞ്ഞൊഴുകുന്ന കാൽമുട്ടുകൾ നിലത്തു കുത്തി പതിയെ എണീറ്റു.
ഒറ്റമുറി വീട്ടിലെ ഉത്തരത്തിൽ കാലുകൾ തറയിലേക്ക് മുട്ടി അമ്മ നിൽക്കുന്നു.ചുവരിൽ ചാരി മീനൂട്ടിയും .. അവളുടെ കണ്ണുകൾ പുറത്തേയ്ക്ക് തള്ളി നിൽക്കുന്നു. അവൾക്കു ചുറ്റും ചോരക്കളം.കണ്ണിൽ ഇരുട്ട് മൂടി. ഞാന്‍ ഉറക്കെ ഉറക്കെ കരഞ്ഞു.
മലഞ്ചെരുവിലെ ഒറ്റപ്പെട്ട വീട്ടിലെ കുഞ്ഞു കരച്ചിൽ ആരു കേൾക്കാൻ..??
നാരയാണന്‍ തന്‍റെ മുതലാളിയുടെ ഉത്തരവ് എന്റെ വീട്ടിലും നടപ്പിലാക്കിയിരുന്നു .കരഞ്ഞു കൊണ്ട് എങ്ങോട്ടെന്നില്ലാതെ ഇറങ്ങിയോടിയ എന്റെ ആ ഓട്ടം നീണ്ട വർഷങ്ങൾ പിന്നിട്ട ശേഷംഇന്ന് തീർന്നിരിക്കുന്നു... അച്ഛന്റെ, അമ്മയുടെ, മീനൂട്ടിയുടെ ഒന്നും ദേഹങ്ങൾ അവസാനമായൊന്നു കണ്ടില്ല.ആ കൊലപാതകങ്ങള്‍ വെറും മരണങ്ങളായി മണ്ണിലലിഞ്ഞു പോയി.
ടൌണില്‍ പഠിച്ചു വലിയവന്‍ ആകുവാന്‍ കാത്തിരുന്ന ഞാന്‍ നഗരത്തെരുവിലെ ഒന്നാംതരം ഗുണ്ട ആയി മാറിരിയിരിക്കുന്നു."ഗുണ്ടാ അരുണ്‍" അതാണിന്ന് എന്റെ വിളിപ്പേര്.നടന്ന വഴികളൊക്കെ തെറ്റിന്റെ മാത്രമായിരുന്നു.അച്ഛന്റെ,എന്റെ,അമ്മയുടെ ഒക്കെ സ്വപ്‌നങ്ങൾ തകർത്ത അവന്റെ ചോര കണ്ടപ്പോൾ മാത്രമാണ് നെഞ്ചിലെ കനലിനു അല്പമൊരു ശമനം വന്നത്...
ഇനി നന്നായൊന്നു ഉറങ്ങണം...
അയാളുടെ കൊലപാതകവും തെളിവുകളില്ലാതെ ഭൂമിയിൽ വെറും മരണമായി മാറും. വർഷങ്ങൾക്കിപ്പുറം അവന്റെ കൺകോണിൽ കൂടി നീരൊഴുകി.പ്രതികാര നിർവൃതിയുടെ നീരൊഴുക്ക്. , അവൻ പതിയെ കണ്ണുകൾ തുറന്നു.നേരം പുലർന്നിരിക്കുന്നു.വണ്ടി കർണാടക ബോർഡർ പിന്നിട്ടു ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നു...

ഈച്ചകൾ പൊതിഞ്ഞു ഉറുമ്പുകൾ അരിച്ചു തുടങ്ങിയൊരു ദേഹം അപ്പോഴും മറ്റൊരിടത്തു അനാഥമായി കിടന്നു....!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...