2018, മാർച്ച് 31, ശനിയാഴ്‌ച

ശ്രീദേവി....

"വിടരുതവനെ .... എനിക്കവനെ കൊല്ലണം...
എടാ... നിന്നെ ഞാൻ കൊല്ലും..."
മങ്ങിയ മഞ്ഞച്ചുമരുകൾക്കുള്ളിൽ ആ ശബ്ദം അത്യുച്ചത്തിൽ പ്രതിധ്വനിച്ചു,ആദ്യമായി കേൾക്കുന്ന ശബ്ദമായതിനാൽ മനു വേഗം വലിയ അഴികൾ കൊണ്ടലങ്കരിച്ച ഇടനാഴിയിലൂടെ താഴേക്കു നടന്നു. ഉച്ചത്തിലുള്ള അട്ടഹാസവും പൊട്ടിക്കരച്ചിലും നേർത്തു നേർത്തു പിന്നീടലഞ്ഞില്ലാതായി. മനുവിനെക്കണ്ടതും സിസ്റ്റർ സൂസന്ന പറഞ്ഞു.
"ഡോക്ടർ എത്തിയോ..?
പേഷ്യന്റ് മയങ്ങുകയാണ്,ഉറങ്ങുവാനുള്ള ഇൻജെക്ഷൻ നൽകിയിട്ടുണ്ട്..."
"ആരാ നിലവിളിച്ചത്..??"
"ശ്രീദേവി ആണ് ഡോക്ടർ നിലവിളിച്ചത്.അവരാ പൂന്തോട്ടത്തിൽ നിൽക്കുകയായിരുന്നു. പെട്ടെന്നവർ ആരെയോ കണ്ടത് പോലെ ഇങ്ങനെ നിലവിളിച്ചു കൊണ്ട് ഓടുന്നത് കണ്ടു.കഴിഞ്ഞ ഇരുപത്തിയെട്ടു വർഷമായി ഈ ഹോസ്പിറ്റലിലെ അന്തേവാസിയാണ് ശ്രീദേവി.പക്ഷെ ആദ്യമായാണ് ഇങ്ങനെ.."
മനുവിനോട് ഇത്രയും പറഞ്ഞു തണുത്ത കാറ്റേറ്റ് മുന്നിലേക്ക് അനുസരണയില്ലാതെ പാറി വീണു കൊണ്ടിരുന്ന നര വീണ മുടി ചെവിക്കടിയിലേക്ക് തിരുകി വച്ചു കൊണ്ട് സൂര്യാംശു കടന്നു വരുന്ന അഴികൾക്കരികിലൂടെ അവർ നടന്നു നീങ്ങി..
കുന്നിൻ മുകളിലെ പ്രകൃതി കനിഞ്ഞു നൽകിയ എല്ലാ മനോഹാരിതയോടും കൂടി നില നിൽക്കുന്ന നീലഗിരി മെന്റൽ ഹോസ്പിറ്റലിൽ പുതുതായി ചാർജെടുത്തു വന്ന ഡോക്ടർ ആണ് 'ഡോക്ടർ മനു സാമുവൽ', വന്നിട്ടിപ്പോൾ ഒരു മാസം ആകാൻ പോകുന്നതേ ഉള്ളൂ എങ്കിലും അദ്ധേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും സ്‌നേഹപൂർവമായ പരിചരണവും അവിടെയുള്ള രോഗികൾക്കും സ്റ്റാഫുകൾക്കും പ്രിയപ്പെട്ടവനാവാൻ അധികം സമയം വേണ്ടി വന്നില്ല.
നീലഗിരി ഹോസ്പിറ്റലിലെ പ്രത്യേകതയായി അയാൾക്ക് തോന്നിയത് മിക്കവാറും എല്ലാവരും ഏകദേശം നോർമൽ ആണ് ,ചിലരൊക്കെ പൂർണമായും അസുഖം മാറിയവർ, ചുരുക്കം ചിലർ മാത്രം അസുഖാവസ്ഥയിൽ, അസുഖത്തിൽ നിന്നും മോചിതരായിട്ടും തിരികെ വീട്ടിലേക്കു മടങ്ങി പോകാൻ കൂട്ടാക്കാത്തവരും,വീട്ടുകാർ കൂട്ടിക്കൊണ്ടു പോകാത്തവരുമാണ് കൂടുതലും.ഫാദർ ജോൺ ഉലഹന്നാന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ ഹോസ്പിറ്റൽ ശരിക്കും ഒരു സ്വർഗം തന്നെയാണെന്ന് മനുവിന് തോന്നാറുണ്ട്. രോഗികളായിരുന്ന ഇപ്പോൾ രോഗവിമുക്തി നേടിയവർ പല കൃഷികളും അവിടെ ചെയ്യുന്നു.അവർ തന്നെ വിഷമില്ലാത്ത പച്ചക്കറികളും പഴങ്ങളും തങ്ങൾക്കു വേണ്ടതൊക്കെ സ്വന്തമായി ഉണ്ടാക്കുന്നു.ശാന്തമായ, ശുദ്ധമായ അന്തരീക്ഷവും , നല്ല വെള്ളവും രോഗികളോട് നന്നായി പെരുമാറുന്ന ആശുപത്രി ജീവനക്കാരും.ഇത്രയും നല്ല സാഹചര്യങ്ങള്‍ ഉള്ളപ്പോള്‍ എങ്ങനെ അസുഖം ഭേദമാകാതിരിക്കും ..?
മറ്റ് ഭ്രാന്താശുപതികളിൽ നിന്നുയരുന്നത്പോലെയുള്ള അട്ടഹാസങ്ങളോ ബഹളങ്ങളോ മനു അവിടെ കേട്ടിരുന്നില്ല.ശ്രീദേവിയെ കിടത്തിയ മുറിയിലേക്ക് മനു കയറി.അവർ ഉറങ്ങുകയാണ്, ശാന്തമായി നിഷ്കളങ്കയായൊരു കുഞ്ഞിനെപ്പോലെ , അവരുടെ മെല്ലിച്ച മഞ്ഞളിന്റെ നിറമുള്ള ചുളിവുകൾ വീണ മുഖത്തേക്ക് കുറച്ചു നേരം നോക്കി നിന്ന ശേഷം
" പേഷ്യന്റ് ഉണരുമ്പോൾ എന്നെ വിളിക്കണം "
ശ്രീദേവിക്ക് കൂട്ടിരുന്ന നഴ്സിനോട് ഇങ്ങനെ പറഞ്ഞു കൊണ്ട് മനു പുറത്തേക്കിറങ്ങി.മനു നടക്കുന്നതിനിടയില്‍ ശ്രീദേവിയെ കുറിച്ച് ആലോചിച്ചു. ഞാന്‍ വന്നു ഒരാഴ്ച്ച കഴിഞ്ഞപ്പോൾ പ്രയർ റൂമിൽ വച്ചാണ് ആദ്യമായി ശ്രീദേവിയെ കാണുന്നത്, മനോഹരമായൊരു ക്രിസ്തീയ ഭക്തി ഗാനം ആലപിക്കുകയായിടുന്നു അവർ. മറ്റുള്ളവർ ആ സ്വരമാധുരിയിൽ ലയിച്ചു ചുറ്റിനുമിരിപ്പുണ്ട്..
ഞാനും അവർക്കൊപ്പം പങ്കു ചേർന്നു.പ്രാർഥന കഴിഞ്ഞു ഞാനവരെ അഭിനന്ദിക്കാന്‍ മുറിക്കു പുറത്തു കാത്തു നിന്നു , അവർ പുറത്തേക്കിറങ്ങി,
" മാം... പാട്ടു നന്നായിട്ടുണ്ട്... "
അവരോടു ഞാനത് പറഞ്ഞപ്പോൾ മുഖമുയർത്തി എനിക്കുനേരെ നോക്കി. എന്നിട്ടു വിഷാദം കലർന്നൊരു ചിരി സമ്മാനിച്ചു കൊണ്ടു പതിയെ നടന്നു പോയി.അമ്പതു വയസ്സിനടുപ്പിച്ചു പ്രായം തോന്നിക്കുന്ന,നരകയറിയ നീണ്ട മുടി പുറകിലേക്ക് പിന്നിയിട്ടു, കുഴിയിലേക്കാണ്ട്‍ വലിയ കണ്ണുകളുള്ള , നന്നേ വെളുത്തു കൊലുന്നനെയുള്ള അവരോടു എനിക്ക് എന്തോ വല്ലാത്തൊരിഷ്ടം തോന്നി,സ്കൂൾ ക്ലാസ്സിൽ എന്നെ മലയാളം പഠിപ്പിച്ച വേണി ടീച്ചറുടെ മുഖഭാഷയായിരുന്നു അവർക്ക് ...
"ഡോക്ടർ.. പേഷ്യന്റ് ഉണർന്നിട്ടുണ്ട് "
നഴ്സ് വന്നു വിളിച്ചപ്പോൾ അവർക്കൊപ്പം മനു ശ്രീദേവിയെ കിടത്തിയ മുറിയിലേക്ക് പോയി. ശ്രീദേവി എണീറ്റിരുപ്പുണ്ട് അവരുടെ മുഖം കൂടുതൽ ക്ഷീണിച്ചതായി മനുവിന് തോന്നി. അയാളെ കണ്ടു അവർ പ്രയാസപ്പെട്ടൊന്നു ചിരിച്ചു.
"എന്തു പറ്റി.... ???
എന്തിനാ കരഞ്ഞത്..?? "
മനുവിന്റെ ചോദ്യം കേട്ട അവരുടെ മുഖം വലിഞ്ഞു മുറുകി കണ്ണുകൾ നിറഞ്ഞൊഴുകി.
" അയാളെ ഞാൻ കണ്ടു...ആ ചതിയനെ..
എന്റെ ജീവിതം നശിപ്പിച്ചവനെ... അവനെ ഞാൻ കൊല്ലും.... "
അവർ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു.മുൻപോട്ടു വീഴാൻ ചാഞ്ഞ ശ്രീദേവിയെ മനു താങ്ങി പിടിച്ചു കട്ടിലിലേക്കിരുത്തി. കുറച്ചു നേരം അവർക്കരുകിൽ ഇരുന്നു.ശ്രീദേവി മനുവിനെത്തന്നെ കുറെ നേരം നോക്കിയിരുന്നു മനു അവരെയും.എന്നിട്ടു ചോദിച്ചു
" മാം ആരെക്കണ്ട കാര്യമാ പറയുന്നത്..? ആരാണിവിടെ വന്നത്.... ???"
ശ്രീദേവി കുറച്ചു നേരം മൗനം പാലിച്ച ശേഷം മുറിയിൽ നിന്ന നഴ്‌സിനെ ഒന്ന് നോക്കി.അവർ നിൽക്കുന്നത് ശ്രീദേവിക്ക് അലോസരമാകുന്നു എന്നെനിക്കു തോന്നി.
"സിസ്റ്റർ പൊയ്ക്കൊള്ളൂ... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കാം... "
സിസ്റ്റർ മുറിവിട്ടു പുറത്തേക്കു പോയി. അയാൾ ആരാണെന്നറിയാൻ എനിക്ക് ആകാംഷ തോന്നി. തോട്ടക്കാരൻ രാവുണ്ണി പറഞ്ഞിരുന്നു
" ശ്രീദേവിക്ക് ഒരു കാമുകൻ ഉണ്ടായിരുന്നത്രെ അയാൾ അവരെ ചതിച്ചിട്ടു പോയി.ഒരു കുട്ടിയും ഉണ്ടായിരുന്നു അയാൾ പോയതിൽ പിന്നെ കുഞ്ഞിനു വേണ്ടി ജീവിച്ചു.ഏതോ അപകടത്തിൽ കുട്ടിയും മരിച്ചപ്പോൾ മനോനില തെറ്റിയതാ.ഏതോ നല്ല കുടുംബത്തിലെയാ ഇവിടെ കൊണ്ടു വരുമ്പോൾ മുഴുഭ്രാന്തി ആയിരുന്നു അതിലേറെ സുന്ദരിയും ..കഷ്ടം ഓരോരോ ജന്മങ്ങൾ "
ആ ചതിയനായ കാമുകനെയാവും ശ്രീദേവി കണ്ടിട്ടുണ്ടാവുക.ശ്രീദേവിയോട് ഞാൻ പിന്നെയും ചോദിച്ചു "ആരെയാ മാം കണ്ടത്...??"
നിറഞ്ഞൊഴുകിയ വലിയ കണ്ണുകളിൽ ഒരു അഗ്നിപർവതം പൊട്ടിയൊലിക്കുന്നതായാണ് എനിക്ക് തോന്നിയത്.അവർ പറഞ്ഞു
"അവനെ...ആ ജോസഫിനെ..അവനാണ് എന്നെ ചതിച്ചത്, അവനെന്റെ മകനെയും എന്നിൽ നിന്നും തട്ടിയെടുത്തു..."
ശ്രീദേവിയെപ്പറ്റി പറഞ്ഞു കേട്ട കഥകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥയായിരുന്നു അവർ പറഞ്ഞത്.അതു കേട്ടു ഞാൻ തരിച്ചിരുന്നു പോയി ..
"എന്റെ പേര് ശ്രീദേവി എന്നല്ല. 'അന്ന' എന്നായിരുന്നു. 'അന്നമ്മ ' എന്ന് എല്ലാവരും വിളിക്കും. റോഡും കറന്റ് വെട്ടവും നല്ല വീടുകളും ഒന്നുമില്ലാത്തൊരു കുഗ്രാമത്തിൽ ആയിരുന്നു ഞാൻ ജനിച്ചത്.എനിക്ക് താഴെ അഞ്ചു പെണ്ണുങ്ങൾ വേറെയുമുണ്ടായിരുന്നു. പിന്നെ ബുദ്ധിക്ക് സ്ഥിരതയില്ലാത്തൊരു അനിയനും. അപ്പച്ചൻ വലിയ കുടുംബക്കാരനായിരുന്നു പക്ഷേ അമ്മച്ചിയുമായി ഇഷ്ടക്കല്യാണം ആയിരുന്നത് കൊണ്ട് വീട്ടിൽ നിന്നു ഇറക്കി വിട്ടു. കുറെയേറെ കഷ്ടപ്പെട്ട് അഞ്ചു സെന്റ് പുരയിടം വാങ്ങി അവിടെ ചെറിയൊരു ഓലപ്പുര കെട്ടി ഞങ്ങൾ കഴിഞ്ഞു, എന്നും പട്ടിണി മാത്രമായിരുന്നു.അപ്പച്ചൻ കിളയ്ക്കാനും മറ്റും പോയി കൊണ്ടു വരുന്ന തുച്ഛമായ പൈസ ഒന്നിനും തികയുമായിരുന്നില്ല...
പ്രായമായ ഞങ്ങളുടെ കല്യാണക്കാര്യമോർത്ത് അപ്പച്ചനും അമ്മച്ചിയും ഉരുകി ജീവിച്ചു.
ഞങ്ങളുടെ പള്ളിയിലെ പ്രാർഥനാ ഗാനം ചൊല്ലുന്ന സംഘത്തിൽ ഞാനും ഉണ്ടായിരുന്നു ,അങ്ങനെയാണ് ഒരു ബ്രോക്കർ വഴി പണക്കാരനായ ജോസഫ് എന്ന ദുഷ്ടൻ എന്റെ വീട്ടിലേക്ക് കല്യാണാലോചനയുമായി വരുന്നത്. ആദ്യഭാര്യ പിണങ്ങി പോയി എന്നെ പള്ളിയിൽ വച്ച് കണ്ടിഷ്ടപ്പെട്ടു അതാണ് ആലോചനയുമായി വന്നത്. അയാൾ എന്റെ ഇളയത്തുങ്ങളെക്കൂടെ കെട്ടിച്ചു വിട്ടേക്കാം എന്ന് പറഞ്ഞു.തീരാ പട്ടിണിയിൽ നിന്നും മോചനം സ്വപ്നം കണ്ട അപ്പച്ചന് രണ്ടാം കെട്ടുകാരൻ എന്നതൊന്നും പ്രശ്നമേ അല്ലായിരുന്നു.അങ്ങനെ മനസ്സില്ലാ മനസ്സോടെ ഇരുപത്തിയൊന്നുകാരിയായ എനിക്ക് ഇരട്ടി പ്രായമുള്ള ജോസഫിന്റെ ഭാര്യാ പട്ടം കിട്ടി, ഞാൻ അയാൾക്കൊപ്പം അയാളുടെ വലിയ വീട്ടിലേക്കു പോയി...
അവിടെ മറ്റൊരു സ്ത്രീ കൂടിയുണ്ടായിരുന്നു. അയാളുടെ ആദ്യഭാര്യ..അയാൾ എന്നെ കളവ് പറഞ്ഞു വിവാഹം കഴിച്ചതായിരുന്നു.അയാൾ വിവാഹമോചിതനേ ആയിരുന്നില്ല..പക്ഷെ ആ സ്ത്രീ എന്നോട് വളരെ സ്നേഹത്തിലാണ് പെരുമാറിയിരുന്നത്. പട്ടിണി കൊണ്ട് ഉറങ്ങാത്ത രാത്രികൾ മാത്രമുണ്ടായിരുന്ന എനിക്ക് ആ വീട് സ്വർഗ്ഗമാണെന്ന് തോന്നി. നിറയെ പരിചാരകർ, ഇഷ്ടംപോലെ ആഹാരം, വസ്ത്രം അങ്ങനെ ഞാൻ അവിടെ രാജകുമാരിയെ പോലെ കഴിഞ്ഞു.കുറച്ചു നാളുകള്‍ക്കു ശേഷം എന്റെ ഉദരത്തിൽ ഒരു കുരുന്നു ജീവൻ മൊട്ടിട്ടു.വളരെ പ്രതീക്ഷയോടെ ഞാനവന്റെ മുഖം കാണാൻ ...,ആ കരച്ചിലൊന്നു കേൾക്കാന്‍.., അവന്റെ കുഞ്ഞുമേനിയെ മുത്തി മണപ്പിക്കാൻ... കൊതിയോടെ കാത്തിരുന്നു.കാത്തിരിപ്പിനൊടുവിൽ ഞാനൊരു ആണ്‍കുഞ്ഞിനു ജന്മം നൽകി. പക്ഷെ പ്രസവത്തില്‍ തന്നെ ആ കുട്ടി മരിച്ചു പോയിരുന്നു.എന്റെ കുട്ടിയുടെ മുഖം പോലും കാണാന്‍ വിധിയില്ലാതെ നീറുന്ന ഹൃദയവുമായി നിന്ന എന്നെ അവര്‍ ആശ്വാസ വാക്കുകൾ കൊണ്ട് ചേർത്തു പിടിച്ചു.രണ്ടു ദിവസം കഴിഞ്ഞു പ്രസവ ശുശ്രൂഷയ്ക്കായി എന്നെ അവര്‍ എന്റെ വീട്ടിൽ കൊണ്ടാക്കി...."
ശ്രീദേവിയുടെ കണ്ണുകൾ കരഞ്ഞു കലങ്ങി.മനു പെട്ടെന്നൊരു ഗ്ലാസ്സ് വെള്ളം അവർക്ക് ഒഴിച്ചു കൊടുത്തു.അതവർ ആഗ്രഹിച്ചിരുന്നതു പോലെ ധൃതിയിൽ വാങ്ങിക്കുടിച്ചു.പിന്നെ കുറച്ചു നേരം മൗനമായി ഇരുന്നു .നീണ്ട നിശബ്ദതയ്ക്കു ശേഷം പിന്നെയും തുടർന്നു...
" ഞാൻ അവരെന്ന തിരികെ വിളിക്കുന്നതും കാത്തിരുന്നു. ആരും എന്നെ വിളിക്കുവാന്‍ വന്നില്ല.ഒരിക്കൽ വീട്ടിൽ ആരോടും യാത്ര പോലും ചോദിക്കാതെ ജോസഫിന്റെ വീട്ടിലേക്കു പോയി. പക്ഷേ ആ വലിയ വീടിന്റെ ഗേറ്റ് പൂട്ടിക്കിടക്കുകയായിരുന്നു.എന്തു ചെയ്യണമെന്നറിയാതെ ആ ചെമ്മൺ പാതയിൽ തളർന്നു ഞാനിരുന്നു, അവിടെ അടുത്തുള്ള ഒരു വീട്ടുകാരിൽ നിന്നും ഞാനറിഞ്ഞു ജോസെഫിന്റെ സ്വന്തം വീടല്ല അതെന്നും, കോട്ടയമാണ് അയാളുടെ നാടെന്നും, ജോലി ആവശ്യത്തിനായി വീട് കുറച്ചു നാളത്തേയ്ക്കു വാടകയ്ക്ക് എടുത്തതാണെന്നും അതു കഴിഞ്ഞവര്‍ നാട്ടിലേക്ക് പോയെന്നും അടുത്തുള്ളവരോടൊക്കെ ഞാൻ അവിടെ പുതുതായി വന്ന ജോലിക്കാരിയാണെന്നാണ് പറഞ്ഞിരുന്നതെന്നും അറിഞ്ഞു ,
അവരെന്നെ ചതിക്കുകയായിരുന്നെന്നു മനസ്സിലാക്കിയിട്ടും ഒന്നിനും കഴിയാതെ നിസ്സഹായയായി ഞാൻ എങ്ങോട്ടെന്നില്ലാതെ നടന്നു. കടത്തിണ്ണകളിൽ അന്തിയുറങ്ങി,കാമം പൂത്ത കണ്ണുകളിൽ നിന്നും ഓടിയൊളിച്ചു.പക്ഷെ ഒരു ദിവസം ഞാൻ അയാളെ കണ്ടു കൂടെ അയാളുടെ ആദ്യ ഭാര്യയും .അവർക്കു നേരെ ഓടിച്ചെന്ന എന്നെ
"ഭ്രാന്തി, ഭ്രാന്തി.." എന്ന് വിളിച്ചു കൊണ്ട് ആൾക്കൂട്ടത്തിനു നടുവിലിട്ടു അയാളെന്നെ തല്ലിച്ചതച്ചു...
,
ശ്രീദേവി മുഖം പൊത്തി പൊട്ടിക്കരഞ്ഞു, എല്ലാം നഷ്ടപ്പെട്ട ഞാൻ സ്വബോധവും നഷ്ടപ്പെട്ടു വര്ഷങ്ങളോളം തെരുവിലലഞ്ഞു. എച്ചിലിലകൾക്കു വേണ്ടി നായ്ക്കളോടു മത്സരിച്ചു...
ഒടുവിൽ മുഴു ഭ്രാന്തിയായി മാറിയ എന്നെ ആരൊക്കെയോ ഇവിടെ കൊണ്ടെത്തിച്ചു...."
കുഴിയിലാണ്ട കണ്ണുകൾ എനിക്ക് നേരെ നോക്കിക്കൊണ്ടവർ പറഞ്ഞു ,
"ഇന്ന് ഇവിടെ വച്ചയാളെ ഞാന്‍ കണ്ടു.നീല കാറിൽ കയറി അയാൾ പോയി...
മോനെ...എന്റെ മകൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ
ഇന്ന് നിന്റെ അതേ പ്രായമുണ്ടായിരുന്നേനെ... പക്ഷെ...പക്ഷെ ദൈവം എനിക്ക്പഅതും നിഷേധിച്ചു .."
അവരുടെ മെല്ലിച്ച കൈകൾ മനുവിന്റെ കൈകളിൽ പതിയെ തലോടിക്കൊണ്ട് പറഞ്ഞു.അത്രയും നേരം എല്ലാം മൂളിക്കേട്ടു കൊണ്ടിരുന്ന മനു ശ്രീദേവിയോട് ചോദിച്ചു.
" ജോസഫിന്റെ ഭാര്യയുടെ പേര് മറിയ എന്നാണോ..? ജോസഫിന്റെ മുഴുവൻ പേര് സാമുവൽ ജോസഫ് പെരേര എന്നല്ലേ....???"
അത്ഭുതത്തോടെ ശ്രീദേവി മനുവിന്റെ മുഖത്തേയ്ക്കു നോക്കി, എന്നിട്ടവരെ ചേർത്തു പിടിച്ചു
"അമ്മാ...."
എന്നു വിളിച്ചു
" അമ്മയുടെ മകൻ മരിച്ചിട്ടില്ല.......
ഞാൻ തന്നെയാണ് ആ ജോസഫിന്റെ മകൻ മനു സാമുവൽ.ഞാനൊരിക്കലും ഇതറിഞ്ഞിരുന്നില്ല. അമ്മയെ മാത്രമല്ല എന്നെയും അവർ ചതിക്കുകയായിരുന്നു ഈ കാലങ്ങളോളം..."
അന്ന് നീല കാറിൽ വന്നത് തന്റെ ഡാഡി ആണെന്നു മനസ്സിലാക്കാനും, ഡാഡിയെ കണ്ടാണ്‌ അവർ നിലവിളിച്ചതെന്നും,ശ്രീദേവി തന്‍റെ പെറ്റമ്മയാണെന്നും മനു തിരിച്ചറിഞ്ഞു കഴിഞ്ഞു.കുട്ടികള്‍ ഉണ്ടാകില്ലെന്ന് വിധിയെഴുതിയ തന്‍റെ ആദ്യഭാര്യക്ക് വേണ്ടി മറ്റൊരു പെണ്ണിന്റെ ജീവിതം നരകതുല്യമാക്കിയ തന്‍റെ അച്ഛനോട് മനുവിന് വെറുപ്പ്‌ തോന്നി.
ശ്രീദേവി മനുവിനെ ഒന്നു കൂടി നോക്കി.അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു.ഇത്ര വര്‍ഷങ്ങളോളം അവൾ കൊണ്ടു നടന്ന സ്നേഹക്കടൽ ആ നെറ്റിയിൽ ഒഴുകി നടന്നു. പതിയെ ആ ചുംബനത്തിന്റെ ശക്തി കുറഞ്ഞു ശ്രീദേവി മനുവിന്റെ ദേഹത്തേയ്ക്ക് മറിഞ്ഞു,
" അമ്മാ....,അമ്മാ....,ഉച്ചത്തിൽ മനു അലറിക്കരഞ്ഞു.അപ്പോഴും ശാന്തയായി ശ്രീദേവി ഉറങ്ങുകയായിരുന്നു. ജീവിതാഭിലാഷം സാധ്യമായ നിർവൃതിയിൽ.....!!

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ റേഡിയോനാടകത്തില്‍ കേട്ട മനസ്സില്‍ തട്ടിയ സമാനകഥയെ മുന്‍പൊരിക്കല്‍ ഞാന്‍ എഴുതിയതാണ്.ഇന്നിവിടെ ഈ താളുകളില്‍ പകര്‍ത്തി.

2018, മാർച്ച് 29, വ്യാഴാഴ്‌ച

പ്രിയസഖി

കാൽ പെരുമാറ്റം പോലും കേൾപ്പിക്കാതെ ചെറു കാറ്റായ്‌ വന്നെന്നെ തഴുകി ഏതോ മൂവന്തിയിൽ ഒരു യാത്രാമൊഴി പോലും പറയാതെ എങ്ങോ പോയി മറഞ്ഞ നീ എനിക്കാരായിരുന്നു.....??
പ്രിയസഖി...അറിയില്ല നിനക്കുള്ള സ്ഥാനം....?
എന്റെ നിഴല്‍ പോലെയോ അസ്ഥി പോലെയോ രക്തം പോലെയോ അല്ല.ഞാനായി തന്നെ നീ ഉണ്ടായിരുന്നു. നിർവചിക്കാൻ കഴിയാത്ത അജ്ഞാത പേരിൽ എന്റെ ഉള്ളറകളിൽ ഞാനിന്നും നിന്നെ സൂക്ഷിക്കുന്നു...
അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് ഇടിച്ചു കയറി വന്ന നീ മഴവെള്ളത്തിൽ നിറഞ്ഞു കവിയുന്ന പുഴയായിരുന്നു....,
കോപത്തെ കെടുത്തിക്കളയുന്ന കാറ്റായിരുന്നു...., ഹൃദയത്തിൽ അലിവിന്റെ മഴ പെയ്യിപ്പിച്ച മഴക്കാറായിരുന്നു.....,
എന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്നു നല്‍കിയ മാരിവില്ലായിരുന്നു.....,
അക്ഷരങ്ങളെ പ്രണയിക്കാൻ പഠിപ്പിച്ച...,
കവിതകൾ കൊണ്ട് ഹാരമൊരുക്കാൻ നിർബന്ധിച്ച.., മൗനം കൊണ്ടൊരുപാട് സംസാരിച്ച
വായാടി പെണ്ണായിരുന്നു....,
മനസ്സിന്റെ അടിക്കാടുകളിൽ ഒളിപ്പിച്ചു വച്ചിരുന്ന ചിന്തകൾക്ക് ജീവൻ നൽകി എന്റെ ആശയങ്ങളെ പുഞ്ചിരിയോടെ കൈനീട്ടി സ്വീകരിച്ചിരുന്നവൾ...,
എന്റെ കവിതയുടെ വാക്കായി കൂടെ നിന്നവള്‍ ...
ഭൂമിയുടെ രണ്ടു ഭൂഖണ്ഡങ്ങളിൽ ആയിരുന്നെങ്കിലും ശബ്ദം കൊണ്ടെന്നെ ശാസിച്ചും, ഉപദേശിച്ചും,
ആശ്വസിപ്പിച്ചു കൊണ്ടെന്നെ ചേർത്തുപിടിച്ചവൾ....,
എനിക്കുവേണ്ടി മാത്രം പാട്ടുകൾ പാടിയിരുന്നവൾ..., കവിതകൾ എഴുതിയിരുന്നവൾ....,.
വേദനകൾ കൊണ്ട് നീറിപ്പുകഞ്ഞ എന്റെ ആത്മാവിൽ ഒരു ചെറു വർഷമായി പെയ്തിറങ്ങിയവൾ...,
പ്രാരാബ്ധത്തിന്റെ മരുഭൂമിയിൽ ഒറ്റപ്പെട്ടു പോയ എന്നിൽ മരുപ്പച്ചയായി വിരുന്നു വന്നവൾ....
എനിക്ക് മുന്‍പേ നടന്നു കൊണ്ട് എന്നിലെ ഇരുട്ടിനെ ആട്ടിയോടിച്ചു കൊണ്ട് എന്റെ ഹൃദയത്തില്‍ ചിരാതു കൊളുത്തിയവള്‍ ....!
കണ്മഷിയുടെ എണ്ണ കറുപ്പുള്ള അവളുടെ ഹൃദയം വെള്ളരി പ്രാവിന്റെ തൂവല്‍ പോലെ വെണ്മയുള്ളതായിരുന്നു.... ,
തളർന്നു പോയപ്പോൾ താങ്ങായി നിന്നവൾ...,
സങ്കടങ്ങൾ ഇറക്കി വയ്ക്കാൻ മടിത്തട്ട് തന്നവൾ.., അണ പൊട്ടിയൊഴുകുന്ന കണ്ണുനീർ പുറം കൈയ്യാൽ തുടച്ചെറിഞ്ഞവൾ....,
ചിരകാലാഭിലാഷമായ സ്വന്തമായൊരു വീടെന്ന സ്വപ്നത്തെ യാഥാർഥ്യമാക്കുവാൻ കരുത്തു പകർന്നവൾ....,
എന്റെ കൈകളില്‍ ചിറകു വിരിയിച്ചു ആകാശം പിറക്കാത്ത ലോകത്തേക്ക് എന്നെ പറത്തി വിട്ടവള്‍ ...,
പര്‍വതങ്ങളും കൊടുമുടികളും കീഴടക്കുവാന്‍ എനിക്ക് ഊര്‍ജ്ജം പകര്‍ന്നവള്‍....,
മണല്‍ക്കാടുകളിലേക്ക് തെളിനീരായി പ്രവഹിക്കുവാന്‍ ഖാഫ് മരമായി കൂടെ നിന്നവള്‍ ...,
എന്റെ കണ്ണുകള്‍ക്കുള്ളില്‍ കുടിയിരുന്നു കൊണ്ട് എനിക്ക് മാര്‍ഗ്ഗം തെളിച്ചവള്‍....,
പ്രാരാബ്ധക്കാരനിൽ നിന്നും പടി പടിയായി ഉയരങ്ങൾ കീഴടക്കിയപ്പോൾ എന്നെക്കാളേറെ സന്തോഷിച്ചു കൊണ്ട് ഒരു യാത്ര പോലും പറയാതെ പോയവൾ...!
പക്ഷെ ഒന്നുണ്ട് പെണ്ണെ.....
നീ പോയതിൽ പിന്നെ ഒരുപാടു സൗഹൃദങ്ങൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിരുന്നു.എന്നാൽ നിനക്കൊരു പകരക്കാരിയെ കണ്ടെത്താൻ എനിക്കിന്നുവരെ കഴിഞ്ഞിട്ടില്ല.....
നിന്നെപ്പോലെ നീ മാത്രമേയുള്ളൂ...
സങ്കടങ്ങളുടെ ഗർത്തത്തിലേക്ക് ഞാൻ ആണ്ടു പോകുമെന്നു തോന്നുന്ന നിമിഷങ്ങളിൽ ഇപ്പോഴും നിന്റെ മടിത്തട്ടു ഞാൻ ആഗ്രഹിക്കാറുണ്ട് കാരണം
നിന്റെ മടിത്തട്ടില്‍ ഞാന്‍ ബാല്യമായി കരയുകയും ചിരിക്കുകയും ചെയ്തിരുന്നു....
ഇനി നീ വരിക ...,

നിന്റെ സ്നേഹവാക്കുകള്‍ കൊണ്ട് ഈ മൌനത്തെ ഭേദിക്കുക....!!

2018, മാർച്ച് 28, ബുധനാഴ്‌ച

ഹവ്വ

ആരും കാണാത്ത സ്വപ്‌നങ്ങള്‍ കണ്ടു തീര്‍ത്തും ഏകാകിയായി ഇരുട്ടിന്‍റെ കംബളം പുതച്ചു ഭൂമിയുടെ മടിയില്‍ കിടന്നുറങ്ങുമ്പോഴാണ്‌ ഞാന്‍ ആ രൂപത്തെ ശ്രദ്ധിച്ചത്.
എന്താണത് ...??
കാലന്‍ ആണോ ...?
ഏയ് ,അല്ല ..പോത്തിനെ കാണാനില്ല ...!
വല്ല പ്രേതമോ യക്ഷിയോ ആണോ ..??
മാടനോ മറുതയോ ജിന്നോ മറ്റോ ആണോ ..??
ഇനി ദൈവം എന്നെ കാണാന്‍ വന്നതാണോ ..?
മനസ്സില്‍ ഇങ്ങനെ ആയിരം സംശയങ്ങളുമായി നില്‍ക്കുമ്പോള്‍ ആ സ്ത്രീരൂപം എന്റെ അരികിലേക്ക് വന്നു.ശബ്ദം ഉയര്‍ത്തി കൊണ്ട് ഞാന്‍ ചോദിച്ചു ..
" ആരാടി നീ ...?"
"എന്നെ ഓര്‍മ്മയില്ലേ ...?"
"ഇല്ലല്ലോ ..ഞാന്‍ രാത്രിയുടെ മറവില്‍ പെണ്ണ് പിടിക്കുവാന്‍ പോകാറില്ല.നിനക്ക് ആള് മാറിയതാകും.ഈ പാറപ്പുറത്ത് ഒറ്റക്കിരുന്നു സ്വപ്‌നങ്ങള്‍ കാണുവാന്‍ വന്നതാണ് ഞാന്‍ .."
"നിങ്ങളൊക്കെ എന്നെ മറന്നു..ഞാനാണ് പ്രപഞ്ചത്തിലെ തന്നെ ആദ്യത്തെ സ്ത്രീ ..."
"വല്ല കഞ്ചാവും വലിച്ചു ആവിശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു നടക്കാതെ വീട്ടില്‍ പോകാന്‍ നോക്കു ..
ആട്ടെ നിന്റെ വീടെവിടെയാ ..??"
"ഏദന്‍ തോട്ടത്തില്‍ ആയിരുന്നു കുടുംബം ,ചെറിയ തെറ്റിന്റെ പേരില്‍ എന്നെ അവര്‍ ഇറക്കി വിട്ടു.ഞാനിന്നും ഈ ഭൂമിയില്‍ ഇങ്ങനെ അസ്ഥിത്വം നഷ്ടപ്പെട്ടു ജീവിക്കുന്നു ..."
"നിന്റെ പേരെന്താ ..??"
"ഞാന്‍ ഹവ്വ...,
ലോകത്തിലെ എല്ലാ പാപങ്ങളുടെയും കാരണക്കാരിയായി നിങ്ങള്‍ മുദ്രകുത്തിയ നിസ്സഹായതയുടെ ആദ്യത്തെ പ്രതിരൂപം...."
"എന്തിനാ നീ ആ പാവം ആദത്തിനെ കൊണ്ട് പാപത്തിന്റെ കനി തീറ്റിച്ചത് ..?
അതു കൊണ്ടാണല്ലോ ഞങ്ങള്‍ പുരുഷന്മാര്‍ക്കെല്ലാം സ്വര്‍ഗ്ഗം നഷ്ടപ്പെട്ടത് ..??"
"ആദം എന്റെ ജീവനായിരുന്നു.. അതാണ് ഞാന്‍ കഴിച്ചതില്‍ പാതി കനി അവനായി മാറ്റിവച്ചത്..
ഇണയുടെ സ്നേഹത്തിനേക്കാള്‍ വലിയ സ്വര്‍ഗ്ഗമോ ..?"
"അറിയില്ലായിരുന്നു ആദ്യസ്ത്രീയേ നിന്റെ സ്നേഹത്തിനെ കുറിച്ച് ...
ആദാമിനെ പ്രണയിക്കുവാന്‍ വാരിയെല്ലില്‍ നിന്നും രൂപം കൊണ്ട നിന്നെ പഴി ചാരുന്നവര്‍ ആണിന്നധികവും ..."
"ഒരു സ്ത്രീയും ഒരമ്മയും ഒരു കുറ്റവും ആരുടേയും ചുമലില്‍ ഇറക്കി വക്കില്ല. ഒരിക്കല്‍ പോലും ദൈവത്തിന്റെ മുന്‍പില്‍ എന്റെ പ്രാണനായ ആദാമിനെ കുറ്റപ്പെടുത്തിയിട്ടില്ല. പ്രലോഭനങ്ങള്‍ക്ക് അടിമപ്പെട്ടു മനുഷ്യകുലത്തിനെ തന്നെ നരകത്തിലേക്ക് നയിച്ചവള്‍ എന്ന് ലോകം മുഴുവന്‍ ആരോപിക്കുമ്പോഴും എന്റെ ഹൃദയം വേദനിച്ചിരുന്നില്ല....,
പക്ഷെ, സാത്താനില്‍ നിന്നു എന്നെ സംരക്ഷിക്കേണ്ട ,
ഞാന്‍ ജീവനു തുല്യം സ്നേഹിച്ച എന്റെ ആദം ദൈവത്തിന്റെ മുന്നില്‍ എന്നെ തെറ്റുകാരി എന്ന് കുറ്റപ്പെടുത്തിയപ്പോള്‍ ആ നിമിഷം ആയിരുന്നു എന്റെ 'നരകം'.പ്രപഞ്ചത്തിലെ ആദിസ്ത്രീയുടെ ഹൃദയം ആ നിമിഷം തകര്‍ന്നിരുന്നു ...."
ഹവ്വയുടെ കണ്ണുകളില്‍ നിന്നും നിലത്തു വീണുടഞ്ഞ കണ്ണുനീര്‍ തുള്ളികള്‍ക്ക് പകരം നല്‍കുവാന്‍ ഈ ലോകത്തില്‍ ഒന്നുമില്ലായിരുന്നു.എല്ലാ കുറ്റങ്ങളും സ്വയം ശിരസ്സില്‍ ഏറ്റി മൌനം പുതച്ച ഹവ്വക്കു എന്റെ സാന്ത്വനവും അന്യമായിരുന്നു .ഞാന്‍ പറഞ്ഞു,
"ദൈവത്തിനു കൈപ്പിഴ പറ്റി കാണും ഹവ്വ.ഇല്ലെങ്കില്‍ സാത്താന്റെ ഉദ്ദേശം തിരിച്ചറിയാന്‍ കഴിവുള്ള ഒരു മനസ്സ് നമുക്കു പകര്‍ന്നു നല്‍കാന്‍ ദൈവത്തിനു കഴിഞ്ഞില്ലലോ ..??"
"സൃഷ്ടിയുടെ കൈപ്പിഴയും എന്റെ മേല്‍ തന്നെ എല്ലാവരും ചാരി ...
ആരും എന്നെ മനസ്സിലാക്കിയില്ല..,സൃഷ്‌ടിച്ച ദൈവം പോലും എന്തെ എന്നെ മനസിലാക്കാതെ പോയി...??
വെറും ഒരു തുണ മാത്രം ആക്കാനായിരുന്നു എങ്കില്‍ എനിക്കെന്തിനു നീ ചിന്തകള്‍ നല്‍കി... ??
എന്തിന് സ്വപ്നങ്ങളെ എന്റെ മനസ്സില്‍ നിറച്ചു...??
എന്റെ ചാപല്യങ്ങളും ദൈവം സൃഷ്ടിച്ചതല്ലേ ...??"
"ഹവ്വാ ....ഈ സാത്താന്‍ ആദ്യ മനുഷ്യനെ വഴി തെറ്റിച്ചത് എങ്ങിനെ എന്ന് അറിയാമോ..?
ദൈവം പറഞ്ഞത് നുണയാണ് എന്ന് വിശ്വസിപ്പിച്ചു കൊണ്ടാണ്. അതാണ്‌ മൂപ്പരുടെ ഒരു ശൈലി....
പറഞ്ഞിട്ട് കാര്യമില്ല ...നിങ്ങള്‍ ഭാഗ്യവതിയാണ്.
അന്ന് ഒരു സാത്താനെ മാത്രം നിങ്ങള്‍ക്ക് സഹിച്ചാല്‍ മതിയാരുന്നു.ഇന്ന് നമുക്കു ചുറ്റും എത്രയോ സാത്താന്മാര്‍ ആധുനിക നുണയന്മാരുടെയും നുണച്ചിയുടെയും വേഷം കെട്ടി നമുക്കിടയില്‍ ജീവിക്കുന്നു,അവര്‍ മറ്റുള്ളവരെ വഴി തെറ്റിക്കുന്നു,പ്രലോഭിപ്പിക്കുന്നു, കലഹം സൃഷ്ടിക്കുന്നു,എല്ലാം നശിപ്പിക്കുന്നു,എത്രയോ ഏദന്‍ തോട്ടങ്ങള്‍ പോലെയുള്ള കുടുംബങ്ങള്‍ തകര്‍ക്കുന്നു.
ഒടുവില്‍ പഴി ചാരുവാന്‍ ഹവ്വയെ പോലെ ഒരു ഇരയെയും തിരഞ്ഞെടുക്കുന്നു...
നുണയും സത്യവും നെല്ലും പതിരും പോലെ വേര്‍തിരിക്കാന്‍ കഴിയുന്ന മനുഷ്യസൃഷ്ടിയുടെ പണിപ്പുരയില്‍ ആയിരിക്കും ദൈവമിപ്പോള്‍ ..."
"അത്തരം പുതിയ മനുഷ്യകുലം സൃഷ്ടിക്കപ്പെടട്ടെ ...
ഇല്ലെങ്കില്‍ തന്‍റെ പ്രിയതമന്റെ മുന്‍പില്‍ പോലും പഴി ചാരപ്പെട്ടു തെറ്റുകള്‍ എല്ലാം ഏറ്റു വാങ്ങുന്ന 'പെണ്ണിരകള്‍' ലോകത്ത് സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിരിക്കും.അവരുടെ കണ്ണുനീര്‍ പ്രവാഹങ്ങളെ കാലം ഒരു മാഹാപ്രളയമായി കൊണ്ടു വരുന്ന കാലം വിദൂരമല്ല ...
എല്ലാം എന്റെ തെറ്റ്...എല്ലാം എന്റെ തെറ്റ് ...."
ഇതും പറഞ്ഞു കൊണ്ട് ഹവ്വ ഭൂമിയുടെ മടിയില്‍ കണ്ണുനീര്‍ പൊഴിച്ച് കൊണ്ടിരുന്നു.ആദ്യ സ്ത്രീയുടെ കണ്ണുനീര്‍ തുള്ളികള്‍ എന്റെ കൈകളാല്‍ തുടച്ചു.നെറുകയില്‍ തടവി ആശ്വസിപ്പിച്ചു...പെട്ടെന്ന് ഞാന്‍ ഞെട്ടിയുണര്‍ന്നു . അപ്പോള്‍ ഇരുട്ടില്‍ നിന്നും ഇങ്ങനെ ആരോ വിളിച്ചു പറഞ്ഞു
"അവളൊരു കള്ളിയാണ്....
അവള്‍ പറയുന്നതെല്ലാം നുണയാണ് ..."
അരൂപിയുടെ അശരീരിക്ക് മറുപടിയായി ഞാന്‍ പറഞ്ഞു ..
"നീ ആ പഴയ സാത്താന്‍ അല്ലെ ..?
ഒരു പെണ്ണിന്റെ ജീവിതം നശിപ്പിച്ചപ്പോള്‍ നിനക്ക് തൃപ്തി ആയല്ലോ ..?
മേലാല്‍ ഈ ഉടായിപ്പും കൊണ്ട് ഇങ്ങോട്ട് വന്നു പോകരുത് ..വല്ല പുതിയ നംബരുമായി വാ ..."
പൊട്ടിച്ചിരിച്ചു കൊണ്ട് സാത്താന്‍ എന്നോട് പറഞ്ഞു ..
"മനുഷ്യനെ വഴി തെറ്റിക്കുന്ന സാത്താന്റെ വാക്ക് കേട്ടാണ് ഹവ്വ തെറ്റു ചെയ്തതെന്ന് അറിയാവുന്ന ദൈവം അവരെ ഒരിക്കലും ശിക്ഷിക്കാന്‍ പാടിലായിരുന്നു ...
ദൈവം സാത്താനെ വിജയിപ്പിച്ചു ...
മനുഷ്യനെ തോല്‍പ്പിച്ചു.....!
അന്നൊരു പക്ഷെ മനുഷ്യനെ ദൈവം ശിക്ഷിച്ചില്ലായിരുന്നു എങ്കില്‍ എന്റെ നുണ അവിടെ പരാചയപ്പെട്ടു പോയേനെ.പ്രപഞ്ചത്തിലെ ആദ്യ നുണ പരാചയപ്പെട്ടത്തിന്റെ വിഷമത്തില്‍ ഞാന്‍ ഈ പരിപാടി തന്നെ നിര്‍ത്തിയേനെ ...
ആദ്യ നുണയുടെ വിജയ ശേഷം അവിടെ നിന്നും കിട്ടിയ ആത്മവിശ്വാസത്തില്‍ ഇന്നും ഞാന്‍ ബന്ധങ്ങള്‍ തകര്‍ത്തു കൊണ്ടിരിക്കുന്നു ....."

സാത്താന്റെ മറുപടി കേട്ട ഞാന്‍ ആരും കാണാത്ത സ്വപ്‌നങ്ങള്‍ കാണുവാനായി വീണ്ടും ഉറക്കത്തിലേക്ക് ഓടി പോയി ...

2018, മാർച്ച് 27, ചൊവ്വാഴ്ച

ഷണ്ഡന്‍

കോരിച്ചൊരിയുന്ന മഴ സാരമാക്കാതെ അയാൾ കോടതി മുറ്റത്തേക്കിറങ്ങി.ചിലർക്ക് ചിലപ്പോഴൊക്കെ മഴ അനുഗ്രഹമാണ്,ചിലർക്ക് ശാപവും.ദൈവത്തിനു തന്നെ ഒരുപാട് ഇഷ്ടമുണ്ടായിരിക്കും അതാവും ഞാന്‍ കരയുന്നത് മറ്റാരും കാണാതിരിക്കാൻ അദൃശ്യമായ കൈകളോടെ ഈ മഴയെ ഭൂമിയിലേക്ക് പറഞ്ഞു വിട്ടത്...
കോടതി വളപ്പിലെ കെട്ടിടങ്ങൾക്കൊപ്പം തല ഉയർത്തി നിൽക്കുന്ന തണൽ മരങ്ങളിൽ ഒന്നിന്റെ ചുവട്ടിൽ പാർക്ക് ചെയ്ത ബൈക്കുമായി അയാൾ റോഡിലേക്കിറങ്ങി...മഴ ശക്തമായി പെയ്യുന്നു അതിനേക്കാളും ശക്തിയിൽ അയാളുടെ കണ്ണിൽ നിന്നും നീര്‍ത്തുള്ളികളും ...
ഇന്ന് മുതൽ എന്റെ ഇടതു വശം ശൂന്യമാണ്...
നീണ്ട വാക്പോരുകൾക്കും ശീതസമരങ്ങൾക്കും ശേഷം തുറന്ന യുദ്ധങ്ങൾ ജീവിതത്തിലേക്ക് കടന്നു വരാൻ തുടങ്ങിയപ്പോൾ മനസ്സില്ലാ മനസ്സോടെ ആത്മാവാല്‍ കരഞ്ഞു കൊണ്ട് അവൾക്ക് എന്റെ താലിച്ചരടിൽ നിന്നും സിന്ദൂരത്തിൽ നിന്നും മോചനം നൽകി... മനസ്സു കൊണ്ട് അകന്നു പോയ രണ്ടു പേരെ കോടതിയും സ്വതന്ത്രരായി ജീവിക്കാൻ അനുവദിച്ചു...
കോടതി മുറിയിലേക്ക് കയറുമ്പോൾ പ്രതീക്ഷയോടെ അതിലേറെ യാചനയോടെ അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ ആ കണ്ണിൽ പുച്ഛഭാവം മാത്രമായിരുന്നു,അവളുടെ കണ്ണുകൾ ഇങ്ങനെ പറയും പോലെ തോന്നി ...
"എന്നെ എന്റെ പാട്ടിനു വിട്ടേക്കൂ....,
ഞാൻ ജീവിച്ചോട്ടെ.."
"ഒരിക്കലും മക്കളുണ്ടാവാൻ സാധ്യതയില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ ഷണ്ഡനായ എതിർ കക്ഷിയിൽ നിന്നും മോചനം നല്‍കി അവരുടെ അമ്മയാവാനുള്ള അവകാശത്തെ മാനിക്കണം..."
എന്ന് കോടതിയില്‍ ഹിമയുടെ വക്കീൽ പറഞ്ഞപ്പോൾ അവിടെ വീണു മരിച്ചു പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിരുന്നു.അത്രയ്ക്ക് പ്രിയപ്പെട്ടവള്‍ ആയിരുന്നു എനിക്ക് ഹിമ.വിവാഹ മോചനത്തിന് ഇരുകൂട്ടർക്കും സമ്മതമാണോ വീണ്ടു വിചാരം വേണമോ എന്ന ചോദ്യത്തിന് ഹിമ "വേണ്ട എനിക്ക് മോചനം വേണമെന്ന്" ശക്തമായിത്തന്നെ പറഞ്ഞു. വിവാഹമോചന കരാറിൽ ആദ്യമായി തെല്ലും സങ്കോചമില്ലാതെ ഒപ്പിട്ടതും അവൾ തന്നെയായിരുന്നു. വിറയാർന്ന കൈകളോടെ ഒപ്പിട്ടു പുറത്തേക്കിറങ്ങിയ തന്റെ കയ്യിൽ
"മനൂ.. എന്നോട് ദേഷ്യം തോന്നരുത്.. "
എന്ന് മാത്രം പറഞ്ഞു താൻ ചാർത്തിക്കൊടുത്ത താലി മാലയും വിവാഹ മോതിരവും തന്നു കോടതി വരാന്തയിലൂടെ ഹിമ നടന്നു പോകുന്നത് നിസ്സഹായനായി നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു.അങ്ങനെ നില്‍ക്കുവാന്‍ മാത്രമേ എനിക്ക് അവകാശവുമുള്ളൂ,കാരണം ..
ഞാന്‍ ഷണ്ഡനല്ലേ...??
ആർത്തലച്ചു പെയ്ത മഴ തന്റെ ദുഃഖത്തിൽ പങ്കു ചേരുകയാണെന്നു മനുവിന് തോന്നി. എങ്ങോട്ടെന്നില്ലാതെ അവന്‍ ബൈക്കോടിച്ചു കൊണ്ടിരുന്നു. ഒടുവില്‍ കടല്‍ക്കരയില്‍ തന്‍റെ യാത്ര നിര്‍ത്തി. മഴ ശമിച്ചു തുടങ്ങിയിരുന്നു .തീരത്തു ബൈക്ക് ഒതുക്കി മനു കടൽപ്പാലത്തിലേക്കു നടന്നു കയറി.ശാന്തമല്ലാത്ത കടലു പോലെ കലുഷിതമാണ് തന്റെ ഹൃദയവും. അയാൾ പതുക്കെ പോക്കറ്റിൽ നിന്നും ഹിമ കൈകളിൽ വച്ചു കൊടുത്ത താലിച്ചരടും വിവാഹ മോതിരവും എടുത്തു. അതിൽ ഏറെ നേരം നോക്കി നിന്നു. കണ്ണീരുപ്പു കൊണ്ട് അവ നനഞ്ഞു കുതിർന്നു..
കടൽപാലം വിജനമാണ്, മഴയും കാറ്റും കാരണം ആരും കടൽപ്പാലം കയറി വരുന്നില്ല.പാലത്തിലേക്ക് ഇടയ്ക്കിടയ്ക്ക് വലിയ തിരകൾ അടിച്ചു കയറുന്നു.
ഹിമയും ഞാനും സായാഹ്നങ്ങൾ മനോഹരമാക്കാൻ പതിവായി വരുന്നതിവിടെയാണ്.വിവാഹ ശേഷം അവളില്ലാതെ ആദ്യമായും....ഹിമയെ കുറിച്ചോർമിച്ചപ്പോൾ മനുവിന് നെഞ്ചു പൊട്ടുന്നതു പോലെ തോന്നി....
ഹിമയ്ക്ക് കടലയും കൊറിച്ചു എന്റെ കയ്യും പിടിച്ചു കടൽക്കരയിലൂടെ നടക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു,ഇന്നതവൾ ഏറ്റവും വെറുക്കുന്നതും അതാണ്.എന്റെ കൈചൂടും എന്റെ മുഖവും.തന്റെ പേഴ്സിൽ സൂക്ഷിച്ച ഹിമയുടെ ഫോട്ടോ കൈകളിലെടുത്തു അയാളൊരു ബുദ്ധി നശിച്ചവനെ പോലെ പുലമ്പി
" ഹിമാ... നിന്നെ എന്ത്ര മാത്രം ഞാൻ സ്നേഹിച്ചിരുന്നുവെന്നു നിനക്കറിയുമോ..?
ഒൻപത് വര്‍ഷം കൂടെ ജീവിച്ചിട്ടും നിനക്കെന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ പെണ്ണെ...???
എത്ര മനോഹരമായിരുന്നു നമ്മുടെ ദാമ്പത്യം, മറ്റുള്ളവർ അസൂയയോടെ നോക്കിയിരുന്ന ഭാര്യാ ഭർത്താക്കന്മാരായിരുന്നില്ലേ നമ്മളിരു പേരും.. എനിക്കൊരിക്കലും കുട്ടികളുണ്ടാവില്ല എന്ന് ഡോക്ടർ വിധിയെഴുതിയ ദിവസം വരെയും..!
പിരീഡ്‌സ് കറക്റ്റല്ല, ഫാറ്റി ആണ്,അതാ ഗര്‍ഭധാരണം തടസ്സമാവുന്നത് എന്ന് ഡോക്ടർ പറഞ്ഞതനുസരിച്ചു രണ്ടര വർഷം നിനക്ക് ചികിത്സ ചെയ്തപ്പോൾ നിന്നെ ഒരിക്കലും ഒരു വാക്കു കൊണ്ട് പോലും ഞാൻ വേദനിപ്പിക്കാതെ ചേർത്തു പിടിക്കുകയല്ലേ ചെയ്തത്. എന്നിട്ടും നീ....??"
അയാളുടെ തൊണ്ടക്കുഴിയിൽ കൊന്നു കൊണ്ടിരുന്ന സങ്കടം ഒരു പൊട്ടിക്കരച്ചിലായി രൂപം പ്രാപിച്ചു. കടൽതിരമാലകളുടെ ശബ്ദത്തിൽ ലയിച്ചതു ദൂരേക്ക് പോയി ,പുറമെ പരുക്കന്‍ പുറംചട്ട ധരിച്ച തന്റെ മുഖമൂടി അഴിച്ചു വച്ചു വെറുമൊരു പുരുഷനായി മനു മാറി.അവളുടെ ഫോട്ടോയിൽ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു...
" ഹിമാ... നീ അനുഭവിച്ച ദുഃഖം എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട് അതാണല്ലോ ദേഷ്യം വരുമ്പോൾ എനിക്കു നേരെ ഉറഞ്ഞു തുള്ളി ഷണ്ഡൻറെ കൂടെ ജീവിച്ചു മരിക്കാനാ എന്റെ യോഗം എന്ന് പറഞ്ഞു നീ എന്റെ വാ അടപ്പിച്ചിരുന്നത്..?
പക്ഷെ നിനക്കറിയാമോ ..?
കുടുംബ സദസ്സുകളിൽ പോകുമ്പോൾ മാത്രം നീ അനുഭവിച്ചു കൊണ്ടിരുന്ന ആ വേദന നീ പോലുമറിയാതെ മിക്കവാറും ദിവസങ്ങളിൽ അനുഭവിച്ചു കൊണ്ടാണ് ഞാൻ നമ്മുടെ വീട്ടിലേക്കു കയറി വരുന്നത്.സൗഹൃദ സദസ്സുകളിൽ ഞാനും എന്റെ ഷണ്ഡത്വവും മിക്കവാറും ചര്‍ച്ചാവിഷയമാണ്.
നിനക്ക് ലൈംഗികത അറിയില്ല....,
നീ ബെഡ്‌റൂമിൽ വൻ പരാജയമായിരിക്കും....,
സ്ത്രീയെ സുഖിപ്പിക്കാൻ നിനക്ക് കഴിയില്ല...,
അതാണ് നിനക്ക് മക്കളുണ്ടാവാത്തത്.... എന്നിങ്ങനെയുള്ള തമാശരീതിയിലുള്ള കുത്തു വാക്കുകളും...
പാർട്ടികളിൽ പങ്കെടുക്കാതെ നിന്റെ അടുത്തേക്ക് ഓടിയെത്താൻ ധൃതി പെടുമ്പോൾ ആർക്കു വേണ്ടിയാടാ ഇങ്ങനെ അറുപിശുക്കനായി ജീവിക്കുന്നത് ...?
അനുഭവിക്കാൻ ആരിരിക്കുന്നു..?
എന്ന ചോദ്യങ്ങളും എന്റെ മനസ്സിനെ എത്ര ആഴത്തിൽ കീറി മുറിച്ചിരുന്നു എന്ന് നീ അറിഞ്ഞിരുന്നില്ല. അറിയാൻ നീ ശ്രമിച്ചിരുന്നില്ല..
ചില വാക്ക്തർക്കങ്ങൾ ഉണ്ടാകുമ്പോൾ
"ചുമ്മാതെയല്ലേടാ നിനക്ക് ദൈവം മക്കളെ തരാത്തത്"
എന്ന പരിഹാസങ്ങളും നിന്നെപ്പോലെ അല്ലെങ്കിൽ നിന്നെക്കാളേറെ ഞാൻ സഹിച്ചിട്ടുണ്ട്,ആരും കാണാതെ ഷവറിനു കീഴിൽ കരഞ്ഞു തീർത്തിട്ടുണ്ട്. നിന്റെ സാമീപ്യം കൊതിച്ചു വരുമ്പോൾ നിഷ്കരുണം വാക്കുകൾ കൊണ്ടെന്നെ എത്രയോ തവണ നീ മുറിപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഞാൻ മൗനം പാലിച്ചത് നിന്നോടുള്ള ഇഷ്ടംകൊണ്ടാണ്...
"നിങ്ങൾ എന്റെ ജീവിതം കൂടെ നശിപ്പിക്കും... ആളുകൾക്ക് മുന്നിൽ മനു കാരണം ഞാൻ എത്ര പരിഹാസ്യ ആവുന്നെന്നറിയോ ..??"
എന്നൊക്കെയുള്ള കുറ്റപ്പെടുത്തലുകൾ മാത്രമേ എനിക്ക് നിന്നിൽ നിന്നും ലഭിച്ചിട്ടുള്ളൂ.ഒന്ന് ചേർത്തു പിടിക്കുകയോ ,ഒരാശ്വാസ വാക്ക് പറയുകയോ ഒന്നും നീ ചെയ്തിട്ടില്ല. നിന്നിൽ നിന്നും കേൾക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്...
സ്ത്രീകൾ മാത്രമല്ല ഹിമ പുരുഷനും സ്നേഹവും സാന്ത്വനവും ആഗ്രഹിക്കുന്നുണ്ട്..., സ്നേഹചൂടുള്ളൊരു മടിത്തട്ടിൽ ദുഖങ്ങളെല്ലാം ഇറക്കി വയ്ക്കാൻ ആഗ്രഹിക്കുന്നുണ്ട് ഓരോ പുരുഷനും....,
നിങ്ങളുടെ ആലിംഗനങ്ങൾ കൊതിക്കാറുണ്ട്....,
പക്ഷേ,പലപ്പോഴും നിങ്ങൾ ഞങ്ങളെ മനസ്സിലാക്കാൻ പരാജയപ്പെട്ടു പോകുന്നു,അല്ലെങ്കിൽ ഞങ്ങളുടെ മനസ്സറിയാൻ കഴിയാതെ പോകുന്നു..
സുഹൃത്തുക്കൾ അവരുടെ മക്കളെക്കുറിച്ചും അവരുടെ കുറുമ്പുകളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും വാതോരാതെ സംസാരിക്കുമ്പോൾ കുനിഞ്ഞ ശിരസ്സോടെ പലപ്പോഴും എനിക്ക് അവിടെ നിന്നും ഇറങ്ങി വരേണ്ടി വന്നിട്ടുണ്ട്....
സ്കൂൾ കോളേജ് സൗഹൃദങ്ങളെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടുമ്പോൾ കുടുംബത്തെ കുറിച്ചുള്ള ചോദ്യത്തിനു ഒരു കുട്ടിയുണ്ട് എന്ന് കളവു പറയേണ്ടി വന്നിട്ടുണ്ട്. കാരണം അവരുടെ മറുചോദ്യങ്ങൾക്കോ ?സഹതാപത്തിനോ എന്റെ ദുഃഖം കുറയ്ക്കാൻ കഴിയില്ല. എന്നതു കൊണ്ടു തന്നെ...
ചെറിയ കാര്യങ്ങൾ പോലും വലുതാക്കി നീ വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുമ്പോൾ മൗനമായിരുന്നത് ഞാനെന്റെ കഴിവുകേടിനെ മനസ്സിലാക്കിയത് കൊണ്ടാണ്,വീട്ടിൽ നിന്നും നീ ഇറങ്ങിപ്പോയപ്പോഴും തിരികെ വരും എന്നൊരു വിശ്വാസമുള്ളതു കൊണ്ടായിരുന്നു പിൻവിളി ഉണ്ടാവാത്തത്...
നിനക്കുവേണ്ടിയുള്ള കാത്തിരിപ്പവസാനിപ്പിച്ചു കൊണ്ടു നിന്റെ വീട്ടിലേക്കു കയറി വന്ന എന്റെ മുൻപിൽ
"എനിക്ക് നിങ്ങളുടെ കൂടെ ഒരു ജീവിതം ഇനി വേണ്ട "
എന്ന മറുപടിയുടെ പിൻബലത്തിൽ വാതിൽ കൊട്ടിയടച്ചപ്പോഴും ഇന്ന് കോടതി വിധി പറയുന്ന അവസാന നിമിഷം വരെയും ഞാൻ നിന്റെ തിരിച്ചു വരവ് പ്രതീക്ഷിച്ചിരുന്നു .പക്ഷെ നീ എന്റെ മുന്നിൽ നിന്റെ മനസ്സിന്റെ വാതിലും കൊട്ടിയടച്ചല്ലോ പെണ്ണെ....??
ഇത്രയും നാൾ നീയെന്ന ഒരൊറ്റ പ്രതീക്ഷയിലാണ് ഞാൻ ജീവിച്ചത്. ഇനിയും അങ്ങനെതന്നെ ജീവിക്കും..... പിരിഞ്ഞു പോയ പലരും പിന്നീട് ഒന്നു ചേർന്ന ചരിത്രമുണ്ട് .ഞാൻ കാത്തിരിക്കും നിന്റെ വരവിനായി....
മച്ചിയായാലും ഷണ്ഡനായാലും മക്കളില്ലായ്മ ദുഃഖം തന്നെയാണ്. ഞാൻകാത്തിരിക്കും എന്നെ നിന്റെ തിരുനെറ്റിയിൽ സിന്ദൂരമായി അടയാളപ്പെടുത്താൻ,..."
കുറച്ചു നേരം കൂടി അവിടെ നിന്ന ശേഷം വിരസമായ വൈകുന്നേരത്തെ ആസ്വദിക്കാൻ കഴിയാതെ മനു തിരിഞ്ഞു നടന്നു,പെട്ടെന്ന് അയാൾ കാലുതെറ്റി പാലത്തിലേക്ക് വീണു.മനുവിന്റെ കയ്യിലിരുന്ന ഹിമയുടെ ഫോട്ടോയും, താലിയും,മോതിരവും പാലത്തിലേക്ക് തെറിച്ചു വീണു .മനു എഴുന്നേൽക്കും മുന്നേ ഉയർന്നു പൊങ്ങിയ ഒരു വലിയ തിരമാല അവയും കൊണ്ട് കടലിലേക്ക് തിരിച്ചു പോയി .....
ഒരു പക്ഷെ ഒരിക്കലും നടക്കാത്ത മനുവിന്റെ കാത്തിരിപ്പിന്റെ അടയാളമായ താലി ഇനി അവിടെ വേണ്ടെന്നു കടലമ്മക്ക് തോന്നി കാണും.ഒരമ്മയുടെ സ്ഥാനത്ത് നിന്ന് കൊണ്ട് അവനെ തിരമാലകള്‍ പോലുള്ള കൈകള്‍ കൊണ്ട് കടലമ്മ തഴുകി ...
അവിടെ മുട്ടു കുത്തി മനു നിന്നു.... 

ഇത്തിരിയുള്ള പൊന്ന് കടലെടുത്തെങ്കിലും,ഒരിക്കലും നടക്കാത്ത കടലോളം പ്രതീക്ഷകൾ കണ്ണിലൊളിപ്പിച്ചു കൊണ്ടു.....!

2018, മാർച്ച് 26, തിങ്കളാഴ്‌ച

ജാതി മഴ

'ഹിന്ദുമഴ' പെയ്യാൻ കാത്തിരുന്ന എന്നോട്.....,
'പോയി പണി നോക്കെടാ ചെക്കാ...'
എന്ന് പറഞ്ഞു മഴ പിണങ്ങി പോയി....
ജാതി മത വര്‍ഗ്ഗീയത തീണ്ടാത്ത മഴയെ കണ്ടു പഠിക്കൂ മനിതാ....!
സ്നേഹത്തില്‍ മതവും ജാതിയും കലര്‍ത്തി ദുരഭിമാനം മൂത്ത് സ്വന്തം മക്കളെ വരെ വെട്ടിയും കുത്തിയും കത്തിച്ചും കൊല്ലുന്ന മാതാപിതാക്കള്‍ എന്താണ് നേടുന്നത് ..??
കൊള്ളുന്ന വെയിലിനു ജാതിയുണ്ടോ ..?
പെയ്യുന്ന മഴയ്ക്ക് ജാതിയുണ്ടോ ..?
കുടിക്കുന്ന കള്ളിന് ജാതിയുണ്ടോ ..?
വലിക്കുന്ന സിഗരറ്റിനു ജാതിയുണ്ടോ ...??
പണത്തിനു ജാതിയുണ്ടോ ..?
കഴിക്കുന്ന ഭക്ഷണത്തിനു ...?
ഫ്രീ ആയി ലഭിക്കുന്ന ജീവവായുവിനു ജാതിയുണ്ടോ ..?
ചുറ്റും മൌനം പൂണ്ടു ഇറച്ചി പോലെ ജീവിക്കുന്ന പക്ഷി മൃഗാദികള്‍ക്ക് ജാതിയുണ്ടോ ...??
പ്രകൃതിക്ക് ജാതിയുണ്ടോ ..??
എന്തിനു ധരിച്ചിരിക്കുന്ന അടിവസ്ത്രത്തിന് പോലും ജാതിയില്ല ...!
എന്നിട്ടാണ് വെറും മണ്ണിലേക്ക് പോകാനുള്ള ഈ ശരീരത്തിനെ ജാതിയുടെ പേരില്‍ തരം തിരിച്ചു വിഭിന്നരായി കണ്ടു പരസ്പരം വെട്ടി മരിക്കുന്നത്.
കഷ്ടം തന്നെ ഹേ ...!
ദൈവം നമുക്കു വേണ്ടി ഇത്തിരി ആയുസ്സില്‍ ഒളിപ്പിച്ച വറ്റാത്ത സ്നേഹത്തെ അനുഭവിക്കുക.

പിന്നെ ഈ ലോകം മുഴുവന്‍ നമുക്കു മനോഹരമായി തോന്നും...

2018, മാർച്ച് 25, ഞായറാഴ്‌ച

കറുത്ത തെരുവ്

"എടാ വിഷ്ണു ,എന്താടാ ഈ 'ചുവന്ന തെരുവ്' ..??"
"പെണ്ണേ ..ഈ ചുവന്ന തെരുവെന്നു പറഞ്ഞാല്‍ നല്ല പിഞ്ചു പൈതല്‍ മുതല്‍ വാര്‍ദ്ധക്യത്തിന്റെ തൊലി ചുളിവുകള്‍ ഉള്ള വൃദ്ധകള്‍ വരെയുള്ള പെണ്ണിറച്ചികള്‍ അടുക്കും ചിട്ടയോടും കൂടി തിരഞ്ഞെടുക്കുവാന്‍ പാകത്തിന് തരം തിരിച്ചു കാമം മൂക്കുന്ന പുരുഷ കേസരികള്‍ക്ക് മുന്‍പില്‍ വിളമ്പി വയ്ക്കുന്ന തെരുവാണ് .ചുരുക്കം പറഞ്ഞാല്‍ മസ്തിഷ്കം കൊണ്ടും,കൈകള്‍ കൊണ്ടും,ബുദ്ധി കൊണ്ടും,ആയുധങ്ങള്‍ കൊണ്ടും മറ്റുള്ളവര്‍ ജോലി ചെയ്യുന്നത് പോലെ 'യോനി' കൊണ്ട് ജോലി ചെയ്യാന്‍ വിധിക്കപ്പെട്ട അടിമക്കൂട്ടം ..."
"അപ്പൊ ആ പെണ്ണുങ്ങളൊക്കെ കാമം തീര്‍ക്കാന്‍ ഒരുംപെട്ടു ഇറങ്ങിയതാകും അല്ലെ വിഷ്ണൂ ..??"
"അറിയില്ല പെണ്ണേ ...അയ്യായിരവും പതിനായിരവും വാങ്ങി ഹോട്ടല്‍ മുറികളില്‍ ശരീരം വില്‍ക്കുന്ന മുന്തിയ വേശ്യകളെ പോലെ അല്ല അവര്‍ .അച്ഛനോ,ഭര്‍ത്താവോ ,കാമുകനോ ഒക്കെ വില്‍പ്പനചരക്കു ആക്കിയവരും,ദേവദാസി പട്ടം നല്‍കി ജനിക്കുമ്പോള്‍ തന്നെ വേശ്യയായി ഉഴിഞ്ഞു വയ്ക്കപ്പെടുന്നവരൊക്കെ തന്നെയാണ് ഭൂരിഭാഗവും. തങ്ങളുടെ ജീവിതം ഇങ്ങനെ ഒക്കെ ആയതില്‍ രേതസ്സിന്റെ അഴുകിയ മണമുള്ള ഇടുങ്ങിയ മുറികളില്‍ ലഹരികള്‍ കൊണ്ട് മൂക്ക് മറച്ചു കൊണ്ട് ആരോടൊക്കെയോ ഉള്ള വാശി പോലെ ജീവിതം ഹോമിക്കുന്നവര്‍ .."
" അല്ല വിഷ്ണൂ ..ഒരു ആണും പെണ്ണും ഒരു കുടക്കീഴില്‍ ഒരുമിച്ചു ഇരുന്നാല്‍ കുറുവടിയുമായി സദാചാരം പഠിപ്പിക്കാന്‍ ഇറങ്ങുന്ന ഏട്ടന്മാരും,സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുന്ന സ്ത്രീപക്ഷവാദികളും,സാംസ്കാരിക ഭാരതം വാര്‍ത്തെടുകുന്നവരും ഒന്നും ഈ ഇറച്ചി തെരുവുകളില്‍ നിന്നും ഇവര്‍ക്ക് മോചനം നല്‍കി പുനരധിവസിപ്പിക്കാന്‍ എന്ത് കൊണ്ട്
ശ്രമിക്കുന്നില്ല ..??"
"അതിപ്പോ ഞാന്‍ എന്ത് പറയാന്‍ പെണ്ണേ ...ഇന്നു വരെ സ്ത്രീപക്ഷ വാദികള്‍ ചുവന്ന തെരുവിലേക്ക് ഒരു പ്രതിഷേധ മാര്‍ച്ച് നടത്തിയതായി എന്റെ ഓര്‍മ്മയില്‍ ഇല്ല.അല്ലെങ്കില്‍ തന്നെ അടയാളം പോലും ഇല്ലാത്ത ഇവര്‍ക്ക് വേണ്ടി വാദിച്ചാല്‍ അവര്‍ക്കൊന്നും പ്രശസ്തി കിട്ടില്ല .മാത്രമല്ല അവര്‍ക്കൊക്കെ ഇപ്പൊ സ്വാതന്ത്ര്യം വേണ്ടത് തുണി ഉടുക്കാതെ നടക്കുവാന്‍ ആണല്ലോ ..?
പിന്നെ സദാചാര പോലീസ് കളിച്ചു അവിടെ കയറി ചെന്നാല്‍ നല്ല തല്ലു കിട്ടുമെന്ന് ആങ്ങളമാര്‍ക്കറിയാം. സദാചാര ഗുണ്ടായിസം ഒക്കെ ഇവിടത്തെ പാവങ്ങളോട് മാത്രമേ നടക്കൂ,നല്ല കൈക്ക് ചാടിയാല്‍ തിരിച്ചു പണി കിട്ടും പെണ്ണെ ...
പിന്നെ സാംസ്കാരിക ഭാരതം..
സോനാകാച്ചിയും,കാമാത്തി പുരയും,ബുധവാര്‍ പേട്ടയും ഒക്കെ ഭാരതീയ സംസ്കാരത്തിന്റെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഘടകങ്ങള്‍ ആണ്.വല്ല പശുവിനെ മറ്റോ ഇറച്ചി ആക്കാന്‍ നോക്കിയാല്‍ സംസ്കാരത്തിന്റെ സ്വഭാവം മാറും ,എപ്പോ പണി കിട്ടി എന്ന് ചോദിച്ചാല്‍ മതി പെണ്ണേ.
ഇന്നു വരെ ഒരു രാഷ്ട്രീയ പ്രസ്ഥാനവും അവരുടെ തിരഞ്ഞെടുപ്പ് അജെണ്ടയില്‍ ഇത്തരം പെണ്ണിറച്ചി ചന്തകള്‍ പൂട്ടുമെന്ന് വാഗ്ദാനം നല്‍കിയിട്ടില്ല .അമ്പലം പണിയുമെന്നും,പള്ളി പണിയുമെന്നും.സംവരണം നല്‍കുമെന്നും ഒക്കെ പറഞ്ഞാലേ വോട്ടു ബാങ്കുകള്‍ നിറയൂ പെണ്ണെ ..ഇല്ലെങ്കില്‍ പെണ്ണു പിടിയന്മാരുടെ വോട്ട് ഗോവിന്ദാ ...
പിന്നെ ചിലരൊക്കെ പറയുന്ന ന്യായം ..ഇവിടത്തെ ബലാത്സംഗത്തിന്റെ അളവ് ഒരു പരിധി വരെ കുറക്കുന്നത് ഈ ചുവന്ന തെരുവുകള്‍ ആണെന്ന്.പാവപ്പെട്ട പെണ്‍കുട്ടികളെ ബലാത്സംഗത്തില്‍ നിന്നും രക്ഷിക്കുവാന്‍ ആണല്ലോ ഈ ഇറച്ചി കച്ചവടം എന്ന് നമുക്കു
ആശ്വസിക്കാം പെണ്ണേ ..."
"വിഷ്ണൂ ..അങ്ങനെ എങ്കില്‍ പെൺമാംസ ചന്തയായ ചുവന്ന തെരുവുകൾ പോലെ 'കറുത്ത തെരുവുകൾ' എന്ന പേരിൽ പുരുഷമാംസ ചന്തകൾ കൂടി തുറക്കണം...."
"അതു വേണ്ട ..അതു വേണ്ട ..നിങ്ങള്‍ പെണ്ണുങ്ങള്‍ക്ക്‌ അതൊന്നും പാടില്ല...നിങ്ങള്‍ പാടേ മറന്നൊന്നും ചെയ്തു കൂടാ ..."
"അതെന്താ വിഷ്ണൂ ഇരട്ട നീതി ..??
കാമം മൂക്കുന്ന സ്ത്രീകൾ പുരുഷ വേശ്യകളെ ഇഷ്ടാനുസരണം തിരഞ്ഞെടുത്തത് ഭോഗിക്കട്ടെ..തുല്യത നടപ്പിലാക്കട്ടെ.അതല്ല കറുത്ത തെരുവുകൾ സൃഷ്ട്ടിക്കാൻ നിങ്ങൾ പുരുഷന്മാർക്ക് കഴിയുന്നില്ല അല്ലെങ്കിൽ നിങ്ങളുടെ മനസ്സ് അനുവദിക്കുന്നില്ല എങ്കിൽ ചുവന്ന തെരുവുകൾ പൂട്ടുക..."

"കാണാം പെണ്ണേ ....ഞാനല്‍പ്പം തിരക്കിലാണ് ..."

വട്ട് ബാബു

ബാല്യകാലവും ഓർമകളും ഒരിക്കലും മങ്ങാത്ത ചുമര്‍ ചിത്രം പോലെയാണ്,പ്രായമേറും തോറും ആ ഓർമകൾക്ക് പുളിയും മധുരവുമൊക്കെ ഏറും.അന്നു കാണുന്ന പല മുഖങ്ങളും മനസ്സിൽ ഇന്നും മായാതെ നിൽക്കും,പറമ്പിലെ കിഴക്കേ അറ്റത്ത് ഇടി വീണു മണ്ട പോയ ഒറ്റതെങ്ങിനെ പോലെ....
ബാല്യം ഓര്‍മ്മ വരുമ്പോള്‍ മറക്കാൻ കഴിയാത്ത ഒരു രൂപമുണ്ട്."വട്ട് ബാബു" എന്ന് നാട്ടുകാര്‍ വിളിക്കുന്ന ബാബുവിന്റെ രൂപം.ഞങ്ങൾ കുട്ടികളെ തെല്ലൊന്നുമല്ല ആ രൂപം ഭയപ്പെടുത്തിയിരുന്നത്.നല്ല ഉയരവും അതിനൊത്ത തടിയുമുള്ള ബാബുവായിരുന്നു ഞങ്ങളുടെ കുസൃതികൾക്ക് വിലങ്ങു വയ്ക്കാൻ അമ്മമാരുടെ ആയുധം....
'ബാബു വന്നു പിടിച്ചോണ്ട് പോകട്ടെ...' എന്ന് പറഞ്ഞാൽ പിന്നെ ആ കുട്ടി നിശ്ശബ്ദനാണ്. അസാധാരണമായ ഉയരമുള്ളതിനാൽ കണങ്കാലിന് മുകളിൽ കയറി നിൽക്കുന്ന മുഷിഞ്ഞൊരു മുണ്ടും,ഒരു കാവി നിറമുള്ള ഷർട്ടും അതാണ് ബാബുവിന്റെ വേഷം.നാട്ടുവഴികളും കടത്തിണ്ണകളിലും ഉൾപ്പെടെ നാടിന്റെ എല്ലാ ഭാഗത്തും ബാബു നിറസാന്നിധ്യമായിരുന്നു....
മിക്കവാറും മമ്മുക്കാക്കായുടെ പീടികത്തിണ്ണയിലോ, കൊച്ചുകുഞ്ഞച്ചായന്റെ തയ്യൽ കടയുടെ മുന്നിലോ ആയിരിക്കും ഇരിക്കുക ,ഒന്നും നഷ്ടപ്പെടാനും ഒന്നും നേടാനില്ലാത്തവനുമുള്ള ഒരു നിസ്സഹായ മുഖഭാവത്തോടു കൂടി ദൂരേയ്ക്ക് നോക്കിയിരിപ്പാവും കക്ഷി, അത്യാവശ്യം നന്നായി ആഹാരം കഴിക്കുന്ന ബാബുവിനെ നാട്ടിലെ ഏതൊരു കല്യാണവീട്ടിലും പിന്നാമ്പുറത്ത് കാണാൻ കഴിയും. കേറി ചെല്ലുന്ന വീട്ടുകാർക്കോ വയ്പുകാർക്കോ ഒന്നും അതിൽ പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല കാരണം ബാബു നമ്മുടെ നാടിന്റെ ദത്തുപുത്രനായിരുന്നു.ചെറുപ്പക്കാരനായിരിക്കെ തന്നെ ഞങ്ങളുടെ നാട്ടിലേക്ക് വന്നയാൾ,പക്ഷേ ബാബുവിന്റെ മുൻകാല ജീവിതം അറിഞ്ഞാൽ ശരിക്കും ഞെട്ടിപ്പോകും.
എനിക്കേകദേശം പതിനാലു വയസ്സുള്ളപ്പോഴാണ് ഞാൻ ബാബുവിനെക്കുറിച്ചു കൂടുതൽ അറിയുന്നത്, ബാബുവിന്റെ നാട്ടുകാരനായ അധ്യാപകനിൽ നിന്നും ബാബുവിന്റെ കഥ കേട്ടപ്പോൾ ആ വലിയ മനുഷ്യനോട് തോന്നിയത് സ്നേഹമോ,സഹതാപമോ, ബഹുമാനമോ എന്താണെന്ന് എനിക്കറിയില്ല...
സ്കൂളിലെ വികൃതിപ്പിള്ളേർ റോഡിലൂടെ ബാബുവിനെ നോക്കി' "ഭ്രാന്താ "എന്നു കളിയാക്കി വിളിച്ചു കൂകിയതും നിശബ്ദനായി അതൊക്കെക്കേട്ടിട്ടും മിണ്ടാതെ നടന്നു നീങ്ങിയ ബാബുവിനെ പറ്റി അന്ന് ക്ലാസ്സിൽ വന്ന മലയാളം അദ്യാപകനായ ദേവൻ മാഷാണ് പറഞ്ഞത്...
ഞങ്ങളുടെ നാട്ടിൽ നിന്നും പതിനാലു കിലോമീറ്റർ അപ്പുറത്താണ് ദേവൻ മാഷിന്റെ നാട്. അദ്ധേഹത്തിന്റെ മൂത്ത ജേഷ്ഠന്റെ സഹപാഠിയായിടുന്നു ബാബു. ആ നാട്ടിലെ തന്നെ ഏറ്റവും പ്രമാണിയായ അച്ഛന്റെ മകൻ. ബാബുവായിരുന്നു മൂത്ത മകൻ ഇളയത് മൂന്നു പെൺകുട്ടികളും രണ്ടു ആൺകുട്ടികളും.പഠിക്കാനും മറ്റും മിടുക്കനായിരുന്ന ബാബു എല്ലാവരോടും നന്നായി പെരുമാറുന്ന വ്യക്തി കൂടിയായിരുന്നത്രെ , ദേവൻ മാഷിന്റെ സഹോദരന്റെ ഉറ്റസുഹൃത്തായ ബാബു പ്രമാണിയായ അച്ഛന്റെ കണ്ണു വെട്ടിച്ചു ഒരുപാട് സഹായിച്ചിട്ടുണ്ട് മാഷിനെയും കുടുംബത്തെയും.പഠനം കഴിഞ്ഞയുടൻ ബാബു സിംഗപ്പൂരിലേക്ക് പോയി.കുറെ വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലേക്ക് തിരികെയെത്തി സ്വന്തമായി പുരയിടങ്ങളും വീടുമൊക്കെ വാങ്ങി കല്യാണാലോചന തുടങ്ങിയപ്പോൾ ബാബുവിന്റെ അസാധാരണ വലിപ്പം കൊണ്ട് ഏറെ നാൾ വിവാഹമൊന്നും നടന്നില്ല. അത് ബാബുവിനെ വല്ലാതെ തളർത്തിയിരുന്നു...
അങ്ങനെ എല്ലാം ഒത്തു ഒരു വിവാഹം ഉറപ്പിച്ച സമയത്തായിരുന്നു ഒരു ചെറിയ വാഹനാപകടത്തിൽ തലയ്ക്കു സാരമായി പരിക്കു പറ്റിയ ബാബുവിന് തന്റെ സ്ഥിരബുദ്ധി നഷ്ടമായി.നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി.തലയ്ക്കു സ്ഥിരത ഇല്ലാത്തവനെ കൊണ്ട് തന്‍റെ മകളെ കെട്ടിക്കാന്‍ വയ്യാന്നു പെണ്ണിന്റെ അച്ഛന്‍ പറഞ്ഞു.ഒരു പക്ഷേ നല്ല ചികിത്സ സമയത്തു കിട്ടിയിരുന്നെങ്കിൽ അയാൾ ജീവിതത്തിലേക്ക് തിരികെ വന്നേനെ.തലയ്ക്ക് സുഖമില്ലാതായതോടെ സഹോദരങ്ങളും, അവരുടെ ഭർത്താക്കന്മാരും കൂടി പട്ടിയെപ്പോലെ ബാബുവിനെ വീട്ടിൽ നിന്നും ആട്ടിയിറക്കി.അയാളുടെ സ്വത്തുക്കൾ കൈവശപ്പെടുത്തി.അങ്ങനെയാണ് അദ്ദേഹം ഇപ്പോൾ ഈഅവസ്ഥയിൽ എത്തിപ്പെട്ടത്..മാഷ് തുടർന്നു...
"നിങ്ങൾക്കറിയാമോ...??
നിങ്ങൾ കൂകി വിളിച്ചു പായിച്ച ആ മനുഷ്യൻ ആരും കാണാതെ കൊണ്ട് തന്നിരുന്ന അരി കൊണ്ടായിരുന്നു നിങ്ങളുടെ മാഷ് പട്ടിണി മാറ്റിയിരുന്നത്..."
അത് പറയുമ്പോള്‍ ദേവൻ മാഷിന്റെ കണ്ണ് നിറഞ്ഞിരുന്നു,
"സ്വന്തമായി ഇരുപത് ഏക്കർ പുരയിടവും വലിയൊരു വീടുമുണ്ടായിരുന്ന ആളാണിപ്പോൾ ഒന്നുമില്ലാത്തവനായി വിശപ്പകറ്റാന്‍ നിങ്ങളുടെ വീട്ടിൽ വന്നു കൈ നീട്ടുന്നത്.. .."
അന്ന് സ്കൂൾ വിട്ടു വരുമ്പോഴും ബാബുവിനെ കണ്ടിരുന്നു, ഒരിക്കലും കടം പറയാതെ ചായ കുടിക്കുന്ന ഒരേയൊരാൾ ബാബുവാണെന്നു ഒരിക്കൽ പീടികയിൽ പോയപ്പോൾ മമ്മുക്കാക്ക ആരോടോ പറയുന്നത് കേട്ടിരുന്നു,അതിനു കാരണവുമുണ്ട് വലിയ വീടുകളിൽ മാത്രമേ ബാബു പോകാറുണ്ടായിരുന്നുള്ളൂ .അവിടെ ചെന്നിട്ട്
"എനിക്കൊരു അഞ്ചു രൂപാ വേണം ചായ കുടിക്കാനാ... "
എന്ന് പറയും , ബാബുവിനെക്കൊണ്ട് യാതൊരു ഉപദ്രവവും ആർക്കും ഇല്ലാതതു കൊണ്ട് അവർ പൈസ കൊടുക്കും,ബാബുവിന് ഇഷ്ടം തോന്നുന്ന വീടുകളിൽ നിന്ന് മാത്രമേ അയാൾ ആഹാരവും കഴിക്കാറുണ്ടായിരുന്നുള്ളൂ ....
ബാബു ഒരിക്കലും ആരോടും സംസാരിക്കുന്നതോ ദേഷ്യപ്പെടുന്നതോ ഒന്നും ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. ദേവൻ മാഷ് പറഞ്ഞ കഥ ഞാൻ വീട്ടിൽ പറഞ്ഞിരുന്നു. പക്ഷെ അവർക്കൊക്കെ ആ കഥകൾ മുൻപേ അറിയാമായിരുന്നു അതാണ് ബാബുവിന് വിവാഹ വീടുകളിൽ പോലും പ്രാധാന്യം നൽകിയിരുന്നത്..
പിന്നീട് ഞങ്ങൾ കുട്ടികൾ അദ്ദേഹത്തെ കൂകി വിളിക്കുകയോ ഒന്നും ചെയ്തിരുന്നില്ല.വല്ലാത്തൊരു ബഹുമാനം മനസ്സിൽ നിറഞ്ഞു നിന്നിരുന്നു.
ഒരു മഴക്കാലത്തു മമ്മൂക്കാക്കായുടെ പീടികയ്ക്കു മുന്നിൽ കണ്ട ജനക്കൂട്ടത്തിനിടയിലൂടെ ഊളിയിട്ടു മുന്നോട്ടു ചെന്നപ്പോൾ നീണ്ടു നിവർന്നു കിടക്കുന്ന നിശ്ചലനായ ബാബുവിനെ കണ്ടു...!
മനസ്സ് വല്ലാതെ വേദനിച്ചിരുന്നു ആ കാഴ്ച കണ്ടപ്പോൾ. തിരിച്ചു നടക്കുമ്പോൾ ആരോ പറയുന്നത് കേട്ടു..
"വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവനാ.. മരണം കടത്തിണ്ണയിൽ... ഇത്രയേ ഉള്ളൂ മനുഷ്യൻ..."

ഇപ്പോളും ചില മഴക്കാലങ്ങളിൽ എന്റെ ഓര്‍മ്മകളിലേക്ക് മഴത്തുള്ളി പോലെ ബാബുവെന്ന ആജാനുബാഹുവായ മനുഷ്യൻ ഒരു നീറ്റലായി കടന്നു വരാറുണ്ട്......

2018, മാർച്ച് 22, വ്യാഴാഴ്‌ച

ബലിമൃഗം

പുഞ്ചിരിയുടെ കത്തിമുന കൊണ്ട് എന്റെ നെഞ്ച് കീറിയ സൌഹൃദമായിരുന്നു എനിക്കവന്‍ ....,
ആത്മാവിനെ പുറത്തെടുത്ത ശേഷം അവന്‍ എന്റെ ഇറച്ചിയില്‍ കുത്തി നോവിച്ചു കൊണ്ടേയിരുന്നു ....,
പല്ലുകളും നാവുമിറക്കി കടിച്ചും നക്കിയും എന്റെ പച്ച മാംസത്തെ രുചിച്ചു കൊണ്ടിരുന്നു അവന്‍ ....,
എന്റെ ഹൃദയത്തിലെ സ്നേഹത്തെക്കാള്‍ അവനിഷ്ടം എന്റെ ചുടു ചോരയായിരുന്നു ......,
എങ്കിലും എന്റെ ഹൃദയത്തിനവന്‍ സുഹൃത്താണ്....,
അവനു ഞാനോ ..??
വെറും 'ബലിമൃഗം '.....
നേട്ടങ്ങള്‍ക്ക്‌ വേണ്ടി എന്നെ 'ബലി' കൊടുത്തവന്‍...!
ഭൂമിയോളം വിശ്വസിച്ച എന്നെ ചതിച്ച എന്റെ സുഹൃത്തിനു വേണ്ടി പണ്ടൊരിക്കല്‍ എഴുതിയത്.....

ചതിയില്‍ പെടാത്ത ഹൃദയങ്ങള്‍ ഇന്ന് വിരളമാണ് ...

2018, മാർച്ച് 21, ബുധനാഴ്‌ച

കുട്ടിമാളു

മൊട്ടക്കുന്നിലേക്കു ധൃതിയിൽ കയറി വരുന്ന ദാസനെ നോക്കി വാസു ഉറക്കെ ചോദിച്ചു...
"കിട്ടിയോടാ സാധനം..?
എത്ര നേരമായി ഞാനിവിടെ ഇരിക്കുവാണെന്നറിയോ, നീ എന്താ താമസിച്ചത്....???"
വാസുവിന്റെ ചോദ്യം പച്ച നിറത്തിൽ മൊട്ടയടിച്ചതു പോലെ തോന്നിക്കുന്ന മൊട്ടക്കുന്നിൽ പ്രതിഫലിച്ചു കേട്ടു.വേഗം കുന്നു കയറി വന്ന ദാസൻ കയ്യിലിരുന്ന അന്തികള്ളു വാസുവിന്റെ നേരെ നീട്ടി കൊണ്ട് കിതച്ചു കൊണ്ട് പറഞ്ഞു..
"വാസുവേട്ടാ ഷാപ്പ് തുറപ്പിച്ചു വാങ്ങിച്ചതാ..
ആഹാ ഇന്ന് മുയലിറച്ചി ആണോ...?
എവിടുന്ന് ഒപ്പിച്ചു ഇവനെ.... ???"
"മൊട്ടക്കുന്നിന്റെ താഴെ പൊത്തില്‍ ഇവനെ ഞാൻ നോട്ടമിട്ടിട്ടു കുറച്ചു നാളായി.എന്തായാലും ഇന്നിവനെന്റെ തോക്കിന്റെ ഉന്നമറിഞ്ഞു.."
കയ്യിലിരുന്ന ഇരട്ടക്കുഴൽ തോക്കെടുത്തു ദൂരേക്ക് ചൂണ്ടിക്കൊണ്ട് വാസു പറഞ്ഞു.നന്നായി കുരുമുളകു ചേർത്തു വച്ച വെടിയിറച്ചി കള്ളും കൂട്ടി കുടിക്കുന്നതിനിടയിൽ ദാസൻ ചോദിച്ചു
"ലക്ഷ്മിയേടത്തി ഇപ്പൊ എങ്ങനുണ്ട്..?? "
കുപ്പിയിലിരുന്ന കള്ളു അപ്പാടെ വായിലേക്ക് കമഴ്ത്തി കൊണ്ട് വാസു പറഞ്ഞു..
" അവള്‍ പഴേ പടി തന്നാ...ഉറങ്ങുന്ന നേരമൊഴിച്ചു ബാക്കി സമയമെല്ലാം "കുട്ടിമാളു" എന്ന പേരും പറഞ്ഞു ഒരേ ഇരുപ്പ്..."
അതും പറഞ്ഞു അടുത്തിരുന്ന മറ്റൊരു കുപ്പി കൂടി വായിലേക്ക് കമിഴ്ത്താൻ ഒരുങ്ങിയ വാസുവിനെ ദാസൻ തടഞ്ഞിട്ടു പറഞ്ഞു..
" വേണ്ട വാസുവേട്ടാ കുന്നിറങ്ങി പോകാനുള്ളതല്ലേ? "
വാസു ദാസനെ ഒന്ന് നോക്കിയിട്ട് പതിയെ മൊട്ടക്കുന്നിന്റെ മാറിലേക്ക് ചാഞ്ഞു... മൊട്ടക്കുന്നിന്റെ ഉച്ചിയിൽ മലർന്നു കിടക്കുമ്പോൾ ആകാശം അടുത്താണെന്നു തോന്നും,ഗ്രാമത്തിന്റെ അതിരായി നിൽക്കുന്ന മൊട്ടക്കുന്നിൽ പുല്ലു മാത്രമാണുള്ളത്.താഴ്‌വാരത്ത് കുറച്ചു കുറ്റിച്ചെടികളും .കുട്ടിക്കാലം മുതൽക്കെ അയൽക്കാരായ ദാസനും വാസുവും മൊട്ടക്കുന്നിന്റെ സന്തതസഹചാരികളാണ്.വലുതായപ്പോഴും അവർക്ക് വല്ലപ്പോഴും കൂടാനുള്ള താവളമായി മൊട്ടക്കുന്നു മാറി,മഴക്കാലത്ത് ഉറവ പൊട്ടിയൊഴുകുന്ന കുന്നിൽ വേനലായാൽ പുല്ലുണങ്ങി ചരൽ തെളിഞ്ഞു തരിശുനിലം പോലെയാവും. പക്ഷെ എത്ര വേനലിലും മൊട്ടക്കുന്നിന് മുകളിലെ ഉറവ വറ്റില്ല.ഐസു പോലെ തണുത്ത വെള്ളവും കുളിരുള്ള കാറ്റും അവിടെത്തെ മാത്രം പ്രത്യേകതയാണ് .ആകാശത്തേയ്ക്ക് നോക്കി വാസു പറഞ്ഞു
" നോക്കെടാ ദാസാ.. അതിലൊരു നക്ഷത്രത്തിന്റെ കവിള്‍ ചുവന്നിരിക്കുന്നത്.അതെന്റെ കുട്ടിമാളുവാണ്,അവൾ പരിഭവിച്ചു നിൽക്കുകയാവും.കുടിച്ചോണ്ടു ചെല്ലുന്ന ദിവസങ്ങളൊക്കെ തറവാടിന്റെ ഉമ്മറത്തു ഇതു പോലെ അവളിരിക്കും... "
വാസുവിന്റെ കണ്‍കോണില്‍ കൂടി വെള്ളത്തുള്ളികൾ കിനിഞ്ഞിറങ്ങുന്നത് മെഴുകുതിരി വെട്ടത്തിൽ ദാസൻ കണ്ടു ..
"ഡാ.. ,ദാസാ നീ ഓർക്കുന്നില്ലേ കുട്ടിമാളുവിന്റെ കാതുകുത്തിനു ചുവന്ന കല്ലുള്ള ജിമിക്കി കമ്മൽ നീ ആണ് വാങ്ങി തന്നത്.അവളു പോകുന്നത് വരെയും അതായിരുന്നു ആ കാതിൽ തിളങ്ങി നിന്നതും. അവൾക്കേറെ ഇഷ്ടമായിരുന്നു അത് ,അവളുടെ ഓരോ വളർച്ചയും നമ്മള് രണ്ടാളും ഒരേ പോലെ അല്ലെ ആസ്വദിച്ചത്.അവൾക്ക് എന്നെക്കാൾ ഇഷ്ടം നിന്നെയായിരുന്നു അതാണ് നിന്നെയവൾ 'ചേട്ടച്ഛൻ' എന്ന് വിളിച്ചിരുന്നത്.."
"അറിയാം വാസുവേട്ടാ..എനിക്ക് പിറക്കാതെ പോയ എന്റെ പൊന്നുമോളാല്ലായിരുന്നോ എന്റെ കുട്ടിമാളു'
വാസൂനെ നോക്കി തൊണ്ടയിടറി ദാസൻ പറഞ്ഞു. പിന്നെ കയ്യിലിരുന്ന കുപ്പി വായിലേക്കൊഴിച്ചു.....
"എത്രത്തോളം താമസിച്ചു വീട്ടിൽ ചെല്ലാമോ അത്രത്തോളം താമസിച്ചേ ഞാൻ ഇപ്പൊ ചെല്ലാറുള്ളൂ. എന്നെയും കാത്ത് പൂമുഖത്തിരിക്കാൻ എന്റെ നിലവിളക്കില്ലല്ലോ ഇപ്പൊള്‍..?
അവളെന്റെ ഐശ്വര്യമായിരുന്നു. എന്റെ എട്ടു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് എന്റെ മംഗലത്തമ്മയുടെ അനുഗ്രഹത്തിൽ എനിക്ക് കിട്ടിയ നിധി, പക്ഷെ നേർച്ചക്കുട്ടിക്ക് അധികം ആയുസ്സില്ലാന്നു പറയുന്നത് കേട്ടിട്ടില്ലേ ,അത് സത്യമാണ് എനിക്കിപ്പോ അറിയാം.. അല്ലെങ്കിൽ പരൽമീനിനെപ്പോലെ വെള്ളത്തിൽ നീന്തിത്തുടിച്ച എന്റെ കുട്ടിമാളു ആ കുളത്തിൽ ജീവനില്ലാതെ പൊന്തി കിടക്കുമോ....???"
ദാസൻ എല്ലാത്തിനും മറുപടി" ഉം" എന്ന മൂളലിൽ ഒതുക്കി .വേറൊന്നും പറയാൻ അവന്റെ നാവു പൊന്തിയില്ല..വാസു തുടർന്നു
"എന്റെ കുട്ടിമാളുവിനെ കണ്ടു കൊതി തീർന്നിട്ടില്ലായിരുന്നു, നമ്മുടെ രണ്ടാളുടെയും കൈവിരലിൽ തൂങ്ങി അവളാദ്യമായി സ്കൂളിൽ പോയത് ഓർക്കുന്നില്ലേ..?
നിന്റെ തോളിലേറിയല്ലേ മംഗലത്തമ്മയുടെ നടയിൽ അവൾ ഉത്സവം കൂടാൻ കൂടുതലും പോയിട്ടുള്ളത്. പാടവരമ്പിലൂടെ തുമ്പിയെപ്പോലെ പട്ടുപാവാടയുമിട്ടു ഓടി വരുന്ന കുട്ടിമാളുവാണ് ഇപ്പോഴും കണ്ണു നിറച്ചും...
തൃസന്ധ്യക്ക് തുളസിത്തറയിൽ വിളക്ക് വച്ച് നാമം ചൊല്ലി കാത്തിരിക്കും എന്റെ വരവും കാത്ത്. പാടവരമ്പില് എന്റെ ടോർച്ചിന്റെ വെട്ടം കാണുമ്പോള്‍ ഓടി വരും.എന്തിനാന്നറിയോ അവൾക്കുള്ള ഉഴുന്നുവട പൊതിക്കായി, അതൊരൊന്നായി എന്റെ കുട്ടി ആസ്വദിച്ചു കഴിക്കുന്നത് കാണേണ്ട കാഴ്ചയാണ്..,ഒരുമിച്ചു ഊണു കഴിക്കുമ്പോ എന്റെ ഒരുരുള ചോറവൾക്ക് നിര്‍ബന്ധമാണ്‌.
പക്ഷെ ഇനി ഞാൻ ആ ചോറുരുള കടപ്പുറത്തെ ബലിക്കാക്കയ്ക്ക് കൊടുക്കണ്ടേ ...???"
വാസുവിന്റെ തൊണ്ടയിടറി ഒരു തേങ്ങൽ പുറത്തേയ്ക്കു വന്നു ....
"കണ്ണൊക്കെ എഴുതി ചിലപ്പോളവൾ വരുമ്പോഴുണ്ടല്ലോ മംഗലത്തമ്മ എന്റെ മകളായി ജനിച്ചു വന്നതാണെന്നു തോന്നും,അവളുടെ ചിത്രപുസ്തകത്തിൽ എനിക്കും ലക്ഷ്മിക്കുമൊപ്പം 'ചേട്ടച്ഛന്‍' എന്ന് ചേർത്തു നിന്റെ ചിത്രവും അവൾ വരച്ചിരുന്നു, ഇനി എന്റെ ഉമ്മറത്തു നാമം ചൊല്ലാനും എന്നെ കാത്തിരിക്കാനും ആരാടാ ദാസാ ഉള്ളത്....??
ഇനി ഞങ്ങൾ ആർക്കു വേണ്ടിയാ ജീവിക്കേണ്ടത്..?? ഞങ്ങൾക്ക് ബലിയിടേണ്ടവൾക്ക് ഞാൻ ബലിയിടേണ്ടി വരുന്നു. എന്റെ കുട്ടിമാളു ഒരു പാവമായിരുന്നു എന്റെ പൊന്നുമോള്‍.... "
വാസുവിന്റെ ഉള്ളിൽ ഇത്രനാളും അടക്കി വച്ചിരുന്ന വികാരങ്ങൾ ഓരോന്നായി പുറത്തു ചാടാൻ തുടങ്ങി.ദാസൻ പതിയെ വാസുവിന്റെ അടുത്തേക്ക് നീങ്ങി
"വാസുവേട്ടാ നമുക്ക് പോണ്ടേ.. നേരം ഒരുപാടായി "
"പോവാം...നില്ലെടാ നിനക്ക് പോവാം..."
വാസു പതിയെ എണീറ്റു അഴിഞ്ഞു വീഴാറായ ഉടുമുണ്ട് ഒന്നൂടെ മുറുക്കി കെട്ടി
" എന്റെ തോക്കിങ്ങെടുത്തെ..."
ദാസൻ തോക്കെടുത്തു വാസുവിന്റെ നേരെ നീട്ടി, വാസു കയ്യിൽ അതു വാങ്ങി ആകാശത്തേക്ക് നോക്കി കൊണ്ട് ദാസനോട് പറഞ്ഞു..
"ദാസാ..,കുട്ടി മാളു നമ്മളെത്തന്നെ
നോക്കുന്നുണ്ടല്ലേടാ... ??
അവളെന്താ പറയുന്നതെന്ന് അറിയോ... ???
ദാസൻ വാസുവിനെ അത്ഭുതത്തോടെ നോക്കി.. അയാൾക്കൊരു ഭ്രാന്തന്റെ മുഖമാണെന്നു ദാസനു തോന്നി,വാസു തുടർന്നു.
" അച്ഛാ കൊല്ലച്ഛാ... ,എന്നെ നശിപ്പിച്ച ശേഷം കുളത്തില്‍ മുക്കിക്കൊന്നത് ഇയാളാണച്ഛാ... എന്നാണ് ദാസാ..."
ദാസനെ നോക്കി വന്യമായി ചിരിച്ചു കൊണ്ട് വാസു ദാസനൊന്നനങ്ങാൻ പോലും കഴിയും മുന്നേ അയാളുടെ കാലിനെ ലക്ഷ്യമാക്കി തോക്കിന്റെ കാഞ്ചി വലിച്ചു, ദാസന്റെ അലർച്ച ആ മൊട്ടക്കുന്നിൽ പ്രതിധ്വനിച്ചു.അവൻ കുന്നിന്റെ മാറിലേക്ക് വീണു. വാസു പതിയെ അവനരുകിലെത്തി ദാസന്റെ നെഞ്ചിലേക്ക് തോക്കിന്റെ കുഴൽ ചൂണ്ടിക്കൊണ്ടു അലറി
" നായിന്റെമോനെ... എന്തിനാടാ എന്റെ പൊന്നുമോളോട് നീയാ ക്രൂരത കാട്ടിയത്..??
നിന്നെ എന്നെ പോലെ കണ്ടത് കൊണ്ടല്ലേ 'ചേട്ടച്ചാ' എന്നവള്‍ വിളിച്ചത്..??
നിന്റെ കാമം തീർക്കാൻ എന്റെ പിഞ്ചു കുഞ്ഞിനെ മാത്രമേ നിനക്ക് കിട്ടിയുള്ളോ... ???
ദൈവം കരുണയുള്ളവനാടാ ..നീ നിന്റെ കാമകേളി കഴിഞ്ഞെന്റെ കുട്ടിമാളുവിനെ കുളത്തില്‍ മുക്കിക്കൊല്ലുമ്പോള്‍ അവള്‍ പിടഞ്ഞ പിടച്ചിലിപ്പോള്‍ എന്റെ ചെവിയിൽ കേൾക്കാം...
മംഗലത്തമ്മയാ എനിക്ക് നിന്നെ കാട്ടിത്തന്നത്.അതാണ് നിന്റെ മുന്നിൽ ജീവനു വേണ്ടി എന്റെ മോള്‍ പിടഞ്ഞിട്ടും കൊന്നു തള്ളിയ ശേഷം നീ കുളം കയറി പോകുന്നത് അടുക്കളക്കാരി അമ്മു കണ്ടത്. അവളെന്നോട് പറഞ്ഞതാ, പക്ഷെ എനിക്ക് വേണമായിരുന്നു നിന്നെ.അതിനാണ് ഞാൻ കാത്തിരുന്നത്. ഒരു കോടതിക്കും വിട്ടു കൊടുക്കാതെ എനിക്ക് തീർക്കണം നിന്നെ ...
ചതിയനെ മരണം കൊണ്ടു മാത്രമേ ശിക്ഷിക്കാവൂ.."
തോക്കിന്റെ കുഴൽ ദാസന്റെ നെഞ്ചിനു താഴേക്കു ഇഴയാൻ തുടങ്ങി.ദാസന്‍ അലറിക്കരഞ്ഞു കൊണ്ട് യാചിച്ചു
"വാസുവേട്ടാ കൊല്ലല്ലേ... പൊറുക്കാൻ കഴിയാത്ത തെറ്റാണെന്നറിയാം... എന്നെ കൊല്ലല്ലേ... "
അവന്റെ യാചന വാസുവിനെ ഹരം കൊള്ളിച്ചു. അവന്റെ അടിനാഭിക്ക് താഴെ തോക്കിൻ കുഴൽ ചേർത്ത് കാഞ്ചി വലിക്കാൻ നേരം വാസു പറഞ്ഞു
" ഈ അവയവമാണു എന്റെ കുട്ടിമാളുവിനെ എനിക്ക് നഷ്ടമാക്കിയത്... "
അവന്റെ അലറിക്കരച്ചിൽ കുന്നിനെ പ്രകമ്പനം കൊള്ളിച്ചു, ചെറിയ ചലനം മാത്രം ഉണ്ടായിരുന്ന അവന്റെ ശരീരത്തെ വലിച്ചിഴച്ചു വാസു നീർച്ചോലയിലെത്തിച്ചു.അവന്റെ മുഖം ആ തണുത്ത വെള്ളത്തിലേക്കു മുക്കിപ്പിടിച്ചു ഒരു അപസ്മാര രോഗിയെപോലെ വിറച്ചു. ആകാശത്തേക്ക് നോക്കി കൊണ്ട്‌ വാസു പറഞ്ഞു
"കുട്ടിമാളു.... അച്ഛൻ കൊന്നു മോളെ അവനെ..
അച്ഛൻ കൊന്നു.... നീയില്ലാത്ത ലോകത്ത് നിന്നെ നശിപ്പിച്ചവൻ ജീവിക്കാൻ അച്ഛൻ സമ്മതിക്കില്ല മോളെ.... "
ദാസന്റെ ചലനം പൂർണമായും നിലച്ചെന്നു ഉറപ്പാക്കി വാസു അവിടെ നിന്നും എണീറ്റു കുന്നിറങ്ങി താഴേക്കു നടന്നു .വെടിയൊച്ചയും അലറിക്കരച്ചിലും കേട്ട് കുന്നിന്‍ ചരുവില്‍ താമസിക്കുന്നവർ കുന്നു കയറി ഓടി, തോക്കും കയ്യിൽ പിടിച്ചു ചോരയിൽ കുളിച്ചു കുന്നിറങ്ങി വന്ന വാസു അവരോടായി പറഞ്ഞു
" ഞാനാ പട്ടിയെ കൊന്നു...കൂടെപ്പിറപ്പിനെ പോലെ കൊണ്ട് നടന്നവനാ... എന്റെ മോളെ കൊന്ന പട്ടിയെ ഞാൻ കൊന്നു... "

കുന്നിറങ്ങിപ്പോകുന്ന വാസുവിനെ നോക്കി ആകാശത്ത് നിന്നും ഒരു നക്ഷത്രം പരിഭവം വെടിഞ്ഞു പുഞ്ചിരിച്ചു. അത് 'കുട്ടിമാളു' ആയിരുന്നു.....!

2018, മാർച്ച് 20, ചൊവ്വാഴ്ച

മാറു തുറക്കല്‍ സമരം

"നിന്റെ ഉയര്‍ന്നു പൊങ്ങിയ ചക്ക പോലുള്ള മാറിടങ്ങള്‍...,
നിന്റെ കുട്ട പോലെ കമിഴ്ത്തി വച്ചിരിക്കുന്ന നിതംബങ്ങള്‍ .....,"
ഇങ്ങനെയൊക്കെ ചിലര്‍ വിളിച്ചു കേട്ടപ്പോഴാണ് അവളിലെ സ്ത്രീത്വം ഉണര്‍ന്നത് .തന്‍റെ ശരീരത്തിനു നേരെ പ്രയോഗിച്ച ഉപമകള്‍ക്ക് എതിരെ രോഷാകുലയായി അവള്‍ തന്‍റെ അടിവസ്ത്രങ്ങള്‍ ഓരോന്നായി ഊരിയെറിഞ്ഞു പകരം നിതംബ സ്ഥാനത്തില്‍ ഒരു കുട്ടയും ,മാറിടങ്ങളില്‍ ഒരു ചക്കയെ രണ്ടായി വെട്ടി മുറിച്ചും വച്ച് ചിത്രങ്ങള്‍ എടുത്തു സദാചാര പുരുഷ കേസരികള്‍ക്ക് നേരെ യുദ്ധം പ്രഘ്യാപിച്ചു ...
സ്ത്രീപക്ഷവാദികള്‍ അവളെ ആകാശത്തിലേക്ക് ഉയര്‍ത്തി വാഴ്ത്തപ്പെട്ടവള്‍ ആക്കി.....,
പീഡനം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് മുന്‍പില്‍ അവള്‍ അപ്പോസ്തല ആയി....,
മാധ്യമങ്ങള്‍ അവളെ അന്നത്തെ കമ്പോള ചരക്കായി മാറ്റി വീടുകളുടെ ഉമ്മറങ്ങളില്‍ എത്തിച്ചു ...,
പുരുഷകേസരികള്‍ അവളെ അഭിനന്ദന പ്രവാഹങ്ങള്‍
കൊണ്ട് മൂടി ...,
ആത്മനിര്‍വൃതിയില്‍ അവള്‍ സുഖമായുറങ്ങി .....!
"നിന്റെ വാഴപ്പഴം പോലെയുള്ള ലിംഗം ...,
നിന്റെ ആറിഞ്ചു ഇറച്ചി കഷണം ...,
നിന്റെ സദാചാര ചുക്കാമണി....,"
ഇങ്ങനെയൊക്കെ ചിലര്‍ പറഞ്ഞു കേട്ടപ്പോഴാണ് അവനിലെ പുരുഷത്വം ഉണര്‍ന്നത്.തന്‍റെ ശരീര ഭാഗങ്ങളെ ഇത്തരം അധപതിച്ച ഉപമകള്‍ കൊണ്ട് ഉപമിച്ചതിനെതിരെ അവനും പ്രതികരിച്ചു.
തന്‍റെ അടിവസ്ത്രം അഴിച്ചു കണ്ട് ഒരു വാഴപ്പഴം കയ്യില്‍ പിടിച്ചു അവന്‍ സമൂഹത്തിനു നേരെ പല്ലിളിച്ചു കാട്ടി പ്രതിഷേധിച്ചു .....
ആരോ വിളിച്ചു .."കാമാഭ്രാന്തന്‍"...,
നാട്ടുകാര്‍ അവനെ പഞ്ഞിക്കിട്ടു ....,
പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു ...,
സ്ത്രീകള്‍ അവനു നേരെ കാറിത്തുപ്പി ...,
കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാത്തവന്‍ എന്ന് മുദ്ര കുത്തി ...,
"അവള്‍ നഗ്നത കാണിച്ചപ്പോള്‍ നിങ്ങള്‍ സമരമാണ് ,വിപ്ലവമാണ് എന്നൊക്കെ പറഞ്ഞു പുകഴ്ത്തി.
ഞാന്‍ കാണിച്ചപ്പോള്‍ എന്നെ നിങ്ങള്‍ കാമഭ്രാന്തനുമാക്കി...
ഇതാണോ സ്ത്രീപുരുഷ സമത്വം ...??"
ഇങ്ങനെ എന്തൊക്കെയോ ചോദ്യങ്ങള്‍ പുലമ്പി കൊണ്ടവന്‍ നാടു വിട്ടു .....
രണ്ടു ദിവസം മുന്‍പ്'മാറു തുറക്കല്‍' സമരം എന്ന ഒരു വാക്ക് എന്റെ ഒരു കഥയില്‍ കൊണ്ട് വന്നിരുന്നു .അത് ഇന്ന് യാഥാര്‍ത്ഥ്യം ആയി കണ്ടപ്പോള്‍ എന്റെ വീക്ഷണം തെറ്റിയില്ല എന്ന് തോന്നി.
എന്തെങ്കിലും കേട്ടാല്‍ ഉടന്‍ കുഞ്ഞി പിള്ളേരെ പോലെ അടിവസ്ത്രം ഊരി കാണിക്കുന്ന നവ സമര രീതിയെ പോലൊരു തമാശ വേറെയില്ലെന്ന് തോന്നുന്നു.
'നങ്ങേലി' ചിലപ്പോള്‍ കത്തിയ ചിതയില്‍ നിന്നും അറ്റു പോയ മുലയുടെ ബാക്കിപത്രവുമായി വന്നു ഇവറ്റകളുടെയൊക്കെ തല അടിച്ചു പൊളിക്കും ..
'മുസ്ലീങ്ങളൊക്കെ എന്റെ സൌഹൃദ വലയത്തില്‍ നിന്നും ഒഴിഞ്ഞു പോകണം..' എന്ന് മുറവിളി കൂട്ടുന്ന ഒരു വര്‍ഗ്ഗീയത തലയ്ക്കു പിടിച്ച സ്ത്രീയെയും ഇന്നു കണ്ടു.
മതം തലയ്ക്കു പിടിക്കുന്നവര്‍ ഇങ്ങനെ ആണ്. അതിപ്പോ ഹിന്ദു ആയാലും മുസ്ലീം ആയാലും കൃസ്ത്യന്‍ ആയാലും ...
മനുഷ്യര്‍ അവര്‍ക്ക് അപ്രസക്തര്‍ ആണ്...!
മാറു തുറന്നു കാട്ടി വിപ്ലവം നടത്തുന്നവരെയും,
വര്‍ഗീയത പുലമ്പുന്ന വര്‍ഗ്ഗീയ ചേച്ചിയോടുമൊക്കെ ഒന്നു പറഞ്ഞിട്ട് കാര്യമില്ല .
ഒരു കൂട്ടല്‍ പ്രശസ്തി നേടുവാന്‍ മാറു തുറക്കുന്നു ...,

മറ്റൊരു കൂട്ടര്‍ പ്രശസ്തി നേടാന്‍ മതം പറയുന്നു ...,

ബൂര്‍ഷാ സഖാവിനു ഒരു മറുപടി

ഇന്നലെ ഞാനിട്ട പോസ്റ്റില്‍ Anas Athamഅനസ് എന്ന എന്റെ ഫേസ്‌ബുക്ക്‌ മുതലാളി ചില ചോദ്യങ്ങളും അഭിപ്രായങ്ങളും പങ്കു വച്ചിരുന്നു ...
"ഒരു ഉയർന്ന ജീവിത നിലവാരത്തിലുള്ള എനിക്ക്
ഒരിക്കൽ പോലും ലോക്കൽ ഫാമിലിയെ കുടുംബ ജീവിതത്തിൽ കൂട്ടാനാവില്ല..നീ വലിയ ആദർശവാദിയാണെങ്കിൽ അട്ടപ്പാടിയിലെ ഏതെങ്കിലും പെൺകുട്ടിക്ക് ജീവിതം കൊടുക്കൂ...
ഞങ്ങളുടെ ജീവിതത്തിൽ വെറും സ്നേഹം ഉള്ളവർ പോര കയ്യിൽ കാശും കൂടി വേണം.എൻറ്റെ പെങ്ങന്മാരെ കണ്ട ചെരുപ്പ് കുത്തിക്ക് കല്യാണം കഴിച്ചു കൊടുത്തു സോഷ്യലിസ്റ്റ് ആകാൻ എനിക്ക് താത്പര്യം ഇല്ല.നല്ല സാമ്പത്തിക ചുറ്റുപാടുകളിൽ ജീവിച്ചു വളർന്നവർക്ക് ചെറ്റ കുടിലിൽ ജീവിക്കാൻ പ്രയാസം തന്നെയാണ്. നിങ്ങളൊക്കെ വലിയ ആദർശവാദികളാണെങ്കിൽ സമ്പത്തും ജാതിയും നോക്കാതെ കെട്ടിക്കോളു.ഞങ്ങൾ നിങ്ങൾ ലോക്കൽസിൻറ്റെ ജീവിതത്തിൽ ഇടപെടാനില്ല...
നിങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങൾ ചോദ്യം ചെയ്യുന്നുമില്ല.സമ്പന്നർക്ക് സമ്പന്നരുമായി മാത്രം വൈവാഹികബന്ധം ആഗ്രഹിക്കുന്നതിന് നിങ്ങൾക്കെന്താണ് ചൊറിച്ചിൽ...? ?
ഞങ്ങളോടുള്ള അസൂയയാണോ...?
ഏതായാലും കൂലികളുമായി കുടുംബ ബന്ധം ഉണ്ടാക്കേണ്ട ആവശ്യം തത്കാലം ഞങ്ങൾകാകില്ല..
നിങ്ങളുടെ വീട്ടിൽ ഉള്ള പെൺകുട്ടിക്ക് ഒരു വിവാഹാലോചന വരുമ്പോൾ
നിങ്ങൾ അവരുടെ ജോലിയും സാമ്പത്തിക സ്ഥിതിയും പാടേ ഉപേക്ഷിച്ച് സ്നേഹം മാത്രം നോക്കി കെട്ടിക്കുമോ...??
ഒരു എഞ്ചിനീയറിന് പിന്നെ കൂതറ കൂലിയെ കെട്ടണമെന്ന് നിർബന്ധം വേണ്ട.നല്ല സാമ്പത്തിക ചുറ്റുപാടുകളിൽ പാരമ്പര്യമായി ജീവിച്ചു വരുന്നവരിലേക്ക് ദരിദ്രരെ കൂടി ഉൾപ്പെടുത്താൻ മാത്രം ദയ തോന്നുന്നവർ പുതിയ ചരിത്രം രചിക്കപ്പെടട്ടെ..ഏതായാലും ഞങ്ങളുടെ കുടുംബത്തിൽ നല്ല പാരമ്പര്യ സ്വത്തുള്ള പേര് കേട്ട തറവാട്ടുകാർ മതി എന്നാണ് താത്കാലിക തീരുമാനം.
സത്യം പറഞ്ഞാൽ മറ്റുള്ളവർ ജന്മികളുടെ സത്യമുള്ള മുതലിന് മുകളിൽ കയ്യേറി നേടിയതാണ് ഇതൊക്കെ... "
ഇവിടെ ഇങ്ങനെ മുതലാളിക്ക് വേണ്ടി ഒരു മറുപടി പോസ്റ്റ്‌ എഴുതുവാന്‍ ഒരു കാരണമുണ്ട് .പാവപ്പെട്ടവരെ നികൃഷ്ടരായി കണ്ടു അയിത്തം കല്‍പ്പിക്കുന്ന ചിന്താഗതിയുള്ളവര്‍ നിറയെ നമുക്കു ചുറ്റും ജീവിക്കുന്നുണ്ട് .അതു കൊണ്ട് ഇത്തരം ചിന്താഗതികളില്‍ അത്ഭുതം ഒന്നുമില്ല .പക്ഷെ മുകളില്‍ പ്രതിപാതിച്ച അനസ് മുതലാളി നല്ലൊരു കമ്മ്യൂണിസ്റ്റ്കാരനും കൂടിയാണ്.
" മുതലാളിത്വം തുലയട്ടെ .."
എന്ന് സ്വന്തം വാളില്‍ പോസ്റ്റ്‌ എഴുതുന്ന അനസ്സിനു തന്‍റെ പ്രസ്ഥാനത്തോടും ആദര്‍ശത്തോടും എന്ത് ധാര്‍മികത ആണ് ഉള്ളതെന്ന് എനിക്കറിയില്ല ..??
ഇത്തരം അയിത്ത നിലപാടുകള്‍ വിഷപ്പല്ല് പോലെ മനസ്സില്‍ സൂക്ഷിക്കുന്ന ടിയാന്‍ പാവപ്പെട്ടവന്റെ വിശ്വാസമായ ചെങ്കൊടി കയ്യില്‍ ഏന്തുന്നത് അപമാനം തന്നെയാണ് ....
തൊ­ഴി­ലാ­ളിവർഗ്ഗ­ വി­മോ­ച­ന­ത്തി­നു­ള്ള ഉപാ­ധി­ക­ളു­ടെ സി­ദ്ധാ­ന്ത­മാ­യ കമ്മ്യുണിസ്റ്റ് കൊടി, കൂലി തൊഴിലാളികളെ നികൃഷ്ട ജീവികളായി കണ്ടു അയിത്തം കല്‍പ്പിക്കുന്ന നിന്നെ പോലൊരു ബൂര്‍ഷ ചുമക്കുന്നത് തന്നെ ആ പ്രസ്ഥാനത്തിന് നാണക്കേട്‌ തന്നെയാണ്.
ഒരു എഞ്ചിനീയറിംഗ് ബിരുദം എടുത്തു കഴിഞ്ഞാല്‍ വഴിയില്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരും പട്ടികള്‍ ആണെന്ന് കരുതുന്ന നികൃഷ്ട മനസ്സൊന്നും എനിക്കില്ല മുതലാളി. അതിനു ഞാനൊക്കെ നട്ടെല്ല് അയിത്തത്തിനും വിവേചനത്തിനും പണയം വച്ച് നാലാം ലിംഗം ആയി ജനിക്കണം ..
പിന്നെ മുതലാളി പറഞ്ഞ ഉയര്‍ന്ന നിലവാരം
മുതലാളിയുടെ ചിന്താഗതി കാണുമ്പോള്‍ തന്നെ
ആളുകള്‍ക്ക് ഉയര്‍ന്ന നിലവാരം എന്താണെന്ന് ബോധ്യമാകും .പണ്ട് മധുവിനെ തല്ലി കൊന്നു സെല്‍ഫി എടുത്ത ഉയര്‍ന്ന നിലവാരമുള്ള സവര്‍ണ്ണ ഗുണ്ടകളുടെ അതെ ചിന്താഗതി ....
പിന്നെ എന്റെ ആദര്‍ശം ..അതിപ്പോ എനിക്ക് അട്ടപ്പാടിയിലെ പെണ്ണിനോട് പ്രണയം തോന്നിയാല്‍ അവള്‍ തന്നെ ആയിരിക്കും എന്റെ ജീവിതസഖി.
അതെന്താ മുതാലാളി അട്ടപ്പാടിയിലെ പെണ്ണുങ്ങള്‍ എല്ലാം മുതലാളിയുടെ ചെരുപ്പ് നക്കികള്‍ ആണോ..??
അതോ ആരും കെട്ടാത്ത കേട്ടാ ചരക്കോ..?
അതോ അവരൊന്നും മനുഷ്യര്‍ അല്ലെ ...?
അതോ കറുപ്പാണോ മുതലാളിയുടെ പ്രശ്നം ...??
മുതാലാളിയുടെ ആ വെള്ള മുഖത്ത് ഇച്ചിരി ആസിഡ് വീണാല്‍ തീരുന്ന സൌന്ദര്യമേ നിനക്കുള്ളൂ ..!!!
പിന്നെ മുതലാളി പറഞ്ഞ സമ്പത്തൊക്കെ ഒരു ഭൂമി കുലുക്കത്തിലോ,വെള്ളപ്പൊക്കത്തിലോ ,പേമാരിയിലോ ,ഒരു മാറാരോഗമായോ ഒക്കെ വന്നു ഒലിച്ചു പോകാന്‍ വെറും നിമിഷങ്ങള്‍ മാത്രം മതി.അന്നും സ്നേഹം ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ നിന്നെ താങ്ങി നിര്‍ത്തും മറിച്ചു സമ്പത്ത് കണ്ടു കൂടെ കൂടിയവര്‍ നിന്നെ വലിച്ചു താഴെയിടും.അതൊക്കെ പ്രകൃതി നിയമമാണ് ...
പിന്നെ എന്റെ കുടുംബത്തിലുള്ള പെണ്ണുങ്ങളെ കെട്ടിച്ചു കൊടുക്കുമോ എന്ന ചോദ്യം ..
ഗുണ്ട ആയാലും, പെണ്ണ് പിടിയന്‍ ആയാലും,ബലാത്സംഗ വീരന്‍ ആയാലും അവന്റെ കയ്യിലുള്ള പുത്തന്‍ കണ്ടു പെങ്ങളെ കെട്ടിച്ചു കൊടുക്കുന്ന കൂട്ടികൊടുപ്പ് പരിപാടിയൊന്നും എന്തായാലും ഞാന്‍ ചെയ്യില്ല .വിവാഹം ആകുമ്പോള്‍ എന്തുണ്ടെങ്കിലും ഇല്ലെങ്കിലും ആ വ്യക്തിയുടെ സ്വഭാവം തന്നെയാണ് എന്റെ മാനദണ്ഡം. അതിപ്പോ എന്റെ പെങ്ങള്‍ക്ക് ആയാലും മകള്‍ക്ക് ആയാലും .
അല്ല ഞാനൊന്നു ചോദിക്കട്ടെ ...ധനികനായ നല്ല ജോലിയുള്ള സ്നേഹിക്കാന്‍ അറിയാത്ത ഒരു യുവാവിനു മുതലാളി പെങ്ങളെ കെട്ടിച്ചു കൊടുക്കുമോ ..??
അങ്ങനെ എങ്കില്‍ സ്നേഹമില്ലാത്ത പണത്തിനെ ഭോഗിക്കുന്ന അവന്റെ കൂടെയുള്ള ജീവിതം തീര്‍ച്ചയായും നരക തുല്യം തന്നെ ആയിരിക്കും ആ പെണ്‍കുട്ടിക്ക് ...
അല്ല മുതലാളി ഈ 'സ്നേഹം' എന്നാല്‍ ഇത്ര വില കുറഞ്ഞ സംഭവം ആണോ ..??
സ്നേഹദാരിദ്ര്യം കൊണ്ട് ലോകം വരെ തമ്മില്‍ തല്ലി നശിക്കുമ്പോള്‍ ഇത്തിരി സ്നേഹത്തിനു വേണ്ടി പരക്കം പായുന്ന മനുഷ്യര്‍ ആണ് ഇന്നധികവും.
അല്ല നിനക്ക് എന്ത് മനുഷ്യര്‍ ..??
ഒരു പാവപ്പെട്ടവനെ അനസ് മുതലാളിയുടെ കുടുംബത്തിലുള്ള ധനികയായ സ്ത്രീ പ്രണയിച്ചാല്‍ നീ ദുരഭിമാനം പറഞ്ഞു ആ പാവപ്പെട്ടവനെ പെട്രോള്‍ ഒഴിച്ച് കത്തിക്കുവാന്‍ പോലും മടിക്കില്ല .അതിനും നിനക്ക് പറയാന്‍ പണത്തിന്റെ ന്യായങ്ങള്‍ കാണും.കാരണം സ്നേഹം എന്നാല്‍ നിനക്ക് പണമാണ്.
അനസ് മുതലാളി ഒരു ഡോക്ടര്‍ ആയിരുന്നു എങ്കില്‍ ചിലപ്പോള്‍ പാവപ്പെട്ട രോഗികള്‍ മരിച്ചു പോയേനെ.
അവരുടെ ദേഹത്ത് തൊട്ടാല്‍ കുളിക്കണം എന്ന് നീ കരുതിയേനെ ....,
അവരുടെ ജീവനു നീ പുഴുവിന്റെ വില കല്‍പ്പിച്ചേനേ.....,
കാരണം നീ പണമുള്ള ധനികന്‍ ആണ്.ധനികര്‍ക്ക് മാത്രമേ ജീവിക്കുവാന്‍ അവകാശമുള്ളൂ ...
എന്റെ കുടുംബത്തില്‍ കൂലിപ്പണിക്കാര്‍ ,
പോലീസുകാര്‍ ,രാഷ്ട്രീയക്കാര്‍ ,സര്‍ക്കാര്‍ ജോലിക്കാര്‍ ,പ്രവാസികള്‍ ,അങ്ങനെ പല വിഭാഗത്തില്‍ പെട്ടവര്‍ ഉണ്ട് .ഒരു ആഘോഷ വേളയില്‍ അല്ലെങ്കില്‍ വിവാഹ വേളയില്‍ ഒന്നും പണം നോക്കി ആരെയും മാറ്റി നിര്‍ത്തില്ല ..അങ്ങനെ പണത്തിന്റെ കനം നോക്കി ബന്ധങ്ങള്‍ സൃഷ്ടിക്കുന്ന നികൃഷ്ട കുടുംബം അല്ല എന്റേത് ..അതില്‍ ഞാന്‍ അഭിമാനിക്കുന്നു.അതു കൊണ്ട് തന്നെ മുതലാളിയുടെ തറവാട്ടു മഹിമയേക്കാള്‍ ഒരു പടി മുന്‍പില്‍ നില്‍ക്കും.
" പണം "
തീർച്ചയായും പണം നമുക്കാവശ്യമാണ്. മാന്യമായ രീതിയിൽ ജീവിക്കുന്നതിനു പണം നമുക്കു കൂടിയേ തീരൂ. എന്നാൽ, നമുക്ക് ആവശ്യമായിരിക്കുന്ന ഒരു വസ്തു എന്നതിൽ അധികമായി നമ്മുടെ ജീവിതലക്ഷ്യം അല്ലെങ്കിൽ നമ്മുടെ ദൈവം ആയി പണം മാറിയാൽ അത് എത്രയോ വലിയ ദുരന്തമായിരിക്കും...!
നമ്മുടെ സമൂഹത്തിൽ അഴിമതിയും കൊള്ളയും നാം പലപ്പോഴും കാണാറില്ലേ..?
ജീവിക്കാൻ മാർഗമില്ലാത്തതുകൊണ്ടാണോ അഴിമതിയും കൊള്ളയും നടത്തുന്നവർ അതു ചെയ്യുന്നത്...??
അങ്ങനെയുള്ളവർ വളരെ അപൂർവമായി കണ്ടേക്കാം. എന്നാൽ, ദൈവത്തെപ്പോലെ പണത്തെ പൂജിക്കുന്നതു കൊണ്ടല്ലേ അഴിമതി ചെയ്യുന്നവരും കൊള്ളയടിക്കുന്നവരുമൊക്കെ അപ്രകാരം ചെയ്യുന്നത്. അവരെ സംബന്ധിച്ചിടത്തോളും പണമാണ് എല്ലാത്തിനേക്കാള്‍ പ്രധാനപ്പെട്ടത്. ദൈവവും രക്‌തബന്ധങ്ങളും സ്നേഹബന്ധങ്ങളുമൊക്കെ പണത്തിന്റെ പിന്നിലേ വരൂ.
നാം പണം സമ്പാദിക്കണം. എന്നാൽ, അതു നമുക്കും മറ്റുള്ളവർക്കും നല്ല ഒരു ജീവിതത്തിന് അവസരം സൃഷ്‌ടിക്കാൻ ആയിരിക്കണം. അല്ലാതെ, നാം സമ്പാദിക്കുന്ന പണം ദൈവത്തെപ്പോലെ പൂജിക്കാനാവരുത്.
നാം പണത്തെ എപ്പോൾ പൂജിക്കാൻ തുടങ്ങുന്നുവോ അപ്പോൾ നമുക്കു നമ്മുടെ ആത്മാവ് നിത്യമായി നഷ്‌ടപ്പെട്ടു എന്നതു നമുക്കു മറക്കാതിരിക്കാം....!
ഈ കാലത്തിലും ഇത്തരം ഉയര്‍ന്ന നിലവാരം ഉള്ള അഹങ്കാരികള്‍ വംശ നാശം വരാതെ ജീവിച്ചിരിക്കുന്നു എന്നത് തന്നെ അത്ഭുതമാണ് ...
ചെങ്കൊടി പിടിച്ചു സോഷ്യലിസ്റ്റ് ആശയങ്ങള്‍ വിളബി സഖാവ് ആണെന്ന് സ്വയം ഊറ്റം കൊണ്ട് ആദര്‍ശത്തെ വ്യഭിചരിക്കുന്ന അനസ് ഇനി മുതല്‍ ചെങ്കോടിക്ക് പകരം ബൂര്‍ഷാ കൊടി പിടിച്ചു കൊണ്ട് ഇത്തരം പ്രസ്താവനകള്‍ പറയണം .അങ്ങനെ എങ്കില്‍ ഞാന്‍ മറുപടി പറയാതെ നിന്നെ അംഗീകരിക്കും കാരണം പറയുന്നത് ഒരു ബൂര്‍ഷ അല്ലെ എന്ന് സമാധാനിക്കാം ...അല്ലാതെ കമ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ക്ക് മുകളില്‍ കോണ്ടം പോലെ നിന്റെ വര്‍ഗീയ പക്ഷപേത സവര്‍ണ്ണ അയിത്ത ചിന്താഗതിയുമായി ആദര്‍ശങ്ങളെ 

വ്യഭിചരിക്കരുത്‌ ...!!.

2018, മാർച്ച് 18, ഞായറാഴ്‌ച

പുരുഷധനം

"എനിക്ക് നിന്നെ ഇഷ്ടമാണ് പെണ്ണേ ...
നിനക്ക് എന്നെ ഇഷ്ടമാണോ ..?? "
"എന്താ നിന്റെ പേര് ...?"
"വിഷ്ണു.."
"എന്താ നിന്റെ മതം ..?"
" മൌനം ..."
"നിന്റെ പേരിനു പുറകില്‍ ജാതി വാലൊന്നുമില്ലേ ..?"
"മൌനം ...."
"എന്താ നിന്റെ ജോലി ..?"
"കൂലിപ്പണി ..."
"എന്താ നിന്റെ ശമ്പളം ..?"
"ദിവസം എണ്ണൂറു രൂപയുണ്ട് ..."
"നിന്റെ നിറം കറുപ്പാണല്ലോ ..?"
"അച്ഛനും അമ്മയും കറുപ്പാണ് ..."
"നിന്റെ സംഭാഷണത്തിനു ഭംഗി കുറവാണല്ലോ ..?"
"എനിക്ക് വലിയ കാര്യങ്ങള്‍ ഒന്നും അറിയില്ല .."
" എന്താ നിന്റെ വിദ്യാഭ്യാസം ..??"
"പ്രാരാബ്ധം കാരണം പത്താം ക്ലാസ്സില്‍ പഠനം നിര്‍ത്തി"
"നിന്റെ പ്രായം എത്ര ...?"
"മുപ്പതു കഴിഞ്ഞു ..."
"നോക്കൂ വിഷ്ണു....,
ഞാന്‍ ഉയര്‍ന്ന ജാതിയില്‍ പെട്ട ഒരു പെണ്‍കുട്ടിയാണ്,എഞ്ചിനീയറിംഗ് കഴിഞ്ഞു തുടര്‍ പഠനത്തിനു വിദേശത്തേക്ക് അയക്കാന്‍ ഇരിക്കുകയാണ് എന്റെ അച്ഛന്‍,ഞാനും നീയും തമ്മില്‍ നിറത്തില്‍ പോലും ചേരില്ല,പിന്നെ ഇരുപത്തി രണ്ടു വയസ്സുള്ള ഞാന്‍ ഒരു മുപ്പതുകാരനെ കെട്ടാന്‍ ഉദ്ദേശിക്കുന്നില്ല.നീയും ഞാനും ഒരിക്കലും ചേരാത്ത സമാന്തര രേഖകള്‍ പോലയാണ്. അതു കൊണ്ട് മറുപടിയും ഒന്നേയുള്ളൂ ....
എനിക്ക് നിന്നെ ഇഷ്ടമല്ല ...!!! "
" നിന്റെ പേര് ചോദിക്കാന്‍ .....,
നിന്റെ മതം ചികയാന്‍ ....,
നിന്റെ ജാതിവാലില്‍ പിടിക്കാന്‍ ...,
നിന്റെ ജോലി തിരക്കാന്‍ ....,
നിന്റെ സമ്പത്ത് അളക്കാന്‍...,
നിന്റെ നിറം നോക്കാന്‍ ...,
നിന്റെ സ്വരം കേള്‍ക്കാന്‍ ...,
നിന്റെ പഠനം പഠിക്കാന്‍ ...,
നിന്റെ പ്രായം കുറിക്കാന്‍ ....
എനിക്ക് നിന്നോട് തോന്നിയത് വെറും കമ്പോള ആവിശ്യങ്ങള്‍ ആയിരുന്നില്ല പെണ്ണെ ... മറിച്ചു എന്റെ ഇത്തിരി ആയുസ്സില്‍ ഒളിപ്പിച്ച വച്ച നിന്നോടുള്ള വറ്റാത്ത സ്നേഹമായിരുന്നു.
നന്ദി...നിന്റെ തിരസ്കൃത മറുപടിക്ക് .
അതിലൂടെയാണ് ഞാന്‍ എന്റെ അസ്ഥിത്വം തിരിച്ചറിഞ്ഞത്...

പ്രണയം എന്തെന്ന് അറിയാത്ത നിന്നെ പ്രണയിക്കാന്‍ തീരുമാനിച്ച എന്റെ മോശം തീരുമാനത്തിനെ തിരുത്തിയ നിന്റെ മറുപടിക്ക് ഈ ജന്മം മുഴുവന്‍ കടപ്പാട് ..."

2018, മാർച്ച് 17, ശനിയാഴ്‌ച

കാലത്തിന്റെ ചൂണ്ടു വിരല്‍

തന്നെ കാണുമ്പോൾ പുറകിലെ ബഞ്ചിലെ കൂട്ടുകാരുടെ അടക്കി പിടിച്ചുള്ള സംസാരവും,നോട്ടവും, ചിരിയുമെല്ലാം രണ്ടു മൂന്നു ദിവസമായി അവനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു.തന്നെക്കാൾ തടിമിടുക്കുള്ള അവരോട് എന്താണ് കാരണമെന്നു ചോദിക്കാൻ പോന്ന ധൈര്യമൊന്നും അവനുണ്ടായിരുന്നില്ല.എന്നാലും രണ്ടും കല്പിച്ചു അന്നവൻ ചോദിച്ചു
"രാഹുൽ..,നിങ്ങളെന്താണ് എന്നെ കാണുമ്പോൾ വല്ലാതെ പെരുമാറുന്നത്...??
നിങ്ങളോട് ഞാനെന്തെങ്കിലും തെറ്റ് ചെയ്തോ...??? "
"പോടാ മൈരേ.... നീ നിന്റെ പണി നോക്ക്,
പഠിപ്പിസ്റ്റല്ലേ അടുത്ത വർഷം സ്കൂൾ ഫസ്റ്റ് വാങ്ങാനുള്ള വഴി ആലോചിക്കൂ പഴമേ .. "
അവർ ആർത്തട്ടഹസിച്ചു ചിരിക്കുമ്പോൾ ഒന്നും മിണ്ടാൻ കഴിയാതെ നിസ്സഹായനായി അവൻ തന്റെ ഇരിപ്പിടത്തിലേക്കു പോയിരുന്നു .അന്നുച്ചയ്ക്ക് ചോറ് കഴിക്കാനും അവനിറങ്ങിയില്ല .എന്താണ് അവർ തന്നോട് ഇങ്ങനെ പെരുമാറുന്നതെന്ന ചിന്ത അവനെ വല്ലാതെ വേട്ടയാടി കൊണ്ടേയിരുന്നു..വൈകിട്ട് സ്കൂൾ വിട്ടു വരും വഴി " ശ്യാം " എന്നൊരു വിളി, പിന്തിരിഞ്ഞപ്പോൾ രാഹുലാണ്‌
," ഞാൻ നിന്നെ കാണാനിരിക്കുകയായിരുന്നു"
പോക്കറ്റിൽ ചുരുട്ടി വച്ചിരുന്ന ഒരു നിറം മങ്ങിയ പഴകിയ മാസിക എനിക്കു നേരെ നീട്ടി അവൻ പറഞ്ഞു
"ഇത് നോക്കൂ..ഇതിൽ നിന്റെ അമ്മയുടെ ചിത്രമുണ്ട്.ആ ചിത്രം കണ്ടാണ്‌ അവർ ചിരിച്ചത്. അവർ അറിയണ്ട ഞാനിത് നിനക്കു തന്ന കാര്യം. പരീക്ഷയ്ക്ക് നീയാണല്ലോ എനിക്ക് ഉത്തരം പറഞ്ഞു തരുന്നത് അതു കൊണ്ട് മാത്രമാ ഇത് നിനക്ക് ഞാന്‍ തന്നത്.നോക്കിയിട്ട് നാളെ ആരും കാണാതെ എന്റെ കയ്യിൽ തന്നെ തന്നേക്കണം.... "
ഇത്രയും പറഞ്ഞു രാഹുൽ യാത്രപറഞ്ഞു തിരികെ നടന്നു....
എന്റെ അമ്മയെക്കുറിച്ചോ....??
എന്താ ആ മാസികയിൽ വന്നത്...??
അവൻ നടത്തത്തിന്റെ വേഗത കൂട്ടി.വീടെത്തി അതെന്താണ് എന്നറിയാൻ അവൻ വെമ്പൽ കൊണ്ടു. മുറ്റമടിച്ചു കൊണ്ടിരുന്ന കല്യാണി മകന്റെ നടത്തത്തിന്റെ വേഗതയും മുഖവും കണ്ടു അവനോടു ചോദിച്ചു ...
"എന്താടാ പതിവില്ലാതെ നിനക്കെന്താ ടെൻഷനുള്ളതുപോലെ...?? "
അവളുടെ ചോദ്യത്തിന് ഒന്നുമില്ലമ്മേയെന്നു അലസമായി മറുപടി പറഞ്ഞു കൊണ്ടവൻ മുറിയിലേക്ക് കയറി ബാഗ് കട്ടിലേക്ക് വലിച്ചെറിഞ്ഞു. വാതിൽ ലോക്ക് ചെയ്തെന്നു ഉറപ്പു വരുത്തി അവൻ ബാഗിൽ നിന്നും മാസികയെടുത്തു പതിയെ തുറന്നു. അതിന്റെ കവർ ഫോട്ടോയിൽ തന്റെ അമ്മയുടെ പഴയകാല ചിത്രം. അതും പൂർണമായും നഗ്നമായ ഉടലിൽ കറുത്തവര കൊണ്ട് മാറിടം മാത്രം മറച്ചിരിക്കുന്നു. അവന്റെ കൈകളിലിരുന്ന് ആ മാസിക വിറച്ചു, കണ്ണുകളിൽ ഇരുട്ടു കയറുന്നത് പോലെ അവനു തോന്നി. അവൻ മാസികയുടെ ഓരോ താളുകളായി മറിക്കാൻ തുടങ്ങി.അതിലെല്ലാം തന്റെ അമ്മയുടെ അർദ്ധനഗ്ന ശരീരം...പല പുരുഷന്മാരുമായി പല രീതിയിൽ ഉള്ളത്, സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ചിരുന്ന അമ്മയുടെ കഥകൾ, അവൻ കൂടുതൽ കാണാൻ ശേഷിയില്ലാതെ മാസിക തറയിലേക്ക് വലിച്ചെറിഞ്ഞു ...
ബാത്‌റൂമിൽ കയറി ഷവർ തുറന്നിട്ട് ആ പതിനാലുകാരൻ പൊട്ടിക്കരഞ്ഞു.
ഇത്രയും വൃത്തികെട്ട സ്ത്രീയുടെ വയറ്റിലാണല്ലോ ഞാൻ ജനിച്ചത് ..??
ഇവരെയാണല്ലോ ഞാൻ ഇത്രയേറെ സ്നേഹിച്ചത്..?
അവനാദ്യമായി തന്‍റെ അമ്മയോട് ദേഷ്യമുണ്ടായി.
ചായയുമായി കല്യാണി വാതിലിൽ മുട്ടിയപ്പോഴും, ചായ കുടിക്കാനും രാത്രി ചോറു കഴിക്കാനും വിളിച്ചപ്പോഴും
" ഇപ്പൊ വേണ്ട എനിക്ക് വിശപ്പില്ല.. "
എന്നു മറുപടി പറഞ്ഞിട്ടവൻ വാതിലടച്ചു....
മകന്റെ മാറ്റം അവളെ വല്ലാതെ വേദനിപ്പിച്ചു.എന്താണവന് പറ്റിയത്..?ചോറു കഴിക്കാൻ ഒരിക്കൽ കൂടി വിളിച്ചെങ്കിലും അവന്റെ പ്രതികരണം അവളെ വല്ലാതെ തളർത്തി
" വേണ്ടന്നല്ലേ പറഞ്ഞത്.... "
അവന്റെ ശബ്ദമുയർത്തിയുള്ള സംസാരം അവളെ ശരിക്കും ഞെട്ടിച്ചു .ആദ്യമായാണ് മകനിങ്ങനെ പെരുമാറുന്നത്.ഒരിക്കൽ പോലും തന്നോട് ദേഷ്യപ്പെട്ടിട്ടില്ല..താൻ പറയുന്നതൊക്കെ അനുസരിക്കുന്ന മകനായിരുന്നു.. അങ്ങനെ മകനെക്കുറിച്ചുള്ള ചിന്തകളിൽ മുഴുകി അവൾ നിദ്ര പുൽകി..
രാവിലെ പതിവു പോലെ എഴുന്നേറ്റു അടുക്കളയിലേക്ക് പോകാൻ നേരം ശ്യാമിന്റെ മുറിയിലേക്ക് നോക്കി.അത് അടച്ചിട്ടിരിക്കുകയാണ് , ഉറങ്ങുന്നുണ്ടാവും ശല്യപ്പെടുത്തണ്ട എന്ന ചിന്തയിൽ അവൾ അടുക്കള ജോലികളിൽ മുഴുകി,എങ്കിലും ഇടയ്ക്കിടെ മകന്റെ മുറിയിലേക്ക് ആ അമ്മക്കണ്ണുകൾ ശ്രദ്ധിച്ചു കൊണ്ടിരുന്നു,സ്കൂളിൽ പോകേണ്ട സമയമായിട്ടും മുറി തുറക്കാത്തത് അവളിൽ പരിഭ്രമം ജനിപ്പിച്ചു. വേഗം ശ്യാമിന്റെ മുറിയിലേക്ക് നടന്നു.വാതിലിൽ മുട്ടി വിളിച്ചു. അകത്ത് അനക്കമൊന്നും കേൾക്കാനില്ല മനസ്സ് പല ചിന്തകളിൽ കൊണ്ടെത്തിച്ചു ,
" മോനെ... മോനെ... "
അവൾ കരഞ്ഞു കൊണ്ട് കതകിൽ ആഞ്ഞു തള്ളി .അത് പൂട്ടിയിരുന്നില്ല പക്ഷെ മുറിയ്ക്കുള്ളിൽ ശ്യാമുണ്ടായിരുന്നില്ല .കട്ടിലിൽ ഒരു പേപ്പർ കൂടെ ഒരു മാസികയും .അവൾ പേപ്പർ കയ്യിലെടുത്തു വടിവൊത്ത അക്ഷരത്തിൽ ഇത്രമാത്രം എഴുതിയിരുന്നു
" അമ്മ എന്ന പദവി ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ പദവികളില്‍ ഒന്നാണ്, പക്ഷെ നിങ്ങൾ അതിനർഹയല്ല, അച്ഛന്റെ പേര് ചോദിക്കുമ്പോൾ അഭിമാനത്തോടെ എനിക്ക് പറയാൻ കഴിയാത്തത് എന്റെയും, നിങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാൻ ഒരാളില്ലാത്തത് ഒരു പെണ്ണിന്റെയും ഏറ്റവും വലിയ കുറവുകളിൽ ഒന്നാണ് ...'തന്തയില്ലാത്തവൻ' എന്ന വിളികൾ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും നിങ്ങളുടെ സാമീപ്യം എന്നെ വേദനിപ്പിച്ചിരുന്നില്ല,പക്ഷെ ഇപ്പോഴെനിക്കു മനസ്സിലായി ഞാൻ ശരിക്കുമൊരു തന്തയില്ലാത്തവനാണെന്നു... നിങ്ങളെപ്പോലൊരു വൃത്തികെട്ട സ്ത്രീയുടെ ഗർഭപാത്രത്തിൽ മാസങ്ങളോളം ഉറങ്ങേണ്ടി വന്നതിന് എന്നോട് തന്നെ എനിക്ക് വെറുപ്പാണ്...
ഞാൻ പോകുന്നു,,, എന്നെ അന്വേഷിക്കരുത്... നിങ്ങളെന്റെ അമ്മയെന്നു പറയാൻ എനിക്ക് ലജ്ജയാണ്.എനിക്കിനി അമ്മയുടെയോ അച്ഛന്റെയോ അടയാളങ്ങള്‍ വേണ്ട ..അതിനേക്കാള്‍ അന്തസ്സുണ്ട് 'അനാഥന്‍' ആയി ജീവിക്കുന്നതില്‍ ....."
അവളുടെ കൈയ്യിലെ കത്ത് കണ്ണുനീരു കൊണ്ട് കുതിർന്നു.അവൾ കട്ടിലിലേക്കിരുന്നു കത്തിനരികിലിരുന്ന മാസികയിലേക്കു നോക്കി. അതിലെ ചിത്രം കണ്ടവൾ ഞെട്ടിത്തരിച്ചു.തന്റെ പൂര്‍വകാലം മകൻ അറിഞ്ഞിരിക്കുന്നു..അവളുടെ ഓർമ്മകൾ യൗവ്വനത്തിലേക്കവളെ കൂട്ടികൊണ്ടു പോയി...
നല്ല തറവാടും, സ്നേഹ നിധിയായ അച്ഛനമ്മമാരും, കൂടപ്പിറപ്പുകളും, സൗന്ദര്യവും, പണവും, വിദ്യാഭ്യാസവും ഒക്കെ ഉണ്ടായിരുന്ന ഞാന്‍ എന്തിനെന്നറിയാതെ നശിപ്പിച്ചു കളഞ്ഞ യൗവ്വനത്തിലേക്ക്....
അന്നൊക്കെ എനിക്കെല്ലാം ഒരു തമാശയായിരുന്നു. സോഷ്യൽമീഡിയയുടെ മായിക ലോകത്തെത്തിയ ഞാന്‍ ഒരുപാട് സൗഹൃദങ്ങളെ സമ്പാദിച്ചു കൂട്ടി,തന്റെ പ്രൊഫൈലിൽ പല പോസ്സിലും ,രൂപത്തിലുമുള്ള ഫോട്ടോകളിട്ട് ആളുകളെ കാണിച്ചു ഞാനതിൽ
ആത്മസംതൃപ്തി അടഞ്ഞു,പല തരത്തില്‍ ജനങ്ങളില്‍ നെഗറ്റിവ് പബ്ലിസിറ്റി വരുത്തുന്ന പോസ്റ്റുകളിട്ടും,വൃത്തികെട്ട സൌഹൃദ കൂട്ടായ്മകളില്‍ ചേര്‍ന്നും നാലാളറിയാൻ നിരന്തരം ഞാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അതിനായി എന്തും ചെയ്യാനും ആരോട് കൂട്ടു കൂടാനും ഞാനൊരുങ്ങിയിറങ്ങി, വീട്ടുകാരെയും നാട്ടുകാരെയും ഒക്കെ വെറുപ്പിച്ചു.സൗന്ദര്യവും പണവും എന്നെ മത്ത് പിടിപ്പിച്ചിരുന്നു ..
എനിക്ക് നേരെ ഉപദേശങ്ങള്‍ പറഞ്ഞു വരുന്നവരെ സദാചാര പട്ടികളെ എന്ന് വിളിച്ചു കൊണ്ട് എന്റെ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തു പകരം വീട്ടി.ചുംബിക്കാനും ,മാറു കാണിക്കാനുമൊക്കെ സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞു ഞാന്‍ അന്യ പുരുഷന്മാരുമായി പരസ്യമായി ചുംബന പരിപാടികള്‍ സംഘടിപ്പിക്കുകയും,മാറിടങ്ങള്‍ ലോകത്തിനു മുന്‍പില്‍ കാണിച്ചു ലൈക്കുകളും ഷയറുകളും വാങ്ങി കൊണ്ട് പ്രശസ്തയാകുവാന്‍ ശ്രമിച്ചു കൊണ്ടിരുന്നു ...
അതൊക്കെ എന്നെ കൊണ്ടെത്തിച്ചത് വലിയ കെണികളിലും ലഹരി പതയുന്ന നിശാ പാര്‍ട്ടികളിലും വാണിഭ കേന്ദ്രങ്ങളിലും ഒക്കെ ആയിരുന്നു.വീട്ടുകാരുടെ കണ്ണുനീരിനു പുല്ലു വില കൊടുക്കാതെ എന്തൊക്കെയോ വെട്ടി പിടിക്കാനുള്ള എന്റെ യാത്ര അവസാനിച്ചത് അച്ഛനാരാണെന്നറിയാത്ത ഒരു കുഞ്ഞിനെ ഉദരത്തിൽ പേറിയപ്പോഴാണ്...
കൊന്നു കളയാൻ അന്ന് തന്റെ അമ്മ മനസ്സ് അനുവദിച്ചില്ല.അതിനു ശേഷം സൗഹൃദങ്ങളൊക്കെ മഴ പാറ്റകള്‍ പോലെ എങ്ങോ പോയി മറഞ്ഞു ,വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു.തന്റെ ഭൂതകാലം മകൻ അറിയാതിരിക്കാൻ എന്നും ശ്രമിച്ചിരുന്നു.എന്നിട്ടും മകനത് അറിഞ്ഞു തന്നെ എന്നെന്നേക്കുമായി ഉപേക്ഷിച്ചു പോയിരിക്കുന്നു..ആരുമില്ലാത്തവളാണ് താനെന്നവൾക്കു തോന്നി.തിരിച്ചറിവില്ലാത്ത പ്രായത്തിൽ ആളുകൾക്കു മുന്നിൽ പെട്ടെന്ന് പ്രശസ്തയാവാൻ ശ്രമിച്ചു എല്ലാം നഷ്ടമായി.
എനിക്ക് നേരെ വിരല്‍ ചൂണ്ടുന്നവരുടെ നേരെ പുച്ഛത്തോടെ തന്‍റെ നഗ്ന ശരീരം കൊണ്ട് മറുപടി കൊടുത്ത ഞാന്‍ ഇന്ന് തന്‍റെ മകന്റെ വിരല്‍ ചൂണ്ടലിനു മുന്‍പില്‍ വെന്തുരുകുന്നു. ജീവനേക്കാളേറെ സ്നേഹിച്ച മകനും എന്നെ ഉപേക്ഷിച്ചു പോയിരിക്കുന്നു.....!
ഒരിക്കൽ താൻ അഭിമാനത്തോടെ കണ്ട ആ മാസികയിലെ നഗ്നചിത്രം തനിക്കു നേരെ പല്ലിളിച്ചു കൊണ്ട് കളിയാക്കിച്ചിരിക്കുന്നത് പോലെ അവൾക്കു തോന്നി.കയ്യിലിരിക്കുന്ന മാസിക ഒരു തീക്കനലാണെന്നും...

അവളുടെ കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന നീര്‍ത്തുള്ളികള്‍ക്ക് വൈകി വന്ന പാശ്ചാത്താപത്തിന്റെ കഥകൾ പറയാനുണ്ടായിരുന്നെങ്കിലും കേൾക്കാൻ അപ്പോൾ ആരുമുണ്ടായിരുന്നില്ല ....!!!

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...