2018, മാർച്ച് 25, ഞായറാഴ്‌ച

വട്ട് ബാബു

ബാല്യകാലവും ഓർമകളും ഒരിക്കലും മങ്ങാത്ത ചുമര്‍ ചിത്രം പോലെയാണ്,പ്രായമേറും തോറും ആ ഓർമകൾക്ക് പുളിയും മധുരവുമൊക്കെ ഏറും.അന്നു കാണുന്ന പല മുഖങ്ങളും മനസ്സിൽ ഇന്നും മായാതെ നിൽക്കും,പറമ്പിലെ കിഴക്കേ അറ്റത്ത് ഇടി വീണു മണ്ട പോയ ഒറ്റതെങ്ങിനെ പോലെ....
ബാല്യം ഓര്‍മ്മ വരുമ്പോള്‍ മറക്കാൻ കഴിയാത്ത ഒരു രൂപമുണ്ട്."വട്ട് ബാബു" എന്ന് നാട്ടുകാര്‍ വിളിക്കുന്ന ബാബുവിന്റെ രൂപം.ഞങ്ങൾ കുട്ടികളെ തെല്ലൊന്നുമല്ല ആ രൂപം ഭയപ്പെടുത്തിയിരുന്നത്.നല്ല ഉയരവും അതിനൊത്ത തടിയുമുള്ള ബാബുവായിരുന്നു ഞങ്ങളുടെ കുസൃതികൾക്ക് വിലങ്ങു വയ്ക്കാൻ അമ്മമാരുടെ ആയുധം....
'ബാബു വന്നു പിടിച്ചോണ്ട് പോകട്ടെ...' എന്ന് പറഞ്ഞാൽ പിന്നെ ആ കുട്ടി നിശ്ശബ്ദനാണ്. അസാധാരണമായ ഉയരമുള്ളതിനാൽ കണങ്കാലിന് മുകളിൽ കയറി നിൽക്കുന്ന മുഷിഞ്ഞൊരു മുണ്ടും,ഒരു കാവി നിറമുള്ള ഷർട്ടും അതാണ് ബാബുവിന്റെ വേഷം.നാട്ടുവഴികളും കടത്തിണ്ണകളിലും ഉൾപ്പെടെ നാടിന്റെ എല്ലാ ഭാഗത്തും ബാബു നിറസാന്നിധ്യമായിരുന്നു....
മിക്കവാറും മമ്മുക്കാക്കായുടെ പീടികത്തിണ്ണയിലോ, കൊച്ചുകുഞ്ഞച്ചായന്റെ തയ്യൽ കടയുടെ മുന്നിലോ ആയിരിക്കും ഇരിക്കുക ,ഒന്നും നഷ്ടപ്പെടാനും ഒന്നും നേടാനില്ലാത്തവനുമുള്ള ഒരു നിസ്സഹായ മുഖഭാവത്തോടു കൂടി ദൂരേയ്ക്ക് നോക്കിയിരിപ്പാവും കക്ഷി, അത്യാവശ്യം നന്നായി ആഹാരം കഴിക്കുന്ന ബാബുവിനെ നാട്ടിലെ ഏതൊരു കല്യാണവീട്ടിലും പിന്നാമ്പുറത്ത് കാണാൻ കഴിയും. കേറി ചെല്ലുന്ന വീട്ടുകാർക്കോ വയ്പുകാർക്കോ ഒന്നും അതിൽ പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല കാരണം ബാബു നമ്മുടെ നാടിന്റെ ദത്തുപുത്രനായിരുന്നു.ചെറുപ്പക്കാരനായിരിക്കെ തന്നെ ഞങ്ങളുടെ നാട്ടിലേക്ക് വന്നയാൾ,പക്ഷേ ബാബുവിന്റെ മുൻകാല ജീവിതം അറിഞ്ഞാൽ ശരിക്കും ഞെട്ടിപ്പോകും.
എനിക്കേകദേശം പതിനാലു വയസ്സുള്ളപ്പോഴാണ് ഞാൻ ബാബുവിനെക്കുറിച്ചു കൂടുതൽ അറിയുന്നത്, ബാബുവിന്റെ നാട്ടുകാരനായ അധ്യാപകനിൽ നിന്നും ബാബുവിന്റെ കഥ കേട്ടപ്പോൾ ആ വലിയ മനുഷ്യനോട് തോന്നിയത് സ്നേഹമോ,സഹതാപമോ, ബഹുമാനമോ എന്താണെന്ന് എനിക്കറിയില്ല...
സ്കൂളിലെ വികൃതിപ്പിള്ളേർ റോഡിലൂടെ ബാബുവിനെ നോക്കി' "ഭ്രാന്താ "എന്നു കളിയാക്കി വിളിച്ചു കൂകിയതും നിശബ്ദനായി അതൊക്കെക്കേട്ടിട്ടും മിണ്ടാതെ നടന്നു നീങ്ങിയ ബാബുവിനെ പറ്റി അന്ന് ക്ലാസ്സിൽ വന്ന മലയാളം അദ്യാപകനായ ദേവൻ മാഷാണ് പറഞ്ഞത്...
ഞങ്ങളുടെ നാട്ടിൽ നിന്നും പതിനാലു കിലോമീറ്റർ അപ്പുറത്താണ് ദേവൻ മാഷിന്റെ നാട്. അദ്ധേഹത്തിന്റെ മൂത്ത ജേഷ്ഠന്റെ സഹപാഠിയായിടുന്നു ബാബു. ആ നാട്ടിലെ തന്നെ ഏറ്റവും പ്രമാണിയായ അച്ഛന്റെ മകൻ. ബാബുവായിരുന്നു മൂത്ത മകൻ ഇളയത് മൂന്നു പെൺകുട്ടികളും രണ്ടു ആൺകുട്ടികളും.പഠിക്കാനും മറ്റും മിടുക്കനായിരുന്ന ബാബു എല്ലാവരോടും നന്നായി പെരുമാറുന്ന വ്യക്തി കൂടിയായിരുന്നത്രെ , ദേവൻ മാഷിന്റെ സഹോദരന്റെ ഉറ്റസുഹൃത്തായ ബാബു പ്രമാണിയായ അച്ഛന്റെ കണ്ണു വെട്ടിച്ചു ഒരുപാട് സഹായിച്ചിട്ടുണ്ട് മാഷിനെയും കുടുംബത്തെയും.പഠനം കഴിഞ്ഞയുടൻ ബാബു സിംഗപ്പൂരിലേക്ക് പോയി.കുറെ വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലേക്ക് തിരികെയെത്തി സ്വന്തമായി പുരയിടങ്ങളും വീടുമൊക്കെ വാങ്ങി കല്യാണാലോചന തുടങ്ങിയപ്പോൾ ബാബുവിന്റെ അസാധാരണ വലിപ്പം കൊണ്ട് ഏറെ നാൾ വിവാഹമൊന്നും നടന്നില്ല. അത് ബാബുവിനെ വല്ലാതെ തളർത്തിയിരുന്നു...
അങ്ങനെ എല്ലാം ഒത്തു ഒരു വിവാഹം ഉറപ്പിച്ച സമയത്തായിരുന്നു ഒരു ചെറിയ വാഹനാപകടത്തിൽ തലയ്ക്കു സാരമായി പരിക്കു പറ്റിയ ബാബുവിന് തന്റെ സ്ഥിരബുദ്ധി നഷ്ടമായി.നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി.തലയ്ക്കു സ്ഥിരത ഇല്ലാത്തവനെ കൊണ്ട് തന്‍റെ മകളെ കെട്ടിക്കാന്‍ വയ്യാന്നു പെണ്ണിന്റെ അച്ഛന്‍ പറഞ്ഞു.ഒരു പക്ഷേ നല്ല ചികിത്സ സമയത്തു കിട്ടിയിരുന്നെങ്കിൽ അയാൾ ജീവിതത്തിലേക്ക് തിരികെ വന്നേനെ.തലയ്ക്ക് സുഖമില്ലാതായതോടെ സഹോദരങ്ങളും, അവരുടെ ഭർത്താക്കന്മാരും കൂടി പട്ടിയെപ്പോലെ ബാബുവിനെ വീട്ടിൽ നിന്നും ആട്ടിയിറക്കി.അയാളുടെ സ്വത്തുക്കൾ കൈവശപ്പെടുത്തി.അങ്ങനെയാണ് അദ്ദേഹം ഇപ്പോൾ ഈഅവസ്ഥയിൽ എത്തിപ്പെട്ടത്..മാഷ് തുടർന്നു...
"നിങ്ങൾക്കറിയാമോ...??
നിങ്ങൾ കൂകി വിളിച്ചു പായിച്ച ആ മനുഷ്യൻ ആരും കാണാതെ കൊണ്ട് തന്നിരുന്ന അരി കൊണ്ടായിരുന്നു നിങ്ങളുടെ മാഷ് പട്ടിണി മാറ്റിയിരുന്നത്..."
അത് പറയുമ്പോള്‍ ദേവൻ മാഷിന്റെ കണ്ണ് നിറഞ്ഞിരുന്നു,
"സ്വന്തമായി ഇരുപത് ഏക്കർ പുരയിടവും വലിയൊരു വീടുമുണ്ടായിരുന്ന ആളാണിപ്പോൾ ഒന്നുമില്ലാത്തവനായി വിശപ്പകറ്റാന്‍ നിങ്ങളുടെ വീട്ടിൽ വന്നു കൈ നീട്ടുന്നത്.. .."
അന്ന് സ്കൂൾ വിട്ടു വരുമ്പോഴും ബാബുവിനെ കണ്ടിരുന്നു, ഒരിക്കലും കടം പറയാതെ ചായ കുടിക്കുന്ന ഒരേയൊരാൾ ബാബുവാണെന്നു ഒരിക്കൽ പീടികയിൽ പോയപ്പോൾ മമ്മുക്കാക്ക ആരോടോ പറയുന്നത് കേട്ടിരുന്നു,അതിനു കാരണവുമുണ്ട് വലിയ വീടുകളിൽ മാത്രമേ ബാബു പോകാറുണ്ടായിരുന്നുള്ളൂ .അവിടെ ചെന്നിട്ട്
"എനിക്കൊരു അഞ്ചു രൂപാ വേണം ചായ കുടിക്കാനാ... "
എന്ന് പറയും , ബാബുവിനെക്കൊണ്ട് യാതൊരു ഉപദ്രവവും ആർക്കും ഇല്ലാതതു കൊണ്ട് അവർ പൈസ കൊടുക്കും,ബാബുവിന് ഇഷ്ടം തോന്നുന്ന വീടുകളിൽ നിന്ന് മാത്രമേ അയാൾ ആഹാരവും കഴിക്കാറുണ്ടായിരുന്നുള്ളൂ ....
ബാബു ഒരിക്കലും ആരോടും സംസാരിക്കുന്നതോ ദേഷ്യപ്പെടുന്നതോ ഒന്നും ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. ദേവൻ മാഷ് പറഞ്ഞ കഥ ഞാൻ വീട്ടിൽ പറഞ്ഞിരുന്നു. പക്ഷെ അവർക്കൊക്കെ ആ കഥകൾ മുൻപേ അറിയാമായിരുന്നു അതാണ് ബാബുവിന് വിവാഹ വീടുകളിൽ പോലും പ്രാധാന്യം നൽകിയിരുന്നത്..
പിന്നീട് ഞങ്ങൾ കുട്ടികൾ അദ്ദേഹത്തെ കൂകി വിളിക്കുകയോ ഒന്നും ചെയ്തിരുന്നില്ല.വല്ലാത്തൊരു ബഹുമാനം മനസ്സിൽ നിറഞ്ഞു നിന്നിരുന്നു.
ഒരു മഴക്കാലത്തു മമ്മൂക്കാക്കായുടെ പീടികയ്ക്കു മുന്നിൽ കണ്ട ജനക്കൂട്ടത്തിനിടയിലൂടെ ഊളിയിട്ടു മുന്നോട്ടു ചെന്നപ്പോൾ നീണ്ടു നിവർന്നു കിടക്കുന്ന നിശ്ചലനായ ബാബുവിനെ കണ്ടു...!
മനസ്സ് വല്ലാതെ വേദനിച്ചിരുന്നു ആ കാഴ്ച കണ്ടപ്പോൾ. തിരിച്ചു നടക്കുമ്പോൾ ആരോ പറയുന്നത് കേട്ടു..
"വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവനാ.. മരണം കടത്തിണ്ണയിൽ... ഇത്രയേ ഉള്ളൂ മനുഷ്യൻ..."

ഇപ്പോളും ചില മഴക്കാലങ്ങളിൽ എന്റെ ഓര്‍മ്മകളിലേക്ക് മഴത്തുള്ളി പോലെ ബാബുവെന്ന ആജാനുബാഹുവായ മനുഷ്യൻ ഒരു നീറ്റലായി കടന്നു വരാറുണ്ട്......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...