2018, മാർച്ച് 29, വ്യാഴാഴ്‌ച

പ്രിയസഖി

കാൽ പെരുമാറ്റം പോലും കേൾപ്പിക്കാതെ ചെറു കാറ്റായ്‌ വന്നെന്നെ തഴുകി ഏതോ മൂവന്തിയിൽ ഒരു യാത്രാമൊഴി പോലും പറയാതെ എങ്ങോ പോയി മറഞ്ഞ നീ എനിക്കാരായിരുന്നു.....??
പ്രിയസഖി...അറിയില്ല നിനക്കുള്ള സ്ഥാനം....?
എന്റെ നിഴല്‍ പോലെയോ അസ്ഥി പോലെയോ രക്തം പോലെയോ അല്ല.ഞാനായി തന്നെ നീ ഉണ്ടായിരുന്നു. നിർവചിക്കാൻ കഴിയാത്ത അജ്ഞാത പേരിൽ എന്റെ ഉള്ളറകളിൽ ഞാനിന്നും നിന്നെ സൂക്ഷിക്കുന്നു...
അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് ഇടിച്ചു കയറി വന്ന നീ മഴവെള്ളത്തിൽ നിറഞ്ഞു കവിയുന്ന പുഴയായിരുന്നു....,
കോപത്തെ കെടുത്തിക്കളയുന്ന കാറ്റായിരുന്നു...., ഹൃദയത്തിൽ അലിവിന്റെ മഴ പെയ്യിപ്പിച്ച മഴക്കാറായിരുന്നു.....,
എന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്നു നല്‍കിയ മാരിവില്ലായിരുന്നു.....,
അക്ഷരങ്ങളെ പ്രണയിക്കാൻ പഠിപ്പിച്ച...,
കവിതകൾ കൊണ്ട് ഹാരമൊരുക്കാൻ നിർബന്ധിച്ച.., മൗനം കൊണ്ടൊരുപാട് സംസാരിച്ച
വായാടി പെണ്ണായിരുന്നു....,
മനസ്സിന്റെ അടിക്കാടുകളിൽ ഒളിപ്പിച്ചു വച്ചിരുന്ന ചിന്തകൾക്ക് ജീവൻ നൽകി എന്റെ ആശയങ്ങളെ പുഞ്ചിരിയോടെ കൈനീട്ടി സ്വീകരിച്ചിരുന്നവൾ...,
എന്റെ കവിതയുടെ വാക്കായി കൂടെ നിന്നവള്‍ ...
ഭൂമിയുടെ രണ്ടു ഭൂഖണ്ഡങ്ങളിൽ ആയിരുന്നെങ്കിലും ശബ്ദം കൊണ്ടെന്നെ ശാസിച്ചും, ഉപദേശിച്ചും,
ആശ്വസിപ്പിച്ചു കൊണ്ടെന്നെ ചേർത്തുപിടിച്ചവൾ....,
എനിക്കുവേണ്ടി മാത്രം പാട്ടുകൾ പാടിയിരുന്നവൾ..., കവിതകൾ എഴുതിയിരുന്നവൾ....,.
വേദനകൾ കൊണ്ട് നീറിപ്പുകഞ്ഞ എന്റെ ആത്മാവിൽ ഒരു ചെറു വർഷമായി പെയ്തിറങ്ങിയവൾ...,
പ്രാരാബ്ധത്തിന്റെ മരുഭൂമിയിൽ ഒറ്റപ്പെട്ടു പോയ എന്നിൽ മരുപ്പച്ചയായി വിരുന്നു വന്നവൾ....
എനിക്ക് മുന്‍പേ നടന്നു കൊണ്ട് എന്നിലെ ഇരുട്ടിനെ ആട്ടിയോടിച്ചു കൊണ്ട് എന്റെ ഹൃദയത്തില്‍ ചിരാതു കൊളുത്തിയവള്‍ ....!
കണ്മഷിയുടെ എണ്ണ കറുപ്പുള്ള അവളുടെ ഹൃദയം വെള്ളരി പ്രാവിന്റെ തൂവല്‍ പോലെ വെണ്മയുള്ളതായിരുന്നു.... ,
തളർന്നു പോയപ്പോൾ താങ്ങായി നിന്നവൾ...,
സങ്കടങ്ങൾ ഇറക്കി വയ്ക്കാൻ മടിത്തട്ട് തന്നവൾ.., അണ പൊട്ടിയൊഴുകുന്ന കണ്ണുനീർ പുറം കൈയ്യാൽ തുടച്ചെറിഞ്ഞവൾ....,
ചിരകാലാഭിലാഷമായ സ്വന്തമായൊരു വീടെന്ന സ്വപ്നത്തെ യാഥാർഥ്യമാക്കുവാൻ കരുത്തു പകർന്നവൾ....,
എന്റെ കൈകളില്‍ ചിറകു വിരിയിച്ചു ആകാശം പിറക്കാത്ത ലോകത്തേക്ക് എന്നെ പറത്തി വിട്ടവള്‍ ...,
പര്‍വതങ്ങളും കൊടുമുടികളും കീഴടക്കുവാന്‍ എനിക്ക് ഊര്‍ജ്ജം പകര്‍ന്നവള്‍....,
മണല്‍ക്കാടുകളിലേക്ക് തെളിനീരായി പ്രവഹിക്കുവാന്‍ ഖാഫ് മരമായി കൂടെ നിന്നവള്‍ ...,
എന്റെ കണ്ണുകള്‍ക്കുള്ളില്‍ കുടിയിരുന്നു കൊണ്ട് എനിക്ക് മാര്‍ഗ്ഗം തെളിച്ചവള്‍....,
പ്രാരാബ്ധക്കാരനിൽ നിന്നും പടി പടിയായി ഉയരങ്ങൾ കീഴടക്കിയപ്പോൾ എന്നെക്കാളേറെ സന്തോഷിച്ചു കൊണ്ട് ഒരു യാത്ര പോലും പറയാതെ പോയവൾ...!
പക്ഷെ ഒന്നുണ്ട് പെണ്ണെ.....
നീ പോയതിൽ പിന്നെ ഒരുപാടു സൗഹൃദങ്ങൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിരുന്നു.എന്നാൽ നിനക്കൊരു പകരക്കാരിയെ കണ്ടെത്താൻ എനിക്കിന്നുവരെ കഴിഞ്ഞിട്ടില്ല.....
നിന്നെപ്പോലെ നീ മാത്രമേയുള്ളൂ...
സങ്കടങ്ങളുടെ ഗർത്തത്തിലേക്ക് ഞാൻ ആണ്ടു പോകുമെന്നു തോന്നുന്ന നിമിഷങ്ങളിൽ ഇപ്പോഴും നിന്റെ മടിത്തട്ടു ഞാൻ ആഗ്രഹിക്കാറുണ്ട് കാരണം
നിന്റെ മടിത്തട്ടില്‍ ഞാന്‍ ബാല്യമായി കരയുകയും ചിരിക്കുകയും ചെയ്തിരുന്നു....
ഇനി നീ വരിക ...,

നിന്റെ സ്നേഹവാക്കുകള്‍ കൊണ്ട് ഈ മൌനത്തെ ഭേദിക്കുക....!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...