2018, മാർച്ച് 14, ബുധനാഴ്‌ച

തടവറയിലെ ഓര്‍മ്മകള്‍

തടവറയിലെ തുരുമ്പിച്ച അഴികളിൽ തല ചേർത്ത് വച്ചു അവൻ മഴയെ നോക്കി നിന്നു. മണ്ണിലേക്ക് ചാടിയിറങ്ങുന്ന മഴത്തുള്ളികളെക്കാൾ വേഗതയിൽ അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീര്‍ പ്രവഹിച്ചു. ആ ഉപ്പിൻ പ്രവാഹം അവന്റെ ഒട്ടിയ കവിളിലെ കുറ്റിരോമങ്ങളെ നനച്ചു കൊണ്ട് താഴേക്കിറ്റു വീണു....
നെഞ്ചു പൊട്ടി വന്ന നിലവിളി അവൻ തൊണ്ടക്കുഴിയിൽ വച്ചു തന്നെ കൊന്നു കളഞ്ഞു, തന്റെ നഷ്ടങ്ങൾ എല്ലാം തന്നെ മഴക്കാലങ്ങളിലായിരുന്നു.മഴവെള്ളപ്പാച്ചിൽ പോലെ ജീവിതവും ഒലിച്ചു പോയി....!
മഴയേറ്റു വീണ മുറ്റത്തെ പിച്ചക പൂക്കളെപ്പോലെ ഞാനും കൊഴിഞ്ഞു വീണിരിക്കുന്നു,ഘോരമായി പെയ്തിറങ്ങുന്ന തുലാമഴയിലും ഞാൻ വിയർക്കുകയാണ്, നിറവേറ്റപ്പെടാത്ത ആഗ്രഹങ്ങളുടെ കലവറയായ എന്റെ ഹൃദയം അഗ്നി പർവതത്തിലെ ലാവ പോലെ തിളച്ചു മറിയുന്നു...
മഴയുടെ ശക്തി കുറഞ്ഞു വന്നു എങ്കിലും തൂളികൾ നീണ്ട വാരാന്തയെ മറികടന്നു എന്റെ മുഖത്തേക്ക് വീണു കൊണ്ടിരുന്നു.. അവയെന്നെ കുളിരണിയിച്ചു, അമ്മയുടെ തലോടൽ പോലെ തോന്നിയെനിക്കപ്പോള്‍.സ്നേഹത്തോടെ അമ്മയുടെ കൈവിരലുകള്‍ മഴനൂലുകള്‍ പോലെ എന്റെ കവിളുകളില്‍ തലോടുന്നതായി തോന്നി.
ഒരുപക്ഷെ അമ്മയെന്നെ കാണാൻ മഴയായി വന്നതാവാം, ഒരു നിമിഷമെങ്കിലും മഴയെ ഞാനമ്മയായി കണ്ടു. ആ തൂളികൾ അമ്മയുടെ തലോടലായും ,വരണ്ട മണ്ണിൽ മഴത്തുള്ളികൾ വീണ ഗന്ധം അമ്മയുടെ ഗന്ധമായും...
" അമ്മേ.... അമ്മയുടെ മകൻ തെറ്റു ചെയ്തിട്ടില്ലമ്മേ "
പുറത്തു മഴ ആർത്തലച്ചു പെയ്യുമ്പോൾ തടവറയിലെ ചുമരിൽ ചാരി നിന്ന് കൊണ്ട് ഇങ്ങനെ പറഞ്ഞു കൊണ്ടവന്‍ തേങ്ങി. ആ ചുമരുകൾ നിറയെ ചുടുകണ്ണീർ പാടുകളാണ്. അവനെപ്പോലെ നിരപരാധികളായ, സമൂഹം അപരാധികളാക്കിയ അനേകം പേരുടെ വേദനകളും വ്യഥകളുമാണ്.
ഒരു പക്ഷെ തടവറയിലെ ചുമരുകൾക്ക് സംസാരിക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ ഒരായിരം ഹൃദയം നുറുങ്ങുന്ന കഥന കഥകൾ അവ ഉറക്കെ വിളിച്ചു പറഞ്ഞേനെ....
ചുമരിൽ ചാരി അവനിരുന്നു.അവന്റെ ഓർമ്മകൾ ഒരുപാട് കാലം പിറകിലേക്കവനെ നടത്തി.അച്ഛന്റെ മരണശേഷം അമ്മയോടൊപ്പം അമ്മാവന്റെ വീട്ടിലെത്തിയ തന്നെയും അമ്മയെയും കാത്തിരുന്നത് ദുരിത ദിനങ്ങളായിരുന്നു ...
അച്ഛനില്ലായ്മ എന്നത് വലിയൊരു ശൂന്യതയാണ്. അതിലേക്കു ഇടറി വീണപ്പോഴാണ് അച്ഛനെന്ന മഹാ മനുഷ്യന്റെ വില അറിയാൻ കഴിഞ്ഞത് .
എന്റെ കൈയും പിടിച്ചു ജനിച്ച വീട്ടിലേക്കു വന്നു കയറുമ്പോൾ അമ്മയ്ക്ക് ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു.പക്ഷേ അതൊക്കെ വെറും പാഴ്സ്വപ്നങ്ങൾ മാത്രമായിരുന്നു ഒരുപാട് മുറികളുണ്ടായിരുന്ന ആ പഴയ തറവാട്ടിൽ എനിക്കുമമ്മയ്ക്കും അടുക്കളയോട് ചേർന്ന ചായ്പ്പിൽ പായ വിരിക്കാൻ അമ്മാവൻ അനുവാദം തന്നതു തന്നെ പുണ്യമായി അമ്മ കണ്ടു...
പതിയെ പതിയെ ആ വീട്ടിലെ കൂലിയില്ലാത്ത വേലക്കാരായി ഞാനും അമ്മയും മാറി,ചായ്പ്പിൽ നിറം മങ്ങിയ ചുവരോട് ചേർന്നു കിടക്കുമ്പോൾ ഞാനും അമ്മയും ഒരായിരം സ്വപ്നങ്ങൾ നെയ്തു കൂട്ടിയിരുന്നു...
പഠിച്ച സ്കൂളിനെയും കൂട്ടുകാരെയും ഉപേക്ഷിച്ചു ഞാൻ പുതിയ സ്കൂളിലേക്ക് പറിച്ചു നടപ്പെട്ടു. എന്നെയും ചേർത്തു പിടിച്ചു കിടക്കുന്ന അമ്മയോട് രാത്രികളിൽ മന്ത്രംപോലെ
" അമ്മേ ഞാൻ പഠിച്ചു വലിയ ആളായിട്ട് അമ്മയെയും കൊണ്ട് ദൂരേക്ക് പോകും, വീട് വയ്ക്കും, വേലക്കാരെ നിർത്തും, അവിടെ അമ്മ രാജ്ഞിയെ പോലെ ജീവിക്കും "
എന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ഇത് പറയുമ്പോൾ ആ ഇരുട്ടിൽ അമ്മയുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് ഞാൻ അറിയാറുണ്ടായിരുന്നു പക്ഷേ...... ചില വാക്കുകളൊക്കെ പാലിക്കാൻ ദൈവം കനിവ് നൽകാറില്ലല്ലോ...?
സ്കൂളിൽ പോകുന്ന ഞാൻ സ്വപ്നങ്ങൾ കണ്ടു തുടങ്ങിയപ്പോൾ സ്വപ്നങ്ങൾ ഒക്കെയും കൊന്നു കളഞ്ഞു കൊണ്ട് അമ്മ ആ അടുക്കളയിൽ അമ്മയുടെ ജീവിതം ഹോമിക്കുവാൻ തുടങ്ങി, അടുക്കളപ്പണിയിൽ തുടങ്ങി പിന്നീട് തറവാട്ടിലെ പുറംപണിയും കൂടി ചെയ്യുന്ന അസ്സൽ വേലക്കാരിയായി അമ്മ മാറി..
അമ്മയുടെ തുടുത്ത കവിളുകൾ വറ്റിപോയി, പണ്ട് തലോടുമ്പോൾ തൂവൽ സ്പർശം പോലെ തോന്നിയിരുന്ന കൈകൾ മരപ്പട്ടപോലെ കാഠിന്യമുള്ളതായി, നീണ്ട മുടി ജടപിടിക്കുകയും കൊഴിഞ്ഞു പോകുകയും ചെയ്തു ,കാൽപാദങ്ങൾ പൊട്ടി അമ്മ വേദന കൊണ്ട് കരയുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്, അവരുടെ കോലം കുറഞ്ഞ കാലം കൊണ്ടു തന്നെ മാറി ചെറുപ്പത്തിൽ തന്നെ വാർദ്ധക്യം ബാധിച്ച ഒരു വയസ്സിയായി അമ്മ മാറി, കുട്ടിക്കൂറ പൗഡറിന്റെയും ലിറിൽ സോപ്പിന്റെയും മണമായിരുന്നു അമ്മയ്ക്കെന്നും .പിന്നീടത് അടുക്കള പുകയുടെയും , തൊഴുത്തിലെ പശുവിനെയും മണമാണ്...
എന്നാൽ എനിക്കുറങ്ങാൻ ആ മണം വേണമായിരുന്നു ആ എല്ലുന്തിയ ദേഹത്തോട് ചേർന്ന് കിടക്കുമ്പോൾ എനിക്ക് അറിയാതെ ഉറക്കം വരുമായിരുന്നു.....
പക്ഷെ അകാലത്തിൽ അമ്മാവൻ മരണപ്പെട്ടതോടെ ആ അടുക്കള ചായ്പ്പും വീടും ഞങ്ങൾക്ക് അന്യമായി , മുഷിഞ്ഞ വസ്ത്രങ്ങളും എന്റെ പുസ്‌തകങ്ങളും നെഞ്ചോടടുക്കി പിടിച്ചു എന്നെയും കൊണ്ടമ്മ തറവാട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ അന്നും മഴപെയ്തിരുന്നു ...!
'അമ്മ എന്നെയും കൂട്ടി അച്ഛന്റെ നാട്ടിലേക്ക് തിരികെയെത്തി.അച്ഛന്റെ വിഹിതത്തിൽ ലഭിച്ച 3 സെന്റ് പുരയിടത്തിൽ 'അമ്മ ഓല കൊണ്ട് മറച്ചൊരു വീടുണ്ടാക്കി.പിന്നീടങ്ങോട്ട് ജീവിതം കൂടുതൽ ദുസ്സഹകമായി മാറുകയായിരുന്നു.പട്ടിണിയേക്കാൾ വലുതല്ല ഒന്നും എന്ന് മനസ്സിലാക്കിയ അമ്മ കൂടുതൽ കരുത്തുറ്റവളായി മാറുന്നത് അതിശയത്തോടെ ഞാൻ നോക്കി കണ്ടു. 'അമ്മ അടുത്തുള്ള ഒരു മേശിരിപണിക്കാരന്റെ കൂടെ കയ്യാള്‍ ജോലിക്ക് പോയിത്തുടങ്ങി. അവരുടെ മുഖത്ത് സ്വന്തമായി അധ്വാനിച്ചു കാശുണ്ടാക്കുന്നതിന്റെ അഭിമാനമായിരുന്നു ...
തുടര്‍ന്നു എത്ര വേണമെങ്കിലും അമ്മ പഠിക്കാൻ പറഞ്ഞെങ്കിലും അവരുടെ മെല്ലിച്ച രൂപം എന്നെ ഉറക്കത്തിൽ പോലും ദുഖിതനാക്കി. പ്ലസ് ടു പരീക്ഷ കഴിഞ്ഞതിൽ പിന്നെ നല്ല മാർക്ക് ഉണ്ടായിട്ടും ഞാനും അമ്മയ്‌ക്കൊപ്പം ജോലിക്ക് പോകാൻ തുടങ്ങി. കെട്ടുറപ്പുള്ള ഒരു കൊച്ചുവീട് അതായിരുന്നു എന്റെയും അമ്മയുടെയും സ്വപ്നം ...
അമ്മയ്ക്ക് തീരെ ഇഷ്ടമില്ലാതിരുന്നിട്ടും എന്റെ നിർബന്ധത്തിനു വഴങ്ങി 'അമ്മ 'എന്നെയും ജോലിക്ക് പോകാൻ അനുവദിച്ചു.അങ്ങനെ ഞങ്ങളുടെ വിയർപ്പുതുള്ളികൾക്ക് കിട്ടിയ നാണയങ്ങൾ കൊണ്ട് പുതിയ വീടിനു തറക്കല്ലിട്ട ദിവസം അമ്മ ഒരുപാട് നേരം മിണ്ടാതെയിരുന്നു.പിന്നെ എന്നെ നോക്കി കരഞ്ഞു,അത് ആനന്ദക്കണ്ണീരായിരുന്നു.
ആഗ്രഹസാഫല്യത്തിന്റെ പ്രതീക്ഷയുടെ കണ്ണുനീർ.
അന്ന് രാത്രി എന്റെ രണ്ടു സുഹൃത്തുക്കൾക്കൊപ്പം കവലയിലേക്കു പോയ എന്നോട് 'അമ്മ " മോനെ മഴയുണ്ട് വേഗം പോയിട്ട് വരണം" എന്ന് പിൻവിളി വിളിച്ചിരുന്നു.മുറ്റത്ത് ചിമ്മിനി വെട്ടത്തിൽ ഞാൻ അമ്മയുടെ മുഖം കണ്ടു. ആ കണ്ണുകളിൽ എന്തോ ഭയം ഒളിച്ചിരുന്നുവോ... ???
അന്നത്തെ രാത്രിയാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. സംസാരത്തിനിടയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റം കൈയ്യാങ്കളിയിലും പിന്നീട് കത്തിക്കുത്തിലും കലാശിച്ചു.അബദ്ധത്തിൽ സംഭവിച്ചതാണെങ്കിലും,പക്ഷെ കുത്ത് കൊണ്ടതും കുത്തിയതും വലിയ വീട്ടിലെക്കുട്ടികളായിരുന്നു. പോലീസിനെ ഭയന്ന് അവരെല്ലാം ഒളിവിൽ പോയി. ഞാൻ തെറ്റ് ചെയ്തിട്ടില്ലല്ലോ കാരണം കൊണ്ട് തിരികെ മടങ്ങി വീട്ടിലെത്തി രാത്രി അത്താഴം കഴിച്ചു കിടക്കുമ്പോൾ കുത്തിയ ചങ്ങാതിയുടെ അച്ഛനും ആങ്ങളമാരും വീട്ടിലെത്തി . അവരെന്നെ പുറത്തേക്ക് വിളിച്ചിറക്കി അയാൾ എന്നോട് പറഞ്ഞു
" കുത്ത് കൊണ്ട ചെക്കൻ മരിച്ചുപോയി..!
വിനു ഈ കുറ്റം ഏറ്റെടുക്കണം.അവൻ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടി അല്ലെ..?
അറിയാതെ ചെയ്തു പോയതാ ..അവന്റെ ഭാവിയും ഞങ്ങളുടെ അഭിമാനവും ഇപ്പൊ നിന്റെ കയ്യിലാണ്..?? ഞാൻ നിന്റെ കേസ് നോക്കിയേക്കാം. എത്രയും പെട്ടെന്ന് നമുക്കീ കേസ് ഒതുക്കാം. പൊലീസിന ഒരു പ്രതിയെ വേണം. നീ എന്നെ സഹായിക്കണം എന്ത് വേണമെങ്കിലും തരാം..."
എന്നെ സംസാരിക്കാൻ അനുവദിക്കാതെ അയാൾ തുടർന്നു കൊണ്ടേയിരുന്നു അവസാനം എന്റെ വീട്പണി അയാൾ ചെയ്തു തീർത്ത് തരാമെന്നും അമ്മയ്ക്ക് വേണ്ട സഹായങ്ങൾ നല്കാമെന്നുമുള്ള ഒറ്റ ഉറപ്പിന്മേൽ ഞാൻ ആകേസിലെ പ്രതിസ്ഥാനം ഏറ്റെടുത്തു ...
കാട്ടുതീ പോലെ പിറ്റേന്നു നാട്ടിൽ ഞാൻ കൊലപാതകം ചെയ്തു എന്ന വാർത്ത പടർന്നു പിടിച്ചു.അന്നു വരെ സ്നേഹത്തോടെ എന്നെ നോക്കിയ കണ്ണുകൾ വെറുപ്പിന്റ തീക്കനലുകളായിഓരോ മുഖത്തും ജ്വലിച്ചു നിന്നു.
എന്റെ അമ്മയുടെ കണ്ണുകളൊഴിച്ച്.
എന്നെ കൊണ്ടുപോയ പോലീസ് ജീപ്പിനു പുറകേ ഭ്രാന്തിയെപ്പോലെ അവർ അലറി വിളിച്ചു കൊണ്ടു ഓടി.അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.കണ്ണുകൾ ഞാൻ ഇറുക്കി അടച്ചു അന്നായിരുന്നു അമ്മയെ ഞാൻ ജീവനോടെ അവസാനമായി കണ്ടത് ...!
കത്തിയില്‍ എന്റെ വിരലടായങ്ങള്‍ പതിപ്പിച്ചു കേസ് ബലപ്പിക്കാനും,എന്നെ തീരാ തടവുകാരനായി അടക്കുവാനും പോലീസുകാര്‍ മത്സരിച്ചു കൊണ്ടിരുന്നു. കേസ് കോടതിയിൽ എത്തിയപ്പോൾ എനിക്ക് വേണ്ടി വാദിക്കാനും ആരുമില്ല.എന്നെ ജാമ്യത്തിൽ ഇറക്കാനും ആരുമില്ലാതായി. അന്ന് ഞാൻ ചതിക്കപ്പെടുകയായിരുന്നു എന്ന സത്യം മനസ്സിലാക്കി.
പിന്നെ ജയിലിലെ ഇരുമ്പഴിക്കുള്ളിൽ ഞാനെന്റെ യൗവ്വനം പാടെ പൊഴിച്ച് കളഞ്ഞു. ചെയ്യാത്ത തെറ്റിന് വേണ്ടി അമ്മയുടെ കണ്ണീരു കൊണ്ടാവണം നീണ്ട പത്ത് വർഷത്തിന് ശേഷം സാമൂഹിക പ്രവർത്തകയായ നിമ്മി മാഡത്തിന്റെ ഇടപെടൽ കൊണ്ട് എനിക്ക് പരോള്‍ കിട്ടി. അന്ന് സെല്ലിലെ എല്ലാവരോടും അമ്മയെക്കുറിച്ചു വാ തോരാതെ സംസാരിച്ചു കൊണ്ടേയിരുന്നു. അന്ന് ഉറങ്ങാൻ പോലും കഴിഞ്ഞില്ല. പിറ്റേന്നു പത്ത് വർഷത്തിന് ശേഷം കാരാഗൃഹത്തിന്റെ പുറത്തു കടന്ന ഞാൻ സ്വതന്ത്ര വായു ശ്വസിച്ചു. അമ്മയെ കാണണം എന്ന ആഗ്രഹത്തോടെ നിമ്മി മാഡത്തിന്റെ കാറിൽ കയറിയ എന്നെ അവർ കൊണ്ടു പോയത് പൊതുശ്‌മശാനത്തിലേക്കായിരുന്നു. അവിടെ വെള്ളത്തുണി പുതച്ചു 'അമ്മ' ഉറങ്ങുന്നുണ്ടായിരുന്നു. ശാന്തമായി ആരോടും പരിഭവമോ പരാതികളോ ഇല്ലാതെ.... സമനില നഷ്ടപ്പെട്ടവനെപോലെ ഞാനവിടെ ആർത്തു കരഞ്ഞു .. അമ്മയുടെ ശരീരം അഗ്നി വിഴുങ്ങുന്നത് നോക്കി മൌനമായി നിന്നു...
.
ഞാൻ ജയിലിലായതിൽ പിന്നെ മനോനില തെറ്റിയ 'അമ്മ എങ്ങോട്ടോ ഓടി പോയി. അവസാനം നിമ്മി മാഡത്തിന്റെ കൈകളിൽ എത്തിച്ചേരുകയും സുഖം പ്രാപിക്കുകയും ചെയ്തു. അപ്പോഴാണ് 'അമ്മ എന്നെക്കുറിച്ചു പറഞ്ഞതും ഞാൻ ജാമ്യത്തിൽ പുറത്തു വന്നതും. അമ്മയ്ക്ക് ഇന്നലെ രാത്രിവരെ അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.ഇന്നലെ രാത്രി ഉറങ്ങിയ 'അമ്മ ഒരിക്കലും ഉണരാത്തൊരു ഉറക്കത്തിലേക്കാണ് പോയത് ,അമ്മയോട് ഞാനല്ല തെറ്റുകാരൻ എന്ന് പറയാൻ വെമ്പിയ ഹൃദയം വേർപാടിന്റെ നൊമ്പരം കൊണ്ട് തേങ്ങി ....
നാളെ പൂർണമായും ശിക്ഷാ കാലാവധി കഴിഞ്ഞു പുറത്തിറങ്ങുകയാണ്. കാത്തിരിക്കാനും വെച്ചുവിളമ്പാനും അമ്മയില്ലാത്ത വീട്ടിലേക്ക് ..... !
തന്റെ ജീവിതം അഴിക്കുള്ളിലാക്കി യൗവ്വനം ഇവിടെ ഹോമിക്കുമ്പോൾ,യഥാര്‍ഥ കുറ്റവാളി സുഖമായി ജീവിക്കുന്നതോർത്ത് അവന്റെ കണ്ണുകൾ പിന്നെയും നിറഞ്ഞൊഴുകി.താന്‍ ജീവിതത്തില്‍ സ്വീകരിച്ച മോശം തീരുമാനം പാവം അമ്മക്ക് വേണ്ടി ഞാന്‍ കരുതി വച്ചിരുന്ന നിറമുള്ള സ്വപ്നങ്ങളെ പച്ചക്ക് കത്തിച്ചു കളഞ്ഞു .അതെ തന്‍റെ സ്വപ്നങ്ങള്‍ക്ക് കറുത്ത വര്‍ണ്ണം ചാലിച്ചത് തന്‍റെ ഈ കരങ്ങള്‍ തന്നെയാണ് ...!!!
ജയിലറയ്ക്കുള്ളിലേക്ക്അപ്പോഴൊരു ചെറുകാറ്റ് വീശി ...അതിനമ്മയുടെ അതേ ഗന്ധമായിരുന്നു .....!!!
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ചെയ്യാത്ത കുറ്റത്തിന് ഏകാന്ത തടവ് അനുഭിക്കുന്ന യുവാവിന്റെ ജീവിതം വെറുതെ ഒന്ന് എഴുതി നോക്കിയതാ .ഈ അമ്മ മണത്തിനു ജീവിത ഗന്ധമുണ്ട് ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...