2018, മാർച്ച് 14, ബുധനാഴ്‌ച

ഗുണ്ടാ രക്തസാക്ഷി ...

" മരിക്കുകില്ലൊരിക്കലും രക്ത സാക്ഷികൾ
മധുരമാണവർക്കു സ്വീകരിച്ച മുറിവുകൾ..."
തണല്‍ മരങ്ങള്‍ക്കിടയില്‍ കൂട്ടം കൂട്ടമായി സ്ഥാപിച്ചിരിക്കുന്ന രക്തസാക്ഷി സ്മാരകങ്ങള്‍ക്കിടയില്‍ നിന്നും ഗാനം മുഴങ്ങി കൊണ്ടേയിരുന്നു ....
ദാരിദ്ര്യം തീരുന്നത് വരെ പോരാട്ടം തുടരുമെന്ന പ്രതിജ്ഞയില്‍ വിരിമാറില്‍ വെടിയുണ്ടകള്‍ ഏറ്റു വാങ്ങിയ ധീരന്മാര്‍ ....
കര്‍ഷകപാടങ്ങള്‍ കയ്യടക്കി വച്ച, ഉടുക്കുവാന്‍ തുണി പോലും ഇല്ലാത്ത അവസ്ഥയില്‍ കര്‍ഷകരെ അടിമകൂട്ടങ്ങളാക്കിയ ജന്മിമാരുടെ തലയറുത്ത കഴുവേറിയ ധീരന്മാര്‍ ....
മുലക്കരം ചുമത്തിയ പ്രാകൃത ഭരണത്തിനെതിരെ മുല മുറിച്ചു നാക്കിലയില്‍ വച്ചു പ്രതിഷേധ മരണം പുല്‍കിയ ധീര വനിതകള്‍ ....
ഫാസിസ്റ്റ് കച്ചവടക്കാരുടെ പുരോഗമന അയിത്ത നയങ്ങള്‍ ചോരയില്‍ മുക്കി കൊന്ന ധീരന്മാര്‍ ....
വയനാടന്‍ മലകളില്‍ കണ്ണ് ചൂഴ്ന്നെടുത്തും നെഞ്ച് ചവിട്ടി പൊളിച്ചും പോലീസ് ഭീകകരതയുടെ ബാക്കിപത്രമായ സാക്ഷികള്‍ .....
ഭരണകൂട ഭീകരതക്കെതിരെ വിരല്‍ ചൂണ്ടി ,തന്‍റെ ശരീരം പോലീസ് ഗുണ്ടകള്‍ക്ക് ഉരുട്ടിക്കൊലക്ക് വിട്ടു കൊടുത്ത ധീരന്മാര്‍...
സവര്‍ണ്ണര്‍ അയിത്തം കല്‍പ്പിക്കുന്ന അവര്‍ണ്ണനെ ദേവ ദര്‍ശനം നടത്തുവാന്‍ അമ്പലനടകളില്‍ ചോര കൊണ്ട് അര്‍ച്ചന നടത്തിയ വീരന്മാര്‍ ....
വിപ്ലവ മുദ്രാവാക്യം മുഴങ്ങിയപ്പോള്‍ അപ്രത്യക്ഷമായ ശരീരങ്ങള്‍ ....കൊന്നിട്ടും മഴയത്ത് നിര്‍ത്തിയ രക്തസാക്ഷിയായ മകന് വേണ്ടി വഴി കണ്ണുമായി കാത്തിരിക്കുന്ന ധീര പിതാക്കന്മാര്‍ ....
അവര്‍ ..."രക്ത സാക്ഷികള്‍ ..."
അവര്‍ ഒരു പ്രസ്ഥാനമോ ,കൊടിയോ,സ്മാരകമോ ആയിരുന്നില്ല .....
അവര്‍ ദുഖിതരുടെ പ്രത്യാശയും വാക്കും ലക്ഷ്യവും ആയിരുന്നു .......
മുറിക്കുവാന്‍ കഴിയാത്ത പ്രജ്ഞയുടെ ഒടുങ്ങാത്ത രോഷമായിരുന്നു ......
അവര്‍ക്കിടയില്‍ അവന്റെ സ്തൂപം പണിയുന്ന തിരക്കിലായിരുന്നു നേതാക്കള്‍ ....
'അവന്‍' ആദ്യത്തെ ഗുണ്ടാ രക്തസാക്ഷി .....
പ്രസ്ഥാന നിലനില്‍പ്പ് താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി എണ്ണം തികക്കുവാനായി നിരപരാധികളെ അവന്‍ നിഷ്ടുരമായി കൊലപ്പെടുത്തിയിരുന്നു .വെട്ടുകളുടെ എണ്ണം കൂടുമ്പോള്‍ നേതാക്കന്മാരുടെ പ്രശംസയും കൂടി വന്നു ....
ഗുണ്ടക്കെന്തു വിപ്ലവം ...?
കിട്ടുന്ന കാശിന്റെ വലിപ്പം അനുസരിച്ച് അവന്‍ അവന്റെ ഗുണ്ടാ വിപ്ലവം നടപ്പിലാക്കി കൊണ്ടിരുന്നു.
ഒടുവില്‍ തെരുവില്‍ കൊല്ലപ്പെട്ട അവനെന്ന പാര്‍ട്ടി ഗുണ്ടയുടെ വെട്ടേറ്റ ശരീരം സ്മാരകമായി രക്തസാക്ഷികളുടെ കൂട്ടത്തില്‍ ഉയര്‍ന്നപ്പോള്‍ കഴുവേറിയ വിപ്ലവകാരികളുടെ ആത്മാക്കള്‍ തേങ്ങി.
അവര്‍ക്കിടയിലെ ഗുണ്ടയുടെ സ്മാരകം കഴുമരത്തിലെ ചോരയേക്കാള്‍ അവരുടെ ആത്മാക്കളെ അസ്വസ്ഥമാക്കി ......
രക്തസാക്ഷി സ്മാരകങ്ങളുടെ കോണ്‍ക്രീറ്റ് പാളികളില്‍ തല തല്ലി ആത്മാവുകള്‍ ശപിച്ചു കൊണ്ടേയിരുന്നു ...
അവര്‍ ഗുണ്ടാ രക്തസാക്ഷിയുടെ ക്രൂരനായ ആത്മാവിനെ തല്ലിയോടിച്ചു....
ഭൌതികമായി ആക്രമിക്കുവാന്‍ അവര്‍ക്ക് കഴിയുമായിരുന്നെങ്കില്‍ വിപ്ലവത്തെ വ്യഭിചരിച്ചു ഗുണ്ടായിസം ആക്കിയ നേതാക്കന്മാരുടെ കഴുത്ത് കൂടി അവര്‍ വെട്ടിയേനേ...കാരണം ....
അവര്‍ ...."രക്തസാക്ഷികള്‍ ..."
" മരിക്കുകില്ലൊരിക്കലും രക്ത സാക്ഷികൾ
മധുരമാണവർക്കു സ്വീകരിച്ച മുറിവുകൾ..."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...