2018, മാർച്ച് 14, ബുധനാഴ്‌ച

ആര്‍ത്തവവും അമ്പലവും

ആര്‍ത്തവവും കൊണ്ട് ക്ഷേത്രങ്ങളില്‍ കയറിയാല്‍ മാത്രമേ സ്ത്രീ സ്വതന്ത്ര ആവുകയുള്ളൂ ..???
ആര്‍ത്തവവും കൊണ്ട് സ്ത്രീകള്‍ക്ക് ഈ ലോകത്തെ എവിടെ വേണമെങ്കിലും കയറാം. ബസ്സില്‍, കാറില്‍, പ്ലയിനില്‍ എന്തിനധികം റോക്കറ്റില്‍ കയറി അന്യഗോളങ്ങളില്‍ പോലും പോകാം. എവറസ്റ്റും കീഴടക്കാം.. അപ്പോള്‍ ക്ഷേത്രങ്ങള്‍ കീഴടക്കിയാലേ സ്ത്രീ സ്വതന്ത്രയാവുകയുള്ളോ?
കാലങ്ങളായി ക്ഷേത്രങ്ങളില്‍ അനുഷ്ടിച്ചു വരുന്ന പവിത്രത നഷ്ടപ്പെടുത്തിയാല്‍ തീരുന്നതാണോ നിങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള
പോരാട്ടം ..??
ക്ഷേത്രങ്ങളും അവിടത്തെ ദേവാ ദേവി സങ്കല്‍പ്പങ്ങളും യാഥാര്‍ഥ്യമോ സങ്കല്‍പ്പമോ ആവട്ടെ, യാഥാര്‍ത്ഥ്യം ആണെങ്കിലും സങ്കല്‍പ്പം ആണെങ്കിലും അവിടെ ഒരു സത്യം ഉണ്ട്. ഒരു കഥയുണ്ട്. അത് മനുഷ്യരുടെ മനസ്സുകളില്‍ പതിഞ്ഞ് ഭക്തി വളര്‍ന്നല്ലേ അവര്‍ അവിടെ പോകുന്നത്..
അവിടത്തെ കഥകളിലും ആചാരങ്ങളിലും വിശ്വാസമില്ലാത്തവരല്ലെ ഈ എതിര്‍വാദം കൊണ്ടുവരുന്നത്,,??
ഈശ്വര സങ്കല്‍പ്പത്തെ ഇഷ്ടമല്ലെങ്കില്‍ അവിടെ പോകണ്ട. അതിന് ആ ദേവന്‍ ഏര്‍പ്പെടുത്തിയ ആചാരം തട്ടിത്തെറിപ്പിച്ചാണോ പക വീട്ടേണ്ടത്..??
അമ്പലവും പള്ളികളും ഒക്കെ പവിത്രവും ശുദ്ധവും ആക്കി വയ്ക്കുന്ന ഇടങ്ങള്‍ ആണ്. ആര്‍ത്തവമുള്ള സ്ത്രീകള്‍ ഒരമ്പലത്തിലും പോകില്ലാ താനും.
സ്ത്രീകള്‍ പോകാത്തതിനു കാരണം അവിടെ തൂക്കിയിട്ടിയിരിക്കുന്ന ബോര്‍ഡ് കണ്ടിട്ടോ അല്ലെങ്കില്‍ പുരുഷ മേധാവിത്വത്തിന്റെ അടിമകള്‍ ആയതു കൊണ്ടോ ഒന്നുമല്ല .മറിച്ചു മനസ്സില്‍ താന്‍ വിശ്വസിക്കുന്ന ഈശ്വര സങ്കല്‍പ്പത്തെ പവിത്രതയോടെ മനസ്സില്‍ സൂക്ഷിക്കുന്നത് കൊണ്ടാണ് .
അമ്പല നടകളുടെ പടിക്കല്‍ സ്ത്രീകളുടെ അടിവസ്ത്രം ഊരി പരിശോധിച്ച് ആര്‍ത്തവത്തിന്റെ കണക്കെടുപ്പ് നടത്തി മാറ്റി നിര്‍ത്തുന്ന ചട്ടങ്ങള്‍ ഇന്ന് വരെ ഞാന്‍ കണ്ടിട്ടില്ല .അതു പോലെ ആര്‍ത്തവം പരിശോധിക്കാന്‍ ചുവന്ന സൈറന്‍ മുഴങ്ങുന്ന അടയാള ലൈറ്റുകളും സെന്‍സറുകളും ഒന്നും ഞാനിത് വരെ കണ്ടിട്ടില്ല .അത് കൊണ്ട് വിശ്വാസികളായ സ്ത്രീകള്‍ തന്നെയാണ് അവരുടെ ആചാര വിശ്വാസം പിന്തുടര്‍ന്ന് ക്ഷേത്രങ്ങളില്‍ നിന്നും ഭക്തിയോടെ മാറി നില്‍ക്കുന്നത് .
ആറ്റുകാല്‍ ക്ഷേത്രത്തില്‍ സ്ത്രീകളുടെ പൊങ്കാല കലത്തിനിടയില്‍ അടുപ്പ് കൂട്ടി പുരുഷന്മാര്‍ പൊങ്കാല ഇടാറില്ല .അത് പോലെ മേല്‍വസ്ത്രം ഊരി ദര്‍ശനം നടത്തുന്ന ക്ഷേത്രങ്ങളില്‍ അവരത് പിന്തുടരുന്നു .ഇത് വരെ ഒരു പുരുഷനും പറഞ്ഞു കേട്ടില്ല സ്ത്രീകളും മേല്‍വസ്ത്രം ഊരി ദര്‍ശനം നടത്തണം എന്നത് .കാരണം വിശ്വാസികള്‍ക്ക് ഉള്ളതല്ലേ ക്ഷേത്രം അവിടെ ദൈവ സങ്കല്‍പ്പത്തെ വെല്ലു വിളിക്കുന്ന നിരീശ്വരവാദികള്‍ക്ക്‌ സ്ഥാനമില്ല .
'എന്റെ കാലിന്റെ ഇടയിലോട്ടു നോക്കേണ്ട ദൈവമേ' എന്ന വിപ്ലവ ബോര്‍ഡുകളും തൂക്കി ആര്‍ത്തവരക്തം പുരണ്ട തീണ്ടാരി തുണി ഉയര്‍ത്തി പിടിച്ചു സമരം ചെയ്യുന്ന സ്ത്രീകളെ കാണുമ്പോള്‍ ഇതെല്ലം ഭക്തിയുടെ പേരില്‍ ആണല്ലോ എന്നറിയുമ്പോള്‍ ചെറിയ ഒരു ആശ്വാസമുണ്ട് .
പെണ്‍പക്ഷവാദം ബാധിച്ച സ്ത്രീകള്‍ ലോകത്തെ ഏറ്റവും വെറുക്കപ്പെടുന്ന വസ്തുവാണ് ചോരക്കറയുള്ള പാന്റീസ്. തന്റെ ശത്രുവിനു നേരെ പ്രയോഗിക്കേണ്ട അപമാനത്തിന്റെ ഏറ്റവും മികച്ച പ്രതീകമായി അവരത് കാണുന്നു .
പുരുഷ സിംഹങ്ങള്‍ക്കെതിരെ യുദ്ധം നടത്താന്‍ മറ്റൊരായുധവും അവരുടെ മനസ്സില്‍ തെളിയാത്തതിന്റെ കാരണം എത്ര വിചിത്രമായിരിക്കുന്നു എന്നു നോക്കു.
സ്ത്രീപക്ഷ വാദികളോട് എനിക്ക് പറയാനുള്ളത് ഇത്ര മാത്രം .നിങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടി വാദം പറയുമ്പോള്‍ സ്ത്രീകളില്‍ സാഹചര്യങ്ങള്‍ കൊണ്ട് കഷ്ടതകള്‍ അനുഭവിക്കുന്നവരുടെ ഉന്നമനത്തിനു വേണ്ടി സംസാരിക്കൂ ..
ലക്ഷക്കണക്കിന്‌ സ്ത്രീകള്‍ വെറും ഇറച്ചി പോലെ മൌനം പൂണ്ടു ചുവന്ന തെരുവുകളിലെ കാമ ചന്തകളില്‍ കമ്പോള ചരക്കായി ജീവിതം ഹോമിക്കുന്നുണ്ട് .അവര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുവാനോ കൂട്ടായ്മകള്‍ നടത്തുവാനോ എന്ത് കൊണ്ട് നിങ്ങള്‍ മുതിരുന്നില്ല ..??
അവരെ ആ ഇരുണ്ട തടവറകളില്‍ നിന്നും മോചിപ്പിച്ചു അവരെ പുരരധിവസിപ്പിക്കുവാന്‍ എന്ത് കൊണ്ട് നിങ്ങള്‍ തയ്യാറാകുന്നില്ല ...??
അത്തരം നന്മയുള്ള പ്രവര്‍ത്തികളില്‍ ശബ്ദം ഉയര്‍ത്തിയാല്‍ ഈ ലോകത്തെ നന്മയുടെ കണിക മനസ്സില്‍ സൂക്ഷിക്കുന്ന സ്ത്രീകളും പുരുഷന്മാരും ലിംഗ വ്യത്യാസം നോക്കാതെ നിങ്ങള്‍ക്ക് പുറകില്‍ അണി നിരക്കും.
മുന്‍പൊരിക്കല്‍ പട്ടാപ്പകല്‍ മാലോകരുടെ മുന്നില്‍ വച്ച് പരപുരുഷനെ ചുംബിക്കാന്‍ പറ്റിയാല്‍ സ്ത്രീ സ്വതന്ത്ര ആയത്രെ എന്നൊരു നിലപാടില്‍ ആയിരുന്നു. ഭാഗ്യം അതില്‍ വച്ച് നിര്‍ത്തിയത്. അതിനപ്പൂറം കാട്ടണം എന്നു പറഞ്ഞാലും പൊതുജനം സഹിക്കണം.
തുണി ഉടുക്കാതെ നടക്കലും പരപുരുഷ ബന്ധവും ഒന്നുമല്ല സ്ത്രീസ്വാതന്ത്ര്യം ..!!
പണ്ട് മുലക്കരത്തിനു എതിരെ മുല മുറിച്ചു നാക്കിലയില്‍ വച്ച നങ്ങേലിയെ ഈ തീണ്ടാരിതുണി സമരത്തില്‍ പുരുഷവിദ്വേഷം നിറക്കുവാനായി കൊണ്ട് വരുന്നത് കണ്ടു അവരോടു പറയാന്‍ ഇത്രേയുള്ളൂ ,
നങ്ങേലിയുടെ ചിതയില്‍ ചാടി സതി അനുഷ്ടിച്ച അവരുടെ ഭര്‍ത്താവ് കണ്ടപ്പനെ നിങ്ങള്‍ ആരും തമസ്കരിക്കരുത്..!!

മുകളില്‍ പ്രതിപാദിച്ചിരിക്കുന്നത് പുരുഷവേഷം കെട്ടുന്ന ,പുരുഷ വിദ്വേഷം കുത്തി വച്ച് കുടുംബങ്ങള്‍ വരെ തകര്‍ക്കുവാന്‍ നടക്കുന്ന കപട സ്ത്രീപക്ഷ വാദ കൊച്ചമ്മമാരെ ഉദ്ദേശിച്ചു മാത്രം .നല്ല വ്യക്തികളെ ,അതിപ്പോ സ്ത്രീ ആയാലും പുരുഷന്‍ ആയാലും ബഹുമാനിച്ചു മാത്രമേ ശീലമുള്ളൂ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...