2018, മാർച്ച് 14, ബുധനാഴ്‌ച

ഭ്രാന്തി

നഗരത്തെരുവുകളിലെ തിരക്കുകള്‍ക്കിടയില്‍ കെട്ടു വിട്ട പട്ടം പോലെ കാലത്തിനു നേരെ കൊഞ്ഞനം കുത്തി കൊണ്ട് അലറിച്ചിരിയുമായി അവള്‍ കടന്നു പോകാറുണ്ടായിരുന്നു ...
അവള്‍ ..."ഭ്രാന്തി ..."
ആ ഭ്രാന്തിയുടെ അലറിച്ചിരി കാഴ്ചക്കാര്‍ക്ക് കൌതുകവും തമാശയും ആയിരുന്നു. 
സ്കൂള്‍ കുട്ടികള്‍ പിറകെ നടന്നു കളിയാക്കി ചിരിക്കും,
മറ്റു ചിലര്‍ അവളെ ആട്ടിയോടിക്കും ,
ചിലര്‍ അവള്‍ക്കു നേരെ എച്ചില്‍ വലിച്ചെറിയും ...
തനിക്കു നേരെ ഭ്രാന്തില്ലാത്തവര്‍ കാണിക്കുന്ന കോപ്രായങ്ങള്‍ കണ്ടു നാലു ദിക്കുകളിലേക്കും ദിശയറിയാതെ പൊട്ടി ചിരിച്ചു കൊണ്ട് ഭ്രാന്തി ഓടി കളിക്കുമായിരുന്നു....
മണ്ണു വാരി തിന്നുന്ന ഭ്രാന്തി .....,
പച്ചില പറിച്ചു തിന്നുന്ന ഭ്രാന്തി .....,
കല്ലുകളില്‍ തല തല്ലി ചോര കുടിക്കുന്ന ഭ്രാന്തി ......
ഭ്രാന്തിയുടെ ഭ്രാന്തന്‍ 'സംഗീതം' അവര്‍ രസിച്ചു കൊണ്ടേയിരുന്നു .അവരുടെയൊക്കെ മുന്‍പില്‍ അവള്‍ കാണിക്കുന്ന പ്രവര്‍ത്തികള്‍ ഒരു കാര്‍ട്ടൂണ്‍ തമാശ പോലെ അവര്‍ ആസ്വദിച്ചു കൊണ്ടിരുന്നു ....
പക്ഷെ അവര്‍ കേള്‍ക്കാത്ത ഒരു സംഗീതം കൂടിയുണ്ടായിരുന്നു ഭ്രാന്തിക്ക് .....
ഭ്രാന്തിയുടെ വിശപ്പിന്റെ 'സംഗീതം'...!!
വിശപ്പിന്റെ വിളി അവഗണിക്കുവാന്‍ കഴിയാതെ കാലത്തിന്റെ മുകളില്‍ തല പൂഴ്ത്തി കിടക്കുന്ന ഭ്രാന്തിയെ മനസ്സിലാക്കുവാന്‍ 'അവര്‍'ക്ക് ഇനിയും ദൂരങ്ങള്‍ സഞ്ചരിക്കേണ്ടിയിരിക്കുന്നു ......
വിശപ്പെന്ന വികാരം പോലും തിരിച്ചറിയാന്‍ കഴിയാതെ ഒഴിഞ്ഞ വയറു നിറക്കുവാനായി മണ്ണും,
പുല്ലും ,കല്ലും ഭക്ഷിക്കുകയും...ദാഹം തീര്‍ക്കാന്‍ സ്വന്തം ചോര തന്നെ പാനം ചെയ്യുകയും ചെയ്യുന്ന ഭ്രാന്തിയുടെ പ്രവര്‍ത്തികള്‍ മനസ്സിലാക്കുവാന്‍ കഴിയാത്ത 'അവര്‍' തന്നെയല്ലേ ശരിക്കും ഭ്രാന്തന്മാര്‍ ..??
ജീവിത യാത്രയുടെ ഏതോ തലങ്ങളില്‍ താളം തെറ്റിപ്പോയവരുടെ ഭ്രാന്തും വിശപ്പും ദാഹവുമൊക്കെ 'അവര്‍'ക്ക് അപ്രധാനമാണ് ......
അവരെ പോലെ നമുക്കും ..!!!
എങ്കിലും ഇരുളിന്‍ മറവില്‍ കാമവിശപ്പിന്റെ നിലവിളി അസഹ്യമാകുമ്പോള്‍ അവളില്‍ നിന്നും ഭക്ഷണം കഴിച്ചു വിശപ്പടക്കുവാന്‍ വരുന്ന മാന്യദേഹങ്ങളും പീടികത്തിണ്ണയുടെ കട്ട ഇരുട്ടിന്‍റെ മറവില്‍ പതുങ്ങിയിരുപ്പുണ്ട് .......
'അവള്‍' കാരണം ചിലരുടെയെങ്കിലും പട്ടിണി മാറുന്നുണ്ടല്ലോ എന്ന് ആശ്വസിക്കാം ......
'നിങ്ങള്‍' ചുറ്റും ഒന്നു ചെവി കൂര്‍പ്പിച്ചു നോക്കൂ ...

കേള്‍ക്കുന്നില്ലേ ..ആ ഭ്രാന്തിയുടെ വിശപ്പ്‌ കൊണ്ടുള്ള അലറിച്ചിരി ...?????

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...