2018, മാർച്ച് 14, ബുധനാഴ്‌ച

ഹരി

തനിച്ചുള്ള തീവണ്ടി യാത്രകള്‍ പലപ്പോഴും മനോഹരം തന്നെയാണ്.കണ്ണുകള്‍ പുറത്തെ കാഴ്ചകള്‍ നിറക്കുന്ന കരുതലില്‍ തീവണ്ടിക്കൊപ്പം ഓടിക്കൊണ്ടിരിക്കും.അതു പോലെ ഓര്‍മ്മകള്‍ പിറകിലേക്കും....
നഗരത്തിന്റ തിരക്കുകൾക്കിടയിൽ നിന്നും തീവണ്ടി കൂകി വിളിച്ചു യാത്ര തുടങ്ങി.കൊയ്ത്തുകഴിഞ്ഞ പാടങ്ങളും,പുഴകളും,ഉയർന്ന മാറിടങ്ങളുള്ള മലകളും പിന്നിട്ടത് ധൃതിയിൽ പാഞ്ഞു കൊണ്ടേയിരുന്നു..ആഗ്രഹിച്ചത്‌ പോലെ വിന്‍ഡോ സീറ്റ് തന്നെ തന്ന ലഭിച്ചതിനാൽ കാഴ്ചകൾ നന്നായി ആസ്വദിക്കുവാന്‍ കഴിഞ്ഞു.മൂന്നു നാലു സ്റ്റേഷൻ കഴിഞ്ഞതിനു ശേഷം കയ്യിലിരുന്ന ബുക്കിലേക്ക് മുഖം താഴ്ത്തി വായനയിൽ മുഴുകി.
ഇടയ്ക്കെപ്പോഴോ ചെറുതായൊന്നു മയങ്ങി, മയക്കം വിട്ടപ്പോൾ എനിക്ക് മുന്നിലെ സീറ്റിൽ ഒരു അമ്മയും എട്ടു വയസ്സ് തോന്നിക്കുന്ന കറുത്ത മെല്ലിച്ചൊരു ആൺ കുട്ടിയും ഇരിക്കുന്നു. മുന്നേ കണ്ടു പരിചയമില്ലായിരുന്നിട്ടു പോലും അവൻ എന്നെ നോക്കി ചിരിച്ചു....
' മനോഹരമായൊരു ചിരി '
ഈ ലോകത്തെ മുഴുവന്‍ നിഷ്കളങ്കതയും അവന്റെ മുഖത്തില്‍ ആവാഹിച്ചത് പോലെ എനിക്ക് തോന്നി. അവന്റെ നിഷ്കളങ്കത മുഖത്തിന്റെ പ്രകാശം വര്‍ദ്ധിപ്പിച്ചു. അവന്റെ ആ ചിരി എന്നെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ടു പോയി...
ചില്ലലമാരയിൽ സൂക്ഷിച്ചു വച്ചിരുന്ന മഞ്ഞ നിറമുള്ള പുസ്‌തകം പോലെ അവന്‍ എന്റെ ഓര്‍മ്മയെ പൊടി തട്ടിയെടുത്തു..പെട്ടെന്ന് ഓര്‍മകളുടെ തുരുത്തിലേക്ക് ആര്‍ത്തലച്ച നാദം പോലെ ആ പേര് മുഴങ്ങി ...
" ഹരി ..."
അതെ ..എന്റെ കൂട്ടുകാരന്‍ ഹരി ...
ആ കുട്ടിയുടെ നിഷ്കളങ്കമായ ചിരി കണ്ടപ്പോൾ എന്റെ സഹപാഠിയായിരുന്ന ഹരിയെയാണ് എനിക്ക് ഓർമ വന്നത് ...
മനോഹരമായി ചിത്രം വരയ്ക്കുന്ന,
ഇമ്പത്തോടെ നാടൻ പാട്ടുകൾ പാടിയിരുന്ന,
ആദ്യമായി എനിക്ക് സുഗന്ധമുള്ള മഷി നിറച്ച പേന എഴുതുവാന്‍ തന്ന എന്റെ ഹരി ....
എന്റെ ഓർമ്മകൾ ആ പഴയ മൂന്നാം തരത്തിലെ ക്ലാസ് മുറിയിലേക്ക് ഓടിക്കയറി...
ആദ്യമായി 'ഹരി' ,നാരായണൻ മാഷിന്റെ കൂടെയാണ് ക്ലാസ്സിൽ വന്നത്. നിറം മങ്ങി തുടങ്ങിയ മെറൂൺ നിക്കറും ,കരിമ്പൻ അടിച്ചു തുടങ്ങിയ ഉടുപ്പിന്റെ ഇളകിയ ബട്ടൻ ഹോളിൽ പിന്ന് കൊണ്ട് കുത്തി വച്ച കറുത്ത് മെലിഞ്ഞ ഒരു കുട്ടി.
അവൻ ഞങ്ങളെയെല്ലാം തെല്ലു അത്ഭുതത്തോടെ നോക്കിയ ശേഷം മുഖം പൂഴ്ത്തി നിന്നു...
നാരായണൻ മാഷ്‌ അവന്റെ പേര് ഹരിയെന്നാണ് എന്നും .നിങ്ങളുടെ പുതിയ സുഹൃത്ത് ആണെന്നും ഞങ്ങളോട് പരിചയപ്പെടുത്തി...
ഹരി ആരോടും കൂട്ടുകൂടാതെ എല്ലാവരിൽ നിന്നും അകന്നു മാറി നടന്നിരുന്നു. ഒരു പക്ഷെ കുട്ടികൾ അവനോടു കൂട്ടു കൂടിയിരുന്നില്ല എന്ന് വേണമെങ്കിൽ പറയാം. ക്ലാസ്സിലെ വികൃതി പിള്ളേര്‍ അവനു രണ്ടു ദിവസത്തിനകം 'കരുമാടി' എന്ന് വിളിപ്പേരുമിട്ടു. ആരൊക്കെ എന്തൊക്കെ വിളിച്ചാലും തിരിച്ചൊന്നും പറയാതെ ഹരി ചിരിച്ചു കൊണ്ടിരിക്കും.അവന്റെ കണ്ണുകളിൽ എപ്പോളും വിഷാദം തളം കെട്ടി നിന്നിരുന്നു....
ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞു കുട്ടികൾ കളിക്കാൻ പോയ ദിവസം ഞാനും ഹരിയും മാത്രമേ ക്ലാസ്സിലുണ്ടായിരുന്നുളൂ, അവൻ കയ്യിലെ ബുക്കിൽ ഏറെ നേരമായി പെൻസിൽ കൊണ്ട് എന്തോ കോറി വരച്ചു കൊണ്ടിരുന്നു,അന്നാദ്യമായി ഞാനവനോട് സംസാരിച്ചു
" എന്താ ഹരി ചെയ്യുന്നത്...?? "
എന്റെ ചോദ്യം കേട്ടു ബുക്കിൽ നിന്നും തലയുയർത്തി അവൻ എന്നെ നോക്കി ചിരിച്ചു.എന്നിട്ട് അവന്റെ കയ്യിലിരുന്ന ബുക്ക്‌ എനിക്കു നേരെ നീട്ടി. പെൻസിൽ കൊണ്ട് അതിമനോഹരമായി ഒരു പക്ഷിയെയും രണ്ടു കുഞ്ഞുങ്ങളെയും വരച്ചിരിക്കുന്നു...
"ഹരിക്ക് ചിത്രം വരയ്ക്കാൻ അറിയോ... ?? പഠിച്ചിട്ടുണ്ടോ ...???"
എന്റെ അത്ഭുതം നിറഞ്ഞ ചോദ്യം കേട്ട ഹരി പറഞ്ഞു
"പഠിച്ചിട്ടില്ല, പക്ഷേ ആഗ്രഹമുണ്ട്, ഒരുപാട് ചിത്രങ്ങൾ വരച്ചിട്ടുണ്ട്... കണ്ടോ ???
അവൻ ബുക്കിലെ ഓരോ പേജും എനിക്കു മുന്നിൽ തുറന്നു തന്നു. ഓരോ താളുകളിലും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ..ഹരിയും ഞാനും കൂട്ടുകാരാവാൻ പിന്നെ അധികം താമസമൊന്നും വേണ്ടി വന്നില്ല... .
പിന്നീടുള്ള ദിവസങ്ങളിൽ ഹരി അവനെപ്പറ്റി കൂടുതൽ എന്നോട് പറഞ്ഞു, അവൻ ദളിതർക്കുള്ള സർക്കാർ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്.അച്ഛൻ മരിച്ച ഹരിയേയും ചേച്ചിയെയും അമ്മ പഠിപ്പിക്കുന്നത് വലിയ വീടുകളിൽ പുറം പണി ചെയ്തും മറ്റുമാണ്. സൗജന്യമായി സർക്കാർ പഠിപ്പിക്കുന്ന ദളിതർക്കുള്ള ഹോസ്റ്റലിനെ കുറിച്ച് അമ്മ ജോലി ചെയ്യുന്ന വീട്ടിലെ ആരോ പറഞ്ഞു. അങ്ങനെയാണ് ഇവിടെ തന്നെ കൊണ്ടാക്കിയതെന്നും, അമ്മയെയും ചേച്ചിയെയും കാണാതെ താൻ വിഷമിക്കുന്നു എന്നും പറഞ്ഞപ്പോൾ അവന്റെ കുഞ്ഞികണ്ണുകളിൽ നനവ് പടർന്നിരുന്നു.....
ഹരി അസ്സലായി നാടൻ പാട്ടും പാടുമായിരുന്നു. സ്കൂളിൽ അക്കൊല്ലം നാടൻപാട്ട് പാടി അവൻ സമ്മാനവും വാങ്ങിയിരുന്നു, മൂന്നാം തരം വാർഷിക പരീക്ഷ കഴിഞ്ഞു ഞങ്ങളെല്ലാരും നാലാം തരത്തിലേക്ക് എത്തി. അന്ന് സ്കൂൾ തുറന്ന ദിവസം സന്തോഷത്തോടെ ഹരി എനിക്കൊരു സമ്മാനം തന്നു. ഒരു വാസനയുള്ള മഷിപ്പേനയായിരുന്നു അത്. അവന്റെ അമ്മ ജോലിക്ക് നിൽക്കുന്ന വീട്ടിലെ ഏതോ പേർഷ്യയിൽ ഉള്ള ആൾ വന്നപ്പോൾ കൊടുത്തതാണ്. അത്തരമൊരു പേന ഞാൻ ആദ്യമായി കാണുകയാണ്,
ഹരിയോട് നാൾക്കു നാൾ എനിക്കുള്ള സൗഹൃദം കൂടിവന്നു. ഹരിക്ക് ആ സ്കൂളിൽ ഉള്ള ഒരേ ഒരു സുഹൃത്ത് ഞാൻ മാത്രമായിരുന്നു.വീട്ടില്‍ നിന്നും കൊണ്ട് വരുന്ന ഉച്ചപ്പൊതിയില്‍ ഞാന്‍ അമ്മയോട് പറഞ്ഞു ഹരിക്ക് വേണ്ടിയും കൂടുതല്‍ ആഹാരം കരുതിയിരുന്നു.അമ്മ ഉണ്ടാക്കുന്ന മീന്‍ കറി ഹരിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു.വരക്കുന്ന ചിത്രങ്ങള്‍ രാവിലെ തന്നെ വന്നു എന്നെ കാണിക്കുമായിരുന്നു.ക്ലാസ്സിലെ മറ്റു കുട്ടികള്‍ ആരും ഇന്ന് വരെ ആ ചിത്രങ്ങള്‍ കണ്ടിട്ടുമില്ല.
നാലാം തരത്തിൽ എത്തിയതിൽ പിന്നെ ഹരി എല്ലാ ദിവസവും ക്ലാസ്സിൽ വരാതെയായി ,
അവന്റെ ചിരി പതിയെ പതിയെ മങ്ങിത്തുടങ്ങി എന്നോടു പോലും ഹരി മിണ്ടാതെയായി.മിക്കവാറും കരഞ്ഞു വീർത്തതു പോലുള്ള മുഖവുമായാണ് ഹരി ക്ലാസ്സിൽ എത്തുക..
ഹരിയുടെ അവശേഷിച്ച ചിരിയും പതിയെ നഷ്ടമായി. അവന്റെ കറുത്ത മുഖം നാൾക്കു നാൾ ഇരുണ്ടു വന്നു. ശരീരം പിന്നെയും ശോഷിച്ചു .പ്രകാശം പരത്തുന്ന അവന്റെ കണ്ണുകളില്‍ എപ്പോഴും ഭയം നിഴലിച്ചിരുന്നു. ഒരിക്കൽ അവനെ വിളിച്ചു നാരായണൻ മാഷ് എന്തോ ചോദിക്കുന്നതും, ഹരി കരയുന്നതും പിന്നെ അവനെ സ്റ്റാഫ്‌ റൂമിലേക്ക്‌ മാഷ് കൊണ്ട് പോകുന്നതും കണ്ടു. എന്താ കാര്യമെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല..
പിറ്റേ ദിവസം രാവിലെ സ്കൂളിൽ വരുമ്പോൾ മുൻവശത്ത് ഹരിയും ഒരു സ്ത്രീയും നിൽക്കുന്നു. ഹരി എന്നെക്കണ്ടതും കുറെ നാൾക്കു ശേഷം ചിരിച്ചു...
എന്നിട്ട് ആ സ്ത്രീയെ ചൂണ്ടി പറഞ്ഞു
"വിഷ്ണൂ ... ഇതെന്റെ അമ്മയാണ്, ഞാൻ ഈ സ്കൂളിൽ നിന്നും പോകുകയാണ്,വിഷ്ണുവിനെ കാത്തു നിന്നതാണ് യാത്ര പറയാൻ. വിഷ്ണുവായിരുന്നു എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍.."
അവൻ അത് പറഞ്ഞു നരച്ച നിക്കറിന്റെ പോക്കറ്റിൽ നിന്നും ഒരു കടലാസ് എടുത്തു എനിക്ക് നേരെ നീട്ടി
" തുറന്നു നോക്കിക്കേ "
ഞാൻ പതിയെ കടലാസ് തുറന്നു നോക്കി ..
"പൂമ്പാറ്റകൾക്ക് പിറകെ ഓടി പോകുന്ന ഒരു ആണ്‍കുട്ടി ..." അതായിരുന്നു ആ ചിത്രം.
"വിഷ്ണുവിനെ ഒരിക്കലും മറക്കില്ല...
നീ ആണ് എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ...
അമ്മയോട് ഞാന്‍ പോയെന്നു പറയണം ..ഇനി എനിക്ക് വേണ്ടി അധികം മീന്‍ കറി കരുതേണ്ട എന്ന് ..."
ഒരിക്കൽ കൂടി ചിരിച്ചു കൊണ്ട് അതും പറഞ്ഞു ഹരി അമ്മയുടെ കൈ പിടിച്ചു ചെമ്മൺ പാതയിലൂടെ നടന്നു പോയി...
അന്ന് മാഷ്‌ ഞങ്ങളോട് അപരിചിതരായ ആരെങ്കിലും ദേഹത്ത് തൊട്ടാൽ വീട്ടിൽ പറയണം എന്ന് പറഞ്ഞു, അന്നെന്തിനാ ഹരി പോയതെന്ന് ഇന്ന് മനസ്സിലാകുന്നുണ്ട്. ഹോസ്റ്റലിലെ വാർഡൻ ഹരിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയിരുന്നു, അന്ന് തുറന്നു പറയാൻ കുട്ടികൾക്ക് ഭയമായിരുന്നു,
എന്റെ ഹരി ആ ചെറു പ്രായത്തില്‍ ആ ക്രൂര മനുഷ്യനില്‍ നിന്നും എത്രയോ പീഡനങ്ങള്‍ സഹിച്ചു കാണും എന്നോര്‍ക്കുമ്പോള്‍ അവന്റെ ആ മൌനം അതിന്റെ ഉത്തരം തന്നെയെന്നു എനിക്ക് തോന്നി.
ഇന്നും ഇടയ്ക്ക് ഓർമകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എനിക്കു നേരെ കൈ വീശി നടന്നകന്നു പോകുന്ന ഹരിയുടെ ആ രൂപം ഓർമ്മ വരും.
പിന്നെ ആ നിഷ്കളങ്കമായ ചിരിയും. ഇന്നെവിടെയെങ്കിലും സുഖമായി വിവാഹമൊക്കെ കഴിച്ചു അവന്‍ ജീവിക്കുന്നുണ്ടാവും ...

എന്റെ സ്റ്റേഷൻ എത്തിയപ്പോൾ ഓർമകൾക്ക് വിരാമമിട്ടു കൊണ്ട് ഞാൻ എണീറ്റു .പക്ഷേ അപ്പോളും ഹരിയുടെ മുഖഭാഷയുള്ള ആ കുട്ടി അമ്മയുടെ മടിയിലിരുന്നു എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു......!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...