2018, മാർച്ച് 14, ബുധനാഴ്‌ച

കൊല്ലപ്പെട്ട ഭ്രൂണം

"സാറേ ..എനിക്കൊരു പരാതിയുണ്ട് ..."
"എന്താ മോന്റെ പരാതി ..?"
"എന്നെ അവര്‍ കൊന്നു ..അഴുക്കു ചാലുകളില്‍ വലിച്ചെറിഞ്ഞു ..."
"നിന്നെ കൊന്ന പരാതി നീ തന്നെ പറയുന്നോ ..?
വെറുതെ തമാശ പറയല്ലേ മോനെ ...
ആട്ടെ ആരാ നിന്നെ കൊന്നത് ..?"
"എന്റെ അച്ഛനും അമ്മയും ...."
"കൊള്ളാം നന്നായിരിക്കുന്നു ...
അല്ല ,എന്താ മോന്റെ പേര് ...?
ആരാ കൊന്നതിന്റെ സാക്ഷി ..?"
"എനിക്ക് പേരില്ല സാറേ ..
ഞാന്‍ തന്നെയാ ആദ്യ സാക്ഷി...!
പിന്നെ എന്നെ പൊതിഞ്ഞിരുന്ന എന്റെ അമ്മയുടെ ഗര്‍ഭപാത്രവും ..."
"എങ്ങനെയാ മോനെ ഞാന്‍ പരാതി രജിസ്റ്റര്‍ ചെയ്യുന്നത് ..?
മോന് പേരില്ല ...മോന്റെ അടയാളം നാട്ടിലെ റേഷന്‍ കാര്‍ഡിലോ,ആധാര്‍ കാര്‍ഡിലോ ഇല്ല ...
വ്യക്തമായ സാക്ഷി ഇല്ല .ഗര്‍ഭപാത്രം സാക്ഷി മൊഴി പറയുവാന്‍ പോലീസ് സ്റ്റേഷനിലോ കോടതിയിലോ വരുമോ ...?"
"എന്റെ കൊലപാതകം മനുഷ്യര്‍ക്ക്‌ അപ്രധാനം ആണല്ലേ സാറേ ..ഞാനും ഈ ലോകത്തിന്റെ മഞ്ഞും മഴയും വെയിലും പച്ചപ്പും ഒക്കെ ആസ്വദിച്ച് ,അമ്മയുടെ മുലപ്പാല്‍ രുചിച്ചു, മാതൃത്വത്തിന്റെ ചൂടേറ്റു ,അച്ഛന്റെ തണലില്‍ സ്വപ്നങ്ങള്‍ കണ്ടു ജീവിക്കുവാന്‍ ആഗ്രഹിച്ച ഒരു മനുഷ്യനല്ലേ.....?
എന്നെ അമ്മയുടെ വയറില്‍ വച്ച് ദയയുടെ ഒരു കണിക പോലും ഇല്ലാതെ കലക്കി കൊന്നപ്പോള്‍ എന്നെ ചുമന്ന ഗര്‍ഭപാത്ര ഭിത്തികള്‍ പ്രകമ്പനം കൊണ്ടിരുന്നു .ആ ഭിത്തികളില്‍ നിന്നും കണ്ണുനീര്‍ വന്നിരുന്നു .അമ്മയുടെ ശരീരത്തിലെ ഓരോ അവയവവും എന്നെ ക്രൂരമായി കൊലപ്പെടുത്തുന്നത് കണ്ടു നിലവിളിച്ചു .ആ നിലവിളികള്‍ ജീവന്‍ രക്ഷിക്കുവാന്‍ കടമയുള്ള ഡോക്ടറോ ,എന്റെ അമ്മയോ അങ്ങനെ ആരും കേട്ടില്ല ....
ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ പോലും ആരോടും തെറ്റു ചെയ്യാത്ത എന്നെ
അവര്‍ കൊന്നില്ലേ ......???"
"മോനെ ..ഞാനെന്തു പറയാന്‍ ..ചിലപ്പോള്‍ മോന്റെ അമ്മയുടെ ആരോഗ്യസ്ഥിതി ഒരു പ്രസവത്തിനു അനുയോജ്യം അല്ലാത്തത് കൊണ്ട് ഡോക്ടറുടെ നിര്‍ദേശ പ്രകാരം അവര്‍ ചെയ്ത തെറ്റ് ആയിരിക്കാം ..
അവര്‍ക്ക് മോന്‍ മാപ്പ് കൊടുത്തേക്കു ...."
"ഒരു അപകടം മൂലമോ ,അമ്മയുടെ ആരോഗ്യസ്ഥിതിയിലെ കുഴപ്പം മൂലമോ ആയിരുന്നില്ല സാറേ അവര്‍ എന്നെ കൊന്നത് ...
അവരുടെ സന്തോഷമായ ജീവിതത്തില്‍ അപ്പോള്‍ ഒരു കുഞ്ഞു വന്നാല്‍ അവര്‍ക്കിടയിലെ സ്നേഹം കുറയുമോ എന്ന് ഭയം .പിന്നെ പണം സംബാധിക്കുവാന്‍ വേണ്ടി ഓടുന്ന ഓട്ടത്തില്‍ എന്നെ കൂടി ചുമക്കുവാന്‍ അവര്‍ക്കിപ്പോ താല്പര്യമില്ലത്രേ ...
അങ്ങനെ അമ്മയുടെ ശരീരം നശിപ്പിച്ചു എനിക്കൊരു ജീവിതം വേണ്ട ...പക്ഷെ അവര്‍ അവരുടെ സ്വാര്‍ഥ താല്‍പര്യത്തിനു വേണ്ടി എന്നെ കൊന്നു .."
"മോനെ ഇന്നത്തെ നിയമ സംഹിത പ്രകാരം മോന്‍ പറഞ്ഞ പരാതിയില്‍ ഈ കൊലപാതകം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല ...എന്നോട് മോന്‍ ക്ഷമിക്കണം.."
"അച്ഛാ ...."
എന്ന് വിളിച്ചു പൊട്ടിക്കരഞ്ഞു കൊണ്ട് മറുപടി പറയാതെ ആകാശത്തിലെ നക്ഷത്ര ലോകത്തേക്ക് അവന്‍ മടങ്ങി.....
സ്വപ്നത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്ന പോലീസുകാരന്‍ കരഞ്ഞു കൊണ്ട് പിറുപിറുത്തു ...
" എന്റെ മോനെ ...ഞാന്‍ ആണല്ലോ എന്റെ മോനെ കൊലപ്പെടുത്തിയത് ....ഞാന്‍ തന്നെയാണ് ആ കൊലപാതകി ...ജോലിയുടെ തിരക്കു പിടിച്ച ഓട്ടത്തിനിടയില്‍ ഒരു കുട്ടി കൂടി വേണ്ടാന്ന് പറഞ്ഞു ഞാന്‍ ആണല്ലോ നിന്റെ അമ്മയെ കൊണ്ട് നിര്‍ബന്ധിപ്പിച്ചു ആ പാതകം ചെയ്യിപ്പിച്ചത് ...
മാപ്പ് തരൂ ഈ അച്ഛന് ....മാപ്പ് തരൂ മോനെ ....."
ഞാന്‍ കൊലപാതകിയാണ്‌ ..അയാള്‍ സ്വയം പുലമ്പി കൊണ്ടിരുന്നു ....അപ്പോഴും കോടിക്കണക്കിനു ശിശുക്കളുടെ ആത്മാവുകള്‍ നീതി തേടി പരാതികളുമായി അലഞ്ഞു കൊണ്ടിരുന്നു ...
ഒരു പരാതിയോ ,തെളിവെടുപ്പോ,
എഫ്.ഐ.ആറോ,സാക്ഷി മൊഴികളോ,വാദമോ ,വിചാരണയോ ,ന്യായ വിധിയോ ഒന്നുമില്ലാത്ത കൊലപാതകമാണ് ...
" ഗർഭഛിദ്രം...."

ഗര്‍ഭസ്ഥശിശുവിനെ ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ ക്രൂരമായി കൊലപ്പെടുത്തുന്ന സ്വാര്‍ഥ കച്ചവടം ....!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...