2018, മാർച്ച് 14, ബുധനാഴ്‌ച

മഴയെ പ്രണയിച്ചവന്‍

മഴയെ പ്രണയിച്ചവന്‍....!
മഴ പോലെയായിരുന്നു അവന്റെ ജീവിതം....
ഒരുപാടു സ്വപ്നങ്ങളുമായി പെയ്തിറങ്ങി വേദനയോടെ പകുതിക്ക് വച്ച് നിന്നു പോയൊരു മഴത്തുള്ളിയായി അവനും....
ബാല്യത്തിൽ അവനു മഴയോട് പിണക്കമായിരുന്നു. മഴയെ അവൻ ദേഷ്യത്തോടെയും ഭീതിയോടുമായിരുന്നു കണ്ടിരുന്നത് ...,
മഴയ്ക്ക് നിറച്ചാർത്തണിയാൻ വേണ്ടി വരുന്ന മിന്നൽ പിളർപ്പിനെയും ഇടിമുഴക്കത്തെയും അവൻ വല്ലാതെ ഭയന്നിരുന്നു....,
ഇടയ്ക്ക് വീശുന്ന കാറ്റിൽ നിലം പതിക്കുന്ന വൃക്ഷച്ചില്ലകളിൽ നിന്നും തള്ളപ്പക്ഷികളുടെയും കുഞ്ഞി പക്ഷികളുടെയും ആർത്തനാദം അവനെ വല്ലാതെ വേദനിപ്പിച്ചിരുന്നു...,
ചേച്ചിയോടൊപ്പം നാട്ടുവഴികളും തൊടികളും കയറിയിറങ്ങി പൂക്കള്‍ പറിച്ചു മുറ്റത്ത് ഭംഗിയായി ഒരുക്കുന്ന അത്തപൂക്കളം ശീഘ്രം വന്നു നശിപ്പിച്ചു പോകുന്ന ചാറ്റല്‍ മഴയോട് അവനു പരിഭവമായിരുന്നു.....,
തന്റെ കൂട്ടുകാരോടൊത്തുള്ള വയല്‍ കളികൾക്ക് ഭംഗം വരുത്തി നിർത്താതെ പെയ്യുന്ന വേനല്‍ മഴയോടും അവനു പിണക്കമായിരുന്നു....,
പുത്തനുടുപ്പും പുസ്തകങ്ങളും നനയ്ക്കുന്ന തുലാമഴയെയും അവനിഷ്ടമില്ലായിരുന്നു.....
പിന്നീടെപ്പോഴോ,വരള്‍ച്ചയില്‍ കരിഞ്ഞുണങ്ങിയ അവന്‍ നട്ടു വളര്‍ത്തിയ ചെടികള്‍ കാലം തെറ്റിയ മഴപ്പെയ്ത്തില്‍ വീണ്ടും പുനര്‍ജനിച്ചപ്പോള്‍ അവന്‍ 'മഴ'യെ ഇഷ്ടപ്പെട്ടു തുടങ്ങി ,
മഴ അവനെയും....!
അവൻ ആഗ്രഹിക്കുന്ന നേരമെല്ലാം മഴ അവനു വേണ്ടി പെയ്തിറങ്ങി....
ആദ്യമായി ഒരു പെൺകുട്ടിയോട് അവനു പ്രണയം തോന്നിയതും ഒരു മഴക്കാലത്താണ്....,
നനഞ്ഞൊട്ടിയ തുണിയുമായി പുസ്തകം നെഞ്ചോടടക്കി തന്റെ കുടക്കീഴിൽ ഓടിക്കയറിയ അവളെ കാണുമ്പോള്‍ അവനാദ്യം അദ്ഭുതമായിരുന്നു,
പിന്നെപ്പോഴോ അവന്റെ മനസ്സിൽ അവളോട് പ്രണയത്തിന്റെ വിത്തെറിഞ്ഞു കൊടുത്തതും അതിനെ നനച്ചു വലുതാക്കിയതും ആ മഴയായിരുന്നു...,
അവന്റെ പ്രണയം തുറന്നു പറയാൻ അവസരമൊരുക്കിയതും അതിനു കൂട്ടു നിന്നതും മഴ തന്നെയായിരുന്നു.....,
മഴവെള്ളത്തിൽ തെന്നി വീണ അവളെ കൈ പിടിച്ചെഴുന്നേല്‍പ്പിച്ചു കാൽമുട്ടിൽ നിന്നും പൊടിഞ്ഞിറങ്ങിയ ചോരക്കണം തന്റെ തൂവാല കൊണ്ട് ഒപ്പിയെടുത്തു കൊണ്ട് കുടക്കീഴിലേക്ക് അവളെ ചേർത്തു പിടിച്ചു പ്രണയമറിയിക്കാൻ അവനു പറഞ്ഞു കൊടുത്തതും മഴയായിരുന്നു......,
മഴ പെയ്യുന്നതിനു മുന്‍പുള്ള അവസ്ഥ പോലെ ആയിരുന്നു പാടവരമ്പില്‍ അവളെ പ്രതീക്ഷിച്ചു നില്‍ക്കുന്ന അവന്റെ കാത്തിരിപ്പ് ....
പെയ്തു തോരല്‍ എന്ന നിര്‍വൃതിക്ക് വേണ്ടിയുള്ള മനോഹരമായ കാത്തിരിപ്പ് ....,
പുലർമഴയിൽ ഒരു കുടക്കീഴിൽ അവള്‍ക്കൊപ്പം മഴയും മഞ്ഞും കൂടി ഇലകളെ ഉമ്മ വെക്കുന്നത് കണ്ട് കൊണ്ട് നടന്ന് അമ്പലത്തില്‍ പോകുമായിരുന്നു അവന്‍.
അന്നായിരുന്നു തൊടുകുറി അണിഞ്ഞ അവളുടെ നെറ്റിയില്‍ ആദ്യമായി അവന്‍ "മഴചുംബനം" നല്‍കിയത് ...,
അവളുമൊത്തുള്ള യാത്രകളിൽ കൂട്ടായി മഴയെത്തുമായിരുന്നു.അവര്‍ ഒരുമിച്ചു ഓരോ മഴയും പ്രണയ മഴയായി ഹൃദയത്തിലേറ്റി ആസ്വദിച്ചു കൊണ്ടിരിന്നു .....,
കാട്ടില്‍ മഴ പെയ്യുന്നത് കാണാന്‍ ....,
കടലില്‍ മഴ പെയ്യുന്നത് കാണാന്‍ ....,
രാത്രിമഴയുടെ ഭംഗി ആസ്വദിക്കുവാന്‍ .....,
ഇടക്കൊക്ക അവന്‍ രണ്ടു കൈകളും ആകാശത്തേക്ക് വിടര്‍ത്തി പിടിച്ചു മുഖമുയര്‍ത്തി പെരുമഴ നനയുമായിരുന്നു......
ആവി പറക്കുന്ന കട്ടന്‍ ചായയുമായി ഉമ്മറപ്പടിയിൽ തൂണും ചാരി അവന്‍ അമ്മക്കൊപ്പം ഇരുന്നു കപ്പലണ്ടിയും കൊറിച്ചു കൊണ്ട്ചാറ്റല്‍ മഴ ആസ്വദിക്കുമായിരുന്നു....
അസ്തമയ സൂര്യന്റെ കിരണങ്ങളെ മറി കടന്നെത്തുന്ന ചാറ്റല്‍ മഴയ്ക്ക് പ്രത്യേക ഭംഗിയായിരുന്നു ,
ഒരുപക്ഷെ നനുത്ത കണ്ണുകളുള്ളൊരു നാട്ടിന്‍പുറത്തുകാരി പെണ്ണിന്റെ ചേല്...
ആ മഴ ആസ്വദിക്കാൻ തന്നെ ഭംഗിയാണ്....,
പ്രണയിനിയുടെ ഓർമകളിലൂടെ രാത്രി തുറന്ന ജനാലയ്ക്കരുകിൽ പാതിരാക്കാറ്റേറ്റ് സ്വപ്നം കാണുമ്പോൾ സ്വപ്നങ്ങൾക്ക് ജീവൻ നൽകാൻ വരുന്ന പാതിരാ മഴത്തുള്ളികൾക്ക് അവന്റെ കാമുകിയുടെ അതേ വശ്യതയായിരുന്നു....
ആ മഴനൂല്‍ തുള്ളികള്‍ക്ക് അവളുടെ നനഞ്ഞ ചുണ്ടുകളുടെ തണുപ്പായിരുന്നു ....,
പലപ്പോഴും മഴയ്ക്ക് പല നിറങ്ങളാണെന്നവന് തോന്നിയിട്ടുണ്ട് ....
വെളുപ്പിന് പെയ്യുന്ന മഴയ്ക്ക് മഞ്ഞിന്റെ വെളുത്തനിറം...,
ഉച്ച വെയിലില്‍ പെയ്യുന്ന മഴയ്ക്ക് മഴവില്ലിന്റെ വര്‍ണ്ണനിറം ......,
സായംകാലത്തെ മഴയ്ക്ക് പട്ടുപുടവയുടെ സ്വര്‍ണ്ണനിറം ..... ,
രാത്രിമഴക്ക്‌ നാടൻപെണ്ണിന്റെ നീണ്ട ചുരുണ്ട മുടിയുടെ കറുത്ത നിറവുമായിരുന്നു....,
ഏതോ തുലാവര്‍ഷപെയ്ത്തില്‍ അവന്റെ പ്രണയം എന്നെന്നേക്കുമായി നഷ്ടമായപ്പോൾ അവന്റെ കരച്ചിലിനൊപ്പം മഴയും കരഞ്ഞു....,
അവന്റെ ഹൃദയം തേങ്ങിയപ്പോൾ ആ കണ്ണുനീർ ആരും കാണാതിരിക്കാൻ അവനുമേൽ ശക്തമായി മഴ പെയ്തിറങ്ങി....,
അവനൊപ്പം പകലുകളും രാത്രികളുമില്ലാതെ മഴ കരഞ്ഞു തീർത്തു.... ,
സൂര്യരശ്മി പോലും കടന്നുവരാൻ അനുവദിക്കാതെ മഴ അവനൊപ്പം ആശ്വാസമായി നിന്നു.....
വര്‍ഷകാലം മുഴുവന്‍ മഴയെ പ്രണയിച്ചു ആലിംഗനത്തില്‍ മുഴുകിയ അവന്‍ , മഴയുടെ ഏതോ കരസ്പര്‍ശനത്തില്‍ ചുട്ടു പൊള്ളുന്ന 'മഴപ്പനി'യില്‍ എരിഞ്ഞടങ്ങേണ്ടി വന്നു ...!!!
.
അവന്റെ മരണവും മഴയുടെ സാന്നിധ്യത്തിൽ തന്നെയായിരുന്നു......,
മഴ അന്ന് രൗദ്രഭാവം പൂണ്ടു മരങ്ങൾ കടപുഴക്കി.., പുഴകൾ കലങ്ങിയൊഴുകി ....,
വയലുകളും തോടുകളും നിറഞ്ഞൊഴുകി... ,
വെള്ളപ്പൊക്കം നാശങ്ങള്‍ വിതച്ചു ....,
മഴ മുടിയഴിച്ചിട്ടു അലറിക്കരഞ്ഞു....,
മഴക്കരച്ചില്‍ കേട്ടു കാറ്റും ,മിന്നലും ,പ്രകൃതിയുമെല്ലാം ചേര്‍ത്ത്പിടിച്ചു ആശ്വസിപ്പിച്ചു .....
മഴ ശാന്തമായ നേരം അവന്റെ ദേഹം തെക്കേത്തൊടിയിലൊരുക്കിയ ചിതയില്‍ അഗ്നിയെ പുല്കാൻ തുടങ്ങി.....!
എന്നാൽ മഴ ഭ്രാന്തിയെപ്പോലെ അവന്റെ ദേഹം അഗ്നി വിഴുങ്ങാതെ അണച്ചു കൊണ്ടേയിരുന്നു....
കാരണം മഴയ്ക്കവനോട് പ്രണയമായിരുന്നു....!
അതെ ....
"മഴയെ പ്രണയിച്ചവന്‍ 'പനി ' പിടിച്ചു മരിച്ചു,
മഴ അപ്പോഴും പെയ്തു കൊണ്ടിരുന്നു ...
അവന്റെ ചിതയിലെ തീ കെടുത്താന്‍ ....".

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...