2018, മാർച്ച് 14, ബുധനാഴ്‌ച

സിറിയ ...!!

" അല്ലയോ ദൈവമേ ....
ഞങ്ങളുടെ വിശപ്പൊന്നു തീര്‍ത്തു തരണമേ...."
മിസൈലുകള്‍....,
അണുബോമ്പുകള്‍.....,
രാസായുധങ്ങള്‍....... ,
യന്ത്രതോക്കുകള്‍.....,
ഷെല്ലുകള്‍..... ,
പാറ്റന്‍ ടാങ്കുകള്‍...... അങ്ങനെ സൃഷ്ടിക്കപ്പെട്ടതിനു ശേഷം ഇതു വരെ ഒരു ശരീരത്തില്‍ തുളച്ചു കയറി വിശപ്പടക്കാനും,ചോര മോന്തി ദാഹം തീര്‍ക്കാനും കഴിയാതെ അവര്‍ ദൈവത്തിനു മുന്‍പില്‍ ഭക്ഷണം കഴിക്കുവായി മെഴുകുതിരി കൊളുത്തി പ്രാര്‍ഥിച്ചു....
ആയുധങ്ങളുടെ വിശപ്പിന്റെ വിളി ദൈവം കേട്ടു.അവര്‍ക്ക് വേണ്ടി തീവ്രവാദികള്‍ ആയ പിഞ്ചു കുഞ്ഞുങ്ങളുടെയും,പുരുഷന്‍ നഷ്ടപ്പെട്ടു വിലപിക്കുന്ന സ്ത്രീകളുടെയും ,നിരായുധരായ ചെറുപ്പക്കാരുടെയും ശരീരങ്ങള്‍ ഭക്ഷണമായി നല്‍കി ....
വയറു നിറയെ ഭക്ഷണം കഴിച്ചു ഒരു ഏമ്പക്കവും വിട്ടു ആയുധങ്ങള്‍ കൈ കഴുകി എഴുന്നേറ്റു പോയി ...
ചിന്നിച്ചിതറിയ ശവശരീരങ്ങള്‍ ....,
കണ്ണും കാതും നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ .....,
പാതി വെന്ത മാംസകഷണങ്ങള്‍ .....,
നഷ്ട്ടപ്പെട്ടവരുടെ കാതു കൊല്ലിക്കുന്ന അലര്‍ച്ചകള്‍ ...,
സഹതാപം തേടുന്ന ചോരനയനങ്ങള്‍ .....,
കുന്നു പോലെ കൂട്ടിയിട്ട കുഞ്ഞു ശരീരങ്ങള്‍ .....,
എച്ചില്‍ പോലെ ഇവയെല്ലാം ബാക്കിയായി .....!
ഇതൊരു സിറിയയിലെ മാത്രം കാഴ്ചയല്ല.ലോകം മുഴുവന്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ക്രൂരതയുടെ നേര്‍കാഴ്ചകള്‍ തന്നെയാണ്.ഒരു രാജ്യത്തിനകത്തെ യുദ്ധം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ആ രാജ്യത്തെ സ്ത്രീകളെയും കുട്ടികളെയും തന്നെയാണ്.സംരക്ഷണം ഏറ്റെടുക്കേണ്ട പുരുഷന്മാര്‍ ആയുധം ഏന്തി ജീവന്‍ ബലികഴിക്കുമ്പോള്‍ ബാക്കിയാകുന്ന വെറും വേട്ടമൃഗങ്ങള്‍ മാത്രമാകുന്നു കുഞ്ഞുങ്ങളും സ്ത്രീകളും.അതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ് സിറിയയിലെ കൂട്ടിയിട്ടിരിക്കുന്ന കുഞ്ഞുങ്ങളുടെ ശരീരങ്ങളും,ഭക്ഷണം വാങ്ങാന്‍ വരുന്ന സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്ന വാര്‍ത്തകളും.
ഏതൊരു രാജ്യത്തും ആഭ്യന്തരയുദ്ധവും സന്തുലിതാവസ്ഥയും ഉണ്ടായാല്‍ ആ രാജ്യത്തെ വഴിയെ പോകുന്നവര്‍ക്ക് വരെ അധിനിവേശം ചെയ്യാന്‍ കഴിയും.അത് തന്നെയാണ് ഇന്ന് സിറിയയിലും,ഇറാക്കിലും,യെമനിലും അങ്ങനെ ചുറ്റും നടക്കുന്ന എല്ലാ കത്തി കൊണ്ടിരിക്കുന്ന രാജ്യങ്ങളിലും സംഭവിക്കുന്നത്‌ ...
ആയുധകച്ചവടക്കാര്‍ക്ക് നിങ്ങളുടെ തമ്മില്‍ തല്ലു മുതലെടുക്കുവാന്‍ കഴിയും എന്ന് ബോധം പോലും ഇല്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല ...
ഇസ്ലാമിക രാജ്യം പുനസ്ഥാപിക്കും എന്ന് പറഞ്ഞു തോക്കും ബോംബും കൊണ്ട് ഇറങ്ങിയവര്‍ സൃഷ്ടിച്ചത് കുഞ്ഞുങ്ങളുടെ ശവങ്ങളും .സ്ത്രീകളുടെ കണ്ണുനീരും കൊണ്ട് കെട്ടി പൊക്കിയ ശവകോട്ട മാത്രമാണ്.
ഇതാണോ നിങ്ങളുടെ രാജ്യം ...??
ഇതിനൊക്കെ പിന്നില്‍ ചോരക്കൊതിയന്മാരായ അമേരിക്ക,ബ്രിട്ടന്‍,റഷ്യ അങ്ങനെയുള്ളവര്‍ ആണെങ്കില്‍ എന്തിനു നിങ്ങള്‍ അവര്‍ക്ക് കൊട്ടാനുള്ള വെറും ചെണ്ടയായി നിന്ന് കൊടുക്കണം ..?
ഭിന്നത ഉള്ളിടത്ത് മാത്രം നുഴഞ്ഞു കയറി ആധിപത്യം സ്ഥാപിക്കുന്ന വിദേശശക്തികളുടെ അടവ് നയങ്ങള്‍ക്ക് മുന്‍പില്‍ ഞങ്ങള്‍ ഒന്നാണ് എന്ന് പറഞ്ഞു ഒരു രാജ്യമായി നിന്നാല്‍ തീരുന്നു പ്രശ്നമേ നിങ്ങള്‍ക്കുള്ളൂ.എല്ലാം കത്തി തീര്‍ന്നിട്ട് അങ്ങനെ ഒരു ചിന്ത ഉദിച്ചിട്ടും കാര്യമില്ല .
കണ്ടവന്മാര്‍ക്ക് കയറി ബോംബിട്ടു കളിക്കാന്‍ സ്വന്തം രാജ്യത്തെ കൂട്ടിക്കൊടുത്ത ഓരോ സിറിയന്‍ പൌരനും അവിടെ ചിന്തിയ നിരപാരാധിളായ കുഞ്ഞുങ്ങളുടെ ചോരക്കു കണക്കു പറയാന്‍ ബാധ്യസ്ഥരാണ് .
ഏറ്റവും നല്ല തമാശയാണ് ..ബോംബിട്ടു കുറെ പേരെ കൊന്നതിനു ശേഷം വൈദ്യ സഹായം നല്‍കാന്‍ എന്ന് പറഞ്ഞു 'വെടി നിര്‍ത്തല്‍' പ്രഘ്യാപിക്കുന്ന ലോക സമാധാന സംഘടന .പാതി കത്തിയ ജീവനില്‍ മരുന്ന് വച്ച് സുഖമാക്കിയത്തിനു ശേഷം വീണ്ടും അവരെ വെടി വച്ച് കൊല്ലുന്നു...നല്ല രസമാണ് അവര്‍ക്കൊക്ക ഇങ്ങനെ കൊല്ലാക്കൊല ചെയ്തു കൊല്ലാന്‍ ..
സിറിയയെ കുറിച്ച് പറഞ്ഞാല്‍ എന്ത് കൊണ്ട് നിങ്ങള്‍ സൗദി കൊല്ലുന്ന യെമനിലെ കുഞ്ഞുങ്ങളെ കുറിച്ച് പറയുന്നില്ല അല്ലെങ്കില്‍ സോമാലിയയിലെ വിശപ്പിനെ കുറിച്ച് പറയുന്നില്ല എന്നൊക്കെ ചോദിക്കുന്നത് കേള്‍ക്കാം.എവിടെ കുഞ്ഞുങ്ങള്‍ ഇത് പോലെ കൂട്ടക്കൊല ചെയ്യപ്പെട്ടാലും,അതിപ്പോ ആരു ചെയ്താലും അവര്‍ക്ക് വേണ്ടി ഞാന്‍ എഴുതും കാരണം എന്റെ തൂലികയുടെ മുകളില്‍ കോണ്ടം പോലെ മത,രാജ്യ,വര്‍ഗ്ഗീയ,വിദ്വേഷ പുതപ്പു അണിഞ്ഞിട്ടില്ല.മനുഷ്യത്വം മരിക്കുന്ന കാഴ്ചകള്‍ക്ക് നേരെ കണ്ണടക്കുവാനും ശീലിച്ചിട്ടില്ല.ഈ വാക്കുകള്‍ കൊണ്ടുള്ള നിലവിളിയിലൂടെ എങ്കിലും എന്റെ പ്രതിഷേധം ഞാന്‍ അറിയിക്കും.
ഇറാക്ക് ആയാലും ,സിറിയ ആയാലും,യെമന്‍ ആയാലും,പാകിസ്ഥാന്‍ ആയാലും,ഇന്ത്യ ആയാലും അങ്ങനെ ഏതു രാജ്യം ആയാലും ഒന്നിന്റെ പേരിലും പിഞ്ചു കുട്ടികള്‍ കൊല്ലപ്പെടാതിരിക്കട്ടെ....!!
നാടിന്റെ ആത്മാവുകള്‍ പറയുന്നു ...
എന്റെ വേദന നിങ്ങള്‍ ആഘോഷിച്ചു .....,
എന്നെ തോല്‍പ്പിച്ച ലഹരി പതഞ്ഞു പൊങ്ങി...,
എന്റെ മാറിടം നിങ്ങള്‍ തകര്‍ത്തു ......,
എന്റെ കുഞ്ഞുങ്ങള്‍ക്ക്‌ നിങ്ങള്‍ മിസൈല്‍ കളിപ്പാട്ടങ്ങള്‍ നല്‍കി ......,
വിശക്കുന്നവനു ഭക്ഷണം പോലെ ബോംബുകള്‍ വിതറുന്ന നിന്റെ പോര്‍വിമാനങ്ങള്‍ ....,
എന്റെ മക്കള്‍ 'ഓക്സിജന്‍ ...ഓക്സിജന്‍ ..' എന്ന് വാവിട്ടു കരഞ്ഞു നിലവിളിക്കുമ്പോള്‍ നിങ്ങള്‍ നന്നായി അട്ടഹസിക്കുക ......

കാരണം, ഞാന്‍ ഈ ലോകത്തിന്റെ മാതൃകയാണ് ....!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...