2018, മാർച്ച് 14, ബുധനാഴ്‌ച

അന്ത്യ ചുംബനം


വല്ലാത്തൊരു മരവിപ്പിലാണ് ഞാനിപ്പോള്‍...

അതിവേഗത്തിലോടുന്ന വാഹനത്തേക്കാൾ മുന്നിൽ വീടെത്താൻ ഹൃദയം വെമ്പൽ കൊള്ളുകയാണ്.
എന്നെ തേടിയെത്തിരിക്കുന്നത് വലിയൊരു ശൂന്യതയാണ്.ഇനിയൊരിക്കലും നികത്തുവാൻ കഴിയാത്തൊരു ശൂന്യത...
കോൺഫെറെൻസ് ഹാളിൽ ഇരിക്കുമ്പോഴാണ് മീരയുടെ ഫോൺ വന്നത്. തിരക്കു കാരണം അപ്പോള്‍ തന്നെ ഫോണ്‍ ഓഫ്‌ ചെയ്തു വച്ചു.രണ്ടര മണിക്കൂർ നീണ്ടു നിന്ന ആശയ സംവാദങ്ങൾക്കൊടുവിൽ തിരക്കൊഴിഞ്ഞപ്പോൾ ഫോൺ ഓൺ ചെയ്തു. മീരയുടെ ഒരുപാട് മെസ്സേജുകൾ വാട്സപ്പിലേക്ക് നിരനിരയായി വന്നു കൊണ്ടിരുന്നു പക്ഷെ അതൊന്നും നോക്കാൻ ശ്രമിക്കാതെ ഞാന്‍ അവളെ വിളിച്ചു. മറുവശത്തു ഒരു തേങ്ങൽ...
"ഏട്ടാ...അച്ഛൻ പോയി... "
പിന്നെ ഒന്നും ഞാന്‍ കേട്ടില്ല.അടുത്തു കിടന്ന കസേരയിലേക്ക് ചാഞ്ഞു,എയര്‍ കണ്ടീഷന്റെ കൊടും തണുപ്പിലും ഞാന്‍ വിയർത്തു കുളിച്ചു.
അച്ഛൻ പോയെന്നോ.... ??
ഒരു മരവിപ്പ് ശരീരത്തെയും മനസ്സിനെയും ബാധിച്ചു. ആരോടും ഒന്നും പറയാതെ നേരെ അവിടെ നിന്നിറങ്ങി.
" ബാലാ... വണ്ടിയെടുക്ക്... "
ബാലൻ ഒന്നും മിണ്ടാതെ വണ്ടിയെടുത്തു.
അവൻ അറിഞ്ഞിട്ടുണ്ടാവും കാര്യങ്ങള്‍. മീര ഫോണിൽ തന്നെ കിട്ടാതായപ്പോൾ ബാലനെ വിളിച്ചിട്ടുണ്ടാവും..
അച്ഛനെക്കാളേറെ കരുതൽ നൽകാൻ ഈ ഭൂമിയിൽ ആർക്കാണ് കഴിയുക...??
അമ്മ പത്തു മാസം ചുമന്ന കഥ പറയും പോലെ ഒരിക്കലും ചെയ്യുന്ന ത്യാഗങ്ങൾക്ക് കണക്കു പറയാത്തവൻ....,
ജനിക്കും മുന്നേ സ്നേഹിച്ചു തുടങ്ങുന്നവൻ...,
ഒരിക്കൽ ആ കൈകളിൽ തൂങ്ങിയായിരുന്നു എന്റെ നടത്തം മുഴുവനും.ആദ്യാക്ഷരത്തിന്റെ മധു നുകരാനും ,പള്ളിപ്പെരുന്നാള് കൂടാനും, ഒക്കെ തനിക്കാ വിരൽത്തുമ്പ് വേണമായിരുന്നു.ശിവൻ കോവിലിൽ ഉത്സവത്തിന് അച്ഛന്റെ തോളിലേറി വയല്‍ വരമ്പിലൂടെ പോയതും.ചൂണ്ടിക്കാട്ടുന്ന കളിക്കോപ്പുകളെല്ലാം വാങ്ങിത്തന്നതുമെല്ലാം അയാളുടെ മനസ്സിലേക്കിരമ്പി വന്നു.
പിന്നെ എപ്പോഴാണ് അച്ഛനെ ഞാന്‍ ഒരു നികൃഷ്ടനായി കാണാൻ തുടങ്ങിയത്...??
വെറുപ്പിന്റെ തീക്കനലുകൾ അറിയാതെയാണെങ്കിലും ആദ്യമായി കുഞ്ഞു മനസ്സിലേക്കു കോരിയിട്ടു തന്നത് അമ്മയായിരുന്നു .ഒരിക്കലും അമ്മ കരുതിയിട്ടുണ്ടാവില്ല ആ കനലുകൾക്ക് വലിയൊരു അഗ്നികുണ്ഡമൊരുക്കാൻ കഴിയുമെന്ന്.ചെറിയ തെറ്റുകൾക്ക് പോലും "അച്ഛൻ വരുമ്പോൾ പറഞ്ഞു കൊടുക്കട്ടെന്നു.." പറഞ്ഞു ഭീഷണിപ്പെടുത്തിയും ചിലതിനൊക്കെ അടി വാങ്ങി തന്നും, അടി തുടങ്ങുമ്പോൾ ഓടി വന്നു തടഞ്ഞും അച്ഛനോടുള്ള സ്നേഹവും അമ്മ പതിയെ തട്ടിയെടുത്തു...
വളരും തോറും എന്റെ കുരുത്തക്കേടുകളും വളര്‍ന്നു ഒപ്പം അച്ഛന്റെ ശാസനകളും അങ്ങനെ എനിക്കച്ഛനോടുള്ള അകലവും കൂടിക്കൂടി വന്നു,എനിക്ക് പുറകിൽ ഇളയവർ രണ്ടു പേർ പെണ്‍കുട്ടികളായപ്പോള്‍ അച്ഛൻ വേറൊരാളായി മാറി. ഒന്നിനും കണക്കു പറയാതിരുന്ന അച്ഛൻ പതിയെ പതിയെ സാധനങ്ങളുടെ കണക്കുകൾ ആവർത്തിച്ചു പറയാൻ തുടങ്ങി.പരീക്ഷയ്ക്കോ മറ്റോ മാർക്ക് കുറഞ്ഞാൽ വീട്ടിലേക്ക് കയറിച്ചെല്ലാൻ തന്നെ പേടിയായിരുന്നു.പറമ്പിൽ കലപ്പ പിടിക്കുന്ന അച്ഛന്റെ കൈക്ക് കാരിരുമ്പിന്റെ ബലവും കാളക്കൂറ്റന്റെ ശക്തിയുമായിരുന്നു. ആ കൈ വെച്ചു കിട്ടുന്ന അടിയുടെ വേദന അച്ഛനോടുള്ള വെറുപ്പിന്റെ ആഴം കൂട്ടിയിരുന്നു..
ഒരിക്കൽ വഴിവക്കിൽ കൂട്ടുകാരുമായി തല്ലു കൂടിയതിനു പുളിയന്മാവിന്റെ ചുവട്ടിൽ കെട്ടിയിട്ടാണ് അച്ഛൻ തന്നെ അടിച്ചത്.അന്ന് അച്ഛനൊന്നു മരിച്ചു പോയിരുന്നെങ്കിൽ എന്ന് അറിയാതെ ആഗ്രഹിച്ചു പോയിരുന്നു..!!
സ്കൂൾ പഠനം കഴിഞ്ഞു കലാലയ ജീവിതത്തിലേക്കു കാൽ വച്ചപ്പോൾ അവിടെയും അച്ഛൻ കുറെ വിലക്കുകൾ വച്ചു.വീട്ടിൽ സുഹൃത്തുക്കളെ കൊണ്ടു വാരാൻ പാടില്ല, കോളേജ് വിട്ടാൽ കവലയിൽ അധികം കറങ്ങാതെ തിരി തെളിയും മുന്നേ വീട്ടിലെത്തുക. അങ്ങനെ പലതും എന്നെ വളരെയധികം നീരസപ്പെടുത്തിയിരുന്നു.പക്ഷെ പിന്നീടതൊക്കെ ദീര്‍ഘവീക്ഷണമുള്ളൊരു അച്ഛന്റെ മുന്‍കരുതലാണെന്ന് മനസ്സിലാക്കാൻ എനിക്കൊരു അച്ഛനാകേണ്ടി വന്നു.
കലാലയ ജീവിതത്തിൽ പരിചയപ്പെട്ടൊരു പെണ്‍കുട്ടിയോട് തോന്നിയ പ്രണയം പഠനം കഴിഞ്ഞ ശേഷവും ഞാൻ തുടർന്നു.പാരലൽ കോളേജ് അധ്യാപകനായിരിക്കെ അവളെ ജീവിതസഖി ആക്കണമെന്ന എന്റെ തീരുമാനത്തെ അച്ഛൻ എതിർത്തത്
"നീയത് ചെയ്താൽ ഈ ഉത്തരത്തിൽ ഞാൻ തൂങ്ങിയാടും... "
എന്ന ഒരൊറ്റ വാക്കുകൊണ്ടായിരുന്നു ,
"ജീവിക്കാൻ നിനക്കൊരു തൊഴിലുണ്ടോ..?
നിനക്കു താഴെ പെൺപിള്ളേർ രണ്ടു പേരാ വലുതായി വരുന്നത്,നിനക്കോ ചിലവിനു തരുന്നത് ഞാന്‍ ഇനി നീ കെട്ടുന്നവൾക്ക് കൂടെ ചിലവിനു നൽകാൻ എനിക്കാവില്ല. ഒരുപയോഗവുമില്ലാത്ത ജന്മം. പെണ്ണുകെട്ടണം പോലും തൂഫ്... "
എന്നു പറഞ്ഞിറങ്ങി പോയ അച്ഛന്റെ മുഖത്തെ ഭാവം പുച്ഛമായിരുന്നു.അതോടു കൂടി അച്ഛനും ഞാനുമായി മിണ്ടാതെയായി,
പിന്നീടങ്ങോട്ട് വാശിയായിരുന്നു...
ജോലി വാങ്ങാനും പണം സമ്പാദിക്കാനുമുള്ള വാശി, അച്ഛന്റെ മുന്നിൽ ജയിച്ചു കാട്ടാനുള്ള വാശി , വാശിയിൽ ഞാൻ ജയിച്ചു.
ജോലി കിട്ടി... അവിടെ നിന്നും കിട്ടിയ സൗഹൃദങ്ങൾ ജീവിതത്തിൽ വലിയ വഴിത്തിരിവായി.ബിസ്സിനസ്സ് മേഖലയിലേക്ക് കൈ പിടിച്ച് നടത്തിയത് അവരാണ്. ഇന്ന് ഈ നാല്‍പ്പത്തിയെട്ടാം വയസ്സിൽ അനവധി സ്ഥാപനങ്ങളുടെ ഉടമയാണ് ഞാന്‍. അതിനൊക്കെ തന്നെ സഹായിച്ചത് അച്ഛന്റെ ശാസനകളും ,ഉള്ളറിഞ്ഞ അനുഗ്രഹങ്ങളുമായിരുന്നു....
ജോലി കിട്ടി ആദ്യം കിട്ടിയ ശമ്പളം അച്ഛന് മുന്നിൽ വച്ചു അമ്മയുടെ കൈകളിൽ വച്ചു കൊടുക്കുമ്പോൾ എനിക്ക് വിജയിയുടെ ഭാവമായിരുന്നു ..പിന്നീട് വീട്ടുഭരണം ഞാനേറ്റെടുത്തപ്പോൾ മൗനമായി അച്ഛൻ എനിക്കു പിന്നില്‍ മാറി നിന്നു...
പിന്നീടു പലപ്പോഴും തോന്നിയിട്ടുണ്ട് പരാജയങ്ങൾ ഏറ്റു വാങ്ങുമ്പോഴും, നേർവഴിയിൽ നിന്നും മാറി നടക്കാൻ തുടങ്ങുമ്പോഴും, വേദനിക്കുമ്പോഴുമെല്ലാം, ഒരു ചൂണ്ടുവിരലിന്റെ അറ്റം കൊണ്ടച്ഛൻ വഴി കാട്ടി തന്നിരുന്നുവെന്ന്.എങ്കിലും എന്നും ഒരു അകലം അച്ഛനിൽ നിന്നും താൻ സൂക്ഷിച്ചിരുന്നു, പലപ്പോഴും ക്രൂരമായി സംസാരിച്ചിരുന്നു... അതൊക്കെ ഓർത്തയാളുടെ ഹൃദയം നീറിയെരിഞ്ഞു...
"സാർ വീട്ടിലേയ്‌ക്കോ...??
ആശുപത്രിയിലേക്കോ.... ??"
ബാലന്റെ ചോദ്യം എന്നെ ഓർമകളിൽ നിന്നും ഞെട്ടി എഴുന്നേൽപ്പിച്ചു "ഹോസ്പിറ്റലിലേക്ക് "ഞാൻ മറുപടി നൽകി.മിനിട്ടുകൾക്കകം ഞങ്ങൾ ആശുപത്രിയിലെത്തി.കാൽ ഒരു യന്ത്രത്തെ പോലെ ആശുപത്രിക്കുള്ളിലേക്കെന്നെ വിളിച്ചു കൊണ്ടു പോയി....
'അമ്മ ആശ്രയം നഷ്ടപ്പെട്ടവളെ പോലെ നിശ്ചലയായിരിക്കുന്നു.... മീരയും പെങ്ങന്മാരും കരഞ്ഞു കൊണ്ട് അമ്മയ്ക്കരികിലുണ്ട് കരയുന്നു.
"ബോഡി കൊണ്ടു പോകാം.. ഇവിടെത്തെ നടപടികളൊക്കെ കഴിഞ്ഞു "
ഇളയ സഹോദരി ലക്ഷ്മിയുടെ ഭർത്താവാണത് പറഞ്ഞത് " ഉം " ഞാനൊന്നു അമർത്തി മൂളി.
"അച്ഛനൊപ്പം ആംബുലൻസിൽ ഞാൻ മാത്രം മതി "
എല്ലാരും കേൾക്കെ ആരോടെന്നില്ലാതെ ഞാൻ പറഞ്ഞു/ ആംബുലൻസിൽ വച്ചയാൾ അച്ഛന്റെ നെറ്റിയിൽ വർഷങ്ങൾക്കിപ്പുറം ചുംബനം നൽകി. കണ്ണുനീർ കൊണ്ടയാൾ അച്ഛന് സ്നാനം ചെയ്തു....
ജീവിച്ചിരുന്നപ്പോൾ അച്ഛൻ ഒരുപാട് ആഗ്രഹിച്ചു കാണും ഇതൊക്കെ. എന്നിട്ടും തനിക്കതിനു ഇപ്പോഴാണല്ലോ കഴിഞ്ഞത് എന്നോർത്തയാൾ കൊച്ചു കുഞ്ഞിനെപോലെ തേങ്ങി...
പിന്തിരിഞ്ഞു നോക്കുമ്പോൾ അച്ഛനെന്ന വടവൃക്ഷം നൽകിയ തണലിനു പകരം താനെന്താണ് നൽകിയതെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിച്ചു...
ഇനി തന്റെ വീടിന്റെ ഉമ്മറത്തെ ചാരുകസേര അനാഥമായിക്കിടക്കും....
തന്റെ വീട് തിരിതെളിയാത്ത നിലവിളക്കായും...!!!
ഇന്നും അച്ഛന്മാര്‍ക്കിടയില്‍ നിശബ്ദതയുടെ ഭിത്തി കെട്ടി വച്ചു കൊണ്ട് ജീവിക്കുന്ന എല്ലാ മക്കള്‍ക്കും വേണ്ടി ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...