2018, മാർച്ച് 27, ചൊവ്വാഴ്ച

ഷണ്ഡന്‍

കോരിച്ചൊരിയുന്ന മഴ സാരമാക്കാതെ അയാൾ കോടതി മുറ്റത്തേക്കിറങ്ങി.ചിലർക്ക് ചിലപ്പോഴൊക്കെ മഴ അനുഗ്രഹമാണ്,ചിലർക്ക് ശാപവും.ദൈവത്തിനു തന്നെ ഒരുപാട് ഇഷ്ടമുണ്ടായിരിക്കും അതാവും ഞാന്‍ കരയുന്നത് മറ്റാരും കാണാതിരിക്കാൻ അദൃശ്യമായ കൈകളോടെ ഈ മഴയെ ഭൂമിയിലേക്ക് പറഞ്ഞു വിട്ടത്...
കോടതി വളപ്പിലെ കെട്ടിടങ്ങൾക്കൊപ്പം തല ഉയർത്തി നിൽക്കുന്ന തണൽ മരങ്ങളിൽ ഒന്നിന്റെ ചുവട്ടിൽ പാർക്ക് ചെയ്ത ബൈക്കുമായി അയാൾ റോഡിലേക്കിറങ്ങി...മഴ ശക്തമായി പെയ്യുന്നു അതിനേക്കാളും ശക്തിയിൽ അയാളുടെ കണ്ണിൽ നിന്നും നീര്‍ത്തുള്ളികളും ...
ഇന്ന് മുതൽ എന്റെ ഇടതു വശം ശൂന്യമാണ്...
നീണ്ട വാക്പോരുകൾക്കും ശീതസമരങ്ങൾക്കും ശേഷം തുറന്ന യുദ്ധങ്ങൾ ജീവിതത്തിലേക്ക് കടന്നു വരാൻ തുടങ്ങിയപ്പോൾ മനസ്സില്ലാ മനസ്സോടെ ആത്മാവാല്‍ കരഞ്ഞു കൊണ്ട് അവൾക്ക് എന്റെ താലിച്ചരടിൽ നിന്നും സിന്ദൂരത്തിൽ നിന്നും മോചനം നൽകി... മനസ്സു കൊണ്ട് അകന്നു പോയ രണ്ടു പേരെ കോടതിയും സ്വതന്ത്രരായി ജീവിക്കാൻ അനുവദിച്ചു...
കോടതി മുറിയിലേക്ക് കയറുമ്പോൾ പ്രതീക്ഷയോടെ അതിലേറെ യാചനയോടെ അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ ആ കണ്ണിൽ പുച്ഛഭാവം മാത്രമായിരുന്നു,അവളുടെ കണ്ണുകൾ ഇങ്ങനെ പറയും പോലെ തോന്നി ...
"എന്നെ എന്റെ പാട്ടിനു വിട്ടേക്കൂ....,
ഞാൻ ജീവിച്ചോട്ടെ.."
"ഒരിക്കലും മക്കളുണ്ടാവാൻ സാധ്യതയില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ ഷണ്ഡനായ എതിർ കക്ഷിയിൽ നിന്നും മോചനം നല്‍കി അവരുടെ അമ്മയാവാനുള്ള അവകാശത്തെ മാനിക്കണം..."
എന്ന് കോടതിയില്‍ ഹിമയുടെ വക്കീൽ പറഞ്ഞപ്പോൾ അവിടെ വീണു മരിച്ചു പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിരുന്നു.അത്രയ്ക്ക് പ്രിയപ്പെട്ടവള്‍ ആയിരുന്നു എനിക്ക് ഹിമ.വിവാഹ മോചനത്തിന് ഇരുകൂട്ടർക്കും സമ്മതമാണോ വീണ്ടു വിചാരം വേണമോ എന്ന ചോദ്യത്തിന് ഹിമ "വേണ്ട എനിക്ക് മോചനം വേണമെന്ന്" ശക്തമായിത്തന്നെ പറഞ്ഞു. വിവാഹമോചന കരാറിൽ ആദ്യമായി തെല്ലും സങ്കോചമില്ലാതെ ഒപ്പിട്ടതും അവൾ തന്നെയായിരുന്നു. വിറയാർന്ന കൈകളോടെ ഒപ്പിട്ടു പുറത്തേക്കിറങ്ങിയ തന്റെ കയ്യിൽ
"മനൂ.. എന്നോട് ദേഷ്യം തോന്നരുത്.. "
എന്ന് മാത്രം പറഞ്ഞു താൻ ചാർത്തിക്കൊടുത്ത താലി മാലയും വിവാഹ മോതിരവും തന്നു കോടതി വരാന്തയിലൂടെ ഹിമ നടന്നു പോകുന്നത് നിസ്സഹായനായി നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു.അങ്ങനെ നില്‍ക്കുവാന്‍ മാത്രമേ എനിക്ക് അവകാശവുമുള്ളൂ,കാരണം ..
ഞാന്‍ ഷണ്ഡനല്ലേ...??
ആർത്തലച്ചു പെയ്ത മഴ തന്റെ ദുഃഖത്തിൽ പങ്കു ചേരുകയാണെന്നു മനുവിന് തോന്നി. എങ്ങോട്ടെന്നില്ലാതെ അവന്‍ ബൈക്കോടിച്ചു കൊണ്ടിരുന്നു. ഒടുവില്‍ കടല്‍ക്കരയില്‍ തന്‍റെ യാത്ര നിര്‍ത്തി. മഴ ശമിച്ചു തുടങ്ങിയിരുന്നു .തീരത്തു ബൈക്ക് ഒതുക്കി മനു കടൽപ്പാലത്തിലേക്കു നടന്നു കയറി.ശാന്തമല്ലാത്ത കടലു പോലെ കലുഷിതമാണ് തന്റെ ഹൃദയവും. അയാൾ പതുക്കെ പോക്കറ്റിൽ നിന്നും ഹിമ കൈകളിൽ വച്ചു കൊടുത്ത താലിച്ചരടും വിവാഹ മോതിരവും എടുത്തു. അതിൽ ഏറെ നേരം നോക്കി നിന്നു. കണ്ണീരുപ്പു കൊണ്ട് അവ നനഞ്ഞു കുതിർന്നു..
കടൽപാലം വിജനമാണ്, മഴയും കാറ്റും കാരണം ആരും കടൽപ്പാലം കയറി വരുന്നില്ല.പാലത്തിലേക്ക് ഇടയ്ക്കിടയ്ക്ക് വലിയ തിരകൾ അടിച്ചു കയറുന്നു.
ഹിമയും ഞാനും സായാഹ്നങ്ങൾ മനോഹരമാക്കാൻ പതിവായി വരുന്നതിവിടെയാണ്.വിവാഹ ശേഷം അവളില്ലാതെ ആദ്യമായും....ഹിമയെ കുറിച്ചോർമിച്ചപ്പോൾ മനുവിന് നെഞ്ചു പൊട്ടുന്നതു പോലെ തോന്നി....
ഹിമയ്ക്ക് കടലയും കൊറിച്ചു എന്റെ കയ്യും പിടിച്ചു കടൽക്കരയിലൂടെ നടക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു,ഇന്നതവൾ ഏറ്റവും വെറുക്കുന്നതും അതാണ്.എന്റെ കൈചൂടും എന്റെ മുഖവും.തന്റെ പേഴ്സിൽ സൂക്ഷിച്ച ഹിമയുടെ ഫോട്ടോ കൈകളിലെടുത്തു അയാളൊരു ബുദ്ധി നശിച്ചവനെ പോലെ പുലമ്പി
" ഹിമാ... നിന്നെ എന്ത്ര മാത്രം ഞാൻ സ്നേഹിച്ചിരുന്നുവെന്നു നിനക്കറിയുമോ..?
ഒൻപത് വര്‍ഷം കൂടെ ജീവിച്ചിട്ടും നിനക്കെന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ പെണ്ണെ...???
എത്ര മനോഹരമായിരുന്നു നമ്മുടെ ദാമ്പത്യം, മറ്റുള്ളവർ അസൂയയോടെ നോക്കിയിരുന്ന ഭാര്യാ ഭർത്താക്കന്മാരായിരുന്നില്ലേ നമ്മളിരു പേരും.. എനിക്കൊരിക്കലും കുട്ടികളുണ്ടാവില്ല എന്ന് ഡോക്ടർ വിധിയെഴുതിയ ദിവസം വരെയും..!
പിരീഡ്‌സ് കറക്റ്റല്ല, ഫാറ്റി ആണ്,അതാ ഗര്‍ഭധാരണം തടസ്സമാവുന്നത് എന്ന് ഡോക്ടർ പറഞ്ഞതനുസരിച്ചു രണ്ടര വർഷം നിനക്ക് ചികിത്സ ചെയ്തപ്പോൾ നിന്നെ ഒരിക്കലും ഒരു വാക്കു കൊണ്ട് പോലും ഞാൻ വേദനിപ്പിക്കാതെ ചേർത്തു പിടിക്കുകയല്ലേ ചെയ്തത്. എന്നിട്ടും നീ....??"
അയാളുടെ തൊണ്ടക്കുഴിയിൽ കൊന്നു കൊണ്ടിരുന്ന സങ്കടം ഒരു പൊട്ടിക്കരച്ചിലായി രൂപം പ്രാപിച്ചു. കടൽതിരമാലകളുടെ ശബ്ദത്തിൽ ലയിച്ചതു ദൂരേക്ക് പോയി ,പുറമെ പരുക്കന്‍ പുറംചട്ട ധരിച്ച തന്റെ മുഖമൂടി അഴിച്ചു വച്ചു വെറുമൊരു പുരുഷനായി മനു മാറി.അവളുടെ ഫോട്ടോയിൽ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു...
" ഹിമാ... നീ അനുഭവിച്ച ദുഃഖം എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട് അതാണല്ലോ ദേഷ്യം വരുമ്പോൾ എനിക്കു നേരെ ഉറഞ്ഞു തുള്ളി ഷണ്ഡൻറെ കൂടെ ജീവിച്ചു മരിക്കാനാ എന്റെ യോഗം എന്ന് പറഞ്ഞു നീ എന്റെ വാ അടപ്പിച്ചിരുന്നത്..?
പക്ഷെ നിനക്കറിയാമോ ..?
കുടുംബ സദസ്സുകളിൽ പോകുമ്പോൾ മാത്രം നീ അനുഭവിച്ചു കൊണ്ടിരുന്ന ആ വേദന നീ പോലുമറിയാതെ മിക്കവാറും ദിവസങ്ങളിൽ അനുഭവിച്ചു കൊണ്ടാണ് ഞാൻ നമ്മുടെ വീട്ടിലേക്കു കയറി വരുന്നത്.സൗഹൃദ സദസ്സുകളിൽ ഞാനും എന്റെ ഷണ്ഡത്വവും മിക്കവാറും ചര്‍ച്ചാവിഷയമാണ്.
നിനക്ക് ലൈംഗികത അറിയില്ല....,
നീ ബെഡ്‌റൂമിൽ വൻ പരാജയമായിരിക്കും....,
സ്ത്രീയെ സുഖിപ്പിക്കാൻ നിനക്ക് കഴിയില്ല...,
അതാണ് നിനക്ക് മക്കളുണ്ടാവാത്തത്.... എന്നിങ്ങനെയുള്ള തമാശരീതിയിലുള്ള കുത്തു വാക്കുകളും...
പാർട്ടികളിൽ പങ്കെടുക്കാതെ നിന്റെ അടുത്തേക്ക് ഓടിയെത്താൻ ധൃതി പെടുമ്പോൾ ആർക്കു വേണ്ടിയാടാ ഇങ്ങനെ അറുപിശുക്കനായി ജീവിക്കുന്നത് ...?
അനുഭവിക്കാൻ ആരിരിക്കുന്നു..?
എന്ന ചോദ്യങ്ങളും എന്റെ മനസ്സിനെ എത്ര ആഴത്തിൽ കീറി മുറിച്ചിരുന്നു എന്ന് നീ അറിഞ്ഞിരുന്നില്ല. അറിയാൻ നീ ശ്രമിച്ചിരുന്നില്ല..
ചില വാക്ക്തർക്കങ്ങൾ ഉണ്ടാകുമ്പോൾ
"ചുമ്മാതെയല്ലേടാ നിനക്ക് ദൈവം മക്കളെ തരാത്തത്"
എന്ന പരിഹാസങ്ങളും നിന്നെപ്പോലെ അല്ലെങ്കിൽ നിന്നെക്കാളേറെ ഞാൻ സഹിച്ചിട്ടുണ്ട്,ആരും കാണാതെ ഷവറിനു കീഴിൽ കരഞ്ഞു തീർത്തിട്ടുണ്ട്. നിന്റെ സാമീപ്യം കൊതിച്ചു വരുമ്പോൾ നിഷ്കരുണം വാക്കുകൾ കൊണ്ടെന്നെ എത്രയോ തവണ നീ മുറിപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഞാൻ മൗനം പാലിച്ചത് നിന്നോടുള്ള ഇഷ്ടംകൊണ്ടാണ്...
"നിങ്ങൾ എന്റെ ജീവിതം കൂടെ നശിപ്പിക്കും... ആളുകൾക്ക് മുന്നിൽ മനു കാരണം ഞാൻ എത്ര പരിഹാസ്യ ആവുന്നെന്നറിയോ ..??"
എന്നൊക്കെയുള്ള കുറ്റപ്പെടുത്തലുകൾ മാത്രമേ എനിക്ക് നിന്നിൽ നിന്നും ലഭിച്ചിട്ടുള്ളൂ.ഒന്ന് ചേർത്തു പിടിക്കുകയോ ,ഒരാശ്വാസ വാക്ക് പറയുകയോ ഒന്നും നീ ചെയ്തിട്ടില്ല. നിന്നിൽ നിന്നും കേൾക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്...
സ്ത്രീകൾ മാത്രമല്ല ഹിമ പുരുഷനും സ്നേഹവും സാന്ത്വനവും ആഗ്രഹിക്കുന്നുണ്ട്..., സ്നേഹചൂടുള്ളൊരു മടിത്തട്ടിൽ ദുഖങ്ങളെല്ലാം ഇറക്കി വയ്ക്കാൻ ആഗ്രഹിക്കുന്നുണ്ട് ഓരോ പുരുഷനും....,
നിങ്ങളുടെ ആലിംഗനങ്ങൾ കൊതിക്കാറുണ്ട്....,
പക്ഷേ,പലപ്പോഴും നിങ്ങൾ ഞങ്ങളെ മനസ്സിലാക്കാൻ പരാജയപ്പെട്ടു പോകുന്നു,അല്ലെങ്കിൽ ഞങ്ങളുടെ മനസ്സറിയാൻ കഴിയാതെ പോകുന്നു..
സുഹൃത്തുക്കൾ അവരുടെ മക്കളെക്കുറിച്ചും അവരുടെ കുറുമ്പുകളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും വാതോരാതെ സംസാരിക്കുമ്പോൾ കുനിഞ്ഞ ശിരസ്സോടെ പലപ്പോഴും എനിക്ക് അവിടെ നിന്നും ഇറങ്ങി വരേണ്ടി വന്നിട്ടുണ്ട്....
സ്കൂൾ കോളേജ് സൗഹൃദങ്ങളെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടുമ്പോൾ കുടുംബത്തെ കുറിച്ചുള്ള ചോദ്യത്തിനു ഒരു കുട്ടിയുണ്ട് എന്ന് കളവു പറയേണ്ടി വന്നിട്ടുണ്ട്. കാരണം അവരുടെ മറുചോദ്യങ്ങൾക്കോ ?സഹതാപത്തിനോ എന്റെ ദുഃഖം കുറയ്ക്കാൻ കഴിയില്ല. എന്നതു കൊണ്ടു തന്നെ...
ചെറിയ കാര്യങ്ങൾ പോലും വലുതാക്കി നീ വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുമ്പോൾ മൗനമായിരുന്നത് ഞാനെന്റെ കഴിവുകേടിനെ മനസ്സിലാക്കിയത് കൊണ്ടാണ്,വീട്ടിൽ നിന്നും നീ ഇറങ്ങിപ്പോയപ്പോഴും തിരികെ വരും എന്നൊരു വിശ്വാസമുള്ളതു കൊണ്ടായിരുന്നു പിൻവിളി ഉണ്ടാവാത്തത്...
നിനക്കുവേണ്ടിയുള്ള കാത്തിരിപ്പവസാനിപ്പിച്ചു കൊണ്ടു നിന്റെ വീട്ടിലേക്കു കയറി വന്ന എന്റെ മുൻപിൽ
"എനിക്ക് നിങ്ങളുടെ കൂടെ ഒരു ജീവിതം ഇനി വേണ്ട "
എന്ന മറുപടിയുടെ പിൻബലത്തിൽ വാതിൽ കൊട്ടിയടച്ചപ്പോഴും ഇന്ന് കോടതി വിധി പറയുന്ന അവസാന നിമിഷം വരെയും ഞാൻ നിന്റെ തിരിച്ചു വരവ് പ്രതീക്ഷിച്ചിരുന്നു .പക്ഷെ നീ എന്റെ മുന്നിൽ നിന്റെ മനസ്സിന്റെ വാതിലും കൊട്ടിയടച്ചല്ലോ പെണ്ണെ....??
ഇത്രയും നാൾ നീയെന്ന ഒരൊറ്റ പ്രതീക്ഷയിലാണ് ഞാൻ ജീവിച്ചത്. ഇനിയും അങ്ങനെതന്നെ ജീവിക്കും..... പിരിഞ്ഞു പോയ പലരും പിന്നീട് ഒന്നു ചേർന്ന ചരിത്രമുണ്ട് .ഞാൻ കാത്തിരിക്കും നിന്റെ വരവിനായി....
മച്ചിയായാലും ഷണ്ഡനായാലും മക്കളില്ലായ്മ ദുഃഖം തന്നെയാണ്. ഞാൻകാത്തിരിക്കും എന്നെ നിന്റെ തിരുനെറ്റിയിൽ സിന്ദൂരമായി അടയാളപ്പെടുത്താൻ,..."
കുറച്ചു നേരം കൂടി അവിടെ നിന്ന ശേഷം വിരസമായ വൈകുന്നേരത്തെ ആസ്വദിക്കാൻ കഴിയാതെ മനു തിരിഞ്ഞു നടന്നു,പെട്ടെന്ന് അയാൾ കാലുതെറ്റി പാലത്തിലേക്ക് വീണു.മനുവിന്റെ കയ്യിലിരുന്ന ഹിമയുടെ ഫോട്ടോയും, താലിയും,മോതിരവും പാലത്തിലേക്ക് തെറിച്ചു വീണു .മനു എഴുന്നേൽക്കും മുന്നേ ഉയർന്നു പൊങ്ങിയ ഒരു വലിയ തിരമാല അവയും കൊണ്ട് കടലിലേക്ക് തിരിച്ചു പോയി .....
ഒരു പക്ഷെ ഒരിക്കലും നടക്കാത്ത മനുവിന്റെ കാത്തിരിപ്പിന്റെ അടയാളമായ താലി ഇനി അവിടെ വേണ്ടെന്നു കടലമ്മക്ക് തോന്നി കാണും.ഒരമ്മയുടെ സ്ഥാനത്ത് നിന്ന് കൊണ്ട് അവനെ തിരമാലകള്‍ പോലുള്ള കൈകള്‍ കൊണ്ട് കടലമ്മ തഴുകി ...
അവിടെ മുട്ടു കുത്തി മനു നിന്നു.... 

ഇത്തിരിയുള്ള പൊന്ന് കടലെടുത്തെങ്കിലും,ഒരിക്കലും നടക്കാത്ത കടലോളം പ്രതീക്ഷകൾ കണ്ണിലൊളിപ്പിച്ചു കൊണ്ടു.....!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...