2018, മാർച്ച് 14, ബുധനാഴ്‌ച

സഖാവ് രാഘവന്‍

വിപ്ലവം ജയിക്കട്ടെ ..!!!
വയനാടന്‍ മല കാടുകളിലെ കരിയില കൂട്ടത്തില്‍ മുട്ടു കുത്തി നിന്ന് മുഷ്ടി ചുരുട്ടി കൊണ്ട് സഖാവ് രാഘവന്‍ മുദ്രാവാക്യം വിളിച്ചു.സഖാവിന്റെ വിപ്ലവ വീര്യം കേട്ട പോലീസുകാരന്‍ ഇന്‍സ്പെക്ടറോട് പറഞ്ഞു .
"സാറേ ...ഈ കഴുവേറിക്ക് കിട്ടിയതൊന്നും പോര, അവന്റെ പൂഞ്ഞാറ്റിലെ വിപ്ലവം ഇത് വരെ തീര്‍ന്നില്ല"
ഇതും പറഞ്ഞു കൊണ്ട് തോക്കിന്റെ പാത്തി കൊണ്ട് രാഘവന്റെ കയ്യില്‍ ശക്തമായി പ്രഹരിച്ചു.പേപ്പട്ടിയെ തല്ലുന്നത് പോലെ രാഘവന്റെ ഉയര്‍ന്നു പൊങ്ങിയ കൈകളെ വീണ്ടും വീണ്ടും തല്ലി ചതച്ചു.ചിതറി തെറിച്ച ചോരയില്‍ പച്ചപ്പുല്ലുകള്‍ വിപ്ലവത്തിന്റെ ചുവപ്പണിഞ്ഞു.ദൂരെ മാറി നിന്ന ഇന്‍സ്പെക്ടര്‍ മതിയെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട് രാഘവന്റെ അടുത്തേക്ക് വന്നു ചോദിച്ചു .
"എന്താടാ സഖാവേ നിന്റെ ഉദ്ദേശം ..??
ഈ വീടും കൂടും റേഷന്‍ കാര്‍ഡില്‍ പേരും ഇല്ലാത്ത പുലയാടി മക്കളെ പുനരുദ്ധരിക്കുവാന്‍ ആണോ നിന്റെ ഉദ്ദേശം ..??
അവറ്റകള്‍ ഇങ്ങനെ അങ്ങ് ജീവിച്ചു കൊള്ളും,നീയും നിന്റെ വിപ്ലവ ആചാര്യന്മാരും നിന്റെയൊക്കെ വീട്ടില്‍ അച്ചിയെയും മക്കളെയും കളിപ്പിച്ചു ഇരുന്നാല്‍ മതി ..
ഇനി നീ വിപ്ലവം പറഞ്ഞു ഈ മല കയറുമോ..??
ഇല്ലെങ്കില്‍ ഉള്ള ജീവനും കൊണ്ട് നിനക്ക് തിരികെ പോകാം ..."
വേദനയിലും ചെറുതായൊന്നു പുഞ്ചിരിച്ചു കൊണ്ട് സഖാവ് രാഘവന്‍ മറുപടി പറഞ്ഞു
"സാറേ ഞാന്‍ ഇനിയും ഈ മല കയറും ,
ഇവിടെ അവകാശങ്ങള്‍ നഷ്ടപ്പെട്ടു ഓരോ ജീവനും കൈ കൂപ്പി നിങ്ങളെ പോലെയുള്ള സാറന്മാരുടെ കീഴെ അടിമകളെ പോലെ നില്‍ക്കുന്ന കാലം അവസാനിക്കുന്നത് വരെ ഞാന്‍ മല കയറും .
എന്റെ പ്രസ്ഥാനം എന്നെ വിശ്വസിപ്പിച്ചു ഏല്‍പ്പിച്ച ദൌത്യം ഞാന്‍ നിര്‍വഹിക്കുക തന്നെ ചെയ്യും ,മുതലാളി തൊഴിലാളി വര്‍ഗ്ഗ ബോധമില്ലാത്ത ഒരു രാഷ്ട്രം നമ്മള്‍ വിഭാവന ചെയ്യും .അതാണ്‌ എന്റെ കണ്ണുകള്‍ കാണാന്‍ കൊതിക്കുന്ന കാഴ്ച ..
വിപ്ലവം ജയിക്കട്ടെ ..!!"
"അപ്പൊ നീ നന്നാകില്ല ..!
നീ വിഭാവന ചെയ്യുന്ന രാജ്യം കാണാന്‍ നിന്റെ കണ്ണുകള്‍ക്ക്‌ ആയുസ്സ് ഉണ്ടാകുമോടാ കഴുവേറി ...?"
ഇതും പറഞ്ഞു കൊണ്ട് ഇന്‍സ്പെക്ടര്‍ രാഘവന്റെ രണ്ടും കണ്ണും ബയണറ്റുകള്‍ കൊണ്ട് തുരന്നെടുത്തു .വേദന കൊണ്ട് പുളഞ്ഞ രാഘവന്റെ നെഞ്ചില്‍ ബൂട്ട് കൊണ്ട് ആഞ്ഞു ചവിട്ടി .നെഞ്ചു തകര്‍ന്നു ചോരയില്‍ കുളിച്ചു വികൃതമായ മുഖവുമായി രാഘവന്‍ രക്തസാക്ഷികളുടെ ലോകത്തേക്ക് മടങ്ങി.
രാഘവന്റെ ചോരമണം മണക്കുന്ന കണ്ണുകള്‍ വയനാടന്‍ മലകളില്‍ വിപ്ലവത്തിന്റെ ബാക്കി പത്രം പോലെ അവശേഷിച്ചു.തന്‍റെ പ്രസ്ഥാനം വിഭാവന ചെയ്യുന്ന സമത്വ രാജ്യം കാണുവാനായി കണ്ണുകള്‍ കാത്തിരുന്നു.രണ്ടു ദിവസം പഴക്കമുള്ള കണ്ണുകള്‍ കാഴ്ചകള്‍ കണ്ടു തുടങ്ങി .
നക്സല്‍ രാഘവന്‍ കൊല്ലപ്പെട്ടു ..!!
പത്രവാര്‍ത്തകളില്‍ ആഘോഷമായി ധീര പോലീസുമാരുടെ ചിത്രങ്ങള്‍,
അവര്‍ക്ക് മെഡലുകള്‍ ചാര്‍ത്തി കൊടുക്കുന്ന വിപ്ലവത്തിന്റെ ആദര്‍ശ ധീര നേതാക്കള്‍ ..!
പാവപ്പെട്ടവരുടെ അവകാശത്തിനു വേണ്ടി പോരാടാന്‍ പറഞ്ഞ നേതാക്കള്‍ ശത്രുക്കളായ മുതലാളിമാരുമായി പന്തി ഭോജനം നടത്തുന്ന കാഴ്ചകള്‍ ..!
ഈ പട്ടിയുഗം വിഭാവന ചെയ്യുന്നതിന് വേണ്ടി ആയിരുന്നോ ഞാന്‍ മുദ്രാവാക്യം വിളിച്ചതെന്ന് രാഘവന്റെ ചോരമണം മണക്കുന്ന കണ്ണുകള്‍ ചിന്തിച്ചു .വിപ്ലവം കൊല്ലപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യം ആ കണ്ണുകളില്‍ കണ്ണുനീര്‍ വീഴ്ത്തി .
എല്ലാം നഷ്ടപ്പെടുമ്പോഴും, കൂടെയുള്ള എല്ലാവരും പോയി കഴിയുമ്പോഴും നമ്മളെല്ലാം വന്നു ചേരുന്ന സ്വന്തം കൂരയില്‍ രാഘവന്റെ കണ്ണുകളും എത്തി.
തന്‍റെ മാലയിട്ട ഫോട്ടോ ഇറയത്ത്‌ ചുമരില്‍ തൂക്കിയിരിക്കുന്നു .ഒഴിഞ്ഞ ഇരുട്ട് മുറിയില്‍ സിന്ദൂര ചുവപ്പ് നഷ്ടപ്പെട്ട തന്‍റെ ഭാര്യ മാലിനി ആരും കേള്‍ക്കാതിരിക്കുവാന്‍ പാടുപെട്ടു വായ പൊത്തിപ്പിടിച്ചു തേങ്ങി കരയുന്നു.
മുറ്റത്തു കളിച്ചു കൊണ്ടിരുന്ന തന്‍റെ മകള്‍ കല്യാണി അച്ഛന്‍ ഇനി എപ്പോഴാ വരുന്നത് എന്ന് മാലിനിയോടു മുറിയില്‍ വന്നു ചോദിക്കുന്നു,മറുപടി പറയുവാന്‍ വിഷമിക്കുന്ന മാലിനി .ഒരറ്റത്ത് മകനെ നഷ്ടപ്പെട്ട വേദനയില്‍ തന്‍റെ അമ്മ.
തന്‍റെ വീടിന്റെ അവസ്ഥ കണ്ടു രാഘവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി .കാഴ്ചയുടെ കരുതലില്‍ രാഘവന്റെ ആത്മാവ് തേങ്ങി .
തന്‍റെ ഭാര്യയുടെ താലിയും നെറ്റിയിലെ സിന്ദൂരവും സംരക്ഷിക്കുവാന്‍ കഴിയാത്ത ഞാന്‍ നല്ലൊരു ഭര്‍ത്താവല്ല ..!!
തന്‍റെ കല്യാണി കുട്ടിയുടെ കുരുന്നു സ്വപ്നങ്ങള്‍ക്ക് കാവല്‍ നില്‍ക്കുവാന്‍ കഴിയാത്ത ഞാന്‍ നല്ലൊരു അച്ഛനല്ല ..!!
വാര്‍ദ്ധക്യം ബാധിച്ച മാതാപിതാക്കളെ സംരക്ഷിക്കുവാന്‍ കഴിയാത്ത ഞാന്‍
നല്ലൊരു മകനുമല്ല ..!!
ഞാന്‍ ചവിട്ടി നില്‍ക്കുന്ന എന്റെ അസ്ഥിത്വമായ എന്റെ കൂരയുടെ സംരക്ഷണം പോലും ഏറ്റെടുക്കുവാന്‍ കഴിയാത്ത ഞാന്‍ ഏതു ലോകം വാര്‍ത്തെടുക്കുന്ന കാഴ്ച കാണുവാന്‍ വേണ്ടിയാന്‍ മല കയറിയത് ..??

എന്തൊക്കെയോ പുലമ്പി അലറിക്കരഞ്ഞു കൊണ്ട് രാഘവന്റെ ആത്മാവ് ചോരമണം മണക്കുന്ന കണ്ണുകള്‍ ഉപേക്ഷിച്ചു വിപ്ലവമില്ലാത്ത ലോകത്തേക്ക് മടങ്ങി....!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...